2013, നവംബർ 26, ചൊവ്വാഴ്ച

അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു..എന്നിട്ടോ..?

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്ലാം മത വിശ്വാസിയായി ജീവിക്കുന്നതില്‍ നിന്ന് തടയാന്‍ ഇത്തരം നിരോധനങ്ങള്‍ കൊണ്ട് കഴിയില്ല എന്നതാണ് വാസ്തവം. കാരണം ഒരു വ്യക്തി മുസ്ലിം ആകാന്‍ പാലിക്കേണ്ടത് അഞ്ചു കാര്യങ്ങളും, വിശ്വസിക്കേണ്ടത് ആറു കാര്യങ്ങളും ആണ്. 

"ഇസ്ലാം കാര്യങ്ങള്‍" എന്നറിയപ്പെടുന്ന നിര്‍ബന്ധമായി ചെയ്യേണ്ട അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ദൈവം എകനാണ് എന്നും മുഹമ്മദ്‌ നബി ദൈവത്തിന്റെ ദൂതനാണ് എന്നും വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് വിശ്വസിക്കാനും പ്രഖ്യാപിക്കാനും ആര്‍ക്കും സര്‍ക്കാരിന്റെ സമ്മത പത്രം ആവശ്യമില്ലല്ലോ. രണ്ടാമത്തേത് അഞ്ചു നേരത്തെ നിസ്ക്കാരം ആണ്. ഇതും സമയമായാല്‍ വീട്ടില്‍ വെച്ച് ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. പള്ളിയില്‍ തന്നെ വേണം എന്ന ഒരു നിര്‍ബന്ധവും ഇല്ല. ഇനി ഒരാളെ വീട്ടില്‍ വെച്ചും ഇത് ചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ പോലീസിനെയോ മറ്റോ ഉപയോഗിച്ച് തടയപ്പെട്ടാല്‍, അതിന്റെ പേരില്‍ അവന് നമസ്ക്കരിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അവന്‍ കുറ്റക്കാരനാവുന്നില്ല. കാരണം എല്ലാം അറിയുന്നവനാണല്ലോ ദൈവം. മൂന്നാമത്തെ കാര്യം സക്കാത്ത് എന്ന ദാനം ആണ്. ഇതും സ്വന്തമായി ചെയ്യാന്‍ കഴിയുന്നതും, ഇനി മുകളില്‍ പറഞ്ഞ രീതിയില്‍ നമസ്ക്കാരം തടയുന്നത് പോലെ തടയപ്പെട്ടാല്‍ അതിന്റെ പേരില്‍ ഒരു വ്യക്തി കുറ്റക്കാരനാവുന്നില്ല.

നാലാമത്തെ കാര്യം റംസാന്‍ മാസത്തിലെ വ്രതമാണ്. ഇത് ഏതൊരു സാഹചര്യത്തിലും ചെയ്യാന്‍ കഴിയുന്ന കാര്യമാണല്ലോ. അഞ്ചാമത്തേത് ഹജ്ജ് ആണ്. ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക, യാത്രാ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഇത് ചെയ്‌താല്‍ മതി എന്ന് ഇസ്ലാം വ്യകതമായി പഠിപ്പിക്കുന്നുണ്ട്.

"ഇമാന്‍ കാര്യങ്ങള്‍' എന്നറിയപ്പെടുന്ന, ഒരു മുസ്ലിം വിശ്വസിക്കേണ്ട ആറു കാര്യങ്ങള്‍ ഇവയാണ് - അല്ലാഹുവിൽ വിശ്വസിക്കുക, മലക്കുകളിൽ വിശ്വസിക്കുക, വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, പ്രവാചകരിൽ വിശ്വസിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക, നൻമയും തിൻമയുമായ എല്ലാകാര്യങ്ങളും ദൈവത്തിൽ നിന്നാണെന്ന് വിശ്വസിക്കുക.

ഇങ്ങനെ ഒരു വ്യക്തി 'വിശ്വസിക്കാന്‍' തീരുമാനിച്ചാല്‍ എങ്ങിനെ സര്‍ക്കാരിന് അത് തടാന്‍ കഴിയും ??!!


ആത്യന്തികമായി ഈ നിരോധനം ഇസ്ലാമിന്റെ വളര്‍ച്ചക്ക് ഗുണമേ ചെയ്യൂ എന്ന് ഇന്നല്ലെങ്കില്‍ നാളെ തെളിയിക്കപ്പെടുക തന്നെ ചെയ്യും. കാത്തിരുന്നു കാണാം.

                                                                                                                                                                                                       ‪#‎അബസ്വരം‬ :