2013, നവംബർ 23, ശനിയാഴ്‌ച

പോലീസ് കേസുകകളും,നിയമങ്ങളും അറിയാന്‍

1. വസ്തുനിഷ്ഠമായ പരിശോധന നടത്താതെ ഒരാളുടെ പരാതിയിന്‍മേല്‍ എനിക്കെതിരെ പോലീസ് ഒരു കേസ്സ് രജിസ്റ്റര്‍ചെയ്തു. ഞാന്‍ എന്തു ചെയ്യണം?

കേസ്സിന് ആധാരമായ കാര്യങ്ങളുടെ യഥാര്‍ത്ഥ്യം കേസ്സന്വേഷണം പുരോഗമിക്കുന്ന മുറക്ക് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. താങ്കള്‍ക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുന്ന  നിമിഷം താങ്കള്‍ക്കെതിരായി നടപടികള്‍ ഒന്നും സ്വീകരിക്കുന്നതല്ല.
2.അറസ്റ്റിലായ ആള്‍ക്ക് ജാമ്യം ലഭിക്കുന്നത് എങ്ങനെ?

ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായത് എങ്കില്‍ രണ്ട് ജാമ്യക്കാരെ ഹാജരാക്കുന്ന പക്ഷം പ്രതിക്ക് ജാമ്യം അനുവദിക്കുന്നതാണ്. ജാമ്യം കിട്ടാത്തവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായത്് എങ്കില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതും പ്രതിക്ക് കോടതി മുന്‍പാകെ ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ് . പെറ്റി കേസ്സുകളില്‍ അറസ്റ്റ് ഉണ്ടാവാറില്ല. 
3.ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ , ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ഏതൊക്കെ?

കുറ്റകൃത്യങ്ങളെ ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ ,  ജാമ്യം കിട്ടാത്തകുറ്റങ്ങള്‍ എന്നിങ്ങനെ തരം തിരച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റങ്ങളാണ്  ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍
4.പെറ്റി കുറ്റകൃത്യങ്ങള്‍ ഏതാണ്?

ട്രാഫിക് നിയമലംഘനം , പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുക, പൊതുസ്ഥലത്ത് പുക വലിക്കുക തുടങ്ങിയ നിസ്സാര കുറ്റകൃത്യങ്ങള്‍ ആണ് പെറ്റി കുറ്റകൃത്യങ്ങള്‍ .
5.ജാമ്യമുള്ള കേസ്സിലെ പ്രതിയാണ് ഞാന്‍ .  എന്ത് ചെയ്യണം?

പോലീസിന് മുന്‍പില്‍ കീഴടങ്ങുകയോ, കോടതി മുന്‍പാകെ കീഴടങ്ങുകയോ ചെയ്ത് ഒരു വക്കീല്‍ മുഖാന്തിരം ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ്. കേസ്സിന്‍െറ വിചാരണ വേളയില്‍ വക്കീല്‍ മുഖാന്തിരം വാദിക്കാവുന്നതാണ്.
6.ജാമ്യമില്ലാ കേസ്സിലെ പ്രതിയാണ് ഞാന്‍ എന്ത് ചെയ്യണം?

പോലീസില്‍ കീഴടങ്ങുന്ന പക്ഷം താങ്കളെ റിമാന്‍റ് ചെയ്യുന്നതാണ്. ഒരു വക്കീലിന്‍െറ സേവനം ലഭ്യമാക്കുന്നതാണ് ഇക്കാര്യത്തില്‍ ഉത്തമം.
7.
വളരെ ഗുരുതരമായ ജാമ്യമില്ലാ കേസ്സിലെ പ്രതിയാണ് ഞാന്‍ . ജാമ്യം ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കരസ്ഥമാക്കാവുന്നതാണ്.അല്ലാത്ത പക്ഷം റിമാന്‍റ്  ചെയ്യുന്നതാണ്.
8.ഒരു പെറ്റി കേസ്സിലെ പ്രതിയാണ് ഞാന്‍‍ . എന്താണ് ഇനി ചെയ്യേണ്ടത്?

കോടതി ആവശ്യപ്പെടുന്ന മുറക്ക് ഹാജരാകുകയും പിഴ ഒടുക്കുകയും ചെയ്യേണ്ടതാണ്.താങ്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഒരു വക്കീലിനെ ചുമതലപ്പെടുത്താവുന്നതാണ്. ചില പെറ്റി കേസ്സുകളില്‍ ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്നതാണ്.
9.കേസ്സില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ജോലി നഷ്ടപ്പെടുമോ?

2000 രൂപയ്ക്ക് മുകളില്‍ പിഴ ഒടുക്കുന്നതടക്കം ശിക്ഷ ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടാവുന്നതാണ്.
10.അറസ്റ്റ് ചെയ്യപ്പെട്ടാലുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം?

അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ കോടതി മുന്‍പാകെ പ്രതിയെ ഹാജരാക്കുന്നതാണ്. എന്തിനാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതിയെ അറിയിക്കാവുന്നതാണ്.
11.
അറസ്റ്റ്  ചെയ്യപ്പെട്ട ആളെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാത്ത പക്ഷം എന്താണ് ചെയ്യേണ്ടത്?

ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാവുന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ എവിടെയാണെന്ന് വ്യക്തമായി അറിയാമെങ്കിലും സര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുന്നതിനായി മജിസ്ട്രേറ്റിനെ സമീപിക്കാവുന്നതാണ്.
12.പോലീസ് എന്നെ ശാരീരികമായി പീഢിപ്പിക്കുമോ?

അറസ്റ്റിന് വഴങ്ങാത്ത സാഹചര്യങ്ങില്‍ പോലീസിന് ബലപ്രയോഗം നടത്തേണ്ടി വരിക സാധാരണമാണ്.
13.പോലീസ് കസ്റ്റഡിയില്‍ വച്ച് പീഢനമേല്‍ക്കേണ്ടി വന്നാല്‍ എന്തു ചെയ്യും?

മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കുന്ന വേളയില്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് പീഢനമേറ്റ കാര്യത്തെ സംബന്ധിച്ച ഒരു സ്റ്റേറ്റ്മെന്‍റ്  നല്‍കാവുന്നതാണ്. പോലീസില്‍ നിന്നു തന്നെ ജാമ്യം കിട്ടുകയാണെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ഡ്യൂട്ടി ഡോക്ടര്‍ക്ക് പീഢനം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് നല്‍കാവുന്നതാണ്. തുടര്‍ന്ന് മജിസ്ട്രേറ്റ് മുന്‍പാകെയോ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മുന്‍പാകെയോ എഴുതി തയ്യാറാക്കിയ ഒരു പരാതി നല്‍കാവുന്നതാണ്.

പരാതികള്‍

1. വിലപിടിപ്പുള്ള വസ്തുവകകള്‍ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കുക. സ്റ്റേഷന്‍ ചുമതലുള്ള ഉദ്യോഗസ്ഥന്‍ പരാതി രേഖപ്പെടുത്തുകയും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്. ഐ. ആര്‍ ) രജിസ്റ്റര്‍ ചെയ്യുന്നതാണ്.
2.പരാതി രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം എന്താണ് ചെയ്യേണ്ടത് ?
ജില്ലാ പോലീസ് സൂപ്രണ്ടിന് ഒരു പരാതി നല്‍കാവുന്നതാണ് . അദ്ധേഹം പരാതിയിന്‍മേല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യിക്കുന്നതാണ്.
3.പരാതി നല്‍കിയതിന് രശീതി ലഭിക്കുമോ?
പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് പരാതിക്കാരന് സൗജന്യമായി ലഭിക്കുന്നതാണ്. പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ലഭിക്കാത്ത പക്ഷം കേസ്സിന്‍െറ നമ്പര്‍ സ്റ്റേഷന്‍ചുമതലയുള്ള ഉദ്യോഗസ്ഥനോട് ആവശ്യപ്പെടാവുന്നതാണ്. ഇപ്രകാരം വിവരങ്ങള്‍ ലഭിക്കാത്ത പക്ഷം ഡി.വൈ.എസ്.പി / എസ്.പി. എന്നിവര്‍ മുന്‍പാകെ പരാതി ബോധിപ്പിക്കാവുന്നതാണ്.
4.പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ലഭിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?
പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് ബന്ധപ്പെട്ട  കോടതി മുമ്പാകെ ഒരു പരാതി നല്‍കാവുന്നതാണ്.
5.എല്ലാ പരാതികളിലും കേസ്സ് രജിസ്റ്റര്‍ ചെയ്യാറുണ്ടോ?
സിവില്‍ സ്വഭാവമുള്ള പരാതികളില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യാറില്ല. പോലീസിന് നേരിട്ടെടുക്കാവുന്ന കോഗനൈസബിള്‍ ആയ ക്രിമിനല്‍ കേസ്സുകളില്‍ മാത്രമേ കേസ്സ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുള്ളൂ.
6.എന്താണ് കോഗനൈസബിള്‍ കുറ്റങ്ങള്‍ ?
ചില പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന കുറ്റകൃത്യങ്ങള്‍ ഗൗരവമാര്‍ന്ന കൊലപാതകം , ബലാല്‍ക്കാരം , മാരകായുധമുപയോഗിച്ചുള്ള ആക്രമണങ്ങള്‍ , തട്ടിക്കൊണ്ടുപോകല്‍ മോഷണം എന്നിവ കോഗനൈസബിള്‍ കുറ്റകൃത്യങ്ങളില്‍ ചിലവയാണ്.
7.കോഗനൈസബിള്‍ കുറ്റത്തിന്‍െറ കാര്യത്തില്‍ പരാതിപ്പെടാന്‍ എന്താണ് ചെയ്യേണ്ടത് ?
ഒരു വക്കീല്‍ മുഖാന്തിരം കോടതിയില്‍ കേസ്സ് നല്‍കാവുന്നതാണ്.

    ഇവിടെ ക്ലിക്കി നോക്കു -http://www.malappurampolice.gov.in/mlpol/