2013, ഒക്‌ടോബർ 21, തിങ്കളാഴ്‌ച

പാവങ്ങളുടെ ഗൈനക്കോളജിസ്റ്റ്

പ്രസവം ഒരു സാധാരണ പ്രക്രിയ ആണ്. അതിന് മരുന്നോ മന്ത്രമോ ഒന്നും വേണ്ട. ലോകത്തുള്ള സകല ചരാചരങ്ങളും പ്രസവിക്കുന്നത് മരുന്ന് കഴിച്ചോ, ആശുപത്രിയില്‍ പോയോ, വയറ് കീറിയോ അല്ല. പക്ഷേ മനുഷ്യര്‍ക്ക് ഇപ്പോള്‍ ആശുപത്രിയില്‍ അല്ലാതെ പ്രസവിക്കാന്‍ വയ്യ എന്ന സ്ഥിതി എത്തിയിരിക്കുന്നു. ഗര്‍ഭിണികളെ രോഗികളെ പോലെ കണ്ട് പണം പിടുങ്ങാന്‍ ആശുപത്രികളും ഡോക്ടര്‍മാരും മത്സരിക്കുകയാണ്. എന്നാല്‍ ഈ കാര്യങ്ങളൊന്നും യോജിക്കാത്ത ഒരു ഗൈനക്കോളജിസ്റ്റ് ഉണ്ട് മലപ്പുറം ജില്ലയിലെ ചെമ്മാട് എന്ന ഇടത്തരം ടൗണില്‍. പേര് ഡോ. ലൈല ബീഗം. ചെമ്മാട് ഇവര്‍ക്ക് ഒരു ആശുപത്രിയും ഉണ്ട് ലൈലാസ് ഹോസ്പിറ്റല്‍. 40,000 പ്രസവങ്ങള്‍ എടുത്തിട്ടുണ്ട് ഡോ. ലൈല. ഇതില്‍ 428 എണ്ണം ഇരട്ടക്കുട്ടികളായിരുന്നു. മൂന്ന് കുട്ടികളെ ഒറ്റയടിക്ക് പ്രസവിച്ച നാല് കേസുകളും ഡോക്ടറുടെ കൈകളിലൂടെ കടന്നു പോയി. ഇതൊരു ലോക റെക്കോര്‍ഡ് ആയിരിക്കും. ഗിന്നസ് ബുക്കില്‍ ഇടം പിടിക്കാന്‍ പ്രാരംഭ നടപടികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുന്നു. പാവങ്ങളുടെ ഗൈനക്കോളജിസ്റ്റ് എന്നാണ് ഡോ. ലൈല അറിയപ്പെടുന്നത്. അനാവശ്യ മരുന്നുകളും പരിശോധനകളും ഒഴിവാക്കി പ്രസവത്തിന്റെഅധികച്ചെലവുകള്‍ ഇല്ലതാക്കുന്ന പാവങ്ങളുടെ ഡോക്ടര്‍ ആണ് ഇവര്‍. നല്ലൊരു മത വിശ്വാസി കൂടിയാണ് ഡോക്ടര്‍. പ്രകൃതിയുടെ രീതിയില്‍ തന്നെ കുട്ടികള്‍ പുറത്തെത്തിക്കാന്‍ ദൈവം തന്നെ നിയോഗിച്ചതാകുമെന്നാണ് ഡോ. ലൈല വിശ്വസിക്കുന്നത്. കോട്ടയം സ്വദേശിനിയാണ് ഇവര്‍. മെഡിക്കല്‍ വിദ്യാഭ്യാസവും കോട്ടയം മെഡിക്കല്‍ കോളേജില്‍ തന്നെ. 1994 വരെ സര്‍ക്കാര്‍ സര്‍വ്വീസില്‍ ഉണ്ടായിരുന്നു. പിന്നീടാണ് ലൈലാസ് ഹോസ്പിറ്റല്‍ തുടങ്ങിയത്. മൂന്ന് മക്കളുണ്ട്. മൂത്ത മകള്‍ സുമയ്യ ഡോക്ടറെ പോലെ തന്നെ ഒരു ഗൈനക്കോളജിസ്റ്റ് ആണ്. മകന്‍ നാദിര്‍ എന്‍ജിനീയര്‍. മൂന്നാമത്തെ മകള്‍ ആയിഷ മെഡിസിന് പഠിക്കുന്നു. മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി പഞ്ചായത്തിന് ഒരു പ്രത്യേകതയുണ്ട്. ഉയര്‍ന്ന ജനന നിരക്കാണ് ഒന്ന്. ഇരട്ട കുട്ടികളുടെ കാര്യത്തിലുള്ള റെക്കോര്‍ഡ് ആണ് രണ്ടാമത്തേത്. എന്തായലും ഡോക്ടര്‍ ഇപ്പോള്‍ ഉള്ളത് ഈ പഞ്ചായത്തിലാണ്. ഐഎംഎ തിരൂരങ്ങാടി യൂണിറ്റിന്റെ പ്രസിഡന്റ് ഡോ. ലൈല ബീഗം ഇപ്പോള്‍.