2013, ഒക്‌ടോബർ 1, ചൊവ്വാഴ്ച

എല്ലാം വിഷമയം (കവിത)


(കെ.ടി.എ .ഷുക്കൂര്‍). ))

വ്യാധികളൊടുവില്‍ ആധികളായി
ആധികള്‍ മാറാവ്യാധികളായി.
"കാണടാ,പോയൊരു ഡോക്ടറെ വേഗം"
പനിച്ചു വിറച്ചു കിടന്നൊരു നേരം
മുത്തശ്ശിയുടെ ഗര്‍ജ്ജനം പിന്നില്‍!
വണ്ടികള്‍ തുപ്പും പുകയില്‍ മൂടി,
കറുത്തു തുടുത്തൊരു ടൌണില്‍ ചെന്നു
താടി നരച്ചൊരു ഡോക്ടറെ കണ്ടു .
കുറിപ്പടി കയ്യില്‍ നീട്ടി തന്നു
പഥ്യങ്ങള്‍ പലതോതി ഡോക്ടര്‍:
കുളിക്കരുതൊട്ടും പുഴയില്‍ പോയി
കുടിക്കരുതൊട്ടും കിണറ്റിലെ വെള്ളം
കഴിക്കരുതൊട്ടും പച്ചക്കറികള്‍
നോക്കരുതൊട്ടും മത്സ്യമാംസാദികള്‍
അരി,ഗോതമ്പും വര്‍ജ്ജ്യം തന്നെ ...
എല്ലാം വിഷമയമെല്ലാം വിഷമയം..
തൊട്ടീടല്ലെയൊന്നും സോദരാ!
"ഇനി ഞാനെന്തു കഴിക്കും ഡോക്ടർ
അതുകൂടൊന്നു മൊഴിഞ്ഞീടാമോ?"
ഗദ്ഗദമോടെ നിന്നൊരു നേരം
താടി തടവി ഡോക്ടര്‍ മൊഴിഞ്ഞു:
ആഫ്രിക്കയിലെ കാട്ടിന്‍ നടുവില്‍
ആരും കാണാ മരമുണ്ട്
ആ മരത്തിന്‍ ഏഴാം ചില്ലയില്‍
പേരറിയാത്തൊരു പഴമുണ്ട്
കഴുകന്‍ കണ്ണുകളെത്തിടും മുമ്പേ
വിഷജന്തുക്കള്‍ തീണ്ടും മുമ്പേ
പോയിടു വേഗം !പോയിടു വേഗം!!

                           by;   കെ.ടി.എ .ഷുക്കൂര്‍