2013, ഒക്‌ടോബർ 19, ശനിയാഴ്‌ച

പ്രവാചകനെ നിന്ദിച്ചു സിനിമ എടുത്തതില്‍ ഞാന്‍ ഖേദിക്കുന്നു




മക്ക: മനുഷ്യ സമൂഹത്തിന്റെ നായകനായ മുഹമ്മദ് നബി(സ)യുടെ പാദസ്പര്‍ശമേറ്റ ഈ പുണ്യനഗരിയില്‍ എനിക്ക് ലഭിച്ച ആത്മീയ നിര്‍വൃതി വാക്കുകള്‍ക്കതീതം. ഞാനെന്റെ ജീവിതത്തില്‍ ചെയ്തുപോയ തെറ്റുകള്‍ക്ക് പ്രപഞ്ച നാഥനോട് മനമുരുകി പ്രാര്‍ഥിച്ചു. ഹജ്ജ് കര്‍മ്മം കഴിഞ്ഞ് നാട്ടിലെത്തിയാല്‍ ഇസ്‌ലാമിനും മുസ്‌ലിംകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കും. പ്രവാചകന്റെ പേരില്‍ ഞാന്‍ അടുത്ത് തന്നെ പുതിയ ചിത്രം നിര്‍മ്മിക്കുന്നുണ്ട്. അതുവഴി ഇസ്‌ലാമിന്റെ യഥാര്‍ഥ ചിത്രം എല്ലാവര്‍ക്കും കാണിച്ചുകൊടുക്കും. .

ഇസ്‌ലാമിനെയും പ്രവാചകന്‍ മുഹമ്മദ് നബിയെയും കരിവാരിത്തേക്കാന്‍ ഫിത്‌ന എന്ന സിനിമയിറക്കുകയും ഇസ്‌ലാം വിരുദ്ധ പ്രചാരണങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുകയും ചെയ്ത ഡെന്‍മാര്‍ക്കിലെ ഫ്രീഡം പാര്‍ട്ടി മുന്‍ എം.പി ആര്‍നോഡ് വാന്‍ ഡൂണിന്റെ വാക്കുകളാണിത്.

ഈ പുണ്യഭൂമിയില്‍ കാലുകുത്തിയത് മുതല്‍ ഞാന്‍ കണ്ണീരിലലിയുകയാണ്. എന്റെ ജീവിതത്തിലെ ഏറ്റവും സുവര്‍ണഘട്ടമായി ഞാന്‍ ഇതിനെ കണക്കാക്കുന്നു.

ഹജ്ജ് കര്‍മം കഴിഞ്ഞ് ഇനി കുറച്ച് കാലം പുണ്യമദീനയില്‍ കഴിയണം. എന്റെ മനസ്സ് ഇപ്പോഴും മദീനയുടെ ചാരത്താണ്. ജീവിതകാലം മുഴുവന്‍ മദീനയില്‍ കഴിയാനാണ് എനിക്ക് താത്പര്യം. പക്ഷേ അതിന് ചില സാങ്കേതിക തടസ്സങ്ങളുണ്ട്. തന്റെ രാജ്യത്തേക്ക് മടങ്ങിയ ശേഷം പ്രവാചകനെ കുറിച്ചും മുസ്‌ലിംകളെ കുറിച്ചും ഞാന്‍ ചിത്രം നിര്‍മ്മിക്കും. മുസ്‌ലിം സമൂഹത്തില്‍ ജീവിക്കാത്ത എനിക്ക് ഇസ്‌ലാമില്‍ വന്നയുടനെ അല്‍പം പ്രയാസങ്ങളുണ്ടായിരുന്നു. പിന്നീട് അതെല്ലാം ഒഴിവായി. ഈ പുണ്യ നാടിന്റെ ഓരോ മണല്‍ തരികളും എന്റെ മനസിന്റെ പുളകമാണ്. ആദ്യമായാണ് ഞാന്‍ ഹജ്ജ് നിര്‍വഹിക്കുന്നത്. കഴിഞ്ഞ ഫെബ്രുവരിയില്‍ ഞാന്‍ ഉംറ ചെയ്യാനെത്തിയിരുന്നു.

സിനിമ പുറത്തിറങ്ങിയപ്പോള്‍ ലോകവ്യാപകമായുണ്ടായ പ്രതിഷേധമാണ് വാന്‍ ഡൂണിനു ഇസ്‌ലാമിലേക്കുള്ള വഴിവിളക്കായത്. മുഹമ്മദ് എന്ന പ്രവാചകനെ എന്തു കൊണ്ട് ലോകമെങ്ങുമുള്ള മുസ്‌ലിംകള്‍ ഇത്രയേറെ സ്‌നേഹിക്കുന്നതെന്ന ചോദ്യത്തിനുള്ള ഉത്തരം തേടി ഒരു വര്‍ഷത്തോളം നടത്തിയ ഖുര്‍ആന്‍, ഹദീസ് പഠനത്തിനു ശേഷം വാന്‍ ഡൂണ്‍ ഇസ്‌ലാം മതം ആശ്ലേഷിക്കുകയായിരുന്നു.

ഡച്ച് പാര്‍ലമെന്റംഗവും ഹേഗ് സിറ്റി കൗണ്‍സില്‍ അംഗവുമായ വാന്‍ ഡൂണ്‍ ഇസ്‌ലാം മതം സ്വീകരിക്കാന്‍ തീരുമാനിച്ചതായി ഒരു വര്‍ഷം മുമ്പ് ട്വിറ്റര്‍ വഴിയാണ് പ്രഖ്യാപിച്ചത്.

അല്ലാഹുവല്ലാതെ ഒരു ദൈവവുമില്ലെന്നും മുഹമ്മദ് അവന്റെ പ്രവാചകനാണെന്നുള്ള സത്യസാക്ഷ്യവും അതോടൊപ്പം ഡൂണ്‍ കുറിച്ചിട്ടപ്പോള്‍ കടുത്ത ഇസ്‌ലാം വിരുദ്ധനായ ഡൂണിന്റെ തമാശയായി മാത്രമേ ആദ്യഘട്ടത്തില്‍ അനുയായികള്‍ കരുതിയുള്ളൂ. പിന്നീട് ഹേഗ് സിറ്റി മേയര്‍ക്ക് താന്‍ ഇസ്‌ലാം മതം സ്വീകരിച്ചു എന്ന കത്ത് ഔദ്യോഗികമായി നല്‍കിയപ്പോഴാണ് എല്ലാവരും വിശ്വസിച്ചത്.
_______***********************________________________-