അടുക്കളത്തോട്ടം

വീട്ടു വളപ്പിലെ  അദ്ഭുതങ്ങള്‍


തിപ്പലി
പൈപ്പറേസിലിന്‍ സസ്യകുടുംബത്തില്‍ പെട്ടതാണ് തിപ്പലി. പൈപ്പര്‍ ലോങം ലിന്‍ (Piper Longum Linn) എന്നു ശാസ്ത്രനാമമുള്ള ഇതിനെ സംസ്കൃതത്തില്‍ പിപ്പലി, കൃഷ്ണ, വൈദേഹി എന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഏറെ ഔഷധഗുണമുള്ള തിപ്പലി ആയുര്‍വേദത്തില്‍ ഒഴിച്ചുകൂടാനാവാത്ത സസ്യമാണ്. കായ്കളും വേരുമാണ് ഔഷധ യോഗ്യമായ ഭാഗങ്ങള്‍ .

അര്‍ശസ്, ജീര്‍ണജ്വരം, ചുമ എന്നീ അസുഖങ്ങള്‍ക്ക് തിപ്പലിപ്പൊടി പാലില്‍ ചേര്‍ത്ത് ഒരു മാസം തുടര്‍ച്ചയായി സേവിച്ചാല്‍ ഫലപ്രദമാണ്. ച്യവനപ്രാശം, പഞ്ചകോലം, താലീസപത്രചൂര്‍ണം, ദശമൂലകടുത്രയകഷായം, കൃഷ്ണാവലേഹ്യം, അഗസ്ത്യരസായനം തുടങ്ങിയവ തയ്യാറാക്കാന്‍ തിപ്പലിയാണ് മുഖ്യമായി ഉപയോഗിക്കുന്നത്.

ദഹനശക്തി, ജ്വരം, ആമവാതം, ചുമ ഊരു സ്തംഭം, അതിസാരം, മൂത്രാശയ കല്ല് തുടങ്ങിയവയുടെ ചികിത്സക്ക് ഉപയോഗിക്കുന്നു. കൂടാതെ തിപ്പലി കൊളസ്ട്രോള്‍ കുറക്കുന്നതിനുള്ള ഒരു ഒറ്റ മൂലിയായും പ്രവര്‍ത്തിക്കുന്നു. ആറു തിപ്പലി രാത്രി 1 ഗ്ലാസ്സ് വെള്ളത്തിലിട്ട് രാവിലെ വെറും വയറ്റില്‍ അരച്ചു കഴിക്കുകയും ആ വെള്ളം കുടിക്കുകയും ചെയ്യണം. 15 ദിവസങ്ങള്‍ക്കുള്ളില്‍ കൊളസ്ട്രോള്‍ നിയന്ത്രണ വിധേയമാകുന്നു. (ശരീരം മെലിയും) തിപ്പലി ചേര്‍ത്ത പ്രധാന ഔഷധങ്ങള്‍ ഭൃഗരാജാദി തൈലം, അശ്വഗന്ധാരിഷ്ടം, ദശമൂലാരിഷ്ടം, നിര്‍ഗുണ്‍ഡ്വാദി തൈലം, അജമാംസ രസായനം __________________

__________________________________________________________________________________________ 

ഗ്രാമ്പൂ 
ഗ്രാമ്പൂ ഭക്ഷണസാധനങ്ങളില്‍ രുചി കൂടുവാന്‍ സഹായിക്കുന്ന ഒരു മസാലയാണ്. എന്നാല്‍ ഒരു മസാലയെന്നതിനുപരിയായി ധാരാളം ആരോഗ്യവശങ്ങളും ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയാനുള്ള പ്രത്യേക കഴിവ് ഗ്രാമ്പൂവിനുണ്ട്. അണുബാധ തടയുക മാത്രമല്ലാ, ദഹനവും എളുപ്പമാക്കുന്ന ഒന്നാണ് ഗ്രാമ്പൂ. ഇതടങ്ങിയ മസാലകള്‍ പാചകത്തിന്, പ്രത്യേകിച്ച് ഇറച്ചി പോലെ ദഹിക്കാന്‍ സമയമെടുക്കുന്ന ഭക്ഷണങ്ങള്‍ പാകം ചെയ്യാന്‍ ഉപയോഗിക്കുന്നതിന്റെ പ്രധാന കാരണം ഇതുതന്നെയാണ്. പല്ലുവേദനയുള്ളപ്പോള്‍ ഒരു കഷ്ണം ഗ്രാമ്പൂ വേദനയുള്ളിടത്ത് കടിച്ചു പിടിച്ചു നോക്കൂ. ആശ്വാസം ലഭിക്കും. വേദന മാറുകയും ചെയ്യും. ഇതിലെ തൈലം പല്ലിനുള്ളിലെ മുറിവിലേക്ക് കടന്നു പ്രവര്‍ത്തിക്കുന്നതാണ് ഇതിന് കാരണം. ഗ്രാമ്പൂ പൊടിച്ച് അല്‍പം തേനില്‍ ചാലിച്ചു കഴിയ്ക്കുന്നത് ഛര്‍ദി തടയും. ദഹനം എളുപ്പമാക്കും. വയറിളക്കം ഭേദമാകുന്നതിനും ഈ രീതി ഉപയോഗിക്കാം. അസിഡിറ്റിയുള്ളവര്‍ക്ക് ഉപയോഗിക്കാന്‍ പറ്റിയ നല്ലൊരു മരുന്നു കൂടിയാണിത് ഇത് വയറിലെ ആസിഡുകളെ പുറന്തള്ളുകയും അങ്ങനെ അസ്വസ്ഥതകള്‍ കുറയ്ക്കുകയും ചെയ്യും. വയറുവേദനക്കും ഗ്രാമ്പൂ നല്ലതാണ്. ചുമയ്ക്കു പറ്റിയ നല്ലൊരു മരുന്ന കൂടിയാണ് ഗ്രാമ്പൂ. ഇത് ഒന്നു ചൂടാക്കി ചവയ്ക്കുന്നത് ഗുണം ചെയ്യും. ഗ്രാമ്പൂ ഒരു കഷ്ണം ഉപ്പുമായി ചേര്‍ത്ത് വായിലിട്ടു കടിയ്ക്കുന്നത് തൊണ്ടവേദന മാറ്റുകയും ചെയ്യും. സ്‌ട്രെസ് കുറയ്ക്കാനും ഗ്രാമ്പൂ സഹായിക്കും. ഗ്രാമ്പൂ, തുളസി, പുതിന എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഉപയോഗിച്ച് കട്ടന്‍ ചായയിട്ടു കുടിച്ചാല്‍ സ്‌ട്രെസും ടെന്‍ഷനും കുറയും. കട്ടന്‍ ചായയില്‍ അല്‍പം തേനും ചേര്‍ക്കാം. ടെന്‍ഷന്‍ കുറയ്ക്കുന്നതിന് മാത്രമല്ലാ, ആരോഗ്യത്തിനും ഇത് ഏറെ ഗുണം ചെയ്യും. ഇത്തരം ഉപയോഗങ്ങള്‍ക്ക് പുറമെ പെര്‍ഫ്യൂം, സോപ്പ് എന്നിവയുണ്ടാക്കാനും ചിലതരം മരുന്നുകളുണ്ടാക്കുവാനും ഗ്രാമ്പൂ ഉപയോഗിക്കുന്നുണ്ട്.
--------------------------------------------------------------------------------------------------------------------------------
മധുരക്കിഴങ്ങ്
മധുരക്കിഴങ്ങിന്റെ അപൂര്‍വ്വ ഗുണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. മനുഷ്യരില്‍ കാന്‍സര്‍ വരുന്നത് തടയാന്‍ മധുരക്കിഴങ്ങിന് കഴിയുമത്രേ. പ്രായമാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇല്ലാതാക്കാന്‍ മധുരക്കിഴങ്ങിനു കഴിയുമെന്ന് പണ്ടുമുതലേ വിശ്വാസമുണ്ടായിരുന്നു. പക്ഷേ ക്യാന്‍സര്‍ പ്രതിരോധ ശേഷിയെക്കുറിച്ച് അറിവില്ലായിരുന്നു. കാന്‍സര്‍ പ്രതിരോധശേഷിയെപ്പറ്റിയും വ്യക്തമായതെളിവുകള്‍ ലഭിച്ചതോടെ എല്ലാഗുണങ്ങളുമുള്ള മധുരക്കിഴങ്ങ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. കാന്‍സാസ് സര്‍വകലാശാലയിലാണ് ഇതിന്റെ ഗവേഷണം നടന്നത്.

അധികം വില കൊടുക്കാതെ വാങ്ങാന്‍ കിട്ടുന്ന ഒന്നാണ് മധുരക്കിഴങ്ങ്. മധുരക്കിഴങ്ങെന്നാണ് പേരെങ്കിലും ഇത് പ്രമേഹം നിയന്ത്രിക്കാനും ഓര്‍മ്മശക്തി നിലനിര്‍ത്താനുമെല്ലാം സഹായകമാണ്. ഒപ്പം തന്നെ ഹൃദയാരോഗ്യത്തിനും മധുരക്കിഴങ്ങ് നല്ലതാണ്. മോണിങ് ഗ്ലോറി സസ്യകുടുംബത്തില്‍പ്പെട്ടതാണ് സ്വീറ്റ് പൊട്ടാറ്റോ. കാര്‍ബോഹൈഡ്രേറ്റ് സമ്പുഷ്ടമാണിത് ഒപ്പം, താഴ്ന്ന കലോറിയും ഇതിന്റെ പ്രത്യേകതയാണ്. ഇതിലടങ്ങിയിരിക്കുന്ന വിറ്റമിന്‍ ഇ, സി എന്നിവയും ബീറ്റ കരോട്ടിനുമാണ് ഹൃദയത്തെ ആരോഗ്യകരമാക്കുകയും ഒപ്പം കാന്‍സര്‍ തടയുകയും ചെയ്യുന്നത്. നാരുകളുടെ കലവറകൂടിയാണിത്. ഇതുകൊണ്ടാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിച്ച് നിര്‍ത്താന്‍ ഇതിന് ശരീരത്തെ സഹായിക്കാന്‍ കഴിയുന്നത്

_____________________________________________________________________________________________
ബ്രഹ്മി. (Bacopa monnieri )എന്നാണു ശാസ്ത്രനാമം. ഔഷധരംഗത്തെ ഒറ്റയാനാണ്. സമാന്തരങ്ങളില്ലാത്ത ഉന്നതനാണ്. ശാരീരിക അവശതകളും, അസുഖങ്ങളും മാറുവാനുള്ള ഔഷധമായിട്ടല്ല ബ്രഹ്മി ഉപയോഗിക്കുന്നത്. ബുദ്ധിവികാസമാണ് ബ്രഹ്മി നല്കുന്നത്. പണ്ടുമുതല്‍തന്നെ ഗര്‍ഭസ്ഥശിശുവിന്റെ ബുദ്ധിവികാസത്തിന് ഗര്‍ഭിണികള്‍ക്കും ജനിച്ച ശിശുക്കള്‍ക്കും ബ്രഹ്മി ഔഷധങ്ങള്‍ കൊടുത്തിരുന്നു. ഈ അത്ഭുത സസ്യത്തിന്റെ ഗുണഗണങ്ങള്‍ സഹസ്രയോഗത്തില്‍ പ്രതിപാദിക്കുന്നുണ്ട്. കൂടിയമാത്രയില്‍ വിരേചനം ഉണ്ടാവും എന്ന ഒരു ദോഷവശവും ബ്രഹ്മിക്കുണ്ട്.


ബ്രഹ്മിയുടെ ഔഷധഗുണം സമൂലമാണ്. ബുദ്ധിശക്തി, ഓര്‍മ്മശക്തി എന്നിവ വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണിത്. പ്രമേഹം, കുഷ്ഠം, രക്തശുദ്ധീകരണം, അപസ്മാര രോഗത്തിനും ഭ്രാന്തിന്റെ ചികിത്സക്കും, ബുദ്ധിവികാസത്തിനും, മുടിവളര്‍ച്ചക്കുമുള്ള ഔഷധങ്ങളിലെ ചേരുവയായിട്ടും ബ്രഹ്മി ഉപയോഗിക്കുന്നു.


ബ്രഹ്മിനീരില്‍ വയമ്പ് പൊടിച്ചിട്ട് ദിവസേന രണ്ടുനേരം കഴിച്ചാല്‍ അപസ്മാരം മാറും. ബ്രഹ്മി പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് അപസ്മാരത്തിന് നല്ലതാണ്.


ബ്രഹ്മി അരച്ച് മഞ്ചാടി വലിപ്പത്തില്‍ ഉരുട്ടി നിഴലില്‍ ഉണക്കി സൂക്ഷിക്കുക. ഓരോന്നും വീതം കറന്നയുടനെയുള്ള ചൂടോടുകൂടിയ പാലില്‍ അരച്ച് കലക്കി പതിവായി കാലത്ത് സേവിക്കുക. ഓര്‍മ്മക്കുറവിന് നല്ലതാണ്. ബ്രഹ്മിനീര് പാലിലോ നെയ്യിലോ ദിവസേന രാവിലെ സേവിക്കുന്നത് ഓര്‍മ്മശക്തിക്ക് നല്ലതാണ്. ബ്രഹ്മിനീരും വെണ്ണയും ചേര്‍ത്ത് രാവിലെ പതിവായി ഭക്ഷണത്തിന് മുമ്പ് സേവിച്ചാല്‍ കുട്ടികളുടെ ബുദ്ധിവകാസം മെച്ചപ്പെടും. ബ്രഹ്മി അരച്ച് 5 ഗ്രാം വീതം അതിരാവിലെ വെണ്ണയില്‍ ചാലിച്ച് കഴിക്കുന്നത് ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കും. ബ്രഹ്മിനീരില്‍ തേന്‍ ചേര്‍ത്ത് കുട്ടികള്‍ക്ക് കൊടുക്കുന്നത് ബുദ്ധിശക്തി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. ബ്രഹ്മി നിഴലില്‍ ഉണക്കിപ്പൊടിച്ചത് 5 ഗ്രാം വീതം പാലിലോ, തേനിലോ പതിവായി കഴിച്ചാല്‍ ഓര്‍മ്മക്കുറവു കുറക്കാം.


ബ്രഹ്മി, വയമ്പ്, ആടലോടകം, വറ്റല്‍മുളക്, കടുക്ക ഇവ സമം ചേര്‍ത്ത കഷായം തേന്‍ ചേര്‍ത്ത് കഴിച്ചാല്‍ ശബ്ദം തെളിയും. കുട്ടികളുടെ സംസാരശേഷി വ്യക്തമാകാന്‍ വേണ്ടിയും ഉപയോഗിക്കും. . ബ്രഹ്മി ഇടിച്ചുപിഴിഞ്ഞ നീര് രാവിലെയും വൈകുന്നേരവും കഴിച്ചാല്‍ വിക്ക് മാറും.


ഉറങ്ങുന്നതിന് മുമ്പ് ബ്രഹ്മിനീര് കഴിച്ചാല്‍ മാനസിക ഉല്ലാസത്തിന് നല്ലതാണ്. ബ്രഹ്മി നെയ്യില്‍ വറുത്ത് പാലുകൂട്ടി നിത്യവും വൈകീട്ട് സേവിച്ചാല്‍ നിത്യയൌവ്വനം നിലനിര്‍ത്താം. ബ്രഹ്മി അരച്ചുപുരട്ടിയാല്‍ അപക്വമായ വൃണങ്ങള്‍ പെട്ടെന്ന് പഴുത്തു പൊട്ടും. പ്രമേഹം, ക്ഷയം , വസൂരി, നേത്രരോഗങ്ങള്‍ എന്നിവക്കും ഉപയോഗിക്കുന്നു. ബ്രഹ്മി അരച്ച് പഥ്യമില്ലാതെ ദിവസവും ആദ്യാഹാരമായി കഴിച്ചാല്‍ പ്രമേഹം കുഷ്ഠം എന്നിവക്ക് ഫലപ്രദമാണ്.


ഉണങ്ങിയ ബ്രഹ്മിയില പാലില്‍ ചേര്‍ത്ത് കഴിച്ചാല്‍ രക്ത ശുദ്ധീകരണത്തിന് നല്ലതാണ്. ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും.


ദിവസവും കുറച്ച് ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിച്ചാല്‍ ജരാനരകളകറ്റി ദീര്‍ഘകാലം ജീവിക്കാവുന്നതാണ്. സാരസ്വതാരിഷ്ടം, പായാന്തക തൈലം, ബ്രഹ്മിഘൃതം, മഹാമഞ്ചിഷ്ടാദി കഷായം, മാനസമിത്രം ഗുളിക എന്നിവ ബ്രഹ്മി ചേര്‍ത്ത പ്രധാന ഔഷധങ്ങളാണ്.


ഈര്‍പ്പമുള്ള പ്രദേശം, കുളങ്ങള്‍, പാടം എന്നിവിടങ്ങളിലാണ് ഈ ഔഷധം കണ്ടുവരുന്നത്. നല്ല ഈര്‍പ്പം നിലനില്‍ക്കുന്ന സ്ഥലങ്ങളില്‍ കൃഷി ചെയ്യാവുന്നതാണ്. ഉഴുതു മറിച്ച് പച്ചില, ജൈവവളം എന്നിവ ചേര്‍ത്ത് കൊത്തിയിളക്കി വെള്ളം കെട്ടി നിര്‍ത്തി പാടം ഒരുക്കുകയാണ് കൃഷിയുടെ ആദ്യപടി. ഇത് നിലം നന്നായി കിളച്ചൊരുക്കി ഏക്കറിന് 3 ടണ്‍ ജൈവവളം ചേര്‍ത്തിളക്കി 4 ഇഞ്ച് നീളമുള്ള നടീല്‍ വസ്തു നടുകയോ വിതറുകയോ ചെയ്യുക. 6 മാസം കൊണ്ട് വളര്‍ന്നുവരും. ഒരാഴ്ചയ്ക്കു ശേഷം വെള്ളം ഭാഗികമായി തുറന്ന് വിട്ട് ഏക്കറിന് 500 കിലോ വീതം കുമ്മായം ചേര്‍ത്തിടുക. നാലഞ്ചു ദിവസങ്ങള്‍ കഴിഞ്ഞ് വെള്ളം പാകത്തിനു നിര്‍ത്തി വേരോടു കൂടി പറിച്ചെടുത്ത ബ്രഹ്മി വിതറിയിടുക എന്നതാണ് നടീല്‍ രീതി. വേരു പിടിക്കുന്നതു വരെ വെള്ളം നിയന്ത്രിക്കണ്ടത് അത്യാവശ്യമാണ്. ബ്രഹ്മി വളര്‍ന്നു തുടങ്ങിയാല്‍ ആവശ്യാനുസരണം വെള്ളം നിര്‍ ത്തേണ്ടത് അത്യാവശ്യമാണ്. കള പറിക്കല്‍ യഥാസമയങ്ങളില്‍ ചെയ്യുവാന്‍ സാധിക്കുകയും വേണം. നട്ട് 4 മാസത്തിനു ശേഷം വിളവെടുക്കാവുന്നതാണ്. ബ്രഹ്മി പറിച്ചെടുക്കുകയാണ് പതിവ്. പൊട്ടി നില്‍ക്കുന്ന ഭാഗങ്ങളില്‍ നിന്ന് അവ വീണ്ടും വളര്‍ന്നു കൊള്ളും. ഓരോ പ്രാവശ്യവും വിളവെടുപ്പിനു ശേഷം വെള്ളം നിയന്ത്രിച്ച് ചാണകപ്പൊടി, ചാരം, നല്ലവണ്ണം പൊടിഞ്ഞ കമ്പോസ്റ്റ് എന്നിവ ചേര്‍ത്തു കൊടുക്കുന്നത് ശക്തിയായി ബ്രഹ്മി വീണ്ടും വളരുന്നതിന് സഹായിക്കും. ഒരു വര്‍ഷത്തില്‍ 4 പ്രാവശ്യം വിളവെടുപ്പ് നടത്താവുന്നതാണ്. പറിച്ചെടുത്ത ബ്രഹ്മി പച്ചയായിത്തന്നെ വിപണനം നടത്താം. മൂന്നു വര്‍ഷം കഴിഞ്ഞാല്‍ മൊത്തം പറിച്ച് പുതുകൃഷി ചെയ്യാം. നല്ല നനവുള്ള മണ്ണിലെ ബ്രഹ്മി വളരുകയുള്ളൂ.

____________________________________________________________________________________________
 കീഴാർ നെല്ലി.
സാധാരണ വയല്‍ പ്രദേശങ്ങളിലും നീർവാഴ്ചയുള്ളതുമായ പ്രദേശങ്ങളിൽ കാണപ്പെടുന്ന ഒരു സസ്യമാണ്‌ കീഴാർ നെല്ലി.
Phyllanthus niruri എന്നാണു ശാസ്ത്രനാമം

ശാഖകളോട് കൂടിയതും തണ്ടിന് പച്ച, ചുവപ്പ്‌ എന്നീ നിറങ്ങളിലും കാണപ്പെടുന്ന ഒരു ഔഷദസസ്യമാണിത് കിരുട്ടാർ നെല്ലി എന്ന പേരിലും അറിയപ്പെടുന്നു. ഇവയുടെ ഇലകൾ തണ്ടിൽ നിന്നും മാറി ശാഖകളിൽ രണ്ടു വശങ്ങളിലായ് കാണപ്പെടുന്നു. ഇലയ്ക്ക് വെള്ള കലർന്ന പച്ച നിറമോ, കടും പച്ച നിറമോ ആയിരിക്കും. വളർന്ന് കഴിയുമ്പോൾ ഇലകളുടെ അടിയിലായി മഞ്ഞ കലർന്ന പച്ച നിറത്തിലുള്ള‍ പൂക്കളുണ്ടാകുന്നു.
കീഴ്കാനെല്ലി, കീഴാനെല്ലി, കീഴുക്കായ് നെല്ലി എന്നും അറിയപ്പെടുന്നു.

ചെടി സമൂലമായിട്ടാണ് മരുന്നിനായി ഉപയോഗിക്കുന്നത്. മഞ്ഞപ്പിത്തം,പനി, മൂത്രാശയരോഗങ്ങള്‍ എന്നിവയ്ക്ക് കീഴാർ നെല്ലി ഔഷധമായി ഉപയോഗിക്കുന്നു.കീഴാർ നെല്ലിയിൽ അടങ്ങിയിരിക്കുന്ന ഫിലാന്തിൻ ,ഹൈപ്പോ ഫില്ലാന്തിൻ എന്നീ രാസവസ്തുക്കളാണ്‌ മഞ്ഞപ്പിത്തം കുറയ്ക്കുവാൻ കാരണമാകുന്ന ഘടകങ്ങൾ. കീഴാർ നെല്ലി എണ്ണ കാച്ചി ഉപയോഗിക്കുന്നത് തലമുടി വളരാൻ ഉത്തമമാണ്. കൂടാതെ ശൈത്യഗുണമുള്ളത്കൊണ്ട് കൊണ്ട് ശരീരത്തിലുണ്ടാകുന്ന മുറിവിനും, ശരീരത്തിനുള്ളിലെ വ്രണങ്ങൾക്കും ആയുര്‍വേദത്തില്‍ മരുന്നായി ഉപയോഗിക്കപ്പെടുന്നു.ഈ ഔഷധിക്ക് പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
മൂത്രവർദ്ധകമാണ്. ദഹനത്തെ സഹായിക്കും. വാത രോഗികൾക്ക് നല്ലതല്ല. 

________________________________________________________________________________


കറുകപുല്ല്
പുല്ലുവര്‍ഗ്ഗത്തില്പെട്ട ഒരു ഔഷധിയാണ്‍ . തമിഴ്നാട്ടിലെ പ്രധാന ചികിത്സാരീതിയായ സിദ്ധം ഇതിനെ ആദിമൂലം ആയിട്ടാണ്‍ കരുതുന്നത്. അതായത് സസ്യജാലങ്ങളുടെ ഉല്പത്തിയിലുളത്. 

ദശപുഷ്പങ്ങളില്‍ പെടുന്ന ഈ സസ്യം വളരെ പവിത്രമായി കരുതപെടുന്നു. അതിനാല്‍‍ ഇവയെ ഹോമത്തിന്നും , ചില്‍ പൂജകള്‍കും ഉപയോഗിക്കാറുണ്ട് . പ്രത്യേകിച്ച് ബലിതര്‍പ്പണതിന്‍ ഇത് ഒഴിച്ചുകൂടാന്‍‍ കഴിയാത്ത ഒരു ദ്രവ്യമാണ്‍. അതിനാല്‍ ഇതിനെ ബലികറുക എന്നും വിളിച്ചുവരുന്നു.

കറുകയെപറ്റി ഞാന്‍‍ ആദ്യമായി അറിയുന്നത് അമ്മയില്‍‍ നിന്നുമാണ്‍. അച്ചഛന്‍റെ കാലിലുണ്ടായ ചൊറിമാറുന്നതിന് ‍ ഒരു നാട്ടു‌വൈദ്യന്‍ പറഞ്ഞുതന്നതാണു "ഒരു പിടി കറുക ഒരു തുടം പാലില്‍ കുറുകി കഴിച്ചാല്‍ ഏതു ദുഷ്ടവ്രണവും മാറും"

ഇത് പ്രധാനാമയും പിത്ത കഫഹരമാണ്‍ .ദൂര്‍വ്വാദികേരം,ദൂര്‍വ്വാദി ഘൃതം എന്നിമരുന്നുകളില്‍ ചേരുന്നു.താരന്‍ , ചൊറി ചിരങ്ങ് വട്ടപുണ്ണ് , (ത്വക്ക് രോഗങ്ങള്‌ , ദൂഷ്ടവ്രണങ്ങള്‍) തുടങ്ങിയരോഗങ്ങള്‍ക് പുറമെപുരട്ടുന്നതിന്നു സേവിക്കുന്നതിന്നും ഉപയോഗിക്കുന്നു.ബുദ്ധിവികാസം ഉണ്ടാകാത്ത കുട്ടികള്‍ക്ക് കറുകനീര്‍ വളരെ ഫലപ്രദമാണ്‍. നാഡിരോഗങ്ങള്‍ക്കും തലചോറിന് സംബന്ധിക്കുന്ന രോഗങ്ങള്‍ക്കും ഉപയോഗിക്കുന്നു. അമിതമായ രക്ത പ്രവാഹം നിര്‍ത്താനും മുലപാല്‍ വര്‍ദ്ധിക്കുന്നതിനും നന്ന്

ചില ഉപയോഗങ്ങള്‍

കറുകപ്പുല്ല് ഇടിച്ചുപിഴിഞ്ഞ നീര് അര ഗ്ലാസ്സ് വീതം പതിവായി കഴിച്ചാല്‍ മലബന്ധം മാറിക്കിട്ടും. മുറിവിന് കറുക അരച്ചു പൂരട്ടിയാല്‍ രക്തസ്രാവം നില്കും.കറുക ചതച്ചിട്ടു പാലുകാച്ചി ദിവസവും കഴിക്കുന്നത് രക്താര്‍ശസ്സിന് ഗുണം ചെയ്യും. കറുകനീര് 10 മില്ലി വീതം രാവിലെയും രാത്രിയും സമം പാല്‍ ചേര്‍ത്ത് കഴിക്കുന്നത് നാഡീക്ഷീണമകറ്റും.കറുകയുടെ സ്വരസം നസ്യം ചെയ്താല്‍ മൂക്കില്‍ നിന്നും രക്തം പോകുന്നത് തടയാന്‍ കഴിയും

ആദിത്യന്‍ കറുകയുടെ ദേവതയായികരുതുന്നു.
നിലം പറ്റി വളരുന്നതുമായ പുല്ല്‍ച്ചെടിയായതിനാല്‍ ഇത് ഒരു പുല്ല് തകിടിയായി ഉപയോഗിക്കുന്നു.
________________________________________________________________________________________
തുമ്പപൂവ്‌

30-60 സെ.മീ. വരെ ഉയരത്തില്‍ വളരുന്ന ഏകവര്‍ഷി ഓഷധിയാണ് തുമ്പ. കരിന്തുമ്പ (Anisomelos malabarica), പെരുന്തുമ്പ (Leucas cephalotus) എന്നീ രണ്ടുതരം തുമ്പച്ചെടികളും കേരളത്തില്‍ സുലഭമായി കാണുന്നു. പുഷ്പങ്ങളില്‍ ആല്‍ക്കലോയിഡും സുഗന്ധതൈലവും അടങ്ങിയിട്ടുണ്ട്; ഇലകളില്‍ ഗ്ളൂക്കോസൈഡും. തുമ്പച്ചെടിയുടെ തണ്ടും ഇലയും പൂവും ചിലപ്പോള്‍ സമൂലവും ഔഷധമായുപയോഗിക്കുന്നു. ചെറിയ തോതില്‍ അണുനാശകശക്തിയുണ്ട്.പ്രധാനമായും കുട്ടികള്‍ക്കുണ്ടാകുന്ന വിരക്കാണ് ഉപയോഗിക്കുന്നത്.ഗര്‍ഭാശയ ശുദ്ധിക്കും ഗ്യാസ്ട്രബിളിനും തുമ്പ മരുന്നായി ഉപയോഗിക്കുന്നു. ജ്വരരോഗങ്ങള്‍ ശമിപ്പിക്കും. വിരേചനൌഷധമായും ഉപയോഗിക്കാറുണ്ട്. തേള്‍ കടിച്ച ഭാഗത്ത് തുമ്പഇല ചതച്ചു പുരട്ടിയാല്‍ വിഷബാധ അകലും. വിരനാശകവും ദഹനത്തെ വര്‍ധിപ്പിക്കുന്നതുമായ തുമ്പച്ചെടിയുടെ ഔഷധഗുണ ങ്ങളെപ്പറ്റി ഗുണപാഠത്തില്‍ ഇപ്രകാരം വിശേഷിപ്പിച്ചിരിക്കുന്നു:

'കച്ചെരിച്ചുഷ്ണമായുള്ളു തുമ്പാ വാതം കഫം വിഷം

കൃമി ഗുല്‍മങ്ങളര്‍ശസ്സെന്നിവറ്റെ കളവാന്‍ ഗുണം.'

കേരളീയ ജീവിതത്തില്‍ തുമ്പയ്ക്ക് വളരെയേറെ സാംസ്കാരിക പ്രാധാന്യമുണ്ട്. കേരളത്തിന്റെ ദേശീയോത്സവമായ ഓണത്തിന്റെ വിവിധ ആഘോഷങ്ങളില്‍ തുമ്പത്തൂപ്പും തുമ്പപ്പൂവും ഉപയോഗിക്കുന്നുണ്ട്. വീട്ടുമുറ്റത്തൊരുക്കുന്ന പൂക്കളത്തില്‍ തുമ്പ അനിവാര്യമാണ്. ഓണത്തപ്പനെ അലങ്കരിക്കുന്നത് തുമ്പക്കുടം കൊണ്ടാണ്. തൃക്കാക്കരയപ്പനെ വരവേല്‍ക്കാനായി തിരുവോണനാളില്‍ നിവേദിക്കുന്ന പൂവടയിലും തുമ്പപ്പൂ ചേര്‍ക്കാറുണ്ട്.

ശ്രീപരമേശ്വരന്‍ തിരുജടയില്‍ തുമ്പപ്പൂ അണിയുന്നു എന്ന വിശ്വാസം കേരളത്തിലുണ്ട്. അതുകൊണ്ട് ശിവപ്രീതിക്കായി തുമ്പപ്പൂ അര്‍പ്പിക്കുക പതിവാണ്. തുമ്പപ്പൂവും പെരുകിന്‍പൂവും ചേര്‍ത്തുകെട്ടി ശ്രീപരമേശ്വരന് അര്‍പ്പിക്കുന്ന അനുഷ്ഠാനം കര്‍ക്കടകമാസത്തില്‍ നടത്തുന്ന പതിവ് കേരളത്തില്‍ നിലനിന്നിരുന്നു. 'തുമ്പയും പെരുകും ചാര്‍ത്തുക' എന്നാണിതറിയപ്പെട്ടിരുന്നത്. 

___________________________________________________________________________________
 തഴുതാമ 
നിലം പറ്റിവളരുന്ന ഒരു ഔഷധസസ്യമാണ് തഴുതാമ
തമിഴാമ എന്നും ഇവ അറിയപ്പെടുന്നു.(Boerhaavia diffusa)എന്നാണുശാസ്ത്രനാമം. പ്രധാനമായും പൂക്കളുടെ നിറം അനുസരിച്ച് വെള്ള, ചുവപ്പ്, നീല, ഇളം പച്ച എന്നീ നാല്‌ തരത്തിൽ കാണപ്പെടുന്നുണ്ട് . എങ്കിലും വെള്ളയും ചുവപ്പുമാണ്‌ സാധാരണ കാണപ്പെടുന്നവ.
തഴുതാമയുടെ ഇലയും ഇളം തണ്ടും ഔഷധത്തിനുപുറമേ ഭക്ഷ്യയോഗ്യവുമാണ്‌. തഴുതാമയിൽ ധാരാളം പൊട്ടാസ്യം നൈട്രേറ്റ്‌ അടങ്ങിയിരിക്കുന്നതിനാൽ ഇത് മൂത്രവർദ്ധനവിനുള്ള ഔഷധമായി ഉപയോഗിക്കുന്നു. പനി ശരീരത്തിലുണ്ടാകുന്ന നീര് പിത്തം, ഹൃദ്രോഗം, ചുമ എന്നീ അസുഖങ്ങൾക്കും തഴുതാമ ഉപയോഗിക്കുന്നു. തഴുതാമ സമൂലമായി ഔഷധങ്ങളിൽ ഉപയോഗിക്കാം എങ്കിലും വേരാണ്‌ കൂടുതൽ ഉപയോഗ്യമായ ഭാഗം.
വെള്ള തഴുതാമ പക്ഷവാതസംബന്ധമായ രോഗങ്ങളിൽ വളരെയധികം ഫലപ്രദമാണെന്ന് രാജനിഗണ്ടൂ എന്ന ഗ്രന്ഥത്തിലും ഹൃദ്രോഗം, മൂലക്കുരു എന്നീ രോഗങ്ങൾക്ക് ഫലപ്രദമാണെന്ന് ഭാവപ്രകാഷത്തിലും, കുഷ്ടരോഗത്തിനും, ചർമ്മരോഗങ്ങൾക്കും ഗുണകരമാണെന്നു ചരക സംഹിതിയില്‍ പറയുന്നു. ഉറക്ക്മില്ലായ്മ, രക്തവാതം , നേത്രരോഗങ്ങൾ എന്നിവയ്‌ക്കും തഴുതാമക്കഷായം ഗുണം ചെയ്യും. കൂടുതലായി അകത്തു ചെന്നാൽ ഛർദ്ദി ഉണ്ടാകും.

തഴുതാമവേര്‌, വേപ്പിന്റെ തൊലി, പടവലം, ചുക്ക്,കടുകരോഹിനി , മഞ്ഞള്‍ത്തൊലി, കടുക്കത്തോട് ഇവകൊണ്ടുള്ള കഷായം നീര്‌, കരൾ രോഗങ്ങൾ, ചുമ, ശ്വാസംമുട്ടൽ, പാണ്ടുരോഗം എന്നിവയ്ക്ക് ഔഷധമായി ഉപയോഗിക്കുന്നു. 

_______________________________________________________________________
നീലനാരകം 

പണ്ടൊക്കെ പറമ്പിലും റോഡരികിലും കണ്ടിരുന്ന ഔഷധസസ്യമാണ് നിലനാരകം. പക്ഷേ, ഇന്ന് അപൂര്‍വമായിമാത്രമേ ഇവ കാണപ്പെടുന്നുള്ളൂ.സസ്യശാസ്ത്രത്തില്‍ നിലനാരകത്തിന്റെ പേര് നരഗാമിയ അലേറ്റാ എന്നാണ്. 30 സെ.മീ.വരെ വളരുന്ന ചെറിയ സസ്യമാണിത്. പശ്ചിമഘട്ടമേഖലയില്‍ ഏകദേശം 900 മീറ്റര്‍ ഉയരമുള്ള പ്രദേശങ്ങളിലും നിലനാരകം വളരുന്നതായി കണ്ടിട്ടുണ്ട്. തൃശ്ശൂര്‍, പാലക്കാട് ജില്ലയിലെ പലയിടങ്ങളിലും ഈ ചെടി കാണുന്നുണ്ട്. ഹിന്ദിയില്‍ 'തിനപാമി'യാണ് ഈ ചെടി. സംസ്‌കൃതത്തില്‍ 'അംലവല്ലി'യും കന്നടയില്‍ നിലനാരങ്ങയും തെലുങ്കില്‍ 'പഗാപാപ്പു' എന്നുമാണീ ചെടിയുടെ പേര്.

തമിഴിലും മലയാളത്തിലും 'നിലനാരക'മെന്നറിയപ്പെടുന്നു. ഇതിന്റെ എല്ലാ ഭാഗങ്ങള്‍ക്കും മണമുണ്ട്. നാരകത്തിന്റെ ഇലകളുടെ മാതിരിയാണിതിന്റെ ഇലകളും. വേരുകള്‍ക്ക് നല്ല ഔഷധഗുണമുണ്ട്. പൂക്കള്‍ വെളുത്തിരിക്കും. വിത്തുമുഖേനയാണ് ഈ ചെടി പ്രധാനമായി പ്രജനനം നടത്തുന്നതെങ്കിലും വേരടങ്ങിയ ചിനപ്പുകള്‍ നട്ടാലും വളരും. മണ്ണ്, മണല്‍, കാലിവളം എന്നിവ നിറച്ച് ചെടിച്ചട്ടിയിലും നിലനാരകത്തൈ നടാം.

മികച്ച പച്ചമരുന്നായി അറിയപ്പെട്ടിരുന്ന 'നിലനാരക'ത്തിന് ആയുര്‍വേദമേഖലയില്‍ നല്ല പ്രിയമുണ്ട്. ആയുര്‍വേദാചാര്യന്മാര്‍ നിലനാരകത്തെ നിരവധി ദീനങ്ങള്‍ക്കെതിരെ നല്ല മരുന്നായി പരാമര്‍ശിച്ചിട്ടുണ്ട്.

ശരീരകലകളെ ശീതികരിക്കാന്‍ ശേഷിയുള്ള നിലനാരകം മുറിവ്, ചതവ്, ശരീരവേദന എന്നിവയ്ക്കും കരളിന്റെ പ്രവര്‍ത്തനത്തിനും നല്ലതാണ്.

ഛര്‍ദിപ്പിച്ച് വിഷാംശം നീക്കാന്‍, വാതരോഗം ശമിപ്പിക്കാന്‍, പ്ലീഹാവീക്കം, ശരീരത്തിലെ ചൊറിച്ചില്‍, രക്തശുദ്ധീകരണം, വായ്‌നാറ്റം പനിബാധ, വയറിളക്കം, വലിവ്, ദഹനക്കേട്, നേത്രരോഗം, മലേറിയ, മഞ്ഞപ്പിത്തം, ചെന്നിക്കുത്ത് ഇവയ്‌ക്കെല്ലാം നിലനാരകം നല്ല മരുന്നായി ഗവേഷണഫലങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. നിലനാരകത്തിന്റെ ഇലയുടെ പ്രത്യേകഗന്ധം, പച്ചക്കറി വിളകളിലെ കീടങ്ങളെ അകറ്റിനിര്‍ത്താന്‍ നല്ലതാണ്. നിലനാരകയില ചതച്ചരച്ച് പച്ചമുളക് (കാന്താരി), വെളുത്തുള്ളി എന്നിവ അരച്ചുചേര്‍ത്ത് ഇരട്ടി അളവില്‍ വെള്ളംചേര്‍ത്ത് തളിച്ചാല്‍ മികച്ച കീടനാശിനിയായി. ഇലക്കറി വിളകളിലെ പ്രാണിശല്യം നിയന്ത്രിക്കാന്‍ നല്ല മരുന്നാണിത്. ഇതില്‍ സോപ്പ് പതപ്പിച്ച് തളിച്ചാല്‍ ഗുണമേറും.

വളര്‍ത്തുപക്ഷികള്‍, മൃഗങ്ങള്‍ എന്നിവയുടെ ദേഹത്തെ പേന്‍ശല്യം നിയന്ത്രിക്കാന്‍ നിലനാരകം അടയ്ക്കാമണിയന്‍ചെടിയുമായോ ചണ്ണക്കൂവ എന്ന ചെടിയുമായോ ചേര്‍ത്തരച്ചുണ്ടാക്കിയ ലായനി ഉപയോഗിച്ചാല്‍ നല്ലതാണ്.

_____________________________________________________________
_______________________________________________________________

കൃഷി                                      
അടുക്കളത്തോട്ടം 

വീടിനു ചുറ്റും അല്‍പമെങ്കിലും സ്ഥലമുള്ളവര്‍ക്ക് ഒന്ന് മനസ്സുവെച്ചാല്‍ നല്ല പച്ചക്കറിത്തോട്ടം നിര്‍മിക്കാം. കുറഞ്ഞത് ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും വെള്ളവും ലഭിക്കുന്നിടമാണ് കൃഷിക്കഭികാമ്യം. ദീര്‍ഘകാലം വിളവ് തരുന്ന കറിവേപ്പ്, മുരിങ്ങ, നാരകം പോലുള്ള വിളകള്‍ക്ക് വീട്ടു വളപ്പില്‍ പ്രത്യേകം സ്ഥലം കണ്ടെത്തണം. തണലില്‍ വളരാന്‍ കഴിയുന്ന ഇഞ്ചി, മഞ്ഞള്‍, ചേന, ചേമ്പ്, കാച്ചില്‍, മധുരക്കിഴങ്ങ് എന്നിവ ഇടവിളകളായി കൃഷി ചെയ്യാം. ഇവക്കിടയില്‍ വീട്ടാവശ്യത്തിനുള്ള മുളക്, കാന്താരി എന്നിവയും നടാം. ഒരേ സ്ഥലത്ത് വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്നതുമൂലം കീടരോഗാക്രമണം തടുക്കാനും മണ്ണിലെ വ്യത്യസ്ത തലങ്ങളിലെ ജൈവാംശം ഉപയോഗപ്പെടുത്താനും കഴിയും.
ചീര, വെള്ളരി, പാവല്‍, പയര്‍, വെണ്ട, മത്തന്‍, പടവലം എന്നിവക്കെല്ലാം നല്ല വെയില്‍ വേണം. അധികം വെയില്‍ വേണ്ടാത്ത വിളകളാണ് മുളകും തക്കാളിയും.
മട്ടുപ്പാവിലെ പച്ചക്കറിത്തോട്ടം
ടെറസ്സില്‍ പച്ചക്കറി കൃഷി ചെയ്തുണ്ടാക്കുകയാണെങ്കില്‍ ജൈവ പച്ചക്കറി കൃഷിഭൂമിയില്ലാത്തവര്‍ക്കും ഭക്ഷിക്കാം. ടെറസ്സിലെ കൃഷിക്ക് പോളിത്തീന്‍/സിമന്റ് സഞ്ചികളാണ് ഉപയോഗിക്കുന്നത്. ഉപയോഗശൂന്യമായ ടയറിലും കൃഷി ചെയ്യാവുന്നതാണ്. കൈവരിയോട് ചേര്‍ന്ന് അടിയില്‍ ചുമര് വരുന്ന ഭാഗത്തിന് മുകളിലായി ചട്ടികള്‍ വെക്കാം. ഇഷ്ടിക അടുക്കി അതിനു മുകളില്‍ ചട്ടികള്‍ വെക്കുന്നതാണ് ഉചിതം. വെള്ളം കെട്ടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ എന്നിവ 2:1:1 അനുപാതത്തില്‍ കൂട്ടിച്ചേര്‍ത്ത് മിശ്രിതം തയ്യാറാക്കാം. പ്ളാസ്റിക് ചാക്കുകളാണെങ്കില്‍ ഇരു വശത്തും അഞ്ചോ ആറോ സുഷിരങ്ങളിടണം. ചട്ടിയിലാണെങ്കില്‍ സുഷിരം അടക്കണം. ഏറ്റവും അടിയില്‍ രണ്ടിഞ്ച്് കനത്തില്‍ മണല്‍ നിരത്തുക. അതിനു മുകളില്‍ ചട്ടിയുടെ/കവറിന്റെ വാ വട്ടത്തിന്റെ ഒരിഞ്ച് താഴെ വരെ പോട്ടിംഗ് മിശ്രിതം നിറക്കുക. നിറക്കുമ്പോള്‍ സഞ്ചിയുടെ രണ്ട് മൂലകളും ഉള്ളിലേക്ക് തള്ളിവെച്ചാല്‍ ചുവട് വൃത്താകൃതിയിലായി മറിഞ്ഞുവീഴാതിരിക്കും. മണ്ണ് മിശ്രിതം നിറച്ച ശേഷം ഏറ്റവും മുകളിലായി എല്ലുപൊടി, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന്‍ പിണ്ണാക്ക,് മണ്ണിര കമ്പോസ്റ് എന്നിവ 50 ഗ്രാം വീതം കൂട്ടിയോജിപ്പിച്ച ശേഷം വിത്തുകളോ തൈകളോ നടാം.
പാവല്‍, പടവലം, വെണ്ട എന്നിവയുടെ വിത്തുകള്‍ ആറ് മുതല്‍ പന്ത്രണ്ട് മണിക്കൂര്‍ വരെ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച് നട്ടാല്‍ അങ്കുരണ ശേഷി ഉറപ്പിക്കാം. അധികം താഴ്ചയിലല്ലാതെ വിത്തിടണം. പ്രത്യേകിച്ചും ചെറിയ വിത്തുകള്‍. തയ്യാറാക്കിവെച്ച ചട്ടികളിലും സഞ്ചികളിലും വിത്തുകള്‍ പാകിയോ (വെണ്ട, പയര്‍, പാവല്‍, പടവലം, മത്തന്‍, കുമ്പളം) 30-45 ദിവസം കഴിയുമ്പോള്‍ നാലില പ്രായത്തില്‍ പറിച്ചു നടുകയോ (തക്കാളി, ചീര, മുളക്, വഴുതന) ചെയ്യാം. വിത്തിട്ട ശേഷം മണ്ണ് ചെറുതായി നനക്കണം. ചീര, വഴുതിന എന്നിവയുടെ വിത്തുകള്‍ ഉറുമ്പു കൊണ്ടുപോകാതിരിക്കാനായി വിത്തിട്ട ശേഷം ചുറ്റും മഞ്ഞള്‍പ്പൊടി-ഉപ്പ് മിശ്രിതം തൂവിക്കൊടുക്കുകയോ വിത്ത് അരിമണി, മണല്‍ എന്നിവയുമായി കൂട്ടിക്കലര്‍ത്തി പാറ്റുകയോ ആവാം. പറിച്ചു നടുന്നതിന് അനുയോജ്യമായ സമയം വൈകുന്നേരമാണ്. വേനലില്‍ തൈകള്‍ക്ക് രണ്ട് മൂന്ന് ദിവസം തണല്‍ കൊടുക്കണം. ഓരോ ചാക്കിലും രണ്ടു മൂന്നു വിത്തുകളോ തൈകളോ നടാം.
ടെറസ്സിലെ കൃഷിക്ക് രാസവസ്തുക്കള്‍ ഉപയോഗിക്കേണ്ടതില്ല. രാസവസ്തുക്കള്‍ ടെറസ്സിനെ കേടുവരുത്തും. ആഴ്ചയിലൊരിക്കല്‍ ദ്രവരൂപത്തിലുള്ള പുളിപ്പിച്ച ജൈവവളങ്ങള്‍ (കാലിവളം, എല്ലുപൊടി, കമ്പോസ്റ്, പച്ചിലവളം, കോഴിവളം, കടലപ്പിണ്ണാക്ക്) ഇട്ടുകൊണ്ടിരുന്നാല്‍ ചെടികള്‍ കരുത്തോടെ വളരും. വേനല്‍ക്കാലത്ത് രണ്ടുനേരവും ബാക്കികാലങ്ങളില്‍ മഴയില്ലാത്തപ്പോള്‍ ഒരുനേരവും ചിട്ടയായി ആവശ്യത്തിനു മാത്രം നനച്ചാല്‍ മണ്ണിലുള്ള വായുസഞ്ചാരം കൂടും. ചാക്കില്‍/ചട്ടിയില്‍ നിന്നും വെള്ളം ഒലിച്ചിറങ്ങുംവിധം നനക്കരുത്. ഒരേ വിള തന്നെയോ ഒരേ വര്‍ഗത്തില്‍ പെട്ട വിളകളോ ഒരേ ചാക്കില്‍/ചട്ടിയില്‍ തുടര്‍ച്ചയായി കൃഷി ചെയ്യരുത്. ഓരോ പ്രാവശ്യവും ചെടി നടുമ്പോള്‍ മണ്ണിളക്കണം. ഇപ്രകാരം ഒരേ ചട്ടിയില്‍ മൂന്നോ നാലോ തവണ കൃഷിചെയ്യാം. ഓരോ വിളയും അതിനനുയോജ്യമായ സമയത്ത് നടുകയാണെങ്കില്‍ മികച്ച വിളവ് ലഭിക്കും.


കൃഷിക്കനുയോജ്യമായ ഇനങ്ങള്‍
1. ചീര
അരുണ്‍, കണ്ണാറ ലോക്കല്‍ (ചുവപ്പ്)
മോഹിനി, ഇഛ1, ഇഛ2, ഇഛ3 (പച്ച)
വര്‍ഷം മുഴുവന്‍ കൃഷി ചെയ്യാമെങ്കിലും ശക്തമായ മഴക്കാലം ഒഴിവാക്കുന്നതാണ് നല്ലത്. വേനല്‍ക്കാലത്ത് കീടരോഗബാധ കൂടുതലാണെങ്കിലും കൃഷി ചെയ്യാം. ഏറ്റവും നല്ല നടീല്‍ സമയം ജനുവരി മാസമാണ്.
2. വെണ്ട
സല്‍കീര്‍ത്തി, അര്‍ക്ക, അനാമിക (പച്ച, നീളമുള്ളത്)
അരുണ ( ചുവപ്പ്, നീളമുള്ളത്)
മഴക്കാല കൃഷിക്ക് നല്ല വിളവ് ലഭിക്കും. വേനല്‍ക്കാലത്ത് മഞ്ഞളിപ്പ് സാധ്യത കൂടുതലാണ്. നവംബര്‍ മുതല്‍ ഏപ്രില്‍ വരെ വിളവ് കുറവാണ്. വിത്തു വിതച്ച് 45-ാം ദിവസം ആദ്യ വിളവെടുപ്പ് നടത്താം. അര്‍ക്ക, അനാമികക്ക് ശാഖകളില്ലാത്തതിനാല്‍ അടുത്തടുത്ത് നടാം.
3. മുളക്
അനുഗ്രഹ (പച്ചനിറം, എരിവ് കുറവ്)
ഉജ്ജ്വല (ചുവപ്പ് നിറം, എരിവു കൂടുതല്‍)
മെയ് മാസമാണ് കൃഷിക്കനുയോജ്യം. തണല്‍സ്ഥലത്ത് നല്ല കരുത്തോടെ വളരുകയും വിളവ് തരുകയും ചെയ്യും.
4. വഴുതന (കത്തിരി)
ശ്വേത (വെളുത്തത്, ഇടത്തരം നീളം)
ഹരിത (ഇളം പച്ച, നീളമുള്ളത്)
നീലിമ, സൂര്യ (വയലറ്റ് നിറം, ഉരുണ്ടത്)
രണ്ടു വര്‍ഷം വരെ വിളവെടുക്കാം. മെയ്, ജൂണ്‍ മാസമാണ് ഏറ്റവും ഉചിതം. ഹരിത നടുമ്പോള്‍ ചെടികള്‍ തമ്മിലുള്ള അളവ് കൂടിയാല്‍ പൂവിടുന്നതിന്റെയും കായ് പിടിക്കുന്നതിന്റെയും അളവ് കൂട്ടാം.
5. പയര്‍
വള്ളിപ്പയര്‍ (ലോല, വൈജയന്തി, ശാരിക, മല്ലിക)
കുറ്റിപ്പയര്‍ (കനകമണി, ഭാഗ്യലക്ഷി)
കുഴിപ്പയര്‍/തടപ്പയര്‍ (അനശ്വര)
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാന്‍ പറ്റുന്ന പച്ചക്കറിയാണിത്. വള്ളിപ്പയര്‍ നടാന്‍ ഉചിതം ആഗസ്റ്- സെപ്തംബര്‍. മഴക്കാലത്ത് ചെടി തഴച്ച് വളരുമെങ്കിലും വിളവ് കുറവാണ്.
6. അമരപ്പയര്‍
ഹിമ (ഇളം പച്ച, നീണ്ടു പരന്നത്)
ഗ്രേസ് (ചുവപ്പ് നിറം, നീണ്ടു പരന്നത്)
ജൂലൈ- ആഗസ്റ് മാസമാണ് കൃഷിക്കേറ്റവും അനുയോജ്യം.
7. കോവല്‍
സുലഭ (ഇളം പച്ച, വെളുത്ത വരകളോട് കൂടിയത്) വര്‍ഷം മുഴുവന്‍ കൃഷിചെയ്യാമെങ്കിലും ഏറ്റവും അനുയോജ്യം മെയ് മധ്യത്തോടെ.
8. പാവല്‍ (കൈപ്പ)
പ്രീതി (വെളുത്തതോ ഇളംപച്ചയോ നിറം)
പ്രിയ (പച്ച, നീണ്ടത്, മുള്ളുകളുള്ളത്)
പ്രിയങ്ക ( വെളുത്തത്, വലിപ്പമുള്ളത്)
വേനല്‍ക്കാല കൃഷി ഒഴിവാക്കുന്നതാണ് നല്ലത്. ആദ്യത്തെ 3-4 വിളവെടുപ്പിന് പ്രീതിയുടെ വലിപ്പം കുറവാണെങ്കിലും പിന്നീട് നല്ല വലിപ്പം ഉണ്ടാകും. ജനുവരി, സെപ്തംബര്‍, ഡിസംബര്‍ മാസങ്ങളാണ് കൃഷിക്കനുയോജ്യം.
9. പടവലം
കൌമുദി (ശരാശരി ഒരു മീറ്റര്‍ വലിപ്പമുള്ള വെളുത്ത കായ്കള്‍)
ബേബി (വെളുത്തതും ഒരടി നീളവും)
മെയ് ജൂണ്‍ സെപ്തംബര്‍- ഡിസംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം.
10. കുമ്പളം
കെ.എ.യു ലോക്കല്‍ (എളവന് പച്ച നിറം, മൂക്കുമ്പോള്‍ ചാരനിറം. നീണ്ടുരുണ്ടത്)
ഇന്ദു (ഇടത്തരം വലിപ്പം, ഉരുളന്‍ കായ്കള്‍)
ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ ഏറ്റവുമനുയോജ്യം
11. മത്തന്‍
അമ്പിളി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
സുവര്‍ണ (ഇടത്തരം വലിപ്പം, പരന്നത്, ഉള്‍ക്കാമ്പിന് ഓറഞ്ചു നിറം)
ഏപ്രില്‍, ജൂണ്‍, ആഗസ്റ്, സെപ്തംബര്‍ മാസങ്ങള്‍ കൃഷിക്കനുയോജ്യം
12. ചുരക്ക
അര്‍ക്ക ബഹാര്‍ (ഇളംപച്ച, ഇടത്തരം നീളമുള്ള വളവില്ലാത്ത കായ്കള്‍, ശരാശരി ഒരു കിലോ തൂക്കം)
സെപ്തംബര്‍, ഒക്ടോബര്‍, ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ കൃഷിചെയ്യാം.
13. വെള്ളരി
വര്‍ഷം മുഴുവന്‍ കൃഷിചെയ്യാം. ജൂണ്‍, ആഗസ്റ്, ഫെബ്രുവരി, മാര്‍ച്ച് നല്ല നടീല്‍ സമയം.
മുടിക്കോട് ലോക്കല്‍ (വലിപ്പമുള്ളത്, ഇളം പ്രായത്തില്‍ പച്ചനിറം, മുക്കുമ്പോള്‍ സ്വര്‍ണനിറം)
സൌഭാഗ്യ (വലിപ്പം കുറഞ്ഞത്, കടും പച്ച നിറത്തില്‍ ഇളം പച്ച വരകളുള്ളത്)
14. തക്കാളി
അനഘ (ഇടത്തരം വലിപ്പം)
ശക്തി (ഇടത്തരം വലിപ്പം, പരന്നുരുണ്ടത്)
മുക്തി (പച്ച നിറം)
സെപ്തംബര്‍ - ഒക്ടോബര്‍ മാസം നല്ലത് നഴ്സറിയില്‍ മുളപ്പിച്ച തൈകള്‍ 20-30 ദിവസം കഴിഞ്ഞ് പറിച്ചു നടാം.
15. കാബേജ്
ചട 183, ചട 160 (സങ്കരയിനങ്ങള്‍)
(ഒരു ചെടിയില്‍ നിന്നും 1.5-2 കി.ലോ തൂക്കമുള്ള ഹെഡ)്
ആദ്യം നഴ്സറി തയ്യാറാക്കി തൈകള്‍ ഉണ്ടാക്കാം. വിത്ത് ഭാരം കുറഞ്ഞ് കടുക് മണി പോലെയായതിനാല്‍ നഴ്സറിയെ ശക്തമായ മഴയില്‍ നിന്നും സംരക്ഷിക്കണം. 0.5- 1 സെ.മി ആഴത്തില്‍ വിത്തു പാകാം. നാലഞ്ചു ദിവസം കൊണ്ട് വിത്ത് മുളച്ച് പൊങ്ങും. 30 ദിവസം പ്രായമാകുമ്പോള്‍ (8-10 സെ.മി) ഉയരത്തിലുള്ള തൈകള്‍ പറിച്ചുനടാം. നട്ട് 55- 60 ദിസത്തിനുള്ളില്‍ ഹെഡുകള്‍ ഉണ്ടായിത്തുടങ്ങും. ഉണ്ടായി 8-10 ദിവസത്തിനുള്ളില്‍ വിളവെടുക്കാം. നവംബര്‍ ആദ്യവാരം പറിച്ച് നടേണ്ട തരത്തിലാണ് നഴ്സറിയില്‍ വിത്ത് പാകേണ്ടത് (സെപ്തംബര്‍ 30 നു മുമ്പായി)

സസ്യസത്തുക്കള്‍
ഉപയോഗിച്ചുള്ള കീടനിയന്ത്രണം.
പുകയില കഷായം
അരക്കിലോ പുകയില ഞെട്ടും തണ്ടും ചെറുതായരിഞ്ഞ് നാലര ലിറ്റര്‍ വെള്ളത്തില്‍ ഒരു ദിവസം മുക്കി വെക്കുക. ഇത് ഞെരടിപ്പിഴിഞ്ഞ് നീരെടുക്കുക. 120 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിക്കുക. സോപ്പു ലായനി പുകയില സത്തിലേക്കൊഴിച്ച് ശക്തിയായി ഇളക്കി ചേര്‍ക്കണം. ഇതിലേക്ക് ഏഴിരട്ടി വെള്ളം ചേര്‍ത്ത് സ്പ്രേ ചെയ്താല്‍ മൃദുല ശരീരകാരികളായ എല്ലാ കീടങ്ങളെയും നിയന്ത്രിക്കാം.
വേപ്പിന്‍കുരു സത്ത്
50 ഗ്രാം വേപ്പിന്‍ കുരു പൊടിച്ച് കിഴി കെട്ടി ഒരു ലിറ്റര്‍ വെള്ളത്തില്‍ 12 മണിക്കൂര്‍ മുക്കി വെക്കുക. ഇത് നീരുറ്റിയാല്‍ അഞ്ച് ശതമാനം വീര്യമുള്ള വേപ്പിന്‍ സത്ത് ലഭിക്കും. കായ്/തണ്ട് തുരപ്പന്‍ പുഴുക്കള്‍, ഇലതീനിപ്പുഴുക്കള്‍ എന്നിവയെ അകറ്റി നിര്‍ത്താന്‍ ഫലപ്രദമാണ്.
വേപ്പെണ്ണ വെളുത്തുള്ളി മിശ്രിതം
60 കി.ലോ ബാര്‍സോപ്പ് അരിഞ്ഞ് അരലിറ്റര്‍ ഇളം ചൂടുവെള്ളത്തില്‍ ലയിപ്പിച്ചതില്‍ 200 മില്ലി വേപ്പെണ്ണ ചേര്‍ത്തിളക്കി പതപ്പിക്കുക. 180 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് 300 എം.എല്‍ വെള്ളവുമായി ചേര്‍ത്ത് അരിച്ച് വേപ്പെണ്ണ എമള്‍ഷനുമായി ചേര്‍ക്കുക. ഇത് ഒമ്പത് മില്ലി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് നീരൂറ്റി കുടിക്കുന്ന പ്രാണികളെ നിയന്ത്രിക്കാം.
ഗോമൂത്രം- കാന്താരി മുളക് മുശ്രിത
ഒരു മില്ലി ഗോമൂത്രത്തില്‍ പത്ത് ഗ്രാം കാന്താരി മുളക് അരച്ച് അരിച്ചെടുത്ത് പത്ത് എം.എല്‍ വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പ്രയോഗിച്ചാല്‍ പുഴുക്കളെ പ്രത്യേകിച്ചും ചീരയിലെ കൂടുകെട്ടിപ്പുഴുവിനെ നിയന്ത്രിക്കാം.
നാറ്റപ്പൂച്ചെടി സോപ്പ് മിശ്രിതം
നാറ്റപ്പൂച്ചെടിയുടെ ഇളം ഇലയും തണ്ടും ചതച്ച് ഒരു ലിറ്ററോളം നീരെടുക്കുക. 60 ഗ്രാം ബാര്‍സോപ്പ് അര ലിറ്റര്‍ വെള്ളത്തില്‍ യോജിപ്പിച്ചെടുത്ത് ഇതുമായി യോജിപ്പിക്കുക. ഇതിനെ പത്തിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് പയറിലെ ഇലപ്പേനിനെയും മറ്റ് നീരൂറ്റിക്കുടിക്കുന്ന പ്രാണികളെയും നിയന്ത്രിക്കാം.
പാല്‍ക്കായം മഞ്ഞള്‍പ്പൊടി മിശ്രിതം
പത്ത് ഗ്രാം പാല്‍ക്കായം 2.5 ലിറ്റര്‍ വെള്ളത്തില്‍ അലിയിക്കുക. ഇതില്‍ 2 ഗ്രാം സോഡാപൊടിയും (അപ്പസോഡ) എട്ട് ഗ്രാം മഞ്ഞള്‍പ്പൊടിയും ചേര്‍ന്ന മിശ്രിതം കലര്‍ത്തണം. ഇത് അരിച്ചെടുത്ത് ഇലകളുടെ ഇരുവശത്തും നനയത്തക്കവണ്ണം സ്പ്രേ ചെയ്യുക. ചീരയിലെ ഇലപ്പുള്ളി രോഗം നിയന്ത്രിക്കുന്നതിന് ഇത് വളരെ ഫലപ്രദമാണ്.
ജീവാണുക്കളെ ഉപയോഗിച്ചുള്ള കീടരോഗ നിയന്ത്രണം.
മിത്ര കുമിളകളും മിത്ര ബാക്ടീരിയകളും ഉപയോഗിക്കുക വഴി കീടങ്ങളുടെയും രോഗങ്ങളുടെയും ഉപദ്രവം കുറക്കാന്‍ സാധിക്കുന്നു. ഇവ കീടത്തിന്റെയും രോഗാണുക്കളുടെയും ഉള്ളില്‍ കടന്ന് വിഷവസ്തുക്കള്‍ ഉല്‍പാദിപ്പിച്ചും കോശങ്ങള്‍ക്ക് കേടുവരുത്തിയും അവയെ നശിപ്പിക്കുന്നു.
"ട്രൈക്കേഡര്‍മ'' എന്ന മിത്രകുമിള്‍
മിക്ക രോഗകാരികളായ കുമിളുകളെയും നശിപ്പിക്കുന്ന മിശ്രിത കുമിളുകളാണിത്. പച്ചക്കറിയിലെ വേരു ചീയല്‍ രോഗങ്ങളെ അവ ഉപയോഗിച്ച് ഫലപ്രദമായി നിയന്ത്രിക്കാം.
ഉണക്കിപ്പൊടിച്ച ചാണകവും വേപ്പിന്‍ പിണ്ണാക്കും 9:1 എന്ന അനുപാതത്തില്‍ കലര്‍ത്തി മിശ്രിതം തയ്യാറാക്കുക. ഇതില്‍ ട്രൈക്കോഡര്‍മ കള്‍ച്ചര്‍ വിതറി ആവശ്യത്തിന് ഈര്‍പ്പം നല്‍കി നല്ലതുപോലെ ഇളക്കി ചേര്‍ക്കുക. ഈ മിശ്രിതം തണലത്ത് ഒരടി ഉയരത്തില്‍ കൂന കൂട്ടി ഈര്‍പ്പമുള്ള ചാക്കോ പോളിത്തീന്‍ ഷീറ്റോ കൊണ്ട് മൂടുക. ഒരാഴ്ചക്ക് ശേഷം മിശ്രിതത്തിന് മുകളിലായി പച്ച നിറത്തിലുള്ള ട്രൈക്കോ ഡര്‍മയുടെ പൂപ്പല്‍ കാണാം. ഒന്നുകൂടി ഇളക്കി ആവശ്യത്തിന് ഈര്‍പ്പം നല്‍കി വീണ്ടും കൂന കൂട്ടി മൂടിയിടുക. ഇപ്രകാരം തയ്യാറാക്കിയ ജൈവവളമിശ്രിതം ചെടിയുടെ പ്രാരംഭദശയില്‍ തന്നെ ഇട്ടുകൊടുക്കണം. വെള്ളം കെട്ടിനില്‍ക്കുന്നിടത്ത് പ്രയോഗിക്കുന്നതില്‍ ഉദ്ദേശിച്ച ഫലം ചെയ്യില്ല. രാസവളം, കുമ്മായം, ചാരം, കുമിള്‍നാശിനി എന്നിവയോടൊപ്പവും പ്രയോഗിക്കരുത്.
'സ്യൂഡോമൊണാസ്' എന്ന മിത്ര ബാക്ടീരിയ
സസ്യങ്ങളെ ബാധിക്കുന്ന രോഗഹേതുക്കളായ കുമിളുകളെയും ബാക്ടീരിയകളെയും നശിപ്പിക്കുവാനുള്ള ബാക്ടീരിയ വര്‍ഗത്തില്‍പെട്ട സൂക്ഷ്മാണുവാണിത്. പൊടി രൂപത്തില്‍ ലഭിക്കുന്ന ഇതിന്റെ കള്‍ച്ചര്‍ 1-2 ശതമാനം വീര്യത്തില്‍ വിത്തില്‍ പുരട്ടിയും കുഴമ്പുരൂപത്തില്‍ തയ്യാറാക്കിയ ലായനിയില്‍ വേരുകള്‍ മുക്കിവെച്ച ശേഷം നടുകയോ ചെടിയില്‍ തളിക്കുകയോ ചെടിക്ക് ഒഴിച്ചുകൊടുക്കുകയോ ചെയ്യാവുന്നതാണ്. ഇതുവഴി ചെടിയുടെ ആരോഗ്യം മെച്ചപ്പെട്ട് കൂടുതല്‍ വിളവുതരികയും ഒപ്പം രോഗകീടനിയന്ത്രണം സാധ്യമാവുകയും ചെയ്യുന്നു.
വളര്‍ച്ചാ ത്വരകങ്ങള്‍
ജൈവകൃഷി മൂലം വളര്‍ച്ച കുറയുമെന്ന ധാരണ പലര്‍ക്കുമുണ്ട്. യഥാസമയം ആവശ്യമായ ജൈവവളങ്ങള്‍ നല്‍കുകയും പഞ്ചഗവ്യം, എഗ്ഗ് അമിനോ ആസിഡ്, ഫിഷ് അമിനോ ആസിഡ്, ജൈവസ്ളറി പോലുള്ള വളര്‍ച്ചാ ത്വരകങ്ങള്‍ ഉപയോഗിക്കുകയും ചെയ്താല്‍ ചെടികളുടെ ആരോഗ്യവും വളര്‍ച്ചയും ഉറപ്പാക്കാം.