2013, ജൂലൈ 31, ബുധനാഴ്‌ച

തൗബ

ഇഹലോകത്ത് രണ്ട് കമ്പോളങ്ങളാണ് ഉള്ളത്. ഐഹിഹലോകത്തെ നശ്വരമായ കുറഞ്ഞ ദിനങ്ങള്‍മാത്രം ആസ്വദിക്കാന്‍ കഴിയുന്ന വിഭവങ്ങളുടെ കമ്പോളമാണ് ആദ്യത്തേത്.  ദൈവികസമര്‍പണത്തിലൂടെ നേടിയെടുക്കുന്ന അനശ്വരവിഭവങ്ങളുടെ കമ്പോളമാണ് രണ്ടാമത്തേത്. അല്ലാഹു പറയുന്നു:'സമ്പത്തും സന്താനങ്ങളും ഇഹലോകത്തിന്റെ അലങ്കാരങ്ങളാണ്. സല്‍ക്കര്‍മങ്ങളാണ് നിന്റെ നാഥന്റെ അടുത്ത് പ്രതിഫലവും ശുഭപ്രതീക്ഷയുമായി അവശേഷിക്കുക'.
എന്നാല്‍ ഈ രണ്ടാമത്തെ കമ്പോളത്തെയും അതിലെ നേട്ടങ്ങളെയും കുറിച്ച് അധികപേരും അശ്രദ്ധരാണ്. ശാശ്വതമായ ഈ വിപണിയെ അവഗണിച്ച് നശ്വരമായ അങ്ങാടിയിലേക്ക് ഓടുന്നവര്‍ എത്ര നഷ്ടകാരികളാണ്!
ഇഹലോകത്തിലെ വിഭവങ്ങള്‍ക്കുവേണ്ടി ജീവിതം നശിപ്പിച്ച, ലാഭകരമായ കച്ചവടം ഉപേക്ഷിച്ച നിര്‍ഭാഗ്യവാന്‍മാരില്‍ നാം ഉള്‍പെടാന്‍ പാടില്ല. ലാഭകരമായ കച്ചവടത്തിന്റെ നാളുകളാണ് നമ്മിലേക്ക് വന്നണഞ്ഞിരിക്കുന്നത്. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും സല്‍ക്കര്‍മങ്ങളുടെയും നാളുകള്‍.
മഹത്തായ പ്രതിഫലം ലഭിക്കുന്ന എത്രയെത്ര നിമിഷങ്ങളാണ് നാം വെറുതെ പാഴാക്കിക്കളയുന്നത്.
നമുക്ക് എന്തുകൊണ്ട് അല്ലാഹുവിന്റെ അനുഗ്രഹത്തിലേക്കും കാരുണ്യത്തിലേക്കും മല്‍സരിച്ചുമുന്നേറിക്കൂടാ ?
സല്‍ക്കര്‍മ്മങ്ങളുടെ കമ്പോളമായ റമദാന്‍ വന്നെത്തിയിരിക്കുന്നു. ഇനിയൊരു റമദാനിനെ സ്വീകരിക്കാന്‍ നാം ജീവനോടെ ഉണ്ടായിരിക്കണമെന്നില്ല. നമുക്ക് ഈ അവസരം മുതലെടുക്കാം.
റമദാന്‍ അതിന്റെ നന്മകളുമായി മുന്നോട്ടുഗമിച്ചുകൊണ്ടിരിക്കുന്നു. അതിന്റെ സൗരഭ്യം വീശിയടിക്കുന്നു. അതിന്റെ അറകളില്‍ അമൂല്യമായ രത്‌നങ്ങള്‍ ഒളിപ്പിച്ചിരിക്കുന്നു. അവസാനത്തെ പത്തുദിനങ്ങള്‍. റമദാന്റെ അമൂല്യമായ നിധിയാണ് അവ. എല്ലാ അനുഗ്രഹങ്ങളും നന്മകളും അവിടെ ഒളിഞ്ഞുകിടക്കുന്നു. പൂര്‍വസൂരികള്‍ ഓരോ ദിനവും എണ്ണിയെണ്ണി കാത്തിരിക്കാറുണ്ടായിരുന്നു. അവസാനത്തെ സുഗന്ധം നുകര്‍ന്നെടുക്കുന്നതിനായി. ഇമാം ഇബ്‌നു റജബ് പറയുന്നു:'അവസാനത്തെ പത്തുദിനങ്ങള്‍ക്കായി അവര്‍ കാത്തിരിക്കാറുണ്ടായിരുന്നു. അവ വന്നണഞ്ഞാല്‍ തങ്ങള്‍ക്കാവശ്യമുള്ളത് നേടിയെടുത്ത് സല്‍ക്കര്‍മങ്ങള്‍ പ്രവര്‍ത്തിച്ച്, പ്രിയപ്പെട്ട അതിഥിയെ സേവിച്ച് അവര്‍ കഴിഞ്ഞുകൂടുമായിരുന്നു'.
റമദാനില്‍ ഏറ്റവും വിലകൂടിയത് അവസാനത്തെ പത്തുദിനങ്ങള്‍ തന്നെയാണ്. അവസാനത്തെ പത്തിലെ ഏറ്റവും വില കൂടിയ പവിഴം ലൈലതുല്‍ ഖദ്ര്‍ തന്നെയാണ്. അനസ് ബിന്‍ മാലിക് (റ) പറയുന്നു:' റമദാന്‍ ആഗതമായപ്പോള്‍ നബിതിരുമേനി(സ) പറഞ്ഞു:'ഈ മാസം നിങ്ങള്‍ക്കെത്തിയിരിക്കുന്നു. ആയിരം മാസങ്ങളേക്കാള്‍ പുണ്യകരമായ ഒരു രാവുണ്ട് അതില്‍. അത് തടയപ്പെട്ടവന് സകല നന്മകളും തടയപ്പെട്ടിരിക്കുന്നു'.
ദുല്‍ഹജ്ജിലെ പത്തുദിനങ്ങള്‍, അറഫാ ദിനം,  പരിശുദ്ധമായ മാസമായ മുഹര്‍റം, ആശൂറാ ദിനങ്ങള്‍ തുടങ്ങിയ ദിനങ്ങള്‍ക്കുള്ളത് പോലെയുള്ള ശോഭയാണ് റമദാനിലെ അവസാന പത്ത് ദിനങ്ങള്‍ക്കുള്ളത്.
എത്രയെത്ര ആളുകള്‍ ആ പത്തുദിനങ്ങളെ നിസ്സംഗതയോടെ അവഗണിച്ചുകളയുന്നു. അതിനെ പാഴാക്കിയതിന്റെ പേരില്‍ ആരും തന്നെ ആത്മവിചാരണ നടത്താറുമില്ല.
അല്ലാഹു വിശ്വാസികള്‍ക്കായി ഒരുക്കിയ അവസരമാണ് അവ. അല്ലാഹുവിങ്കല്‍ മഹത്തായ പദവി നേടിയെടുക്കാന്‍ അവ മുഖേന വിശ്വാസിക്ക് സാധിക്കുന്നതാണ്. സര്‍വ പാപങ്ങളും പൊറുക്കപ്പെട്ട പ്രവാചകന്‍(സ) പോലും ഈ ദിനങ്ങളില്‍ കഠിനാധ്വാനം ചെയ്തതിനുള്ള കാരണവും മറ്റൊന്നല്ല. ആഇശ(റ) പറയുന്നു:'അവസാന പത്തില്‍ പ്രവേശിച്ചാല്‍ തിരുമേനി(സ) രാത്രിയില്‍ ഉറക്കമൊഴിക്കുകയും കുടുംബത്തെ ഉണര്‍ത്തുകയും മുണ്ട് മുറുക്കിയുടുത്ത് തയ്യാറാവുകയും ചെയ്യാറുണ്ടായിരുന്നു'.
നാം അധികപേരും അശ്രദ്ധ കാണിക്കുന്ന നാളുകളാണ് ഇവ. റമദാനെ യാത്ര അയക്കാനുള്ള അവസരമായാണ് ഈ നാളുകളെ നാം ഉപയോഗപ്പെടുത്താറ്. നമ്മേക്കാള്‍ വലിയ ദരിദ്രര്‍ ആരുണ്ട്. അല്ലാഹു നല്‍കിയ മഹത്തായ സദ്യ ഉപേക്ഷിച്ച്, മറ്റ് പിച്ചച്ചട്ടികളിലേക്ക് അഭയം തേടുന്നവര്‍ എത്ര ദരിദ്രരാണ്.
അവസാന പത്തുദിനങ്ങളെ ഉപയോഗപ്പെടുത്താനും, നന്മ പ്രവര്‍ത്തിക്കാനും ശരിയായ നിയ്യത്തോടെ  ആ ദിനങ്ങളെ നാം സ്വീകരിക്കേണ്ടതുണ്ട്.
നാം ഇഅ്തികാഫിനെക്കുറിച്ച് ധാരാളമായി കേട്ടിട്ടുണ്ട്. നമ്മുടെ ജീവിതത്തില്‍ ഒരിക്കലെങ്കിലും നാമത് പരീക്ഷിച്ചിട്ടുണ്ടോ? നബി തിരുമേനി(സ)യുടെ സ്ഥിരപ്പെട്ട ചര്യയില്‍പെട്ടതാണ് ഇഅ്തികാഫ്. അല്ലാഹുവിനോടൊത്ത്് ഒഴിഞ്ഞിരുന്ന് സ്വകാര്യ സംഭാഷണം നടത്തുന്നതിന്റെ മാധുര്യം വിശ്വാസി അറിയേണ്ടതുണ്ട്.
ലൈലതുല്‍ ഖദ്ര്‍ പ്രാര്‍ത്ഥനയുടെ രാവാണ്. തനിക്കുള്ള ഏത് ആവശ്യവും അടിമ ആകാശഭൂമികളുടെ ഖജനാവിന്നുടമയായ രാജാധിരാജന്റെ മുന്നില്‍ സമര്‍പ്പിക്കുന്ന മഹത്തായ നിമിഷം.
ദൈവികമായ സമ്മാനമാണ് ലൈലതുല്‍ ഖദ്ര്‍. നോമ്പുകാരായ അടിമകള്‍ക്ക് വേണ്ടി അല്ലാഹു ഒരുക്കിയിട്ടുള്ള അമൂല്യ നിധി. അതിനാല്‍ തന്നെ ആ രാവ് നഷ്ടപ്പെട്ടവന് എല്ലാ നന്മയും നഷ്ടപ്പെട്ടിരിക്കുന്നു. ഭൂമിയിലെ ഏറ്റവും വലിയ ദൗര്‍ഭാഗ്യവാനാണ് അവന്‍. 

ഞങ്ങളുടെ തമ്പുരാനേ ഞങ്ങള്‍നിന്നോട് അറിഞ്ഞു ചെയ്ത ദോഷങ്ങളെ തൊട്ടും അറിയാതെ ചെയ്ത ദോഷങ്ങളെ തൊട്ടും മറച്ചു ചെയ്ത ദോഷങ്ങളെ തൊട്ടും പരസ്യമായി ചെയ്ത ദോഷങ്ങളെ തൊട്ടും എല്ലാ വന്‍ദോഷങ്ങളെ തൊട്ടും എല്ലാ ചെറുദോ ഷ ങ്ങളെ തൊട്ടും ഞങ്ങളെല്ലാവരും നിന്നോട് പേടിച്ചു ഖേദിച്ചു മടങ്ങുന്നു തമ്പുരാനേ ഞങ്ങളുടെ തമ്പുരാനേ ഞങ്ങളെവല്ലാരും ഞങ്ങളുടെ തടിയോട് അനേകം കുറ്റവും ദുര്‍മര്യാദയും ഏറ്റമേറ്റം ചെയ്തു നടന്ന ചീത്ത അടിയാറുകാളാവുന്നു തമ്പുരാനേ ഇപ്പോള്‍ നിന്ടെ രഹ്മത്തെന്ന തൌബയെന്ന വാതില്‍ക്കല്‍ ഞങ്ങളെവല്ലാരും ഖേദിച്ചു മടങ്ങി വന്നിരിക്കുന്നു തമ്പുരാനേ ഇനിയൊരിക്കലും ഒരു ദോഷം കൊള്ളെയും മടങ്ങുകയില്ലെന്നു ഞങ്ങളെവല്ലാരുംഖല്‍ബുകൊണ്ട് നല്ലവണ്ണം കരുതി ഉറപ്പിച്ചു തമ്പുരാനേ നീ ഞങ്ങളുടെ ദോഷത്തിനെ പൊറുത്ത് തൌബയെ ഖബൂല്‍ ചെയ്യണം തമ്പുരാനേ നിന്ടെ കൃപ കൊണ്ടും മുഹമ്മദ്‌ വേദാമ്പ ര്‍ ങ്ങളുടെ ബര്കത്ത്‌ കൊണ്ടും നീ ജഹന്നമെന്ന നരകത്തിനെ തൊട്ടു ഞങ്ങളെ സലാമത്താക്കണം തമ്പുരാനേ നീ ഞങ്ങള്‍കെല്ലാവര്‍ക്കും ഈ തൌബയും നേര്‍വഴി യും ദീനുല്‍ ഇസ്ലാമും തന്നതില്‍ പിറകെ അതിനെ വിട്ടു ഞങ്ങളുടെ ഖല്‍ബിനെ തട്ടിത്തെറിപ്പിച്ച നിന്ടെ ശത്രുവായ സൈത്താന്‍ ഇബ്ലീസിന്ടെ ചെല്ലു കൊള്ളെയും ചെലു കൊള്ളെയും നീ ഞങ്ങളെ ആക്കി കളയല്ല തമ്പുരാനേ നീ നിന്ടെ പക്കല്‍ നിന്നുള്ള രഹ്മതിനെ ഞാങ്ങളെ ല്ലാവരെ അളവിലും ഓശാരമായി ഏറ്റമെറ്റം വഴങ്ങി തരണം തമ്പുരാനേ നീ ഞങ്ങളെ എല്ലാവരെയും ഈമാനോട് കൂടി മരിപ്പിച്ചു ഖബറില്‍ അകം കടത്തി ഖബറില്‍ നിന്ന് രണ്ടാമത്ഹയാത്തിട്ടു മഹ്സറ കൊള്ളെ യാത്രയാക്കിയാല്‍ ഞങ്ങളുടെ എല്ലാവരുടെയും നന്‍മയും തിന്‍മയും എഴുതപ്പെട്ട ഏട് കിതാബിനെ നീ ഞാങ്ങലെല്ലാവരുടെയും വലം കയ്യി ല്‍ രുവിപ്പിച്ചു നിന്ടെ ആലത്തിനു കാരണമാക്കപ്പെട്ട നബിമുഹമ്മദ്‌ [സ ]തങ്ങളുടെ ശഫാഹത്തി ല്‍ഒരുമിച്ചു കൂട്ടി സ്വോര്‍കത്തില്‍അകം കടത്തി നിന്ടെ ലിഖാഹിനെയും ആദരവായ നബി [സ ]തങ്ങളുടെ തൃകല്യാണ ത്തിനെയും ഞങ്ങളുടെ രണ്ട് കണ്ണ് കൊണ്ട് കാണുവാനും അതില്‍ കൂടുവാനും ഏറ്റ മേറ്റം ഉദവി ചെയ്യണം തമ്പുരാനേ....