2013, നവംബർ 2, ശനിയാഴ്‌ച

ആനയുടെ ചട്ടയുള്ള സ്ലേറ്റിനെ പ്രണയിക്കേണ്ടിവന്നവന്‍


(ഇത് ത്വല്‍ഹത്ത് ഭാഫീലെ വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ വല്ല്യാപ്പ 
ആവാന്‍ യോഗ്യത  ഉണ്ട് )


പതിവില്‍ നിന്നും വിപരീതമായി ഒരു പ്രണയ കഥയാണ് ഞാന്‍ ഇന്നിവിടെ കുറിക്കുന്നത്. ഈ പ്രണയം നടക്കുന്നത് ഒരു പതിനെട്ടുകാരന്‍  'യോ.... യോ...' ബോയിയുടെയോ,  ലാപ്പിന്‍റെ മുന്‍പില്‍ കണ്ണുംനട്ട് കുത്തിയിരിക്കുന്ന ഒരു പരട്ടു ബ്ലോഗ്ഗെറുടെയോ മനസിലല്ല.  പിന്നെയോ പ്രണയം തുളുമ്പി നില്‍ക്കുന്ന ഒരു അഞ്ചു വയസുക്കാരന്‍റെ മനസ്സില്‍, അതെ ആല്‍മരച്ചോട്ടിലെ ആല്‍ത്തറയും ചോരുന്ന പഴയ സര്‍ക്കാര്‍ സ്കൂളിലെ ഒന്നാം ക്ലാസ്സില്‍.
ഈ നാണം കുണുങ്ങി പയ്യന്‍, ആ ഈ ഞാന്‍ തന്നെ. അങ്ങനെ ആ ഉളുപ്പില്ലാത്ത ചെറുക്കന്‍ ക്ലാസ്സിന്‍റെ ഒരു മൂലയില്‍ നിന്നു. എന്തു ചെയ്യണം എന്നറിയാതെ പകച്ചു നിന്ന എന്നെ ഒരു സുന്ദരി ടീച്ചര്‍ ഏതോ ഒരു ബെഞ്ചില്‍ കൊണ്ട് പോയി ഇരുത്തി. ഭയം കൊണ്ടാണോ, പേടികൊണ്ടാണോ, നാണം കൊണ്ടാണോ എന്നറിയില്ല സ്വതസിദ്ധമായ ശൈലിയിൽ വലതുകയ്യിലെ ചെറുവിരൽ ചുണ്ടോടു ചേർത്തു. ആദ്യമായി സുന്ദരി ടീച്ചർ പേര് പറഞ്ഞു. റോസി, റോസി ടീച്ചർ. പേര് കുഴപ്പമില്ല. അങ്ങനെ പരിചയപ്പെടല്‍ ചടങ്ങ് കഴിഞ്ഞു. ഇനിയാണ് ഏതൊരു ക്ലാസ്സിലെയും പോലെ അടുത്ത ചടങ്ങ്. അതെ ഹാജര്‍ വിളി തന്നെ. അങ്ങനെ റോസി ടീച്ചർ ഹാജർ ബുക്ക്‌ തുറന്നു വച്ചു.  ടീച്ചർ പേര് വിളിച്ചു തുടങ്ങി. സനീഷ്, അൻസൽ, അൻവർ, ബിനിൽ, കുറെ ചപ്ലാച്ചി പേരുകൾ. ഇവനൊക്കെ ആരാണാവോ പേരിട്ടത്. അവസാനം ആ മഹാന്‍റെ പേരും വിളിക്കപെട്ടു. ഞാൻ എണീറ്റു നിക്കാനൊന്നും പോയില്ല. ഞാന്‍ അന്നേ ഒരു അഹങ്കാരി ആയിരുന്നല്ലോ.  ടീച്ചറെ നോക്കി ഒന്ന് ഇളിച്ചു കാണിച്ചു. എല്ലാ പുഴുപല്ലും കാണാന്‍ പാകത്തിനൊരു ഇളി.  തിരിച്ചും കിട്ടി അതുപോലെ ഒരെണ്ണം. ആ ഇളി എൻറെ ഹാജറായി ടീച്ചർ വരവുവച്ചു.


ബെഞ്ച്‌മേറ്റ്സിനെ പരിചയപെട്ടില്ലല്ലോ.... അന്നൊക്കെ ക്ലാസ്സ്‌മേറ്റ്സ് അല്ല ബെഞ്ച്‌മേറ്റ്സെ ഉള്ളു. സ്കൂളെന്നാൽ ഞാനും എൻറെ ബെഞ്ചുമാണ്. പല്ലന്‍ ഷെമീര്‍ വലത്തുവശത്തു. വലിയ പല്ലുകളുള്ള അവനു വേറെ എന്ത് പേരിടാന്‍. ഇടതുവശത്തു ഇടിയന്‍ എല്‍ദോസ്. ആളൊരു 'ഡോണ്‍' ആണെന്ന് കരുതിയെങ്കില്‍ തെറ്റി.  എല്ലാവരും അവനെ കുനിച്ചു നിര്‍ത്തി പൊതിരെ ഇടിച്ചുണ്ടാക്കിയ പേരാണ്. അവനെ നിര്‍ഭയം തല്ലുന്നതിന്‍റെ കാരണം ഇപ്പോഴും എനിക്ക് പിടികിട്ടിയിട്ടില്ല. എന്തയാലും ഞങ്ങള്‍ ഒടുക്കത്തെ കമ്പനിയായി. ഷെമീറിന്‍റെ കൂടെ മുറി പെന്‍സില്‍, ചോക്ക് തുടങ്ങിയ ഐറ്റംസിന്‍റെ വില്‍പന ക്ലച്ചു പിടിച്ചു പോകുന്ന സമയത്ത് തന്നെ എല്‍ദോസിന്‍റെ ജാതിക്ക, പുളിങ്കുരു ബിസ്നെസ്സിലും ഞാന്‍ ഒരു സജീവ പങ്കുകച്ചവടക്കാരനായിരുന്നു. മൂന്നു മിണ്ടാ പ്രാണികളാണെങ്കിലും ജാതിക്ക, പുളിങ്കുരു ബിസിനെസ്സ് ഡീലേര്‍സിനു പെണ്‍കുട്ടികളുടെ ഇടയിലും വിലയുണ്ടായിരുന്നു. പക്ഷെ അവിടെ ഭീഷണി ഉയര്‍ത്തികൊണ്ടു ഒരാള്‍ കിടന്നുവന്നു. സനീഷ്, സാക്ഷാല്‍ റോമിയോ. പെണ്‍കുട്ടികളുടെ കൂടെ കളിക്കണമെങ്കില്‍ അവന്‍റെ അനുവാദം വേണമത്രേ. ഹും ആ തെണ്ടിയോടു അനുവാദം ചോദിക്കാനൊന്നും ഞങ്ങളെ കിട്ടില്ല. ഞങ്ങള്‍ ആ ബിസിനെസ്സ് അങ്ങ് നിറുത്തി. അല്ല പിന്നെ.



ക്യാമ്പസ് ലൈഫ് അങ്ങനെ രസം പിടിച്ചു വരുന്ന സമയം. ഞാനൊരു ഗുണനപട്ടിക തന്നെ എഴുതി കഴിഞ്ഞു.  എങ്കില്‍ പിന്നെ അത് ടീച്ചറെ കാണിക്കാമെന്നു കരുതി.  അങ്ങനെ ടീച്ചറുടെ അടുത്തു പോയി നില്‍ക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ആ സ്ലേറ്റു  കാണുന്നത്. സോറി, എന്‍റെ ആമിനയെ കാണുന്നത്.  ഒരു കറുത്ത തട്ടമൊക്കെ ഇട്ടു. എന്‍റെ പടച്ചോനെ...  അന്ന് 'തട്ടത്തിന്‍ മറയത്ത്' സിനിമ ഇറങ്ങിയിട്ടില്ലാത്തതുകൊണ്ട് എനിക്ക് തട്ടത്തിനു ഇത്രമാത്രം മൊഞ്ചുണ്ടെന്നു അറിയില്ലായിരുന്നു. എന്നാലും അവളുടെ സ്ലേറ്റിന്‍റെ  (സോറി, അവളുടെ കണ്ണിന്‍റെ) കാന്തിക ശക്തി എന്നെ ആകര്‍ഷിച്ചു.
"ആമിന 'വെരി ഗുഡ്' , മോള്‍ടെ നല്ല കയ്യക്ഷരമാണ് കേട്ടോ"  ടീച്ചറുടെ പ്രശംസ കേട്ട് ഞാന്‍ എന്‍റെ ചപ്ലാച്ചി  കയ്യക്ഷരത്തിലേക്ക് നോക്കി. ഒരു കാമുകന്‍റെ ആദ്യത്തെ അപകര്‍ഷതാബോധം ഞാനും അനുഭവിച്ചു തുടങ്ങി. പക്ഷെ അപ്പോഴൊന്നും ഞാന്‍ പ്രണയത്തില്‍ വീണിരുന്നില്ല. കഥയിലെ പ്രധാന കഥാപാത്രം അപ്പോഴും അരങ്ങത്തു എത്തിയിരുന്നില്ല.


പിന്നീട് എപ്പോഴോ അവള്‍ എന്തോ എഴുതിയത് കാണിക്കാന്‍ ടീച്ചറുടെ അടുത്തു പോയി. എന്തുകൊണ്ടോ എഴുതിയത് തെറ്റാണെന്ന ബോധം ഉണ്ടായിരുന്നിട്ടും ഞാനും പോയി ടീച്ചറുടെ അടുത്തേക്ക്‌. ഇത്തവണ അവളെന്നെ ഒന്ന് നോക്കി. നാണം കൊണ്ട് ചുവന്നത് പക്ഷെ എന്‍റെ കവിളുകളായിരുന്നു.  ടീച്ചര്‍ എന്നോട് പറഞ്ഞു.
"മിടുക്കനാണല്ലോ ഇന്ന് നേരത്തെ തന്നെ എഴുതി കഴിഞ്ഞല്ലോ " (feeling മിടുക്കന്‍)
ടീച്ചര്‍ എന്‍റെ മരത്തിന്‍റെ സ്ലേറ്റു വാങ്ങി, ഞാന്‍ എഴുതിയത് നോക്കിയിട്ട് പറഞ്ഞു,
"അയ്യോ, ചെറിയ തെറ്റുണ്ടല്ലോ."
എനിട്ട്‌ ആമിനയുടെ സ്ലേറ്റു എന്‍റെ നേരെ നീട്ടിയിട്ട്‌ ടീച്ചര്‍ പറഞ്ഞു
"മോന്‍ ഇത് നോക്കി ഒന്നുകൂടി പെട്ടന്നു എഴുതീട്ട് വാ"
ഞാന്‍ ആ സ്ലേറ്റു വാങ്ങി. ആമിന എന്നെ അല്‍പം ദേഷ്യത്തോടും സങ്കടത്തോടും കൂടി ഒന്നു നോക്കി. എന്നാലും ഞാന്‍ ആ സ്ലേറ്റുമായി വന്നിരുന്നു. അപ്പോഴാണ് ഞാന്‍ ആ സ്ലേറ്റിന്‍റെ ഭംഗി കാണുന്നത്. എന്‍റെ മരത്തിന്‍റെ ചട്ടയുള്ള സ്ലേറ്റുപോലെയായിരുന്നില്ല അവളുടേത്‌. അതിന്‍റെ പുറംചട്ട പ്ലാസ്റ്റിക്‌ ആയിരുന്നു. കൂടാതെ അതിന്‍റെ പുറംചട്ടക്ക് ആനയുടെ ആകൃതിയായിരുന്നു.  ഒരു തരത്തില്‍ ആന സ്ലേറ്റു എന്നുവിളിക്കാം. അതിനു ക്ലാസ്സില്‍ ഏറെ ആരാധകര്‍ ഉണ്ടെന്നു അപ്പോഴാണ് എനിക്ക് മനസ്സിലായത്. പല്ലനും, ഇടിയനും എന്തിനു നമ്മുടെ പൈങ്കിളി സനീഷ് വരെ എന്നെ ആരാധനയോടെ നോക്കി. അപ്പോഴാണ് നായിക വന്നു മൊഴിഞ്ഞത്. "കൊച്ചെ, സ്ലേറ്റു പെട്ടന്ന് തന്നേ... അതില്‍ അഴിക്കൊന്നും അക്കല്ലട്ടോ..."
ഞാന്‍ പേടിച്ചു പറഞ്ഞു "ഇപ്പം തരാട്ടോ"
അപ്പൊ അവളൊരു ചിരി ചിരിച്ചു. അന്ന് അതിന്‍റെ മനോഹാര്യത മനസ്സിലായില്ലെങ്കിലും പിന്നീടു പ്രണയിച്ചപ്പോള്‍ എപ്പോഴോ മനസ്സിലായി ആ ചിരിയുടെ സൗന്ദര്യം.


ഞാന്‍ പിന്നെയും ഭംഗി നോക്കിയിരുന്നു. അവളുടെയല്ല, ആ സ്ലെട്ടിന്‍റെ. ബിനുവിന്‍റെ ഗള്‍ഫ്‌ 
റൂളി പെന്‍സിലിനെക്കാളും രേഷ്മയുടെ ശക്തിമാന്‍ കൂര്‍മ്പനപെട്ടിയേക്കാളും എന്തിനേറെ റഹീമിന്‍റെ ലൈറ്റ് തെളിയുന്ന വാച്ചിനെക്കാളും എന്തു കൊണ്ടും മുന്തിയതാണ് ഈ സ്ലേറ്റ് എന്നെനിക്കുത്തോന്നി.  ഈ ആന സ്ലേറ്റ് എങ്ങനെ ഉണ്ടാക്കും എന്നാലോചിച്ചു കുറെ നേരം ഇരുന്നു. പിന്നെ കണക്കു എഴുതിത്തീര്‍ത്തു.  സ്ലേറ്റ് തിരിച്ചു കൊടുത്തപ്പോഴും അവളൊരു ചിരി നീട്ടിത്തന്നു.  എല്ലാവരും എന്‍റെ നേരെ തന്നെ നോക്കി നിന്നു. ഷെമീര്‍ എന്നോട് ചോദിച്ചു,
 "എടാ ആ സ്ലേറ്റ് ഇനി കിട്ടുമോ?"
ഞാനൊന്നും അവനോടു പറഞ്ഞില്ല. ഞാനും അത് തന്നെ ചിന്തിക്കുകയായിരുന്നു.
"ആ സ്ലേറ്റ് ഇനി കിട്ടുമോ?"

എന്തായാലും പിറ്റേ ദിവസവും അവള്‍ കണക്കു എഴുതിയത് കാണിക്കാന്‍ ചെന്നപ്പോള്‍ അവളുടെ ഒപ്പം ഞാനും ചെന്നു. സ്ലേറ്റു കിട്ടാന്‍ വേണ്ടി കണക്കു തെറ്റിക്കാനുള്ള ബുദ്ധി ഒന്നും അന്നില്ലായിരുന്നു. (ബുദ്ധി ഇന്നും ഇല്ല ) നിഷ്കളങ്കതയും ഒരു ശാപമാണെന്ന് ഞാന്‍ ഇന്ന് മനസ്സില്ലാക്കി.
"മിടുക്കനും മിടുക്കിയും ഇങ്ങ് എത്തിയല്ലോ"  ടീച്ചര്‍ ഞങ്ങളെ കണ്ടു പറഞ്ഞു. അവള്‍ ചിരിച്ചു. ഇത്തവണ എന്‍റെ കണക്കു ശരിയായി, ആമിനയുടെ കണക്കു തെറ്റുകയും ചെയ്തു.  ഈ പടച്ചവന്‍റെ ഓരോ കണക്കുകൂട്ടലുകള്‍.  ഈ പടച്ചവന്‍ ഒരു സംഭവം തന്നെ. അവളുടെ കണക്കു തെറ്റിയിട്ടും ടീച്ചര്‍ എന്‍റെ സ്ലേറ്റ് നോക്കി എഴുതാനൊന്നും പറഞ്ഞില്ല.  പക്ഷെ ആമിന എന്നോട് ചോദിച്ചു,
"കൊച്ചെ, നിന്‍റെ സ്ലേറ്റൊന്നു തരുമോ?"
ഞാന്‍ എന്‍റെ സ്ലേറ്റിനോടൊപ്പം ഒരു ചിരിയും അവള്‍ക്ക് വച്ച് നീട്ടി. എനിട്ട്‌ സ്ലോ മോഷനില്‍ വന്നു ബെഞ്ചില്‍ ഇരുന്നു.  കുറച്ചു കഴിഞ്ഞു അവള്‍ വന്നു. സ്ലേറ്റ് തിരികെ തന്നു. അന്ന്   THANKYOU സംസ്കാരം അത്ര വളര്‍ന്നിട്ടില്ലായിരുന്നു.  അത്കൊണ്ട് അവള്‍ അവളുടെ പുഴുപല്ല് കാട്ടി ഒന്നു ചിരിച്ചു.  അങ്ങനെ ആണ്‍കുട്ടികളോടുപോലും സൗഹൃദം കൂടാത്ത ആ നാണംകുണുങ്ങി പയ്യന്‍ ഒരു പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി. എന്തിനേറെ അവളുടെ ഖല്‍ബായിരുന്ന സ്ലേറ്റ് എനിക്ക് എഴുതാന്‍ തന്നു. ഞങ്ങള്‍ പരസ്പരം പുഞ്ചിരിയിലൂടെ മനസ്സ് കൈമാറി. അവളുടെ മനസ്സിനേക്കാള്‍ എനിക്ക് വേണ്ടത് ആ സ്ലേറ്റ് ആയിരുന്നു. ഏതൊരു പ്രണയത്തെപോലെയും ഞാനും ഈ വിശുദ്ധ പ്രണയം മുതലെടുക്കാന്‍ തുടങ്ങി. അങ്ങനെ ഞാന്‍ ആ സ്ലേറ്റിനെ പ്രണയിക്കാന്‍ തുടങ്ങി, കൂടെ അതിന്‍റെ മുതലാളിച്ചി ആമിനയേയും.


ഇതിനിടക്ക്‌ ആമിന വീട്ടിലും സംസാര വിഷയമായി മാറി. അതെങ്ങനെയാ ആമിനയുടെ സ്ലേറ്റ് സ്വപ്നവും കണ്ടങ്ങ്‌ നടന്നാല്‍ മതിയോ? എനിക്കും വേണ്ടേ അതുപോലൊരെണ്ണം. ഞാന്‍  ആഗ്രഹം വീട്ടില്‍ അവതരിപ്പിച്ചു.
വാപ്പ :  "സ്ലെറ്റോ, ഇപ്പൊ ഒരെണ്ണം ഇല്ലേ? അത് മതി"
ഏതൊരു സാമ്പത്തികകാര്യ മന്ത്രിയെ പോലെ വാപ്പയും പറഞ്ഞു.
ഉമ്മ : "മോനേതാ വേണ്ടത്? വാപ്പിച്ചി ടൌണില്‍ പോയിട്ട് വരുമ്പോ വാങ്ങികൊണ്ട് വരൂട്ടോ"
"എനിക്ക് ആമിനയുടെ പോലത്തെ ആന സ്ലേറ്റ്‌ മതി" ഞാന്‍ പറഞ്ഞു.
വീട്ടുകാര്‍ ഞെട്ടലോടെ ഒരേസ്വരത്തില്‍ ചോദിച്ചു,   "ഏത് ആമിന".
"സ്കൂളിലെ ആമിന, അല്ലാതെ വേറെ ഏതാ ആമിന"  ഞാന്‍ കൂളായി മറുപടി കൊടുത്തു.
"ആഹാ, അപ്പം ആമിനയെ കണ്ട പൂതിയാ. ചെക്കന്‍ ആളു കൊള്ളാമല്ലോ. എട്ടാംക്ലാസ്സില്‍ പഠിക്കുന്ന എനിക്ക്പോലും ഒരു ലൈന്‍ ആയിട്ടില്ല.  അപ്പോഴാ അവന്‍ ഒരു പെണ്ണിന്‍റെ ഹൃദയവും, സ്ലേറ്റുമായി വന്നിരിക്കുന്നത്." നാരദനായ മൂത്ത ജേഷ്ട്ടന്‍ അസൂയയോടെ തന്‍റെ അഭിപ്രായം പറഞ്ഞു.
ഇതൊക്കെയാണെങ്കിലും സ്ലേറ്റിന്‍റെ കാര്യത്തില്‍ പരിഹാരമായില്ല.  ഉമ്മ സ്ലേറ്റിനായി ടൌണിലെ കടകള്‍ മുഴുവന്‍ അരിച്ചുപെറുക്കി. ഒരു കടയിലും ആമിനയുടേതു പോലുള്ള ആനയുടെ ചട്ടയുള്ള സ്ലെറ്റില്ല. ആനയുടെ ചട്ടയുള്ള സ്ലേറ്റ് എന്ന എന്‍റെ അതിമോഹം ഞാന്‍ എട്ടായി മടക്കി പോക്കറ്റിലിട്ടു.

വീണ്ടും സ്കൂളിലേക്ക്, സ്ലേറ്റിനു വേണ്ടിയാണെങ്കിലും ഞാനും ആമിനയും തമ്മില്‍ നല്ല ബന്ധത്തിലായി. ഞങ്ങള്‍ എപ്പോഴും പരസ്പം കണ്ടു, ചിരിച്ചു, കൊച്ചു വര്‍ത്തമാനം ഒക്കെ പറഞ്ഞു അങ്ങനെ കാലം കഴിഞ്ഞു പോയി.  ക്ലാസ്സില്‍ ഞങ്ങളെ പറ്റി പല ഗോസിപ്പുകള്‍ പരന്നു തുടങ്ങിയിരിക്കുന്നു. എന്തിനു പറയുന്നു ഞാനും ആമിനയും 'ഉമ്മവച്ച്' കളി നടത്തി എന്നു വരെ അസ്ലം മൊട്ട പറഞ്ഞു പരത്തി. ബ്ലെഡി പി. സി ജോര്‍ജ്ജ്, കുലംകുത്തി മാധ്യമ ചപ്ലചികള്‍. മൊട്ട അസ്ലമിനെ ഒതുക്കാന്‍ എനിക്ക് അറിയാത്തതുകൊണ്ടല്ല. ഇത്തരം ചപ്ലാച്ചികളെ ഒന്നും ഞാന്‍ കൈകാര്യം ചെയ്യാറില്ല.  അസ്ലം മൊട്ടയുടെ കാര്യം ഞാന്‍ എന്‍റെ ഇടം കൈ ആയിരുന്ന ഇടിയനെ ഏല്‍പിച്ചു. അസ്ലം മോട്ടയെ ഇടിക്കാന്‍ പോയ അവന്‍ അടുത്ത രണ്ടു ദിവസം ക്ലാസ്സില്‍ വന്നില്ല.
എനിക്കു വേണ്ടി സാമാന്യം നല്ല രീതിയില്‍ അടികൊണ്ട അവന്‍റെ നന്‍പ് അന്നു ഞാന്‍ തിരിച്ചറിഞ്ഞില്ല. സൗഹൃദത്തിന്‍റെ  നന്മ തിരിച്ചറിയാനുള്ള പ്രായമൊന്നും അന്നില്ലല്ലോ.  എന്തായാലും പെണ്‍കുട്ടികളുടെ ഇടയിലേക്ക് ഗോസിപ്പുകള്‍ പരക്കാത്തതിനാല്‍ എനിക്ക് ആമിനയേയും, സ്ലേറ്റിനെയും സ്ഥിരമായി കാണാന്‍ പറ്റി. അന്ന് ഞങ്ങളുടെ പ്രണയത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയത് ഇരിയിമ്മന്‍ തമ്പിയും ആലാപനം ഞങ്ങളുടെ മലയാളം അദ്ധ്യാപിക സുഹറ ടീച്ചറും ആയിരുന്നു.

"ഓമന തിങ്കള്‍ കിടാവോ- നല്ല കോമളത്താമാരപ്പൂവോ
പൂവില്‍ നിറഞ്ഞ മധുവോ- പരി പൂര്‍ണേന്ദു തന്‍റെ നിലാവോ
പുത്തന്‍ പവിഴക്കൊടിയോ- ചെറു തത്തകള്‍ കൊഞ്ചും മൊഴിയോ
ചാഞ്ചാടിയാടും മയിലോ - മൃദു പഞ്ചമം പാടും കുയിലോ"

ഏതൊരു ആത്മാര്‍ത്ഥ പ്രണയത്തിലെയും പോലെ ഞങ്ങളെയും ദുരന്തം കാത്തിരിക്കുന്നുണ്ടായിരുന്നു. എന്‍റെ കഷ്ടകാലത്തിനു ഒരു ദിവസം ഞാന്‍ ഒരു ബോംബൈ പെന്‍സില്‍ ഷാഹിന എന്ന ഒരു പെണ്‍കൊച്ചിനു കൊടുത്തു. അത് പല്ലന്‍ ഷെമീറിനു വേണ്ടി ഒരു ലൈന്‍ വലിക്കാന്‍ പോയതാ. പല്ലന്‍ തന്‍റെ മനസ്സിലെ ഹൂറിയായ ഷാഹിനക്ക് പെന്‍സില്‍ കൊടുക്കാന്‍ എന്നെ തന്നെ ഏല്‍പിച്ചതിന്‍റെ ഗുട്ടന്‍സ് അറിയാമല്ലോ.  ഞാന്‍ ഈ പെണ്‍കുട്ടികളെ വളരെ നല്ല രീതിയില്‍ ഡീല്‍ ചെയ്യുമായിരുന്നതു കൊണ്ടാവണം. പക്ഷെ പണി നൈസായിട്ടു പാളി. ഞാന്‍ ഷാഹിനക്ക് ബോംബെ പെന്‍സില്‍ കൊടുത്ത ന്യൂസ്‌ ക്ലാസ് മുഴുവന്‍ ഫ്ലാഷായി.  കാര്യം കയ്യീന്ന് പോയപ്പോള്‍ തന്നെ പല്ലന്‍ കൈ മലര്‍ത്തി. ഈ കേസിലും ഞാന്‍ പ്രതിയായി കൂടെ ഷാഹിന തലേലുമായി. ആമിന ഇതിലൊന്നും വിശ്വസിക്കില്ലെന്ന് ഞാന്‍ വിശ്വസിച്ചു. പക്ഷെ അവള്‍ സ്ലേറ്റു തരാതായപ്പോള്‍ എനിക്ക് കാര്യം പിടികിട്ടി, ആ ഗേറ്റ് അടച്ചു എന്ന്. അവളോട്‌ ഞാന്‍ സ്ലേറ്റു ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു ഷാഹിനക്ക് കൊടുത്ത പോലുള്ള ബോംബൈ പെന്‍സില്‍ കൊടുത്താലേ സ്ലേറ്റു തരോള്ളു എന്ന്.  കല്ലു പെന്‍സിലിനു വരെ ക്ഷാമമുള്ള സാമ്പത്തിക മാന്ദ്യത്തിലാണ് അവളുടെ ബോംബൈ പെന്‍സില്‍. എന്നാലും ഏതൊരു കാമുകനെയും പോലെ ഞാനും അത് സമ്മതിച്ചു.  ഞാന്‍ ഷെമീറിനോട് ഒരു ബോംബൈ പെന്‍സില്‍ ചോദിച്ചു. അവന്‍ വീണ്ടും കൈ മലര്‍ത്തി. പല്ലന്‍റെ അമേരിക്കായിലുള്ള ബോംബൈയില്‍ പോയ മാമന്‍ വരുമ്പോ കൊണ്ട് വന്നു തരാം എന്ന് പറഞ്ഞു ഞാന്‍ അവളെ ആശ്വസിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.  നോ രക്ഷ, അവള്‍ക്ക് ഇപ്പൊ തന്നെ വേണം. അങ്ങനെ എന്‍റെ പ്രിയതമയുടെ ആഗ്രഹം സഫലീകരിച്ചുകൊടുക്കാന്‍ എനിക്ക് സാധിച്ചില്ല. 

"കൊച്ച് ഇനി ഷാഹിന കൊച്ചുമായി കൂട്ടുകൂടിയാല്‍ മതി, എന്‍റെ കൂട്ടു വേണ്ട"
ആമിന അണ്‍ഫ്രണ്ടു ചെയ്തു, കൂടെ ബ്ലോക്കും.  അവള്‍ റിപ്പോര്‍ട്ട്‌ ചെയ്തില്ല ഭാഗ്യം. ഞാന്‍ തിരിച്ചു നടന്നു.  ഏതൊരു ആണിനെ പോലെ ഞാനും പറഞ്ഞു 'പോടി പുല്ലേ'.  പക്ഷെ പതുക്കെ പതുക്കെ വിരഹം എന്നെ കാര്‍ന്നുതിന്നാന്‍ തുടങ്ങി. ആ സ്ലേറ്റ് ഞാന്‍ ഇനി എങ്ങനെ കാണും, എങ്ങനെ അതില്‍ ഇനി എഴുതും. എങ്ങനെ അവളുടെ പിണക്കം മാറ്റും? പക്ഷെ അപ്പോഴേക്കും ആ പുന്നാര മോന്‍ സനീഷ് ഗോളിയില്ലാത്ത സമയം നോക്കി ഗോള്‍ അടിച്ചു. അവന്‍ എവെടെന്നോ ഒരു ബോംബൈ പെന്‍സില്‍ ഒപ്പിച്ചു ആമിനയ്ക്ക് സമ്മാനിച്ചു. കായികമായി അവനെ നേരിടുന്നത് തടിക്ക് നന്നല്ലെന്നു എനിക്ക് മനസ്സിലായി. എന്‍റെ ആത്മാര്‍ത്ഥ പ്രണയവും അവന്‍റെ ഒലിപ്പീരും അവള്‍ തിരിച്ചറിയും എന്നെനിക്കു ഉറപ്പായിരുന്നു.  എന്നാല്‍ വീണ്ടും ആമിനയുമായി മിണ്ടാനോ, ആ സ്ലേറ്റില്‍ എഴുതാനോ എനിക്ക് സാധിച്ചില്ല. ഇന്നാണെങ്കില്‍ ആമിനയെ വിട്ടു ഷാഹിനയെ ട്യൂണ്‍ ചെയ്തേനെ, പക്ഷെ അന്ന് ആത്മാര്‍ത്ഥ പ്രണയമല്ലെ.  അന്ന് വിരഹത്തില്‍ മനം നൊന്തു സ്റ്റാറ്റസ് അപ്ഡേറ്റ് ചെയ്യാന്‍ ഫേസ്ബുക്ക്‌ പോയിട്ട് നോട്ട്ബുക്കു പോലും ഇല്ല. 

അങ്ങനെയിരിക്കെ സ്ലേറ്റിനോടുള്ള അടക്കാനാവാത്ത കൊതി മൂത്ത് ഒരു നാള്‍ ഞാന്‍ ഒരു അക്രമം ചെയ്തു. അവളില്ലാത്ത നേരത്ത് ആ സ്ലേറ്റ് ഞാനങ്ങു പൊക്കി. ആദ്യത്തെ മോഷണം. മോഷ്ടിക്കാന്‍ നമ്മള്‍ ബണ്ടി ചൊറിന്‍റെ വല്ല്യാപ്പ ആണെന്ന് അവള്‍ക്കറിയില്ലല്ലോ. എന്നിട്ട് പണ്ടത്തെ പോലെ ആ സ്ലേറ്റിന്‍റെ ഭംഗി നോക്കിയിരുന്നു.അവള്‍ അവളുടെ സുന്ദരമായ കൈപടയില്‍ ആ സ്ലേറ്റില്‍ ഗുണനപട്ടിക എഴുതിയിരിക്കുന്നു. അതിന്‍റെ ഭംഗി നോക്കി ഇരുന്ന നേരത്ത് അവള്‍ കേറി വന്നു.  ഒരൊറ്റകരച്ചിലായിരുന്നു അവളല്ല ഈ ഞാന്‍. ഇത്തവണ അവള്‍ റിപ്പോര്‍ട്ട്‌ ചെയ്തു. പക്ഷെ റോസി ടീച്ചര്‍ എന്നെ വെറുതെ വിട്ടെങ്കിലും ആമിനയുടെ മുന്‍പില്‍ ഞാന്‍ ആരായി. കള്ളന്‍. പിന്നെ ഞാന്‍ അവളുടെ നേരെ നോക്കിയിട്ടില്ല. അങ്ങനെ ഈ വിരഹ ജീവിതം വെറുത്തുകൊണ്ടിരിക്കുന്ന സമയത്താണ് ഉപ്പാന്‍റെ തീരുമാനം എന്നെ വീടിന്‍റെ അടുത്തുള്ള മറ്റൊരു സ്കൂളിലേക്ക് മാറ്റുക. അതാവുമ്പോ പെട്ടന്ന് പോയി വരാമല്ലോ. എല്ലാരെക്കാളും ഞാനും സന്തോഷിച്ചു. ഒരു മാറ്റം വേണ്ടിയിരിക്കുന്നു.

വേനലവധിക്ക് സ്കൂള്‍ പൂട്ടി. അമിനയെയും ആ സ്ലേറ്റിനെയും കാണാതെ ഞാന്‍ എങ്ങനെ രണ്ടു മാസം തള്ളി നീക്കി എന്നെനിക്കുമാത്രം അറിയാം.  അങ്ങനെ അടുത്ത മഴക്കാലം വന്നു. ടി. സി വാങ്ങാന്‍ ഞാനും ഉമ്മായും സ്കൂളില്‍ വന്നു. ഞാന്‍ കൂട്ടുകാരെ ഒക്കെ കാണാനായി എന്‍റെ പഴയ ക്ലാസ്സ്‌ റൂമിലേക്കോടി. എന്‍റെ ആത്മാര്‍ത്ഥ സുഹൃത്തുക്കളായ പല്ലനെയും ഇടിയനെയും കണ്ടു യാത്ര പറഞ്ഞു. വേര്‍പാടിന്‍റെ ദുഃഖം അറിയാത്ത പ്രായം. കണ്ണുകള്‍ നനഞ്ഞില്ലെങ്കിലും ടാറ്റാ പറഞ്ഞു. ആമിനയെ അല്ലാതെ പിന്നെ മറ്റാരെയും കാണാനുണ്ടായിരുന്നില്ല. അങ്ങനെ അവളെയും ഞാന്‍ കണ്ടു, ഒരു മൂന്നാം ക്ലാസ്സുകാരിയുടെ പക്വതയൊക്കെ വന്നിരിക്കുന്നു അവള്‍ക്കു.  അവള്‍ എന്നെ നോക്കി ഒരു  ചിരി തൂകി. ഒരു ചെറു പുഞ്ചിരി..
"ഞാന്‍ പോവാ, വേറെ സ്കൂളിലേക്ക്. ബോംബൈ പെന്‍സിലൊന്നും എന്‍റെ കയ്യിലില്ല. പക്ഷെ ഞാന്‍ നിനക്കൊരു സമ്മാനം തരാന്‍ പോവുന്നു."
"പടച്ചോനെ, ആദ്യത്തെ ഉമ്മ. ക്ലാസ്സിന്‍റെ ഉള്ളില്‍, പുറത്തു തകര്‍ത്തു പെയ്യുന്ന മഴ, ചീറിച്ചേക്കണേ"
ഞാന്‍ അവളുടെ നെറ്റിയില്‍ ചുംബിച്ചു. അവളൊരു നാണത്തോടെ ഓടി അകന്നു. അന്നോടിയതാണവള്‍. ഇതുവരെ എനിക്ക് പിടിതന്നിട്ടില്ല.

പിന്നെ പുതിയ സ്കൂള്‍, പുതിയ മേച്ചിന്‍പുറങ്ങള്‍. എന്നാലും എന്‍റെ ബ്ലാക്ക്‌ ആന്‍ഡ്‌ വൈറ്റ് ഓര്‍മകളില്‍ ആമിന എന്നും നിറങ്ങള്‍ നല്‍കി. പലരെയും പ്രണയിച്ചെങ്കിലും തൃപ്തി വരാത്ത മനസ്സുമായി കഥാനായകന്‍ ഇന്നും അലയുന്നു. ആമിനയെപ്പോലെ ഒരാളെയായിരിക്കും ആ മനസ്സ് തേടുന്നത്. ജീവിതം യൌവ്വനതീക്ഷ്ണവും, ഹൃദയം പ്രേമസുരഭിലവുമായിരിക്കുന്ന, ഈ അസുലഭകാലഘട്ടത്തില്‍ ഞാന്‍ ആമിനയെ ഓര്‍ത്ത്‌ സമയം കളയുകയാണ്. ആമിനയോ????
അവള്‍ ശപിക്കപെട്ട  ജീവിത ഭാരങ്ങളും തേടി അലയുകയാണ്. പിന്നെയും ആമിനയെ പലേടത്തും വച്ച് ഞാന്‍ തിരിച്ചറിഞ്ഞു. എന്നിട്ടും ഞാന്‍ അവളോട് പറഞ്ഞില്ല അവളെയും അവളുടെ സ്ലേറ്റിനെയും പ്രണയിച്ച കാമുകനാണ് ഈ ഞാന്‍ എന്ന സത്യം.  ഈ ഞാന്‍ അങ്ങനെ അലയുന്നു.
അല്ലേലും പെണ്‍കുട്ടികള്‍ അങ്ങനെയാണ് അവരുടെ തലക്കകത്ത് നിലാവെളിച്ചമാണ്.  പെണ്ണിന്‍റെ കഠിന ഹൃദയം, ഡബിള്‍ ഡബിള്‍ കഠിനഹൃദയം. പെണ്ണിനെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം.