2013, നവംബർ 8, വെള്ളിയാഴ്‌ച

ഫാതിഹ്1453-അഭ്രപാളിയിലെ മുസ്‌ലിംചരിത്രം.(Written by അബ്ദുല്‍ മജീദ് . പി.)

സമുദായങ്ങളുടെയും വംശങ്ങളുടെയും പൈതൃകം നിലനില്‍ക്കുന്നത് ചരിത്രത്തിലെ അവരുടെ സംഭാവനകള്‍ പരിഗണിച്ചാണ്. അത്തരത്തിലുള്ള പൈതൃകചരിത്രങ്ങള്‍ അക്കാദമികസ്ഥാപനങ്ങളിലൂടെമാത്രമാണ് മുന്‍പൊക്കെ പുതുതലമുറക്ക് പകര്‍ന്നുനല്‍കിയിരുന്നത്. ആധുനികകാലഘട്ടത്തില്‍ മനുഷ്യനാഗരികത ഒട്ടേറെ മാധ്യമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
പുതു തലമുറക്ക് ദിശാബോധം നല്‍കുന്നതില്‍ പാഠപുസ്തകങ്ങളേക്കാള്‍ സ്വാധീനം സിനിമകള്‍ക്കുണ്ട്. ക്രൈസ്തവ-യഹൂദ പാരമ്പര്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചും ധാരാളം സിനിമകളും ഡോക്യുമെന്ററികളും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അറബ്- ഇസ്‌ലാമിക ചരിത്രത്തെക്കുറിച്ചും പാരമ്പര്യത്തെക്കുറിച്ചുള്ള ചിത്രീകരണങ്ങള്‍ അഭ്രപാളിയില്‍ കുറവാണ്. അറബികളുടെ ചരിത്രം ഇസ്‌ലാമിന്റെ കൂടി ചരിത്രമാണ്. മധ്യേഷ്യയുടെ ചരിത്രം സെമിറ്റിക് മതങ്ങളുടെ ചരിത്രവുമാണ്. അടുത്തകാലത്തായി അറബ്- അറബേതര ഇസ് ലാം ആഭിമുഖ്യമുള്ള രാജ്യങ്ങളില്‍ നിന്ന് ചെറിയ തോതിലുള്ള സിനിമകള്‍ ഈ രംഗത്ത് പ്രത്യക്ഷപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചെറിയ പ്രാദേശിക ചരിത്രത്തിന് മാത്രമല്ല മിത്തുകള്‍ക്ക് പോലും ഇടം നല്‍കാറുള്ള ഹോളിവുഡില്‍ ഇങ്ങനെ കാണാറില്ല. ഇതിന്നപവാദമാണ് തുര്‍ക്കി ഇതിഹാസ(epic movie) ചിത്രമായ ഫാതിഹ്-1453( Fetih 1453') ഉഥ്മാനി ചരിത്രത്തിലെ പ്രമുഖ ഭരണാധികാരിയായിരുന്ന മുഹമ്മദ് രണ്ടാമന്‍ എന്ന മുഹമ്മദ് ഫാതിഹിന്റെ ജീവ ചരിത്രവും ഭരണ രീതികളുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.  രാജ ഭരണമായിരുന്നുവെങ്കിലും ഇസ്‌ലാം അയാളില്‍ ചെലുത്തിയ സ്വാധീനത്തെക്കുറിച്ചും സിനിമ സംസാരിക്കുന്നു. ചിത്രം ചരിത്രത്തെയാണ് സമീപിക്കുന്നതെന്ന ചരിത്രത്തിന്റെ പഴമയെയും വൈകാരികതയെയും അഭിസംബോധിതന് പകര്‍ന്നു നല്‍കാന്‍ ചിത്രത്തിന് കഴിയുന്നു എന്നത് തുര്‍ക്കി ഭാഷയിലും ഇംഗ്ലീഷ് ഭാഷയിലും ലഭ്യമായ ചിത്രത്തിന്റെ മേന്മയാണ്. ഇസ് ലാമിക ലോകത്ത്  ഇതിന് വലിയ സ്വീകാര്യത കിട്ടിക്കഴിഞ്ഞു. ചില ഇസ്‌ലാമിക രാജ്യങ്ങള്‍ ഇതിനെ അറബിയിലേക്ക് ഡബ്ബുചെയ്ത് പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാകുന്നു എന്നത് സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ അടയാളമാണ്. പതിനേഴ്മില്യണ്‍ ഡോളര്‍ചെലവഴിച്ചാണ് ഫാറൂക് അക്‌സോയ് സിനിമ നിര്‍മിച്ചിരിക്കുന്നത്.

തന്റെ 21 ആമത്തെ വയസില്‍ ബൈസാന്റിയന്‍ ചക്രവര്‍ത്തിയോട് ഏറ്റുമുട്ടി ഫാതിഹ് കോണ്‍സ്റ്റാന്റിനോപ്പിള്‍ കീഴടക്കിയ കഥ പറഞ്ഞുകൊണ്ടാണ് കഥയാരംഭിക്കുന്നത്. പിന്നീട് നടക്കുന്ന നവോത്ഥാനത്തിലൂടെ ഏഷ്യയുടെ പല ഭാഗങ്ങളിലേക്കും നീങ്ങുന്ന രാജാവിനെയാണ് കാണാന്‍ കഴിയുന്നത്. നല്ല വ്യക്തിത്വവും മാനുഷിക മുഖവുമുള്ള നായകനെയാണ് ചിത്രം പരിചയപ്പെടുത്തുന്നത്. ബൈസാന്റിയന്‍ ചക്രവര്‍ത്തിയോട് സമാധാന സന്ധിയുണ്ടാക്കാന്‍ ശ്രമിച്ചെങ്കിലും  അതു നിരസിച്ചുകൊണ്ടുള്ള ചക്രവര്‍ത്തിയുടെ തീരുമാനം  ബൈസാന്റിയന്‍ ആക്രമണത്തില്‍ രക്തച്ചൊരിച്ചിലുണ്ടാക്കുന്നു. അതുപോലെതന്നെ അദ്ദേഹത്തിന്റെ പ്രധാനമന്ത്രിയെ മതിയായ തെളിവില്ലെന്നുപറഞ്ഞ് കൊല്ലാതെ  വിട്ടയക്കുന്ന ഫാതിഹിന്റെ കരുണയും ചിത്രത്തെ മഹത്തരമാക്കുന്നു. ക്രിസ്ത്യാനികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ ചര്‍ച്ച് വിട്ടു കൊടുക്കുന്നതിലൂടെ ഇതര മത വിഭാഗങ്ങളോടുള്ള ഫാതിഹിന്റെ അനുഭാവ സ്വഭാവം ഇസ്‌ലാമിക നാഗരികത ലോകത്തിന് സംഭവന ചെയ്ത മതനിരപേക്ഷതയുടെ തെളിവാകുകയാണ്.
ചരിത്രത്തോട് നീതി പുലര്‍ത്തിയ ചിത്രം എന്നാണ് ഇതിനെക്കുറിച്ച് പ്രേക്ഷകരുടെ പൊതു അഭിപ്രായം.