ഏറെ തെറ്റിദ്ധരിക്കപ്പെട്ട മതമാണ് ഇസ്ലാം . പുരോഹിതന്മാരുടെ വ്യാഖ്യാനപ്പിശകുകളും , കാര്യങ്ങളുടെ ആന്തരാര്‍ത്ഥം മനസ്സിലാക്കാതെയുള്ള ഉപരിപ്ലവമായ സമീപനങ്ങളും , ഈ തെറ്റിദ്ധാരണക്ക് ആക്കം കൂട്ടുകയാണ് ചെയ്തിട്ടുള്ളത് . ബഹുഭാര്യത്വം , ശൈശവവിവാഹം എന്നിവയുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിവാദങ്ങള്‍ , ഇസ്ലാമിനെക്കുറിച്ച് അപമതിപ്പുണ്ടാക്കാന്‍ മാത്രമെ ഉപകരിച്ചിട്ടുള്ളൂ . പുരുഷന്മാരുടെ എണ്ണം കുറയുകയും സ്ത്രീകളുടെ എണ്ണം കൂടുകയും ചെയ്യുന്നതുള്‍പ്പടെയുള്ള അസാധാരണമായ ചില സാമൂഹ്യ ചുറ്റുപാടില്‍ അപൂര്‍വ്വമായി ഇസ്ലാമില്‍ അനുവദിക്കപ്പെട്ടിട്ടുള്ളതാണ് ബഹുഭാര്യത്വം . ദൗര്‍ഭാഗ്യവശാല്‍ ഇതിനെ ന്യായീകരിക്കാനുള്ള ചിലരുടെ ആവേശം കാണുമ്പോള്‍ ഇവരൊക്കെ മണിക്കൂറുകള്‍ക്കുള്ളില്‍ രണ്ടാം കല്ല്യാണം കഴിക്കാന്‍ പോകുകയാണെന്ന പ്രതീതിയാണ് വാദകോലാഹലങ്ങള്‍ കേട്ടു നില്‍ക്കുന്നവരില്‍ ഉണ്ടാക്കുക . ഇന്ത്യയില്‍ നിയമപരമായി മുസ്ലിംകള്‍ക്ക് ബഹുഭാര്യത്വം അനുവദിക്കപ്പെട്ടിട്ടും 99% മുസ്ലിംങ്ങളും ഏകഭാര്യ സമ്പ്രദായം തന്നെയാണ് തുടര്‍ന്നുപോരുന്നത് . പ്രവാചകന്‍ മുഹമ്മദ് നബിയുടെ മകള്‍ ഫാത്തിമ ബീവി ജീവിച്ചിരിക്കെ , അവരുടെ ഭര്‍ത്താവും നാലാം ഖലീഫയുമായിരുന്ന അലി(റ)ക്ക് , രണ്ടാമതൊരു വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്ന കാര്യം പ്രവാചകനെ അറിയിച്ചപ്പോള്‍ , അതിനോട് നബി പ്രതികരിച്ചത് "എന്റെ ഫാത്തിമാന്റെ ഹൃദയം വേദനിക്കു"മെന്ന് പറഞ്ഞുകൊണ്ടാണ് . ലോകത്തിലെ ഓരോ സ്ത്രീക്കും തന്റെ ഭര്‍ത്താവ് രണ്ടാമതൊരു വിവാഹം കഴിക്കുമ്പോള്‍ വേദനിക്കുന്ന ഒരു ഹൃദയമുണ്ടെന്ന പ്രഖ്യാപനവും കൂടിയായിരുന്നു അത് . നാം അറിഞ്ഞോ അറിയാതെയോ ഒരശരീരി പോലെ നമ്മുടെ മനസ്സില്‍ നബിയുടെ ആ വാക്കുകള്‍ പ്രതിധ്വനിക്കുന്നതു കൊണ്ടാണ് അനുവദിക്കപ്പെട്ടിട്ടും മഹാഭൂരിഭാഗം മുസ്ലിംങ്ങളും സ്വജീവിതത്തില്‍ ബഹുഭാര്യത്വത്തെ നിരാകരിച്ചത് . മുഹമ്മദ് നബി തന്നെ തന്റെ ഇരുപത്തി അഞ്ചാമത്തെ വയസ്സിലാണ് 40 വയസ്സുള്ള ഖദീജാബീവിയെ വിവാഹം കഴിച്ചത് . നീണ്ട 25 വര്‍ഷം ഏകഭാര്യനായാണ് പ്രവാചകന്‍ ജീവിച്ചത് . 50 വയസ്സിന് ശേഷമായിരുന്നു നബിയുടെ മറ്റു വിവാഹങ്ങള്‍ . അവക്കെല്ലാം അനിവാര്യമായ രാഷ്ട്രീയ സാമൂഹ്യ കാരണങ്ങളും ഉണ്ടായിരുന്നു . നബി ആയഷാബീവിയെ വിവാഹം കഴിക്കുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവരുടെ പ്രായം പത്തൊമ്പതായിരുന്നു . എന്നാല്‍ അതൊമ്പതായിരുന്നു എന്ന് അബദ്ധത്തിലാരോ എഴുതിപ്പിടിപ്പിച്ചത് എഴുന്നള്ളിക്കാനായിരുന്നു പുരോഹിതന്മാര്‍ക്ക് വലിയ താത്പര്യം . തന്റെ ജീവിതം ലോകത്തോട് പറയാന്‍ ബുദ്ധിമതിയായ ഒരു പെണ്‍കുട്ടി ആവശ്യമാണെന്ന ബോദ്ധ്യമായിരുന്നു ആ വിവാഹത്തിന്റെ പോലും പ്രേരണ . റസൂല്‍ ആയിഷയെ വിവാഹം കഴിച്ചത് അവരുടെ ഒമ്പതാം വയസ്സിലായിരുന്നുവെന്ന് കട്ടായം പറയുന്നവര്‍ , എന്തുകൊണ്ടാണ് 9 വയസ്സുള്ള തങ്ങളുടെ പെണ്‍കുട്ടികളെ പ്രായമായവര്‍ക്ക് കല്ല്യാണം കഴിപ്പിച്ചുകൊടുത്ത് ആ നബിചര്യ പിന്തുടരാത്തത് ? നമ്മുടെ ജീവിതത്തില്‍ നടപ്പിലാക്കാന്‍ നാം ഇഷ്ടപ്പെടാത്ത ഒന്ന് മുഹമ്മദ് നബി തന്റെ ജീവിതത്തില്‍ പ്രയോഗവല്ക്കരിച്ചിരുന്നുവെന്ന് കൊട്ടിഘോഷിച്ച് , എന്തിനാണ് ലോകം കണ്ട മഹാനായ ആ വിപ്ലവനായകനെ അപകീര്‍ത്തിപ്പെടുത്തുന്നത് ? ശൈശവ വിവാഹപ്രശ്നവും പുരോഹിതന്മാര്‍ വ്യാഖ്യാനിച്ച് വഷളാക്കിയതിന്റെ ഫലമാണ് കേരളത്തിലെ മുസ്ലിം സമൂഹം മറ്റുള്ളവരുടെ മുന്നില്‍ പരിഹാസ്യമാക്കപ്പെടുന്ന സ്ഥിതി ഉണ്ടാക്കിയിട്ടുള്ളത് . ഇസ്ലാമില്‍ വിശ്വാസപരമായി നിര്‍ബന്ധമല്ലാത്ത വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകളാണ് കാടുകയറി ബഹുഭാര്യത്വതിലേക്കും ശൈശവ വിവാഹത്തിലേക്കും വഴിമാറിപ്പോയി രംഗം വഷളാക്കുന്ന സാഹചര്യത്തിലേക്ക് നയിച്ചിരിക്കുന്നത് . ഇസ്ലാമിന്റെ യശസ്സ് ഉയര്‍ത്താന്‍ നമുക്കായില്ലെങ്കിലും അതിനെ ഇകഴ്ത്താതിരിക്കാനുള്ള സാമാന്യ മര്യാദയെങ്കിലും നാം കാണിക്കണ്ടെ?