2013, നവംബർ 12, ചൊവ്വാഴ്ച

പൊതു ജീവിതത്തിലെ കൊരമ്പയില്‍ മാതൃക(പി കെ .കുഞ്ഞാലികുട്ടി)

രാഷ്ട്രീയത്തില്‍ നന്മയുടെ വഴി രൂപപ്പെടുത്തുന്നതില്‍ സമൂഹത്തിന് നേതൃത്വം നല്‍കുന്നവരുടെ വ്യക്തിപ്രഭാവത്തിന് ചെറുതല്ലാത്ത പങ്കുണ്ട്. ഒരു ജനവിഭാഗത്തെ പ്രതിലോമപരമായി നയിക്കാനും ക്രിയാത്മകമായി രാഷ്ട്ര നന്മക്കു പ്രയോജനപ്പെടുത്താനും പ്രസ്ഥാനത്തിന് നേതൃത്വം നല്‍കുന്ന വ്യക്തികള്‍ക്കു കഴിയും. കേരള രാഷ്ട്രീയം ഈ രണ്ടിനും സാക്ഷിയാണ്.

ഒരു പ്രസംഗം കൊണ്ട് ഒരു നാടിനെ തന്നെ ഇളക്കിവിടാം. പക്ഷേ അത് ആ ജനതയുടെ ഭാവി നിര്‍ണ്ണയിക്കുന്നതില്‍ ചെലുത്തുന്ന സ്വാധീനവും പ്രത്യാഘാതവും എത്രയെന്ന് മുന്‍കൂട്ടി ഗണിക്കാനാവില്ല. അത്തരം ആള്‍ക്കൂട്ട ബഹളങ്ങളുടെ പ്രതിനിധികള്‍ക്ക് രാഷ്ട്ര പുനര്‍നിര്‍മാണത്തില്‍ ഒരു സംഭാവനയും അര്‍പ്പിക്കാനുമാവില്ല. കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ ഓര്‍മകളുണര്‍ത്തുന്ന ഒരു രാഷ്ട്രീയ ചിന്തയാണിത്.

സൗമ്യവും സംശുദ്ധവുമായ പൊതുജീവിതത്തിലൂടെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ സുവര്‍ണമുദ്ര പതിപ്പിച്ചു കൊരമ്പയില്‍ കടന്നുപോയിട്ട് ഇന്ന് ഒരു പതിറ്റാണ്ട് തികയുകയാണ്. കൊരമ്പയിലിന്റെ സാന്നിധ്യം ഇന്നലെയെന്ന പോലെ കണ്‍മുമ്പില്‍ തെളിയുന്നു.
അങ്ങേയറ്റം കലുഷമായ രാഷ്ട്രീയ കാലാവസ്ഥയിലായിരുന്നു കേരള സംസ്ഥാന മുസ്‌ലിം ലീഗിന്റെ ജനറല്‍ സെക്രട്ടറി പദത്തില്‍ സൗമ്യനും മിതഭാഷിയുമായ കൊരമ്പയില്‍ അഹമ്മദ്ഹാജി നിയുക്തനാവുന്നത്.

കേരളത്തിന് അപരിചിതമായ തീവ്രവാദത്തിന്റെ വിത്തുകള്‍ ചില തല്‍പരകക്ഷികള്‍ ഇവിടെയും വിതക്കാന്‍ ശ്രമിച്ച സന്ദര്‍ഭം. രാജ്യത്തെ പ്രബല ന്യൂനപക്ഷ പ്രസ്ഥാനമായ മുസ്‌ലിം ലീഗ് ഓരോ സംഭവവികാസങ്ങളെയും ജാഗ്രതയോടെ നിരീക്ഷിച്ചു.

മുസ്‌ലിം യുവാക്കള്‍ക്കിടയില്‍ തീവ്രവാദം വേരൂന്നാതിരിക്കാനും കേരളത്തിന്റെ പ്രസിദ്ധവും ചിരപുരാതനവുമായ മതമൈത്രി തകരാതെ സൂക്ഷിക്കാനും കാവല്‍പ്രസ്ഥാനമായി മുസ്‌ലിം ലീഗ് നിലകൊണ്ടു. അതിന്റെ ആശയവും നേതൃത്വവുമായി അരങ്ങിലും അണിയറയിലും നിറഞ്ഞുനിന്നു കൊരമ്പയില്‍. പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ ്തങ്ങളുടെ നായകത്വത്തില്‍ മുസ്‌ലിം ലീഗ് കൈവരിച്ച ആ പരീക്ഷണ വിജയത്തിന്റെ ശില്‍പിയായിരുന്നു കൊരമ്പയില്‍ അഹമ്മദ് ഹാജി.

രാഷ്ട്രീയത്തിലെ ലാഭനഷ്ടങ്ങളോര്‍ത്ത് തീവ്രവാദത്തെക്കുറിച്ച് നിലപാടെടുക്കാന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ പലരും അറച്ചുനിന്ന കാലമായിരുന്നു അത്. അപ്പോഴാണ് 'തീവ്രവാദികള്‍ക്ക് മുസ്‌ലിംലീഗീല്‍ മെമ്പര്‍ഷിപ്പ് നല്‍കില്ല' എന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി കൊരമ്പയില്‍ അഹമ്മദ് ഹാജിയുടെ പരസ്യപ്രസ്താവന വരുന്നത്.

തീവ്രവാദ സംഘടനകള്‍ക്ക് ആളും അര്‍ത്ഥവും ന്യായീകരണവും നല്‍കാന്‍ സമുദായത്തിനകത്തെ ചിലരും പുരോഗമനം പറയുന്ന ചില രാഷ്ട്രീയ പ്രസ്ഥാനങ്ങളും സന്നദ്ധമായിരിക്കെയാണ് മുസ്‌ലിംലീഗ് ധീര നിലപാട് കൈക്കൊണ്ടത്. അതിന്റെ പ്രതിഫലനങ്ങള്‍ വളരെ പെട്ടെന്നുണ്ടായി.

1991ലെ യു.ഡി.എഫ് മന്ത്രിസഭാ കാലം. ആലപ്പുഴയില്‍ ഈ കുറിപ്പുകാരന്‍ പ്രസംഗിക്കാനെത്തിയ നബിദിന റാലിക്കുനേരെ ആക്രമണമുണ്ടായി. തീവ്രവാദികള്‍ ആക്രമണത്തിന്റെ കുന്തമുന തിരിച്ചുവെച്ചത് മുസ്‌ലിംലീഗിനു നേര്‍ക്കായിരുന്നു. ബാബ്‌രി മസ്ജിദ് തകര്‍ക്കപ്പെട്ടതും അനന്തര സംഭവങ്ങളും ഈ വിഭാഗം മുതലെടുപ്പിനുപയോഗിച്ചു. തെരഞ്ഞെടുപ്പുകളില്‍ തീവ്രവാദത്തെ മാലയിട്ടു സ്വീകരിക്കാന്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി മുന്നില്‍ നിന്നു. പക്ഷേ മുസ്‌ലിംലീഗ് ധീരമായി മുന്നോട്ട് പോയി. കേരളത്തിന്റെ സാമൂഹിക ജീവിതത്തില്‍ ഗൗരവമുള്ള ഒരു ചലനവും സൃഷ്ടിക്കാന്‍ തീവ്രവാദത്തിനു കഴിഞ്ഞില്ല. കേരളത്തിന്റെ മതമൈത്രി തകരാതെ കാക്കാന്‍ മുസ്‌ലിംലീഗ് ഉറക്കമിളച്ച് കാവല്‍ കിടന്നു.

ഈ കഠിന പ്രയത്‌നം വിജയകരമാക്കിയതില്‍ കൊരമ്പയിലിന്റെ ചിന്തയും പദ്ധതികളും തന്നെയായിരുന്നു മുഖ്യം. അതുകൊണ്ട് തന്നെ കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക ചരിത്രം പഠിക്കുന്നവര്‍ക്ക് കൊരമ്പയില്‍ അഹമ്മദ് ഹാജിയെ വിലയിരുത്താതെ കടന്നുപോവാനാവില്ല.

അധികാരവും പദവികളും ആഗ്രഹിക്കാതെ സമുദായ സേവന പാതയില്‍ സമര്‍പ്പിക്കപ്പെട്ട ജീവിതമായിരുന്നു അത്. തന്നെ കഠിനമായെതിര്‍ത്തവരോടു പോലും വേദനിപ്പിക്കുന്ന ഒരു വാക്കും പറഞ്ഞില്ല. നഖശിഖാന്തം ഒരു 'ജെന്റില്‍മാന്‍' ആയി കൊരമ്പയില്‍ കേരള ജനതയുടെ മുന്നില്‍ നിന്നു. ഉള്ളും പുറവും ഒരുപോലെ സംശുദ്ധമായ വ്യക്തിത്വം. സഹപ്രവര്‍ത്തകര്‍ക്ക് അളവറ്റ സ്‌നേഹം പകര്‍ന്നു. അര്‍ത്ഥപൂര്‍ണമായ പ്രസംഗം കൊണ്ടും പ്രസ്താവനകള്‍ കൊണ്ടും തന്റെ നയ നിലപാടുകളുടെ സുതാര്യത സമൂഹത്തെ ബോധ്യപ്പെടുത്തി. ഉല്‍കൃഷ്ടമായ ജീവിത മര്യാദകളും പെരുമാറ്റ രീതികളും ആ കുലീനവ്യക്തിത്വത്തെ ഉയര്‍ത്തിക്കാട്ടി. ആ ആതിഥ്യവും പരിചരണവും സൗമ്യവാക്കുകള്‍ പോലും ഒരു സംഗീതം പോലെയാണ് അനുഭവപ്പെട്ടത്. കലാസ്വാദകനും കായികപ്രേമിയും എഴുത്തുകാരനും പ്രഭാഷകനും അന്തസ്സുറ്റ പൊതുപ്രവര്‍ത്തകനുമെല്ലാമായി ആ ജിവിതം സവിശേഷതകള്‍ കൊണ്ടു നിറഞ്ഞു.

പാര്‍ലമെന്റംഗം, പതിനാലു വര്‍ഷം നിയമസഭാംഗം, ഡപ്യൂട്ടി സ്പീക്കര്‍ തുടങ്ങിയ പദവികളില്‍ അദ്ദേഹം ചിട്ടയോടെ പ്രവര്‍ത്തിച്ചു. കൊണ്ടോട്ടിയിലെ മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകവും മഞ്ചേരിയിലെ യൂണിറ്റി വനിതാ കോളജും കൊരമ്പയിലിന്റെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകങ്ങളാണ്. ജനങ്ങള്‍ക്കായി സമര്‍പ്പിക്കപ്പെട്ട അകളങ്കമായ പൊതുപ്രവര്‍ത്തനത്തിന്റെ ഉത്തമ മാതൃകയായി കൊരമ്പയിലിന്റെ ചരിത്രം ഭാവിതലമുറകള്‍ ആവേശത്തോടെ ഉള്‍ക്കൊള്ളും.

http://www.nilapadu.com/blog/blog.php?index=0