2013, സെപ്റ്റംബർ 20, വെള്ളിയാഴ്‌ച

ആന്റിബയോട്ടിക്കുകൾ മനുഷ്യജീവിതത്തിൽ


ആന്റിബയോട്ടിക്കുകൾ മനുഷ്യജീവിതത്തിൽ 
ഉണ്ടാക്കിയിട്ടുള്ള മാറ്റങ്ങൾ വളരെ വലുതാണ്. മനുഷ്യന്റെ ജീവിതദൈർഘ്യം കൂട്ടുന്നതിലും ആരോഗ്യകരമായ അവസ്ഥ നിലനിറുത്തുന്നതിലും പ്രധാന പങ്ക് വഹിച്ചിട്ടുള്ളത് ആന്റിബയോട്ടിക്കുകൾ തന്നെ. എന്നാൽ ഇപ്പോൾ ലോകത്ത് ഏറ്റവുമധികം ദുരുപയോഗം ചെയ്യപ്പെടുന്ന മരുന്നുകളും ഇവ തആന്റിബയോട്ടിക്കുകൾ മനുഷ്യജീവിതത്തിൽ ന്നെ. ഈ ദുരുപയോഗം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. പതുക്കെയെങ്കിലും പാശ്ചാത്യലോകം ഈ സ്ഥിതിവിശേഷം തിരിച്ചറിഞ്ഞ് അതിനെതിരെ നടപടികൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യയിൽ പ്രശ്നത്തിന്റെ ഗൗരവംപോലും തിരിച്ചറിയുന്നില്ല എന്നുള്ളതാണ് വാസ്തവം. ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ ആന്റിബയോട്ടിക്കുകളുടെ ദുരുപയോഗത്തെപ്പറ്റിയുള്ളതാണ് ഡോ. ഇന്ദിരയും ഡോ. രമയും ഡോ. രാജ്‌മോഹനും മറ്റുംചേർന്നു നടത്തിയ പഠനം.

ഉപയോഗവും ദുരുപയോഗവും

ആന്റിബയോട്ടിക്കുകൾ ജീവൻരക്ഷാ ഔഷധങ്ങളാണ്. ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധയിൽ നിന്നാണ് പ്രധാനമായും ആന്റിബയോട്ടിക്കുകൾ മനുഷ്യരെ രക്ഷിക്കുന്നത്. നഗ്നനേത്രത്തിന് ഗോചരമല്ലാത്ത കോടാനുകോടി ബാക്ടീരിയകളും ഫംഗസുകളും വൈറസുകളും മറ്റനേകം ജീവജാലങ്ങളും നമുക്ക് ചുറ്റുമുള്ള ഓരോ ചതുരശ്ര സെന്റിമീറ്ററിലുമുണ്ട്. ഇവയെല്ലാം മനുഷ്യന് ഹാനികരമായവയല്ല.

ബഹുഭൂരിപക്ഷവും മനുഷ്യന് ഒരു വിധത്തിലല്ലെങ്കിൽ മറ്റൊരു വിധത്തിൽ ഗുണം ചെയ്യുന്നതാണ്. അണുബാധയുണ്ടാക്കുന്ന ബാക്ടീരിയകൾ പോലും എല്ലായ്പ്പോഴും ദോഷം ചെയ്യുന്നവയല്ല. പ്രത്യേക സാഹചര്യങ്ങളിൽ മനുഷ്യന്റെ പ്രതിരോധശേഷി കുറയുമ്പോഴാണ് അവ രോഗങ്ങളുണ്ടാക്കുന്നത്. ബാക്ടീരിയകൾ ഉണ്ടാക്കുന്ന അണുബാധകൾക്കു മാത്രമാണ് ആന്റിബയോട്ടിക്കുകൾ ഫലപ്രദമാവുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട വസ്തുത. വൈറസ് മൂലമുണ്ടാകുന്ന ബഹുഭൂരിപക്ഷം രോഗങ്ങൾക്കും മനുഷ്യൻ ഇതുവരെ പ്രതിവിധി കണ്ടുപിടിച്ചിട്ടില്ല. ബഹുഭൂരിപക്ഷം വൈറസ് രോഗങ്ങൾ മരുന്നുകൾ കൂടാതെതന്നെ മാറുന്നവയാണുതാനും.

ഇങ്ങനെയുള്ള വൈറസ് ബാധകൾക്ക് വിശ്രമവും രോഗലക്ഷണങ്ങൾക്കുള്ള ചികിത്സയുമല്ലാതെ വേറെ ചികിത്സയുടെ ആവശ്യമില്ല. നമുക്ക് സാധാരണ വരുന്ന പനി, ജലദോഷം, ചുമ, വയറിളക്കം എന്നിവയിൽ 80 ശതമാനത്തോളം ഉണ്ടാക്കുന്നത് വൈറസുകളാണ്. ഈ അസുഖങ്ങൾ താനേ മാറുമെന്നുള്ളതും ഇവയ്ക്കെതിരെ ആന്റിബയോട്ടിക്കുകൾ ഒട്ടും ഫലപ്രദമല്ല എന്നുള്ളതും വളരെ പ്രധാനമാണ്.

ഇങ്ങനെ ഉപയോഗിച്ചാൽ എന്താണ് കുഴപ്പം?

ആന്റിബയോട്ടിക്കുകൾ അനാവശ്യമായി ഉപയോഗിക്കുന്നതുകൊണ്ട് രോഗിക്കും അതിനെക്കാളേറെ സമൂഹത്തിനും ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാകുന്നത്.
രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകൾക്കെതിരെ പ്രധിരോധശേഷിയുണ്ടാക്കുന്നു എന്നുള്ളതാണ് ഏറ്റവും പ്രധാനം. മനുഷ്യർ തങ്ങൾക്ക് വരുന്ന രോഗങ്ങൾക്കെതിരെ പുതിയ മരുന്നുകൾ കണ്ടുപിടിക്കുന്നതുപോലെ തന്നെ ബാക്ടീരിയകളും തങ്ങൾക്കെതിരെ ഉപയോഗിക്കപ്പെടുന്ന ആന്റിബയോട്ടിക്കുകളെ പ്രധിരോധിക്കാനുള്ള ശേഷി ഉണ്ടാക്കുന്നു. ജനിതക മ്യൂട്ടേഷനുകൾ വഴിയും, വൈറസുകളുടെ ജനിതക ഘടനയുമായുള്ള പ്രതിപ്രവർത്തനം വഴിയും, മനുഷ്യരിൽ സാധാരണ കാണുന്ന ബാക്ടീരിയകളുടെ ജനിതക ഘടനയുമായുള്ള പ്രതിപ്രവർത്തനം വഴിയുമാണ് പലപ്പോഴും രോഗങ്ങളുണ്ടാക്കുന്ന ബാക്ടീരിയകൾ ആന്റിബയോട്ടിക്കുകളെ പ്രധിരോധിക്കാനുള്ള ശേഷി ആർജ്ജിക്കുന്നത്. ഉദാഹരണത്തിന് ടൈഫോയിഡ് രോഗത്തിന്റെ കാര്യമെടുക്കാം. ഈ രോഗം ഉണ്ടാക്കുന്നത് സാൽമോണെല്ല എന്ന വിഭാഗം ബാക്ടീരിയകളാണ്. ടെട്രാസൈക്ലിൻ എന്ന മരുന്ന് 1950 മുതൽ ഈ രോഗത്തിനെതിരെ ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ 1970കളോടെ ഈ മരുന്ന് ടൈഫോയിഡിന് ഫലപ്രദമല്ലാതായിത്തുടങ്ങി. ബാക്ടീരിയകൾ രോഗപ്രതിരോധ ശേഷി ആർജ്ജിച്ചതു കൊണ്ടാണ് ഇത് സംഭവിച്ചത് എന്ന് പിന്നീട് കണ്ടുപിടിക്കുകയുണ്ടായി. എങ്ങനെയാണ് ഈ ബാക്ടീരിയകൾ ഈ ശേഷി ആർജ്ജിച്ചത് എന്നുള്ളതിനെക്കുറിച്ചുള്ള വിശകലനം ടെട്രാസൈക്ലിന്റെ അമിത ഉപയോഗത്തിലേക്കാണ് വിരൽ ചൂണ്ടിയത്. അനാവശ്യമായി ടെട്രാസൈക്ലിൻ ഉപയോഗിക്കുമ്പോൾ മനുഷ്യന്റെ കുടലുകളിൽ സാധാരണ കാണുന്ന ബാക്ടീരിയകൾ ജനിതക മ്യൂട്ടേഷൻ വഴി മരുന്ന് പ്രതിരോധശേഷി ആർജ്ജിക്കുകയും പിന്നീട് ഇങ്ങനെയുള്ള ബാക്ടീരിയകളുമായുള്ള പ്രതിപ്രവർത്തനം മൂലം ടൈഫോയിഡ് ഉണ്ടാക്കുന്ന സാൽമോണെല്ല ബാക്ടീരിയകൾക്ക് ഈ ശേഷി കൈമാറ്റം ചെയ്യപ്പെടുകയുമാണ് ഉണ്ടായത്.

ഇങ്ങനെ പ്രതിരോധശേഷി ആർജ്ജിച്ചാൽ സാധാരണ ഉപയോഗിക്കുന്ന ആന്റിബയോട്ടിക്കുകൾ ഇവയ്ക്കെതിരെ ഫലപ്രദമല്ലാതായി മാറുകയും കൂടുതൽ ശക്തിയുള്ള മരുന്നുകൾ ഉപയോഗിക്കേണ്ട സ്ഥിതിയുണ്ടാകുകയും ചെയ്യും. ഇപ്പോൾ പല മരുന്നുകൾക്കുമെതിരെ ഒരുപോലെ പ്രതിരോധശേഷിയുള്ള ബാക്ടീരിയകളും ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്. ഇങ്ങനെയുള്ള ബാക്ടീരിയകൾ മൂലമുണ്ടാകുന്ന അണുബാധകൾക്ക് ഒരു മരുന്നും ഫലപ്രദമല്ലാതായി തുടങ്ങിയിരിക്കയാണ്. വലിയ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗങ്ങളിലുണ്ടാകുന്ന അണുബാധകളിൽ പലതും ഇങ്ങനെയുള്ള ബാക്ടീരിയകൾ മൂലമാണെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

എല്ലാ മരുന്നുകളെയും പോലെ ആന്റിബയോട്ടിക്കുകൾക്കൂം പാർശ്വഫലങ്ങൾ ഉണ്ട്. മരുന്ന് കൊണ്ടുണ്ടാകുന്ന ഗുണം പാർശ്വഫലങ്ങളേക്കാൾ അധികമാണെന്ന് ഉറപ്പുവരുത്തി വേണം ഇത്തരത്തിലുള്ള മരുന്നുകൾ ഉപയോഗിക്കേണ്ടത്. മാത്രമല്ല പലപ്പോഴും ആന്റിബയോട്ടിക്കുകളുടെ ഉപയോഗം രോഗലക്ഷണങ്ങളെയും മറ്റും മാറ്റിമറിക്കും. ഇതുവഴി യഥാർത്ഥ രോഗനിർണയവും ചികിത്സയും വൈകുകയും ചെയ്യുന്നു.

നമ്മുടെ ചികിത്സാ ചെലവ് പരിശോധിച്ചാൽ അതിൽ 60 മുതൽ 80 ശതമാനംവരെയും പോകുന്നത് ആന്റിബയോട്ടിക്കുകൾക്കാണ്.

ഡോ. ഇന്ദിരയുടെ നേതൃത്വത്തിലുള്ള പഠനം

തിരുവനന്തപുരം, ചെന്നൈ, വെല്ലൂർ, ലക്‌നൗ എന്നീ കേന്ദ്രങ്ങളിൽ ഏകദേശം 10,000 രോഗികളെ ഉൾപ്പെടുത്തിയുള്ളതായിരുന്നു ഈ പഠനം. 350ഓളം ഡോക്ടർമാരും പങ്കെടുത്തു.

കണ്ടെത്തലുകൾ

ഏഴ് ദിവസത്തിൽ താഴെയുള്ള പനി, ചുമ, ജലദോഷം, തൊണ്ടവേദന, വയറിളക്കം തുടങ്ങിയ രോഗങ്ങളുമായി വന്ന 70 ശതമാനം രോഗികൾക്കും ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിച്ചു. (ഇത് ലോകാരോഗ്യ സംഘടന നിർദ്ദേശിക്കുന്ന പരിധിയെക്കാൾ 50 ശതമാനം കൂടുതലാണ്.

പനി, ചുമ, ജലദോഷം തുടങ്ങിയ രോഗങ്ങൾക്ക് ഡോക്ടർമാർ നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകളിൽ 30 ശതമാനവും ശ്വാസകോശസംബന്ധമായ അണുബാധകൾക്കു പോലും അനുയോജ്യമായിരുന്നില്ല.

സ്വകാര്യ ആശുപത്രികളിൽനിന്നു നിർദ്ദേശിച്ച ആന്റിബയോട്ടിക്കുകൾ താരതമ്യേന വില കൂടുതലുള്ളവയായിരുന്നു. സർക്കാർ ആശുപത്രികളിൽ കോട്രൈമൊക്‌സസോൾ, അമോക്‌സിസിലിൻ തുടങ്ങിയ വില കുറഞ്ഞ മരുന്നുകൾ ഉപയോഗിച്ചപ്പോൾ, സ്വകാര്യ ആശുപത്രികൾ റോക്‌സിത്ത്രോമൈസിൻ, സെഫാലെക്‌സിൻ തുടങ്ങിയ വില കൂടിയ മരുന്നുകളാണ് ഉപയോഗിച്ചത്.

മേൽപ്പറഞ്ഞ രോഗങ്ങളുള്ള 10 ശതമാനം രോഗികൾക്ക് ഡോക്ടർമാർ ഇഞ്ചക്‌ഷനുകളും നൽകിയിരുന്നു.

ആന്റിബയോട്ടിക്കുകളുടെ അനാവശ്യ ഉപയോഗത്തിൽ ഗ്രാമ-നഗരങ്ങൾ തമ്മിൽ വലിയ വ്യത്യാസം ഉണ്ടായിരുന്നില്ല.

ഒന്നിൽ കൂടുതൽ ലക്ഷണമുള്ളവയ്ക്കും രണ്ടാമത്തെ പ്രാവശ്യം ഡോക്ടറെ കണ്ടവർക്കും കൂടുതൽ ആന്റിബയോട്ടിക്കുകൾ നൽകിയിരുന്നു.

കുട്ടികൾക്ക് കൂടുതൽ ആന്റിബയോട്ടിക്കുകൾ നിർദ്ദേശിച്ചിരുന്നതായി കണ്ടെത്താൻ കഴിഞ്ഞു.

ഉയർന്ന സാമൂഹിക, സാമ്പത്തിക ശ്രേണിയിലുള്ളവർക്ക് കൂടുതൽ ആന്റിബയോട്ടിക്കുകൾ, അതും കൂടിയ വിലയുള്ളവ നിർദ്ദേശിക്കപ്പട്ടിരുന്നു.

രോഗികളിൽ ഒരു ശതമാനത്തിൽ താഴെ മാത്രമേ ആന്റിബയോട്ടിക്കുകൾ വേണമെന്ന് ഡോക്ടർമാരോട് അഭ്യർത്ഥിച്ചിരുന്നുള്ളൂ.

സ്‌പെഷ്യലൈസേഷൻ ഉള്ള ഡോക്ടർമാർ വളരെ കരുതിയാണ് ആന്റിബയോട്ടിക്കുകൾ ഉപയോഗിച്ചിരുന്നത്. ഡോക്ടർമാരുടെ പ്രായം കൂടുംതോറും ആന്റിബയോട്ടിക്കുകൾ എഴുതുന്നത് കുറഞ്ഞുവന്നു. മെഡിക്കൽ ജേണലുകളും ഇന്റർനെറ്റുമെല്ലാം കൃത്യമായി നോക്കിയിരുന്ന ഡോക്ടർമാർ ആന്റിബയോട്ടിക്കുകൾ കുറച്ചു മാത്രമേ എഴുതിയിരുന്നുള്ളൂ. എന്നാൽ മെഡിക്കൽ റെപ്രസന്റേറ്റീവുമാരും മരുന്നു കമ്പനികളും പറയുന്നതുകേട്ട് പ്രവർത്തിച്ചിരുന്ന ഡോക്ടർമാർ കൂടുതൽ ആന്റിബയോട്ടിക്കുകൾ എഴുതുന്നതായി കണ്ടെത്താൻ കഴിഞ്ഞു.