2013, സെപ്റ്റംബർ 21, ശനിയാഴ്‌ച

കല്പകഞ്ചേരിയുടെ ചരിത്രം

സാമൂഹ്യചരിത്രം
കല്‍പകവൃക്ഷം തിങ്ങിവളര്‍ന്നിരുന്ന പ്രദേശമായതിനാലാണ് ഈ ഗ്രാമത്തിനു കല്‍പകഞ്ചേരി എന്ന പേരു ലഭിച്ചത്. വെട്ടത്തുനാടിന്റെ അധീനതയിലായിരുന്നു ആദ്യകാലത്ത് കല്‍പകഞ്ചേരി. പില്‍ക്കാലത്ത് വെട്ടത്തുനാട് കോഴിക്കോട് സാമൂതിരി കീഴ്പ്പെടുത്തിയപ്പോള്‍ ഇവിടെയുള്ള ഭൂസ്വത്തുക്കള്‍ മണ്ടായത്തുപുറം, കിഴക്കേ കോവിലകം പൂമുള്ളിമന, പാക്കത്തുമന, കേരളാധിശ്വരപുരം ഊട്ട് ബ്രഹ്മസ്വം എന്നിവരുടെ അധീനതയിലായി. കുറച്ച് ഭൂപ്രദേശം വട്ടപറമ്പുകാരും കൈയ്യടക്കി. അക്കാലത്ത് ഇവിടെയുള്ള ഭൂസ്വത്തുക്കളില്‍ 60 ശതമാനവും തരിശുഭൂമിയായിരുന്നു. പടയോട്ടകാലത്ത് ടിപ്പുവിന്റെ പടയാളികള്‍ കല്‍പകഞ്ചേരിയിലെ നടയാല്‍പറമ്പ്, ചോലക്കമാട് എന്നിവിടങ്ങളില്‍ ടെന്റടിച്ച് കൂടിയിരുന്നതായി പറയപ്പെടുന്നു. അതുമായി ബന്ധപ്പെട്ട്, ചോലക്കമാട് പ്രദേശത്തുള്ള പാറപ്പുറത്ത് നൂറോളം കുഴികള്‍ ഇപ്പോഴും കാണാവുന്നതാണ്. നടയാല്‍പറമ്പിലും അടുത്തകാലം വരെ കുഴികളും മറ്റടയാളങ്ങളും കാണാമായിരുന്നു. സൌകര്യപ്രദമായും സുരക്ഷിതമായും ചുറ്റുപാടുകള്‍ വീക്ഷിക്കാന്‍ പറ്റുന്ന തരത്തില്‍ ഉയര്‍ന്ന സ്ഥലമായിരുന്നതിനാലാവാം പടയാളികള്‍ അവിടെ തമ്പടിച്ചത്. അക്കാലത്ത് കല്‍പകഞ്ചേരിയിലെ പ്രമുഖ മുസ്ളീം കുടുംബമായ മണ്ടായപുറത്ത് തറവാട്ടിലെ കാരണവരായിരുന്ന മുയ്തീന്‍ മൂപ്പന്റെ പിതാവ് ഇവരുമായി സൌഹൃദബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നതായും പറഞ്ഞുകേള്‍ക്കുന്നു. സെമിന്താരി വ്യവസ്ഥയില്‍ നികുതി ചുമത്തുവാനും പിരിക്കുവാനും അധികാരമുള്ളവരായിരുന്നു അവര്‍. ആദ്യകാല പഞ്ചായത്തു പ്രസിഡന്റുമാരായ മണ്ടായപുറത്ത് അഹമ്മദ് ഉണ്ണിമൂപ്പന്‍ എന്ന എം.എ.മൂപ്പന്‍, കൊച്ചുണ്ണി എന്ന ആലികുട്ടിമൂപ്പന്‍ എന്നിവര്‍ ആ തറവാട്ടിലെ പിന്മുറക്കാരായിരുന്നു. പഞ്ചായത്തു രൂപീകരണത്തിനു മുമ്പുണ്ടായിരുന്ന അംശകച്ചേരിയില്‍, പാരമ്പര്യമായി കള്ളിയത്ത് ബീരാന്‍കുട്ടി ഹാജി മുതല്‍ കള്ളിയത്ത് ഹുസൈന്‍കുഞ്ഞി വരെ “മേനോന്മാ”രായി 6 പേര്‍ സേവനം ചെയ്തിട്ടുണ്ട്. 1940 കാലഘട്ടത്തില്‍ കല്‍പകഞ്ചേരി പഞ്ചായത്ത് ജുഡീഷറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി പഞ്ചായത്തിലെ രണ്ടത്താണി അങ്ങാടി, രണ്ടത്താണിയിലൂടെ കടന്നുപോകുന്ന പഴയ ഊടുവഴികള്‍ എന്നിവിടങ്ങളിലെല്ലാം പഴയ കാലത്ത് ചുമടുകള്‍ ഇറക്കിവെക്കാന്‍ പൂര്‍വ്വികര്‍ അത്താണികള്‍ സ്ഥാപിച്ചിരുന്നു. കല്ലുവെട്ടിച്ചന്ത എന്ന പുത്തന്‍ചന്തയിലേക്കും, കോട്ടക്കല്‍ ചന്തയിലേക്കും ചുമടുകളുമായി പോകുന്ന ആളുകള്‍ക്കു വേണ്ടി രണ്ട് അത്താണികള്‍ സ്ഥാപിച്ചിരുന്നു. ചുമടുകള്‍ ഇറക്കിവെച്ചിരുന്ന രണ്ട് അത്താണികള്‍ ഉള്ള സ്ഥലമെന്ന നിലയില്‍ വഴിപോക്കരാണ് ഈ പ്രദേശത്തിനു രണ്ടത്താണി എന്ന പേരു നല്‍കിയത്. അതുപോലെ തന്നെ കല്‍പകഞ്ചേരിയുടെ പരിസരങ്ങളിലുള്ള പുത്തനത്താണി, കുട്ടികളത്താണി, കുറുകത്താണി എന്നീ സ്ഥലങ്ങളിലും അത്താണികള്‍ ഉണ്ടായിരുന്നതിനാലാണ് പ്രസ്തുത സ്ഥലനാമങ്ങളുമുണ്ടായത്. പഞ്ചായത്തിലെ പുരാതനമായ മസ്ജിദുകളില്‍ ഏറ്റവും പ്രമുഖമാണ് കാനാഞ്ചരി ജുമാഅത്ത് പള്ളി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കാനാഞ്ചരി പള്ളിയ്ക്ക് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതാം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പ്രശസ്തരായ പല മതപണ്ഡിതന്മാരും ഇവിടെ താമസിച്ചുപഠിച്ചിട്ടുണ്ട്. പ്രശസ്ത ഖുര്‍ ആന്‍ പരിഭാഷകനായ മര്‍ഹും മുഹമ്മദ് അമാനി മൌലവി, മുദര്‍യ്യിസ് അബ്ദുറഹ്മാന്‍ ഫസ്ഫരി എന്ന കുട്ടി മുസ്ള്യാര്‍ തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നിട്ടുണ്ട്. താനൂര്, പാങ്ങ്, കരേക്കാട് മുതലായ നാല്‍പതു കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നുപോലും, കനാഞ്ചരി ജുമാ അത്ത് പള്ളി ശ്മശാനത്തില്‍ മറവ് ചെയ്യുന്നതിനായി മയ്യത്തുകള്‍ എത്തിക്കാറുണ്ട്. 1911-ല്‍ കൊടക്കല്ലിങ്ങല്‍ സ്ഥാപിതമായ ബാസല്‍ മിഷന്‍ ഓടുകമ്പനിയില്‍ നിന്നും ആദ്യം ഉല്‍പാദിപ്പിച്ച ഓടുകളാണ് കാനാഞ്ചരി പള്ളിയുടെ മേല്‍ക്കൂര മേയുന്നതിനായി ഉപയോഗിച്ചത്. കാനാഞ്ചരി പ്രദേശത്തെ പല സ്ഥലങ്ങളും മലബാര്‍ സ്വതന്ത്ര്യസമരസേനാനികള്‍ തങ്ങളുടെ ഒളിത്താവളമായി ഉപയോഗിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി പഞ്ചായത്തിലും വളവനൂര് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് “ഹൈവന്ദരം കാവ്”. ഇതിന് ഏകദേശം 200 വര്‍ഷത്തോളം പഴക്കമുണ്ട്. പാറക്കാട് നായന്മാര്‍ ഹൈവന്ദരം കാവില്‍ താമസമാക്കിയിരുന്നു എന്ന് പറയപ്പെടുന്നു. കാലക്രമേണ കാവിന്റെ ആദ്യകാലപ്രതാപം ക്ഷയിച്ചുപോവുകയാല്‍ പില്‍ക്കാലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ട്. ഇന്നും അതിന്റെ ഉടമസ്ഥാവകാശം മാറാക്കര പഞ്ചായത്തിലെ ഒരു പുരാതന മനയുമായി ബന്ധപ്പെട്ടുകിടക്കുന്നു. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളികളായി ചിലരെയെങ്കിലും സംഭാവന ചെയ്യാന്‍ ഈ ഗ്രാമത്തിനു സാധിച്ചിട്ടുണ്ട്. അതില്‍ പ്രമുഖനായിരുന്നു ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബ്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വലങ്കൈ ആയി സ്വതന്ത്ര്യസമരത്തിന് ഇറങ്ങിയ ചേക്കുട്ടി സാഹിബ് ജയില്‍വാസം അനുഷ്ഠിച്ചിട്ടുണ്ട്. സ്വഭാവമഹിമയുടെയും, പക്വതയുടെയും, ധീരതയുടെയും പര്യായമായിരുന്നു സാഹിബ്. അദ്ദേഹം ഒളിവില്‍ കഴിഞ്ഞിരുന്ന കാലത്ത്, വ്യത്യസ്ത വേഷത്തിലും നാമത്തിലും ജനങ്ങള്‍ക്കിടയില്‍ സഞ്ചരിച്ചു. സ്വാതന്ത്ര്യസമരവും മതനവോത്ഥാന പ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. കല്‍പകഞ്ചേരിയില്‍ ആയിരുന്നപ്പോള്‍ രണ്ടത്താണിയും, കല്‍പകഞ്ചേരിയുമായിരുന്നു പ്രവര്‍ത്തനകേന്ദ്രം. ദേശീയസമരത്തിന്റെ ഭാഗമായ ഖിലാഫത്ത് സമരത്തിലും പഞ്ചായത്തിലെ നിരവധി ദേശാഭിമാനികള്‍ പങ്കെടുത്തിട്ടുണ്ട്. അക്കാലത്ത് സമരക്കാരെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷ് പട്ടാളം പഞ്ചായത്തിലെ വീടുകള്‍ മുഴുവനും റെയ്ഡ് ചെയ്യുകയും പുരുഷന്മാരെ ബന്ധനസ്ഥരാക്കിക്കൊണ്ടുപോവുകയും ചെയ്തിട്ടുണ്ട്. ഇവരില്‍ പലരും വര്‍ഷങ്ങളോളം ജയിലില്‍ കിടക്കുകയോ, നാടു കടത്തപ്പെടുകയോ ഉണ്ടായി. കല്‍പകഞ്ചേരി സ്വദേശിയായ പള്ളിയത്ത് മുയ്തീന്‍ ഉള്‍പ്പെടെ ചിലരെ ബ്രിട്ടീഷ് പട്ടാളം തൂക്കിലേറ്റിയിട്ടുമുണ്ട്. തിരൂരങ്ങാടി പള്ളിയ്ക്കു ബ്രിട്ടീഷ് പട്ടാളം വെടിവെച്ചുവെന്ന വാര്‍ത്തയറിഞ്ഞ് രോഷാകുലരായ സമരക്കാര്‍ തിരൂര്‍ ട്രഷറി, കല്‍പകഞ്ചേരി സബ്രജിസ്റ്റാര്‍ ഓഫീസ്, കല്‍പകഞ്ചേരി പോലീസ് സ്റ്റേഷന്‍ എന്നിവ ആക്രമിക്കുകയുണ്ടായി. പട്ടാളം കടുങ്ങാത്തകുണ്ടില്‍ ക്യാമ്പ് ചെയ്യുമ്പോഴും സമരസേനാനികള്‍ തൊട്ടടുത്ത അതിരുമട പ്രദേശത്ത് തോക്കെടുത്ത് വെടിവെക്കാന്‍ പരിശീലിക്കുകയായിരുന്നു. സ്വതന്ത്ര്യസമരകാലത്ത് കെ.കെ.ഇപ്പന്‍, മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ്, കേരളീയന്‍ തുടങ്ങിയ നേതാക്കള്‍ പലവട്ടം കല്‍പകഞ്ചേരി സന്ദര്‍ശിച്ചിട്ടുണ്ട്. മലബാര്‍ മാപ്പിള ലഹള എന്ന് ബ്രിട്ടീഷുകാര്‍ പേരിട്ട മലബാര്‍ സ്വാതന്ത്ര്യസമരത്തെ പട്ടാളനിയമമുപയോഗിച്ച് അടിച്ചമര്‍ത്തിയതിനെ തുടര്‍ന്ന് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ പ്രവര്‍ത്തനം ഇവിടെ പൂര്‍വ്വാധികം സജീവമാകുകയുണ്ടായി. ബ്രിട്ടീഷ് ഭരണകാലത്ത് പഴയ മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴിലായിരുന്നു കല്‍പകഞ്ചേരി പഞ്ചായത്ത്. 1940 ഒക്ടോബര്‍ 10-ാം തിയ്യതിയാണ് കല്‍പകഞ്ചേരി പഞ്ചായത്ത് നിലവില്‍ വന്നത്. അന്ന് ഭൂസ്വത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂവകുപ്പായിരുന്നു പഞ്ചായത്തുമെമ്പര്‍മാരെ തെരഞ്ഞെടുത്തിരുന്നത്. അക്കാലത്ത് ഏഴ് ചതുരശ്രനാഴിക ചുറ്റളവാണ് പഞ്ചായത്തിനുണ്ടായിരുന്നത.് കല്‍പകഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസിന് ഒരു നൂറ്റാണ്ട് പഴക്കമുണ്ട്. കല്‍പകഞ്ചേരി സബ്ബ് രജിസ്ട്രാര്‍ ഓഫീസ് സ്ഥാപിക്കുന്നതിനു മുമ്പ് തിരുനാവായ കൊടക്കല്‍ രജിസ്ട്രാഫീസായിരുന്നു കല്‍പകഞ്ചേരിക്കാരുടെ രജിസ്ട്രാര്‍ കേന്ദ്രം.
വിദ്യാഭ്യാസചരിത്രം
സന്നദ്ധ പ്രവര്‍ത്തകരും മഹത്വ്യക്തികളും നാടിന്റെ വിദ്യാഭ്യാസവികസനത്തിന് നല്‍കിയ സംഭാവനകള്‍ വിലപ്പെട്ടതാണ്. പഞ്ചായത്തിലെ പ്രമുഖ വിദ്യാലയമായ കല്‍പകഞ്ചേരി ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്ക്കൂള്‍ 1958-ലാണ് ആരംഭിക്കുന്നത്. ഹൈസ്കൂളിന് ആവശ്യമായ സ്ഥലം എം.എ.മൂപ്പന്‍ സംഭാവന നല്‍കി. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റി നാട്ടുകാരില്‍ നിന്നും 10000 രൂപയും, ബ്ളോക്കില്‍ നിന്ന് 10000 രൂപയും സ്വരൂപിച്ചുകൊണ്ട് 5 ക്ളാസ്സുമുറികളുള്ള കെട്ടിടം നിര്‍മ്മിച്ചുനല്‍കി. പഞ്ചായത്തിലെ പല ഭാഗങ്ങളിലും ആദ്യകാലത്ത് മതപഠനവും ഭൌതികപഠനവും ഒന്നിച്ചു നടന്നിരുന്ന ഓത്തുപള്ളികള്‍ നിലവിലുണ്ടായിരുന്നു. ഇവയാണ് പലയിടത്തും പ്രൈമറി വിദ്യാലയങ്ങള്‍ സ്ഥാപിക്കാന്‍ സാഹചര്യമൊരുക്കിയത്. ഇതാണ് പഞ്ചായത്തിന്റെ പുരാതന ഔപചാരിക വിദ്യാഭ്യാസ ചരിത്രം. മലബാര്‍ ഡിസ്ട്രിക് ബോര്‍ഡിന്റെ കീഴില്‍ പഞ്ചായത്തില്‍ 1902-ല്‍ സ്ഥാപിതമായ വിദ്യാലയമാണ് കല്‍പകഞ്ചേരി പാലേത്ത് ജി.എം.എല്‍.പി.സ്കൂള്‍. തുടര്‍ന്ന് പാറപ്പുറം ജി.എം.എല്‍.പി, കാനാഞ്ചരി ജി.എം.എല്‍.പി, ഐരാനി ജി.എം.എല്‍.പി എന്നീ സ്കൂളുകള്‍ സ്ഥാപിതമായി. കിഴക്കെപുറം മുഹിയദ്ദീന്‍ പള്ളിക്കല്‍ തങ്ങന്മാര്‍, കിഴക്കെ പുറത്ത് സ്ഥാപിക്കുകയും, തുടര്‍ന്ന് രണ്ടത്താണിയിലേക്ക് മാറ്റുകയും ചെയ്ത സ്ക്കൂളാണ് ഇന്നത്തെ രണ്ടത്താണി ജി.യു.പി.സ്ക്കൂള്‍. അക്കാലത്തു തന്നെ മൊല്ലാക്കമാര്‍ ഓത്തുപള്ളിക്കൂടങ്ങള്‍ എന്ന പേരില്‍ നടത്തിയിരുന്ന വിദ്യാലയങ്ങളാണ് കാലാന്തരത്തില്‍ തോഴനൂര്‍ വെസ്റ്റ് എ.എം.എല്‍.പി.സ്ക്കൂളും, തോഴനൂര്‍ ഈസ്റ്റ് എ.എം.എല്‍.പി സ്ക്കൂളുമായി മാറിയത്. സ്ത്രീ വിദ്യാഭ്യാസ പ്രോത്സാഹനാര്‍ത്ഥം പെണ്‍കുട്ടികള്‍ക്കു മാത്രമായി ഒരു വിദ്യാലയം വേണമെന്ന ആവശ്യത്തെ തുടര്‍ന്ന്, കല്‍പകഞ്ചേരി മേലെ അങ്ങാടിയില്‍ സ്ഥാപിതമായ ഗവണ്‍മെന്റ് ബോര്‍ഡ് മാപ്പിള യു.പി.സ്ക്കൂള്‍ പിന്നീട് കല്‍പകഞ്ചേരി ഗവ.ഹൈസ്ക്കൂള്‍ ആയി മാറുകയും, അതില്‍ നിന്ന് എല്‍.പി. വിഭാഗം വേര്‍തിരിച്ചു കല്‍പകഞ്ചേരി ജി.എല്‍.പി.എസ്സ് ഉണ്ടാവുകയും തുടര്‍ന്ന്, മഞ്ഞച്ചോല ജി.എം.എല്‍.പി.എസ്, തോഴന്നൂര്‍ എം.എ.എല്‍.പി.എസ്, കഴിങ്ങല്‍ പറമ്പ് ചിനക്കല്‍ എം.എസ്സ്.എം ഹയര്‍ സെക്കന്ററി സ്കൂള്‍ എന്നിവ സ്ഥാപിതമാവുകയും ചെയ്തു.
സാംസ്കാരികചരിത്രം
പഞ്ചായത്തിലെ പുരാതനമായ മസ്ജിദുകളില്‍ ഏറ്റവും പ്രമുഖമാണ് കാനാഞ്ചരി ജുമാഅത്ത് പള്ളി. ലഭ്യമായ രേഖകളുടെ അടിസ്ഥാനത്തില്‍ കാനാഞ്ചരി പള്ളിയ്ക്ക് നാലു നൂറ്റാണ്ടിലേറെ പഴക്കമുണ്ടെന്ന് കരുതാം. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ പ്രശസ്തരായ പല മതപണ്ഡിതന്മാരും ഇവിടെ താമസിച്ചുപഠിച്ചിട്ടുണ്ട്. പ്രശസ്ത ഖുര്‍ ആന്‍ പരിഭാഷകനായ മര്‍ഹും മുഹമ്മദ് അമാനി മൌലവി, മുദര്‍യ്യിസ് അബ്ദുറഹ്മാന്‍ ഫസ്ഫരി എന്ന കുട്ടി മുസ്ള്യാര്‍ തുടങ്ങിയവര്‍ ഇവിടെ അധ്യാപകരായിരുന്നിട്ടുണ്ട് താനൂര്, പാങ്ങ്, കരേക്കാട് മുതലായ നാല്‍പതു കിലോമീറ്ററോളം ചുറ്റളവിലുള്ള പ്രദേശങ്ങളില്‍ നിന്നുപോലും, കനാഞ്ചരി ജുമാ അത്ത് പള്ളി ശ്മശാനത്തില്‍ മറവ് ചെയ്യുന്നതിനായി മയ്യത്തുകള്‍ എത്തിക്കാറുണ്ട്. 1911-ല്‍ കൊടക്കല്ലിങ്ങല്‍ സ്ഥാപിതമായ ബാസല്‍ മിഷന്‍ ഓടുകമ്പനിയില്‍ നിന്നും ആദ്യം ഉല്‍പാദിപ്പിച്ച ഓടുകളാണ് കാനാഞ്ചരി പള്ളിയുടെ മേല്‍ക്കൂര മേയുന്നതിനായി ഉപയോഗിച്ചത്. കല്‍പകഞ്ചേരി പഞ്ചായത്തിലും വളവനൂര് പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് “ഹൈവന്ദരം കാവ്”. ഇതിന് ഏകദേശം 200 വര്‍ഷത്തോളം പഴക്കമുണ്ട്. ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ മുന്നണിപ്പോരാളിയായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ വലങ്കൈ ആയി സ്വതന്ത്ര്യസമരത്തിന് ഇറങ്ങിയ ചേക്കുട്ടി സാഹിബ,് സ്വഭാവമഹിമയുടെയും, പക്വതയുടെയും, ധീരതയുടെയും പര്യായമായിരുന്നു. സ്വാതന്ത്ര്യസമരവും മതനവോത്ഥാന പ്രവര്‍ത്തനവും ഒപ്പം കൊണ്ടുപോകാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നു. നിമിഷകവി ആയിരുന്ന അദ്ദേഹം ജയിലില്‍ ആയിരുന്നപ്പോള്‍ കവിതകളുടെ രൂപത്തിലായിരുന്നു കത്തുകള്‍ അയച്ചിരുന്നത്. മാപ്പിളപാട്ട് രചയിതാവായ അദ്ദേഹത്തിന്റെ സൃഷ്ടികള്‍ ഇന്നും കുടുംബാംഗങ്ങളുടെയും അടുത്ത സുഹൃത്തുക്കളുടെയും കൈവശമുണ്ട്. ഉന്നതമായ സാംസ്കാരികമൂല്യങ്ങള്‍ കാത്തുസൂക്ഷിക്കുന്ന വിവിധ ജാതിമത വിഭാഗങ്ങള്‍ കല്‍പകഞ്ചേരി ഗ്രാമത്തില്‍ അധിവസിക്കുന്നുണ്ട്. ജാതിമത സ്പര്‍ദ്ധകളൊന്നും കൂടാതെ സഹിഷ്ണുതയോടെ ജീവിതം നയിക്കുന്നവരാണ് ഇവിടുത്തെ ഗ്രാമവാസികള്‍. മുസ്ളീം സമുദായത്തിന് ഭൂരിപക്ഷമുള്ള പ്രദേശമാണിവിടം. 35-ഓളം മുസ്ളീം പള്ളികളും ഈ ഗ്രാമത്തിലുണ്ട്. കുടുങ്ങാത്തുണ്ട് മാമുള്ളിക്കാവ് ക്ഷേത്രം, കല്ലിങ്ങല്‍പറമ്പ് “ഹൈവന്ദരം കാവ്” ക്ഷേത്രം, കരിനരപ്പ് ഭഗവതി ക്ഷേത്രം എന്നിവയാണ് പ്രധാന ഹൈന്ദവാരാധനാലയങ്ങള്‍. പഞ്ചായത്തിലെ ഏക അംഗീകൃത ഗ്രന്ഥശാല 1980 മെയ് 1-ന് സ്ഥാപിതമായ കടുങ്ങാത്തുകണ്ടിലെ നാഷണല്‍ ലൈബ്രറിയാണ്. കല്‍പകഞ്ചേരി പഞ്ചായത്തിന്റെ കീഴില്‍ പഞ്ചായത്ത് ഓഫീസിനോടു ചേര്‍ന്ന് ഒരു സാംസ്കാരിക നിലയം പ്രവര്‍ത്തിക്കുന്നുണ്ട്.
             മലപ്പുറം ജില്ലയിലെ തിരൂര്‍ താലൂക്കില്‍ താനൂര്‍ ബ്ളോക്കിലാണ് കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. കല്‍പകഞ്ചേരി വില്ലേജ് പരിധിയില്‍ വരുന്ന ഈ പഞ്ചായത്തിന് 16.25 ച.കി.മീ വിസ്തീര്‍ണ്ണമുണ്ട്. പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് എടരിക്കോട്, കോട്ടക്കല്‍ പഞ്ചായത്തുകളും തെക്കുഭാഗത്ത് വളവന്നൂര്‍, തിരുനാവായ, ആതവനാട് പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് ആതവനാട്, മാറാക്കര പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് വളവന്നൂര്‍, പൊന്‍മുണ്ടം പഞ്ചായത്തുകളുമാണ്. 1940 ഒക്ടോബര്‍ 10-ാം തിയതിയാണ് കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. 2001-ലെ സെന്‍സസനുസരിച്ച് കല്‍പകഞ്ചേരി പഞ്ചായത്തിലെ ജനസംഖ്യ 26983 ആയിരുന്നു. ഇതില്‍ 12881 പുരുഷന്‍മാരും 14102 സ്ത്രീകളുമാണ്. പഞ്ചായത്തിലുള്ള മൊത്തം ജനങ്ങളുടെ സാക്ഷരതാ നിരക്ക് 89% മാണ്. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ വരുന്ന കല്‍പകഞ്ചേരി ഗ്രാമപഞ്ചായത്തിനെ കുന്നിന്‍ പ്രദേശം, ചെറിയ ചരിവ്, സമതലം, വയല്‍പ്രദേശം എന്നിങ്ങനെ നാലായി തരംതിരിക്കാം. കല്‍പകഞ്ചേരി പഞ്ചായത്ത് പൂര്‍ണ്ണമായും ഒരു കാര്‍ഷിക ഗ്രാമമാണ്. കുന്നുകളും ചെരിവുകളും തട്ടുകളും ഈ ഭൂപ്രദേശത്തിന്റെ പ്രത്യേകതയാണ്. തെങ്ങ്, കവുങ്ങ്, വെറ്റില എന്നിവയാണ് പ്രധാനവിളകള്‍. കൂടാതെ നെല്ല്, വാഴ, കശുമാവ്, കുരുമുളക്, മരച്ചീനി എന്നിവയും കൃഷി ചെയ്യുന്നു. പഞ്ചായത്തിലുള്ള 18 പൊതുകിണറുകളും 6 കുളങ്ങളുമാണ് ജനങ്ങളുടെ മുഖ്യ ജലസ്രോതസ്സുകള്‍. 250 തെരുവുവിളക്കുകള്‍ സ്ഥാപിച്ചിരിക്കുന്നത് കല്‍പകഞ്ചേരി പഞ്ചായത്തിന്റെ വീഥികളെ രാത്രികാലങ്ങളില്‍ സഞ്ചാരയോഗ്യമാക്കുന്നു. കല്‍പകഞ്ചേരി പഞ്ചായത്തില്‍ 124 കി.മീ ദൂരം ഗതാഗതയോഗ്യമായ റോഡുകളുണ്ട്. കോഴിക്കോട്,തൃശ്ശൂര്‍ ദേശീയപാത പഞ്ചായത്തിലൂടെ കടന്നു പോകുന്നു. പഞ്ചായത്തതിര്‍ത്തിയിലൂടെ 5 കി.മീ ദൈര്‍ഘ്യം വരുന്ന ഹൈവേ കടന്നു പോകുന്നു. തിരൂര്‍-പുത്തനത്താണി, പുത്തനത്താണി-തിരുനാവായ, പുത്തനത്താണി-വൈലത്തൂര്‍, രണ്ടത്താണി-വാര്യത്ത് എന്നിവ പഞ്ചായത്തിലൂടെ കടന്നു പോകുന്ന പ്രധാന റോഡുകളാണ്. കല്‍പകഞ്ചേരി നിവാസികള്‍ വിദേശയാത്രയ്ക്കായി ആശ്രയിക്കുന്നത് 35 കി. മീ അകലെയുള്ള കോഴിക്കോട്-കരിപ്പൂര്‍ വിമാനത്താവളത്തെയാണ്. തിരൂര്‍ റെയില്‍വേ സ്റ്റ്റേഷനാണ് പഞ്ചായത്തിന്റെ ഏറ്റവും അടുത്ത റയില്‍വേ സ്റ്റ്റേഷന്‍. തുറമുഖമെന്ന നിലയില്‍ കൊച്ചി തുറമുഖമാണ് പഞ്ചായത്തിനോട് ഏറ്റവും അടുത്ത് സ്ഥിതി ചെയ്യുന്നത്. പഞ്ചായത്തിനകത്ത് ബസ് സ്റ്റാന്റുകളൊന്നുമില്ല എന്നാല്‍ തിരൂര്‍, വളാഞ്ചരി, കോട്ടക്കല്‍ എന്നിവിടങ്ങളിലുള്ള ബസ് സ്റ്റാന്റുകളാണ് പഞ്ചായത്തിന്റെ റോഡ് ഗതാഗതം കേന്ദ്രീകരിച്ചിരിക്കുന്ന സ്ഥലങ്ങള്‍.ഗ്രാമപഞ്ചായത്തിനകത്ത് 11 റേഷന്‍കടകളും, 2 നീതി സ്റ്റ്റോറുകളും പൊതുവിതരണ മേഖലയില്‍ പ്രവര്‍ത്തിക്കുന്നു. കല്‍പകഞ്ചേരി ചന്തയാണ് പഞ്ചായത്തിലുള്ള പ്രധാന വ്യാപാരകേന്ദ്രം. കല്‍പവൃക്ഷം തിങ്ങി നിറഞ്ഞിരുന്ന പ്രദേശമായതിനാലാണ് ഈ പ്രദേശത്തിന് കല്‍പകഞ്ചേരി എന്ന നാമകരണം കിട്ടിയത് എന്ന് പറയപ്പെടുന്നു. പുരാതന ആരാധനാലയങ്ങള്‍ കൊണ്ട് പ്രസിദ്ധമാണ് ഈ ഗ്രാമം. പഞ്ചായത്തിലുള്ള പുരാതന മസ്ജിദുകളില്‍  ഒന്നാണ് 40-ലേറെ വര്‍ഷത്തോളം പഴക്കമുള്ള കാനാഞ്ചരി ജുമാഅത്ത് പള്ളി. പ്രശസ്തരായ പല മതപണ്ഡിതന്‍മാരും ഇവിടെ താമസിച്ച് പഠിച്ചിട്ടുണ്ട്. കല്‍പകഞ്ചേരി പഞ്ചായത്തിലും, വളവന്നൂര്‍ പഞ്ചായത്തിലുമായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന ഹൈന്ദവ ക്ഷേത്രമാണ് 2 നൂറ്റാണ്ടോളം പഴക്കമുള്ള ഹൈവന്ദരം കാവ്. പഞ്ചായത്തിലുള്ള ഒരു പുരാതന മനയുടെ ഉടമസ്ഥാവകാശത്തിലുള്ള ഈ കാവിന്റെ ആദ്യകാല പ്രതാപം ക്ഷയിച്ചു പോവുകയാല്‍ സമീപകാലത്ത് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. 35-ഓളം മുസ്ളിംപള്ളികളും, മതപഠനസ്ഥാനങ്ങളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലായി നിലകൊള്ളുന്നു. കടുങ്ങാത്തുണ്ട്, മാമുള്ളിക്കാവ്, കല്ലിങ്ങല്‍പറമ്പ്, ഹൈവന്ദരം കാവ്, കരിനരപ്പ് ഭഗവതി ക്ഷേത്രം എന്നിവ പഞ്ചായത്തിലുള്ള പ്രധാന ക്ഷേത്രങ്ങളാണ്. ഈ ആരാധനാലയങ്ങളുമായി ബന്ധപ്പെട്ടു നടക്കുന്ന മാമ്പ്ര നേര്‍ച്ച, ഹൈവന്ദരം കാവ് ഉത്സവം എന്നീ ആഘോഷങ്ങള്‍ പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നവയാണ്. ദേശീയ സ്വാതന്ത്ര്യത്തിന്റെ മുന്നണി പോരാളിയായിരുന്ന ഓടായപ്പുറത്ത് ചേക്കുട്ടി സാഹിബ് പഞ്ചായത്തിനെ പ്രശസ്തിയിലേക്ക് നയിച്ച വ്യക്തിയാണ്. 25-ലധികം ക്ളബ്ബുകള്‍ പഞ്ചായത്തിന്റെ കലാ-കായിക രംഗത്ത് പ്രവര്‍ത്തിക്കുന്നു. കല്‍പകഞ്ചേരി പഞ്ചായത്തിന്റെ കീഴില്‍ ഒരു സാംസ്കാരിക നിലയം പ്രവര്‍ത്തിക്കുന്നു. വായനാശാലയും അത്യാവശ്യം പുസ്തകങ്ങളുമുള്ള ഒരു ലൈബ്രറിയും ഈ സ്ഥാപനത്തിലുണ്ട്. ഒരു ആയുര്‍വേദ ആശുപത്രി, ഹോമിയോ ഡിസ്പെന്‍സറി എന്നിവ പഞ്ചായത്തിന്റെ പരിധിയിലുള്ള ആരോഗ്യസംരക്ഷണ സ്ഥാപനങ്ങളാണ്. കൂടാതെ പി.എച്ച്.സിയുടെ 10 ഉപകേന്ദ്രങ്ങളും ഒരു ആശുപത്രിയും പഞ്ചായത്തിനകത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. കോട്ടക്കല്‍ അല്‍മാസ് ആശുപത്രി, മിംസ് ആശുപത്രി എന്നിവ പഞ്ചായത്തിനകത്ത് ആംബുലന്‍സ് സൌകര്യം ലഭ്യമാക്കുന്നു. മൃഗസംരക്ഷണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വെറ്റിനറി ആശുപത്രി രണ്ടത്താണിയില്‍ സ്ഥിതി ചെയ്യുന്നു. ക്രിസ്തു വര്‍ഷം 1902-ലാണ് പഞ്ചായത്തില്‍ ഔപചാരിക വിദ്യാഭ്യാസം ആരംഭിച്ചത്. ആദ്യകാലത്ത് പ്രൈമറി വിദ്യാഭ്യാസത്തിന് മാത്രം സൌകര്യമുണ്ടായിരുന്ന ഈ പ്രദേശത്തില്‍ 1958-ലാണ് ആദ്യമായി ഒരു ഹൈസ്കൂള്‍ ആരംഭിക്കുന്നത്. 2010-ല്‍ എത്തി നില്‍ക്കുമ്പോള്‍ സര്‍ക്കാര്‍ മേഖലയില്‍ 9 എല്‍.പി സ്കൂളുകളും, 2 ഹയര്‍സെക്കന്ററി സ്കൂളുകളും സ്വകാര്യമേഖലയില്‍ രണ്ടത്താണിയില്‍ ഒരു എല്‍.പി സ്കൂളും ചെനയ്ക്കലില്‍ ഒരു ഹയര്‍സെക്കന്ററി സ്കൂളും പ്രവര്‍ത്തിക്കുന്നു.കാനറാ ബാങ്ക്, സൌത്ത് മലബാര്‍ ഗ്രാമീണ ബാങ്ക്, കത്തോലിക് സിറിയന്‍ ബാങ്ക്, സര്‍വ്വീസ് സഹകരണ ബാങ്ക് എന്നിവ കല്‍പകഞ്ചേരിയിലും, കനറാ ബാങ്കിന്റെ ഒരു ശാഖ കുറുകത്താണിയിലും പ്രവര്‍ത്തിക്കുന്നു. വിവിധ ബാങ്കുകള്‍ പഞ്ചായത്തിന്റെ സാമ്പത്തിക മേഖലയിലുള്ള സ്ഥാപനങ്ങളാണ്. രണ്ടത്താണി, കല്‍പകഞ്ചേരി എന്നിവിടങ്ങളിലായി പോസ്റ്റ്റ് ഓഫീസുകളും, രണ്ടത്താണിയില്‍ ഒരു ടെലിഫോണ്‍ എക്സ്ചേഞ്ചും പഞ്ചായത്ത് ഓഫീസിനോടടുത്ത് കൃഷിഭവനും സ്ഥിതി ചെയ്യുന്നു.