2013, സെപ്റ്റംബർ 28, ശനിയാഴ്‌ച

കാള പെറ്റെന്നു കേള്‍ക്കുമ്പോള്‍(.(; (.അഡ്വ;നൂര്‍ബിന റഷീദ്)

കാള പെറ്റെന്ന് കേള്‍ക്കുമ്പോഴേക്ക് കയര്‍ എടുക്കുന്നവരാണ് ചുറ്റും. മുസ്‌ലിം സമുദായത്തിലെ വിവിധ സംഘടനകള്‍ ചേര്‍ന്നു വ്യക്തിനിയമവും ശിക്ഷാനിയമവും തമ്മിലുള്ള പരസ്പരവിരുദ്ധതയെ ചോദ്യം ചെയ്തു സുപ്രീംകോടതിയെ സമീപിക്കുവാന്‍ തീരുമാനിച്ചു എന്നു കേട്ടതും വിഷ്വല്‍ മീഡിയകളും പുരോഗമനവാദികളെന്നു സ്വയം വിശേഷിപ്പിക്കുന്നവരും കൂടി മുസ്‌ലിം സമുദായത്തെ കരിവാരിതേക്കുന്ന രീതിയിലുള്ള ചര്‍ച്ചകള്‍ നടന്നുവരികയാണ്.

എക്കാലവും മതേതരത്വത്തില്‍ ഊന്നിനിന്ന് മതസൗഹാര്‍ദം ഊട്ടിയുറപ്പിച്ചും ഭരണഘടന നല്‍കിയ മതസ്വാതന്ത്ര്യം അനുഭവിച്ചും ജീവിച്ചുവരുന്നവരാണ് ഇന്ത്യയിലെ മുസ്‌ലിംകള്‍. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയെ മറ്റു രാജ്യങ്ങളില്‍ നിന്നു ഭിന്നമാക്കുന്നത്. ഇന്ത്യയില്‍ നാനാജാതി മതസ്ഥര്‍ ഏകോദര സോദരങ്ങളെപോലെ ജീവിക്കുന്നുമുണ്ട്. ഭരണഘടന നല്‍കിയ അവകാശമാണ് മതസ്വാതന്ത്ര്യം.

ഓരോ പൗരനും അവനവന്‍ വിശ്വസിക്കുന്ന മതാടിസ്ഥാനത്തില്‍ ജീവിക്കുവാനും മരിക്കുവാനുമുള്ള അവകാശം ഓരോ മത വിഭാഗങ്ങള്‍ക്കും ഭരണഘടന നല്‍കിയിട്ടുണ്ട്. വിവാഹം, വിവാഹ മോചനം, സ്വത്തവകാശം എന്നിവയൊക്കെ തീരുമാനിക്കുന്നതും വ്യക്തിനിയമത്തിനനുസരിച്ചാണ്. ഇത്തരം കാര്യങ്ങള്‍ ഓരോ വ്യക്തിനിയമത്തിലും വ്യത്യസ്തമാണ് എന്ന സത്യവും നമുക്കു നിരാകരിക്കുവാന്‍ സാധിക്കുകയില്ല.

ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്ത് ഇന്ത്യയില്‍ എല്ലാ മത വിഭാഗങ്ങളിലും ശൈശവ വിവാഹം സര്‍വ്വസാധാരണയായതിനാല്‍ ശൈശവ വിവാഹം നിരുത്സാഹപ്പെടുത്തുന്നതിനും തടയുന്നതിനും വേണ്ടിയാണ് 1929ല്‍ ശൈശവ വിവാഹം വിലക്കിക്കൊണ്ട് ചൈല്‍ഡ് മാര്യേജ് റിസ്ട്രയിന്റ് ആക്ട് (ഠവല രവശഹറ ാമൃൃശമഴല ൃലേെൃമശി േഅര,േ 1929) കൊണ്ടുവന്നത്. 12 വകുപ്പുകള്‍ മാത്രമുള്ള പ്രസ്തുത നിയമത്തില്‍പോലും ശൈശവ വിവാഹമായി എന്നത് കൊണ്ട് അത്തരം വിവാഹങ്ങളെ അസാധുവാക്കുന്നില്ല.

കൂടാതെ ശൈശവ വിവാഹം ചെയ്യുന്ന പുരുഷനും ചെയ്തുകൊടുക്കുന്ന പുരോഹിതനും രക്ഷിതാക്കള്‍ക്കും വളരെ ചെറിയ തോതിലുള്ള ശിക്ഷയും നിര്‍വചിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ വിവാഹത്തിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞാല്‍ യാതൊരു വിധത്തിലുള്ള കേസുകളും എടുക്കുവാനോ ശിക്ഷാ നടപടികള്‍ നടപ്പിലാക്കുവാനോ പാടില്ല എന്നും പ്രസ്തുത നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

1860-ല്‍ ഇന്ത്യക്കുവേണ്ടി ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയ ശിക്ഷാ നിയമത്തില്‍ 494 വകുപ്പുപ്രകാരം പുരുഷന്മാരോ സ്ത്രീകളോ ഒരു വിവാഹബന്ധം നിലനില്‍ക്കുമ്പോള്‍ വീണ്ടും വിവാഹിതനായാല്‍ അയാള്‍ ശിക്ഷാര്‍ഹമായ കുറ്റം ചെയ്തതായി കണക്കാക്കുവാനും അയാളെ ഏഴ് വര്‍ഷം വരെ ജയില്‍ ശിക്ഷ നല്‍കാവുന്ന രീതിയില്‍ നിയമപ്രകാരം ശിക്ഷിക്കുവാനും സാധിക്കും.

എന്നാല്‍ മുസ്‌ലിം സമുദായത്തിലുള്ളവര്‍ക്കു അവരുടെ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം തുടങ്ങിയ കാര്യങ്ങള്‍ അവരുടെ വ്യക്തിനിയമമായ ശരീഅത്ത് അനുസരിച്ച് ആവണമെന്നത് മനസിലാക്കിയ ബ്രിട്ടീഷുകാര്‍ 1937-ല്‍ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് എന്ന നിയമനിര്‍മ്മാണത്തിലൂടെ ശരീഅത്ത് അനുസരിച്ച് വ്യക്തിജീവിതം നയിക്കുവാന്‍ അവസരം ഒരുക്കി.

സ്വതന്ത്ര ഭാരതത്തിലും ഭരണഘടനാ ശില്‍പികള്‍, മതസ്വാതന്ത്ര്യം മൗലികാവകാശമാക്കി. അതുപ്രകാരം ഹിന്ദു - മുസ്‌ലിം - ക്രിസ്ത്യന്‍ - സിക്ക് തുടങ്ങി വ്യത്യസ്ത മതവിശ്വാസികള്‍ അവരുടെ മത നിയമങ്ങള്‍ക്കനുസരിച്ച് ജീവിച്ചുവന്നു. എന്നാല്‍ ദുര്‍ബലമായ ഠവല രവശഹറ ാമൃൃശമഴല ൃലേെൃമശി േഅര േ1929നെ പൂര്‍ണ്ണമായും റദ്ദ് ചെയ്തുകൊണ്ട് 2006-ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് The prohibition of child marriage Act 2006 എന്ന നിയമം കൊണ്ടുവന്നു. ബ്രിട്ടീഷുകാര്‍ കൊണ്ടുവന്ന ഇന്ത്യയിലെ ശൈശവ വിവാഹം വിലക്കികൊണ്ടുള്ള നിയമത്തെ കുറച്ചുകൂടി കാഠിന്യപ്പെടുത്തികൊണ്ട് ശൈശവ വിവാഹത്തെ നിരോധിക്കുന്നതിനുവേണ്ടി ശൈശവ വിവാഹം നിരോധന നിയമം 2006-ല്‍ കൊണ്ടുവന്നു.

എന്നാല്‍ 2006-ല്‍ ഇന്ത്യന്‍ പാര്‍ലിമെന്റ് ശൈശവ വിവാഹ നിരോധന നിയമം ഉണ്ടാക്കിയപ്പോള്‍ ആ നിയമത്തില്‍പോലും ശൈശവ വിവാഹം ആയതുകൊണ്ട് പ്രസ്തുത വിവാഹം അസാധുവാകുന്നില്ല. കൂടാതെ വിവാഹം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളില്‍ ശൈശവ വിവാഹത്തിനെതിരെ കേസ് എടുത്തിട്ടില്ലെങ്കില്‍ പിന്നീട് ഒരിക്കലും ശൈശവ വിവാഹത്തിന്റെ പേരുപറഞ്ഞ് ആര്‍ക്കെതിരെയും കേസുകള്‍ എടുക്കുവാന്‍ സാധിക്കുകയില്ല എന്ന് നിയമം അനുശാസിക്കുന്നു.

1955-ല്‍ ഹിന്ദു മാര്യേജ് ആക്ട് നിലവില്‍വന്നപ്പോള്‍ ഹിന്ദുവിവാഹം നടക്കാനുള്ള നിബന്ധനകളില്‍ ഒന്ന് പുരുഷനു 21 വയസ്സും സ്ത്രീക്ക് 18 വയസ്സും പൂര്‍ത്തിയാവണമെന്നായിരുന്നു പ്രസ്തുത നിയമത്തിലെ 5-ാം വകുപ്പിലെ 3-ാം ഉപവകുപ്പില്‍ പ്രതിപാദിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ വിവാഹപ്രായം എല്ലാ പൗരന്മാര്‍ക്കും ഒരുപോലെയാണ് എന്നുപറഞ്ഞ് ഇന്നു വരെയും ഒരു നിയമം നിര്‍മ്മിച്ചിട്ടില്ല. ശൈശവ വിവാഹ നിരോധന നിയമപ്രകാരം ശിശു നിര്‍വ്വചനത്തില്‍ 18 വയസ്സിനു താഴെയുള്ള സ്ത്രീയും 21 വയസ്സിനു താഴെയുള്ള പുരുഷനും എന്ന നിര്‍വ്വചനമാണ്. എന്നാല്‍ നമ്മുടെ നാട്ടില്‍ നിലവിലുള്ള ശരീഅത്ത് ആപ്ലിക്കേഷന്‍ നിയമവും 2006-ല്‍ പാസാക്കിയ ശൈശവ വിവാഹ നിരോധന നിയമവും തമ്മില്‍ പരസ്പര വിരുദ്ധത നിലവില്‍വന്നു.

ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 494 വകുപ്പ് (ഒന്നിലധികം സ്ത്രീകളെ ഒരേസമയത്ത് ഭാര്യമാരായി സ്വീകരിക്കുക എന്നത് ഏഴ് വര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണ്). മുസ്‌ലിം സമുദായത്തിനു ബാധകമല്ലാത്തത് പോലെ 1937ലെ ശരീഅത്ത് ആപ്ലിക്കേഷന്‍ ആക്ട് പ്രകാരം ശൈശവ വിവാഹ നിരോധന നിയമത്തിന്റെ പരിധിയില്‍ മുസ്‌ലിം സമുദായം വരില്ല എന്ന ക്ലാരിഫിക്കേഷനുവേണ്ടിയാണ് ഇന്ത്യയിലെ പരമോന്നത നീതിപീഠമായ സുപ്രീംകോടതിയെ സമീപിക്കുന്നത്. ഒരു നിയമത്തിന്റെ വ്യാഖ്യാനങ്ങളിലും വ്യത്യസ്ത നിയമങ്ങളിലുള്ള പരസ്പരവിരുദ്ധമായ കാര്യങ്ങളിലും വ്യക്തത വരുത്തേണ്ടവരാണ് ഉന്നത നീതിപീഠങ്ങള്‍.

ഒരു വിഭാഗം പേര്‍ സുപ്രീംകോടതിയെ സമീപിക്കുന്നതില്‍ എന്തിനാണ് ഇത്ര വലിയ മുറവിളികള്‍. സുപ്രീംകോടതി തീരുമാനിക്കട്ടെ, നിയമത്തിലെ പരസ്പര വിരുദ്ധത. മുസ്‌ലിംസമുദായത്തിലെ സംഘടനാ മേധാവികള്‍ചേര്‍ന്ന് പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കുവാന്‍പോകുന്നു എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ തീര്‍ത്തും ഖേദകരമാണ്.

ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസപരമായി ഉയര്‍ന്നുകൊണ്ടിരിക്കുന്ന വസ്തുത കാണാതെപോകുന്നു. വിദ്യാഭ്യാസ പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുന്ന മുസ്‌ലിം സമുദായത്തില്‍ ശൈശവ വിവാഹങ്ങളും മറ്റുള്ള അനാചാരങ്ങളും ദുരാചാരങ്ങളും കുറഞ്ഞുവരുന്നു. ശൈശവ വിവാഹം എന്തുകൊണ്ടും പ്രോത്സാഹിപ്പിക്കുവാന്‍ പാടില്ലാത്തതാണ്. തീര്‍ത്തും നിരുല്‍സാഹപ്പെടുത്തേണ്ട ഒന്നായി ശൈശവ വിവാഹത്തെ മുസ്‌ലിം സമുദായം ഏറ്റെടുത്തുകഴിഞ്ഞു.