കഥകള്‍



ചിന്നന്‍9 9(കഥ

പ്രവീണ്‍ ശേഗര്‍ 
പൂലമന്തോള്‍ 
ചിന്നന്‍ ഇന്ന് വളരെ സന്തോഷത്തിലാണ്. ഒരുപാട് കാലത്തെ കാത്തിരിപ്പിന് ശേഷം അവന് ഒരു കുഞ്ഞു പിറന്നിരിക്കുന്നു. നങ്ങേലിക്ക് പ്രസവ വേദന തുടങ്ങിയതിനു ശേഷം ചിന്നന്‍ പുറത്തേക്കൊന്നും പോകാറെ ഇല്ലായിരുന്നു. അവര്‍ക്ക് രണ്ടു പേര്‍ക്കും വേണ്ട അത്യാവശ്യ  ഭക്ഷണ സാധനങ്ങളെല്ലാം ദിവസങ്ങള്‍ക്കു  മുന്‍പേ തന്നെ ശേഖരിച്ചു വച്ചിരുന്നതിനാല്‍  പുറത്തു പോകേണ്ട ആവശ്യവും ഉണ്ടായിരുന്നില്ല. 

നങ്ങേലിയുടെ ചാരെ കിടക്കുന്ന ചോരക്കുഞ്ഞിനു തന്‍റെ അതെ മുഖച്ഛായ ആണെന്ന് കാണുന്നവര്‍ ആരും പറയും. അവന്‍റെ ചുണ്ടും മൂക്കും ഒക്കെ തന്നെ പോലെ തന്നെ. ജനിച്ചു മണിക്കൂറുകള്‍ ആയിട്ടെ ഉള്ളുവെങ്കിലും അവന്‍ കളിയും ചിരിയും തുടങ്ങാനുള്ള തത്രപ്പാടിലാണ് എന്ന് തോന്നുന്നു.  അവന്‍റെ തിളങ്ങുന്ന കുഞ്ഞു ദേഹം കണ്ടപ്പോള്‍  ചിന്നന്റെ കണ്ണുകള്‍ സന്തോഷം കൊണ്ട് തിളങ്ങി.

ആ സന്തോഷം കൊണ്ട് തുള്ളിച്ചാടുന്നതിനിടയില്‍,  ചിന്നന്റെ കാലു തട്ടി  ഒരു പാത്രം മറിഞ്ഞു വീണു. മറിഞ്ഞു വീണ  പാത്രം തട്ടിന്‍പുറത്തു വേണ്ടുവോളം ശബ്ദം ഉണ്ടാക്കിയത് കൊണ്ടാകാം താഴെ താമസിക്കുന്ന വീട്ടുടമയും ഭാര്യയും എന്തൊക്കെയോ പറയാന്‍ തുടങ്ങിയിരിക്കുന്നു.  അവരെന്താണ് പറയുന്നത് എന്ന് കേള്‍ക്കാനായി ചിന്നന്‍ പതിയെ കോണിയിറങ്ങി താഴെ എത്തി. 



"ഞാന്‍ പണ്ടേ പറയുന്നതാണ്, ഈ വീട് പൊളിച്ചു പണിയാനുള്ള കാലം കഴിഞ്ഞിരിക്കുന്നു എന്ന്. അതെങ്ങനെയാ! അച്ഛനും അമ്മയും മരിച്ചു കഴിഞ്ഞേ വീട് പൊളിക്കൂ എന്ന് പറഞ്ഞായിരുന്നല്ലോ നിങ്ങളുടെ കടുംപിടിത്തം. ഇപ്പൊ അവരൊക്കെ മരിച്ചിട്ടും ഇതിനൊരു തീരുമാനം എടുക്കാന്‍ പറ്റിയിട്ടില്ലന്നു വച്ചാല്‍ എന്താ ഇതിനൊക്കെ  അര്‍ത്ഥം ? തട്ടിന്‍ പുറത്തും  മേല്‍ഭാഗത്തും  , മുഴുവന്‍ ചിതലരിക്കാന്‍ തുടങ്ങിയിട്ട് കാലം കുറെയായി , എന്നാണാവോ എല്ലാം കൂടി ഇവിടെയുള്ള ആളുകളുടെ തലയില്‍ കൂടി നിലം പതിക്കുക .." വീട്ടുടമയുടെ ഭാര്യ ആകെ കലി തുള്ളി നില്‍ക്കുകയാണ്. ഒന്നും കേട്ടില്ലാ കണ്ടില്ലാ എന്ന് നടിച്ച് കെട്ടിയോന്‍ അവിടെ തന്നെ ഇരിപ്പുണ്ട്. 

ചിന്നന്‍ കോണി തിരികെ കയറാന്‍ ഒരുങ്ങുമ്പോഴാണ് അടുക്കളയില്‍ തേങ്ങ ചിരകുന്ന ശബ്ദം കേട്ടത്. നങ്ങേലിക്ക് തേങ്ങാ ചിരകിയത് വലിയ ഇഷ്ടമാണ് എന്നറിയാവുന്ന ചിന്നന്‍ നേരെ അടുക്കളയിലേക്കു വിട്ടു പിടിച്ചു . അവിടെ വീട്ടുടമയുടെ ഭാര്യ എന്തൊക്കെയോ മുറു മുറുത്തു കൊണ്ട്  തേങ്ങ ചിരകുകയായിരുന്നു. അതും  നോക്കി അല്‍പ്പ നേരം ഒരു മൂലയില്‍ നിശബ്ദനായി ചിന്നന്‍ നിന്നു. 

ഒടുക്കം തേങ്ങ ചിരകിയ പാത്രം അവര്‍ വീതന പുറത്ത് വച്ച സമയം നോക്കി മിന്നല്‍ പോലെ ചിന്നന്‍ അതിനടുത്തേക്ക് പാഞ്ഞു ചെന്നു. ആരും കാണാതെ   ഒരു കവിള്‍ നിറയെ തേങ്ങ ചിരകിയതും എടുത്തു കൊണ്ട് കോണിപ്പടി ഓടി കയറുന്നതിനിടയില്‍ വീണ്ടും അത് സംഭവിച്ചിരിക്കുന്നു . അതെ, വീണ്ടും തന്‍റെ കാലു തട്ടി എന്തൊക്കെയോ വീണിരിക്കുന്നു . ആകെ മൊത്തം ബഹളമയം . ഇത്തവണ ശബ്ദം കേട്ട്  ഓടി വന്ന വീട്ടുടമ അവനെ ഒരു നോക്ക് കാണാനും ഇടയായിരിക്കുന്നു. രാത്രിയായത്‌ കൊണ്ടാകാം അയാള്‍ അവനെ കൂടുതല്‍ അന്വേഷിക്കാന്‍ നിന്നില്ല. പകരം അയാള്‍ ഭാര്യയോടു എന്തൊക്കെയോ ഉച്ചത്തില്‍ കയര്‍ത്തു സംസാരിച്ചു കൊണ്ടേയിരുന്നു. എന്തായാലും താന്‍ ഇത്തവണയും ഭാഗ്യം കൊണ്ട് അയാളുടെ കണ്ണില്‍ പെടാതെ രക്ഷപ്പെട്ടിരിക്കുന്നു. ചിന്നന്‍ ആശ്വസിച്ചു. 

ഓടിക്കിതച്ചു കൊണ്ട് നങ്ങേലിയുടെ അടുത്തെത്തിയ  ചിന്നന്‍ കിതച്ചു കൊണ്ട് നടന്ന കാര്യങ്ങള്‍ അവളോട്‌ പറഞ്ഞു. തന്‍റെ പ്രിയതമന്‍ തനിക്കു വേണ്ടി ഇനിയൊരിക്കലും ഇത്തരം സാഹസങ്ങള്‍ ചെയ്യരുത് എന്ന് പറഞ്ഞു കൊണ്ട് അവന്‍ കൊണ്ട് വന്ന തേങ്ങചിരകിയത് മുഴുവന്‍ അവള്‍ ആര്‍ത്തിയോടെ ശാപ്പിട്ടു. 

സമയം ഒരുപാട് കഴിഞ്ഞപ്പോള്‍ വീട്ടിലെ ലൈറ്റുകള്‍ എല്ലാം അണഞ്ഞു. രാത്രി ഒരുപാടായിട്ടും ചിന്നന്‍ മാത്രം എന്തോ ഉറങ്ങിയില്ല. തന്‍റെ കുഞ്ഞിനെ എത്ര നോക്കിയിരുന്നിട്ടും അവനു മതി വരുന്നില്ല. നങ്ങേലിയുടെ ചൂട് പറ്റിക്കൊണ്ട്‌ അവനങ്ങനെ കിടക്കുന്നത് കാണാന്‍ നല്ല ചന്തമുണ്ടായിരുന്നു. ഒന്നുമറിയാതെ ഉറങ്ങുന്ന നങ്ങേലിയെ നോക്കിക്കൊണ്ട്‌ ചിന്നന്‍  നെടുവീര്‍പ്പിട്ടു. ഇന്നല്ലെങ്കില്‍ നാളെ ഈ തട്ടിന്‍പുറം പൊളിക്കപ്പെട്ടെക്കാം. അന്ന് നങ്ങേലിയെയും ഈ കുഞ്ഞിനേയും കൊണ്ട് താന്‍ എങ്ങോട്ട് പോകും എന്നോര്‍ത്തു കൊണ്ട് ചിന്നന്‍ ആശങ്കപ്പെട്ടു കൊണ്ടേയിരുന്നു.

രാത്രി ഒരുപാടായിട്ടും ചിന്നനു ഉറക്കം വന്നില്ല. ഇന്നലെ  രാവിലെ തൊട്ട്  ഒന്നും കഴിക്കാത്തത് കൊണ്ട് നല്ല വിശപ്പും തുടങ്ങിയിരിക്കുന്നു. നങ്ങേലിയെയും കുഞ്ഞിനേയും ഉറക്കത്തില്‍ ശല്യപ്പെടുത്തെണ്ട എന്ന് കരുതി ശബ്ദമുണ്ടാക്കാതെ അവന്‍ അവിടെ നിന്നും എഴുന്നേറ്റു നടന്നു.    അടുക്കളയില്‍ തിന്നാന്‍ പാകത്തില്‍ വല്ലതും കാണുമായിരിക്കാം  എന്ന ധാരണയില്‍ പതിയെ കോണിയിറങ്ങി താഴെയെത്തി. 

എല്ലാവരും നല്ല ഉറക്കത്തിലാണ്. ഇനി ഒരു തവണ കൂടി താന്‍ ശബ്ദമുണ്ടാക്കിയാല്‍ വീട്ടുകാര്‍ ചിലപ്പോള്‍ തന്നെ തേടിപ്പിടിച്ചേക്കാം. ചിലപ്പോള്‍ അവര്‍ ദ്വേഷ്യം കൊണ്ട് തന്നെ തല്ലിക്കൊല്ലുക വരെ ചെയ്തേക്കാം. അതുണ്ടാകരുത് എന്നതിനാല്‍   കിട്ടുന്ന ഭക്ഷണം വാരി തിന്നതിന് ശേഷം ശബ്ദമുണ്ടാക്കാതെ  പെട്ടെന്ന് തന്നെ സ്ഥലം കാലിയാക്കണം.  അങ്ങിനെയോരോന്നു മനസ്സില്‍ ചിന്തിച്ചു കൊണ്ട്  അടുക്കള ഭാഗത്ത് എത്തിയ ചിന്നന്‍ നേരെ ചെന്നത് പച്ചക്കറി കൂടകള്‍ എടുത്തു വച്ചിരിക്കുന്ന സ്ഥലത്താണ്. ഇരുട്ടില്‍ അവന്‍ ആദ്യം കണ്ടത് വെളുത്ത നിറത്തില്‍ എന്തിലോ തൂക്കിയിട്ടിരിക്കുന്ന തേങ്ങാ കഷ്ണമാണ്. 

വളരെ കരുതലോട് കൂടി അവന്‍ മെല്ലെ മെല്ലെ തേങ്ങാ കഷ്ണത്തിന് അടുത്തെത്തി. പിന്നെയൊട്ടും കാത്തിരിക്കാന്‍ അവന്‍റെ വിശപ്പ്‌ സമ്മതിച്ചില്ല.  ആര്‍ത്തിയോടെ അതില്‍ കടിച്ചതും 'പ്ടെ' എന്നുറക്കെയൊരു  ശബ്ദത്തില്‍ അവന്‍റെ വാലിനുമുകളില്‍ കൂടി എന്തോ വന്നടഞ്ഞു. അവന്‍ വേദന കൊണ്ട് പുളഞ്ഞു. 

പുറത്തേക്ക് ഓടാന്‍ ശ്രമിച്ചെങ്കിലും താനേതോ കൂട്ടില്‍ അകപ്പെട്ടിരിക്കുന്നു എന്ന് മനസിലായി. എങ്കിലും അവന്‍ ആ കൂട്ടില്‍ കിടന്ന് ഓരോരോ പരാക്രമം കാണിച്ചു കൊണ്ടേയിരുന്നു. ഉറക്കെ നിലവിളിച്ചുവെങ്കിലും  തട്ടിന്‍പുറത്തു ഉറങ്ങിക്കൊണ്ടിരുന്ന നങ്ങേലി പക്ഷെ അതൊന്നും കേട്ടില്ല. 

കൂട്ടില്‍ കിടന്നുള്ള അവന്‍റെ പരാക്രമ  ശബ്ദം കേട്ടിട്ട് വീട്ടുകാര്‍ ഉണര്‍ന്നു. ലൈറ്റ് ഇട്ട ശേഷം അടുക്കളയിലെത്തിയ വീട്ടുടമ അവനെ നോക്കി കൊണ്ട് പറഞ്ഞു 

"നിന്നെ കുറെ കാലമായെടാ നോട്ടമിട്ടിട്ട്... ഇപ്പോഴാണ് കയ്യില്‍ കിട്ടിയത്. നേരം ഒന്ന് വെളുക്കട്ടെ, നിന്‍റെ ബാക്കിയുള്ളവരെ കൂടി ശരിയാക്കുന്നുണ്ട്‌ ,, തല്‍ക്കാലം നീ അവിടെക്കിട നാശമേ ." 

കൂട്ടിനുള്ളിലെ കമ്പിയിഴകളില്‍ കൂടി ചിന്നന്‍  ദയനീയമായി വീട്ടുടമയെ നോക്കി. അവന്റെതായ ഭാഷയില്‍  എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. തന്നെ ഒന്ന് തുറന്നു വിടാന്‍ വേണ്ടി അയാളോട് കെഞ്ചി. പക്ഷെ , അതൊന്നും കാണാന്‍ നില്‍ക്കാതെ ലൈറ്റ് ഓഫ് ചെയ്തു കൊണ്ട്   അയാള്‍ മുറിയിലേക്ക് തിരികെ ഉറങ്ങാന്‍  പോയി. 

ചിന്നന്റെ മനസ്സ് നിറയെ  തന്‍റെ  കുഞ്ഞിന്‍റെ കണ്ടു കൊതി തീരാത്ത രൂപമായിരുന്നു, അവന്‍റെ തിളങ്ങുന്ന ദേഹമായിരുന്നു. നങ്ങേലിയെയും അവനെയും ആലോചിച്ചാലോചിച്ച്  ചിന്നന്‍ കരഞ്ഞു കൊണ്ടേയിരുന്നു . കരഞ്ഞു കരഞ്ഞു ഒടുക്കം കൂട്ടില്‍ തളര്‍ന്നു വീണു. പിന്നെ എപ്പോഴോ ക്ഷീണം കൊണ്ട് ഉറക്കത്തിലേക്ക് വഴുതി വീണു. 

രാവിലെ വീട്ടുകാരുടെ ശബ്ദം കേട്ടിട്ടാണ്  ചിന്നന്‍ വീണ്ടും ഉണരുന്നത്. ആ സമയത്താണ് വടിയും പിടിച്ചു കൊണ്ട് വീട്ടുടമയുടെ മൂത്ത മകന്‍ തട്ടിന്‍ പുറത്തേക്ക് കയറി പോകുന്നത് കാണുന്നത്. കമ്പിയിഴകളില്‍  മുഖം അമര്‍ത്തിക്കൊണ്ടു അവന്‍ നങ്ങേലിയെ വിളിച്ചു    ഉറക്കെ കരഞ്ഞു. പക്ഷെ ആ നിലവിളിക്ക്‌ തട്ടിന്‍പുറം വരെ പാഞ്ഞെത്താനുള്ള ശക്തിയുണ്ടായിരുന്നില്ല. 

തട്ടിന്‍പുറത്തു വടി കൊണ്ട് അടിക്കുന്നതും പാത്രങ്ങള്‍ വീഴുന്നതുമായ ശബ്ദങ്ങള്‍ കേട്ടു കൊണ്ടേയിരിക്കുന്നു. ഒടുക്കം വീട്ടുടമയുടെ മകന്‍ ഒരു പ്ലാസ്റ്റിക് മുറത്തില്‍ എന്തോ കോരിക്കൊണ്ട് കോണി ഇറങ്ങി വന്നു. ചിന്നന്‍ കൂടുതല്‍ ശക്തിയോടെ കൂട്ടില്‍ കിടന്ന് നിലവിളിച്ചു. അവന്‍റെ നങ്ങേലിയെയും കുഞ്ഞിനേയും ആ ദുഷ്ടന്‍ അടിച്ചു കൊന്നിരിക്കുന്നു. ആ കാഴ്ച കാണിക്കാനെന്ന വണ്ണം അവന്‍റെ മുന്നില്‍ ആ പ്ലാസ്റ്റിക് മുറം അവര്‍ കൊണ്ട് വച്ചു.  ആ കാഴ്ച കാണാന്‍ ചിന്നനായില്ല. തിളങ്ങുന്ന ദേഹമുള്ള  തന്‍റെ  കുഞ്ഞിനു ഇപ്പോള്‍ ചലനമില്ല. ആ കുഞ്ഞു ദേഹത്ത് ചോര പൊടിഞ്ഞിരിക്കുന്നു. നങ്ങേലിയുടെ കണ്ണുകള്‍ തെറിച്ചു പോയിരിക്കുന്നു. ഇനി താനായിട്ട് എന്തിനു ജീവിച്ചിരിക്കണം ? ഇനി താന്‍ കരയുന്നതിനു പോലും അര്‍ത്ഥമില്ല. ചിന്നന്‍ കൂട്ടില്‍ നിശബ്ദനായി വീണു കിടന്നു. 

കൂട്ടില്‍ വീണു കിടന്ന ചിന്നനെ വീട്ടുടമയുടെ മകന്‍ കൂടോട് കൂടി കൈയ്യില്‍ എടുത്തു കൊണ്ട് എങ്ങോട്ടോ നടന്നു. ചിന്നന്‍ കണ്ണ് മിഴിച്ചു കൊണ്ട് ശബ്ദിക്കാനാകാതെ കൂട്ടില്‍ അങ്ങനെ തന്നെ കിടന്നു .
അയാള്‍ നടന്നെത്തിയത്‌ കര കവിഞ്ഞൊഴുകുന്ന ഒരു പുഴക്കരയിലായിരുന്നു. ചിന്നനെ കൂടോട് കൂടി വെള്ളത്തില്‍ പെട്ടെന്നൊന്നു മുക്കിയെടുത്ത ശേഷം അയാള്‍ ചിന്നന്റെ കണ്ണുകളിലേക്കു നോക്കി. ആ കണ്ണുകള്‍ തിളങ്ങുന്നുണ്ടായിരുന്നു. പക്ഷെ സ്വന്തം ജീവന് വേണ്ടി ഒരിക്കലും കേഴുന്നുണ്ടായിരുന്നില്ല. ജീവന് വേണ്ടിയുള്ള അവന്‍റെ കണ്ണിലെ യാചന കാണാന്‍ കൊതിക്കുന്ന ഒരു മൃഗത്തെ പോലെ അല്ല, മനുഷ്യ മൃഗത്തെ പോലെ പല തവണ അയാള്‍ ചിന്നനെ വെള്ളത്തില്‍ മുക്കിയെടുത്തുവെങ്കിലും,  തിളങ്ങുന്ന കണ്ണുകളോടെയുള്ള  ചിന്നന്റെ നോട്ടത്തിനു മാറ്റം സംഭവിച്ചില്ല. 

അടുത്ത തവണ അയാള്‍ കുറെ നേരത്തെക്കായി  ചിന്നനെ വെള്ളത്തില്‍ മുക്കിപ്പിടിച്ചപ്പോള്‍,  ജീവന്‍ വെടിയുന്ന വെപ്രാളം കൊണ്ട് കൂട്ടിനുള്ളില്‍ അവന്‍ എന്തൊക്കെയോ  ശബ്ദമുണ്ടാക്കി കൊണ്ടിരുന്നു. ആ ശബ്ദ തരംഗങ്ങള്‍ കുമിളകളായി വെള്ളത്തിന്റെ ഉപരിതലത്തിലേക്ക് ഓരോരോന്നായി പാഞ്ഞു വന്നു കൊണ്ടേയിരുന്നു. ശ്വാസം മുട്ടിക്കൊണ്ടിരിക്കുന്ന ചിന്നന്‍ അവന്‍റെ നഖങ്ങള്‍ കൊണ്ട് ആ തകരക്കൂടിനുള്ളില്‍ ശക്തിയായി മാന്തുന്ന ശബ്ദം വെള്ളത്തിന്‌ മുകളിലേക്കും കേള്‍ക്കാമായിരുന്നു. 

അല്‍പ്പ സമയത്തിനു ശേഷം, നഖങ്ങള്‍ കൊണ്ട് തകരയില്‍ മാന്തുന്ന ആ ശബ്ദം ശക്തി കുറഞ്ഞ് കുറഞ്ഞ് പതിയെ  ഇല്ലാതായി. അവന്‍റെ ജീവ ശ്വാസത്തിന്‍റെ അവസാന കുമിളയും വെള്ളത്തിനു മുകളില്‍ വന്നു പോയിരിക്കുന്നു. 

ആ വെപ്രാളം പൂര്‍ണമായി നിലച്ചെന്നു ഉറപ്പായപ്പോള്‍  അയാള്‍ സാവധാനം ചിന്നനെ വെള്ളത്തില്‍ നിന്നും പൊക്കിയെടുത്തു. കൂട്ടിനുള്ളില്‍ നിന്നും കരയിലേക്ക് മോചിപ്പിക്കപ്പെട്ട ചിന്നന്റെ ശരീരം ചലനമറ്റതായിരുന്നുവെങ്കിലും ആ കണ്ണുകളുടെ തിളക്കം നഷ്ടപ്പെട്ടിട്ടില്ലായിരുന്നു.   

 ചിന്നന്റെയും നങ്ങേലിയുടെയും അവരുടെ കുഞ്ഞിന്‍റെയും ശരീരങ്ങള്‍  ഒന്നിന് പുറകെ ഒന്നായി  ഒഴുക്കുള്ള ആ പുഴ വെള്ളത്തിലേക്ക്  വലിച്ചെറിഞ്ഞ ശേഷം കൈകാലുകള്‍ ശുദ്ധിയാക്കി കൊണ്ട് അയാള്‍ വീട്ടിലേക്കു തിരിച്ചു മടങ്ങി. 

തിളങ്ങുന്ന കണ്ണുകളുള്ള ചിന്നനും, മിനുങ്ങുന്ന ദേഹത്തോട് കൂടിയ അവന്‍റെ കുഞ്ഞും, നങ്ങേലിയുമെല്ലാം വെറും ഒരു കഥയെന്ന പോലെ  പുഴയുടെ ഒഴുക്കിന്‍റെ ആഴങ്ങളിലേക്ക് മാഞ്ഞു പോയിരുന്നു അപ്പോഴേക്കും.