മലബാറിന്റെ സ്വപ്നപദ്ധതിയായ ചമ്രവട്ടം റഗുലേറ്റര്‍ കംബ്രഡ്ജിന്റെ ഉദ്ഘാടനവേളയിലും , ഓരോ ദിവസവും ഇവിടെ കാഴ്ചക്കാരായി എത്തുന്നവരുടെ എണ്ണം കണ്ടപ്പോഴും , മനസ്സില്‍ തോന്നിയ ഒരു ആശയമായിരുന്നു മനോഹരമായ ഒരു പുഴയോരനടപ്പാത എന്നത് . എന്റെ നിയോജകമണ്ഡലത്തില്‍ ഒരു പുതിയ ടൂറിസം ഡെസ്റ്റിനേഷന് രൂപം നല്‍കാനുള്ള തീവ്രശ്രമത്തിന് , സ്മൃതിപഥത്തിലെവിടയോ തെളിഞ്ഞ ആ ചിത്രമായിരുന്നു തുടക്കം . റെഗുലേറ്റര്‍ കംബ്രിഡ്ജിനോട് ചേര്‍ന്ന് ഒരു കിലോമീറ്റര്‍ നീളത്തില്‍ തീര്‍ത്ത ഭദ്രമായ കോണ്‍ക്രീറ്റ് ഭിത്തി എന്റെ സ്വപ്നങ്ങള്‍ക്ക് ഒരുപാട് വര്‍ണ്ണങ്ങള്‍ നല്കി . മണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്ന് 2.5 കോടി രൂപ പ്രസ്തുത പദ്ധതിക്കായി നീക്കിവെക്കാന്‍ ഞാനൊരുക്കമാണെന്നും , മലമ്പുഴ ഡാംസൈറ്റിനോടനുബന്ധിച്ച പാര്‍ക്കിന് സമാനമായി ജലസേചനവകുപ്പിന്റെ കീഴില്‍ മലപ്പുറം ജില്ലയിലെ ആദ്യത്തെ സംരംഭമായി പുഴയോരസ്നേഹപാത യാഥാര്‍ത്ഥ്യമാക്കാന്‍ ഒന്നേകാല്‍ കോടി രൂപ കൂടി അനുവദിക്കണമെന്നും വകുപ്പ് മന്ത്രി കൂടിയായ പി.ജെ.ജോസഫിനോട് അഭ്യര്‍ത്ഥിച്ചു . എന്റെ ഉത്സാഹവും ആവേശവും തല്ലികെടുത്തുന്നത് ഒരു കടുംകയ്യാവും എന്ന് കരുതിയിട്ടാവണം ഇതിനായി ഉണ്ടാക്കിയ പ്രൊജക്റ്റ് റിപ്പോര്‍ട്ട് കണ്ട ഉടനെത്തന്നെ 1.11 കോടി രൂപ അദ്ദേഹം അനുവദിക്കാന്‍ തയ്യാറായത് . പി.ജെ.യോടുള്ള എന്റെ അതിരുകളില്ലാത്ത കടപ്പാട് ഒട്ടും പിശുക്കില്ലാതെ രേഖപ്പെടുത്തുന്നതില്‍ എനിക്കശേഷം മടിയില്ല . ജനപ്രതിനിധികളുടെ മനസ്സില്‍ ഭാവനയും ആശയങ്ങളും രൂപപ്പെടുമ്പോഴാണ് ഒരു നാടിന്റെ വികസനമുന്നേറ്റത്തിന്റെ കുതിപ്പ് തുടങ്ങുക . അന്ധമായ രാഷ്ട്രീയ പക്ഷപാതിത്വമാണ് ഭാവനാശൂന്യരായ ജനപ്രതിനിധികളെ സംഭാവന ചെയ്യാറുള്ളത് . എന്നെ ഏല്പിച്ച പണിക്ക് ഞാന്‍ യോഗ്യനല്ലെന്ന് കണ്ടാല്‍ നിഷ്കരുണം എന്നെ മാറ്റാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് പറയാന്‍ എനിക്കൊരുപാട് ചിന്തിക്കേണ്ട കാര്യമില്ല . 'ഫിലോസഫര്‍ കിങ്ങ് ' എന്ന തത്വം മഹാനായ പ്ലാറ്റോ രൂപപ്പെടുത്തിയതും വെറുതെയാവില്ല . സാധാരണ ശിലാസ്ഥാപനം നടന്ന് വര്‍ഷങ്ങള്‍ കഴിഞ്ഞാകും പ്രവൃത്തികള്‍ തുടങ്ങുക . എന്നാല്‍ ചമ്രവട്ടം പുഴയോര സ്നേഹപാത അതിനും ഒരപവാദമാണ് . നിര്‍മാണം 25% പൂര്‍ത്തിയാകുന്ന ഘട്ടത്തിലാണ് പ്രവൃത്തി ഉദ്ഘാടനം നടക്കുന്നത് . ഇതൊരു പബ്ലിസിറ്റി സ്റ്റണ്ടല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്ന നിര്‍ബന്ധ ബുദ്ധി കൂടിയുണ്ടായിരുന്നു വ്യക്തിപരമായി എന്നെ സംബന്ധിച്ചേടത്തോളം .