2013, നവംബർ 23, ശനിയാഴ്‌ച

ആദ്യം സ്വാമി ശരണം; പിന്നെ പാര്‍ട്ടി ശരണം

അച്ചന്‍കോവില്‍: കമ്യൂണിസ്റ്റ് നേതാക്കള്‍ അമ്പലത്തില്‍ പോകുന്നത് ഇപ്പോള്‍ പാര്‍ട്ടിക്കോ നാട്ടുകാര്‍ക്കോ വാര്‍ത്തയല്ല. വിലക്കാനൊട്ട് ധൈര്യവുമില്ല. എന്നാലും ചെങ്കൊടിവച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ വാഹനത്തില്‍ ശബരിമലയ്ക്ക് പോകാനുള്ള ധൈര്യം കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാവില്ല. തമിഴ് സഖാക്കള്‍ ഇതാ വഴികാട്ടുന്നു. 

സി.പി.ഐ. തിരുച്ചി ടൗണ്‍ സെക്രട്ടറി തങ്കമണിയും സഖാക്കളും അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിലെത്തിയത് പാര്‍ട്ടിയുടെ ഔദ്യോഗിക വാഹനത്തില്‍ത്തന്നെ. സി.പി.ഐ. തിരുച്ചി ജില്ലാ കമ്മിറ്റിയെന്ന് മുന്നില്‍ വ്യക്തമായി എഴുതിയ വാഹനം. അകത്ത് അരിവാള്‍ ചുറ്റികയുടെ ഒരു കൊച്ചുശില്പം. മുന്നില്‍ ചെങ്കൊടി. അതിനുതാഴെ അയ്യപ്പന്റെ പൂമാല ചാര്‍ത്തിയ ചിത്രം. ശരണമന്ത്രങ്ങള്‍ക്കുവേണ്ടി ഇങ്ക്വിലാബിന് അവധി നല്‍കിയ ഇവരുടെ ഗുരുസ്വാമി 40-ാംവട്ടം മല ചവിട്ടുന്ന സെക്രട്ടറിതന്നെ. പാര്‍ട്ടിയിലും ഭക്തിയിലും തലൈവര്‍ തലൈവര്‍ തന്നെയെന്ന് അനുയായികള്‍. ചെങ്കൊടിയും അയ്യപ്പനും ഒന്നിച്ചുള്ള മറ്റൊരു ചുവന്ന വാഹനവും സംഘത്തിനൊപ്പമുണ്ട്. തങ്കമണിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് സി.പി.ഐ. ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ മെമ്പറുമാണ്. അച്ഛന്‍ തമ്പിദുരൈ ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവാണ്. കേരളത്തിലെ നേതാക്കളുമായൊക്കെ ബന്ധമുണ്ടായിരുന്ന ആളെന്ന് തങ്കമണി പറയുന്നു. അവരിരുവരും അമ്പലത്തിലൊന്നും പോകാത്തവരാണ്. തന്നോടും പോകേണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തങ്കമണിക്ക് ആദ്യം സ്വാമിശരണവും പിന്നെമാത്രം പാര്‍ട്ടി ശരണവുമാണ്. ''എന്നാല്‍ വേദം, ജാതകം തുടങ്ങി ഒന്നിലും വിശ്വാസമില്ല''-ഗുരുസ്വാമി പ്രഖ്യാപിച്ചു. 

തിരുച്ചിയില്‍ വെട്രി എന്ന കോളേജിന്റെ പ്രിന്‍സിപ്പല്‍ കൂടിയാണ് ഈ പാര്‍ട്ടി നേതാവ്. ഒപ്പമുള്ളവര്‍ ജീവനക്കാരും പൂര്‍വ വിദ്യാര്‍ഥികളുമൊക്കെയാണ്. കൂടുതലും പാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുഭാവികളും. പാര്‍ട്ടിയുടെ വാഹനത്തില്‍ ഇങ്ങനെ പോകുന്നത് ഒരു പ്രൊട്ടക്ഷന്‍ കൂടിയാണെന്ന് തങ്കമണി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഏത് പാര്‍ട്ടിയുടെ പ്രാദേശികനേതാവും കൊടിവച്ച കാറിലാണ് യാത്ര. ചെങ്കൊടിയാണെങ്കിലും ക്ഷേത്രത്തില്‍ പോകുമ്പോള്‍ അത് മാറ്റിവയ്ക്കുന്നത് ശരിയല്ലല്ലൊയെന്ന് ഇവരുടെ ന്യായം. ഉച്ചപൂജ തൊഴുത് അവര്‍ ധൃതിയില്‍ വാഹനങ്ങളില്‍ കയറി. ശരണം വിളികള്‍ ഉയര്‍ന്നു. ചെങ്കൊടി പാറിത്തന്നെ നിന്നു. (മാതൃഭൂമി)