സ്പോർട്സ്‌

******************************************************************************
സച്ചിന്‍റെ വിടവാങ്ങല്‍ പ്രസംഗം 
_____________________________________

സുഹൃത്തുക്കളെ ശാന്തരാവുക... നിങ്ങളെന്നെ കൂടുതല്‍ വികാരഭരിതനാക്കുകയാണ്. എന്റെ വര്‍ണശബളമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപാടുപരെ നന്ദിയോടെ സ്മരിക്കുകയാണ് ഞാന്‍ . ആദ്യം 1999ല്‍ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ അച്ഛന്‍ തന്നെ. അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നെങ്കില്‍ ഇന്നിങ്ങനെ നിങ്ങളുടെ മുന്നില്‍ എനിക്കു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌നങ്ങളെ തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛനാണ്.

ലക്ഷ്യം എത്ര വിഷമകരമാണെങ്കിലും അത് കൈവരിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അച്ഛന്റെ അഭാവം ഇന്നു ഞാന്‍ ശരിക്കും അനുഭവിക്കുന്നു. പിന്നെ അമ്മ. എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍ . കളിച്ചു തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം ഞാന്‍ എന്റെ അമ്മാവനൊപ്പമായിരുന്നു താമസം. സ്വന്തം മകനെപ്പോലെയാണ് അമ്മാവനും അമ്മായിയും എന്നെ കണക്കാക്കിയത്. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു എന്റെ മൂത്ത സഹോദരന്‍ നിഥിന്‍ . പക്ഷേ ഏട്ടന്‍ പറയുമായിരുന്നു-എനിക്കറിയാം. നീയെന്ത് ചെയ്താലും അതിനുവേണ്ടി നൂറു ശതമാനവും പരിശ്രമിക്കുമെന്ന്. എന്റെ സഹോദരി സവിതയാണ് എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഇന്നും ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ ഉപവാസമിരിക്കും. മറ്റൊരു സഹോദരനായ അജിത്തും ഞാനും ഒരുപോലെ ക്രിക്കറ്റ് സ്വപ്‌നം കണ്ടു ജീവിച്ചവരാണ്. എനിക്കുവേണ്ടി സ്വന്തം കരിയര്‍ ത്യജിച്ചയാളാണ് അദ്ദേഹം. അചരേക്കറുടെ അടുക്കലേയ്ക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസം രാത്രി പോലും എന്നെ വിളിച്ച് എന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. കളിക്കാതിരുക്കുമ്പോഴും ഞങ്ങള്‍ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടര്‍ എന്ന നിലയില്‍ ഒരു വലിയ കരിയര്‍ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ എല്ലാ വിഡ്ഡിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്‌നങ്ങള്‍- സാറയും അര്‍ജുനും. അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാന്‍ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വര്‍ഷം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

പിന്നെ എന്റെ ഭാര്യയുടെ അച്ഛനമ്മമാര്‍ . അവരുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാന്‍ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്. ഞാന്‍ സമ്മര്‍ദത്തിലായപ്പോഴെല്ലാം അവര്‍ എനിക്കൊപ്പം നിന്നു. ഞാന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാന്‍ അവര്‍ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവര്‍ക്കും നന്ദി.

പതിനൊന്ന് വയസ്സുള്ളപ്പോഴാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അചരേക്കള്‍ സാറിനെ ഗ്യാലറിയില്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് ദിവസവും രണ്ടു മത്സരങ്ങള്‍ വരെ കളിച്ച കാലമുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം എല്ലായിടത്തും എന്നെ നേരിട്ടു കൊണ്ടുപോയി. ഞാന്‍ അമിതാത്മവിശ്വാസത്തിന്റെ പിടിയിലാവാതിരിക്കാന്‍ ഒരിക്കല്‍പ്പോലും നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല എന്നതാണ് രസകരം. സര്‍, ഞാന്‍ കളിക്കാത്തതിനാല്‍ ഇനി എന്തു ഭാഗ്യപരീക്ഷണത്തിനും മുതിരാം.


മുംബൈയിലാണ് എന്റെ കരിയര്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ന്യൂസീലന്‍ഡില്‍ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചത് ഓര്‍മയുണ്ട്. അരങ്ങേറ്റം മുതല്‍ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നല്‍കിയത്. എല്ലാ സെലക്ടര്‍മാരോടും നന്ദിയുണ്ട്. എനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയുമെല്ലാം നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം തന്നെ നിലകൊണ്ടു. നന്ദി, എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന കളിക്കാര്‍ക്കും. ഇപ്പോള്‍ ഇവിടെയില്ലാത്ത രാഹുല്‍ , വി.വി.എസ്, സൗരവ്, അനില്‍ തുടങ്ങിയവരെയെല്ലാം ഇപ്പോള്‍ സ്‌ക്രീനില്‍ കാണാം. എല്ലാ പരിശീലകരെയും എന്റെ നന്ദി അറിയിക്കുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ നമ്മളെല്ലാം അഭിമാനിക്കുന്നു. തുടര്‍ന്നും അഭിമാനത്തോടെ തന്നെ രാഷ്ട്രത്തെ സേവിക്കാനാവുമെന്നാണ് പ്രതീക്ഷ. യഥാര്‍ഥ സത്തയില്‍ തന്നെ നിങ്ങള്‍ ഈ രാജ്യത്തെ സേവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നായിരുന്നു എം.എസ്. എനിക്ക് ഇരുന്നൂറാം ടെസ്റ്റ് തൊപ്പി സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്.

എന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയ ഡോക്ടര്‍മാരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അതൊരു വലിയ വീഴ്ചയായിരിക്കും. എന്റെ പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് പാതി രാത്രി വരെയിരുന്ന് ചികിത്സിച്ചിട്ടുണ്ട് അവര്‍ .

എന്റെ സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്‌കരേനസിന്റെ അഭാവം ഞാന്‍ അനുഭവിക്കുന്നു. മാര്‍ക്കിന്റെ ജോലി തുടര്‍ന്നും നിര്‍വഹിച്ച ഇപ്പോഴത്തെ മാര്‍ക്കറ്റിങ് ടീമായ ഡബ്ല്യു. എസ്.ജിയോടും എന്റെ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ പതിനാലു വര്‍ഷമായി എനിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഒരാളാണ് വിനയ് നായിഡു.

സ്‌കൂള്‍ കാലം തൊട്ട് ഇന്നുവരെ മാധ്യമങ്ങള്‍ എനിക്കും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ കരിയറിലെ അസുലഭാവസരങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരോടും നന്ദിയുണ്ട്.

പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. എങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. എന്റെ ആരാധകരെയും ഞാന്‍ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്. അവസാനശ്വാസം വരെ സച്ചിന്‍, സച്ചിന്‍ എന്ന ആരവും എന്റെയുള്ളില്‍ ഇരമ്പിക്കൊണ്ടേയിരിക്കും.
-*****************************************************************************************

_ഓട്ടോഗ്രാഫ്‌ ഒരു ചരിത്ര സ്‌മാരകമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒപ്പുമായി ബന്ധപ്പെട്ട്‌ ഹാസ്‌നൈന്‍ മസൂദ്‌ എന്ന ആരാധകനും ചരിത്രത്തിന്റെ ഭാഗമാകും. അടുത്തയാഴ്‌ച ക്രിക്കറ്റില്‍ നിന്നും വിരമിക്കാനിരിക്കുന്ന മാസ്‌റ്റര്‍ ബ്‌ളാസ്‌റ്ററുടെ കടുത്ത ആരാധകനായ മസൂദിന്റെ പക്കല്‍ സച്ചിന്റെ വിവിധ തരത്തിലുള്ള 70 ലധികം ഓട്ടോഗ്രാഫുകളാണ്‌ ഉള്ളത്‌. ഇതില്‍ സച്ചിന്‍ പാകിസ്‌ഥാനെതിരേ അരങ്ങേറിയ മത്സരം മുതല്‍ അടുത്ത കാലത്തേത്‌ വരെയുണ്ട്‌.
ഓട്ടോഗ്രാഫിലും ബാറ്റിംഗ്‌ ശൈലിയിലും സ്‌റ്റൈലിലുമെല്ലാം കാലങ്ങള്‍ നീണ്ടപ്പോള്‍ മാറ്റം വരുത്തിയ സച്ചിനില്‍ മാറ്റം വരാത്തതായി ഒന്നുണ്ട്‌. കൂടുന്തോറും മഹത്തരമാകുന്ന എളിമയും വിനയവും. ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാകുന്നു എന്ന സച്ചിന്റെ സവിശേഷത ലോകം മുഴുവന്‍ അദ്ദേഹത്തിന്‌ ആരാധകരെ നേടിക്കൊടുത്തു. ഓസ്‌ട്രേലിയയിലെ കടുത്ത ചൂടില്‍ മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിന്‌ ശേഷം മണിക്കൂറോളം ആരാധകര്‍ക്ക്‌ ഓട്ടോഗ്രാഫ്‌ നല്‍കാന്‍ താരം തയ്യാറാകുമായിരുന്നു. 40 ഡിഗ്രി ചൂടില്‍ വെയിലത്ത്‌ വാടി നില്‍ക്കുമ്പോള്‍ പോലും സച്ചിന്‍ ആരാധകര്‍ക്ക്‌ നേരെ മുഖം ചുളിച്ചിട്ടില്ല.
സച്ചിന്‍ ഓട്ടോഗ്രാഫ്‌ ഒപ്പിട്ടു നില്‍ക്കുമ്പോള്‍ കൂട്ടത്തിലുള്ള താരങ്ങളില്‍ പലരും എയര്‍ കണ്ടീഷണര്‍ക്ക്‌ കീഴില്‍ ഒളിച്ചുകഴിയും. ഓട്ടോഗ്രാഫ്‌ ഒപ്പിടുമ്പോള്‍ ഒരാളുടെ മുഖത്ത്‌ പുഞ്ചിരി വിരിഞ്ഞാല്‍ ഭാഗ്യം തനിക്കാണ്‌. കടുത്ത ചൂടില്‍ വീട്ടില്‍ പോലും പോകാതെ തനിക്ക്‌ വേണ്ടി മണിക്കൂറുകള്‍ ചെലവിടുന്ന ഇവരുമായി തട്ടിച്ച്‌ നോക്കുമ്പോള്‍ ഞാന്‍ ചെലവിടുന്ന സമയം ഒന്നുമല്ലല്ലോ എന്നായിരുന്നു ഇത്‌ സംബന്ധിച്ച ഒരു ലേഖകന്റെ ചോദ്യത്തിന്‌ സച്ചിന്‍ നല്‍കിയ മറുപടി.
സച്ചിന്‌ പിന്നാലെ ഓട്ടോഗ്രാഫിനായി ആള്‍ക്കാര്‍ വട്ടമിട്ടു പറന്നു തുടങ്ങിയത്‌ 1989 മുതലാണ്‌. പാകിസ്‌ഥാനിലെ പെഷവാറില്‍ പൊട്ടിത്തെറിച്ച ആ പ്രദര്‍ശന മത്സരം മുതല്‍ 18 പന്തില്‍ 53 റണ്‍സെടുത്ത സച്ചിന്‍ പാകിസ്‌ഥാന്റെ വിഖ്യാത സ്‌പിന്നര്‍ അബ്‌ദുള്‍ റസാഖിന്റെ ഒരു ഓവറില്‍ പറത്തിയത്‌ നാലു സിക്‌സറുകളായിരുന്നു. 'കണ്ടിട്ടുള്ള ആദ്യത്തെ ഏറ്റവും വേഗമേറിയ ഇന്നിംഗ്‌സ്' ഒരു പ്രതിഭയുടെ ഉദയത്തിന്‌ അന്ന്‌ സാക്ഷ്യം വഹിച്ച മുന്‍ ഓപ്പണര്‍ കൃഷ്‌ണമാചാരി ശ്രീകാന്ത്‌ പറഞ്ഞത്‌.
പാകിസ്‌ഥാന്‍ പര്യടനത്തിലെ ഏകദിന പ്രദര്‍ശന മത്സരത്തിലായിരുന്നു സച്ചിന്‍ ആദ്യമായി സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സ് കളിച്ചത്‌. മഴമൂലം 20 ഓവറായി കുറച്ച മത്സരത്തില്‍ പാകിസ്‌താനും ഇന്ത്യയും കളിക്കുന്നു എന്നത്‌ കൊണ്ടു തന്നെ ഒട്ടും ഗൗരവം കുറഞ്ഞിരുന്നില്ല. ആദ്യം ബാറ്റ്‌ ചെയ്‌ത പാകിസ്‌താന്‍ കുറിച്ചത്‌ 157 റണ്‍സ്‌. മറുപടിയില്‍ ഇന്ത്യയ്‌ക്ക് തുടക്കത്തില്‍ തന്നെ ഏതാനും വിക്കറ്റുകള്‍ നഷ്‌ടമായി. കൃഷ്‌ണമാചാരി ശ്രീകാന്തിനൊപ്പം ക്രീസില്‍ ചേരാനെത്തുമ്പോള്‍ സച്ചിനോട്‌ ശ്രീകാന്ത്‌ പറഞ്ഞത്‌ ഒരോവറില്‍ 13 റണ്‍സ്‌ വേണമെന്നാണ്‌.
ഇന്ത്യ പ്രതീക്ഷയ്‌ക്കൊത്ത്‌ ഉയരാത്ത മത്സരത്തില്‍ ശ്രീകാന്ത്‌ വിചാരിച്ചത്‌ യുവാവിന്‌ നല്ല ഒരു ബാറ്റിംഗ്‌ പരിശീലനമായിക്കോട്ടെ എന്നായിരുന്നു. എന്നാല്‍ സ്‌പിന്നര്‍ മുഷ്‌താഖ്‌ അഹമ്മദിനെ നേരിട്ട ആദ്യ ഓവറില്‍ തന്നെ സച്ചിന്‍ രണ്ടു തവണ സിക്‌സറിന്‌ തൂക്കി. പിന്നാലെയായിരുന്നു പാക്‌ ഇതിഹാസ സ്‌പിന്നര്‍ അബ്‌ദുള്‍ ഖാദിറിന്റെ ഓവര്‍. 'പിള്ളേര്‍ക്കിട്ട്‌ നീ അടിക്കുമോ? എന്നാല്‍ എന്നെയൊന്ന്‌ അടിച്ച്‌ നോക്ക്‌' ഇങ്ങനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഖാദിറിന്റെ വരവ്‌. എന്നാല്‍ പയ്യനെ കാര്യമാക്കാതെയായിരുന്നു ഖാദിറിന്റെ ബൗളിംഗ്‌ എങ്കിലും സച്ചിന്റെ ബാറ്റിലെ ചൂട്‌ അദ്ദേഹം അറിഞ്ഞു. ആ ഓവറില്‍ പിറന്നത്‌ നാല്‌ സിക്‌സറുകളാണ്‌.
കളി കഴിഞ്ഞപ്പോള്‍ കാര്യത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റില്‍ എടുത്ത അബ്‌ദുള്‍ ഖാദിര്‍ സച്ചിനെ അഭിനന്ദിക്കാന്‍ മറന്നില്ല. വിനയത്തിന്റെ പര്യായമായ സച്ചിന്‍ എക്കാലത്തെയും മഹാനായ സ്‌പിന്നര്‍ എന്നാണ്‌ അബ്‌ദുല്‍ ഖാദിറിനെ പിന്നീടും വിശേഷിപ്പിച്ചിരുന്നത്‌. പിന്നീടുള്ള അസംഖ്യം വിഖ്യാതമായ ഇന്നിംഗ്‌സിന്റെ തുടര്‍ച്ചകള്‍ ഇവിടെ നിന്നുമായിരുന്നു.
______________________________________________________________________________ 
സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കളിക്കുന്ന ചരിത്ര ടെസ്റ്റിനു വേദിയൊരുക്കുക! രാജ്യത്തെ പ്രബല ക്രിക്കറ്റ് സംസ്ഥാനങ്ങള്‍ ഏതാനും ദിവസമായി കാണുന്ന സ്വപ്നമാണിത്. ക്രിക്കറ്റ് ചരിത്രത്തിലാദ്യമായി ഒരാള്‍ ഇരുന്നൂറാം ടെസ്റ്റ് കളിക്കാനിറങ്ങുന്നു; ആ താരം സാക്ഷാല്‍ സച്ചിന്‍ തന്നെയാകുന്പോള്‍, കായികലോകം കണ്ണിമചിമ്മാതെ നോക്കിനില്‍ക്കും. ഇരുന്നൂറാം മല്‍സരത്തോടെ ക്രിക്കറ്റില്‍ നിന്നു ലിറ്റില്‍ മാസ്റ്റര്‍ വിരമിക്കുകകൂടി ചെയ്താല്‍, മല്‍സരത്തിന്‍റെ മൂല്യം ആകാശത്തോളമുയരും. 

അതുകൊണ്ടുതന്നെ, ചരിത്ര ടെസ്റ്റിനു വേദിയൊരുക്കാന്‍ കച്ചമുറുക്കി സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകള്‍ രംഗത്തിറങ്ങിക്കഴിഞ്ഞു. ഇരുന്നൂറാം ടെസ്റ്റ് സ്വന്തം നാട്ടില്‍ കളിക്കാന്‍ സച്ചിന് അവസരമൊരുക്കി വെസ്റ്റ് ഇന്‍ഡീസിനെ രണ്ടു ടെസ്റ്റ് പരന്പരയ്ക്കു ക്ഷണിക്കാന്‍ ബിസിസിഐ തീരുമാനിച്ചതോടെയാണ് അസോസിയേഷനുകള്‍ സടകുടഞ്ഞെഴുന്നേറ്റത്. 198 ടെസ്റ്റ് പൂര്‍ത്തിയാക്കിയ സച്ചിന്‍ വിന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റില്‍ ചരിത്രത്തിലേക്കു പാഡണിയും. 

മുംബൈ, കൊല്‍ക്കത്ത, ഗുജറാത്ത്, ബാംഗ്ലൂര്‍ അസോസിയേഷനുകളാണു മല്‍സരം പിടിക്കാന്‍ കളത്തിലിറങ്ങിയിരിക്കുന്നത്. സ്വന്തം നഗരത്തില്‍ ചരിത്ര ടെസ്റ്റ് കളിക്കാന്‍ സച്ചിന് അവസരം നല്‍കണമെന്നാണു മുംബൈ സംഘത്തിന്‍റെ ആവശ്യം. സച്ചിന്‍ ഒരു നഗരത്തിന്‍റെയും സ്വകാര്യസ്വത്തലെ്ലന്നു തുറന്നടിച്ച് മുംബൈയുടെ ആവശ്യത്തെ കൊല്‍ക്കത്ത ബൗണ്ടറിക്കു പുറത്തേക്കു പറത്തി. രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ വേണം സച്ചിന്‍ ചരിത്രം കുറിക്കാനെന്ന് ഈഡന്‍ ഗാര്‍ഡന്‍സിന്‍റെ പെരുമ കാട്ടി കൊല്‍ക്കത്ത പറയുന്നു. മല്‍സരം ഈഡനില്‍ നടത്തണമെന്നാവശ്യപ്പെട്ടു കൊല്‍ക്കത്ത അസോസിയേഷന്‍ ബിസിസിഐയ്ക്കു കത്തും നല്‍കി. 

മുംബൈയും കൊല്‍ക്കത്തയും തമ്മില്‍ വടംവലി മുറുകുന്നതിനിടെയാണു ഗുജറാത്തിന്‍റെ രംഗപ്രവേശം. ടെസ്റ്റ് വേദികള്‍ സംബന്ധിച്ച ബിസിസിഐ മാനദണ്ഡമനുസരിച്ച്, വെസ്റ്റ് ഇന്‍ഡീസിനെതിരെയുള്ള രണ്ടാം ടെസ്റ്റ് തങ്ങളുടെ അവകാശമാണെന്നു ഗുജറാത്ത് സംഘം വാദിക്കുന്നു. റൊട്ടേഷന്‍ സന്പ്രദായത്തിലാണു ബിസിസിഐ ടെസ്റ്റ് വേദികള്‍ നിശ്ചയിക്കുന്നത്. അങ്ങനെ നോക്കുന്പോള്‍, ബാംഗ്ലൂര്‍, അഹമ്മദാബാദ് എന്നിവയ്ക്കാണ് അടുത്ത മല്‍സരങ്ങള്‍ നടത്താനുള്ള അവസരം. ഒരു മല്‍സരത്തിനു വേണ്ടി മാനദണ്ഡങ്ങള്‍ മാറ്റാനാവിലെ്ലന്നും രണ്ടാം ടെസ്റ്റ് അഹമ്മദാബാദില്‍ തന്നെ നടത്തണമെന്നും തങ്ങളുടെ അവകാശം ആര്‍ക്കും വിട്ടുകൊടുക്കിലെ്ലന്നും ഗുജറാത്ത് കടുപ്പിച്ചു പറയുന്നു. അങ്ങനെയെങ്കില്‍ എന്നെയും സിനിമയിലെടുക്കണം എന്ന ഡയലോഗടിച്ചു ബാംഗ്ലൂരും വേദിക്കായി അവകാശവാദമുന്നയിച്ചു. 

ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തിലാദ്യമായാണ് ഒരു മല്‍സരത്തിനു വേണ്ടി ഇത്രയുമധികം സംസ്ഥാനങ്ങള്‍ രംഗത്തുവരുന്നത്. ചരിത്ര ടെസ്റ്റ് സംഘടിപ്പിക്കുന്നതു വഴി പലതുണ്ട് നേട്ടങ്ങള്‍: ക്രിക്കറ്റ് ചരിത്ര പുസ്തകത്തില്‍ ഇനിയങ്ങോട്ടു തലയെടുപ്പോടെ വിലസാം; മാധ്യമങ്ങളുടെ ശ്രദ്ധാകേന്ദ്രമാവാം; മല്‍സരം കൊണ്ടുവരുന്ന സാന്പത്തിക നേട്ടത്തിന്‍റെ ചക്കരക്കുടത്തില്‍ കയ്‌യിട്ടുവാരാം. ചുരുക്കിപ്പറഞ്ഞാല്‍, ബംപര്‍ സച്ചിന്‍ ലോട്ടറി...!
അസോസിയേഷനുകള്‍ സമ്മര്‍ദം ശക്തമാക്കുന്പോഴും വേദി സംബന്ധിച്ചു ബിസിസിഐ മനസ്സുതുറന്നിട്ടില്ല. 
ബിസിസിഐ ടൂര്‍സ് ആന്‍ഡ് ഫിക്സ്‌ചേഴ്സ് കമ്മിറ്റിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. തീരുമാനം വൈകിയാല്‍, ഈമാസം 29നു ചേരുന്ന ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അസോസിയേഷനുകള്‍ രണ്ടും കല്‍പിച്ചിറങ്ങും. ടെസ്റ്റ് പരന്പരയ്ക്കു പുറമേ, മൂന്ന് ഏകദിനങ്ങളും വിന്‍ഡീസ് ഇന്ത്യയില്‍ കളിക്കും.