2013, സെപ്റ്റംബർ 5, വ്യാഴാഴ്‌ച

പ്രിയതമന്‍റെ വേര്‍പാട്

ചോ: എന്റെ ഭര്‍ത്താവ് രണ്ടാഴ്ച മുമ്പ് മരണപ്പെട്ടു. ജീവിതം അന്നുമുതല്‍ക്ക് ദുരിതപൂര്‍ണമായിത്തീര്‍ന്നിരിക്കു്ന്നു. കഴിഞ്ഞ ഡിസംബറിലാണ് ഞങ്ങള്‍ വിവാഹിതരായത്. ഞാന്‍ ഗര്‍ഭവതിയാകുന്നതിനുമുമ്പുതന്നെ അദ്ദേഹം വിടപറയുകയായിരുന്നു. എല്ലാം അല്ലാഹുവിന്റെ വിധിയനുസരിച്ചാണെന്നും അവന്‍ എല്ലാകാര്യങ്ങളും അറിയുന്നവനാണെന്നും ഒക്കെ എനിക്കറിയാം. പക്ഷേ വിരഹത്തിന്റെ ഈ നാളുകളെ എനിക്ക് താങ്ങാനാകുന്നില്ല. കടുത്ത വിഷാദാവസ്ഥയിലാണ് ഞാനിപ്പോള്‍. എനിക്കിതിനെ തരണം ചെയ്യാനാകുമോ? ഭര്‍ത്താവിന്റെ വേര്‍പാടില്‍ എത്രനാള്‍ ദുഃഖിച്ചിരിക്കാന്‍ ഇസ്‌ലാം അനുവദിക്കുന്നുണ്ട്?
..........................................................
ജീവിതത്തില്‍ താനേറെ സ്്‌നേഹിക്കുന്ന തന്റെ ജീവിതത്തിന്റെ എല്ലാമെല്ലാമായ പ്രാണനാഥന്‍ നഷ്ടപ്പെടുന്ന ഏതൊരാള്‍ക്കുമുണ്ടാകാവുന്ന ഒറ്റപ്പെടലും വേദനയുമാണ്  സഹോദരീ താങ്കളും അനുഭവിക്കുന്നത്.
ഈ നഷ്ടത്തെയല്ല നാം അതിജീവിക്കാന്‍ ശ്രമിക്കുന്നത്. മറിച്ച് മനസ്സില്‍ അതിനെത്തുടര്‍ന്നുണ്ടാകുന്ന വികാരങ്ങളുടെ അനിയന്ത്രിതമായ പുറത്തേക്കുള്ള കുത്തൊഴുക്ക് നമ്മെ പിടിച്ചുവലിച്ചുകൊണ്ടുപോകുന്ന ആ അനുഭവത്തെയാണ് നാം മറികടക്കേണ്ടത്. അല്ലാഹുവില്‍ ഭരമേല്‍പിക്കേണ്ട , അവനില്‍ കൂടുതലായി വിശ്വാസമര്‍പിക്കേണ്ട ഏറ്റവും നിര്‍ണായകമായ സമയമാണിത്. താങ്കളുടെയും  പ്രിയതമന്റെയും ആത്മാവ്  ആ കരുണായനായ നാഥന്റെ കരങ്ങളില്‍ സുരക്ഷിതമാണെന്ന് താങ്കള്‍ തിരിച്ചറിയുക. ഇപ്പോള്‍ വിരഹദുഃഖത്തിന്റെ ചുഴിയിലകപ്പെട്ട താങ്കളുടെ ആത്മാവിനെ യാതൊന്നും അപകടത്തിലാക്കുകയില്ലയെന്ന ആത്മ്‌ധൈര്യം നേടുക. വിരഹത്തിന്റെ വൈകാരികചുഴികള്‍ താങ്കള്‍ക്കുചുറ്റും വലംവെച്ചുപോകാമെങ്കിലും അത് താങ്കളെ തട്ടിക്കൊണ്ടുപോകില്ലെന്ന് മനസ്സിലാക്കുക. വിരഹദുഃഖം ക്രമേണ കെട്ടടങ്ങിക്കൊള്ളും. യാതൊരുസംശയവുംവേണ്ട.

ഒരു പ്രത്യേകഘട്ടത്തില്‍ ജീവിതം അര്‍ഥമില്ലാത്തതായെന്നോ, ചതിക്കപ്പെട്ടെന്നോ, പ്രാണനാഥനില്ലാതെ മുന്നോട്ടുനീങ്ങാനാവില്ലെന്നോ തുടങ്ങി പലതും താങ്കള്‍ക്കു തോന്നുന്നുണ്ടാകും. താനിഷ്ടപ്പെട്ട വ്യക്തിയുമായി ചേര്‍ന്ന് ഒട്ടേറെ സ്വപ്‌നങ്ങള്‍ നെയ്തുകൂട്ടിയിട്ടുണ്ടാകാം. പക്ഷേ അതെല്ലാം പെട്ടെന്ന് പൊലിഞ്ഞുപോയല്ലോ, കപ്പിത്താന്‍ നഷ്ടപ്പെട്ട് കടലില്‍ ഒഴുകിനടക്കുന്ന കപ്പലിനെപ്പോലെയായല്ലോ തന്റെ ജീവിതം എന്നൊക്കെയോര്‍ത്ത് താങ്കള്‍ സങ്കടപ്പെടുന്നുണ്ടാകാം. ഈ യാഥാര്‍ഥ്യലോകം അപ്രതീക്ഷിതമായതുകൊണ്ട് ഇതുമായി തനിക്ക് പൊരുത്തപ്പെടാനാകുന്നില്ലെന്ന് താങ്കള്‍ ആശങ്കപ്പെടുന്നുണ്ടാകാം. പക്ഷേ ഇതെല്ലാം തികച്ചും സാധാരണമാണ് എന്ന് അറിയുക. ഇങ്ങനെയൊക്കെയുള്ള താങ്കളുടെ ചിന്തയും സ്ാധാരണമാണ്. ഒന്നും മാറ്റേണ്ടതില്ല. എല്ലാം സ്വാഭാവികപ്രക്രിയയുടെ ഭാഗംമാത്രം.

ദുഃഖത്തിന്റെയും വിരഹത്തിന്റെയും കാറുംകോളുമടങ്ങിക്കഴിയുമ്പോള്‍ താങ്കള്‍ സമാധാനചിത്തയായി, കര്‍മനിരതയായി, സന്തുലിതഭാവത്തില്‍ ജീവിതം മുന്നോട്ടുനയിക്കുകതന്നെ ചെയ്യും. ആ ഘട്ടത്തില്‍  കഴിഞ്ഞ കാലത്തെ ക്കുറിച്ചോര്‍ത്ത് അത്ഭുതപ്പെടും'ഹോ, ആ നാളുകള്‍ ഇത്തരത്തില്‍ തരണംചെയ്യുമെന്ന് ഞാന്‍ നിനച്ചതേയില്ലായിരുന്നു.' പുതിയ ജീവിതത്തിന്റെ പാളത്തില്‍ താങ്കള്‍ ഓടിത്തുടങ്ങിയിരിക്കും. അല്ലാഹുവിന്റെ യടുക്കല്‍ എത്തിച്ചേര്‍ന്ന, സന്തോഷവാനായിക്കഴിയുന്ന താങ്കളുടെ പ്രിയതമനെയോര്‍ത്ത്് താങ്കളും സന്തോഷിക്കും. പ്രപഞ്ചത്തിന്റെ സ്വാഭാവികപ്രയാണത്തിന്റെ ഭാഗമായി തല്‍കാലം പ്രിയതമന്‍ വിടപറഞ്ഞിരിക്കുന്നുവെന്നുമാത്രം.മനസ്സിന് സന്തോഷം നല്‍കാന്‍ അല്ലാഹുവിനോട് പ്രാര്‍ഥിക്കുക!. അല്ലാഹു സദാ നമ്മുടെ സുഹൃത്തെന്ന് തിരിച്ചറിയുക.

മനസ്സിനേറ്റ വിരഹത്തിന്റെ മുറിപ്പാടുണക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. താങ്കളുടെ ഏകാന്തതയെയും മാനസികാവസ്ഥയെയും  സഹാനുഭൂതിയോടെ കാണാന്‍ കഴിയുന്ന സുമനസ്സുകളുമായി സൗഹൃദം നിലനിര്‍ത്തുക. അതിന് ചെറിയ സമയമെടുക്കുമെന്ന ബോധ്യം താങ്കള്‍ക്കുണ്ടാകുമല്ലോ. ദൈനംദിനകൃത്യങ്ങളെ  യഥാവിധം മുന്നോട്ടുകൊണ്ടുപോകുക.  ശുദ്ധി,  ഭക്ഷണകാര്യത്തില്‍ കൃത്യനിഷ്ഠ,  സായാഹ്നസവാരി, ആരോഗ്യസംരക്ഷണം എന്നിവയില്‍ വീഴ്ചവരാതെ നോക്കുക.  താങ്കളുടെ മനസ്സിന് സാന്ത്വനമായിത്തോന്നുന്ന രണ്ടുപേരെങ്കിലും താങ്കളോടൊത്ത് ഉണ്ടാകുന്നത് നല്ലതാണ്. യാതൊരുകര്‍മങ്ങളിലും ഏര്‍പെടാതെ  നിഷ്‌ക്രിയമായിപ്പോകുന്നത് സൂക്ഷിക്കുക.സദാ കര്‍മനിരതനാകാന്‍സഹായിക്കുംവിധം ബന്ധുജനങ്ങളില്‍നിന്നാരെയെങ്കിലും കൂടെക്കൂട്ടുക.
ഭര്‍ത്താവ് മരണപ്പെട്ട സ്ത്രീയെ സംബന്ധിച്ചിടത്തോളം ഇദ്ദയാചരിക്കേണ്ടത് നാലുമാസവും പത്തുദിവസവുമാണ്.താങ്കളുടെ ദുഃഖത്തില്‍ ഞാനും പങ്കുചേരുന്നു അല്ലാഹു താങ്കളില്‍നിന്ന് ദുഃഖവും പ്രയാസവും നീക്കിത്തരുമാറാകട്ടെ.അല്ലാഹുവിന്റെ കാരുണ്യം സദാ താങ്കളുടെ മേല്‍ വര്‍ഷിക്കുമാറാകട്ടെ!


(മര്‍യം ബാശ്മീര്‍ മാനസികാരോഗ്യമേഖലയില്‍ കഴിഞ്ഞ 15 വര്‍ഷമായി പ്രവര്‍്ത്തിച്ചുകൊണ്ടിരിക്കുന്ന ക്ലിനികല്‍ സൈകോളജിസ്റ്റാണ്. അര്‍ഗോസി യൂണിവേഴ്‌സിറ്റിയില്‍ വിസിറ്റിങ് പ്രൊഫസറായിരുന്നു. ലേഖനകളും ആര്‍ട്ടിക്കിളുകളും പത്രമാസികകളിലും സൈബര്‍ലോകത്തും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്).