2013, നവംബർ 23, ശനിയാഴ്‌ച

നീ വായിക്കുക, സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍.

Written by സയ്യിദ് ഖുതുബ്

രക്തപിണ്ഡത്തില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. നീ വായിക്കുക! നിന്റെ നാഥന്‍ അത്യുദാരന്‍! പേനകൊണ്ട് പഠിപ്പിച്ചവന്‍! അറിയത്തതൊക്കെയും അവന്‍ മനുഷ്യനെ പഠിപ്പിച്ചു.
ഖുര്‍ആനിന്റെ ആദ്യാവതരണത്തോടനുബന്ധിച്ച് നബി(സ)ക്കുണ്ടായ അനുഭവങ്ങളും വറഖത്തുബ്‌നു നൗഫലിന്റെ നിരീക്ഷണങ്ങളുമെല്ലാം നാം പലകുറി വായിച്ചിട്ടുണ്ട്.
എന്നാല്‍, എന്നെ
 സംബന്ധിച്ചിടത്തോളം സംഗതി അങ്ങനെയല്ല.
ഇതൊരു മഹത്തായ സംഭവംതെന്നയാണ്. അതിഗംഭീരമായ ഒന്ന്. ഒരു പരിധിയും നിര്‍ണയിക്കാനാവാത്ത ഒരു സംഭവം. ഇന്ന്, ഈ സംഭവത്തിന്റെ ഗാംഭീര്യത്തെ ഒന്ന് മനസിലാക്കാന്‍ ശ്രമിച്ചാല്‍, അതിന്റെ പല വശങ്ങളും നമ്മുടെ വിഭാവനങ്ങള്‍ക്കു പുറത്തു നില്‍ക്കുകയേയുള്ളൂ.
എല്ലാ അര്‍ഥത്തിലും ഇതൊരു ഗംഭീരസംഭവമാണ്. മനുഷ്യവര്‍ഗത്തിന്റെ ജീവിതത്തില്‍ത്തന്നെ വമ്പിച്ച സ്വാധീനം ചെലുത്തിയ ഒരു സംഭവം. ഈ സംഭവമുണ്ടായ നിമിഷമാണ് ഈ ഭൂമിയുടെ സുദീര്‍ഘമായ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം!
എന്താണ് പ്രസ്തുത നിമിഷത്തിലുണ്ടായ ഈ സംഭവത്തിന്റെ യഥാര്‍ഥ പ്രകൃതം?
മഹാപ്രഭാവനും അതുല്യപ്രതാപവാനും സര്‍വാധിനാഥനും രാജാധിരാജനുമായ അല്ലാഹു, ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണില്‍, ഭൂമിയില്‍ ഇേന്നവരെ ആരുമറിയാത്ത ഒരു മനുഷ്യന്റെ നേര്‍ക്കു തിരിയുന്നു. ദിവ്യപ്രയോഗത്തിന്റെ പതനസ്ഥാനവും ദൈവികയുക്തിയുടെ നിക്ഷേപകേന്ദ്രവും ദൈവിക വചനങ്ങളുടെ പ്രഭവസ്ഥാനവുമായിത്തീരാനായി അല്ലാഹു തിരഞ്ഞെടുത്തതിലൂടെ ഈ മനുഷ്യന്‍ അങ്ങേയറ്റം ആദരണീയനായിത്തീരുന്നു. അതുവഴി അദ്ദേഹം ഈ സൃഷ്ടിയുടെ കാര്യത്തിലെ ദൈവവിധിയുടെ ഒരു നിമിത്തമായിത്തീരുന്നു.

ഇതൊരു മഹാസത്യമാകുന്നു. അതിരുകള്‍ നിര്‍ണയിക്കാനാവാത്തവിധം മഹത്തരമായ യാഥാര്‍ഥ്യം. അനാദിയും അനന്തവും കേവലവുമായ ദൈവികസത്തയെ -കഴിയുംവിധം- വിഭാവനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ഇതിന്റെ മഹത്ത്വത്തിന്റെ ചില വശങ്ങളെങ്കിലും നമുക്കു വ്യക്തമാവുക. അതിന്റെ തണലില്‍ നിന്നുകൊണ്ട്, നശ്വരവും പരിമിതവുമായ ഈ മനുഷ്യസ്വത്വത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോള്‍, മനുഷ്യന്‍ എന്ന ഈ സൃഷ്ടിക്ക് എത്രവലിയ പരിഗണനയാണ് ദൈവം നല്‍കിയിരിക്കുതെന്ന് അപ്പോള്‍ മനസ്സിലാവും. അതിന്റെ മാധുര്യം നമുക്ക് അനുഭവിക്കാനാകും. ഭക്തിയോടും നന്ദിയോടും നിര്‍വൃതിയോടും പ്രാര്‍ഥനയോടും കൂടി അതിനെ ഉള്‍ക്കൊള്ളാനാവും. അല്ലാഹുവിന്റെ വചനങ്ങളെ അയാള്‍ സമൂര്‍ത്തമായി കാണുകയും ഈ പ്രപഞ്ചസാകല്യം മുഴുവന്‍ അതിനോട് പ്രതികരിക്കുന്നതിനു സാക്ഷിയാവുകയുമാണല്ലോ; അതും പ്രപഞ്ചത്തിന്റെ ഒരു വിദൂരകോണില്‍നിന്നുകൊണ്ട് !
എന്താണ് ഈ സംഭവത്തിന്റെ അര്‍ഥം ?

ഒന്നാമത്തെ അര്‍ഥം അത്യുദാരനും പരമകാരുണ്യവാനുമായ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും ഔദാര്യവുമാണിത് എന്നാകുന്നു. അവന്റെ ദാനത്തിന് കാരണങ്ങളും ഉപാധികളുമില്ല. ഈ ദാനവും ഔദാര്യവും അവന്റെ ഉദാത്തമായ സ്വത്വഗുണങ്ങളില്‍ പെട്ടവയാണ്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം മഹാപ്രഭാവനായ അല്ലാഹു ഇതുവഴി അവനെ ആദരിച്ചിരിക്കുന്നു എതാണ്. ഈ ആദരവിന്റെ മഹത്ത്വം വിഭാവനം ചെയ്യാനോ അതിനുചിതമായ നന്ദി പ്രകാശിപ്പിക്കാനോ അവനു സാധ്യമല്ല. ആയുഷ്‌കാലം മുഴുവന്‍ സുജൂദില്‍ കിടന്നാലും ഈ നന്ദിയും കടപ്പാടും വീട്ടിത്തീര്‍ക്കാനാവില്ല. മനുഷ്യന്‍ എന്ന ഈ സൃഷ്ടിയെ അല്ലാഹു ഓര്‍ത്തതും അവനിലേക്കു തിരിഞ്ഞതും അവനുമായി ബന്ധം പുലര്‍ത്തിയതും അവന്റെ വര്‍ഗത്തില്‍ നിന്നൊരാളെ തന്റെ വചനബോധനത്തിനു തിരഞ്ഞെടുത്തതും, അവന്റെ വാസസ്ഥലമായ ഭൂമിയെ ആ ദൈവിക വചനങ്ങളുടെ പതനസ്ഥാനമാക്കിയതും പ്രപഞ്ചത്തിന്റെ ദിഗന്തങ്ങള്‍പോലും അതുമായി ഭക്ത്യാദരങ്ങളോടെ പ്രതികരിക്കാനാടിയാക്കിയതുമെല്ലാം എങ്ങനെയാണ് ഈ ദുര്‍ബലസൃഷ്ടിയുടെ നന്ദിപ്രകാശനംകൊണ്ട് വീട്ടിത്തീര്‍ക്കാനാവുക?

മനുഷ്യ ജീവിതത്തില്‍ ഈ മഹാസംഭവത്തിന്റെ പ്രതിഫലനമാകട്ടെ, അതിന്റെ പ്രഥമനിമിഷം മുതല്‍ക്കുതന്നെ ആരംഭിക്കുകയും ചെയ്തു. മനുഷ്യമനസിനെ മാറ്റിമറിച്ചതിലൂടെ ചരിത്രത്തിന്റെ ഗതിതന്നെ അത് തിരുത്തിക്കുറിച്ചു.മനുഷ്യന്‍ അവന്റെ ദര്‍ശനങ്ങളും മൂല്യങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുന്ന ദിശ ഏകീകരിക്കപ്പെട്ടു. അത് ഇനിമേല്‍ ഈ ഭൂമിയോ മനുഷ്യന്റെ ഇഛയോ ആയിരിക്കില്ല; അത് ആകാശവും ദിവ്യബോധനവുമായിരിക്കും എന്നു തീരുമാനിക്കപ്പെട്ടു.

ഈ യാഥാര്‍ഥ്യം ആത്മാവില്‍ വേരൂന്നിയ നിമിഷം മുതല്‍ ഭൂമിയിലെ മനുഷ്യര്‍ അല്ലാഹുവിന്റെ പ്രത്യക്ഷവും നേര്‍ക്കുനേരെയുള്ളതുമായ പരിരക്ഷയുടെ മടിത്തട്ടില്‍ ജീവിക്കാന്‍ തുടങ്ങി. തങ്ങളുടെ ചെറുതും വലുതുമായ എല്ലാകാര്യങ്ങളിലും അവര്‍ അപ്പോള്‍ മുതല്‍ അല്ലാഹുവിലേക്കു നോക്കാന്‍ തുടങ്ങി. അല്ലാഹുവിന്റെ കണ്ണുകള്‍ക്കുതാഴെയായി അവര്‍ ചലിക്കാന്‍ തുടങ്ങി. സ്വന്തം കൈനീട്ടി തങ്ങളുടെ ഓരോ ചുവടും മുന്നോട്ടുവെക്കാന്‍ അവന്‍ സഹായിക്കുമെന്നും തെറ്റുകളില്‍ നിന്ന് വീണ്ടെടുക്കുമെന്നും ശരികളിലേക്കു നയിക്കുമെന്നും പ്രതീക്ഷിക്കാന്‍ തുടങ്ങി. തങ്ങളുടെ മനസിലുള്ള ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടും, 'ഇതാ ഇത് സ്വീകരിക്കൂ... അത് ഉപേക്ഷിക്കൂ...' എന്നൊക്കെ പറഞ്ഞുകൊണ്ടും അല്ലാഹുവില്‍ നിന്ന് വഹ്‌യിറങ്ങുമെന്നു കാത്തുകൊണ്ടാണ് ഓരോ രാവും അവര്‍ തള്ളിനീക്കിയത്! സത്യമായും, വളരെ അത്ഭുതകരമായ ഒരു കാലഘട്ടമായിരുു അത്. തുടര്‍ച്ചയായ ഇരുപത്തിമൂന്നു സംവത്സരങ്ങള്‍! മനുഷ്യ വര്‍ഗവും ദിവ്യസന്നിധാനവുമായുള്ള ഋജുവായ ഈ സമ്പര്‍ക്കം അത്രയും കാലം നീണ്ടുനിന്നു! ആ കാലത്തു ജീവിച്ചവര്‍ക്കു മാത്രമേ വാസ്തവത്തില്‍ അതിന്റെ യാഥാര്‍ഥ്യം വിഭാവനം ചെയ്യാനാവൂ. ആ ബാന്ധവത്തിന് ആദ്യന്തം സാക്ഷിയായവര്‍ക്ക്... അതിന്റെ മാധുര്യം നേരിട്ടനുഭവിച്ചവര്‍ക്ക്... ദൈവത്തിന്റെ കൈകള്‍ തങ്ങളെ നേര്‍വഴിയിലൂടെ നയിക്കുന്നതായറിഞ്ഞവര്‍ക്ക്... തങ്ങള്‍ എവിടെനിന്നു യാത്ര തുടങ്ങിയെന്നും എവിടെ ചെന്നവസാനിച്ചുവെന്നും കണ്ടവര്‍ക്ക്!! ഭൂമിയിലെ ഒരു മാനദണ്ഡം കൊണ്ടും അളക്കാനാവാത്ത മഹാദൂരമാണത്! ഈ പ്രപഞ്ചത്തിലെ ഒരു ദൂരവും അതിനുസമമല്ല! ലക്ഷക്കണക്കായ പ്രകാശവര്‍ഷങ്ങള്‍ നീണ്ട അണ്ഡകടാഹ ദുരങ്ങള്‍ അതിനു തുല്യമല്ല! ഭൂമിയിലെ ആഹാരത്തിനും ആകാശത്തിലെ ആഹാരത്തിനുമിടയ്ക്കുള്ള ദൂരമാണത്. മനുഷ്യന്റെ ഇഛയ്ക്കും ദൈവത്തിന്റെ ബോധനത്തിനുമിടയ്ക്കുള്ള ദൂരം. ജാഹിലിയ്യത്തിനും ഇസ്‌ലാമിനുമിടയ്ക്കുള്ള... മനുഷ്യത്വത്തിനും ദൈവത്വത്തിനുമിടയിലുള്ള...
അവര്‍ ആ ജീവിതത്തിന്റെ രുചിയറിഞ്ഞവരായിരുന്നു; മാധുര്യം അനുഭവിച്ചവരായിരുന്നു; മൂല്യം മനസിലാക്കിയവരായിരുന്നു... ദൈവദൂതന്‍ ഉത്തുംഗസിധാനത്തിലേക്കു യാത്രയായപ്പോള്‍ അതിന്റെ നഷ്ടം അവര്‍ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ, ആ അത്ഭുത കാലഘട്ടം കഴിഞ്ഞു. ഇനി ഒരിക്കല്‍ കൂടി സമൂര്‍ത്തമായും യഥാര്‍ഥമായും സംഭവിക്കാതെ ബുദ്ധിക്ക് അതിനെ വിഭാവനം ചെയ്യാനാവില്ല!  

'അനസുബ്‌നു മാലിക് നവേദനം ചെയ്യുന്നു: ദൈവദൂതന്റെ നിര്യാണത്തിനു ശേഷം ഒരു ദിവസം അബൂബക്കര്‍ ഉമറിനോട് പറഞ്ഞു: നമുക്കൊന്ന് ഉമ്മുഅയ്മന്റെ വീടുവരെ പോകാം. ദൈവദൂതന്‍ അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നല്ലോ. അവരിരുവരും ചെന്നപ്പോള്‍ ഉമ്മുഅയ്മന്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ ആ സ്ത്രീയോട് ചോദിച്ചു: എന്തിനാണ് നിങ്ങള്‍ കരയുന്നത്? ദൈവദൂതന് അല്ലാഹുവിന്റെ സന്നിധിയില്‍ ഉത്തമജീവിതം ലഭിക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ?
അവര്‍ പറഞ്ഞു: അതെ. ദിവ്യസന്നിധിയിലെ ജീവിതമാണ് തിരുദൂതന് കൂടുതല്‍ ഉത്തമം എന്ന് തീര്‍ച്ചയായും എനിക്കറിയാം. പക്ഷെ, ഞാന്‍ കരഞ്ഞത് ആകാശത്തുനിന്ന് ഇനി വഹ്‌യ് വരില്ലല്ലോ എന്നോര്‍ത്താണ്.
ഇതുകേട്ടപ്പോള്‍ സന്ദര്‍ശകര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.... (മുസ്‌ലിം)'

മനുഷ്യജീവിതത്തില്‍ ആ കാലഘട്ടത്തിന്റെ സ്വാധീനം ആ നിമിഷം മുതല്‍ ഈ നിമിഷം വരെ ഇങ്ങനെയായിരുന്നു. ഈ ഭൂമിയെ അല്ലാഹു അനന്തരമെടുക്കുന്ന കാലം വരെ അതങ്ങനെയായിരിക്കുകയും ചെയ്യും.
ഭൂമിയ്ക്കുപകരം ആകാശത്തുനിന്നുള്ള മൂല്യങ്ങളോടെ... ഇഛക്കുപകരം വഹ്‌യില്‍നിുള്ള നിയമങ്ങളോടെ... മനുഷ്യന്‍ അങ്ങനെ വീണ്ടും പിറവിയെടുത്തു.
ചരിത്രം അന്നുമുതല്‍, മുമ്പില്ലാത്ത വിധം ഗതിമാറി ഒഴുകാന്‍ തുടങ്ങി. ഇത് ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കാലത്തിനും സംഭവങ്ങള്‍ക്കും മായ്ക്കാനാവാത്ത വിധം തെളിഞ്ഞതും ഉയര്‍ന്നതുമായ വഴിയടയാളങ്ങള്‍ അന്ന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടു. മുമ്പെങ്ങും ഇവ്വിധം വ്യക്തമായിട്ടില്ലാത്ത പുതിയൊരു ജീവിതവീക്ഷണവും പ്രപഞ്ചദര്‍ശനവും മൂല്യവിചാരവും അങ്ങനെ മനുഷ്യ മനസില്‍ അസ്തിത്വം പൂണ്ടു. ഭൗമികപരിഗണനകളില്‍ നിന്ന് മുക്തമായും മനുഷ്യജീവതയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടും ഇവ്വിധം സ്വതന്ത്രവും ശുദ്ധവും സമഗ്രവുമായ ഒരു ദര്‍ശനം ഇതിനുശേഷം ഉണ്ടായിട്ടുമില്ല. ഈ ദൈവിക വ്യവസ്ഥിതിയുടെ സ്തംഭങ്ങള്‍ അന്ന് ഭൂമിയിയില്‍ സ്ഥാപിക്കപ്പെട്ടു! അതിന്റെ വഴികളും വരകളും വ്യക്തമാവുകയും ചെയ്തു! ഖുര്‍ആന്‍ തന്നെ പറഞ്ഞപോലെ  'നശിക്കേണ്ടവര്‍ ന്യായത്തോടെ നശിക്കാനും ജീവിക്കേണ്ടവര്‍ ന്യായത്തോടെ ജീവിക്കാനും' വേണ്ടി... (അന്‍ഫാല്‍:42) ഇതില്‍ അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ല. വേണ്ടവര്‍ക്ക് നേര്‍വഴിയറിഞ്ഞുകൊണ്ടുതന്നെ പിഴച്ച വഴിക്കുപോകാം... മനഃപൂര്‍വം തെറ്റുചെയ്യാം...
അനുപമമായ ഒരു നിമിഷത്തില്‍ സംഭവിച്ച ഒരു നിര്‍ണായക സംഭവമായിരുന്നു വഹ്‌യിന്റെ ആരംഭം. അതോടെ ഭൂമിയിലെ ഒരു യുഗം അവസാനിച്ച് മറ്റൊരു യുഗത്തിന് തുടക്കം കുറിച്ചു. ഏതെങ്കിലും ഒരു ദേശത്തിന്റെയോ തലമുറയുടെയോ അല്ല, മനുഷ്യവംശത്തിന്റെ തന്നെ ചരിത്രത്തിലെ ഒരു നിര്‍ണായക മുഹൂര്‍ത്തമായിരുന്നു അത്. പ്രപഞ്ചത്തിന്റെ മൂര്‍ദ്ധാവില്‍ അതു രേഖപ്പെട്ടു കിടക്കുന്നുണ്ട്; മനുഷ്യന്റെ മനസ്സാക്ഷിയിലും! മറക്കാനാവാത്ത ആ മഹല്‍സ്മരണയെ മനസ്സാക്ഷി ഒന്നു വീണ്ടെടുക്കുക മാത്രമേ വേണ്ടൂ. മാനവികതയുടെ പുതുപിറവിക്ക് കാലം ഒരുവട്ടം മാത്രമേ സാക്ഷിയായിട്ടുള്ളൂ എന്ന സത്യം സദാ ഓര്‍മിക്കുകയും...

('ഖുര്‍ആന്റെ തണലില്‍' നിന്ന്)