2013, സെപ്റ്റംബർ 12, വ്യാഴാഴ്‌ച

വൃദ്ധസദനത്തിലേക്ക്

ഹാറൂന്‍ കക്കാട്
ജീവിതത്തില്‍ ആദ്യമായി വൃദ്ധസദനം സന്ദര്‍ശിച്ചതിന്റെ വേദനിക്കുന്ന ഓര്‍മകള്‍ ഇപ്പോഴും മനസ്സില്‍ മായാതെ കിടക്കുന്നു. പന്ത്രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു കോഴിക്കോട് ജില്ലയിലെ പയ്യാനക്കല്‍, ഫറൂക്ക് തുടങ്ങയിടങ്ങളിലെ വൃദ്ധസദനങ്ങളിലെത്തിയത്. ഒരു പ്രമുഖ മലയാള പ്രസിദ്ധീകരണത്തിനുവേണ്ടി ഫീച്ചര്‍ തയ്യാറാക്കാനായിരുന്നു അത്. വാര്‍ധക്യത്തിന്റെ അവശതകള്‍ക്കൊപ്പം കൂടെപ്പിറപ്പുകള്‍ കയ്യൊഴിഞ്ഞതിന്റെ പ്രയാസങ്ങള്‍ കൂടി കടിച്ചിറക്കുന്നതിന്റെ അസഹ്യമായ വേദനകള്‍ അവിടങ്ങളിലെ സ്ത്രീകളും പുരുഷന്മാരും പങ്കുവെച്ചപ്പോള്‍ അവിശ്വസനീയമായിത്തോന്നി. പലപ്പോഴും കണ്ണുകള്‍ നിറഞ്ഞു.
ഏതാനും വൃദ്ധരുടെ ഫോട്ടോകള്‍ സഹിതം ഫീച്ചര്‍ പ്രസിദ്ധീകരിച്ചുവന്നപ്പോള്‍ ചിലര്‍ എന്നെ ഫോണ്‍വഴി ബന്ധപ്പെടുകയുണ്ടായി.
മാതാപിതാക്കളെ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കുക വഴി മക്കളായ ഞങ്ങളെ മോശക്കാരാക്കി ചിത്രീകരിക്കുവാന്‍വേണ്ടി ഇത്തരം ഫീച്ചറുകള്‍ എഴുതുന്നത് ആവര്‍ത്തിച്ചാല്‍ കൈകാര്യം ചെയ്യുമെന്ന ഭീഷണിയായിരുന്നു അവര്‍ക്ക് മുഴക്കാനുണ്ടായിരുന്നത്. സ്വന്തം മാതാപിതാക്കളോടുള്ള ബാധ്യത നിര്‍വഹിക്കുന്നതില്‍ വീഴ്ചവരുത്തുന്നതുകൊണ്ടാണല്ലോ ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതെന്ന് സൗമ്യതയോടെ തിരിച്ചുചോദിച്ചപ്പോള്‍ ഞങ്ങളുടെ കുടുംബകാര്യങ്ങളില്‍ പത്രക്കാര്‍ ഇടപെടേണ്ടതില്ലെന്നായിരുന്നു മറുപടി.
അശുഭകരമായ പലതും ഓര്‍മപ്പെടുത്തിക്കൊണ്ട് വൃദ്ധസദനങ്ങള്‍ നമുക്കിടയില്‍ പെരുകുകയാണ്. എഴുത്തുകാരിയും കൗണ്‍സലറുമായ കെ നൂര്‍ജഹാന്‍ വൃദ്ധസദനത്തിലെ പൊള്ളുന്ന ഒരു ജീവിതം കഴിഞ്ഞമാസം പങ്കുവെക്കുകയുണ്ടായി. വൃദ്ധസദനത്തിന്റെ ദുഷിച്ച വശങ്ങളായിരുന്നു നൂര്‍ജഹാന്‍ ജീവിതത്തില്‍ കേട്ടതത്രയും. അതുകൊണ്ടുതന്നെ വൃദ്ധസദനം എന്ന വാക്കുപോലും നൂര്‍ജഹാന്റെ മനസ്സില്‍ ചീത്ത മണം പരത്തിയിരുന്നു.
ഗവണ്‍മെന്റ് ഓള്‍ഡ് എയ്ജ് ഹോം, തൃശൂര്‍ എന്ന സ്ഥാപനം നേരില്‍ കണ്ടപ്പോഴാണ് സര്‍ക്കാര്‍ വൃദ്ധസദനങ്ങള്‍ നടത്തുന്നുണ്ടെന്ന് മനസ്സിലായത്. അത് പുതിയൊരറിവായിരുന്നു. ഏതാനും കൂട്ടുകാരികളോടൊന്നിച്ച് അവിടെയെത്തിയപ്പോള്‍ കുറെ വൃദ്ധര്‍ അവര്‍ക്ക് ചുറ്റിലും കൂടി. ചിലര്‍ അവരുടെ കഥകള്‍ പറഞ്ഞു. ചിലര്‍ സന്ദര്‍ശകരില്‍ ചിലരുടെ വിശേഷങ്ങള്‍ ചോദിച്ചറിഞ്ഞു. തിരിച്ചിറങ്ങിയപ്പോള്‍ മനസ്സിലെ വേദന ഒരു തുള്ളി കണ്ണീരായി പുറത്തുചാടി.
പിന്നീട് കാലം ചില കൗതുകങ്ങള്‍ക്ക് സാക്ഷിയായി. നൂര്‍ജഹാന് ആദ്യത്തെ പോസ്റ്റിംഗ് കിട്ടിയത് അവിടെ തന്നെയായിരുന്നു. പിന്നെ നൂര്‍ജഹാന്‍ ആ വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകയായി. ആ പോസ്റ്റിംഗിലൂടെ വൃദ്ധസദനത്തെക്കുറിച്ച് കൂടുതല്‍ അറിഞ്ഞു. അവിടുത്തെ അന്തേവാസികളെ അടുത്തറിഞ്ഞ്, അവരുടെ സുഖത്തിലും സന്തോഷത്തിലും പങ്കുചേര്‍ന്ന്, അവരുടെ വഴക്കുകള്‍ക്ക് പരിഹാരം കണ്ടെത്താന്‍ ശ്രമിച്ചു. ചിലപ്പോഴൊക്കെ അവരുടെ ചീത്തവിളിയും കേട്ട്, അങ്ങനെയങ്ങനെ നൂര്‍ജഹാന്‍ അവരെയും അവര്‍ തിരിച്ചും സ്‌നേഹിക്കാന്‍ തുടങ്ങി.
അവരില്‍ ചിലരുടെയൊക്കെ മുഖങ്ങള്‍ ഇന്നും നൂര്‍ജഹാന്റെ മനസില്‍ തെളിഞ്ഞുനില്ക്കുന്നു. മുയലുകളെ ഇഷ്ടമുള്ള ഒരാളുണ്ടായിരുന്നു ആ കൂട്ടത്തില്‍. വൃദ്ധനെന്നു കണ്ടാല്‍ തോന്നില്ല. എപ്പോഴും ഉന്മേഷവാനായിരുന്നു അദ്ദേഹം. അന്തേവാസികളുടെ പുനരധിവാസത്തിനായി കുറെ മുയലുകളുണ്ടായിരുന്നു ആ വൃദ്ധസദനത്തില്‍. ആ മുയലുകളുടെ നാഥന്റെ സ്ഥാനം അദ്ദേഹം സ്വമേധയാ ഏറ്റെടുത്തിരുന്നു. ഏത് സമയവും മുയലുകളുടെ ഇടയില്‍ കാണാമായിരുന്നു അദ്ദേഹത്തെ. സദാ കര്‍മനിരതന്‍. ഒറ്റനോട്ടത്തില്‍ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു. അദ്ദേഹം അധികവും സംസാരിച്ചിരുന്നത് മുയലുകളെക്കുറിച്ചായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ജീവിതത്തിലേക്ക് ഒരൊളിഞ്ഞുനോട്ടം നടത്താന്‍ നൂര്‍ജഹാന് അവസരം കിട്ടിയിരുന്നില്ല. അദ്ദേഹം അത് പങ്കുവെക്കാനും ഇഷ്ടപ്പെട്ടുകാണില്ല. പിന്നീടെപ്പോഴോ അദ്ദേഹത്തിന്റെ കനവും പുറത്തുവന്നു.
ഒരു പ്രവാസ ജീവിതത്തിന്റെ ബാക്കിപത്രമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം. വര്‍ഷങ്ങളോളം മണലാരണ്യത്തില്‍ കിടന്ന് അധ്വാനിച്ചുണ്ടാക്കിയ സമ്പാദ്യംകൊണ്ട് കൂടെപ്പിറപ്പുകളുടെ ജീവിതം കരക്കടുപ്പിക്കാനാണ് അദ്ദേഹം പാടുപെട്ടത്. അതിന്നിടയില്‍ തനിക്കൊരു ജീവിതപങ്കാളിയെ കണ്ടെത്താന്‍കൂടി അദ്ദേഹം മറന്നുപോയി. തനിക്ക് തണലേകാന്‍ അവരുണ്ടാവുമെന്ന വിശ്വാസം പക്ഷേ, ആ പ്രവാസിയെ രക്ഷിച്ചില്ല. തന്റെ ജീവിത മധ്യാഹ്നത്തില്‍ ഹൃദ്രോഗത്തെ തുടര്‍ന്ന് പ്രവാസം ഉപേക്ഷിച്ച് നാട്ടിലെത്തിയപ്പോള്‍ അദ്ദേഹം സ്വീകരിച്ചത് വീട്ടുകാരുടെ കനത്ത മുഖവും വാക്കുകളുമായിരുന്നു. തന്റെ വിയര്‍പ്പുകൊണ്ട് നിര്‍മിച്ച വീടുപോലും തന്റേതല്ലെന്ന് മനസ്സിലാക്കിയതോടെയാണ് ബാക്കി ജീവിതം ചിലവിടാന്‍ ഒരു ഇടമന്വേഷിച്ച് അദ്ദേഹം വൃദ്ധസദനത്തില്‍ എത്തിച്ചേര്‍ന്നത്. രണ്ട് വര്‍ഷത്തോളമായി സര്‍ക്കാര്‍ വക വൃദ്ധസദനത്തില്‍ വിശ്രമകാലം കഴിച്ചുകൂട്ടുകായണ് ഈ മുന്‍പ്രവാസി. അങ്ങേയറ്റ്‌ത്തെ ക്ഷമയും സഹനശക്തിയും അദ്ദേഹത്തെ പഠിപ്പിച്ചത് പ്രവാസജീവിതമാവണം. അതുകൊണ്ടായിരിക്കാം എപ്പോഴും പോരടിച്ചുകൊണ്ടിരിക്കുന്ന വൃദ്ധന്മാര്‍ക്കിടയില്‍ സമാധാനപാലകനായി അദ്ദേഹം ജീവിതം മുന്നോട്ടുനീക്കുന്നത്.
അഞ്ചു വര്‍ഷം മുമ്പ് പ്രവാസമവസാനിപ്പിച്ച് ഷാര്‍ജയില്‍ നിന്ന് സ്വദേശമായ പത്തനംതിട്ടയിലേക്ക് തിരികെ പോയ അഹ്മദ്കുട്ടി എന്ന അറുപതുകാരന്റെ ശിഷ്ടജീവിതവും കരളലിയിപ്പിക്കുന്നതാണ്. ഭാര്യയും മൂന്ന് ആണ്‍മക്കളുമടങ്ങുന്ന കുടുംബത്തിനെ പട്ടിണിയില്‍നിന്ന് കരകയറ്റാനും ചെറിയതോതിലെങ്കിലും മക്കള്‍ക്ക് വിദ്യാഭ്യാസം നല്‍കുവാനും വേണ്ടി അഹ്മദ്കുട്ടി ഗള്‍ഫില്‍ ചെലവഴിച്ചത് ഇരുപത്തിയഞ്ചോളം വര്‍ഷങ്ങളാണ്. ഒരു കുടുംബബന്ധുവിന്റെ ഗ്രോസറിയില്‍ ചുരുങ്ങിയ ശമ്പളത്തിലായിരുന്നു ഇത്രയും നീണ്ടനാള്‍ ജോലി ചെയ്തത്. പതിനാലും പതിനാറും മണിക്കൂറായിരുന്നു ജോലിസമയം. ഒരു ദിവസംപോലും അവധിയില്ലാത്ത ഈ ഗ്രോസറിയിലെ ജോലിയില്‍ അദ്ദേഹം പക്ഷേ തികച്ചും സംതൃപ്തനായിരുന്നു.
എല്ലാം സഹിച്ചും ത്യജിച്ചും മരുഭൂമിയുടെ അത്യുഷ്ണവും അതിശൈത്യവുമേറ്റ് അഹ്മദ്കുട്ടി കുടുംബത്തിന്റെ ശോഭനമായ ഭാവി സ്വപ്‌നം കണ്ടു. വളരെ തുച്ഛമായ വരുമാനത്തിനിടയിലും സംതൃപ്തിയോടെ ആ കുടുംബം മുന്നോട്ടുനീങ്ങി. എന്നാല്‍ മക്കളുടെ വിവാഹസമയമായതോടെ വീട്ടില്‍ പ്രശ്‌നങ്ങള്‍ മുളപൊട്ടിത്തുടങ്ങി. ആദ്യമകന്റെ വിവാഹത്തോടെ നാമ്പിട്ടുതുടങ്ങിയ അസ്വാരസ്യങ്ങള്‍ രണ്ടാമത്തെ മകന്റെ വിവാഹത്തോടെ ശക്തിപ്രാപിച്ചു. അവസാനത്തെ മകന്റെ വിവാഹംകൂടി പൂര്‍ത്തിയായപ്പോഴേക്കും വീട്ടിലെ ഛിദ്രത മൂര്‍ധന്യതയിലെത്തി. മക്കള്‍ക്കും മരുമക്കള്‍ക്കുമിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനാവാതെ വാര്‍ധക്യത്തിലെത്തിയ മാതാവ് നരകയാതനകളില്‍ മുങ്ങിത്താഴ്ന്നു. മനസ്സമാധാനം നഷ്ടമായപ്പോള്‍ വിട്ടുമാറാത്ത രോഗങ്ങളും അവരെ അലട്ടിത്തുടങ്ങി.
രണ്ട് വര്‍ഷത്തിലൊരിക്കല്‍ വിരുന്നുകാരനെപ്പോലെ ചുരുങ്ങിയ ലീവിനെത്തുന്ന കുടുംബനാഥന്‍ അഹ്മദ്കുട്ടി വീട്ടിലെ പ്രശ്‌നങ്ങളുടെ തിരമാലകളില്‍ അകപ്പെട്ടു. അങ്ങനെ അദ്ദേഹത്തിന്റെ അവധിക്കാലങ്ങള്‍ അസ്വസ്ഥതയുടെ മുള്‍മുനകളായി മാറി. ആ പിതാവിന്റെ ഉപദേശ നിര്‍ദേശങ്ങള്‍ക്ക് ചെവികൊടുക്കാന്‍ സ്വന്തം വീട്ടില്‍ ഭാര്യയല്ലാതെ മറ്റാരും തയ്യാറായില്ല. സ്വന്തമായൊരു വീടുവെച്ച് സീമന്തപുത്രന്‍ താമസം മാറിയതോടെ കുടുംബത്തില്‍ സമാധാനം തിരിച്ചുവരുമെന്ന് കരുതിയെങ്കിലും ചുരുങ്ങിയ നാളുകളുടെ ആയുസ്സ് മാത്രമേ അതിനുണ്ടായിരുന്നുള്ളൂ. എല്ലാം അതിവേഗം പഴയ അവസ്ഥയിലേക്ക് തന്നെ തിരിച്ചുപോയപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രയാസപ്പെട്ടത് വീടിന്റെ കെടാവിളക്കായിരുന്ന മാതാവ് ആമിനയായിരുന്നു. ഒരു ബലിപെരുന്നാള്‍ സുദിനത്തില്‍ നെഞ്ചുവേദനയുടെ വേഷത്തിലെത്തിയ മരണം ആ പാവം ഉമ്മയെ കുടുംബകലഹങ്ങളില്ലാത്ത ലോകത്തേക്ക് കൊണ്ടുപോയി.
വിസ ക്യാന്‍സല്‍ ചെയ്ത് സ്വദേശത്തേക്ക് വിമാനം കയറുമ്പോള്‍ അഹ്മദ്കുട്ടിയുടെ മനസ്സില്‍ പിന്നെയും പ്രതീക്ഷകള്‍ അവശേഷിച്ചിരുന്നു. പ്രാര്‍ഥനകള്‍ എമ്പാടും ആ ശുഷ്‌കിച്ച ശരീരത്തില്‍ കൂട്ടുകൂടിയിരുന്നു. താന്‍ വീട്ടില്‍ സ്ഥിരതാമസം തുടങ്ങുന്നതോടെ പ്രശ്‌നങ്ങള്‍ ഒരു പരിധിയോളം പരിഹരിക്കാന്‍ കഴിയുമെന്ന് ന്യായമായും അദ്ദേഹം വിശ്വസിച്ചു. കാറ്റും കോളും നിറഞ്ഞ ജീവിതയാത്രയില്‍ ശുഭപ്രതീക്ഷകള്‍ തന്നെയായിരുന്നല്ലോ അഹ്മദ്കുട്ടിയുടെ പ്രചോദനം.
എന്നാല്‍ കണക്കുകൂട്ടലുകള്‍ പിന്നെയും പിഴച്ചുകൊണ്ടേയിരുന്നു. മക്കള്‍ക്കും മരുമക്കള്‍ക്കും ഇടയില്‍ താന്‍ കേവലം കളിപ്പാവയാണെന്ന് സ്വയം തിരിച്ചറിയാന്‍ അധികനാള്‍ വേണ്ടിവന്നില്ല. എല്ലാ നഷ്ടങ്ങളിലും സഹിക്കാന്‍ അഹ്മദ്കുട്ടി കരുത്ത് നേടിയിരുന്നു. ഷാര്‍ജയിലെ പരുക്കന്‍ ജീവിതം ഒട്ടേറെ പാഠങ്ങളാണ് അദ്ദേഹത്തെ അനുഭവിപ്പിച്ചത്. സഹധര്‍മിണിയുടെ വേര്‍പാടും നിശ്ചലമായ ആമുഖം അവസാനമായി ഒന്നു കാണാന്‍ സാധിക്കാത്തതിലുള്ള വേദനയും അദ്ദേഹത്തിന് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. മുപ്പതിലേറെ വര്‍ഷങ്ങള്‍ ഇല്ലായ്മയിലും വല്ലായ്മയിലും തനിക്ക് പ്രചോദനമായ ഇണക്കിളിയായിരുന്നു ആമിന. ദാമ്പത്യത്തിന് മുപ്പതിലേറെ പ്രായമുണ്ടെങ്കിലും എണ്ണിച്ചുട്ട അവധിദിനങ്ങള്‍ ചേര്‍ത്തുവെക്കുമ്പോള്‍ ഒന്നിച്ചു ജീവിച്ചത് ഏഴ് വര്‍ഷത്തോളം മാത്രമാണ്. വീട്ടിലെ പ്രശ്‌നങ്ങള്‍ പെരുകുമ്പോഴും ഒന്നിലും കക്ഷിചേരാതെ, നീതിയോടെ ഇടപെടാറുള്ള തന്റെ പ്രിയതമക്ക് പാരത്രിക ജീവിതത്തില്‍ നിത്യശാന്തി ലഭിക്കട്ടെയെന്ന പ്രാര്‍ഥനകളാണ് അഹ്മദ്കുട്ടിയുടെ മനസ്സില്‍ നിറഞ്ഞുനില്‍ക്കുന്നത്.
ഇപ്പോള്‍ രോഗങ്ങളാല്‍ പ്രയാസപ്പെടുന്ന അഹ്മദ്കുട്ടിക്ക് സ്വ സ്ഥത ലഭിക്കാവുന്ന ചുറ്റുപാടായിരുന്നില്ല വീട്ടിലത്തേത്. ഗള്‍ഫുകാരന്റെ കുപ്പായം ജീവിതത്തില്‍ നിന്ന് എന്നേക്കുമായി അഴിച്ചുവെച്ചതോടെ വീട്ടില്‍നിന്നും നാട്ടില്‍ നിന്നും ലഭിച്ചിരുന്ന എല്ലാ പരിഗണനയും നേര്‍ത്തുതുടങ്ങി. ഭാര്യ പറന്നുപോയ തന്റെ സ്വന്തം വീട്ടി ല്‍ അദ്ദേഹത്തിന് അധികനാള്‍ പി ടിച്ചുനില്‍ക്കാന്‍ കഴിഞ്ഞില്ല. നില്‍ ക്കക്കള്ളി ഇല്ലാതായതോടെയാണ് സമാധാനത്തിന്റെ നുറുങ്ങുവെട്ടം തേടി അദ്ദേഹവും ഒരു വൃദ്ധസദനത്തിന്റെ ചുവരുകള്‍ക്കുള്ളിലേക്ക് ഉള്‍വലിയാന്‍ നിര്‍ബന്ധിതനായത്. മക്കള്‍ക്കും മരുമക്കള്‍ക്കുമെല്ലാം അത് സന്തോഷവാര്‍ത്തയാവുകയും ചെയ്തു.
ആരോഗ്യവും ചുറുചുറുക്കുമുള്ള കാലമത്രയും മരുഭൂമിക്ക് ജീവിതം തീറെഴുതിക്കൊടുത്ത പല പ്രവാസികളും പാതിപൂര്‍ത്തിയായ മോഹങ്ങളുമായി ശിഷ്ടകാലം കഴിച്ചുകൂട്ടാന്‍ സ്വന്തം വീടുകളിലേക്ക് മടങ്ങിയെത്തുന്നത് പറഞ്ഞറിയിക്കാനാവാത്തൊരു വികാരത്തോടെയാണ്. എന്നാല്‍ സ്വന്തം കുടുംബാംഗങ്ങള്‍ക്കുപോലും ഇത്തരക്കാരെ ഉള്‍ക്കൊള്ളാന്‍ സാധിക്കാത്ത അപകടകരമായൊരു സാംസ്‌കാരിക പരിസരമാണ് നമുക്ക് ചുറ്റിലും ശക്തിയാര്‍ജിക്കുന്നത്.
ഗള്‍ഫില്‍നിന്ന് തിരിച്ചെത്തുന്നവരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി നമ്മുടെ മാറിമാറി വരുന്ന സര്‍ക്കാറുകള്‍ ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിക്കാറുണ്ടെങ്കിലും അവയില്‍ വളരെ ചെറിയ ശതമാനമൊഴികെ മറ്റെല്ലാം ചുവപ്പുനാടുകളില്‍ കുടുങ്ങി ഒടുങ്ങാറാണ് പതിവ്. വൃദ്ധസദനങ്ങളില്‍ കയറിപ്പറ്റാന്‍ സാഹചര്യങ്ങള്‍ നിര്‍ബന്ധിക്കപ്പെടുന്ന പ്രവാസികളെ സഹായിക്കാനെങ്കിലും നന്നേ ചുരുങ്ങിയത്, ഭരണകര്‍ത്താക്കള്‍ കനിവ് കാട്ടിയെങ്കില്‍?
കേരളത്തിന്റെ സാംസ്‌കാരിക പരിസരംപോലും അടിക്കടി മാറിക്കൊണ്ടിരിക്കുന്നു. ബന്ധങ്ങളിലും ഇടപെടലുകളിലുമെല്ലാം ഉപഭോഗ സംസ്‌കാരത്തിന്റെ വൃത്തിഹീനമായ പുത്തന്‍ പ്രവണതകള്‍ മാര്‍ക്കറ്റ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രവാസജീവിതത്തിന്റെ ബാക്കിപത്രമായി പലതും നാം അറിഞ്ഞുകൊണ്ടേയിരിക്കുന്നു. പക്ഷേ, ആരും അറിയാതെ ഇങ്ങനെ ചില ജീവിതങ്ങള്‍ക്ക് വൃദ്ധസദനവും ഒരു രക്ഷാകേന്ദ്രമായിത്തീരുന്നു.