2013, ഒക്‌ടോബർ 7, തിങ്കളാഴ്‌ച

ഹൃദയം(കവിത)


ഹൃദയത്തിനുള്ളില്‍ ഒരു
ഗര്‍ഭസ്ഥ ശിശുവിന്റെ തുടിപ്പുണ്ട്‌.
കാതോര്‍ത്താല്‍ കേള്‍ക്കാം,
ഒരു കുഞ്ഞിന്റെതെന്നപോലെ
നന്മയുടെ ഞരുക്കങ്ങള്‍.
പ്രസവിക്കാനൊരുങ്ങുന്ന
അമ്മയെപോലെ നാം
ശ്രദ്ധാലുവായിരിക്കണം.
സ്വാര്‍ത്ഥതയും ദുഷ്‌ചിന്തയും
പാനം ചെയ്യുന്നത്‌
ചുരുട്ടിപിടിച്ച കൈകളിലും
ഇറുക്കിയടച്ച കണ്ണുകളിലും
ഓട്ടിസം പടര്‍ത്തിയേക്കാം.
ശുഭചിന്തകളിലുറങ്ങി,
അന്യന്റെ ദു:ഖങ്ങളില്‍ തലോടി
സന്തോഷത്തിനെ പകുത്തു നല്‍കണം.
ആത്മവിശ്വാസത്തോടെ
കുഞ്ഞിനെ പ്രസവിക്കുമ്പോള്‍
നന്മയുടെ സുഗന്ധം പടരും..

ഹൃദയത്തിന്റെ അഗാധതയില്‍
പെറ്റൊഴിഞ്ഞ ഗര്‍ഭപാത്രം
ഇനി ശവക്കലറയാണ്‌,
ജനിപ്പിച്ച തിന്മകളെ
കഴുത്തുഞരിച്ച്‌ കൊന്ന്‌
ഈ ശവക്കലറകളില്‍
അടക്കം ചെയ്യാം.
അവയിനി മുളച്ചുപൊന്തില്ല.
ഇതിനോടകംതന്നെ,
നന്മയുടെ കുഞ്ഞുങ്ങള്‍
ഹൃദയത്തില്‍ നട്ട മരം
വേരുപിടിച്ചു കഴിഞ്ഞിരിക്കും...
            
                                അഞ്ജു നാരായണന്‍