വിവാഹധൂര്‍ത്തും ആഡംബരങ്ങളും
ശ്രീ കുട്ടന്‍
വിവാഹധൂര്‍ത്തും ആഡംബരങ്ങളും നിയന്ത്രിക്കേണ്ട സമയം അതിക്രമിച്ചുകഴിഞ്ഞിരിക്കുന്നു. ഓരോ ദിവസവും വിവാഹരീതികളില്‍ വന്‍ മാറ്റങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. കാശുള്ളവന്‍ അവനിഷ്ടമായ രീതിയില്‍ വിവാഹം നടത്തട്ടെ എന്നു പറയുന്നതില്‍ അര്‍ത്ഥമില്ല. പൊതുവേ നാം എപ്പോഴും തൊട്ടടുത്തവീട്ടിലെ നിലവാരത്തിനോട് മത്സരിക്കുവാന്‍ വ്യഗ്രതയുള്ളവനാണ്. അയല്‍പക്കത്തുള്ളവന്‍ മൂന്നു കൂട്ടം പായസം ഉള്‍പ്പെടെ സദ്യയൊരുക്കിയെങ്കില്‍ തന്റെ മകളുടേതിനു അഞ്ച് കൂട്ടം വേണം എന്ന്‍ വാശിപിടിക്കുന്ന മനസ്ഥിതി. കല്യാണം എന്നത് ഇത്രമാത്രം ചിലവേറിയതായിതീര്‍ന്നതിന്റെ പ്രധാനകാരണവും ഈ മനസ്ഥിതി തന്നെ. മറ്റുള്ളവര്‍ എന്തു വിചാരിക്കും എന്ന അര്‍ത്ഥമില്ലാത്ത വിചാരത്താല്‍ നീറിപ്പുകയുന്ന രക്ഷിതാക്കള്‍ കഴിവില്ലെങ്കിലും കടം വാങ്ങിയും മറ്റും ആര്‍ഭാടത്തിനു കുറവില്ലാതെ കല്യാണമങ്ങ് കൊഴുപ്പിക്കും. വിളിച്ചുകൂട്ടിയവര്‍ വന്ന്‍ സകലതും തിന്നും കണ്ടും കുറ്റം പറഞ്ഞേച്ചങ്ങ് പോകുകയും ചെയ്യും. എല്ലാം കഴിഞ്ഞ് കണ്ണ്‍ തള്ളിപ്പിക്കുന്ന ബാധ്യതക്കണക്കിനുമുന്നില്‍ പകച്ചിരിക്കുകയും ചിലപ്പോള്‍ ജീവിതം തന്നെ നരകതുല്യമായി മാറുകയും ചെയ്യും. വിവാഹമെന്നത് രണ്ട് പേരെ മാത്രം ബാധിക്കുന്ന ഒരു സ്വകാര്യചടങ്ങാവുകയും എന്നാല്‍ അതിനെ രണ്ടായിരം പേരുമായി ബന്ധപ്പെടുത്തി ബാധ്യതക്കൂമ്പാരമാക്കുകയും ചെയ്യുന്നതിനു സാമ്പത്തികസ്ഥിതി കുറഞ്ഞകുടുംബങ്ങളിലെ കുടുംബനാഥന്മാര്‍ നിര്‍ബന്ധിതരായിപോകുകയുമാണ്. വിവാഹം ഒരാഘോഷമെന്നതിലുപരി രണ്ട് പേരുടെ ജീവിതചേര്‍ച്ചയുടെ തുടക്കദിനം എന്ന ഒരു ചടങ്ങായി മാത്രം കാണപ്പെടുന്ന നാളുകള്‍ ഉണ്ടാകട്ടേ. സ്ത്രീധനം എന്ന ദുരാചാരവും തുലയട്ടേ...