2013, നവംബർ 28, വ്യാഴാഴ്‌ച

തെറ്റിദ്ധരിക്കപ്പെടുന്ന രീതിയിൽ തലക്കെട്ട്‌ കൊടുത്ത്‌ വായനക്കാരെ ആകർഷിക്കുന്ന ഓൺലൈൻ മാധ്യമ തന്ത്രം

 

എഴുതിയത് :   ജോഷിനാ രാമകൃഷ്ണന്‍

കുറച്ചു നാള്‍ മുമ്പാണ്, ഫേസ്ബുക്കിലൊക്കെ കണ്ടു പരിചയമുള്ള ഒരു സുഹൃത്ത് സംശയം ചോദിക്കുന്നത്. ഒരു പുതിയ ന്യൂസ് വെബ്പോര്‍ട്ടല്‍ ഉണ്ടാക്കാന്‍ എത്ര പണം വേണ്ടി വരും എന്നായിരുന്നു അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്. നല്ല രീതിയില്‍ ചെയ്യണമെങ്കില്‍ വേണ്ട ചിലവ് നിസാരമല്ല. വേഡ്പ്രസും തീമും വച്ച് സ്വയം ഒന്നു തട്ടിക്കൂട്ടി നോക്കൂ എന്നു മറുപടിയും പറഞ്ഞു. 'വാര്‍ത്ത അല്ലേ, അതൊക്കെ വായിപ്പിക്കാന്‍ വേറെ വഴിയുണ്ട്' എന്നു പറഞ്ഞയാള്‍ പോയി. 

അങ്ങനെ, കുറെ നാള്‍ കഴിയുമ്പോഴാണ് അദ്ദേഹത്തിന്റെ ഒരു നോട്ടിഫിക്കേഷന്‍ വരുന്നത്. ഒരു മലയാളം ന്യൂസ് പോര്‍ട്ടല്‍ ലിങ്ക് ആണ് അതില്‍. സ്വാഭാവികമായും ഞാന്‍ അത് ലൈക്ക് ചെയ്തു. ഓരോ അര മണിക്കൂര്‍ കൂടുമ്പോഴും അപ്ഡേറ്റ്സ്. ഒരു ന്യൂസ് പോര്‍ട്ടലിനെ സംബന്ധിച്ചിടത്തോളം മിനിറ്റിന് മിനിറ്റ് അപ്ഡേഷന്‍ ഉണ്ടാകാറുണ്ട്.നമ്മുടെ ചങ്ങാതീടെ സൈറ്റും അങ്ങനെ ഒക്കെ തന്നെ ആയിരുന്നു തുടക്കത്തില്‍. പിന്നെ, കാര്യങ്ങള്‍ മാറി വരുന്നത് പെട്ടെന്നു മനസിലായി. എത്ര ഗൌരവമുള്ള വാര്‍ത്തയാണെങ്കിലും അത് അവതരിപ്പിക്കുന്നതിന് ഒരു പ്രത്യേക പാറ്റേണ്‍. കഴിയുന്നതും അര്‍ദ്ധനഗ്നയായ ഒരു സ്ത്രീയുടെ ഫോട്ടോ. അല്ലെങ്കില്‍ അങ്ങേയറ്റം 'പ്രകോപനപരമായ' തലക്കെട്ട്. ഇതിനെ കുറിച്ച് ഒരിക്കല്‍ ചോദിച്ചപ്പോള്‍ കിട്ടിയ മറുപടിയാണ് അതിലേറെ രസകരം. 'മലയാളികള്‍ക്ക് ഇപ്പോള്‍ ഇതൊക്കെ ആണ് താത്പര്യം. അത് നമ്മള്‍ കണ്ടില്ലെന്നു നടിക്കേണ്ട കാര്യം ഇല്ലല്ലോ', എന്ന്‍.  

ഓരോ വെബ് പോര്‍ട്ടലിലേയ്ക്കും ട്രാഫിക്കുണ്ടാക്കാന്‍ അവര്‍ പല സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിങ്ങ് തന്ത്രങ്ങളും പയറ്റാറുണ്ടു് . അതിലൊന്നു് മഞ്ഞ വാര്‍ത്തകളാണു് . മഞ്ഞ വാര്‍ത്തകളുടെ പല നിലവാരങ്ങള്‍ ബൂലോഗവും മറുനാടന്‍ മലയാളിയും മുതല്‍ റിപ്പോര്‍ട്ടര്‍ ലൈവ് വരെ നടത്തി വരുന്നതായി നമ്മള്‍ കണ്ടിട്ടുമുണ്ട് . അതിനുപുറമേ പോണ്‍, സെമി ഇറോട്ടിക്ക് സൈറ്റുകള്‍ അവയുടെ ധര്‍മ്മം നിര്‍വഹിയ്ക്കുന്നുണ്ട് ( വേണ്ടവര്‍ അവിടെ പോയി വായിച്ചോട്ടെ. അതു വാര്‍ത്താവെബ്സൈറ്റുകളല്ലല്ലോ ).എന്നാല്‍ ഈയിടെ കൂണുപോലെ മുളച്ചുപൊന്തുന്ന മലയാളം വെബ് വാര്‍ത്താമാധ്യമങ്ങള്‍ ചെയ്യുന്നതു് സെമി ഇറോട്ടിക്ക് വാര്‍ത്താതലക്കെട്ടുകളും ചിത്രങ്ങളും കൊണ്ട് എങ്ങനെ ഫേസ്ബുക്കില്‍ നിന്ന് ട്രാഫിക്കുണ്ടാക്കാമെന്നതാണ്. അതിലും അസഹ്യം ഫേക്ക് പ്രൊഫൈലുകള്‍ കൊണ്ട് ഉള്ള ഗ്രൂപ്പുകളിലും ഇടങ്ങളിലും ഒക്കെ ഇവ പോസ്റ്റ് ചെയ്തു് ആള്‍ക്കാരെ അങ്ങ് വായിപ്പിച്ചു കളയാം എന്നു കരുതുന്നതാണ്. വൈഗന്യൂസ്, ലൈവ് കേരളന്യൂസ്, ഈസ്റ്റ്‌കോസ്റ്റ് ഡെയ്‌ലി, കേരള ഓണ്‍ലൈന്‍ ന്യൂസ് തുടങ്ങി ഒരു പറ്റം നവമാധ്യമങ്ങളുടെ ഇന്നവേഷന്‍ ഇപ്പോള്‍ ഫേസ്ബുക്ക് ന്യൂസ്‌ഫീഡില്‍നിന്നു വായനക്കാരെ സൈറ്റിലെത്തിച്ച് ന്യൂസ് ഇറോട്ടിക്ക പ്രസ്ഥാനത്തെ പരിപോഷിപ്പിക്കുന്നതിലാണ് . 

എന്നാല്‍ ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്യുന്ന ലിങ്കിന്റെ ഇടതുവശത്ത് ആണ് പണ്ട് ചിത്രം വരാറെങ്കില്‍ പുതായി ഫേസ്ബുക്ക് ന്യൂസ്‌ഫീഡിലെ ലിങ്കിനുമുകളില്‍ ചിത്രം കൊടുക്കാന്‍ വന്ന ഫീച്ചര്‍ ഈ "വെബ് വാര്‍ത്താമാധ്യമങ്ങള്‍" ഉപയോഗപ്പെടുത്തുന്ന രീതിയാണിവിടെ പരാമര്‍ശിക്കുന്നത് . വാര്‍ത്താ പോര്‍ട്ടലുകള്‍ എന്നു പേരിടുകയും . സോഷ്യല്‍ മീഡിയാ തലക്കെട്ടുവഴി ന്യൂസ് ഇറോട്ടിക്ക വിളമ്പുന്നതും, മലയാളിവായനക്കാരെ മുഴുവന്‍ ഇറോട്ടിക്കയ്ക്കു വീഴ്ത്താന്‍ കഴിയുന്ന തിരുമണ്ടന്‍മാരായി കാണുന്നതു കൊണ്ടാണോ അതോ മന്ത്രിമാരുടെ ടേപ്പുകാത്തിരിക്കുന്ന ചാനലുകളുടെ തുടര്‍ച്ചയാണ് വായനക്കാര്‍ എന്നു കരുതുന്നതുകൊണ്ടാണോ?

ആളുകള്‍ ഫേസ്‌ബുക്ക് ഉപയോഗിക്കുന്നതു് അത്തരം കാര്യങ്ങള്‍ക്ക് വേണ്ടിയാണെന്ന്‍ എനിക്കു തോന്നിയിട്ടില്ല. അതുകൊണ്ട് ഇത്തരത്തില്‍ ആളുകളെ കൊണ്ട് വാര്‍ത്ത വായിപ്പിക്കാന്‍ ശ്രമിക്കുന്നത് കാണുമ്പോള്‍ സഹതാപം തോന്നും. ട്രാഫിക് ഉണ്ടാക്കാന്‍ ഇത്രയൊക്കെ പോണോ എന്ന് ആലോചിക്കേണ്ട കാര്യമാണ്. 

2013, നവംബർ 26, ചൊവ്വാഴ്ച

വി.എസ് അച്യുതാനന്ദന്‍ ഒരു മുസ്‌ലിം ലീഗ് വിരോധിയല്ല,


(ഫിര്‍ദൗസ് കായല്‍പ്പുറം)
വി.എസ് അച്യുതാനന്ദന്‍ ഒരു മുസ്‌ലിം ലീഗ് വിരോധിയല്ല, കറകളഞ്ഞ മുസ്‌ലിം വിരോധിയാണ്. മുസ്‌ലിം സമുദായത്തിന്റെ രാഷ്ട്രീയവും സാമൂഹികവും വിദ്യാഭ്യാസപരവുമായ പുരോഗതിയില്‍ ഇത്രയധികം കണ്ണുകടിയുള്ള ഒരു നേതാവ് കേരള രാഷ്ട്രീയ ചരിത്രത്തില്‍ ഉണ്ടായിട്ടില്ല. ഇത് ഇടക്കിടെ തികട്ടിവരുമ്പോള്‍ സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ പാര്‍ട്ടിയായ മുസ്‌ലിം ലീഗിനെ കടന്നാക്രമിക്കുകയും അതില്‍ സ്വയം ആനന്ദം കൊള്ളുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ പതിവ്. മുതിര്‍ന്ന ~ഒരു കമ്മ്യൂണിസ്റ്റുകാരനെ സന്യാസി തുല്യമായ ആദരവോടെയാണ് പൊതുസമൂഹം വീക്ഷിക്കുന്നത്. എന്നാല്‍ അത്തരമൊരു മാനസികാവസ്ഥയോടെ വി.എസിനെ കാണാന്‍ കേരളീയ സമൂഹത്തിന് കഴിയുന്നില്ല.

അന്ധമായ മുസ്‌ലിം വിരോധം പ്രകടപ്പിക്കേണ്ടി വരുമ്പോഴെല്ലാം അച്യുതാനന്ദന് ഇരയാകുന്നത് മുസ്‌ലിം ലീഗും അതിന്റെ നേതാക്കളുമാണെന്നത് പുതിയ കാര്യമല്ല. സെക്യുലറിസത്തിന്റെ ശരിയായ വക്താക്കളാകേണ്ട കമ്മ്യൂണിസ്റ്റുകളാണ് ഇന്ന് ഏറ്റവുമധികം ജാതി-മത ചിന്താഗതി വെച്ചുപുലര്‍ത്തുന്നത്. മുസ്‌ലിം വിരോധത്തിന്റെ അടങ്ങാത്ത രോഷം പ്രകടിപ്പിച്ച അച്യുതാനന്ദന്റെ മുന്‍കാല ചെയ്തികള്‍ ഇവിടെ വിവരിക്കുന്നില്ല. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ ചെറിയാന്‍ ഫിലിപ്പിനെ സ്ഥാനാര്‍ത്ഥിയാക്കിയതിനെക്കുറിച്ച് ഒരുമാസം മുമ്പ് അച്യുതാനന്ദന്‍ നടത്തിയ പ്രസ്താവനയില്‍ പോലും അദ്ദേഹത്തിന്റെ നീചമായ ജാതിചിന്ത വ്യക്തമാണ്. നായര്‍ ഭൂരിപക്ഷമുള്ള മണ്ഡലത്തില്‍ ഒരു ക്രൈസ്തവനെ സ്ഥാനാര്‍ത്ഥിയാക്കിയത് ശരിയായില്ലെന്നായിരുന്നു വി.എസ് പറഞ്ഞത്. സ്ഥാനാര്‍ത്ഥി നിര്‍ണയ കാര്യത്തിലൊക്കെ ജാതി സമവാക്യങ്ങള്‍ പ്രധാന ഘടകമാണെന്നത് നിഷേധിക്കാനാവില്ല. എന്നാല്‍ വി.എസിനെപ്പോലെ, ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന ഒരു കമ്മ്യൂണിസ്റ്റുകാരന് ഇങ്ങനെ പറയാനാവുന്നതെങ്ങനെ!

അടുത്ത ദിവസം പാലക്കാട്ട് നടക്കുന്ന സംസ്ഥാന പ്ലീനത്തോടെ സി.പി.എം രാഷ്ട്രീയത്തില്‍ നിന്ന് അനിശ്ചിതകാല വനവാസത്തിന് തയാറെടുക്കുന്ന അച്യുതാനന്ദന് മാധ്യമക്കമ്പം ഇനിയും മാറിയിട്ടില്ല. ക്യാമറ കാണുമ്പോള്‍ തോന്നിയതെല്ലാം വിളിച്ചുപറയുന്നത് ഇദ്ദേഹത്തിന് വിനയായിട്ടുണ്ട്. സ്വന്തം പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി ജയിലിലേക്ക് പോകുന്നത് സ്വപ്‌നം കണ്ടിരുന്ന വി.എസ്, ഇനി 'പോരാട്ട'ത്തിന്റെ പുതിയ മേഖലകള്‍ തേടാനുള്ള തയാറെടുപ്പിലാണ്. ലാവ്‌ലിന്‍ കേസിനെക്കുറിച്ച് ഇനിയൊന്നും പറയാനാവില്ലല്ലോ. എപ്പോഴും ഏതെങ്കിലും ഒരു ശത്രു വേണമെന്നതാണ് ഈ നേതാവിന്റെ ദൗര്‍ബല്യം. മുസ്‌ലിം ലീഗ് ഒരു വര്‍ഗീയ പാര്‍ട്ടിയാണെന്ന് ആവര്‍ത്തിച്ച് അദ്ദേഹം പറഞ്ഞിട്ടുണ്ട്. പക്ഷേ, അതൊക്കെ പ്രത്യക്ഷ രാഷ്ട്രീയ വാഗ്‌വാദങ്ങളുടെ സ്വാഭാവിക പ്രതികരണമെന്ന് നിസാരവല്‍ക്കരിക്കാം.

എന്നാല്‍ കഴിഞ്ഞ ദിവസം ലീഗിനെ കടന്നാക്രമിക്കാന്‍ വി.എസിനെ പ്രേരിപ്പിച്ച ഘടകം എന്താണെന്ന് സി.പി.എം നേതൃത്വത്തിനുമറിയില്ല. മുസ്‌ലിം ലീഗ് ഇടതുമുന്നണിയുടെ ഭാഗമാകാന്‍ തയാറെടുക്കുന്നു എന്ന തരത്തില്‍ മിനിട്ടുകള്‍ മാത്രം ആയുസുള്ള ബ്രേക്കിംഗ് ന്യൂസിന് പിന്നാലെ പോയതല്ല അച്യുതാനന്ദന്‍. അതിനുമാത്രം മണ്ടനുമല്ല പ്രതിപക്ഷ നേതാവ്. മുസ്‌ലിം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും കടന്നാക്രമിക്കുന്നതിലൂടെ തന്റെ നിലനില്‍പ്പിന് പുതിയ വഴികള്‍ തേടുകയാണ് വയോധികനായ ഈ കമ്മ്യൂണിസ്റ്റ്. സ്വന്തം പാര്‍ട്ടിയുടെ കമ്മിറ്റികളില്‍ ഒരു വാക്കുമിണ്ടാന്‍ പൊളിറ്റ് ബ്യൂറോയില്‍ നിന്ന് മുന്‍കൂര്‍ അനുമതി വേണം. പ്രതിപക്ഷ നേതാവെന്ന നിലയില്‍ അദ്ദേഹം ഒരു തീരുമാനമെടുത്താല്‍ പാര്‍ട്ടിയും മുന്നണിയും കൈക്കൊള്ളുക മറ്റൊരു നയമായിരിക്കും.

വിശ്വസ്തരെ കൊണ്ട് മറ്റുചില പണികള്‍ ചെയ്യിക്കാമെന്ന് കരുതിയാലോ അവരൊക്കെ കുടുംബത്തിലും പ്രവാസ ജീവിതത്തിലും. ഇത്തരത്തില്‍ പാര്‍ട്ടിയാല്‍ ബന്ധിയാക്കപ്പെട്ട പല്ലുകൊഴിഞ്ഞ സിംഹത്തിന്റെ ഇരതേടലാണ് പുതിയ ആരോപണങ്ങള്‍ക്ക് പിന്നിലെന്ന് പറഞ്ഞാല്‍ നിഷേധിക്കപ്പെടില്ല.

വര്‍ഗീയ പാര്‍ട്ടി എന്ന് വി.എസ് പറയുന്ന മുസ്‌ലിം ലീഗിന് സമ്പന്നമായൊരു മതേതര പാരമ്പര്യമുണ്ട്. അത് തലമുറകളിലൂടെ കൈമാറിവന്നതാണ്, ഇന്നും കാത്തുസൂക്ഷിക്കപ്പെടുന്നതുമാണ്. ബാബറി മസ്ജിദ് സംഭവത്തില്‍ മുസ്‌ലിംലീഗ് നിലപാട് എന്തായിരുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ എന്തായിരുന്നു സി.പി.എം നിലപാട്?
പള്ളിയുടെ പേരില്‍ ഹിന്ദുത്വ ഫാസിസ്റ്റുകള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങളില്‍ കഴമ്പില്ലെന്നും പള്ളി മുസ്‌ലിംകളുടേത് തന്നെയാണെന്നും ചരിത്രകാരന്മാര്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്ന സമയത്ത് പള്ളി പൊളിച്ചുമാറ്റി അവിടെ ദേശീയ സ്മാരകമാക്കണമെന്നായിരുന്നു ഇ.എം.എസിന്റെ ആഹ്വാനം. 1989ല്‍ ഇ.എം.എസ് കാഞ്ചി കാമകോടി മഠാധിപതിയുമായി ശങ്കര ജയന്തിക്ക് വേദി പങ്കിടുകയും ശങ്കരനെ പ്രകീര്‍ത്തിച്ച് സോഷ്യല്‍ സയന്റിസ്റ്റ് മാസികയില്‍ ലേഖനമെഴുതുകയും ചെയ്തിരുന്നു. ഇ.എം.എസിന്റെ മൃദു ഹിന്ദുത്വം ഹൈന്ദവ രാഷ്ട്രീയത്തിന് അനുകൂലം തന്നെയായിരുന്നു. ഇ.എം.എസായാലും അച്യുതാനന്ദനായാലും പിണറായി വിജയനായാലും തെരഞ്ഞെടുപ്പു കാലത്ത് ന്യൂനപക്ഷ പ്രേമത്തിന് കുറവുണ്ടാവില്ല. മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങളോട് സി.പി.എമ്മിനുള്ള അവജ്ഞയാണ് പല രീതിയില്‍ ലീഗ് നേതാക്കളുടെ നേരെ ചൂണ്ടപ്പെടുന്നത്.
വി.എസിനെ ഒരു ആദര്‍ശവാദിയെന്ന് ചിത്രീകരിക്കാനാവില്ല. 2000ന്റെ തുടക്കത്തില്‍ സ്വന്തം നിലനില്‍പ്പ് അപകടത്തിലാകുന്ന ഘട്ടത്തിലാണ് പുതിയ ഇമേജ് സൃഷ്ടിക്കാന്‍ അദ്ദേഹം തന്ത്രം മെനഞ്ഞത്. പരിസ്ഥിതി വാദിയായും സ്ത്രീ സംരക്ഷകനായും വേഷം കെട്ടിയപ്പോഴെല്ലാം കിട്ടുന്ന അവസരങ്ങളിലെല്ലാം മുസ്‌ലിം സമുദായത്തിന് വി.എസ് ശരിക്ക് പാര വെച്ചിട്ടുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്ന അഞ്ചുവര്‍ഷം എല്ലാ ന്യൂനപക്ഷ ക്ഷേമ പദ്ധതികളെയും അവതാളത്തിലാക്കിയത് ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്.

ഇനി അച്യുതാനന്ദന് സി.പി.എം കസേര നല്‍കില്ല. പാര്‍ലമെന്ററി രംഗത്തും പാര്‍ട്ടി നേതൃതലത്തിലും ഇനി വി.എസ് ഉണ്ടാകില്ലെന്ന് ഏറെക്കുറെ വ്യക്തമായിട്ടുണ്ട്. സി.പി.എമ്മില്‍ തന്റെ പ്രതാപകാലത്ത് ഒരുപാട് നേതാക്കളെ വെട്ടിനിരത്തിയ, പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ, ഒട്ടേറെ പേരെ ഉന്മൂലനം ചെയ്ത വി.എസിന് വളരെ ദയനീയമായ ഒരു പടിയിറക്കമാണ് സി.പി.എം അണിയറയില്‍ ഒരുക്കുന്നത്. ഒരുകാലത്ത് ശക്തമായിരുന്ന വി.എസ് ഗ്രൂപ്പില്‍ ഇന്ന് ബാക്കിയുള്ളത് വി.എസ് മാത്രം. ഇന്ത്യയിലെ ഇടതു പാര്‍ട്ടികളുടെ ചരിത്രത്തില്‍ ഇത്രത്തോളം തിരസ്‌കരിക്കപ്പെട്ട് പടിയിറങ്ങേണ്ടി വരുന്ന ആദ്യത്തെ നേതാവായിരിക്കും വി.എസ്. മാധ്യമങ്ങളുടെ വെളിച്ചത്തില്‍ ഇനി അധികകാലം പിടിച്ചുനില്‍ക്കാവില്ല. അധികാരവും അഭിപ്രായത്തിന് സാധ്യതയുമില്ലാത്തയാള്‍ക്ക് മൈക്ക് നീട്ടാന്‍ ഒരു ചാനല്‍ മുതലാളിയും മെനക്കെടില്ല. വ്യക്തിപരമായി നേട്ടമുണ്ടാക്കിയതല്ലാതെ സി.പി.എമ്മിന് ഈ നേതാവ് നല്‍കിയ സംഭാവന എന്താണെന്ന് പാര്‍ട്ടി ചിന്തിച്ചുതുടങ്ങിയിട്ട് കാലമേറെയായി.

പി.കെ കുഞ്ഞാലിക്കുട്ടിയുടെ പതനമാണ് അച്യുതാനന്ദന്റെ വലിയ സ്വപ്‌നം. അതിനി ഒട്ടും സാധ്യമല്ലെന്ന ബോധ്യത്തില്‍നിന്നുള്ള വെപ്രാളമാണ് വി.എസിനിപ്പോള്‍. താന്‍ സജീവമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അദ്ദേഹം പഴയതൊക്കെ വീണ്ടും ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു എന്നേയുള്ളൂ! എതിര്‍ക്കപ്പെടുമ്പോള്‍ മുസ്‌ലിം ലീഗ് ശക്തിപ്രാപിക്കുമെന്നത് നിരവധി പ്രാവശ്യം തെളിഞ്ഞതാണ്. മീഡിയ കവറേജ് ഉണ്ടാക്കി അച്യുതാനന്ദന്‍ പ്രസംഗിച്ച വേങ്ങരയില്‍ കുഞ്ഞാലിക്കുട്ടി 38,237 വോട്ടിന്റെ ലീഡുമായി സംസ്ഥാനത്ത് രണ്ടാമത്തെ മികച്ച ഭൂരിപക്ഷം നേടിയത് രാഷ്ട്രീയ കേരളത്തിന് മറക്കാനാവില്ല. ഒരു തെരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ മുസ്‌ലിംകള്‍ അടക്കമുള്ള ന്യൂനപക്ഷങ്ങളെ പ്രകോപിപ്പിക്കുന്നത് ഒരുതരത്തില്‍ സി.പി.എം നേതൃത്വത്തെ ദുര്‍ബലപ്പെടുത്തലാണോ എന്നുപോലും സംശയിക്കേണ്ടിയിരിക്കുന്നു. അച്യുതാനന്ദന്റെ ലീഗ് വിരുദ്ധ പോരാട്ടവും ഫലത്തില്‍ ലീഗിനും യു.ഡി.എഫിനും ഗുണകരമായി ഭവിക്കാനേ സാധ്യതകളുള്ളൂ.

അംഗോളയില്‍ ഇസ്ലാം മതം നിരോധിച്ചു..എന്നിട്ടോ..?

ഒരു മുസ്ലിമിനെ സംബന്ധിച്ചിടത്തോളം ഇസ്ലാം മത വിശ്വാസിയായി ജീവിക്കുന്നതില്‍ നിന്ന് തടയാന്‍ ഇത്തരം നിരോധനങ്ങള്‍ കൊണ്ട് കഴിയില്ല എന്നതാണ് വാസ്തവം. കാരണം ഒരു വ്യക്തി മുസ്ലിം ആകാന്‍ പാലിക്കേണ്ടത് അഞ്ചു കാര്യങ്ങളും, വിശ്വസിക്കേണ്ടത് ആറു കാര്യങ്ങളും ആണ്. 

"ഇസ്ലാം കാര്യങ്ങള്‍" എന്നറിയപ്പെടുന്ന നിര്‍ബന്ധമായി ചെയ്യേണ്ട അഞ്ചു കാര്യങ്ങള്‍ എന്തൊക്കെയാണ് എന്ന് നോക്കാം.

ദൈവം എകനാണ് എന്നും മുഹമ്മദ്‌ നബി ദൈവത്തിന്റെ ദൂതനാണ് എന്നും വിശ്വസിക്കുകയും പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് ഇതില്‍ ഏറ്റവും പ്രധാനം. ഇത് വിശ്വസിക്കാനും പ്രഖ്യാപിക്കാനും ആര്‍ക്കും സര്‍ക്കാരിന്റെ സമ്മത പത്രം ആവശ്യമില്ലല്ലോ. രണ്ടാമത്തേത് അഞ്ചു നേരത്തെ നിസ്ക്കാരം ആണ്. ഇതും സമയമായാല്‍ വീട്ടില്‍ വെച്ച് ചെയ്യാന്‍ കഴിയുന്ന കാര്യമാണ്. പള്ളിയില്‍ തന്നെ വേണം എന്ന ഒരു നിര്‍ബന്ധവും ഇല്ല. ഇനി ഒരാളെ വീട്ടില്‍ വെച്ചും ഇത് ചെയ്യാന്‍ അനുവദിക്കാത്ത തരത്തില്‍ പോലീസിനെയോ മറ്റോ ഉപയോഗിച്ച് തടയപ്പെട്ടാല്‍, അതിന്റെ പേരില്‍ അവന് നമസ്ക്കരിക്കാന്‍ കഴിഞ്ഞില്ല എങ്കില്‍ അവന്‍ കുറ്റക്കാരനാവുന്നില്ല. കാരണം എല്ലാം അറിയുന്നവനാണല്ലോ ദൈവം. മൂന്നാമത്തെ കാര്യം സക്കാത്ത് എന്ന ദാനം ആണ്. ഇതും സ്വന്തമായി ചെയ്യാന്‍ കഴിയുന്നതും, ഇനി മുകളില്‍ പറഞ്ഞ രീതിയില്‍ നമസ്ക്കാരം തടയുന്നത് പോലെ തടയപ്പെട്ടാല്‍ അതിന്റെ പേരില്‍ ഒരു വ്യക്തി കുറ്റക്കാരനാവുന്നില്ല.

നാലാമത്തെ കാര്യം റംസാന്‍ മാസത്തിലെ വ്രതമാണ്. ഇത് ഏതൊരു സാഹചര്യത്തിലും ചെയ്യാന്‍ കഴിയുന്ന കാര്യമാണല്ലോ. അഞ്ചാമത്തേത് ഹജ്ജ് ആണ്. ഹജ്ജ് ചെയ്യാനുള്ള സാമ്പത്തിക, യാത്രാ സാഹചര്യങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം ഇത് ചെയ്‌താല്‍ മതി എന്ന് ഇസ്ലാം വ്യകതമായി പഠിപ്പിക്കുന്നുണ്ട്.

"ഇമാന്‍ കാര്യങ്ങള്‍' എന്നറിയപ്പെടുന്ന, ഒരു മുസ്ലിം വിശ്വസിക്കേണ്ട ആറു കാര്യങ്ങള്‍ ഇവയാണ് - അല്ലാഹുവിൽ വിശ്വസിക്കുക, മലക്കുകളിൽ വിശ്വസിക്കുക, വേദഗ്രന്ഥങ്ങളിൽ വിശ്വസിക്കുക, പ്രവാചകരിൽ വിശ്വസിക്കുക, അന്ത്യനാളിൽ വിശ്വസിക്കുക, നൻമയും തിൻമയുമായ എല്ലാകാര്യങ്ങളും ദൈവത്തിൽ നിന്നാണെന്ന് വിശ്വസിക്കുക.

ഇങ്ങനെ ഒരു വ്യക്തി 'വിശ്വസിക്കാന്‍' തീരുമാനിച്ചാല്‍ എങ്ങിനെ സര്‍ക്കാരിന് അത് തടാന്‍ കഴിയും ??!!


ആത്യന്തികമായി ഈ നിരോധനം ഇസ്ലാമിന്റെ വളര്‍ച്ചക്ക് ഗുണമേ ചെയ്യൂ എന്ന് ഇന്നല്ലെങ്കില്‍ നാളെ തെളിയിക്കപ്പെടുക തന്നെ ചെയ്യും. കാത്തിരുന്നു കാണാം.

                                                                                                                                                                                                       ‪#‎അബസ്വരം‬ :

2013, നവംബർ 25, തിങ്കളാഴ്‌ച

സുറതുല്‍ ഫാത്തിഹ:ശ്രേഷ്ടതകള്‍

സൂറതുല്‍ ഫാതിഹയെ കുറിച്ച് പറയുന്നതിനു മുമ്പ് വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളുടെ പേരുകളുമായി ബന്ധപ്പെട്ട് ചില കാര്യങ്ങള്‍ മനസ്സിലാക്കേണ്ടതുണ്ട്.
വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്കു എങ്ങനെയാണ് നാം ഇന്നു കാണുന്ന പേരുകള്‍ വന്നത്? വിശുദ്ധ ഖുര്‍ആനിലെ പേരുകളും അല്ലാഹുവിന്റെ നിര്‍ദേശങ്ങള്‍ക്കനുസൃതം തന്നെയാണ്. അതു പ്രവാചകന്‍ തിരുമേനി (സ) സ്വഹാബാക്കള്‍ക്കു വിവരിച്ചുകൊടുക്കുകയാണ് ചെയ്തത്. വഹ്‌യ് ഇറങ്ങുന്ന മുറക്ക് തന്നെ തിരുമേനി (സ) അതിന്റെ പേരും പറയുകയാണ് പതിവ്. തിരുമേനി പറഞ്ഞതായി ഒരു ഹദീസ് ഇങ്ങനെ കാണാം. 'ഈ ആയത് ഇന്ന ആയതിനുശേഷം ഇന്ന സൂറതില്‍ ചേര്‍ക്കൂ.' (മുസ്‌നദ് അഹ്മദ് 1/57)
ഈയടിസ്ഥാനത്തില്‍ വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങള്‍ക്ക് പേരിടാന്‍ സത്യവിശ്വാസികള്‍ക്ക് അവകാശമില്ല. വിശുദ്ധ ഖുര്‍ആനിലെ അധ്യായങ്ങളുടെ നാമങ്ങള്‍ ആ അധ്യായത്തിലെ പ്രമേയങ്ങള്‍ ആവുകയോ അതില്‍ പരാമര്‍ശവിധേയമായ പേരുകളോ സംഭവങ്ങളോ ആകാം. ഉദാഹരണം ഫാതിഹ എന്ന സൂറത്. ഫാതിഹ എന്നാല്‍ പ്രാരംഭം എന്നാണ്. തുടക്കം, മുഖവുര എന്നെല്ലാം ഇതിന് അര്‍ത്ഥമുണ്ട്. ഓരോ അധ്യായത്തിനും എന്തുപേരിടണം എങ്ങനെ വിളിക്കണമെന്നത് അല്ലാഹുവിന്റെ അധികാരത്തില്‍പ്പെട്ടതാണ്. അധ്യായത്തിന്റെ പ്രമേയവുമായി ബന്ധമില്ലാത്തതെന്നു തോന്നുന്ന പേരുനല്‍കലും അവന്റെ അധികാരത്തില്‍പ്പെട്ട കാര്യം തന്നെ.

ഇമാം സുയൂത്വി തന്റെ തഫ്‌സീറില്‍ പറയുന്നുണ്ട്. എല്ലാ സൂറതുകളും അവയുടെ നാമങ്ങളും അല്ലാഹുവിന്റെ പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടുവന്ന ഹദീസുകളില്‍ നിന്ന് സ്വീകരിക്കപ്പെട്ടവയാണ്. ഇമാം സര്‍കശി പറയുന്നു. അധ്യായങ്ങള്‍ക്ക് നിരവധി നാമങ്ങള്‍ ഉണ്ടായതിനെ കുറിച്ച് ഗവേഷണം നടത്തേണ്ടതാണ്. സാഹചര്യങ്ങളാണോ അതല്ല അല്ലാഹുവിന്റെ അധികാരമാണോ അധ്യായങ്ങള്‍ക്ക് പേരിടുന്നതിനു കാരണമായിരിക്കുക എന്ന ചോദ്യത്തിന് അത് അല്ലാഹുവിന്റെ ഇഷ്ടമെന്നേ പറയാന്‍ കഴിയൂ. കാരണം, അധ്യായങ്ങളുടെ പേരും അതിലെ വിഷയങ്ങളും തമ്മില്‍ ഒരു ബന്ധവും മാനുഷികയുക്തിക്ക് കണ്ടെത്താനാകാത്ത സൂറതുകളും വി. ഖുര്‍ആനിലുണ്ട്. എന്നാല്‍ പല അധ്യായങ്ങള്‍ക്കും നല്‍കപ്പെട്ടിട്ടുള്ള ഒന്നിലധികമുള്ള പേരുകളില്‍ പലതും പ്രവാചകനില്‍ നിന്ന് സ്ഥിരപ്പെട്ടതല്ലെന്ന കാര്യവും ശ്രദ്ധിക്കേണ്ടതാണ്. അധികപേരുകളും സ്ഥിരപ്പെട്ടവയാണെങ്കിലും ചിലതിന്റെ സനദ് സ്വഹാബികളിലേക്കും താബിഉകളിലേക്കും മാത്രമേ ചെന്നെത്തുന്നുള്ളൂ.

 സൂറതുല്‍ ഫാതിഹ വിശുദ്ധ ഖുര്‍ആനിലെ ഏറ്റവും സവിശേഷമായ അധ്യായങ്ങളില്‍ ഒന്നാണ്. മറ്റു സൂറതുകള്‍ക്കൊന്നുമില്ലാത്ത പല പ്രത്യേകതകളും പദവികളും ഈ സൂറതിനുണ്ട്. ഏതൊരു വിശ്വാസിയുടെ ജീവതത്തോടും വളരെ അടുത്തു നില്‍ക്കുന്ന ഈ അധ്യായത്തിന്റെ പല സവിശേഷതകളും മഹത്ത്വവും വിശ്വാസികള്‍ മനസ്സിലാക്കിയിട്ടുണ്ടാകും.

ഒരു അടിമ തന്റെ രക്ഷിതാവിനോട് എങ്ങനെ സംഭാഷണം നടത്തണമെന്ന് അല്ലാഹു തന്റെ അടിമയെ പഠിപ്പിക്കുന്ന ഒരു അധ്യായമാണിത്. അവന് ജീവിതവും നേര്‍മാര്‍ഗവും അനുഗ്രഹങ്ങളും തന്ന തന്റെ സ്രഷ്ടാവിനോട്  പരലോക വിജയത്തിനു വേണ്ടിയുള്ള പ്രാര്‍ത്ഥനയാണ് സൂറതുല്‍ ഫാതിഹ.
സൂറതുല്‍ ഫാതിഹക്ക് ഖുര്‍ആന്‍ വ്യാഖ്യാന ഗ്രന്ഥങ്ങളില്‍ നിരവധി പേരുകള്‍ കാണാം. ഇമാം സുയൂത്വി പറയുന്നത് സൂറതുല്‍ ഫാതിഹക്ക് ഇരുപതിലധികം പേരുകള്‍ ഉണ്ടെന്നാണ്. ഈ പേരുകള്‍ എല്ലാം തന്നെ ഫാതിഹ സൂറത്തിന്റെ മഹത്ത്വത്തെ വിളിച്ചോതുന്നതാണെന്ന് അദ്ദേഹം പറയുന്നു.

*. ഫാതിഹതുല്‍ കിതാബ്. ഫാതിഹതുല്‍ ഖുര്‍ആന്‍: വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായത്തിന്റെ പ്രഥമ പേരു സുറതുല്‍ ഫാതിഹ എന്നു തന്നെയാണ്. അബൂ ഹുറൈയ്‌റ പ്രവാചകനില്‍ നിന്ന് കേട്ടതായ ഒരു ഹദീസ് ഇമാം ഇബ്‌നു ജരീര്‍ അത്വബരി ഉദ്ധരിക്കുന്നുണ്ട്. പ്രവാചകന്‍ പറഞ്ഞു. ഇത് (ഈ അധ്യായം) ഉമ്മുല്‍ ഖുര്‍ആനാണ്, ഇത് ഫാതിഹതുല്‍ കിതാബാണ്,  ഇതു സബ് ഉല്‍ മസാനിയാണ്.' ഖുര്‍ആന്‍ എന്ന ഗ്രന്ഥം തുറക്കുമ്പോല്‍ ആദ്യമായുള്ള അധ്യായം ആയതു കൊണ്ടാണ് ഇതിന് ഈ പേര് വന്നത്. ഖുര്‍ആന്‍ പാരായണത്തിനു മുമ്പും മറ്റുനല്ല കാര്യങ്ങള്‍ക്കും പഠനത്തിനും നമസ്‌കാരത്തിലുമൊക്കെ പ്രാരംഭ പ്രാര്‍ത്ഥനയാണ് സൂറതുല്‍ ഫാതിഹ എന്നത്. ആദ്യമായി ഇറക്കപ്പെട്ട പൂര്‍ണ്ണ അധ്യായം സൂറതുല്‍ ഫാതിഹയാണ്. ആദ്യമായി ലൗഹില്‍ മഹ്ഫൂദില്‍ എഴുതപ്പെട്ട സൂറതും ഇതാണെന്നു പറയപ്പെടുന്നു.

*. ഉമ്മുല്‍ കിതാബ്, ഉമ്മുല്‍ ഖുര്‍ആന്‍. ഈ സൂറതിനെ മറ്റുള്ള അധ്യായങ്ങള്‍ പിന്തുടര്‍ന്നു വരുന്നതുകൊണ്ടാണ് ഇതിനെ ഉമ്മുല്‍ ഖുര്‍ആന്‍ എന്നു വിളിക്കാന്‍ കാരമണമെന്ന് ഇമാം മാവര്‍ദി പറയുന്നു. എന്നാല്‍ ഇബ്‌നു സീരീനെ പോലുള്ള താബിഈ പണ്ഡിതന്‍മാര്‍ സൂറതുല്‍ ഫാതിഹയെ ഉമ്മുല്‍ കിതാബ് എന്നു വിളിക്കാന്‍ ഇഷ്ടപ്പെട്ടിരുന്നില്ല. ലൗഹുല്‍ മഹ്ഫൂദിനെ  വിശുദ്ധ ഖുര്‍ആന്‍ ഉമ്മുല്‍ ഖുര്‍ആന്‍ എന്ന് വിളിച്ചിട്ടുണ്ടെന്നതായിരുന്നു അതിനു കാരണം. 
* അല്‍ ഖുര്‍ആനുല്‍ അളീം: അല്‍ഫാതിഹക്ക് അല്‍ ഖുര്‍ആനുല്‍ അളീം ശ്രേഷ്ഠ്ര ഗ്രന്ഥം എന്ന പേരുമുണ്ട്. ഇമാം ബുഖാരി തന്റെ ഗ്രന്ഥത്തിന്റെ തുടക്കത്തില്‍ ഇതിനെ വിശദീകരിച്ചു കൊണ്ടു പറയുന്നത്, സൂറതുല്‍ ഫാതിഹക്ക് ഉമ്മുല്‍ ഖുര്‍ആന്‍ എന്ന നാമകരണം കൂടിയുണ്ട് എന്നാണ്. വിശുദ്ധ ഖുര്‍ആന്‍ പാരായണം ചെയ്യാന്‍ ഉദ്ദേശിക്കുന്ന ഒരാള്‍ ആദ്യമായി ഓതുന്നതിനു മുമ്പ് ഫാതിഹയില്‍ നിന്ന് ആരംഭിക്കുന്നതാണ് ഉത്തമം. എല്ലാ നല്ല കാര്യങ്ങളുടെയും മുന്നോടിയായി സൂറതുല്‍ ഫാതിഹ ഓതുന്നത് നല്ലതാണ്. ഒരാള്‍ പ്രാര്‍ത്ഥിക്കാന്‍ ഉദ്ദേശിക്കുന്നുവെങ്കില്‍ അതിന് മുമ്പ് സൂറതുല്‍ ഫാതിഹ ഓതുന്നതു പുണ്യകരമാണ്. ഒരാള്‍ വിവാഹം കഴിക്കാന്‍ ഒരുങ്ങുന്നു. പുതിയ ഒരു ജീവിതം ആരംഭിക്കാനുദ്ദേശിക്കുന്ന അയാള്‍ സൂറതുല്‍ ഫാതിഹ കൊണ്ട് ആരംഭിക്കട്ടെ. എല്ലാ പ്രവൃത്തികളിലും അല്ലാഹുവിന്റെ അനുഗ്രഹം ലഭിക്കുവാന്‍ വേണ്ടിയാണിത്.

*. അല്‍ഹംദ്: സൂറതുല്‍ ഫാതിഹയുടെ മറ്റൊരു പേരാണ് സ്തുതി എന്നര്‍ത്ഥമുള്ള അല്‍ഹംദ്. അല്ലാഹുവിനെ സ്തുതിച്ചു കൊണ്ട് ആരംഭിക്കുന്ന പ്രഥമപദമുള്ളതു കൊണ്ടാണ് ഇതിനെ സൂറതുല്‍ ഹംദ് എന്നു പറയാന്‍ കാരണം. അല്ലാഹുവിനെ സ്തുതിക്കുക എന്നത് സത്യവിശ്വാസിയുടെ ലക്ഷണങ്ങളില്‍ ഒന്നാണ്. അല്ലാഹുവിനെ സ്ഥിരം ഓര്‍ക്കുന്നവര്‍ക്കേ അല്ലാഹുവിനേ സ്തുതിക്കാന്‍ കഴിയൂ. ആളുകള്‍ കണ്ടുമുട്ടുമ്പോള്‍ പരസ്പരം വിശേഷങ്ങള്‍ അന്വേഷിക്കും. എന്തൊക്കെയുണ്ട് വിശേഷങ്ങള്‍? ഹൗ ആര്‍ യൂ? കൈഫല്‍ ഹാല്‍? കൈസേഹെ ആപ്? ഇങ്ങനെ എല്ലാ ഭാഷകളിലുമുള്ള സുഖവിവരം തിരക്കലിനും സത്യ വിശ്വാസിക്ക് ഒരേ മറുപടിയായിരിക്കും. അല്‍ ഹംദുലില്ലാഹ്. ഈ സ്തുതിയില്‍ എല്ലാം അടങ്ങിയിരിക്കുന്നുണ്ട്. തനിക്ക് സൗഖ്യം പ്രദാനംചെയ്ത അല്ലാഹുവിനെ സ്തുതിക്കുകയാണ് അവന്‍, മാത്രമല്ല, തന്റെ സൗഖ്യാവസ്ഥയ്ക്കുകാരണം അല്ലാഹുവാണെന്ന് തുറന്നു സമ്മതിക്കുന്നു. അല്ലാഹുവിനെ ഓര്‍മ്മിക്കുന്നു. അല്‍ ഹംദുലില്ലാഹ് എന്ന് പറയല്‍ സ്വദഖയാണ്. അല്ലാഹുവിനുള്ള ഓര്‍മയാണത്. കാരണം പ്രവാചകന്‍ (സ) ഒരു ഹദീസില്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. എല്ലാ തസ്ബീഹുകളും (പ്രകീര്‍ത്തനങ്ങള്‍) തഹ്മീദുകളും (സ്തുതികളും) നന്‍മയാണ് സ്വദഖയാണ് എന്ന്. അല്‍ഹംദുലില്ലാഹ് എന്നത് വിശുദ്ധ ഖുര്‍ആനിലെ പദമാണ്. ഖുര്‍ആനിലെ ഓരോ വാക്കുകളും അക്ഷരങ്ങളും ഉച്ചരിക്കല്‍ പുണ്യമാണ്. ഖുര്‍ആനിലെ ഹര്‍ഫുകള്‍ക്കു പോലും പുണ്യമുണ്ടെന്നാണ് തിരുമേനി വാഗ്ദാനം ചെയ്യുന്നത്.    

ഖുര്‍ആനില്‍ ഓരോ സൂറതുകളുടെയും നാമകരണത്തിന് കാരണങ്ങളുണ്ട്. സൂറതുല്‍ ബഖറ എന്ന രണ്ടാമധ്യായത്തിന് ആ പേരു വരാന്‍ കാരണമെന്താണ്? കാരണം ഈ സൂറതില്‍ ബനൂ ഇസ്‌റായീല്യരുടെ ഒരു പശുവിനെ കുറിച്ചുള്ള കഥയുണ്ട്. ഇതു പോലെ സൂറതുല്‍ ഫാതിഹയിലെ വന്നിട്ടുള്ള ഒരു പദമാണ് അല്‍ ഹംദ്. അക്കാരണം കൊണ്ടാണ് ഇതിന് സൂറതുല്‍ ഹംദ് എന്നു പേരുവന്നത്.

* സ്വലാത്: ഫാതിഹയുടെ മറ്റൊരു പേര് സ്വലാത് എന്നാണ് അഥവാ നമസ്‌കാരം. നമസ്‌കാരത്തില്‍ ഒരു വിശ്വാസി ഫാതിഹ സൂറത് ഓതുന്നു. എന്നല്ല, ഫാതിഹ ഇല്ലാതെ നമസ്‌കാരമില്ല. ഒരോ റക്അതിലും ഫാതിഹ ഓതാന്‍ നിര്‍ബന്ധിതനാണ് വിശ്വാസി. ഒരാളുടെ നമസ്‌കാരത്തിന്റെ സാധുത തീരുമാനിക്കപ്പെടുന്നത് ഫാതിഹ ഓതിയോ ഇല്ലയോ എന്നതിലാണ്.

* അശ്ശിഫാ: സൂറതുല്‍ ഫാതിഹയുടെ മറ്റൊരു നാമം ശമനം എന്നാണ്. സ്വാസ്ഥ്യം, ചികിത്സ എന്നെല്ലാം പറയാം. സുറതുല്‍ ഫാതിഹ വിഷത്തെ നീക്കുമെന്ന് പ്രവാചകന്‍ തിരുമേനിയുടെ ഒരു ഹദീസില്‍ കാണാം. ഉദാഹരണത്തിന് നിങ്ങള്‍ക്ക് ഭക്ഷ്യ വിഷബാധയേറ്റുവെന്നു കരുതുക. സൂറതുല്‍ ഫാതിഹ ആവര്‍ത്തിച്ച് പാരായണം ചെയ്യുക എന്നത് അല്ലാഹുവിന്റെ പ്രവാചകന്‍ പഠിപ്പിച്ച് ഒരു രോഗ ചികിത്സയാണ്. ഇതിനര്‍ത്ഥം വിഷവൈദ്യനെ കാണേണ്ടതില്ലെന്നോ മറ്റു ആധുനിക ചികിത്്‌സകള്‍ ചെയ്യേണ്ടതില്ലെന്നോ അല്ല. അതും ചെയ്യണം. ആത്മീയ ചികിത്സകളുടെ ഫലങ്ങള്‍ അത് ചൊല്ലുന്ന ആളുടെ മാനസികാവസ്ഥയും ഈമാനുമായി ബന്ധപ്പെട്ട കാര്യമാണ്. ഈമാനിക ശക്തിയുടെ തോത് അനുസരിച്ചാണ് അത് നമ്മുടെ അസുഖങ്ങള്‍ മാറ്റുന്നത്. ഉദാഹരണത്തിന് ഒരിക്കല്‍ ഉമര്‍(റ)ന്റെ അടുക്കല്‍ ഒരാള്‍ വന്നിട്ടു പറഞ്ഞു. അല്ലയോ ഉമര്‍! എനിക്ക് വല്ലാത്ത തലവേദന. ഞാനെന്തു ചെയ്യണം. ഖുര്‍ആനില്‍ നിന്ന് ഏതാനും ആയതുകള്‍ എനിക്ക് ശമനത്തിനു വേണ്ടി പറഞ്ഞു തരുവിന്‍. ഉമര്‍ അദ്ദേഹത്തോടു പറഞ്ഞു. താങ്കള്‍ സൂറതുല്‍ ഫാതിഹ ഓതുക. താങ്കളുടെ തല വേദന പോയിക്കോളും. അദ്ദേഹം മടങ്ങി സൂറതുല്‍ ഫാതിഹ ഓതി പല പ്രാവശ്യം ഓതി. എന്നാല്‍ അദ്ദേഹത്തിന്റെ തലവേദനക്ക്് ഒരു ശമനവുമില്ല. അദ്ദേഹം തിരിച്ച് ഉമര്‍ (റ) അടുക്കല്‍ വന്നിട്ടു പറഞ്ഞു. ഉമര്‍ എന്റെ തലവേദനക്കു ഒരു ശമനവുമില്ല. ഞാന്‍ പലപ്രാവശ്യം ഫാതിഹ ഓതി. ഉമര്‍ അയാളെ അടുത്തു വിളിച്ചു അദ്ദേഹത്തിന്റെ നെറ്റിയില്‍ കൈവച്ചിട്ട് സൂറതുല്‍ ഫാതിഹ ഓതി. ഉമര്‍ ഫാതിഹ ഓതി തീര്‍ന്നപ്പോഴേക്കും അയാളുടെ തലവേദന പോയിട്ടുണ്ടായിരുന്നു. എല്ലാവരുടെയും ഈമാന്‍ ഒരു പോലെയല്ല. ഈമാന്‍ കൂടുതലുള്ള ആളുകളുടെ പ്രാര്‍ത്ഥനകള്‍ക്ക് എളുപ്പം ഉത്തരംലഭിക്കും. സത്യത്തില്‍ ഖുര്‍ആനിലെ ഫാതിഹയില്‍ മാത്രമല്ല ശമനമുള്ളത്, ഖുര്‍ആന്‍ പൂര്‍ണ്ണമായും നിങ്ങള്‍ക്ക് ശമനമാണെന്നാണ് വിശുദ്ധ ഖുര്‍ആന്‍ തന്നെ പറഞ്ഞിരിക്കുന്നത്. നിങ്ങളെ ഏതെങ്കിലും വിഷ ജന്തുക്കള്‍ കടിച്ചാല്‍, മറ്റു രീതിയില്‍ നിങ്ങള്‍ക്കു വിഷമേറ്റാല്‍ ഖുര്‍ആനിലെ സൂറതുല്‍ ഫാതിഹ ഒരു ശമനൗഷധമാണെന്ന് ഓര്‍ക്കേണ്ടതുണ്ട്. (ഫാതിഹയുടെ ആശയം ഒരു വ്യക്തിയുടെ മനസ്സിലുള്ള ഭീതിയെയും ഭയത്തെയും  നീക്കിക്കളയുന്നു. വിഷം തീണ്ടിയ ആളെസംബന്ധിച്ചിടത്തോളം ഭയവും തന്‍മൂലമുള്ള വര്‍ധിച്ച ഹൃദയമിടിപ്പും മരണത്തിന് കാരണമായേക്കാം)ആധുനിക കാലത്ത് അല്ലാഹു സാധ്യമാക്കിയ എല്ലാ ചികിത്സയും നാം സ്വീകരിക്കുമ്പോള്‍ തന്നെ സത്യവിശ്വസിയെ സംബന്ധിച്ചിടത്തോളം പ്രവാചക തിരുമേനിയുടെ ഈ ചികിത്സാ രീതി മറന്നു കൂടാത്തതാകുന്നു.

*. റുഖ്‌യ: മറ്റൊരു പേര് റുഖ്‌യ എന്നാണ് ഇതും ഒരുതരം ചികിത്സ തന്നെ. ആത്മീയ സൗഖ്യമെന്നാണ് ഇതുകൊണ്ടു ഉദ്ദേശിക്കുന്നത്. ആത്മീയ ശാന്തിക്കും മനസ്സമാധാനത്തിനും സൂറതുല്‍ ഫാതിഹ അത്യുത്തമമേ്രത. ഒരാള്‍ അങ്ങേയറ്റത്തെ ആത്മസംഘര്‍ഷത്തിലാണെന്നു കരുതുക. അയാളുടെ മനസ്സിനെ എന്തോ വല്ലാതെ അലട്ടി കൊണ്ടിരിക്കുന്നു. അങ്ങനെയുള്ളവര്‍ സൂറതുല്‍ ഫാതിഹ ഓതട്ടെ. കുട്ടികള്‍ രാത്രിസമയങ്ങളില്‍ വല്ലാതെ കരയുന്നു. എന്താണ് കരച്ചിലിന്റെ കാരണമെന്ന് അറിയില്ല. കരഞ്ഞു കൊണ്ടേയിരിക്കുന്നു. കുട്ടികള്‍ക്ക് മേല്‍ സൂറതുല്‍ ഫാതിഹ ഓതി ഊതുക. അവരുടെ വിഷമതകള്‍ മാറും. അല്ലാഹുവിലുള്ള ഈമാന്റെ തോതനുസരിച്ചാണ് ഈ പ്രാര്‍ത്ഥനകളുടെ ഫലപ്രാപ്തി എന്ന കാര്യത്തില്‍ സംശയമില്ല. സൂറതുല്‍ ഫാതിഹയെ പ്രവാചകന്‍ തിരുമേനി തന്നെയാണ് സൂറതുറുഖ്‌യ എന്നുവിളിച്ചത്. അവിടുന്നു തന്നെ ദിവസവും തന്റെ ശരീരത്തില്‍ ഫാതിഹ ഓതി ഊതുമായിരുന്നു. തന്റെ പത്‌നിയെക്കൊണ്ട് ഫാതിഹ ഓതി അവിടുന്നിന്റെ ശരീരത്തില്‍ ഊതിപ്പിക്കുമായിരുന്നു. പ്രവാചക തിരുമേനി തന്നെ അങ്ങനെ ചെയ്യുമായിരുന്നെങ്കില്‍ നമുക്കും അങ്ങനെയാവാം എന്ന കാര്യത്തില്‍ സംശയത്തിനു പഴുതുണ്ടോ? മാനസിക പ്രയാസങ്ങള്‍, പേടി, അസ്വസ്ഥത എന്നിവക്ക് സൂറതുല്‍ ഫലഖും സൂറതുന്നാസ് ഓതാനും അവിടുന്ന് കല്‍പ്പിച്ചിട്ടുണ്ട്. തീര്‍ച്ചയായും അല്ലാഹു പിശാചില്‍ നിന്ന് നമ്മെയും നമ്മുടെ കുട്ടികളെയും രക്ഷിക്കുക തന്നെ ചെയ്യും ഇങ്ങനെ ചെയ്യുക വഴി. അല്ലാഹുവിന്റെ സംരക്ഷണം ഉണ്ടായിരിക്കെ പിശാചിന് എങ്ങനെയാണ് മനുഷ്യനനെ ആക്രമിക്കാന്‍ കഴിയുക.

പിശാചുക്കള്‍ മനുഷ്യ വര്‍ഗത്തിലുമുണ്ട്. അവരുടെ ദുഷ്‌പ്രേരണകളില്‍ നിന്നും ദുര്‍നോട്ടങ്ങളില്‍ നിന്നുമുള്ള സംരക്ഷണവും അല്ലാഹു ഇതു വഴി പ്രദാനം ചെയ്യുന്നു. ചില മനുഷ്യരുടെ നോട്ടങ്ങള്‍ നമുക്ക് അപകടമുണ്ടാക്കിയേക്കും. അതില്‍ നിന്ന് രക്ഷ  തേടുവാനും അല്ലാഹു വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്.
   
*. അല്‍ വാഫിയ : മുന്‍പ് സൂചിപ്പിച്ച രണ്ട് പേരുകളോടും വളരെ സാമ്യമുള്ള നാമമാണ്് ഇത. സുരക്ഷ എന്നാണ് ഇതിന്റെ അര്‍ത്ഥം. വിശുദ്ധ ഖുര്‍ആനിലെ മറ്റു സൂറതുകളെ കൂടി ഉള്‍ക്കൊള്ളുന്നു എന്ന അര്‍ത്ഥത്തിലും ഈ നാമം പറയാറുണ്ട്. സുഫ് യാനുബ്‌നു ഉയയ്‌ന എന്ന പണ്ഡിതന്‍ പറയുന്നത് വിശുദ്ധ ഖുര്‍ആന്റെ മുഴുവന്‍ ആശയങ്ങളും ഈ സൂറത്തില്‍ അടങ്ങിയിരിക്കുന്നതു കൊണ്ടാണ് ഇതിനെ വാഫിയ എന്നു വിളിക്കുന്നത് എന്നാണ്.
   
*. അല്‍ കാഫിയ: ഫാതിഹ സൂറതിന്റെ മറ്റൊരു നാമമാണ് അല്‍ കാഫിയ. എല്ലാത്തിനും മതിയായതാണ്. എല്ലാ ദിവസവും ഒരു വിശ്വാസി ഈ സൂറത് ഓതുന്നത് എത്ര പ്രാവശ്യമാണോ അത്രയും അവന് മതിയായ പ്രാര്‍ഥനയും സുരക്ഷയും ആശ്വാസവുമാണത്. പ്രവാചകന്ന് (സ) അവതരിച്ച ആയതുകളില്‍ ഒരു പൂര്‍ണ്ണ അധ്യായമായി അവതരിച്ച ആദ്യ സൂറത് സൂറതുല്‍ ഫാതിഹയാണ്. ആദ്യമായി അവതരിച്ച സൂറതുല്‍ അലഖിലാകട്ടെ അന്ന് അഞ്ച് സൂക്തങ്ങള്‍ മാത്രമാണുണ്ടായിരുന്നത്. അതിനു ശേഷം സുറതുല്‍ മുസ്സമ്മില്‍, മുദ്ദസ്സിര്‍ എന്നീ അധ്യായങ്ങളിലെയും ഏതാനും സൂക്തങ്ങള്‍ അവതരിച്ചു. പ്രവാചന് ഇറങ്ങിയ വെളിപാടുകളില്‍ ഏറ്റവുമാദ്യം പൂര്‍ണ സൂറയായി അവതരിച്ചത് സൂറതുല്‍ ഫാതിഹയാണ്.

*. അല്‍ കന്‍സ്: നിധി എന്നാണ് ഇതിന്റെ അര്‍ത്ഥം. അല്ലാഹുവിന്റെ നിധിയാണിത്. പരമാവധി കൂടുതല്‍ ഓതുക. സൂറതുല്‍ ഫാതിഹ എന്ന അധ്യായമുള്ള മതമാണ് ഇസ്‌ലാം. ഇതുപൊലെ ഒരു പ്രാര്‍ത്ഥനയോ അധ്യായമോ മറ്റൊരു മതത്തിലുമില്ല. അതിനാല്‍ സൂറതുല്‍ ഫാതിഹ ജീവിതത്തില്‍ പരമാവധി പാരായണം ചെയ്തുകൊണ്ടിരിക്കുക. 

സിഗരറ്റിലും ബീഡിയിലും അടങ്ങിയിരിക്കുന്നത് മാരക വിഷവസ്തുക്കള്‍

സിഗരറ്റും ബീഡിയും വലിക്കുന്നവര്‍ ഉള്ളിലേയ്ക്ക് വലിക്കുന്ന പുകയില്‍ നിക്കോട്ടിന്‍ മാത്രമല്ല ഉള്ളത്. എലി വിഷമായി ഉപയോഗിക്കുന്ന ആഴ്സനിക്കും ശവശരീരം അഴുകാതെ സൂക്ഷിക്കുന്ന ഫോര്‍മാല്‍ഡിഹൈഡും വരെ അടങ്ങിയിട്ടുണ്ട്.
അസറ്റിക് ആസിഡ്, ബ്യൂട്ടേന്‍, ഡിഡിടി- ലെഡ് സംയുക്തങ്ങള്‍ തുടങ്ങി നാലായിരത്തോളം വിഷാംശങ്ങളാണ് പുകയിലയിലുള്ളത്. പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നത് മുടി കൊഴിച്ചില്‍ മുതല്‍ കാന്‍സര്‍വരെയുള്ള രോഗങ്ങള്‍ പിടിപെടും.

ലോകത്ത് ഓരോ 6 സെക്കന്‍റിലും പുകയില ഉപയോഗവുമായി ബന്ധപ്പെട്ട ഒരു മരണം നടക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക്. പുകയില ഉത്പന്നങ്ങളുടെ 70 ശതമാനം നിര്‍മ്മാണവും 70 ശതമാനം ഉപയോഗവും 70 ശതമാനം മരണങ്ങളും നടക്കുന്നത് ഇന്ത്യ ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലാണ്.

2013, നവംബർ 23, ശനിയാഴ്‌ച

നീ വായിക്കുക, സ്രഷ്ടാവായ നിന്റെ നാഥന്റെ നാമത്തില്‍.

Written by സയ്യിദ് ഖുതുബ്

രക്തപിണ്ഡത്തില്‍നിന്ന് അവന്‍ മനുഷ്യനെ സൃഷ്ടിച്ചു. നീ വായിക്കുക! നിന്റെ നാഥന്‍ അത്യുദാരന്‍! പേനകൊണ്ട് പഠിപ്പിച്ചവന്‍! അറിയത്തതൊക്കെയും അവന്‍ മനുഷ്യനെ പഠിപ്പിച്ചു.
ഖുര്‍ആനിന്റെ ആദ്യാവതരണത്തോടനുബന്ധിച്ച് നബി(സ)ക്കുണ്ടായ അനുഭവങ്ങളും വറഖത്തുബ്‌നു നൗഫലിന്റെ നിരീക്ഷണങ്ങളുമെല്ലാം നാം പലകുറി വായിച്ചിട്ടുണ്ട്.
എന്നാല്‍, എന്നെ
 സംബന്ധിച്ചിടത്തോളം സംഗതി അങ്ങനെയല്ല.
ഇതൊരു മഹത്തായ സംഭവംതെന്നയാണ്. അതിഗംഭീരമായ ഒന്ന്. ഒരു പരിധിയും നിര്‍ണയിക്കാനാവാത്ത ഒരു സംഭവം. ഇന്ന്, ഈ സംഭവത്തിന്റെ ഗാംഭീര്യത്തെ ഒന്ന് മനസിലാക്കാന്‍ ശ്രമിച്ചാല്‍, അതിന്റെ പല വശങ്ങളും നമ്മുടെ വിഭാവനങ്ങള്‍ക്കു പുറത്തു നില്‍ക്കുകയേയുള്ളൂ.
എല്ലാ അര്‍ഥത്തിലും ഇതൊരു ഗംഭീരസംഭവമാണ്. മനുഷ്യവര്‍ഗത്തിന്റെ ജീവിതത്തില്‍ത്തന്നെ വമ്പിച്ച സ്വാധീനം ചെലുത്തിയ ഒരു സംഭവം. ഈ സംഭവമുണ്ടായ നിമിഷമാണ് ഈ ഭൂമിയുടെ സുദീര്‍ഘമായ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷം!
എന്താണ് പ്രസ്തുത നിമിഷത്തിലുണ്ടായ ഈ സംഭവത്തിന്റെ യഥാര്‍ഥ പ്രകൃതം?
മഹാപ്രഭാവനും അതുല്യപ്രതാപവാനും സര്‍വാധിനാഥനും രാജാധിരാജനുമായ അല്ലാഹു, ഈ പ്രപഞ്ചത്തിന്റെ ഏതോ ഒരു കോണില്‍, ഭൂമിയില്‍ ഇേന്നവരെ ആരുമറിയാത്ത ഒരു മനുഷ്യന്റെ നേര്‍ക്കു തിരിയുന്നു. ദിവ്യപ്രയോഗത്തിന്റെ പതനസ്ഥാനവും ദൈവികയുക്തിയുടെ നിക്ഷേപകേന്ദ്രവും ദൈവിക വചനങ്ങളുടെ പ്രഭവസ്ഥാനവുമായിത്തീരാനായി അല്ലാഹു തിരഞ്ഞെടുത്തതിലൂടെ ഈ മനുഷ്യന്‍ അങ്ങേയറ്റം ആദരണീയനായിത്തീരുന്നു. അതുവഴി അദ്ദേഹം ഈ സൃഷ്ടിയുടെ കാര്യത്തിലെ ദൈവവിധിയുടെ ഒരു നിമിത്തമായിത്തീരുന്നു.

ഇതൊരു മഹാസത്യമാകുന്നു. അതിരുകള്‍ നിര്‍ണയിക്കാനാവാത്തവിധം മഹത്തരമായ യാഥാര്‍ഥ്യം. അനാദിയും അനന്തവും കേവലവുമായ ദൈവികസത്തയെ -കഴിയുംവിധം- വിഭാവനം ചെയ്യാന്‍ ശ്രമിക്കുമ്പോഴാണ് ഇതിന്റെ മഹത്ത്വത്തിന്റെ ചില വശങ്ങളെങ്കിലും നമുക്കു വ്യക്തമാവുക. അതിന്റെ തണലില്‍ നിന്നുകൊണ്ട്, നശ്വരവും പരിമിതവുമായ ഈ മനുഷ്യസ്വത്വത്തെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുമ്പോള്‍, മനുഷ്യന്‍ എന്ന ഈ സൃഷ്ടിക്ക് എത്രവലിയ പരിഗണനയാണ് ദൈവം നല്‍കിയിരിക്കുതെന്ന് അപ്പോള്‍ മനസ്സിലാവും. അതിന്റെ മാധുര്യം നമുക്ക് അനുഭവിക്കാനാകും. ഭക്തിയോടും നന്ദിയോടും നിര്‍വൃതിയോടും പ്രാര്‍ഥനയോടും കൂടി അതിനെ ഉള്‍ക്കൊള്ളാനാവും. അല്ലാഹുവിന്റെ വചനങ്ങളെ അയാള്‍ സമൂര്‍ത്തമായി കാണുകയും ഈ പ്രപഞ്ചസാകല്യം മുഴുവന്‍ അതിനോട് പ്രതികരിക്കുന്നതിനു സാക്ഷിയാവുകയുമാണല്ലോ; അതും പ്രപഞ്ചത്തിന്റെ ഒരു വിദൂരകോണില്‍നിന്നുകൊണ്ട് !
എന്താണ് ഈ സംഭവത്തിന്റെ അര്‍ഥം ?

ഒന്നാമത്തെ അര്‍ഥം അത്യുദാരനും പരമകാരുണ്യവാനുമായ അല്ലാഹുവിന്റെ അപാരമായ അനുഗ്രഹവും ഔദാര്യവുമാണിത് എന്നാകുന്നു. അവന്റെ ദാനത്തിന് കാരണങ്ങളും ഉപാധികളുമില്ല. ഈ ദാനവും ഔദാര്യവും അവന്റെ ഉദാത്തമായ സ്വത്വഗുണങ്ങളില്‍ പെട്ടവയാണ്.
മനുഷ്യനെ സംബന്ധിച്ചിടത്തോളം മഹാപ്രഭാവനായ അല്ലാഹു ഇതുവഴി അവനെ ആദരിച്ചിരിക്കുന്നു എതാണ്. ഈ ആദരവിന്റെ മഹത്ത്വം വിഭാവനം ചെയ്യാനോ അതിനുചിതമായ നന്ദി പ്രകാശിപ്പിക്കാനോ അവനു സാധ്യമല്ല. ആയുഷ്‌കാലം മുഴുവന്‍ സുജൂദില്‍ കിടന്നാലും ഈ നന്ദിയും കടപ്പാടും വീട്ടിത്തീര്‍ക്കാനാവില്ല. മനുഷ്യന്‍ എന്ന ഈ സൃഷ്ടിയെ അല്ലാഹു ഓര്‍ത്തതും അവനിലേക്കു തിരിഞ്ഞതും അവനുമായി ബന്ധം പുലര്‍ത്തിയതും അവന്റെ വര്‍ഗത്തില്‍ നിന്നൊരാളെ തന്റെ വചനബോധനത്തിനു തിരഞ്ഞെടുത്തതും, അവന്റെ വാസസ്ഥലമായ ഭൂമിയെ ആ ദൈവിക വചനങ്ങളുടെ പതനസ്ഥാനമാക്കിയതും പ്രപഞ്ചത്തിന്റെ ദിഗന്തങ്ങള്‍പോലും അതുമായി ഭക്ത്യാദരങ്ങളോടെ പ്രതികരിക്കാനാടിയാക്കിയതുമെല്ലാം എങ്ങനെയാണ് ഈ ദുര്‍ബലസൃഷ്ടിയുടെ നന്ദിപ്രകാശനംകൊണ്ട് വീട്ടിത്തീര്‍ക്കാനാവുക?

മനുഷ്യ ജീവിതത്തില്‍ ഈ മഹാസംഭവത്തിന്റെ പ്രതിഫലനമാകട്ടെ, അതിന്റെ പ്രഥമനിമിഷം മുതല്‍ക്കുതന്നെ ആരംഭിക്കുകയും ചെയ്തു. മനുഷ്യമനസിനെ മാറ്റിമറിച്ചതിലൂടെ ചരിത്രത്തിന്റെ ഗതിതന്നെ അത് തിരുത്തിക്കുറിച്ചു.മനുഷ്യന്‍ അവന്റെ ദര്‍ശനങ്ങളും മൂല്യങ്ങളും മാനദണ്ഡങ്ങളും സ്വീകരിക്കുന്ന ദിശ ഏകീകരിക്കപ്പെട്ടു. അത് ഇനിമേല്‍ ഈ ഭൂമിയോ മനുഷ്യന്റെ ഇഛയോ ആയിരിക്കില്ല; അത് ആകാശവും ദിവ്യബോധനവുമായിരിക്കും എന്നു തീരുമാനിക്കപ്പെട്ടു.

ഈ യാഥാര്‍ഥ്യം ആത്മാവില്‍ വേരൂന്നിയ നിമിഷം മുതല്‍ ഭൂമിയിലെ മനുഷ്യര്‍ അല്ലാഹുവിന്റെ പ്രത്യക്ഷവും നേര്‍ക്കുനേരെയുള്ളതുമായ പരിരക്ഷയുടെ മടിത്തട്ടില്‍ ജീവിക്കാന്‍ തുടങ്ങി. തങ്ങളുടെ ചെറുതും വലുതുമായ എല്ലാകാര്യങ്ങളിലും അവര്‍ അപ്പോള്‍ മുതല്‍ അല്ലാഹുവിലേക്കു നോക്കാന്‍ തുടങ്ങി. അല്ലാഹുവിന്റെ കണ്ണുകള്‍ക്കുതാഴെയായി അവര്‍ ചലിക്കാന്‍ തുടങ്ങി. സ്വന്തം കൈനീട്ടി തങ്ങളുടെ ഓരോ ചുവടും മുന്നോട്ടുവെക്കാന്‍ അവന്‍ സഹായിക്കുമെന്നും തെറ്റുകളില്‍ നിന്ന് വീണ്ടെടുക്കുമെന്നും ശരികളിലേക്കു നയിക്കുമെന്നും പ്രതീക്ഷിക്കാന്‍ തുടങ്ങി. തങ്ങളുടെ മനസിലുള്ള ഒരു കാര്യത്തെക്കുറിച്ച് സംസാരിച്ചുകൊണ്ടും തങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുകൊണ്ടും, 'ഇതാ ഇത് സ്വീകരിക്കൂ... അത് ഉപേക്ഷിക്കൂ...' എന്നൊക്കെ പറഞ്ഞുകൊണ്ടും അല്ലാഹുവില്‍ നിന്ന് വഹ്‌യിറങ്ങുമെന്നു കാത്തുകൊണ്ടാണ് ഓരോ രാവും അവര്‍ തള്ളിനീക്കിയത്! സത്യമായും, വളരെ അത്ഭുതകരമായ ഒരു കാലഘട്ടമായിരുു അത്. തുടര്‍ച്ചയായ ഇരുപത്തിമൂന്നു സംവത്സരങ്ങള്‍! മനുഷ്യ വര്‍ഗവും ദിവ്യസന്നിധാനവുമായുള്ള ഋജുവായ ഈ സമ്പര്‍ക്കം അത്രയും കാലം നീണ്ടുനിന്നു! ആ കാലത്തു ജീവിച്ചവര്‍ക്കു മാത്രമേ വാസ്തവത്തില്‍ അതിന്റെ യാഥാര്‍ഥ്യം വിഭാവനം ചെയ്യാനാവൂ. ആ ബാന്ധവത്തിന് ആദ്യന്തം സാക്ഷിയായവര്‍ക്ക്... അതിന്റെ മാധുര്യം നേരിട്ടനുഭവിച്ചവര്‍ക്ക്... ദൈവത്തിന്റെ കൈകള്‍ തങ്ങളെ നേര്‍വഴിയിലൂടെ നയിക്കുന്നതായറിഞ്ഞവര്‍ക്ക്... തങ്ങള്‍ എവിടെനിന്നു യാത്ര തുടങ്ങിയെന്നും എവിടെ ചെന്നവസാനിച്ചുവെന്നും കണ്ടവര്‍ക്ക്!! ഭൂമിയിലെ ഒരു മാനദണ്ഡം കൊണ്ടും അളക്കാനാവാത്ത മഹാദൂരമാണത്! ഈ പ്രപഞ്ചത്തിലെ ഒരു ദൂരവും അതിനുസമമല്ല! ലക്ഷക്കണക്കായ പ്രകാശവര്‍ഷങ്ങള്‍ നീണ്ട അണ്ഡകടാഹ ദുരങ്ങള്‍ അതിനു തുല്യമല്ല! ഭൂമിയിലെ ആഹാരത്തിനും ആകാശത്തിലെ ആഹാരത്തിനുമിടയ്ക്കുള്ള ദൂരമാണത്. മനുഷ്യന്റെ ഇഛയ്ക്കും ദൈവത്തിന്റെ ബോധനത്തിനുമിടയ്ക്കുള്ള ദൂരം. ജാഹിലിയ്യത്തിനും ഇസ്‌ലാമിനുമിടയ്ക്കുള്ള... മനുഷ്യത്വത്തിനും ദൈവത്വത്തിനുമിടയിലുള്ള...
അവര്‍ ആ ജീവിതത്തിന്റെ രുചിയറിഞ്ഞവരായിരുന്നു; മാധുര്യം അനുഭവിച്ചവരായിരുന്നു; മൂല്യം മനസിലാക്കിയവരായിരുന്നു... ദൈവദൂതന്‍ ഉത്തുംഗസിധാനത്തിലേക്കു യാത്രയായപ്പോള്‍ അതിന്റെ നഷ്ടം അവര്‍ തിരിച്ചറിയുകയും ചെയ്തു. അങ്ങനെ, ആ അത്ഭുത കാലഘട്ടം കഴിഞ്ഞു. ഇനി ഒരിക്കല്‍ കൂടി സമൂര്‍ത്തമായും യഥാര്‍ഥമായും സംഭവിക്കാതെ ബുദ്ധിക്ക് അതിനെ വിഭാവനം ചെയ്യാനാവില്ല!  

'അനസുബ്‌നു മാലിക് നവേദനം ചെയ്യുന്നു: ദൈവദൂതന്റെ നിര്യാണത്തിനു ശേഷം ഒരു ദിവസം അബൂബക്കര്‍ ഉമറിനോട് പറഞ്ഞു: നമുക്കൊന്ന് ഉമ്മുഅയ്മന്റെ വീടുവരെ പോകാം. ദൈവദൂതന്‍ അവരെ സന്ദര്‍ശിക്കാറുണ്ടായിരുന്നല്ലോ. അവരിരുവരും ചെന്നപ്പോള്‍ ഉമ്മുഅയ്മന്‍ കരയാന്‍ തുടങ്ങി. അപ്പോള്‍ അവര്‍ ആ സ്ത്രീയോട് ചോദിച്ചു: എന്തിനാണ് നിങ്ങള്‍ കരയുന്നത്? ദൈവദൂതന് അല്ലാഹുവിന്റെ സന്നിധിയില്‍ ഉത്തമജീവിതം ലഭിക്കുമെന്ന കാര്യം നിങ്ങള്‍ക്കറിയില്ലേ?
അവര്‍ പറഞ്ഞു: അതെ. ദിവ്യസന്നിധിയിലെ ജീവിതമാണ് തിരുദൂതന് കൂടുതല്‍ ഉത്തമം എന്ന് തീര്‍ച്ചയായും എനിക്കറിയാം. പക്ഷെ, ഞാന്‍ കരഞ്ഞത് ആകാശത്തുനിന്ന് ഇനി വഹ്‌യ് വരില്ലല്ലോ എന്നോര്‍ത്താണ്.
ഇതുകേട്ടപ്പോള്‍ സന്ദര്‍ശകര്‍ക്കും കരച്ചിലടക്കാന്‍ കഴിഞ്ഞില്ല.... (മുസ്‌ലിം)'

മനുഷ്യജീവിതത്തില്‍ ആ കാലഘട്ടത്തിന്റെ സ്വാധീനം ആ നിമിഷം മുതല്‍ ഈ നിമിഷം വരെ ഇങ്ങനെയായിരുന്നു. ഈ ഭൂമിയെ അല്ലാഹു അനന്തരമെടുക്കുന്ന കാലം വരെ അതങ്ങനെയായിരിക്കുകയും ചെയ്യും.
ഭൂമിയ്ക്കുപകരം ആകാശത്തുനിന്നുള്ള മൂല്യങ്ങളോടെ... ഇഛക്കുപകരം വഹ്‌യില്‍നിുള്ള നിയമങ്ങളോടെ... മനുഷ്യന്‍ അങ്ങനെ വീണ്ടും പിറവിയെടുത്തു.
ചരിത്രം അന്നുമുതല്‍, മുമ്പില്ലാത്ത വിധം ഗതിമാറി ഒഴുകാന്‍ തുടങ്ങി. ഇത് ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. കാലത്തിനും സംഭവങ്ങള്‍ക്കും മായ്ക്കാനാവാത്ത വിധം തെളിഞ്ഞതും ഉയര്‍ന്നതുമായ വഴിയടയാളങ്ങള്‍ അന്ന് ഭൂമിയില്‍ സ്ഥാപിക്കപ്പെട്ടു. മുമ്പെങ്ങും ഇവ്വിധം വ്യക്തമായിട്ടില്ലാത്ത പുതിയൊരു ജീവിതവീക്ഷണവും പ്രപഞ്ചദര്‍ശനവും മൂല്യവിചാരവും അങ്ങനെ മനുഷ്യ മനസില്‍ അസ്തിത്വം പൂണ്ടു. ഭൗമികപരിഗണനകളില്‍ നിന്ന് മുക്തമായും മനുഷ്യജീവതയാഥാര്‍ഥ്യങ്ങളുമായി പൊരുത്തപ്പെട്ടും ഇവ്വിധം സ്വതന്ത്രവും ശുദ്ധവും സമഗ്രവുമായ ഒരു ദര്‍ശനം ഇതിനുശേഷം ഉണ്ടായിട്ടുമില്ല. ഈ ദൈവിക വ്യവസ്ഥിതിയുടെ സ്തംഭങ്ങള്‍ അന്ന് ഭൂമിയിയില്‍ സ്ഥാപിക്കപ്പെട്ടു! അതിന്റെ വഴികളും വരകളും വ്യക്തമാവുകയും ചെയ്തു! ഖുര്‍ആന്‍ തന്നെ പറഞ്ഞപോലെ  'നശിക്കേണ്ടവര്‍ ന്യായത്തോടെ നശിക്കാനും ജീവിക്കേണ്ടവര്‍ ന്യായത്തോടെ ജീവിക്കാനും' വേണ്ടി... (അന്‍ഫാല്‍:42) ഇതില്‍ അവ്യക്തതയോ ആശയക്കുഴപ്പമോ ഇല്ല. വേണ്ടവര്‍ക്ക് നേര്‍വഴിയറിഞ്ഞുകൊണ്ടുതന്നെ പിഴച്ച വഴിക്കുപോകാം... മനഃപൂര്‍വം തെറ്റുചെയ്യാം...
അനുപമമായ ഒരു നിമിഷത്തില്‍ സംഭവിച്ച ഒരു നിര്‍ണായക സംഭവമായിരുന്നു വഹ്‌യിന്റെ ആരംഭം. അതോടെ ഭൂമിയിലെ ഒരു യുഗം അവസാനിച്ച് മറ്റൊരു യുഗത്തിന് തുടക്കം കുറിച്ചു. ഏതെങ്കിലും ഒരു ദേശത്തിന്റെയോ തലമുറയുടെയോ അല്ല, മനുഷ്യവംശത്തിന്റെ തന്നെ ചരിത്രത്തിലെ ഒരു നിര്‍ണായക മുഹൂര്‍ത്തമായിരുന്നു അത്. പ്രപഞ്ചത്തിന്റെ മൂര്‍ദ്ധാവില്‍ അതു രേഖപ്പെട്ടു കിടക്കുന്നുണ്ട്; മനുഷ്യന്റെ മനസ്സാക്ഷിയിലും! മറക്കാനാവാത്ത ആ മഹല്‍സ്മരണയെ മനസ്സാക്ഷി ഒന്നു വീണ്ടെടുക്കുക മാത്രമേ വേണ്ടൂ. മാനവികതയുടെ പുതുപിറവിക്ക് കാലം ഒരുവട്ടം മാത്രമേ സാക്ഷിയായിട്ടുള്ളൂ എന്ന സത്യം സദാ ഓര്‍മിക്കുകയും...

('ഖുര്‍ആന്റെ തണലില്‍' നിന്ന്)

ആദ്യം സ്വാമി ശരണം; പിന്നെ പാര്‍ട്ടി ശരണം

അച്ചന്‍കോവില്‍: കമ്യൂണിസ്റ്റ് നേതാക്കള്‍ അമ്പലത്തില്‍ പോകുന്നത് ഇപ്പോള്‍ പാര്‍ട്ടിക്കോ നാട്ടുകാര്‍ക്കോ വാര്‍ത്തയല്ല. വിലക്കാനൊട്ട് ധൈര്യവുമില്ല. എന്നാലും ചെങ്കൊടിവച്ച് പാര്‍ട്ടി ജില്ലാ കമ്മിറ്റിയുടെ വാഹനത്തില്‍ ശബരിമലയ്ക്ക് പോകാനുള്ള ധൈര്യം കേരളത്തിലെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഉണ്ടാവില്ല. തമിഴ് സഖാക്കള്‍ ഇതാ വഴികാട്ടുന്നു. 

സി.പി.ഐ. തിരുച്ചി ടൗണ്‍ സെക്രട്ടറി തങ്കമണിയും സഖാക്കളും അച്ചന്‍കോവില്‍ ശാസ്താക്ഷേത്രത്തിലെത്തിയത് പാര്‍ട്ടിയുടെ ഔദ്യോഗിക വാഹനത്തില്‍ത്തന്നെ. സി.പി.ഐ. തിരുച്ചി ജില്ലാ കമ്മിറ്റിയെന്ന് മുന്നില്‍ വ്യക്തമായി എഴുതിയ വാഹനം. അകത്ത് അരിവാള്‍ ചുറ്റികയുടെ ഒരു കൊച്ചുശില്പം. മുന്നില്‍ ചെങ്കൊടി. അതിനുതാഴെ അയ്യപ്പന്റെ പൂമാല ചാര്‍ത്തിയ ചിത്രം. ശരണമന്ത്രങ്ങള്‍ക്കുവേണ്ടി ഇങ്ക്വിലാബിന് അവധി നല്‍കിയ ഇവരുടെ ഗുരുസ്വാമി 40-ാംവട്ടം മല ചവിട്ടുന്ന സെക്രട്ടറിതന്നെ. പാര്‍ട്ടിയിലും ഭക്തിയിലും തലൈവര്‍ തലൈവര്‍ തന്നെയെന്ന് അനുയായികള്‍. ചെങ്കൊടിയും അയ്യപ്പനും ഒന്നിച്ചുള്ള മറ്റൊരു ചുവന്ന വാഹനവും സംഘത്തിനൊപ്പമുണ്ട്. തങ്കമണിയുടെ സഹോദരന്‍ ഇന്ദ്രജിത്ത് സി.പി.ഐ. ജില്ലാ സെക്രട്ടറിയും സംസ്ഥാന കൗണ്‍സില്‍ മെമ്പറുമാണ്. അച്ഛന്‍ തമ്പിദുരൈ ജില്ലയിലെ ആദ്യകാല കമ്യൂണിസ്റ്റ് നേതാവാണ്. കേരളത്തിലെ നേതാക്കളുമായൊക്കെ ബന്ധമുണ്ടായിരുന്ന ആളെന്ന് തങ്കമണി പറയുന്നു. അവരിരുവരും അമ്പലത്തിലൊന്നും പോകാത്തവരാണ്. തന്നോടും പോകേണ്ടെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും തങ്കമണിക്ക് ആദ്യം സ്വാമിശരണവും പിന്നെമാത്രം പാര്‍ട്ടി ശരണവുമാണ്. ''എന്നാല്‍ വേദം, ജാതകം തുടങ്ങി ഒന്നിലും വിശ്വാസമില്ല''-ഗുരുസ്വാമി പ്രഖ്യാപിച്ചു. 

തിരുച്ചിയില്‍ വെട്രി എന്ന കോളേജിന്റെ പ്രിന്‍സിപ്പല്‍ കൂടിയാണ് ഈ പാര്‍ട്ടി നേതാവ്. ഒപ്പമുള്ളവര്‍ ജീവനക്കാരും പൂര്‍വ വിദ്യാര്‍ഥികളുമൊക്കെയാണ്. കൂടുതലും പാര്‍ട്ടിയുടെ പ്രവര്‍ത്തകരും അനുഭാവികളും. പാര്‍ട്ടിയുടെ വാഹനത്തില്‍ ഇങ്ങനെ പോകുന്നത് ഒരു പ്രൊട്ടക്ഷന്‍ കൂടിയാണെന്ന് തങ്കമണി വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഏത് പാര്‍ട്ടിയുടെ പ്രാദേശികനേതാവും കൊടിവച്ച കാറിലാണ് യാത്ര. ചെങ്കൊടിയാണെങ്കിലും ക്ഷേത്രത്തില്‍ പോകുമ്പോള്‍ അത് മാറ്റിവയ്ക്കുന്നത് ശരിയല്ലല്ലൊയെന്ന് ഇവരുടെ ന്യായം. ഉച്ചപൂജ തൊഴുത് അവര്‍ ധൃതിയില്‍ വാഹനങ്ങളില്‍ കയറി. ശരണം വിളികള്‍ ഉയര്‍ന്നു. ചെങ്കൊടി പാറിത്തന്നെ നിന്നു. (മാതൃഭൂമി)

പോലീസ് കേസുകകളും,നിയമങ്ങളും അറിയാന്‍

1. വസ്തുനിഷ്ഠമായ പരിശോധന നടത്താതെ ഒരാളുടെ പരാതിയിന്‍മേല്‍ എനിക്കെതിരെ പോലീസ് ഒരു കേസ്സ് രജിസ്റ്റര്‍ചെയ്തു. ഞാന്‍ എന്തു ചെയ്യണം?

കേസ്സിന് ആധാരമായ കാര്യങ്ങളുടെ യഥാര്‍ത്ഥ്യം കേസ്സന്വേഷണം പുരോഗമിക്കുന്ന മുറക്ക് മാത്രമേ അറിയാന്‍ കഴിയുകയുള്ളൂ. താങ്കള്‍ക്കെതിരായ പരാതി കെട്ടിച്ചമച്ചതാണെന്ന് വെളിപ്പെടുന്ന  നിമിഷം താങ്കള്‍ക്കെതിരായി നടപടികള്‍ ഒന്നും സ്വീകരിക്കുന്നതല്ല.
2.അറസ്റ്റിലായ ആള്‍ക്ക് ജാമ്യം ലഭിക്കുന്നത് എങ്ങനെ?

ജാമ്യം കിട്ടാവുന്ന വകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായത് എങ്കില്‍ രണ്ട് ജാമ്യക്കാരെ ഹാജരാക്കുന്ന പക്ഷം പ്രതിക്ക് ജാമ്യം അനുവദിക്കുന്നതാണ്. ജാമ്യം കിട്ടാത്തവകുപ്പുകള്‍ പ്രകാരമാണ് അറസ്റ്റിലായത്് എങ്കില്‍ പ്രതിയെ കോടതിയില്‍ ഹാജരാക്കുന്നതും പ്രതിക്ക് കോടതി മുന്‍പാകെ ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ് . പെറ്റി കേസ്സുകളില്‍ അറസ്റ്റ് ഉണ്ടാവാറില്ല. 
3.ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ , ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍ ഏതൊക്കെ?

കുറ്റകൃത്യങ്ങളെ ജാമ്യം കിട്ടാവുന്ന കുറ്റങ്ങള്‍ ,  ജാമ്യം കിട്ടാത്തകുറ്റങ്ങള്‍ എന്നിങ്ങനെ തരം തിരച്ചിട്ടുണ്ട്. ഗുരുതരമായ കുറ്റങ്ങളാണ്  ജാമ്യം കിട്ടാത്ത കുറ്റങ്ങള്‍
4.പെറ്റി കുറ്റകൃത്യങ്ങള്‍ ഏതാണ്?

ട്രാഫിക് നിയമലംഘനം , പൊതുജനങ്ങള്‍ക്ക് ശല്യമുണ്ടാക്കുന്ന വിധത്തില്‍ പെരുമാറുക, പൊതുസ്ഥലത്ത് പുക വലിക്കുക തുടങ്ങിയ നിസ്സാര കുറ്റകൃത്യങ്ങള്‍ ആണ് പെറ്റി കുറ്റകൃത്യങ്ങള്‍ .
5.ജാമ്യമുള്ള കേസ്സിലെ പ്രതിയാണ് ഞാന്‍ .  എന്ത് ചെയ്യണം?

പോലീസിന് മുന്‍പില്‍ കീഴടങ്ങുകയോ, കോടതി മുന്‍പാകെ കീഴടങ്ങുകയോ ചെയ്ത് ഒരു വക്കീല്‍ മുഖാന്തിരം ജാമ്യത്തിന് അപേക്ഷിക്കാവുന്നതാണ്. കേസ്സിന്‍െറ വിചാരണ വേളയില്‍ വക്കീല്‍ മുഖാന്തിരം വാദിക്കാവുന്നതാണ്.
6.ജാമ്യമില്ലാ കേസ്സിലെ പ്രതിയാണ് ഞാന്‍ എന്ത് ചെയ്യണം?

പോലീസില്‍ കീഴടങ്ങുന്ന പക്ഷം താങ്കളെ റിമാന്‍റ് ചെയ്യുന്നതാണ്. ഒരു വക്കീലിന്‍െറ സേവനം ലഭ്യമാക്കുന്നതാണ് ഇക്കാര്യത്തില്‍ ഉത്തമം.
7.
വളരെ ഗുരുതരമായ ജാമ്യമില്ലാ കേസ്സിലെ പ്രതിയാണ് ഞാന്‍ . ജാമ്യം ലഭിക്കാന്‍ ഞാന്‍ എന്താണ് ചെയ്യേണ്ടത്?

സെഷന്‍സ് കോടതി, ഹൈക്കോടതി, സുപ്രീം കോടതി എന്നിവയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം കരസ്ഥമാക്കാവുന്നതാണ്.അല്ലാത്ത പക്ഷം റിമാന്‍റ്  ചെയ്യുന്നതാണ്.
8.ഒരു പെറ്റി കേസ്സിലെ പ്രതിയാണ് ഞാന്‍‍ . എന്താണ് ഇനി ചെയ്യേണ്ടത്?

കോടതി ആവശ്യപ്പെടുന്ന മുറക്ക് ഹാജരാകുകയും പിഴ ഒടുക്കുകയും ചെയ്യേണ്ടതാണ്.താങ്കളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഒരു വക്കീലിനെ ചുമതലപ്പെടുത്താവുന്നതാണ്. ചില പെറ്റി കേസ്സുകളില്‍ ജയില്‍ ശിക്ഷ വരെ ലഭിക്കാവുന്നതാണ്.
9.കേസ്സില്‍ ശിക്ഷിക്കപ്പെടുകയാണെങ്കില്‍ ജോലി നഷ്ടപ്പെടുമോ?

2000 രൂപയ്ക്ക് മുകളില്‍ പിഴ ഒടുക്കുന്നതടക്കം ശിക്ഷ ലഭിക്കുകയാണെങ്കില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും പിരിച്ച് വിടാവുന്നതാണ്.
10.അറസ്റ്റ് ചെയ്യപ്പെട്ടാലുള്ള നടപടിക്രമങ്ങള്‍ എന്തെല്ലാം?

അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ കോടതി മുന്‍പാകെ പ്രതിയെ ഹാജരാക്കുന്നതാണ്. എന്തിനാണ് അറസ്റ്റ് നടത്തിയതെന്ന് പ്രതിയെ അറിയിക്കാവുന്നതാണ്.
11.
അറസ്റ്റ്  ചെയ്യപ്പെട്ട ആളെ 24 മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാത്ത പക്ഷം എന്താണ് ചെയ്യേണ്ടത്?

ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്യാവുന്നതാണ്. അറസ്റ്റ് ചെയ്യപ്പെട്ടയാള്‍ എവിടെയാണെന്ന് വ്യക്തമായി അറിയാമെങ്കിലും സര്‍ച്ച് വാറണ്ട് പുറപ്പെടുവിക്കുന്നതിനായി മജിസ്ട്രേറ്റിനെ സമീപിക്കാവുന്നതാണ്.
12.പോലീസ് എന്നെ ശാരീരികമായി പീഢിപ്പിക്കുമോ?

അറസ്റ്റിന് വഴങ്ങാത്ത സാഹചര്യങ്ങില്‍ പോലീസിന് ബലപ്രയോഗം നടത്തേണ്ടി വരിക സാധാരണമാണ്.
13.പോലീസ് കസ്റ്റഡിയില്‍ വച്ച് പീഢനമേല്‍ക്കേണ്ടി വന്നാല്‍ എന്തു ചെയ്യും?

മജിസ്ട്രേറ്റ് മുന്‍പാകെ ഹാജരാക്കുന്ന വേളയില്‍ പോലീസ് കസ്റ്റഡിയില്‍ വച്ച് പീഢനമേറ്റ കാര്യത്തെ സംബന്ധിച്ച ഒരു സ്റ്റേറ്റ്മെന്‍റ്  നല്‍കാവുന്നതാണ്. പോലീസില്‍ നിന്നു തന്നെ ജാമ്യം കിട്ടുകയാണെങ്കില്‍ ഏതെങ്കിലും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത് ഡ്യൂട്ടി ഡോക്ടര്‍ക്ക് പീഢനം സംബന്ധിച്ച ഒരു റിപ്പോര്‍ട്ട് നല്‍കാവുന്നതാണ്. തുടര്‍ന്ന് മജിസ്ട്രേറ്റ് മുന്‍പാകെയോ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ മുന്‍പാകെയോ എഴുതി തയ്യാറാക്കിയ ഒരു പരാതി നല്‍കാവുന്നതാണ്.

പരാതികള്‍

1. വിലപിടിപ്പുള്ള വസ്തുവകകള്‍ മോഷ്ടിക്കപ്പെടുകയാണെങ്കില്‍ എന്താണ് ചെയ്യേണ്ടത്?
തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനില്‍ പരാതി എഴുതി നല്‍കുക. സ്റ്റേഷന്‍ ചുമതലുള്ള ഉദ്യോഗസ്ഥന്‍ പരാതി രേഖപ്പെടുത്തുകയും പ്രഥമ വിവര റിപ്പോര്‍ട്ട് (എഫ്. ഐ. ആര്‍ ) രജിസ്റ്റര്‍ ചെയ്യുന്നതാണ്.
2.പരാതി രജിസ്റ്റര്‍ ചെയ്യാത്ത പക്ഷം എന്താണ് ചെയ്യേണ്ടത് ?
ജില്ലാ പോലീസ് സൂപ്രണ്ടിന് ഒരു പരാതി നല്‍കാവുന്നതാണ് . അദ്ധേഹം പരാതിയിന്‍മേല്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യിക്കുന്നതാണ്.
3.പരാതി നല്‍കിയതിന് രശീതി ലഭിക്കുമോ?
പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് പരാതിക്കാരന് സൗജന്യമായി ലഭിക്കുന്നതാണ്. പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ലഭിക്കാത്ത പക്ഷം കേസ്സിന്‍െറ നമ്പര്‍ സ്റ്റേഷന്‍ചുമതലയുള്ള ഉദ്യോഗസ്ഥനോട് ആവശ്യപ്പെടാവുന്നതാണ്. ഇപ്രകാരം വിവരങ്ങള്‍ ലഭിക്കാത്ത പക്ഷം ഡി.വൈ.എസ്.പി / എസ്.പി. എന്നിവര്‍ മുന്‍പാകെ പരാതി ബോധിപ്പിക്കാവുന്നതാണ്.
4.പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ലഭിക്കാന്‍ മറ്റ് മാര്‍ഗ്ഗങ്ങള്‍ ഉണ്ടോ?
പ്രഥമ വിവര റിപ്പോര്‍ട്ടിന്‍െറ പകര്‍പ്പ് ആവശ്യപ്പെട്ട് ബന്ധപ്പെട്ട  കോടതി മുമ്പാകെ ഒരു പരാതി നല്‍കാവുന്നതാണ്.
5.എല്ലാ പരാതികളിലും കേസ്സ് രജിസ്റ്റര്‍ ചെയ്യാറുണ്ടോ?
സിവില്‍ സ്വഭാവമുള്ള പരാതികളില്‍ കേസ്സ് രജിസ്റ്റര്‍ ചെയ്യാറില്ല. പോലീസിന് നേരിട്ടെടുക്കാവുന്ന കോഗനൈസബിള്‍ ആയ ക്രിമിനല്‍ കേസ്സുകളില്‍ മാത്രമേ കേസ്സ് രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യതയുള്ളൂ.
6.എന്താണ് കോഗനൈസബിള്‍ കുറ്റങ്ങള്‍ ?
ചില പ്രത്യേക വിഭാഗങ്ങളില്‍ പെടുന്ന കുറ്റകൃത്യങ്ങള്‍ ഗൗരവമാര്‍ന്ന കൊലപാതകം , ബലാല്‍ക്കാരം , മാരകായുധമുപയോഗിച്ചുള്ള ആക്രമണങ്ങള്‍ , തട്ടിക്കൊണ്ടുപോകല്‍ മോഷണം എന്നിവ കോഗനൈസബിള്‍ കുറ്റകൃത്യങ്ങളില്‍ ചിലവയാണ്.
7.കോഗനൈസബിള്‍ കുറ്റത്തിന്‍െറ കാര്യത്തില്‍ പരാതിപ്പെടാന്‍ എന്താണ് ചെയ്യേണ്ടത് ?
ഒരു വക്കീല്‍ മുഖാന്തിരം കോടതിയില്‍ കേസ്സ് നല്‍കാവുന്നതാണ്.

    ഇവിടെ ക്ലിക്കി നോക്കു -http://www.malappurampolice.gov.in/mlpol/

ഈ ആലസ്യം പോലീസിനു ആഘാതം (ചന്ദ്രികാ മുഖപ്രസംഗം )

സംസ്ഥാന മുഖ്യമന്ത്രി കണ്ണൂരില്‍ വെച്ച് ആക്രമിക്കപ്പെട്ടിട്ട് മാസം തികയുന്നു. പക്ഷേ യഥാര്‍ത്ഥ പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ ഇനിയും പൊലീസിന് കഴിയാത്തത് നമ്മുടെ നിയമ ഭരണത്തിലുള്ള വിശ്വാസ്യത തന്നെ ചോദ്യം ചെയ്യുന്നതാണ്. ഇന്നലെ ഹൈക്കോടതി ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു. അതിക്രൂരമായാണ് മുഖ്യമന്ത്രി കണ്ണൂര്‍ നഗര മധ്യത്തില്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നത് പകല്‍ പോലെ തെളിഞ്ഞ സത്യവുമാണ്. നഗരത്തില്‍ നടന്നിരുന്ന പൊലീസ് കായിക മേളയുടെ സമാപനത്തോടനുബന്ധിച്ച ചടങ്ങില്‍ സംബന്ധിക്കാന്‍ മുഖ്യമന്ത്രി പൊലീസ് മൈതാനത്തേക്ക് വരുമ്പോഴാണ് കല്ലേറുണ്ടായത്. പൊലീസിന്റെ സംഘബലത്തില്‍ ഒരു ഭരണാധികാരി ആക്രമിക്കപ്പെട്ടതിന് ശേഷം രാഷ്ട്രീയമായി വലിയ കോളിളക്കമുണ്ടായി. മുഖ്യമന്ത്രിയുടെ മുഖത്ത് പരുക്കേറ്റു. അദ്ദേഹം ആസ്പത്രിയിലായി. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചപ്പോള്‍ പതിവ് പോലെ സി.പി.എം നേതൃത്വം തങ്ങളല്ല ആക്രമണത്തിന് പിറകില്ലെന്ന് പറഞ്ഞ് കൈകഴുകി.

പക്ഷേ ഇപ്പോഴും കേസില്‍ മുഖ്യപ്രതികള്‍ പിടിക്കപ്പെട്ടില്ല എന്ന സത്യം ഞെട്ടിപ്പിക്കുന്നതാണ്. പൊലീസിന്റെ കൈവശം സമരക്കാരായ സി.പി.എമ്മുകാരുടെ ദൃശ്യങ്ങളുണ്ട്. കല്ലെറിയുന്നവരുടെ കാഴ്ച്ചകളുണ്ട്. വാര്‍ത്താ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. തെളിവുകള്‍ ഈ വിധം പരന്ന് കിടക്കവെ പൊലീസ് ഇരുട്ടില്‍ തപ്പുന്നതിന്റെ കാര്യകാരണങ്ങള്‍ തേടുന്നവര്‍ക്ക് മുന്നില്‍ ഉത്തരമൊന്നുമില്ല. കേസില്‍ ചിലര്‍ അറസ്റ്റിലായിട്ടുണ്ട്. പക്ഷേ അവര്‍ക്കെതിരെ വ്യക്തമായ തെളിവുകള്‍ ഹാജരാക്കപ്പെട്ടിട്ടില്ല. ഇവരുടെ ജാമ്യഹര്‍ജി പരിഗണിക്കവെയാണ് ഹൈക്കോടതി മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട കേസിലെ ദുരൂഹത തേടിയത്. മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നു ഒരു മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതെങ്കില്‍ എന്താവുമായിരുന്നു പുകില്. തീര്‍ത്തും ജനകീയനായ, ജനങ്ങളില്ലാതെ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പറയുന്ന ഒരു ഭരണാധിപന്‍ ആക്രമിക്കപ്പെട്ടെങ്കില്‍ ആ ഗുരുതരമായ വീഴ്ച്ചയില്‍ നിന്ന് പൊലീസിന് ഒരിക്കലും ഓടിയൊളിക്കാനുമാവില്ല.

കേരളാ പൊലീസ് ശക്തമായി പ്രവര്‍ത്തിക്കുമ്പോഴും സേനയുടെ വിശ്വാസ്യതക്ക് കോട്ടം തട്ടുന്ന ചില സംഭവങ്ങള്‍ അങ്ങിങ്ങായി അരങ്ങേറുന്നുണ്ട്. ഇതില്‍ അവസാനത്തേതാണ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ വനിതാ പൊലീസ് വാര്‍ഡന്‍ ആക്രമിക്കപ്പെട്ടത്. സ്വന്തം സേനയിലെ ഒരു വനിതാ അംഗം നടുറോഡില്‍ പരസ്യമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിക്കെതിരെ ശക്തമായ നടപടികള്‍ക്ക് പൊലീസിലെ ചിലര്‍ വിസമ്മതിച്ചു. മാധ്യമങ്ങള്‍ ശക്തമായി ഇടപെട്ടതിന്റെ ഫലമായി പ്രതി പൊലീസില്‍ ഹാജരായി. പ്രതിയെ ഇന്നലെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ മാധ്യമങ്ങള്‍ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് പോലും തടയാന്‍ ശ്രമമുണ്ടായി. കൂടാതെ കേസുമായി ബന്ധപ്പെട്ട് വ്യക്തമായ കാര്യങ്ങളല്ല രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. ആര്‍ക്ക് വേണ്ടിയാണ് ഇതെല്ലാം എന്നതാണ് വലിയ ചോദ്യം. സ്ത്രീ സുരക്ഷ ഉറപ്പുവരുത്താന്‍ ഭരണകൂടം ശക്തമായി ഇടപെടുമ്പോള്‍ നിയമ സംരക്ഷണത്തിന് നിയോഗിക്കപ്പെട്ട ഒരു വനിത ആക്രമിക്കപ്പെട്ടിട്ട് അവര്‍ക്ക് പോലും നീതി ലഭിക്കുന്നില്ല എന്ന് വരുമ്പോള്‍ അത് നാണക്കേടാണ്. വനിതാ വാര്‍ഡന്‍ പറയുന്ന കാര്യങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണ്. പലവട്ടം താന്‍ പരാതിപ്പെട്ടിട്ടും കര്‍ക്കശമായ നടപടിക്ക് പൊലീസിലെ ചില ഉന്നതര്‍ തടസം നില്‍ക്കുകയാണെന്നാണ് വനിത പറയുന്നത്. തനിക്ക് ജോലിയല്ല പൊലീസിലെ കള്ളനാണയങ്ങളെ തുറന്ന് കാട്ടുകയാണ് പ്രധാനമെന്ന് പറയാന്‍ പോലും വനിതാ വാര്‍ഡന്‍ ധൈര്യം പ്രകടിപ്പിക്കുമ്പോള്‍ അവര്‍ അനുഭവിച്ച മാനസിക പീഡനം ചെറുതല്ല എന്ന് വ്യക്തം.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് ഉള്‍പ്പെടെ നമ്മുടെ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ സ്തുത്യര്‍ഹമായ അന്വേഷണം നടത്തിയ പൊലീസ് തന്നെയാണ് ചിലരെ രക്ഷിക്കാന്‍ വഴിവിട്ട് സഞ്ചരിക്കുന്നത്. മുഖ്യമന്ത്രിയുടെ കാര്യത്തില്‍ പോലും ആലസ്യം പ്രകടിപ്പിക്കുമ്പോള്‍ അത് സേനയിലുള്ള വിശ്വാസ്യതയെ തന്നെയാണ് ബാധിക്കുന്നത്. വിവാദമായ പന്തിരിക്കര പെണ്‍വാണിഭ കേസിലും പൊലീസ് ഇരുട്ടില്‍ തപ്പുകയാണ്.

സംസ്ഥാനത്തിന്റെ ഭരണത്തലവനാണ് മുഖ്യമന്ത്രി. അദ്ദേഹത്തിന് സുരക്ഷ ഒരുക്കുന്നതില്‍ പറ്റിയ ഗുരുതരമായ വീഴ്ച്ച സംഭവിച്ച സാഹചര്യത്തില്‍ എത്രയും വേഗം യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടുവരേണ്ടത് പൊലീസ് തന്നെയാണ്. പക്ഷേ ഹൈക്കോടതി ചോദിച്ചിരിക്കുന്നത് ഈ കാര്യത്തില്‍ ബാഹ്യ ഇടപെടലുകള്‍ക്ക് പൊലീസ് വഴങ്ങുന്നുവോ എന്നാണ്. കണ്ണൂരിലെ ആക്രമണത്തിന് പിറകില്‍ സി.പി.എം പ്രവര്‍ത്തകരാണ് എന്നത് തെളിയിക്കപ്പെട്ടതാണ്. അവരെ അറസ്റ്റ് ചെയ്യാനും അവര്‍ക്കെതിരെ കര്‍ക്കശമായ നടപടി സ്വീകരിക്കാനും എന്താണ് തടസമെന്ന് വ്യക്തമല്ല. പൊലീസിലെ സി.പി.എമ്മുകാര്‍ തന്നെയാണ് പലപ്പോഴും സേനയുടെ പ്രവര്‍ത്തനങ്ങളുടെ സത്യസന്ധതയെ ചോദ്യം ചെയ്യുന്നത്.

മുഖ്യമന്ത്രി ആക്രമിക്കപ്പെട്ടതിന് പിറകില്‍ പോലും ചില പൊലീസുകാരുടെ ഇടപെടലുകളുണ്ടായിരുന്നു. മുഖ്യമന്ത്രിയുടെ യാത്രാ വഴികള്‍ പോലും ചോര്‍ത്തി അത് സമരക്കാര്‍ക്ക് നല്‍കി. ഔദ്യോഗിക രഹസ്യങ്ങള്‍ അതീവ രഹസ്യമായി കാത്തുസൂക്ഷിക്കേണ്ടവര്‍ തന്നെ രാഷ്ട്രീയമായ ഇടപെടലുകള്‍ നടത്തുന്നത് ഗുരുതരമായ വീഴ്ച്ചയാണ്. ഭാഗ്യത്തിനാണ് അന്ന് മുഖ്യമന്ത്രി വലിയ ആക്രമണത്തില്‍ നിന്നും രക്ഷപ്പെട്ടത്. അദ്ദേഹത്തിനെതിരെ ആക്രോശിച്ച് നീങ്ങിയ സമരക്കാര്‍ എന്തും ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു. മുഖ്യമന്ത്രിക്കൊപ്പം സഞ്ചരിച്ചിരുന്ന മന്ത്രി കെ.സി ജോസഫ്, കെ.പി.സി.സി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് എന്നിവരും ആക്രമിക്കപ്പെട്ടു. നെഞ്ചില്‍ കല്ല് പതിച്ചിട്ടും വേദന സഹിച്ച് അക്രമികളോട് സൗമ്യനായി സംസാരിച്ച മുഖ്യമന്ത്രി ഇത് വരെ തന്നെ ആക്രമിച്ചവരുടെ കാര്യം പൊലീസിനോട് ചോദിച്ചിട്ടില്ല. സംഭവ ദിവസം ഹര്‍ത്താല്‍ പോലും പാടില്ലെന്ന് കര്‍ക്കശമായി നിഷ്‌കര്‍ഷിച്ച ശക്തനായ ഒരു ഭരണാധിപനെ ആക്രമിച്ചവര്‍ ഒരു തരത്തിലുമുള്ള ഔദാര്യവും അര്‍ഹിക്കുന്നില്ല. ഇവിടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ തന്നെ ഇടപെടേണ്ടിയിരിക്കുന്നു.

2013, നവംബർ 22, വെള്ളിയാഴ്‌ച

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിന്റെ മലയാള പരിഭാഷ പുറത്തിറങ്ങി. കേരള ജൈവവൈവിധ്യ ബോര്‍ഡാണ് പരിഭാഷ പുറത്തിറക്കിയത്.  ബോര്‍ഡിന്റെ വെബ്‌സൈറ്റില്‍ റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണ രൂപം ലഭ്യമാകും.
കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരെ സംസ്ഥാനത്ത് വ്യാപകമായ പ്രതിഷേധങ്ങള്‍ നടക്കുകയാണ്. റിപ്പോര്‍ട്ടിനെ കുറിച്ച് വ്യക്തമായ അറിവ് ഇല്ലാത്തതിനാലാണ് ജനങ്ങള്‍ ആശങ്കപ്പെടുന്നതെന്നാണ് സര്‍ക്കാരിന്റെ നിലപാട്.
നവംബര്‍ പതിനാറാം തീയതി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ ഓഫീസ് നിര്‍മ്മാണ ഘട്ടത്തിന്റെ മലയാളം പകര്‍പ്പുണ്ട്.  ഈ കരട് നോട്ടിഫിക്കേഷന്‍ പൊതുജന മധ്യത്തില്‍ അവതരിപ്പിച്ച് ബന്ധപ്പെട്ടവരുടെ എല്ലാവരുടെയും അഭിപ്രായങ്ങള്‍ക്കും കാഴ്ചപ്പാടുകള്‍ക്കും വിധേയമായി റിപ്പോര്‍ട്ട് അന്തിമമായി രേഖപ്പെടുത്തും എന്നും ഓഫീസ് മെമ്മോറാന്‍ഡത്തില്‍ പറയുന്നു.
പാറഖനനം, മണല്‍ ഖനനം, താപോര്‍ജ നിലയങ്ങള്‍, 20,000 ചതുരശ്ര മീറ്ററും അതിലേറെയുമുള്ള കെട്ടിട നിര്‍മ്മാണങ്ങള്‍, റെഡ് കാറ്റഗറി വ്യവസായങ്ങള്‍ എന്നിവ സംബന്ധിച്ചുള്ള അപേക്ഷകള്‍, പരിസ്ഥിതി മൃദുല പ്രദേശങ്ങളെ സംബന്ധിച്ച് പുനപരിശോധിക്കുകയും അവ നിരസിക്കുകയും ചെയ്യുമെന്ന് മെമ്മോറാന്‍ഡത്തില്‍ പറയുന്നു.
ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്ന റിപ്പോര്‍ട്ടിന്റെ മലയാളം പരിഭാഷ വായിച്ചു നോക്കി ജനങ്ങള്‍ക്ക് അഭിപ്രായം രേഖപ്പെടുത്താം എന്ന് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.ഈ ലിങ്കില്‍ ക്ലിക്കിയാല്‍ ഇതിന്‍റെ പൂര്‍ണ്ണരൂപം കാണാം 
http://keralabiodiversity.org/images/news/hlwg.pdf

2013, നവംബർ 21, വ്യാഴാഴ്‌ച

ജോലിയുള്ള സ്ത്രീ തലയില്‍ കയറുമോ..?

-എഴുതിയത്-സ്വദഫ് ഫാറൂഖി-
------------------------------------------------------
സ്ത്രീകളെക്കുറിച്ചും  സാമ്പത്തിക സ്വാശ്രയത്വത്തെക്കുറിച്ചും പരസ്പരവൈരത്തോടെയുള്ള അതിതീവ്രവാദഗതികള്‍ പലപ്പോഴും ഞാന്‍ അഭിമുഖീകരിക്കാറുണ്ട്. അതിലൊരു വാദം കടുത്ത പുരുഷാധിപത്യമനോഭാവത്തിന്റെതാണ്.  അതായത്, സ്ത്രീക്ക് സമ്പത്ത് നേടുവാനും സ്വന്തംകാലില്‍ നില്‍ക്കാനും അവസരം നല്‍കിയാല്‍ അവള്‍ താന്തോന്നിയും ആരെയും കൂസാത്തവളും ആയിത്തീരും.
കുടുംബകാര്യങ്ങള്‍ക്ക് ചിലവഴിക്കുന്നതിനുപകരം സ്വാര്‍ഥകാര്യങ്ങള്‍ക്കായി ചെലവിടുന്ന ധാരാളിയാകും. സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വത്തെ ഈ കാഴ്ചപ്പാടിലൂടെ കാണുന്നവര്‍ അവരുടെ സെക്കന്ററി മുതല്‍ക്കുള്ള ഉന്നതവിദ്യാഭ്യാസത്തെ എതിര്‍ക്കുന്നു (അല്ലെങ്കില്‍ സ്ത്രീകളെ 'ചൊല്‍പ്പടി'യില്‍ നിറുത്താനാവില്ലത്രേ !). സ്ത്രീകള്‍ തങ്ങളുടെ വീട്ടുകാര്യങ്ങള്‍ നിര്‍വഹിച്ചശേഷം ബാക്കിയുള്ള ഒഴിവുവേളകള്‍ ധനസമ്പാദനത്തിനായി ചെലവഴിക്കുന്നത് പലരും നിരുത്സാഹപ്പെടുത്തുകയോ, തടയുകയോ ചെയ്യാറാണ് പതിവ്.

തികച്ചും ആശ്ചര്യകരമെന്നുപറയട്ടെ, ഇങ്ങനെ പുരുഷാധിപത്യപരമായ കാഴ്ചപ്പാടുകള്‍ വെച്ചുപുലര്‍ത്തുന്നവര്‍പോലും തങ്ങളുടെ വീടുകളില്‍ ജോലിയൊക്കെക്കഴിഞ്ഞ് വെറുതെയിരിക്കുന്ന സ്ത്രീകള്‍ ടിവികണ്ടും, ഇന്റര്‍നെറ്റില്‍ ബ്രൗസുചെയ്തും, ഫോണിലൂടെ പരദൂഷണംപറഞ്ഞും, വനിതാമാസികകള്‍ വായിച്ചും, ഷോപ്പിങിന് പൈസപൊടിച്ചും സമയം പാഴാക്കുന്നതിനെക്കുറിച്ച് അശേഷം ഉത്കണ്ഠ പുലര്‍ത്തുന്നില്ല.

അങ്ങേയറ്റത്താകട്ടെ, സ്ത്രീവര്‍ഗം ആണുങ്ങളെപ്പോലെ കൂടുതല്‍  ഉന്നതവിദ്യാഭ്യാസം നേടി ഉയര്‍ന്ന ജോലിസമ്പാദിച്ച് സാമ്പത്തികസ്വാശ്രയത്വം  കൈവരിക്കണമെന്ന ചിന്താഗതിക്കാരാണ്. പകല്‍മുഴുവന്‍ ജോലിചെയ്ത് കുടുംബത്തില്‍ തന്റെ സ്ഥാനം അരക്കിട്ടുറപ്പിക്കേണ്ടവരാണ് സ്ത്രീകള്‍ എന്നവര്‍ കരുതുന്നു. അതിനിടയില്‍ തന്റെ ശരീരത്തിലെ ജൈവഘടികാരത്തിന്റെ ടിക് ടിക്.. ശബ്ദമൊന്നും അവരെ ഉണര്‍ത്തുന്നില്ല. മാതാവാകാനുള്ള ഒരുക്കങ്ങളെ കണ്ടില്ലെന്ന് നടിക്കുന്നു. അതുമാത്രമോ, സ്ത്രീകളുടെ മാത്രം കഴിവില്‍പെട്ട മാതൃത്വത്തിന്റെ നിര്‍വൃതി നുകര്‍ന്നുള്ള സമാധാനപരമായ ജീവിതത്തെ അവര്‍ അപ്പാടെ വിസ്മരിക്കുകയാണ്. എല്ലാം തങ്ങള്‍ക്ക് ശമ്പളംതരുന്ന കോര്‍പറേറ്റ് കമ്പനിക്കുവേണ്ടി. ഇത്തരക്കാര്‍ക്ക് വീട്ടില്‍ കുട്ടികളെയും പരിപാലിച്ച് ഭര്‍ത്താവിന് സഹായംചെയ്ത് മാതാപിതാക്കളെ ശുശ്രൂഷിച്ച് സമയം ചിലവഴിക്കുന്ന സ്ത്രീകള്‍ പാഴ്ജന്‍മങ്ങളാണ്.

യാഥാര്‍ഥ്യമെന്താണ്?  ഏതു  പെണ്‍കുട്ടിക്കും അവളുടെ പരിശ്രമവും സാമര്‍ഥ്യവും ഉപയോഗപ്പെടുത്തി വൈയക്തികമായും സാമൂഹികമായും  വളരാനുള്ള അവസരമൊരുക്കിക്കൊടുക്കുകയാണ് വേണ്ടത്. വിവാഹം കഴിഞ്ഞാലും ഇല്ലെങ്കിലും സ്ത്രീകള്‍ക്ക് അവരുടെ ആദ്യപ്രവര്‍ത്തനമണ്ഡലം വീടാണെന്ന ഇസ്‌ലാമിന്റെ നിയമത്തില്‍ ഞാന്‍ വിശ്വസിക്കുകയും അത് നടപ്പാക്കണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അതങ്ങനെ തന്നെയാണെന്നതില്‍ യാതൊരുസംശയവുമില്ല. പകല്‍മുഴുവന്‍ ചൂടിലും ആള്‍ക്കൂട്ടത്തിലും ചെന്ന്, യന്ത്രങ്ങളുമായി ഇടപെട്ട് മനഃസാന്നിധ്യവും ശാരീരികാധ്വാനവും വ്യയംചെയ്യേണ്ട ജോലികള്‍ പുരുഷന്‍മാര്‍ക്കായാണ് അല്ലാഹു നിജപ്പെടുത്തിയിട്ടുള്ളത്. അതാകട്ടെ, കുടുംബത്തെ  പോറ്റുകയും അതിനുള്ള സാമ്പത്തികോപാധി കണ്ടെത്തുകയും ചെയ്യുകയെന്ന അവര്‍ക്കുമാത്രമായി ഇസ്‌ലാം നിശ്ചയിച്ച ചുമതലയാണ്. അതുവഴി സ്ത്രീകള്‍ സാമ്പത്തികമായി ശാക്തീകരിക്കപ്പെടുന്നുവെന്നതാണ് സത്യം.

മുന്‍പറഞ്ഞതിനോട് വൈരുധ്യം പുലര്‍ത്തുന്നില്ലേ ഇപ്പറഞ്ഞത് എന്ന് നിങ്ങള്‍ സംശയിച്ചേക്കാം. അല്‍പം കൂടി വിശദീകരണം നല്‍കാമെന്ന് തോന്നുന്നു.
ജോലിക്കാരനാകുക, ശമ്പളക്കാരനാകുകയെന്നത് പ്രായോഗികതലത്തില്‍ മറ്റൊരാള്‍ക്ക് കീഴില്‍ പണിയെടുക്കുന്നതിന് പറയുന്ന പേരാണ്.(കാറും ബംഗ്ലാവും ലക്ഷങ്ങളുടെ മാസശമ്പളവും വാഗ്ദാനംചെയ്തിട്ടുള്ള കമ്പനിയുടെ CEO ആണ് നിങ്ങളെങ്കില്‍ പോലും വേറൊരാളുടെ കീഴില്‍തന്നെ നിങ്ങള്‍. കമ്പനിക്ക് ലാഭം ഉറപ്പാക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിങ്ങളെ അവര്‍ വലിച്ചെറിയുമെന്നതില്‍ രണ്ടഭിപ്രായമില്ല.)
ഇസ്‌ലാമിന്റെ ചട്ടമനുസരിച്ച് പുരുഷനാണ് വീട്ടിലേക്ക് സമ്പാദിച്ചുകൊണ്ടുവരേണ്ട വ്യക്തി. ജോലിസുരക്ഷ ഉറപ്പാക്കാനുള്ള ഇക്കാലത്തെ മത്സരയോട്ടത്തില്‍  തൃപ്തിയില്ലെങ്കിലും കോര്‍പറേറ്റ് കമ്പനികളില്‍ അടിമയെപ്പോലെ പണിയെടുക്കേണ്ടിവരുന്നത് ആണുങ്ങള്‍ക്കാണ്. അല്ലാഹു തന്നിലര്‍പ്പിച്ച ബാധ്യത പൂര്‍ത്തീകരിക്കാന്‍ അവനത് ചെയ്യേണ്ടിവരുന്നു. അതേ സമയം സ്ത്രീകള്‍  പുലര്‍ച്ചക്കുമുമ്പേ എഴുന്നേറ്റ് എന്തൊക്കെയോ ചെയ്‌തെന്നുവരുത്തി പകല്‍മുഴുവന്‍  തിരക്കൊഴിയാതെ പണിയെടുക്കുന്നതിന്റെ മനഃസംഘര്‍ഷം വഹിക്കേണ്ടെന്ന് ഇസ്‌ലാം തീരുമാനിച്ചിരിക്കുന്നു. ഒരു ദിവസം ഇന്നയിന്ന പണികള്‍ ചെയ്യണം എന്ന് ആരില്‍ നിന്നും ആജ്ഞ സ്വീകരിക്കേണ്ടതില്ല അവള്‍ക്ക്. അതിനാല്‍തന്നെ നേരംവെളുക്കുംമുമ്പ് എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല . മനഃസംഘര്‍ഷമില്ലാതെ പ്രാതല്‍ തയ്യാറാക്കി, തിരക്കുകൂട്ടാതെ മറ്റുവീട്ടുപണികള്‍ ചെയ്ത് ഒഴിവുസമയംകണ്ടെത്താനും അത് രചനാത്മകമായി ചെലവഴിക്കാനും ഏറെ അവസരങ്ങള്‍ അവള്‍ക്കുമാത്രമേയുള്ളൂ. ആണുങ്ങള്‍ക്ക് മറ്റുള്ളവരുടെ കീഴില്‍ ജോലിചെയ്യേണ്ടിവരുമ്പോള്‍ സ്ത്രീക്ക് ആരുടെ കീഴിലും പണിയെടുക്കേണ്ടതില്ലയെന്ന് ചുരുക്കം.

വിജയം സാമ്പത്തികസ്വാതന്ത്ര്യത്തിലൂടെ
പകല്‍മുഴുവന്‍ മുതലാളിക്കുവേണ്ടി പണിയെടുത്ത്, വാഗ്ദാനം ചെയ്യപ്പെടുന്ന സമ്മാനങ്ങള്‍ക്കായി അഹോരാത്രം അധികസമയം ചെലവിട്ട് കനത്തശമ്പളം പോക്കറ്റിലാക്കുന്ന, യജമാനന്റെ ചരടിന്‍തുമ്പിലെ നായയെപ്പോലെ  വിനീതവിധേയനായ ജോലിക്കാരനാണ് വിജയി എന്നാണ് സാമാന്യജനത്തിന്റെ വീക്ഷണം. ജീവിതത്തില്‍  അവര്‍ക്ക്   ആളുകള്‍ അസൂയപ്പെടുംവിധമുള്ള എല്ലാ ഭൗതികസൗകര്യങ്ങളുമുണ്ടായിരിക്കും. സ്വന്തം ബംഗ്ലാവ്/വില്ല/കടലോരവിശ്രമകേന്ദ്രം അതിലെ നീന്തല്‍കുളത്തിനടുത്ത് പാനീയംസിപ്പുചെയ്ത് വാര്‍ധക്യത്തിലേക്ക് കടക്കുന്ന അത്തരക്കാര്‍ ഉയര്‍ന്ന കോര്‍പറേറ്റു മീഡിയ/നാഷണല്‍കമ്പനികളില്‍ ഉന്നതസ്ഥാനങ്ങളില്‍ വിരാജിച്ചവരായിരിക്കും. അവസാനനാളുകളില്‍ ചേരികളിലെ പാവങ്ങള്‍ക്കുവേണ്ടി ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുകയെന്നതായിരിക്കും അവരുടെ പണി. (മാഗസിനുകള്‍ അവരെ വെച്ച് കവര്‍‌സ്റ്റോറിചെയ്യുന്നത് കാണാം.)ഇതാണ്  നാം കണ്ടുവരുന്ന വിജയികളുടെ വാര്‍പുമാതൃക.

മേല്‍പറഞ്ഞ വിജയികളെപ്പറ്റിയുള്ള സങ്കല്‍പങ്ങളില്‍ വിരാജിക്കുന്ന മനുഷ്യര്‍ ആരുടെയോ ശമ്പളത്തിനുവേണ്ടി ആജ്ഞാനുവര്‍ത്തിയാകാന്‍ സമ്മതിക്കാത്ത 'ശാക്തീകരിക്കപ്പെട്ട' മുസ്‌ലിംസ്ത്രീയെ നിന്ദ്യമായാണ് വീക്ഷിക്കുന്നത്. യഥാര്‍ഥത്തില്‍ മുസ്‌ലിംസ്ത്രീയാണ് സാമ്പത്തികശാക്തീകരണത്തിന്റെ ഗുണഭോക്താവ്. തന്റെ ഭര്‍ത്താവ് പൈസ കൊടുക്കുന്നത് അവള്‍ക്കാണ്. അവളുടെ ആവശ്യങ്ങള്‍ക്ക് അവനാണ് ചെലവിടുന്നത്. ആ പൈസ സമ്പാദിക്കാന്‍ അവള്‍ക്ക് ആരുടെയും കീഴില്‍ പണിയെടുക്കേണ്ടതില്ല. അതിനാല്‍തന്നെ ഗാര്‍ഹികജോലികള്‍ക്കും കര്‍തവ്യങ്ങള്‍ക്കും വേണ്ടത്ര സമയമുണ്ട്. എന്നല്ല, അതെല്ലാം കഴിഞ്ഞ് കുടുംബത്തിലെ/സമൂഹത്തിലെ മറ്റുള്ളവര്‍ക്കായി സേവനങ്ങള്‍ ചെയ്യാന്‍ അവള്‍ക്ക് കഴിയുന്നു. അതെല്ലാം തന്നെ അവളുടെ  നിശ്ചയപ്രകാരവും ആസൂത്രണപ്രകാരം മാത്രം. യാതൊരു ബാഹ്യസമ്മര്‍ദ്ദങ്ങളൊന്നുമില്ലാതെ. ഇവ്വിധം അല്ലാഹു എല്ലാവിധ സ്വാതന്ത്ര്യങ്ങളും നല്‍കിയിട്ടും  ആ സ്വാതന്ത്ര്യവും ശാക്തീകരണവും അവള്‍ വേണ്ടെന്ന് വെക്കുന്നത് എത്ര കഷ്ടകരം!.എന്നിട്ടും അവള്‍ ഇഷ്ടപ്പെടുന്നത് ആണുങ്ങളെപ്പോലെ മറ്റുള്ളവരുടെ കീഴില്‍ പണിയെടുത്ത് സമ്പാദിക്കാനാണ്! മറ്റൊരു വസ്തുതയുണ്ട്. സാധാരണ നിലക്ക് പകല്‍മുഴുവന്‍ ജോലിചെയ്ത് സമ്പാദ്യമുണ്ടാക്കുന്ന അവിവാഹിതയായ പെണ്‍കുട്ടി വിവാഹശേഷം ഭര്‍ത്താവിനെ സാമ്പത്തികകാര്യങ്ങളില്‍ ആശ്രയിക്കാന്‍ പ്രയാസപ്പെടുന്നതായി കാണാറുണ്ട്.

സമ്പത്തും ആജ്ഞാസ്വരവുമുള്ള സ്ത്രീകള്‍ക്ക് ആണുങ്ങള്‍ വിധേയരാകുന്നതായി കണ്ടുവരുന്നു. അതിനാല്‍ തന്നെ അധികപുരുഷന്‍മാരും തന്നെക്കാള്‍ സമ്പത്തു കുറഞ്ഞ പെണ്‍കുട്ടികളെയാണ് വിവാഹംകഴിക്കാന്‍ ഇഷ്ടപ്പെടുന്നത്. അതുവഴി തങ്ങളുടെ സമ്പത്തിനെ സ്ത്രീകള്‍ ആശ്രയിക്കുന്നത് അവര്‍ ഇഷ്ടപ്പെടുന്നു. (അവരുടെ കാഴ്ചപ്പാടില്‍) അത്തരം സ്ത്രീകളെ  സംതൃപ്തമാക്കാമെന്നും, 'നിയന്ത്രിക്കാമെ'ന്നും 'അനുനയിപ്പിക്കാമെ'ന്നും അവര്‍ കരുതുന്നു. ഞാന്‍ വ്യക്തമാക്കാനാഗ്രഹിക്കുന്നതിതാണ്: ഒരു കുടുംബത്തില്‍ ഭാര്യ ഭര്‍ത്താവിനേക്കാള്‍ കൂടുതല്‍ ശമ്പളം പറ്റുന്നവനാണെങ്കില്‍ അവളോടുള്ള അവന്റെ മനോഭാവത്തില്‍ മാറ്റം ദൃശ്യമാകും. നാമത് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഇത് ലോകമൊട്ടാകെ നടമാടുന്ന ഒരു പ്രതിഭാസമാണ്.

മേല്‍പറഞ്ഞതൊന്നും എന്റെ കാഴ്ചപ്പാടുകളല്ല. ഇതിനിടയിലാണ് സംഗതിയുടെ കിടപ്പെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്. ഒരു സ്ത്രീയുടെ പ്രവര്‍ത്തനമണ്ഡലം വീടാണെങ്കിലും(അവിടെ അവള്‍ തന്റെ കര്‍തവ്യങ്ങളില്‍ മുഴുകുന്നു.ആവശ്യമുള്ളപ്പോള്‍ അവള്‍ പുറത്തുപോകുന്നു) അവള്‍ തന്റെ സമയം ഒരിക്കലും പാഴാക്കരുതെന്നാണ്  ഓര്‍മപ്പെടുത്താനുള്ളത്. മനുഷ്യരാശിയുടെ വളര്‍ച്ചയ്ക്ക് ഉതകുംവിധം സംഭാവനകളര്‍പ്പിക്കാനാണ് പ്രസ്തുത സമയം വിനിയോഗിക്കേണ്ടത്. ഇന്‍ഫോര്‍മേഷന്‍ ടെക്‌നോളജിയുടെ ഈ യുഗത്തില്‍ എല്ലാം വളരെ എളുപ്പമാണ്. അല്‍ഹംദുലില്ലാഹ്! അത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഈ യുഗത്തില്‍ വീടിനെപ്പോലും ഓഫീസായി ഉപയോഗിക്കാന്‍ കഴിയുമെന്നതാണ് വാസ്തവം.

2013, നവംബർ 19, ചൊവ്വാഴ്ച

എന്താണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട്‌((,(എഡിറ്റോറിയല്‍ കലാകൌമുദി)

പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട കസ്തൂരിരംഗൻ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാക്കാൻ ഒരുങ്ങുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധം അണപൊട്ടുകയാണ്. റിപ്പോർട്ടിലെ ശുപാർശകളിൽ ഭൂരിപക്ഷവും നിരുപദ്രവവും മലയോര മേഖലയുടെ നിലനില്പിനും സുസ്ഥിരമായ വികസനത്തിനും അനുപേക്ഷണീയവുമാണ്. സമ്പൂർണ നിരോധന പട്ടികയിൽ ഉൾപ്പെടുന്ന അഞ്ച് പ്രധാന ശുപാർശകളാകട്ടെ പ്രത്യക്ഷത്തിൽ ബാധിക്കുന്നത് ക്വാറികൾ, മണൽ വാരൽ, വൻതോതിലുള്ള നിർമ്മാണം എന്നിവയുമായി ബന്ധപ്പെട്ട മേഖലകളെയാണ്. നിർഭാഗ്യവശാൽ കസ്തൂരിരംഗൻ റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ ഒരിക്കൽപ്പോലും മനസിലാക്കാൻ ശ്രമിക്കാത്തവരാണ് ഇപ്പോൾ പ്രക്ഷോഭത്തിന്റെ മുൻനിരയിൽ നിൽക്കുന്നത്. ജനങ്ങളെ അടിമുടി തെറ്റിദ്ധരിപ്പിച്ചും വലിയ അത്യാഹിതമെന്തോ വരാൻ പോകുന്നുവെന്ന് പേടിപ്പിച്ചും നിക്ഷിപ്തതാത്പര്യക്കാർ രംഗം അടക്കി വാഴുകയാണ്. വോട്ടിൽ മാത്രം കണ്ണുള്ള രാഷ്‌ട്രീയക്കാരും എളുപ്പം ചെലവാകുന്ന മതവികാരം ഇളക്കിവിടാൻ ത്രാണിയുള്ള സഭാനേതാക്കളുംകൂടി പങ്കുചേർന്നപ്പോൾ വലിയൊരു സമരമുഖമാണ് തുറന്നിരിക്കുന്നത്. ജനങ്ങളെ നേരായ ദിശയിൽ നയിക്കാൻ ചുമതലപ്പെട്ടവർ തങ്ങളുടെ സ്വാർത്ഥതാത്പര്യങ്ങൾ സംരക്ഷിക്കാൻ ആത്മഹത്യാപരമായ വഴിയാണ് തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഒറ്റനോട്ടത്തിൽത്തന്നെ കാണാം.
വിവേകം വേണ്ടിടത്ത് വികാരം അണപൊട്ടുമ്പോൾ അരുതാത്തത് എന്തൊക്കെ ഉണ്ടാകുമെന്ന് ഇതിനകം കണ്ടുകഴിഞ്ഞു. ഫോറസ്റ്റ് ഓഫീസുകൾ ലക്ഷ്യമിട്ട് മലയോര മേഖലകളിൽ നടന്ന ആസൂത്രിതമായ ആക്രമണവും തീവയ്പുമെല്ലാം എന്തിനുവേണ്ടിയായിരുന്നുവെന്ന് തെളിഞ്ഞുകഴിഞ്ഞു.
കസ്തൂരിരംഗൻ റിപ്പോർട്ട് നടപ്പാക്കുന്നതിനുള്ള അന്തിമ വിജ്ഞാപനമല്ല ഇതിനകം ഇറങ്ങിയതെന്ന് കേന്ദ്ര വനം പരിസ്ഥിതി വകുപ്പുമന്ത്രി ജയന്തി നടരാജൻ ഞായറാഴ്ചയും ആവർത്തിച്ചു വ്യക്തമാക്കിയിരുന്നു. റിപ്പോർട്ടിലെ നിർദ്ദേശങ്ങളോട് ബന്ധപ്പെട്ട സംസ്ഥാനങ്ങൾക്കുള്ള എതിരഭിപ്രായങ്ങൾ സമർപ്പിക്കാൻ രണ്ടുമാസത്തെ സമയവും അനുവദിച്ചിട്ടുണ്ട്. പശ്ചിമഘട്ട സംരക്ഷണവുമായി ബന്ധപ്പെട്ട ശുപാർശകൾ കേരളത്തിന് മാത്രമല്ല ബാധകമാകുന്നത്. ഗുജറാത്ത്, മഹാരാഷ്‌ട്ര, ഗോവ, കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളും റിപ്പോർട്ടിന്റെ പരിധിയിൽ വരുന്നവയാണ്. കേരളത്തിൽ മലയോര മേഖലകളിൽ സ്ഥിതിചെയ്യുന്ന 123 വില്ലേജുകളാണ് പരിസ്ഥിതി ദുർബലമേഖലയായി കസ്തൂരിരംഗൻ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പലരും ഭയപ്പെടുന്നതുപോലെ റിപ്പോർട്ടിലെ ശുപാർശകൾ നടപ്പാകുമ്പോൾ ജനജീവിതത്തെ പ്രതികൂലമായി ബാധിക്കാവുന്ന തരത്തിൽ പുതിയ നിയന്ത്രണങ്ങളൊന്നും വരാൻ പോകുന്നില്ലെന്നാണ് റിപ്പോർട്ട് വസ്തുനിഷ്ഠമായി പഠിച്ചുകഴിഞ്ഞവർ പറയുന്നത്. നിലവിലുള്ള ജനജീവിതത്തിനോ കാർഷിക പ്രവർത്തനങ്ങൾക്കോ ഭൂവിനിയോഗത്തിനോ ഭൂമി കൈമാറ്റത്തിനോ ഒരുവിധ തടസവും സൃഷ്ടിക്കുന്നതല്ല കസ്തൂരിരംഗൻസമിതിയുടെ ശുപാർശകൾ. അനിയന്ത്രിതമായ പാറപൊട്ടിക്കലിനും മണൽവാരലിനുമെതിരെ മലയോര മേഖലകളിൽ മാത്രമല്ല, നാട്ടിലെമ്പാടും ജനങ്ങൾ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്ന കാലമാണിത്. ആ നിലയ്ക്ക് പരിസ്ഥിതി ലോലമേഖലകളിൽ ക്വാറി-ഖനന പ്രവർത്തനങ്ങളും മണൽവാരലും ടൗൺഷിപ്പ് നിർമ്മാണവും താപവൈദ്യുതി നിലയങ്ങളും പുതിയ അണക്കെട്ടുകളും പാടില്ലെന്ന് വിദഗ്ദ്ധ സമിതി മുന്നോട്ടുവയ്ക്കുന്ന ശുപാർശകളെ എങ്ങനെ എതിർക്കാൻ കഴിയും?
സമിതി ശുപാർശകളുടെ പേരിലല്ല, റിപ്പോർട്ടിൽ ഇല്ലാത്ത കാര്യങ്ങൾ കല്ലുവച്ച നുണകളായി പ്രചരിപ്പിച്ചുകൊണ്ടാണ് കസ്തൂരി വിരുദ്ധ പ്രക്ഷോഭത്തിനായി ജനങ്ങളെ സംഘടിപ്പിച്ചുകൊണ്ടിരിക്കുന്നതും പള്ളികളിൽ ഇടയലേഖനങ്ങൾ വിളമ്പുന്നതും. റിപ്പോർട്ട് നടപ്പിലായാൽ കക്കൂസ് കുഴിക്കാനുള്ള അനുമതി നിഷേധിക്കപ്പെടുമെന്നുവരെ പ്രചാരണം നടക്കുന്നു. ഭൂമി വില്പന മാത്രമല്ല, കുടുംബങ്ങളുടെ ഭാഗംവയ്പുപോലും നിരോധിക്കപ്പെടുമെന്നാണ് കിംവദന്തികൾ. ഇടുക്കിയിലെ സബ് രജിസ്ട്രാർ ഓഫീസുകളുടെയെല്ലാം പ്രവർത്തനം നിറുത്തിവയ്പിച്ചുവെന്നുവരെ വ്യാജ പ്രചാരണമുണ്ടായി. ഇങ്ങനെ നാനാവിധത്തിലും കസ്തൂരി സമിതിയുടെ ചെലവിൽ ഇല്ലാവചനങ്ങൾ ഇപ്പോഴും പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. ഖനന-ഭൂമാഫിയകളെക്കൊണ്ടു പൊറുതിമുട്ടി എന്ന് വിലപിക്കുന്നവർ തന്നെ അതിനെതിരായ സമിതി ശുപാർശകൾക്കെതിരെ രംഗത്തുവന്നതിലെ അപഹാസ്യതയും തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. പശ്ചിമഘട്ട മേഖലയിൽപ്പെടുന്ന പ്രദേശത്തെ സാധാരണ ജനജീവിതത്തെ ഒരുവിധത്തിലും സമിതി ശുപാർശകൾ പ്രതികൂലമായി ബാധിക്കുന്നില്ല എന്നതാണ് പരമാർത്ഥം. ഈ യാഥാർത്ഥ്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്താൻ സംസ്ഥാന സർക്കാരിനോ മുഖ്യധാരാ രാഷ്‌ട്രീയ കക്ഷികൾക്കോ കഴിഞ്ഞില്ലെന്നതാണ് സംസ്ഥാനത്തിന്റെ ദുര്യോഗം. ജനങ്ങളുടെ അറിവിലേക്കായി സമിതി റിപ്പോർട്ടിലെ പ്രസക്തഭാഗങ്ങൾ മാദ്ധ്യമങ്ങളിലൂടെ വിപുലമായ നിലയിൽ പ്രസിദ്ധപ്പെടുത്തേണ്ടതായിരുന്നു. അതുണ്ടായില്ല. മാത്രമല്ല, സമരക്കാരെ സംഘടിപ്പിക്കാൻ ഗവൺമെന്റിന്റെ ഭാഗമായവർതന്നെ ഇറങ്ങിപ്പുറപ്പെട്ടതോടെ ജനങ്ങളുടെ ആപത്ശങ്ക ഇരട്ടിക്കുകയും ചെയ്തു. കസ്തൂരി രംഗൻ റിപ്പോർട്ട് പൂർണമായും പിൻവലിക്കപ്പെടുന്നതുവരെ സമരം തുടരുമെന്നാണ് ഭരണഘടന തൊട്ട് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറിയ ഒരു മന്ത്രി ഇന്നലെ പരസ്യമായി പ്രഖ്യാപിച്ചത്. മുല്ലപ്പെരിയാർ ഇപ്പോൾ പൊട്ടുമെന്ന് ജനങ്ങളെ ആകമാനം പേടിപ്പിച്ച് ദിവസങ്ങളോളം അണക്കെട്ടിനരികെ കുത്തിയിരുന്ന അതേ മന്ത്രിയിൽ നിന്നുതന്നെയാണ് പുതിയ ഉൾവിളിയും ഉണ്ടായിരിക്കുന്നത്. ഇട്ടിരിക്കുന്ന കുപ്പായത്തിന്റെ വിശുദ്ധിപോലും മറന്ന് സംസ്കാരശൂന്യമായി അധിക്ഷേപങ്ങൾ ചൊരിയുന്ന സഭാദ്ധ്യക്ഷന്മാരും വലിയതോതിൽ സാധാരണ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്. മൂലമറ്റം പവർഹൗസ് സ്തംഭിപ്പിക്കലാണത്രെ അടുത്ത സമരമുറ. ഇവർ ചെയ്യുന്നതെന്തെന്ന് ഇവർ അറിയുന്നില്ല; പിതാവേ, ഇവരോട് പൊറുക്കേണമേ എന്ന തിരുവചനമാണ് ഓർത്തുപോകുന്നത്.

2013, നവംബർ 16, ശനിയാഴ്‌ച

സച്ചിന്‍റെ വിടവാങ്ങല്‍ പ്രസംഗം

സുഹൃത്തുക്കളെ ശാന്തരാവുക... നിങ്ങളെന്നെ കൂടുതല്‍ വികാരഭരിതനാക്കുകയാണ്. എന്റെ വര്‍ണശബളമായ യാത്ര ഇവിടെ അവസാനിക്കുകയാണെന്ന് വിശ്വസിക്കാന്‍ പ്രയാസം. ഒരുപാടുപരെ നന്ദിയോടെ സ്മരിക്കുകയാണ് ഞാന്‍ . ആദ്യം 1999ല്‍ എന്നെ വിട്ടുപിരിഞ്ഞുപോയ എന്റെ അച്ഛന്‍ തന്നെ. അച്ഛന്റെ മാര്‍ഗനിര്‍ദേശം ഇല്ലായിരുന്നെങ്കില്‍ ഇന്നിങ്ങനെ നിങ്ങളുടെ മുന്നില്‍ എനിക്കു നില്‍ക്കാന്‍ കഴിയുമായിരുന്നില്ല. സ്വപ്‌നങ്ങളെ തേടിപ്പോകാന്‍ എന്നെ പ്രേരിപ്പിച്ചത് അച്ഛനാണ്.

ലക്ഷ്യം എത്ര വിഷമകരമാണെങ്കിലും അത് കൈവരിക്കാനുള്ള ശ്രമം ഉപേക്ഷിക്കരുതെന്ന് അദ്ദേഹം എന്നെ ഉപദേശിച്ചു. അച്ഛന്റെ അഭാവം ഇന്നു ഞാന്‍ ശരിക്കും അനുഭവിക്കുന്നു. പിന്നെ അമ്മ. എന്നെപ്പോലൊരു വികൃതിപ്പയ്യനെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ട് ഞാന്‍ . കളിച്ചു തുടങ്ങിയ കാലം മുതല്‍ അമ്മ എനിക്കു വേണ്ടി പ്രാര്‍ഥിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. സ്‌കൂളില്‍ പഠിക്കുമ്പോള്‍ നാലു വര്‍ഷം ഞാന്‍ എന്റെ അമ്മാവനൊപ്പമായിരുന്നു താമസം. സ്വന്തം മകനെപ്പോലെയാണ് അമ്മാവനും അമ്മായിയും എന്നെ കണക്കാക്കിയത്. അധികം സംസാരിക്കാന്‍ ഇഷ്ടപ്പെടാത്ത ആളായിരുന്നു എന്റെ മൂത്ത സഹോദരന്‍ നിഥിന്‍ . പക്ഷേ ഏട്ടന്‍ പറയുമായിരുന്നു-എനിക്കറിയാം. നീയെന്ത് ചെയ്താലും അതിനുവേണ്ടി നൂറു ശതമാനവും പരിശ്രമിക്കുമെന്ന്. എന്റെ സഹോദരി സവിതയാണ് എനിക്ക് ആദ്യത്തെ ക്രിക്കറ്റ് ബാറ്റ് സമ്മാനിച്ചത്. ഇന്നും ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ ഉപവാസമിരിക്കും. മറ്റൊരു സഹോദരനായ അജിത്തും ഞാനും ഒരുപോലെ ക്രിക്കറ്റ് സ്വപ്‌നം കണ്ടു ജീവിച്ചവരാണ്. എനിക്കുവേണ്ടി സ്വന്തം കരിയര്‍ ത്യജിച്ചയാളാണ് അദ്ദേഹം. അചരേക്കറുടെ അടുക്കലേയ്ക്ക് എന്നെ ആദ്യമായി കൊണ്ടുപോയത് അദ്ദേഹമാണ്. കഴിഞ്ഞ ദിവസം രാത്രി പോലും എന്നെ വിളിച്ച് എന്റെ പുറത്താകലിനെ കുറിച്ച് ചര്‍ച്ച ചെയ്തു. കളിക്കാതിരുക്കുമ്പോഴും ഞങ്ങള്‍ ബാറ്റിങ് ടെക്‌നിക്കുകളെ കുറിച്ചാണ് ചര്‍ച്ച ചെയ്യാറുള്ളത്. ഇതൊന്നുമില്ലായിരുന്നെങ്കില്‍ ഞാന്‍ ഒരു സാധാരണ ക്രിക്കറ്റര്‍ മാത്രമായി ഒതുങ്ങിപ്പോകുമായിരുന്നു.

എന്റെ ജീവിതത്തിലെ ഏറ്റവും സുപ്രധാനമായൊരു കാര്യം 1990ല്‍ അഞ്ജലിയെ കണ്ടുമുട്ടിയതാണ്. ഡോക്ടര്‍ എന്ന നിലയില്‍ ഒരു വലിയ കരിയര്‍ അവരുടെ മുന്നിലുണ്ടെന്ന് എനിക്ക് അറിയാമായിരുന്നു. പക്ഷേ, എനിക്കു ക്രിക്കറ്റില്‍ തുടരാന്‍ വേണ്ടി അഞ്ജലി കുട്ടികളുടെ പരിചരണം ഏറ്റെടുക്കുകയായിരുന്നു. ഞാന്‍ പറഞ്ഞ എല്ലാ വിഡ്ഡിത്തങ്ങളും സഹിച്ച് എനിക്കൊപ്പം നിന്നതിന് അഞ്ജലിയോടു നന്ദി പറയുകയാണ്. പിന്നെ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട രണ്ടു രത്‌നങ്ങള്‍- സാറയും അര്‍ജുനും. അവരുടെ ഒരു പാട് പിറന്നാളാഘോഷങ്ങളിലും വിനോദയാത്രകളിലും പങ്കാളിയാകാന്‍ എനിക്കു കഴിഞ്ഞില്ല. കഴിഞ്ഞ 14-16 വര്‍ഷമായി നിങ്ങള്‍ക്കൊപ്പം വേണ്ടത്ര സമയം ചിലവിടാന്‍ കഴിഞ്ഞിട്ടില്ലെന്ന് എനിക്കറിയാം. അടുത്ത പതിനാറു വര്‍ഷം നിങ്ങള്‍ക്കൊപ്പം തന്നെ ഉണ്ടാകുമെന്ന് ഞാന്‍ ഉറപ്പു തരുന്നു.

പിന്നെ എന്റെ ഭാര്യയുടെ അച്ഛനമ്മമാര്‍ . അവരുമായി ഒരുപാട് കാര്യങ്ങള്‍ ഞാന്‍ ചര്‍ച്ച ചെയ്യാറുണ്ട്. അവര്‍ ചെയ്ത ഏറ്റവും വലിയ കാര്യം എന്നെ വിവാഹം കഴിക്കാന്‍ അഞ്ജലിയെ അനുവദിച്ചു എന്നതാണ്. കഴിഞ്ഞ ഇരുപത്തിനാലു വര്‍ഷമായി എന്റെ സുഹൃത്തുക്കളും വിലമതിക്കാനാവാത്ത സംഭാവനയാണ് നല്‍കിയത്. ഞാന്‍ സമ്മര്‍ദത്തിലായപ്പോഴെല്ലാം അവര്‍ എനിക്കൊപ്പം നിന്നു. ഞാന്‍ പരിക്കിന്റെ പിടിയിലായപ്പോള്‍ പുലര്‍ച്ചെ മൂന്നു മണിവരെ എനിക്കൊപ്പം ഇരിക്കാന്‍ അവര്‍ തയ്യാറായി. എന്നോടൊപ്പം നിന്നതിന് എല്ലാവര്‍ക്കും നന്ദി.

പതിനൊന്ന് വയസ്സുള്ളപ്പോഴാണ് എന്റെ കരിയര്‍ ആരംഭിച്ചത്. അചരേക്കള്‍ സാറിനെ ഗ്യാലറിയില്‍ കാണുമ്പോള്‍ വല്ലാത്തൊരു സന്തോഷമുണ്ട്. അദ്ദേഹത്തിന്റെ സ്‌കൂട്ടറില്‍ യാത്ര ചെയ്ത് ദിവസവും രണ്ടു മത്സരങ്ങള്‍ വരെ കളിച്ച കാലമുണ്ടായിരുന്നു. ഞാന്‍ കളിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ അദ്ദേഹം എല്ലായിടത്തും എന്നെ നേരിട്ടു കൊണ്ടുപോയി. ഞാന്‍ അമിതാത്മവിശ്വാസത്തിന്റെ പിടിയിലാവാതിരിക്കാന്‍ ഒരിക്കല്‍പ്പോലും നന്നായി കളിച്ചുവെന്ന് അദ്ദേഹം എന്നോടു പറഞ്ഞിട്ടില്ല എന്നതാണ് രസകരം. സര്‍, ഞാന്‍ കളിക്കാത്തതിനാല്‍ ഇനി എന്തു ഭാഗ്യപരീക്ഷണത്തിനും മുതിരാം.


മുംബൈയിലാണ് എന്റെ കരിയര്‍ ആരംഭിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് ന്യൂസീലന്‍ഡില്‍ നിന്നു മടങ്ങിയെത്തി പിറ്റേന്നു തന്നെ രഞ്ജി ട്രോഫിയില്‍ കളിച്ചത് ഓര്‍മയുണ്ട്. അരങ്ങേറ്റം മുതല്‍ തന്നെ ബി.സി.സി.ഐ. വലിയ പിന്തുണയാണ് എനിക്കു നല്‍കിയത്. എല്ലാ സെലക്ടര്‍മാരോടും നന്ദിയുണ്ട്. എനിക്ക് മതിയായ ചികിത്സ ലഭ്യമാക്കിയുമെല്ലാം നിങ്ങള്‍ എപ്പോഴും എനിക്കൊപ്പം തന്നെ നിലകൊണ്ടു. നന്ദി, എനിക്കൊപ്പം കളിച്ച എല്ലാ മുതിര്‍ന്ന കളിക്കാര്‍ക്കും. ഇപ്പോള്‍ ഇവിടെയില്ലാത്ത രാഹുല്‍ , വി.വി.എസ്, സൗരവ്, അനില്‍ തുടങ്ങിയവരെയെല്ലാം ഇപ്പോള്‍ സ്‌ക്രീനില്‍ കാണാം. എല്ലാ പരിശീലകരെയും എന്റെ നന്ദി അറിയിക്കുകയാണ്. രാജ്യത്തെ പ്രതിനിധാനം ചെയ്യുന്നതില്‍ നമ്മളെല്ലാം അഭിമാനിക്കുന്നു. തുടര്‍ന്നും അഭിമാനത്തോടെ തന്നെ രാഷ്ട്രത്തെ സേവിക്കാനാവുമെന്നാണ് പ്രതീക്ഷ. യഥാര്‍ഥ സത്തയില്‍ തന്നെ നിങ്ങള്‍ ഈ രാജ്യത്തെ സേവിക്കുമെന്നു തന്നെയാണ് എന്റെ വിശ്വാസം എന്നായിരുന്നു എം.എസ്. എനിക്ക് ഇരുന്നൂറാം ടെസ്റ്റ് തൊപ്പി സമ്മാനിച്ചപ്പോള്‍ ഞാന്‍ പറഞ്ഞത്.

എന്റെ ഫിറ്റ്‌നസ് ഉറപ്പാക്കിയ ഡോക്ടര്‍മാരോട് നന്ദി പറഞ്ഞില്ലെങ്കില്‍ അതൊരു വലിയ വീഴ്ചയായിരിക്കും. എന്റെ പരിക്കുകളുടെ ഗൗരവം കണക്കിലെടുത്ത് പാതി രാത്രി വരെയിരുന്ന് ചികിത്സിച്ചിട്ടുണ്ട് അവര്‍ .

എന്റെ സുഹൃത്ത് അന്തരിച്ച മാര്‍ക്ക് മസ്‌കരേനസിന്റെ അഭാവം ഞാന്‍ അനുഭവിക്കുന്നു. മാര്‍ക്കിന്റെ ജോലി തുടര്‍ന്നും നിര്‍വഹിച്ച ഇപ്പോഴത്തെ മാര്‍ക്കറ്റിങ് ടീമായ ഡബ്ല്യു. എസ്.ജിയോടും എന്റെ നന്ദി അറിയിക്കുകയാണ്. കഴിഞ്ഞ പതിനാലു വര്‍ഷമായി എനിക്കൊപ്പം ചേര്‍ന്നു പ്രവര്‍ത്തിച്ച ഒരാളാണ് വിനയ് നായിഡു.

സ്‌കൂള്‍ കാലം തൊട്ട് ഇന്നുവരെ മാധ്യമങ്ങള്‍ എനിക്കും വലിയ പിന്തുണയാണ് നല്‍കിയത്. എന്റെ കരിയറിലെ അസുലഭാവസരങ്ങള്‍ ഒപ്പിയെടുത്ത ഫോട്ടോഗ്രാഫര്‍മാരോടും നന്ദിയുണ്ട്.

പ്രസംഗം നീണ്ടുപോയെന്ന് എനിക്കറിയാം. എങ്കിലും ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇവിടെ എത്തിച്ചേര്‍ന്ന എല്ലാവരോടും ഞാന്‍ എന്റെ നന്ദി അറിയിക്കുകയാണ്. എന്റെ ആരാധകരെയും ഞാന്‍ ഹൃദയംഗമായ നന്ദി അറിയിക്കുകയാണ്. അവസാനശ്വാസം വരെ സച്ചിന്‍, സച്ചിന്‍ എന്ന ആരവും എന്റെയുള്ളില്‍ ഇരമ്പിക്കൊണ്ടേയിരിക്കും.

കുട്ടികളിലെ ഓട്ടിസം കണ്ടെത്താം (Dr:ജാഫര്‍ സാദിക്ക് MP,പുത്തനത്താണി)

____Dr:ജാഫര്‍സാദിക്ക്MP,പുത്തനത്താണി)___

-------------------------------------------------------------
“ഈ കുട്ടി എന്താ ഇങ്ങനെ? മറ്റു കുട്ടികളുടെ കൂടെ കളിക്കാതെ, കൂട്ട് കൂടാതെ, എപ്പോഴും തനിച്ചിരുന്ന് അവന്‍റെ കളിപാട്ടങ്ങള്‍ മാത്രം അടുക്കിപെറുക്കിവെച്ച്… “ നിങ്ങളുടെ കുട്ടി ഇങ്ങനെ ആണ് എന്ന് നിങ്ങള്‍ പരിതപ്പിക്കാറുണ്ടോ? ഒരു പക്ഷേ ഓട്ടിസം എന്നപേരില്‍ അറിയപെടുന്ന, കുട്ടികളിലെ മനോവ്യക്തിത്വ വികസനത്തിന് തടസമുണ്ടാക്കുന്ന ഒരു പ്രതേകസ്ഥിതിവിശേഷം നിങ്ങളുടെ കുട്ടിക്ക് ഉണ്ടായിരിക്കാം..

എന്താണ് ഓട്ടിസം ?

പരിസരവുമായി ബന്ധമില്ലാതെ കുട്ടി അവന്റേതായ ലോകത്ത് വിരഹിക്കുന്ന ഒരുതരം അവസ്ഥയാണ് ‘ഓട്ടിസം' എന്ന വാക്കുക്കൊണ്ട് സൂചിപ്പിക്കുന്നത്. കുട്ടികളിലെ വളര്‍ച്ചാവികാസത്തിലുണ്ടാകുന്ന അപാകതകളില്‍ ( പെര്‍വാസീവ് ഡെവലപ്പ്മെന്റല്‍ ഡിസോര്‍ഡെര്‍സ് ) ഏറ്റവും പധാനപ്പെട്ട ഒന്നാണ് ‘ഓട്ടിസം'. ഏറ്റവും പുതിയ പഠനപ്രകാരം ആയിരത്തില്‍ 2 പേര്‍ക്കെങ്കിലും ‘ഓട്ടിസം' ഉണ്ട്. ചിലസവിശേഷമായ പ്രതേകതകള്‍ ഓട്ടിസത്തെ ഒരു മാനസികവൈകല്യത്തിനേക്കാളുപരി ഒരു മാനസികാവസ്ഥയായി കാണാന്‍ ആധുനിക മനശാസ്ത്രത്തിനെ പ്രേരിപ്പിക്കുന്നു.

ഓട്ടിസം ബാധിച്ച മിക്ക കുട്ടികളും കാഴ്ചക്ക് വളരെ സാധാരണക്കാരാണ്. വിവിധ വ്യക്തികളില്‍ പലനിലക്കാണ് ഓട്ടിസം കാണപ്പെടുക. പഠനവൈകല്ല്യമുള്ളതും സംസാരശേഷി തീരെകുറഞ്ഞ അവസ്ഥമുതല്‍ സ്വന്തമായി കുടുംബം പുലര്‍ത്താനും വരുമാനം ആര്‍ജ്ജിക്കാനും സാധിക്കുന്ന വിധത്തില്‍ ബുദ്ധിമാനം (ഐ ക്യു) ഉള്ള അവസ്ഥവരെ ഓട്ടിസത്തില്‍ കാണാം. ലോക്പ്രസക്ത ഭൌതിക ശാസ്ത്രക്ഞനായാ സര്‍ ഐസക്ക് ന്യൂടണ്ണ്‍, കലാകാരനായ മൈക്കല്‍ആന്‍ജലോ, മൈക്രോസോഫ്റ്റ് അതികായകന്‍ ബില്‍ഗേറ്റ്സ് എന്നിങ്ങനെ ലോകചരിത്രത്തിലെ പല പ്രമുഖരും ഓട്ടിസം ഉള്ളവരായിരുന്നു എന്ന് പറയപ്പെടുന്നുണ്ട്.


കാരണങ്ങള്‍ .

നിരവധി ഘടകങ്ങള്‍ ഓട്ടിസത്തിന് കാരണമായിത്തീരുന്നുണ്ട്. ഇതേ സംബന്ധിച്ച് അന്വേഷണങ്ങളും പഠനങ്ങളും നിരന്തരം നടന്നുവരുന്നു. ചിലയിനം ഒൌഷധങ്ങള്‍ , മെര്‍ക്കുറി പോലുള്ള ലോഹങ്ങള്‍ , ചില വാക്സിനുകള്‍ , ചില ആഹാരവസ്തുക്കള്‍ എന്നിവയ്ക്ക് ഓട്ടിസത്തിനു കാരണമായിത്തീരാനുള്ള കഴിവുണ്ടെന്ന് ഇതിനകം തെളിഞ്ഞിട്ടുണ്ട്. ഗര്‍ഭകാലത്ത് മെര്‍ക്കുറി ധാരാളമായി കലര്‍ന്നിട്ടുള്ള കടല്‍വിഭവങ്ങളുടെ ഉപയോഗം, മെര്‍ക്കുറി കലര്‍ന്നിട്ടുള്ള മിശ്രിതംകൊണ്ട് പല്ലിന്റെ പോട് അടയ്ക്കല്‍ തുടങ്ങിയവകൊണ്ട് ഗര്‍ഭസ്ഥ ശിശുവിന് ഓട്ടിസം ബാധിക്കാനുള്ള സാധ്യത ഏറുന്നു. പുകവലിക്കുന്ന അമ്മമാര്‍ക്കുണ്ടാകുന്ന കുഞ്ഞുങ്ങള്‍ക്ക് ഓട്ടിസം രോഗമുണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ് എന്ന് പഠനങ്ങള്‍ തെളിയിക്കുന്നു.

വ്യാവസായിക മാലിന്യമായും മറ്റും പരിസരങ്ങളില്‍ പരക്കുന്ന മെര്‍ക്കുറി വലിയ അപകടകരമായ സ്ഥിതി വിശേഷമാണ് സംജാതമാക്കുന്നത്. വികസിത രാജ്യങ്ങളില്‍ മെര്‍ക്കുറി ചേരുന്ന വാക്സിനുകള്‍ക്ക് എതിരെ ജനകീയ മുന്നേറ്റങ്ങളും നിയമയുദ്ധങ്ങളും ധാരാളം നടക്കുന്നുണ്ട്. മുണ്ടിനീര്, അഞ്ചാംപനി തുടങ്ങിയവയ്ക്ക് എതിരെ നല്‍കുന്ന എം.എം.ആര്‍. വാക്സിന്‍ ഓട്ടിസത്തിനുള്ള ഒരു കാരണമാണെന്ന് കരുതപ്പെടുന്നു. പൊതുവില്‍ രാസവസ്തുക്കളടങ്ങിയ ഒൌഷധങ്ങളുടെ അമിതോപയോഗം, കീടനാശിനികളുടെ വ്യാപനം, മറ്റു പാരിസ്ഥിതിക ഘടകങ്ങള്‍ എന്നിവയെല്ലാം തന്നെ അവയുടേതായ സംഭാവന നല്കുന്നുണ്ട്.

വ്യക്തിയുടെ ജനിതകഘടന ഓട്ടിസത്തിനനുകൂലമായി കാണപ്പെടുന്നതും പ്രധാനപ്പെട്ട ഒരുകാരണമായി പരിഗണിക്കണം. മുമ്പേ സൂചിപ്പിച്ച ഘടകങ്ങളുമായി ഇടപഴകുന്ന എല്ലാ കുഞ്ഞുങ്ങളും രോഗബാധിതരാകുന്നില്ല എന്ന നിരീക്ഷണമാണ് ഇത്തരത്തിലുള്ള ജനിതക കാരണത്തിന്റെ അടിസ്ഥാനം.

എങ്ങിനെ ഓട്ടിസ്റ്റിക്ക് കുട്ടികളെ തിരിച്ചറിയാം?

ശൈശവത്തില്‍ തന്നെ കുട്ടികളുടെ പെരുമാറ്റരീതികള്‍ നിരീക്ഷിച്ചാല്‍ അവരില്‍ ഓട്ടിസത്തിന്‍റെ ലക്ഷണങ്ങള്‍ ഉണ്ടോ എന്ന് കണ്ടെത്താന്‍ പറ്റും. ശൈശവ ഓട്ടിസം (ഇന്‍ഫാന്റയില്‍ ഓട്ടിസം ) ഉളള കുട്ടികള്‍ ശൈശവത്തില്‍ തന്നെ പലതരം ലക്ഷണങ്ങളും പ്രകടമാക്കുന്നു. ചിലകുട്ടികളാകട്ടെ പതിനഞ്ചു മുതല്‍ പതിനെട്ടു മാസം വരെ യാതൊരു കുഴപ്പവുമില്ലാതെയിരിക്കുകയും അതിനുശേഷം വളര്‍ച്ചയുടെ നാഴികക്കല്ലുകള്‍ ഓരോന്നായി കുറഞ്ഞുവരികയും ചെയ്യുന്നു. ഓട്ടിസ്റ്റിക് കുട്ടികള്‍ അച്ഛനമ്മമാരോടും മറ്റു വേണ്ടപ്പെട്ടവരോടും അടുപ്പമോ, പരിചയത്തോടെയുള്ള ചിരിയോ, എടുക്കാന്‍ വേണ്ടി കൈനീട്ടുന്ന സ്വഭാവമോ കാണിക്കാറില്ല. ചില ഓട്ടിസ്റ്റിക്ക്‌ കുട്ടികള്‍ തങ്ങളോട് ആരെങ്കിലും സംസാരിക്കുമ്പോള്‍ അങ്ങോട്ട് ശ്രദ്ധിക്കുകയേയില്ല. ചിലരാകട്ടെ പരിചിതരോടും അപരിചിതരോടും ഒരുപോലെ അടുപ്പം പ്രകടിപ്പിച്ചെന്നിരിക്കും.സാധാരണ കുട്ടികളെപ്പോലെ മാതാപിതാക്കളെ പിരിഞ്ഞാല്‍ പേടിയോ, ഉത്കണ്ഠയോ ഓട്ടിസ്റ്റിക് കുട്ടികള്‍ കാണിക്കുകയില്ല. സ്ക്കൂളില്‍ കൂട്ടുകാരോടും സമപ്രായക്കാരോടുമൊത്തുള്ള കളികള്‍ ഓട്ടിസ്റ്റിക് കുട്ടികളില്‍ അപൂര്‍വ്വമായിരിക്കും. സദാസമയവും സ്വന്തമായ ഒരു ലോകത്ത് വിരഹിക്കുന്നവരാകും അധികം ഓട്ടിസ്റ്റിക്ക് കുട്ടികളും.

ഓട്ടിസത്തിന്റെ മറ്റൊരു ലക്ഷണം സംസാരവൈകല്യമാണ് . ചില വാക്കുകള്‍ ആവശ്യമില്ലാത്ത സന്ദര്‍ഭങ്ങളില്‍ ആവര്‍ത്തിച്ച് പറയുന്ന പ്രത്യേകതയും ഓട്ടിസത്തില്‍ കാണാറുണ്ട്. ഉച്ചാരണ, വ്യാകരണ പിഴവുകള്‍ ഇവര്‍ക്ക് ഉണ്ടാകാറുണ്ട്. അപൂര്‍വ്വം ചിലര്‍ അക്ഷരങ്ങളിലും വാക്കുകളിലും അമിതമായ പ്രാവീണ്യവും ഓര്‍മശക്തിയും പ്രകടിപ്പിക്കാറുണ്ട്.
മറ്റു കുട്ടികളുടെ കൂടെ കൂടി ഓട്ടിസ്റ്റിക്ക് കുട്ടികള്‍ കളിക്കാറില്ല. കളിപ്പാട്ടങ്ങള്‍ വട്ടംകറക്കുക, നിലത്തിട്ട് അടിക്കുക, വരിവരിയായി അടുക്കി വെക്കുക എന്നീ കാര്യങ്ങളോടാണ് ഇവര്‍ക്ക് കൂടുതല്‍ താല്പര്യം . ദൈനംദിന കാര്യങ്ങള്‍ ഒരേ പോലെ ചെയ്യാനാണ് ഇവര്‍ക്കിഷ്ടം. ഉദാഹരണത്തിന് ഭക്ഷണം കഴിക്കുവാന്‍ ഒരേ പ്ലേറ്റ് , ഇരിക്കുവാന്‍ ഒരേ കസേര, ഒരേ ഡ്രസ്സ് എന്നിങ്ങനെ ഇവര്‍ വാശിപിടിച്ചെന്നിരിക്കും. പുതിയ സ്ഥലത്തേക്ക് താമസം മാറല്‍ , ഗൃഹോപകരണങ്ങള്‍ മാറ്റല്‍ , ജീവിതക്രമങ്ങളിലുള്ള വ്യതിയാനങ്ങള്‍ എന്നിവയെ ഇവര്‍ ശക്തിയായി എതിര്‍ക്കും.

ഒരു കാരണവുമില്ലാതെ ചിരിക്കുക, കരയുക, കോപിക്കുക, വാശിപിടിക്കുക, സ്വയം മുറിവേല്‍പ്പിക്കുക എന്നീ സ്വഭാവങ്ങളും ഓട്ടിസത്തില്‍ കാണാം. ചിലര്‍ക്ക് വേദന സഹിക്കാനുള്ള കഴിവ് വളരെ കൂടുതലാണ്. സ്വസ്ഥമായി ഒരിടത്തിരിക്കാതെ ഓടിനടക്കുന്ന അറ്റന്‍ഷന്‍ ഡെഫിസിറ്റ് ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡര്‍ എന്ന രോഗവും ഇത്തരക്കാരില്‍ കൂടുതലാണ്.

ഓട്ടിസം ചികിത്സ ഹോമിയോപ്പതിയിലൂടെ


കുട്ടിയുടെ മാനസികവും ശാരീരികവുമായ പ്രതേകതകള്‍ പഠിച്ച് , പാരമ്പര്യ രോഗപ്രവണതകള്‍ കണക്കിലെടുത്ത് ചികിത്സിക്കുന്ന രീതിയാണ് ഓട്ടിസം ചികിത്സയില്‍ ഹോമിയോപതി അവലംബിച്ചു വരുന്നത്. ഹോമിയോപതി ചികിത്സ എത്രയും പെട്ടെന്ന് ആരംഭിക്കുന്നുവോ അത്രയും ഗുണകരമായിതീരും. കുട്ടി ലക്ഷങ്ങള്‍ കാണിച്ചു തുടങ്ങുമ്പോള്‍ തന്നെ ചികിത്സ ആരംഭിക്കുക. ഒരുപക്ഷേ ചികിത്സയിലൂടെ കുട്ടിക്ക് ഉണ്ടാകുന്ന പുരോഗതി ചിലപ്പോള്‍ വളരെ മന്ദഗതിയിലായിരിക്കും. എന്നിരുന്നാലും അതില്‍ തന്നെ ഉറച്ചുനിന്ന് ചികിത്സ തുടര്‍ന്നുകൊണ്ട് പോകുന്നത് കുട്ടിക്ക് കൈവരിക്കാന്‍ സാധിക്കുന്ന അത്രയും കഴിവുകള്‍ ആര്‍ജ്ജിക്കാന്‍ അവനെ സഹായിക്കുന്നു. ഇവരുടെ പെരുമാറ്റ രൂപീകരണത്തിനുളള പരിശീലനം വീട്ടില്‍വച്ചും, സ്കൂളില്‍വച്ചും നല്‍കേണ്ടി വരുന്നു. മാതാപിതാക്കള്‍ക്ക് ഇവരെ കൈകാര്യം ചെയ്യുന്നതിനുളള പ്രത്യേക പരിശീലനവും നല്‍കേണ്ടതുണ്ട്.


മാതാപിതാക്കള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :

ഓട്ടിസം ഉള്ള കുട്ടികള്‍ക്ക് പരിഗണയും അന്ഗീകാരവും മറ്റുകുട്ടികള്‍ക്ക് കൊടുക്കുന്നത് പോലെ കൊടുക്കാന്‍ മാതാപിതാക്കള്‍ എപ്പോഴും ശ്രദ്ധിക്കണം. ദൈനംദിന കാര്യങ്ങളില്‍ കുട്ടിക്ക് നിര്‍ദേശങ്ങളും പരിശീലനങ്ങളും കൊടുക്കുക.

ചെയ്യാന്‍ പോകുന്ന കാര്യത്തെക്കുറിച്ച് ചെറുതാക്കി വിശദീകരിച്ചു കൊടുക്കുക.
കുട്ടിയെ ദേഹത്ത് തൊട്ട് പേരുചൊല്ലി വിളിക്കുക.

അമിതമായ ചോദ്യങ്ങള്‍ ചോദിക്കാതെ ലളിതമായി സ്നേഹത്തോട് കൂടി സംസാരിക്കുക.
കുട്ടിക്ക് പ്രതികരിക്കാനുളള സമയം നല്‍കുക
സംസാരത്തിലോ മറ്റോ എന്തെങ്കിലും വൈകല്യങ്ങള്‍ ഉണ്ടെങ്കില്‍ കുട്ടിയെ കളിയാക്കുകയോ അനുകരിക്കുകയോ ചെയ്യരുത്.
കുട്ടിയെ അനാവശ്യമായി ആശയക്കുഴപ്പത്തിലാക്കരുത്.
 — at German Medical Centre for Homoeopathy.