ഓട്ടോഗ്രാഫ് ഒരു ചരിത്ര സ്‌മാരകമാണെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സച്ചിന്‍ തെന്‍ഡുല്‍ക്കറുടെ ഒപ്പുമായി ബന്ധപ്പെട്ട് ഹാസ്‌നൈന്‍ മസൂദ് എന്ന ആരാധകനും ചരിത്രത്തിന്റെ ഭാഗമാകും. അടുത്തയാഴ്‌ച ക്രിക്കറ്റില്‍ നിന്നും വിരമിക്കാനിരിക്കുന്ന മാസ്‌റ്റര്‍ ബ്‌ളാസ്‌റ്ററുടെ കടുത്ത ആരാധകനായ മസൂദിന്റെ പക്കല്‍ സച്ചിന്റെ വിവിധ തരത്തിലുള്ള 70 ലധികം ഓട്ടോഗ്രാഫുകളാണ് ഉള്ളത്. ഇതില്‍ സച്ചിന്‍ പാകിസ്‌ഥാനെതിരേ അരങ്ങേറിയ മത്സരം മുതല്‍ അടുത്ത കാലത്തേത് വരെയുണ്ട്.
ഓട്ടോഗ്രാഫിലും ബാറ്റിംഗ് ശൈലിയിലും സ്‌റ്റൈലിലുമെല്ലാം കാലങ്ങള്‍ നീണ്ടപ്പോള്‍ മാറ്റം വരുത്തിയ സച്ചിനില്‍ മാറ്റം വരാത്തതായി ഒന്നുണ്ട്. കൂടുന്തോറും മഹത്തരമാകുന്ന എളിമയും വിനയവും. ഉയരങ്ങള്‍ ഒന്നൊന്നായി കീഴടക്കുമ്പോഴും കൂടുതല്‍ കൂടുതല്‍ വിനയാന്വിതനാകുന്നു എന്ന സച്ചിന്റെ സവിശേഷത ലോകം മുഴുവന്‍ അദ്ദേഹത്തിന് ആരാധകരെ നേടിക്കൊടുത്തു. ഓസ്‌ട്രേലിയയിലെ കടുത്ത ചൂടില്‍ മണിക്കൂറുകള്‍ നീണ്ട പരിശീലനത്തിന് ശേഷം മണിക്കൂറോളം ആരാധകര്‍ക്ക് ഓട്ടോഗ്രാഫ് നല്‍കാന്‍ താരം തയ്യാറാകുമായിരുന്നു. 40 ഡിഗ്രി ചൂടില്‍ വെയിലത്ത് വാടി നില്‍ക്കുമ്പോള്‍ പോലും സച്ചിന്‍ ആരാധകര്‍ക്ക് നേരെ മുഖം ചുളിച്ചിട്ടില്ല.
സച്ചിന്‍ ഓട്ടോഗ്രാഫ് ഒപ്പിട്ടു നില്‍ക്കുമ്പോള്‍ കൂട്ടത്തിലുള്ള താരങ്ങളില്‍ പലരും എയര്‍ കണ്ടീഷണര്‍ക്ക് കീഴില്‍ ഒളിച്ചുകഴിയും. ഓട്ടോഗ്രാഫ് ഒപ്പിടുമ്പോള്‍ ഒരാളുടെ മുഖത്ത് പുഞ്ചിരി വിരിഞ്ഞാല്‍ ഭാഗ്യം തനിക്കാണ്. കടുത്ത ചൂടില്‍ വീട്ടില്‍ പോലും പോകാതെ തനിക്ക് വേണ്ടി മണിക്കൂറുകള്‍ ചെലവിടുന്ന ഇവരുമായി തട്ടിച്ച് നോക്കുമ്പോള്‍ ഞാന്‍ ചെലവിടുന്ന സമയം ഒന്നുമല്ലല്ലോ എന്നായിരുന്നു ഇത് സംബന്ധിച്ച ഒരു ലേഖകന്റെ ചോദ്യത്തിന് സച്ചിന്‍ നല്‍കിയ മറുപടി.
സച്ചിന് പിന്നാലെ ഓട്ടോഗ്രാഫിനായി ആള്‍ക്കാര്‍ വട്ടമിട്ടു പറന്നു തുടങ്ങിയത് 1989 മുതലാണ്. പാകിസ്‌ഥാനിലെ പെഷവാറില്‍ പൊട്ടിത്തെറിച്ച ആ പ്രദര്‍ശന മത്സരം മുതല്‍ 18 പന്തില്‍ 53 റണ്‍സെടുത്ത സച്ചിന്‍ പാകിസ്‌ഥാന്റെ വിഖ്യാത സ്‌പിന്നര്‍ അബ്‌ദുള്‍ റസാഖിന്റെ ഒരു ഓവറില്‍ പറത്തിയത് നാലു സിക്‌സറുകളായിരുന്നു. 'കണ്ടിട്ടുള്ള ആദ്യത്തെ ഏറ്റവും വേഗമേറിയ ഇന്നിംഗ്‌സ്' ഒരു പ്രതിഭയുടെ ഉദയത്തിന് അന്ന് സാക്ഷ്യം വഹിച്ച മുന്‍ ഓപ്പണര്‍ കൃഷ്‌ണമാചാരി ശ്രീകാന്ത് പറഞ്ഞത്.
പാകിസ്‌ഥാന്‍ പര്യടനത്തിലെ ഏകദിന പ്രദര്‍ശന മത്സരത്തിലായിരുന്നു സച്ചിന്‍ ആദ്യമായി സ്‌ഫോടനാത്മകമായ ഇന്നിംഗ്‌സ് കളിച്ചത്. മഴമൂലം 20 ഓവറായി കുറച്ച മത്സരത്തില്‍ പാകിസ്‌താനും ഇന്ത്യയും കളിക്കുന്നു എന്നത് കൊണ്ടു തന്നെ ഒട്ടും ഗൗരവം കുറഞ്ഞിരുന്നില്ല. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ കുറിച്ചത് 157 റണ്‍സ്. മറുപടിയില്‍ ഇന്ത്യയ്‌ക്ക് തുടക്കത്തില്‍ തന്നെ ഏതാനും വിക്കറ്റുകള്‍ നഷ്‌ടമായി. കൃഷ്‌ണമാചാരി ശ്രീകാന്തിനൊപ്പം ക്രീസില്‍ ചേരാനെത്തുമ്പോള്‍ സച്ചിനോട് ശ്രീകാന്ത് പറഞ്ഞത് ഒരോവറില്‍ 13 റണ്‍സ് വേണമെന്നാണ്.
ഇന്ത്യ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്ത മത്സരത്തില്‍ ശ്രീകാന്ത് വിചാരിച്ചത് യുവാവിന് നല്ല ഒരു ബാറ്റിംഗ് പരിശീലനമായിക്കോട്ടെ എന്നായിരുന്നു. എന്നാല്‍ സ്‌പിന്നര്‍ മുഷ്‌താഖ് അഹമ്മദിനെ നേരിട്ട ആദ്യ ഓവറില്‍ തന്നെ സച്ചിന്‍ രണ്ടു തവണ സിക്‌സറിന് തൂക്കി. പിന്നാലെയായിരുന്നു പാക് ഇതിഹാസ സ്‌പിന്നര്‍ അബ്‌ദുള്‍ ഖാദിറിന്റെ ഓവര്‍. 'പിള്ളേര്‍ക്കിട്ട് നീ അടിക്കുമോ? എന്നാല്‍ എന്നെയൊന്ന് അടിച്ച് നോക്ക്' ഇങ്ങനെ വെല്ലുവിളിച്ചുകൊണ്ടായിരുന്നു ഖാദിറിന്റെ വരവ്. എന്നാല്‍ പയ്യനെ കാര്യമാക്കാതെയായിരുന്നു ഖാദിറിന്റെ ബൗളിംഗ് എങ്കിലും സച്ചിന്റെ ബാറ്റിലെ ചൂട് അദ്ദേഹം അറിഞ്ഞു. ആ ഓവറില്‍ പിറന്നത് നാല് സിക്‌സറുകളാണ്.
കളി കഴിഞ്ഞപ്പോള്‍ കാര്യത്തെ സ്‌പോര്‍ട്‌സ്മാന്‍ സ്‌പിരിറ്റില്‍ എടുത്ത അബ്‌ദുള്‍ ഖാദിര്‍ സച്ചിനെ അഭിനന്ദിക്കാന്‍ മറന്നില്ല. വിനയത്തിന്റെ പര്യായമായ സച്ചിന്‍ എക്കാലത്തെയും മഹാനായ സ്‌പിന്നര്‍ എന്നാണ് അബ്‌ദുല്‍ ഖാദിറിനെ പിന്നീടും വിശേഷിപ്പിച്ചിരുന്നത്. പിന്നീടുള്ള അസംഖ്യം വിഖ്യാതമായ ഇന്നിംഗ്‌സിന്റെ തുടര്‍ച്ചകള്‍ ഇവിടെ നിന്നുമായിരുന്നു.
മംഗളം ന്യൂസ്