2013, നവംബർ 26, ചൊവ്വാഴ്ച

വി.എസ് അച്യുതാനന്ദന്‍ ഒരു മുസ്‌ലിം ലീഗ് വിരോധിയല്ല,


(ഫിര്‍ദൗസ് കായല്‍പ്പുറം)
വി.എസ് അച്യുതാനന്ദന്‍ ഒരു മുസ്‌ലിം ലീഗ് വിരോധിയല്ല, കറകളഞ്ഞ മുസ്‌ലിം വിരോധിയാണ്. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയില്‍ ഇത്രയധികം കണ്ണുകടിയുള്ള ഒരു നേതാവ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇത് ഇടക്കിടെ തികട്ടിവരുമ്പോള്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ പാര്‍ട്ടിയായ മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കുകയും അതില്‍ സ്വയം ആനന്ദം കൊള്ളുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. മുതിര്‍ന്ന ~ഒരു കമ്മ്യൂണിസ്റ്റുകാരനെ സന്യാസി തുല്യമായ ആദരവോടെയാണ് പൊതുസമൂഹം വീക്ഷിക്കുന്നത്. എന്നാല്‍ അത്തരമൊരു മാനസികാവസ്ഥയോടെ വി.എസിനെ കാണാന്‍ കേരളീയ സമൂഹത്തിന് കഴിയുന്നില്ല.

അന്ധമായ മുസ്‌ലിം വിരോധം പ്രകടപ്പിക്കേണ്ടി വരുമ്പോഴെല്ലാം അച്യുതാനന്ദന് ഇരയാകുന്നത് മുസ്‌ലിം ലീഗും അതിന്റെ നേതാക്കളുമാണെന്നത് പുതിയ കാര്യമല്ല. സെക്യുലറിസത്തിന്റെ ശരിയായ വക്താക്കളാകേണ്ട കമ്മ്യൂണിസ്റ്റുകളാണ് ഇന്ന് ഏറ്റവുമധികം ജാതി-മത ചിന്താഗതി വെച്ചുപുലര്‍ത്തുന്നത്. മുസ്‌ലിം വിരോധത്തിന്റെ അടങ്ങാത്ത രോഷം പ്രകടിപ്പിച്ച അച്യുതാനന്ദന്റെ മുന്‍കാല ചെയ്തികള്‍ ഇവിടെ വിവരിക്കുന്നില്ല. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെക്കുറിച്ച് ഒരുമാസം മുമ്പ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയില്‍ പോലും അദ്ദേഹത്തിന്റെ നീചമായ ജാതിചിന്ത വ്യക്തമാണ്. നായര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഒരു ക്രൈസ്തവനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായില്ലെന്നായിരുന്നു വി.എസ് പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തിലൊക്കെ ജാതി സമവാക്യങ്ങള്‍ പ്രധാന ഘടകമാണെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ വി.എസിനെപ്പോലെ, ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഒരു കമ്മ്യൂണിസ്റ്റുകാരന് ഇങ്ങനെ പറയാനാവുന്നതെങ്ങനെ!

അടുത്ത ദിവസം പാലക്കാട്ട് നടക്കുന്ന സംസ്ഥാന പ്ലീനത്തോടെ സി.പി.എം രാഷ്ട്രീയത്തില്‍ നിന്ന് അനിശ്ചിതകാല വനവാസത്തിന് തയാറെടുക്കുന്ന അച്യുതാനന്ദന് മാധ്യമക്കമ്പം ഇനിയും മാറിയിട്ടില്ല. ക്യാമറ കാണുമ്പോള്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നത് ഇദ്ദേഹത്തിന് വിനയായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ജയിലിലേക്ക് പോകുന്നത് സ്വപ്‌നം കണ്ടിരുന്ന വി.എസ്, ഇനി 'പോരാട്ട'ത്തിന്റെ പുതിയ മേഖലകള്‍ തേടാനുള്ള തയാറെടുപ്പിലാണ്. ലാവ്‌ലിന്‍ കേസിനെക്കുറിച്ച് ഇനിയൊന്നും പറയാനാവില്ലല്ലോ. എപ്പോഴും ഏതെങ്കിലും ഒരു ശത്രു വേണമെന്നതാണ് ഈ നേതാവിന്റെ ദൗര്‍ബല്യം. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊക്കെ പ്രത്യക്ഷ രാഷ്ട്രീയ വാഗ്‌വാദങ്ങളുടെ സ്വാഭാവിക പ്രതികരണമെന്ന് നിസാരവല്‍ക്കരിക്കാം.

എന്നാല്‍ കഴിഞ്ഞ ദിവസം ലീഗിനെ കടന്നാക്രമിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് സി.പി.എം നേതൃത്വത്തിനുമറിയില്ല. മുസ്‌ലിം ലീഗ് ഇടതുമുന്നണിയുടെ ഭാഗമാകാന്‍ തയാറെടുക്കുന്നു എന്ന തരത്തില്‍ മിനിട്ടുകള്‍ മാത്രം ആയുസുള്ള ബ്രേക്കിംഗ് ന്യൂസിന് പിന്നാലെ പോയതല്ല അച്യുതാനന്ദന്‍. അതിനുമാത്രം മണ്ടനുമല്ല പ്രതിപക്ഷ നേതാവ്. മുസ്‌ലിം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കടന്നാക്രമിക്കുന്നതിലൂടെ തന്റെ നിലനില്‍പ്പിന് പുതിയ വഴികള്‍ തേടുകയാണ് വയോധികനായ ഈ കമ്മ്യൂണിസ്റ്റ്. സ്വന്തം പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ ഒരു വാക്കുമിണ്ടാന്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വേണം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹം ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയും മുന്നണിയും കൈക്കൊള്ളുക മറ്റൊരു നയമായിരിക്കും.

വിശ്വസ്തരെ കൊണ്ട് മറ്റുചില പണികള്‍ ചെയ്യിക്കാമെന്ന് കരുതിയാലോ അവരൊക്കെ കുടുംബത്തിലും പ്രവാസ ജീവിതത്തിലും. ഇത്തരത്തില്‍ പാര്‍ട്ടിയാല്‍ ബന്ധിയാക്കപ്പെട്ട പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ ഇരതേടലാണ് പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞാല്‍ നിഷേധിക്കപ്പെടില്ല.

വര്‍ഗീയ പാര്‍ട്ടി എന്ന് വി.എസ് പറയുന്ന മുസ്‌ലിം ലീഗിന് സമ്പന്നമായൊരു മതേതര പാരമ്പര്യമുണ്ട്. അത് തലമുറകളിലൂടെ കൈമാറിവന്നതാണ്, ഇന്നും കാത്തുസൂക്ഷിക്കപ്പെടുന്നതുമാണ്. ബാബറി മസ്ജിദ് സംഭവത്തില്‍ മുസ്‌ലിംലീഗ് നിലപാട് എന്തായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്തായിരുന്നു സി.പി.എം നിലപാട്?
പള്ളിയുടെ പേരില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും പള്ളി മുസ്‌ലിംകളുടേത് തന്നെയാണെന്നും ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സമയത്ത് പള്ളി പൊളിച്ചുമാറ്റി അവിടെ ദേശീയ സ്മാരകമാക്കണമെന്നായിരുന്നു ഇ.എം.എസിന്റെ ആഹ്വാനം. 1989ല്‍ ഇ.എം.എസ് കാഞ്ചി കാമകോടി മഠാധിപതിയുമായി ശങ്കര ജയന്തിക്ക് വേദി പങ്കിടുകയും ശങ്കരനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ ലേഖനമെഴുതുകയും ചെയ്തിരുന്നു. ഇ.എം.എസിന്റെ മൃദു ഹിന്ദുത്വം ഹൈന്ദവ രാഷ്ട്രീയത്തിന് അനുകൂലം തന്നെയായിരുന്നു. ഇ.എം.എസായാലും അച്യുതാനന്ദനായാലും പിണറായി വിജയനായാലും തെരഞ്ഞെടുപ്പു കാലത്ത് ന്യൂനപക്ഷ പ്രേമത്തിന് കുറവുണ്ടാവില്ല. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളോട് സി.പി.എമ്മിനുള്ള അവജ്ഞയാണ് പല രീതിയില്‍ ലീഗ് നേതാക്കളുടെ നേരെ ചൂണ്ടപ്പെടുന്നത്.
വി.എസിനെ ഒരു ആദര്‍ശവാദിയെന്ന് ചിത്രീകരിക്കാനാവില്ല. 2000ന്റെ തുടക്കത്തില്‍ സ്വന്തം നിലനില്‍പ്പ് അപകടത്തിലാകുന്ന ഘട്ടത്തിലാണ് പുതിയ ഇമേജ് സൃഷ്ടിക്കാന്‍ അദ്ദേഹം തന്ത്രം മെനഞ്ഞത്. പരിസ്ഥിതി വാദിയായും സ്ത്രീ സംരക്ഷകനായും വേഷം കെട്ടിയപ്പോഴെല്ലാം കിട്ടുന്ന അവസരങ്ങളിലെല്ലാം മുസ്‌ലിം സമുദായത്തിന് വി.എസ് ശരിക്ക് പാര വെച്ചിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന അഞ്ചുവര്‍ഷം എല്ലാ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെയും അവതാളത്തിലാക്കിയത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇനി അച്യുതാനന്ദന് സി.പി.എം കസേര നല്‍കില്ല. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടി നേതൃതലത്തിലും ഇനി വി.എസ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. സി.പി.എമ്മില്‍ തന്റെ പ്രതാപകാലത്ത് ഒരുപാട് നേതാക്കളെ വെട്ടിനിരത്തിയ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ, ഒട്ടേറെ പേരെ ഉന്മൂലനം ചെയ്ത വി.എസിന് വളരെ ദയനീയമായ ഒരു പടിയിറക്കമാണ് സി.പി.എം അണിയറയില്‍ ഒരുക്കുന്നത്. ഒരുകാലത്ത് ശക്തമായിരുന്ന വി.എസ് ഗ്രൂപ്പില്‍ ഇന്ന് ബാക്കിയുള്ളത് വി.എസ് മാത്രം. ഇന്ത്യയിലെ ഇടതു പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇത്രത്തോളം തിരസ്‌കരിക്കപ്പെട്ട് പടിയിറങ്ങേണ്ടി വരുന്ന ആദ്യത്തെ നേതാവായിരിക്കും വി.എസ്. മാധ്യമങ്ങളുടെ വെളിച്ചത്തില്‍ ഇനി അധികകാലം പിടിച്ചുനില്‍ക്കാവില്ല. അധികാരവും അഭിപ്രായത്തിന് സാധ്യതയുമില്ലാത്തയാള്‍ക്ക് മൈക്ക് നീട്ടാന്‍ ഒരു ചാനല്‍ മുതലാളിയും മെനക്കെടില്ല. വ്യക്തിപരമായി നേട്ടമുണ്ടാക്കിയതല്ലാതെ സി.പി.എമ്മിന് ഈ നേതാവ് നല്‍കിയ സംഭാവന എന്താണെന്ന് പാര്‍ട്ടി ചിന്തിച്ചുതുടങ്ങിയിട്ട് കാലമേറെയായി.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പതനമാണ് അച്യുതാനന്ദന്റെ വലിയ സ്വപ്‌നം. അതിനി ഒട്ടും സാധ്യമല്ലെന്ന ബോധ്യത്തില്‍നിന്നുള്ള വെപ്രാളമാണ് വി.എസിനിപ്പോള്‍. താന്‍ സജീവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം പഴയതൊക്കെ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നേയുള്ളൂ! എതിര്‍ക്കപ്പെടുമ്പോള്‍ മുസ്‌ലിം ലീഗ് ശക്തിപ്രാപിക്കുമെന്നത് നിരവധി പ്രാവശ്യം തെളിഞ്ഞതാണ്. മീഡിയ കവറേജ് ഉണ്ടാക്കി അച്യുതാനന്ദന്‍ പ്രസംഗിച്ച വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി 38,237 വോട്ടിന്റെ ലീഡുമായി സംസ്ഥാനത്ത് രണ്ടാമത്തെ മികച്ച ഭൂരിപക്ഷം നേടിയത് രാഷ്ട്രീയ കേരളത്തിന് മറക്കാനാവില്ല. ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നത് ഒരുതരത്തില്‍ സി.പി.എം നേതൃത്വത്തെ ദുര്‍ബലപ്പെടുത്തലാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അച്യുതാനന്ദന്റെ ലീഗ് വിരുദ്ധ പോരാട്ടവും ഫലത്തില്‍ ലീഗിനും യു.ഡി.എഫിനും ഗുണകരമായി ഭവിക്കാനേ സാധ്യതകളുള്ളൂ.