മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട വിവാദം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണല്ലോ . സാധാരണത്തേതില്‍ നിന്ന് വ്യത്യസ്തമായി യാഥാസ്തിക-പണ്ഡിത നിലപാടുകള്‍ക്കെതിരെ ശക്തവും ഗുണപരവുമായ ഒരു വ്യതിയാനം മുസ്ലിം സംഘടനകള്‍ക്കിടയില്‍ നിന്നും ലീഗിന്റെ വിദ്യാര്‍ത്ഥി-യുവജന വിഭാഗങ്ങളില്‍ നിന്നും ഉണ്ടായി എന്നുള്ളത് എടുത്തു പറയത്തകതാണ് . മലപ്പുറം ജില്ലയിലെ M.E.S മാനേജ്മെന്റ് എയ്ഡഡ് കോളേജുകളില്‍ പഠിക്കുന്ന 4040 മുസ്ലിം പെണ്‍കുട്ടികള്‍ക്കിടയില്‍ അവരുടെ വിവാഹപ്രായവുമായി ബന്ധപ്പെട്ട് നടത്തിയ സര്‍വേയുടെ ഫലം എല്ലാവരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ് . വോട്ടിങ്ങില്‍ പങ്കെടുത്ത 4040 മുസ്ലിം വിദ്യാര്‍ത്ഥിനികളില്‍ 4004 പേരും പെണ്‍കുട്ടികളുടെ വിവാഹപ്രായം പതിനെട്ടായി നിജപ്പെടുത്തണമെന്ന് അഭിപ്രായപ്പെട്ടവരാണെന്ന് കേട്ടപ്പോള്‍ സന്തോഷം മാത്രമല്ല അഭിമാനവും തോന്നി . പതിനെട്ട് വയസ്സിന് മുമ്പ് പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ അവര്‍ 'വഴി പിഴച്ചുപോകു'മെന്ന വാദം ഏത്ര അര്‍ത്ഥശൂന്യമാണ്' . മുസ്ലിം സാന്ദ്രീകൃത മേഘലകളിലുള്ള എല്ലാ കോളേജുകളിലും ആണ്‍കുട്ടികളുടെ ഇരട്ടിയിലധികമാണ് പെണ്‍കുട്ടികളുടെ എണ്ണം . മുസ്ലിം വിദ്യാര്‍ത്ഥികളെ മാത്രം എടുത്താല്‍ അവരിലെ പെണ്‍കുട്ടികള്‍ 70 ശതമാനത്തിലധികമാണെന്ന് കാണാം . എന്‍ജിനീയറിങ്ങ് കോളേജുകള്‍ , പോളിടെക്നിക്കുകള്‍ , ITIകള്‍ എന്നിവയില്‍ മാത്രമായിരിക്കും ഇതിനൊരു അപവാദം ചൂണ്ടികാണിക്കാനാവുക . നമ്മുടെ കോളേജുകളിലും സര്‍വകലാശാലകളിലും പഠിക്കുന്ന അവിവാഹിതരായ മുസ്ലിം പെണ്‍കുട്ടികള്‍ വഴികേടിലാണെന്ന് വിശ്വസിക്കാന്‍ നമുക്കെങ്ങനെ കഴിയും? മുസ്ലിം പെണ്‍കുട്ടുകള്‍ക്ക് അറിവിന്റെ കവാടങ്ങള്‍ കൊട്ടിയടക്കപ്പെട്ടിരുന്ന ഒരു ശപിക്കപ്പെട്ട കാലം കഴിഞ്ഞുപോയിട്ടുണ്ട് . ആ കരിമ്പടം വലിച്ചു കീറി തീയിട്ടു കരിച്ച് അറിവിന്റെ ജാലകം അവര്‍ക്കു മുമ്പില്‍ തുറന്നുവെച്ച പരിഷ്ക്കര്‍ത്താക്കളുടെ മുഖത്ത് കാര്‍ക്കിച്ചു തുപ്പാനാണ് ചില മുസ്ലിം പണ്ഡിതന്മാര്‍ ശ്രമിച്ചത് . മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കാനുള്ള സമസ്തയുടെ നീക്കത്തെ എതിര്‍ത്തുകൊണ്ട് എന്റെ സുഹൃത്തും മുസ്ലിം യൂത്ത് ലീഗ് അഖിലേന്ത്യാ കണ്‍വീനറുമായ K.P ഫിറോസ് മാതൃഭൂമി ദിനപത്രത്തില്‍ 24/9/2013 ന് എഴുതിയ ലേഖനം അര്‍ത്ഥവത്തായിരുന്നു . ഏന്റെ അനുജസഹോദരന്മാരായ യൂത്ത് ലീഗ് പ്രസിഡന്റ് സാദ്ദിഖലിയും MSF പ്രസിഡന്റ് അഷ്റഫലിയും ഇക്കാര്യത്തില്‍ നടത്തിയ പ്രസ്താവനകളും അഭിനന്ദനീയമാണ് . മുസ്ലിം ലീഗിന്റെ മുതിര്‍ന്ന നേതാക്കള്‍ ചെയ്യേണ്ട ധര്‍മം അവര്‍ ചെയ്യാതെ വന്നപ്പോള്‍ പ്രസ്തുത ധര്‍മം അവരിലെ തന്നെ കുട്ടികളും യുവാക്കളും ഏറ്റെടുക്കേണ്ടി വന്നതാവണം . ഈ ശബ്ദം അവഗണിക്കാനാണ് പണ്ഡിതന്മാരുടെയും സമുദായ നേതൃത്വത്തിന്റയും തീരുമാനമെങ്കില്‍ കാലം അവരെ 'അറു പിന്തിരിപ്പന്മാര്‍' എന്ന് ചാപ്പ കുത്തും , തീര്‍ച്ച .