പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം അണപൊട്ടുകയാണ്. റിപ്പോർട്ടിലെ ശുപാർശകളിൽ ഭൂരിപക്ഷവും നിരുപദ്രവവും മലയോര മേഖലയുടെ നിലനില്പിനും സുസ്ഥിരമായ വികസനത്തിനും അനുപേക്ഷണീയവുമാണ്. സമ്പൂർണ നിരോധന പട്ടികയിൽ ഉൾപ്പെടുന്ന അഞ്ച് പ്രധാന ശുപാർശകളാകട്ടെ പ്രത്യക്ഷത്തിൽ ബാധിക്കുന്നത് ക്വാറികൾ, മണൽ വാരൽ, വൻതോതിലുള്ള നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളെയാണ്. നിർഭാഗ്യവശാൽ കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഒരിക്കൽപ്പോലും മനസിലാക്കാൻ ശ്രമിക്കാത്തവരാണ് ഇപ്പോൾ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിൽക്കുന്നത്. ജനങ്ങളെ അടിമുടി തെറ്റിദ്ധരിപ്പിച്ചും വലിയ അത്യാഹിതമെന്തോ വരാൻ പോകുന്നുവെന്ന് പേടിപ്പിച്ചും നിക്ഷിപ്തതാത്പര്യക്കാർ രംഗം അടക്കി വാഴുകയാണ്. വോട്ടിൽ മാത്രം കണ്ണുള്ള രാഷ്‌ട്രീയക്കാരും എളുപ്പം ചെലവാകുന്ന മതവികാരം ഇളക്കിവിടാൻ ത്രാണിയുള്ള സഭാനേതാക്കളുംകൂടി പങ്കുചേർന്നപ്പോൾ വലിയൊരു സമരമുഖമാണ് തുറന്നിരിക്കുന്നത്. ജനങ്ങളെ നേരായ ദിശയിൽ നയിക്കാൻ ചുമതലപ്പെട്ടവർ തങ്ങളുടെ സ്വാർത്ഥതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആത്മഹത്യാപരമായ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കാണാം.
വിവേകം വേണ്ടിടത്ത് വികാരം അണപൊട്ടുമ്പോൾ അരുതാത്തത് എന്തൊക്കെ ഉണ്ടാകുമെന്ന് ഇതിനകം കണ്ടുകഴിഞ്ഞു. ഫോറസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് മലയോര മേഖലകളിൽ നടന്ന ആസൂത്രിതമായ ആക്രമണവും തീവയ്പുമെല്ലാം എന്തിനുവേണ്ടിയായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമല്ല ഇതിനകം ഇറങ്ങിയതെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രി ജയന്തി നടരാജൻ ഞായറാഴ്ചയും ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങളോട് ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കുള്ള എതിരഭിപ്രായങ്ങൾ സമർപ്പിക്കാൻ രണ്ടുമാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ശുപാർശകൾ കേരളത്തിന് മാത്രമല്ല ബാധകമാകുന്നത്. ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും റിപ്പോർട്ടിന്റെ പരിധിയിൽ വരുന്നവയാണ്. കേരളത്തിൽ മലയോര മേഖലകളിൽ സ്ഥിതിചെയ്യുന്ന 123 വില്ലേജുകളാണ് പരിസ്ഥിതി ദുർബലമേഖലയായി കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പലരും ഭയപ്പെടുന്നതുപോലെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാകുമ്പോൾ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാവുന്ന തരത്തിൽ പുതിയ നിയന്ത്രണങ്ങളൊന്നും വരാൻ പോകുന്നില്ലെന്നാണ് റിപ്പോർട്ട് വസ്തുനിഷ്ഠമായി പഠിച്ചുകഴിഞ്ഞവർ പറയുന്നത്. നിലവിലുള്ള ജനജീവിതത്തിനോ കാർഷിക പ്രവർത്തനങ്ങൾക്കോ ഭൂവിനിയോഗത്തിനോ ഭൂമി കൈമാറ്റത്തിനോ ഒരുവിധ തടസവും സൃഷ്ടിക്കുന്നതല്ല കസ്തൂരിരംഗൻസമിതിയുടെ ശുപാർശകൾ. അനിയന്ത്രിതമായ പാറപൊട്ടിക്കലിനും മണൽവാരലിനുമെതിരെ മലയോര മേഖലകളിൽ മാത്രമല്ല, നാട്ടിലെമ്പാടും ജനങ്ങൾ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആ നിലയ്ക്ക് പരിസ്ഥിതി ലോലമേഖലകളിൽ ക്വാറി-ഖനന പ്രവർത്തനങ്ങളും മണൽവാരലും ടൗൺഷിപ്പ് നിർമ്മാണവും താപവൈദ്യുതി നിലയങ്ങളും പുതിയ അണക്കെട്ടുകളും പാടില്ലെന്ന് വിദഗ്ദ്ധ സമിതി മുന്നോട്ടുവയ്ക്കുന്ന ശുപാർശകളെ എങ്ങനെ എതിർക്കാൻ കഴിയും?
സമിതി ശുപാർശകളുടെ പേരിലല്ല, റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ കല്ലുവച്ച നുണകളായി പ്രചരിപ്പിച്ചുകൊണ്ടാണ് കസ്തൂരി വിരുദ്ധ പ്രക്ഷോഭത്തിനായി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതും പള്ളികളിൽ ഇടയലേഖനങ്ങൾ വിളമ്പുന്നതും. റിപ്പോർട്ട് നടപ്പിലായാൽ കക്കൂസ് കുഴിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുമെന്നുവരെ പ്രചാരണം നടക്കുന്നു. ഭൂമി വില്പന മാത്രമല്ല, കുടുംബങ്ങളുടെ ഭാഗംവയ്പുപോലും നിരോധിക്കപ്പെടുമെന്നാണ് കിംവദന്തികൾ. ഇടുക്കിയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെയെല്ലാം പ്രവർത്തനം നിറുത്തിവയ്പിച്ചുവെന്നുവരെ വ്യാജ പ്രചാരണമുണ്ടായി. ഇങ്ങനെ നാനാവിധത്തിലും കസ്തൂരി സമിതിയുടെ ചെലവിൽ ഇല്ലാവചനങ്ങൾ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഖനന-ഭൂമാഫിയകളെക്കൊണ്ടു പൊറുതിമുട്ടി എന്ന് വിലപിക്കുന്നവർ തന്നെ അതിനെതിരായ സമിതി ശുപാർശകൾക്കെതിരെ രംഗത്തുവന്നതിലെ അപഹാസ്യതയും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. പശ്ചിമഘട്ട മേഖലയിൽപ്പെടുന്ന പ്രദേശത്തെ സാധാരണ ജനജീവിതത്തെ ഒരുവിധത്തിലും സമിതി ശുപാർശകൾ പ്രതികൂലമായി ബാധിക്കുന്നില്ല എന്നതാണ് പരമാർത്ഥം. ഈ യാഥാർത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനോ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികൾക്കോ കഴിഞ്ഞില്ലെന്നതാണ് സംസ്ഥാനത്തിന്റെ ദുര്യോഗം. ജനങ്ങളുടെ അറിവിലേക്കായി സമിതി റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ മാദ്ധ്യമങ്ങളിലൂടെ വിപുലമായ നിലയിൽ പ്രസിദ്ധപ്പെടുത്തേണ്ടതായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, സമരക്കാരെ സംഘടിപ്പിക്കാൻ ഗവൺമെന്റിന്റെ ഭാഗമായവർതന്നെ ഇറങ്ങിപ്പുറപ്പെട്ടതോടെ ജനങ്ങളുടെ ആപത്ശങ്ക ഇരട്ടിക്കുകയും ചെയ്തു. കസ്തൂരി രംഗൻ റിപ്പോർട്ട് പൂർണമായും പിൻവലിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടുമെന്ന് ജനങ്ങളെ ആകമാനം പേടിപ്പിച്ച് ദിവസങ്ങളോളം അണക്കെട്ടിനരികെ കുത്തിയിരുന്ന അതേ മന്ത്രിയിൽ നിന്നുതന്നെയാണ് പുതിയ ഉൾവിളിയും ഉണ്ടായിരിക്കുന്നത്. ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ വിശുദ്ധിപോലും മറന്ന് സംസ്കാരശൂന്യമായി അധിക്ഷേപങ്ങൾ ചൊരിയുന്ന സഭാദ്ധ്യക്ഷന്മാരും വലിയതോതിൽ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. മൂലമറ്റം പവർഹൗസ് സ്തംഭിപ്പിക്കലാണത്രെ അടുത്ത സമരമുറ. ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല; പിതാവേ, ഇവരോട് പൊറുക്കേണമേ എന്ന തിരുവചനമാണ് ഓർത്തുപോകുന്നത്.