പി.കെ അന്‍വര്‍ നഹ
മലയാള ഭാഷാ മാഹാത്മ്യം കേന്ദ്ര സര്‍ക്കാര്‍ ആധികാരികമായി അംഗീകരിച്ചിരിക്കുന്നു. കേരളത്തിന്റെ ഈ പദവി ലഭ്യതയില്‍ സര്‍വ പ്രവാസി മലയാളികളും സന്തോഷിക്കുന്നു. ഏതു ദേശത്താണെങ്കിലും മാതാവിനും പ്രാണനും തുല്യമായാണ് മലയാളത്തെ അവര്‍ കാണുന്നത്. സ്വന്തം ഈടുവെയ്പുകളില്‍ ഒന്നായി മാതൃഭാഷയെ കണക്കാക്കി പരിപോഷണം നടത്താന്‍ പ്രവാസി മലയാളികള്‍ എക്കാലവും ശ്രദ്ധ വച്ചിട്ടുണ്ട്.
മലയാള ഭാഷാ മാഹാത്മ്യം കേന്ദ്ര സര്‍ക്കാര്‍ ആധികാരികമായി അംഗീകരിച്ചിരിക്കുന്നു. കേരളത്തിന്റെ ഈ പദവി ലഭ്യതയില്‍ സര്‍വ പ്രവാസി മലയാളികളും സന്തോഷിക്കുന്നു. ഏതു ദേശത്താണെങ്കിലും മാതാവിനും പ്രാണനും തുല്യമായാണ് മലയാളത്തെ അവര്‍ കാണുന്നത്. സ്വന്തം ഈടുവെയ്പുകളില്‍ ഒന്നായി മാതൃഭാഷയെ കണക്കാക്കി പരിപോഷണം നടത്താന്‍ പ്രവാസി മലയാളികള്‍ എക്കാലവും ശ്രദ്ധ വച്ചിട്ടുണ്ട്.
എന്നാല്‍ ഈ ശ്രദ്ധയേയും, പരിഷ്‌ക്കരണ - പരിപോഷണ വ്യഗ്രതയേയും സംസ്ഥാന സര്‍ക്കാര്‍ പലപ്പോഴും മുഖവിലക്കെടുക്കാറില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഭാഷാ - സാഹിത്യത്തിന്റെ മേന്മയില്‍ നാട്ടുകാരെക്കാളേറെ പ്രവാസികള്‍ ഊറ്റം കൊള്ളുന്നുണ്ട്. അത് അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയാറാകണം.
വായന, പറച്ചില്‍, എഴുത്ത് ഇവയിലൂടെയാണ് മറ്റേതു ഭാഷയേയും പോലെ മലയാളവും വളര്‍ന്ന് വികസിച്ചത്. ഇന്നത് ഒരു ലോക ഭാഷയാണ്. വിവിധ രാജ്യങ്ങളില്‍ മലയാളത്തിന്റെ സാന്നിധ്യം സമ്മാനിച്ചത് പ്രവാസി മലയാളികളാണ്. കേരളത്തിലെ പുസ്തക പ്രസാധകരുടെ ലാഭത്തിന് ഒരു പരിധിവരെയുള്ള കാരണക്കാരും അവരാണ്. പ്രമുഖ പ്രസാധകര്‍ക്ക് വിദേശമടക്കമുള്ള വിമാനതാവളങ്ങളില്‍ പുസ്തകശാലകളുണ്ട്. മലയാളികളില്‍ മിക്കവരും പുസ്തകശാലകള്‍ സന്ദര്‍ശിച്ച് അവ വിലകൊടുത്ത് വാങ്ങി ഒപ്പം സൂക്ഷിക്കാറുണ്ട്. ഈ ശീലം പുതിയ തലമുറയിലേക്ക് പകര്‍ന്ന് നല്‍കാനും അവര്‍ക്കാവുന്നുണ്ട്.
പ്രവാസി സദസുകളിലെ സാഹിത്യ ചര്‍ച്ചകളും മല്‍സരങ്ങളും മറ്റും മലയാള ഭാഷാ പ്രചാരണം കൂടി ലക്ഷ്യംവെച്ചുകൊണ്ടുള്ളതാണ്. പ്രവാസി മലയാളികളുടെ ഈ സജീവതയാണ് മലയാള ഭാഷയെ ഉണര്‍ത്തുന്നതും ഉയര്‍ത്തുന്നതും. അവര്‍ അതിനായി ഭീമമായ പണവും സമയവും ചെലവഴിക്കുന്നുണ്ട്. അതിനാല്‍ തന്നെ അവന്റെ നിലപാട് എപ്പോഴും മലയാളത്തോട് ആഭിമുഖ്യം പുലര്‍ത്തുന്ന തരത്തിലുള്ളതായിരിക്കും.
പക്ഷേ പ്രവാസികളെ കേരളത്തിന്റെ മുഖ്യധാരയിലുള്ളവരായി പരിഗണിക്കുന്നതില്‍ സര്‍ക്കാറും സമൂഹവും പിന്നോട്ടടിക്കുന്നു. നിരാശാജനകമായ ഈ നിലപാട് എന്തുകൊണ്ടാണെന്ന് ഒരു പ്രവാസിക്കും മനസിലാക്കാനാവുന്നില്ല. ഗള്‍ഫ് പണം ഉദ്പാദിപ്പിക്കുന്ന കേവലയന്ത്രം എന്നതില്‍ക്കവിഞ്ഞ ഒരു പരിഗണനയും ഭാഷാ പോഷണ മേഖലയില്‍ നടത്തുന്ന ശ്രമങ്ങള്‍ക്കും പ്രവാസികള്‍ക്ക് ലഭിക്കുന്നില്ല.
കേരളത്തില്‍ മലയാളം സര്‍വകലാശാല സ്ഥാപിതമായത് മലയാളി ഹര്‍ഷാരവത്തോടെയാണ് സ്വാഗതം ചെയ്തത്. നിരവധി വര്‍ഷങ്ങളായി നിലനിന്നിരുന്ന ആഗ്രഹത്തിന്റെ സാക്ഷാത്കാരമായിരുന്നു അത്. അവിടെ ഭാഷയുമായി ബന്ധപ്പെട്ട് നൂതന കോഴ്‌സുകള്‍ നടത്തുമെന്ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ പറഞ്ഞത് നല്ലകാര്യം. അവിടെ പല പഠനചെയറുകളും സ്ഥാപിച്ചു കഴിഞ്ഞു. മലയാളികളുടെ വിദേശ കുടിയേറ്റങ്ങളുമായി ബന്ധപ്പെട്ട് മലയാള ഭാഷ ഒത്തിരി ദൃഢീകരണം നേടിയിട്ടുണ്ട്.
അതിന്റെ ഫലമായി രൂപം കൊണ്ടിട്ടുള്ള നിരവധി ശൈലികളും പദങ്ങളുമുണ്ട്. അവ മലയാളത്തിന് കരുത്തും കരുതലുമായി തീര്‍ന്നിരിക്കുന്നു. നിരന്തര ഗവേഷണം അര്‍ഹിക്കുന്ന ഒരു ശാഖയായി അതിനെ വളര്‍ത്തേണ്ടത് അനിവാര്യമാണ്. ഭാഷയുടെ പേരിലുള്ള ഈ സര്‍വകലാശാല ഇത്തരം ദൗത്യങ്ങള്‍ ഏറ്റെടുക്കണം. 'സുലൈമാനി' മുതല്‍ 'ഖല്ലീവല്ലി'വരെ ഇപ്പോള്‍ മലയാളമാണ്.
നൂറുകണക്കിന് അറബി പദങ്ങള്‍ മലയാള ഭാഷാ സാഗരത്തില്‍ ലയം പ്രാപിച്ചിട്ടുണ്ട്. ഒരു നിശ്ചിത നൂറ്റാണ്ടില്‍ മാത്രമാണ് മലയാള ഭാഷ ഉണ്ടായതെന്ന വാദത്തെ തിരുത്തിയാണ് മലയാളം ശ്രേഷ്ഠത നേടിയത്. വളര്‍ച്ചയുടെ തലങ്ങളുടെ ദൈര്‍ഘ്യവും ഭാഷയുടെ അര്‍ത്ഥതല വ്യാപരണവും തമ്മില്‍ അതീവ ബന്ധമുണ്ട്. 'അസ്സലാമു അലൈക്കും' പോലും മലയാള പദപട്ടികയില്‍ ചേര്‍ക്കുവാന്‍ വേണ്ട ഉപയോഗ പ്രചരണം നേടിക്കഴിഞ്ഞിട്ടുണ്ട്.
മലയാള പദങ്ങള്‍ക്ക് തുല്യമായ വാക്കുകള്‍ കണ്ടുപിടിക്കാനുള്ള ശ്രമം സ്വാഗതാര്‍ഹമാണെങ്കിലും അത് ഭാഷാപദ സമ്പത്തിന്റെ വളര്‍ച്ചയെ മുരടിപ്പിക്കുന്ന തലത്തിലേക്കും തരത്തിലേക്കും സങ്കുചിതമായി പോകാതെ ശ്രദ്ധിക്കേണ്ട അവസരം കൂടിയാണിത്. കേരളം എന്നു പറയുമ്പോള്‍ ഭൂഭാഗത്തിന്റെ വിസ്തൃതിക്കു പകരം മനസില്‍ വരേണ്ടത് ലോകം മുഴുവന്‍ ഇത് വ്യാപിച്ചു കിടക്കുന്നു എന്ന വിശാലമായ കാഴ്ചപ്പാടാണ്.
കേരളത്തിലെ ഇരുബഞ്ചന്‍ ചായക്കടയിലെ 'സാമ്പാര്‍' ലോക പ്രസിദ്ധമായ ദുബൈമാളിലെ ആകര്‍ഷണീയ ചായക്കടയിലും സാമ്പാര്‍ തന്നെയാണ്. ആ പദം 'സാമ്പാര്‍' ലോക പദമായി പരിണമിച്ചെങ്കില്‍ അതിനു കാരണക്കാരായവരെ തള്ളിക്കളയാതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും ഔദ്യോഗിക വൃത്തങ്ങളില്‍ ഉണ്ടാകണം. 'ഗഫൂര്‍ക്ക തട്ടുകട' ലണ്ടനിലും ദുബായിലുമുണ്ട്. ഇത് ഭാഷക്കുള്ള സ്വീകാര്യതയാണ്.
മലയാള മാഹാത്മ്യം ലോകത്തിനു സമ്മാനിക്കാനുള്ള പ്രയത്‌നത്തിന്റെ ഉല്പ്പന്നമാണ് 'തട്ടുകട' എന്ന പദം. ലോകത്തിലെ ഇരുനൂറിലധികം രാജ്യങ്ങളിലെ പൗരസഞ്ചയം തട്ടുകട ഇംഗ്ലീഷില്‍ വായിക്കുകയും മലയാളത്തില്‍ കാണുകയും ചെയ്യുന്നു എന്നത് എന്തുമാത്രം അഭിമാനകരമാണ്.
കൊണ്ടും കൊടുത്തുമാണ് ഭാഷ വളരുന്നത്. അതിന്റെ സമുദ്ധാരണത്തിനുള്ള യത്‌നം ചെറുതല്ല. പ്രവാസികള്‍ ഇക്കാര്യം നിര്‍വഹിക്കുന്നത് ജീവിത ക്ലേശങ്ങളുടെ നടുവില്‍ നിന്നുകൊണ്ടാണ്. അതു കൊണ്ടുമാത്രം അവനെ ഇക്കാര്യത്തില്‍ മാറ്റി നിര്‍ത്തിയുള്ള ഏതു സമീപനവും അധാര്‍മികമാണ്. മലയാളവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടത്തുന്ന ഏതു പ്രവര്‍ത്തനത്തിലും പ്രവാസിയെക്കൂടി പരിഗണിക്കണമെന്നാവശ്യപ്പെടുന്നത്, അവര്‍ അര്‍ഹിക്കുന്ന ഈ ധര്‍മത്തിന്റെ ചുവടുകളില്‍നിന്നാണ്.
ശ്രേഷ്ഠഭാഷയാകുന്നതോടെ കേരളത്തിനു ലഭിക്കുന്നത് 100 കോടി രൂപയാണ്. പലഘട്ടങ്ങളിലൂടെ ലഭിക്കുന്ന ഈ തുക, പ്രവാസി മലയാളികളുടെ ഉത്തമ ഭാവിക്കും ക്ഷേമത്തിനും കൂടി ചെലവഴിക്കാനുള്ള പദ്ധതികള്‍ ഉണ്ടാകണം. നിര്‍ദ്ദിഷ്ട തുക എപ്രകാരം ചെലവഴിക്കണമെന്നതിനെക്കുറിച്ച് ഇതുവരേക്കും ഒരു ധാരണ ഉണ്ടായിട്ടില്ല. പ്രവര്‍ത്തിച്ചു വരുന്ന ഏതെങ്കിലും സ്ഥാപനത്തിന് നല്‍കാനാണ് ഉദ്ദ്യേശിക്കുന്നതെന്ന് പത്രവാര്‍ത്തകളിലൂടെ മനസിലാക്കുന്നു. ഈ നിലപാട് മലയാളത്തിന്റെ ഫലപ്രദമായ വളര്‍ച്ചക്ക് ഉപകരിക്കുമോ എന്നു ഭയമുണ്ട്.
യഥാര്‍ത്ഥത്തില്‍ ഈ തുകയുടെ ഗണ്യമായ ഭാഗം പ്രവാസികളുടെ ഭാഷാപഠനത്തിന് ചെലവഴിക്കണം. വായനാശീലവും ഗവേഷണത്വരയും വരുംതലമുറയില്‍ ഉണര്‍ത്താന്‍ തക്കവിധം പ്രവാസികള്‍ക്കിടയില്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍വഴി ലൈബ്രറികള്‍ പോലെയുള്ള വികസനോന്മുഖ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളള്‍ക്ക് ഉപയോഗപ്പെടുത്തണം. ആരോഗ്യവും ആത്മവിശ്വാസവുമുള്ള ഒരു ജനതയുടെ കൈയില്‍ മാത്രമായിരിക്കും ഭാഷ ഭദ്രമായിരിക്കുക. ജീവിത ഉപാധിക്ക് കൂടുതല്‍ ഉപകരിക്കുന്ന തരത്തിലേക്ക് മലയാളത്തെ പരിവര്‍ത്തിപ്പിക്കണം. തന്റെ ഭാഷക്ക് ലോകത്തെവിടെയും സ്വീകാര്യതവരുന്നു എന്ന് ബോധ്യപ്പെടണം.
പ്രവാസികളുടെ ഇടയില്‍ പ്രവര്‍ത്തിച്ച് തഴക്കവും പഴക്കവുമുള്ള നിരവധി സംഘടനകളുണ്ട്. അവയുടെ പ്രതിനിധികളുമായി ആലോചിച്ച് ഭാഷാ വ്യാപനക്കാര്യം ചര്‍ച്ച ചെയ്യണം. കേരളത്തിലെ ഓരോ സര്‍ക്കാര്‍ സ്ഥാപനവും ബജറ്റ് തുകയുടെ ഒരു ഭാഗം പ്രവാസികളുടെ ഭാഷാ വികസന- ക്ഷേമത്തിനു വേണ്ടി മാറ്റി വെക്കണം.
മലയാള പുസ്തകങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനും സ്‌കൂള്‍ കലോത്സവ മാതൃകയില്‍ വിദേശത്ത് മലയാള കലോത്സവം നടത്തുന്നതിനും കേരള സാഹിത്യ അക്കാദമി, ഫോക്ക്‌ലോര്‍ അക്കാദമി പോലുള്ള സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ലോക ശ്രദ്ധ നേടുന്ന രീതിയില്‍ വ്യാപിപ്പാക്കാനും മറ്റും സര്‍ക്കാര്‍ തയാറാകുമ്പോള്‍ മാത്രമാണ് ഈ ശ്രേഷ്ഠതയുടെ മാറ്റ് വര്‍ധിക്കുക.
(ദുബൈ കെ.എം.സി.സി
പ്രസിഡന്റാണ് ലേഖകന്‍)