2013, ഓഗസ്റ്റ് 1, വ്യാഴാഴ്‌ച

ശൈഖ് മുഹമ്മദിന്‍െറ സംഭാവന ആറുകോടി ദിര്‍ഹം

വരുന്ന ഈദ് ദിനത്തില്‍ ലോകത്തെ പാവപ്പെട്ട 30 ലക്ഷം കുഞ്ഞുങ്ങള്‍ യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂമിന്‍െറ കാരുണ്യത്തില്‍ പുതവസ്ത്രവും പുഞ്ചിരിയുമണിയും. ശൈഖ് മുഹമ്മദിന്‍െറ ഇത്തവണത്തെ റമദാന്‍ പ്രഖ്യാപനമനുസരിച്ച് 10 ലക്ഷം കുട്ടികള്‍ക്ക് വസ്ത്രം നല്‍കാനായിരുന്നു പദ്ധതിയെങ്കിലും നാനാഭാഗത്തുനിന്നും പിന്തുണ ഒഴുകിയെത്തിയതോടെയാണ് ഗുണഭോക്താക്കളുടെ എണ്ണം 30 ലക്ഷമായത്. ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം തന്നെ പദ്ധതിയിലേക്ക് ആറു കോടി ദിര്‍ഹം സംഭാവന ചെയ്തു.
റമദാന്‍ തുടക്കത്തില്‍ പ്രഖ്യാപിച്ച പദ്ധതിയിലേക്ക് സംഭാവന സ്വീകരിക്കുന്നത് റമദാന്‍ 19ന് നിര്‍ത്തിയിരുന്നു.പുണ്യറമദാനിലെ കാരുണ്യപ്രവാഹം തന്നെ ഏറെ ആഹ്ളാദിപ്പിക്കുന്നതായി കാമ്പയിനിന്‍െറ സമാപന ചടങ്ങില്‍ ശൈഖ് മുഹമ്മദ് പറഞ്ഞു. പാവങ്ങളെ സഹായിക്കുകയെന്ന മാനവികവും ഇസ്ലാമികവുമായ ചുമതല നിറവേറ്റുന്നത് യു.എ.ഇ തുടരുക തന്നെ ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.
ഇതുവരെ വിതരണം ചെയ്തതില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വസ്ത്രം നല്‍കിയത് ഇന്ത്യയിലാണ്. രണ്ടു ലക്ഷം ഇന്ത്യന്‍ കുട്ടികള്‍ക്കാണ് പുതുവസ്ത്രം വിതരണം ചെയ്തത്.ജുലൈ 11ന് തുടങ്ങിയ കാമ്പയിനില്‍ ആദ്യ പത്തുദിവസം കൊണ്ട്തന്നെ ലക്ഷ്യം നേടിയതോടെയാണ് ഗുണഭോക്താക്കളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ ദുബൈ ഭരണാധികാരി ഉത്തരവിട്ടത്. 10 ലക്ഷം കുഞ്ഞുങ്ങള്‍ക്ക് ഇതിനകം വസ്ത്രമെത്തിച്ചതായി ഇതിന് നേതൃത്വം നല്‍കുന്ന റെഡ് ക്രസന്‍റ് വൃത്തങ്ങള്‍ അറിയിച്ചു.
ഈജിപ്ത്-ഒരു ലക്ഷം, യെമന്‍-ഒരു ലക്ഷം, പാക്കിസ്ഥാന്‍-ഒരു ലക്ഷം, ലബനന്‍-അര ലക്ഷം, സെനഗല്‍-20,000, ബോസ്നിയ-8,000, അല്‍ബേനിയ-5,000, ജോര്‍ദാന്‍-5,000 എന്നിങ്ങനെയാണ് വസ്ത്രം വിതരണം ചെയ്തതിന്‍െറ കണക്ക്. 46 രാജ്യങ്ങളിലെ കുട്ടികള്‍ക്കാണ് വസ്ത്രമെത്തിക്കുന്നത്. ഇന്തോനേഷ്യ, വെസ്ററ് ബാങ്ക്,ഗസ്സ,മെക്സിക്കോ, ജര്‍മനി, ദക്ഷിണാഫ്രിക്ക,കെനിയ, അഫ്ഗാനിസ്ഥാന്‍, റുമാനിയ, തായ്ലന്‍റ്, എതോപ്യ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളില്‍ വരും ദിവസങ്ങളില്‍ വസ്ത്രമെത്തിക്കും.