വിവ: പി. ഫാഹിസ്,
മുന്‍വിദ്യാര്‍ത്ഥി, പി.ജി. ഡിപ്ലോമ ഇന്‍ ഇസ്‌ലാമിക് ബാങ്കിങ്,
അല്‍ ജാമിഅഃ ശാന്തപുരം
ബാലന്‍സ് ഷീറ്റും ലാഭ-നഷ്ട അക്കൗണ്ടും
നിലവിലുള്ള ബാങ്കുകളില്‍ നിന്നു വ്യത്യസ്തമാണെങ്കിലും ഇസ്‌ലാമിക് ബാങ്കിനും അതിന്റേതായ വിഭവങ്ങളും നിക്ഷേപത്തിനു വേണ്ട ഉപകരണങ്ങളുമുണ്ട്. ഭരമേല്‍പിന്റെ (Fiduciary) അടിസ്ഥാനത്തില്‍ സ്വീകരിക്കുന്നത് കൊണ്ട് താല്‍ക്കാലിക അക്കൗണ്ട് (Current Account) ഒഴികെയുള്ള നിക്ഷേപങ്ങളൊന്നും തന്നെ ബാങ്കിന്റെ ബാധ്യതകളായി രേഖപ്പെടുത്തപ്പെടുന്നില്ല. പകരം, ബാങ്കിന്റെ നിയന്ത്രണത്തിലുള്ള തുക എന്ന തലക്കെട്ടിനുതാഴെ കാണിക്കുന്നു.
ബാങ്കിന്റെ ബാലന്‍സ് ഷീറ്റിന് രണ്ടു ഭാഗങ്ങളുണ്ട്. ഒരു ഭാഗത്ത് ബാങ്കിന്റെ സ്വന്തംനിക്ഷേപവും താല്‍ക്കാലിക അക്കൗണ്ടും (Current Account) ഇവയുടെ വിനിയോഗവും, മറുഭാഗത്ത് ഭരമേല്‍പ്പടിസ്ഥാനത്തില്‍ (Giduciary) സ്വീകരിച്ച തുകയും അവയുടെ വിനിയോഗവും കാണിക്കുന്നു. പ്രായോഗിക തലത്തില്‍ രണ്ടു തരത്തിലുള്ള നിധിയും ഒന്നിച്ച് നിക്ഷേപിക്കുന്ന സന്ദര്‍ഭങ്ങളുമുണ്ടാകാറുണ്ട് (പങ്കുകച്ചവടത്തിലെ പോലെ). ഇത്തരം സാഹചര്യങ്ങളില്‍ ലാഭം/നഷ്ടം ആനുപാതികമായി തുല്യമായ രീതിയില്‍ വിതരണം ചെയ്യുന്നുവെന്നുറപ്പുവരുത്തേണ്ടതുണ്ട്.
ചില കേന്ദ്രബാങ്കുകള്‍, കക്ഷിയോട് മുദാറബഃ അടിസ്ഥാനത്തില്‍ നല്‍കിയ തുകകൂടി ബാലന്‍സ്ഷീറ്റില്‍ രേഖപ്പെടുത്താന്‍ നിര്‍ദ്ദേശിക്കുന്നു. ഇങ്ങനെയുള്ള സന്ദര്‍ഭത്തില്‍ കേന്ദ്രബാങ്കിന്റെ നിര്‍ദ്ദേശപ്രകാരം മറ്റൊരുകൂട്ടം ബാലന്‍സ് ഷീറ്റ് കൂടി തയ്യാറാക്കപ്പെടുന്നു.
ഇടപാടുകാരുടെ തുകരേഖപ്പെടുത്തുന്നേടത്തുള്ള ഭീമമായ ഈ വ്യത്യാസം ഒഴിച്ചു നിര്‍ത്തിയാല്‍ ആസ്തികളും ബാധ്യതകളും കാണിക്കുന്നേടത്ത് നിലവിലെ ബാങ്കുകളും ഇസ്‌ലാമിക് ബാങ്കുകളും വലിയ അളവോളം സമാനമാണ്.
നിലവിലെ ബാങ്കുകളില്‍ നിക്ഷേപത്തിനോ വായ്പക്കോ പലിശ നല്‍കിയതും സ്വീകരിച്ചതും രേഖപ്പെടുത്തുമ്പോള്‍ ഇസ്‌ലാമിക് ബാങ്കില്‍ നിക്ഷേപത്തിന്മേലുള്ള ലാഭമോ നഷ്ടമോ ആണ് രേഖപ്പെടുത്തുന്നത് എന്നതൊഴിച്ചാല്‍ ലാഭനഷ്ട അക്കൗണ്ടില്‍ കാര്യമായ വ്യത്യാസം കാണുന്നില്ല.
താഴെ ബാലന്‍സ് ഷീറ്റിന്റെ ലളിതമായ രൂപം കൊടുത്തിരിക്കുന്നു:
ബാധ്യതകള്‍ (Liabilities)
- അംഗീകൃത മൂലധനം
- ഇസ്‌ലാമിക കടപ്പത്രങ്ങളും ബോണ്ടുകളും
- നിയമപരമായ മുന്‍കരുതല്‍
- മറ്റു മുന്‍കരുതലുകള്‍
- താല്‍ക്കാലിക നിക്ഷേപങ്ങള്‍
- സമ്പാദ്യ അക്കൗണ്ടുകള്‍
- നിക്ഷേപ അക്കൗണ്ടുകള്‍
-മറ്റു ബാങ്കുകള്‍ക്ക് കൊടുക്കാനുള്ള തുക
- അടച്ചുതീര്‍ക്കേണ്ട ബില്ലുകള്‍
- മറ്റു ബാങ്കിംഗ് കമ്പനികള്‍ക്ക് കൊടുക്കേണ്ട തുക
- മറ്റു ബാധ്യതകള്‍
- വിപരീത അക്കൗണ്ടുകള്‍ (Con-tra Accounts)
- ലാഭ/നഷ്ട അക്കൗണ്ടുകള്‍ (ലാഭമാണെങ്കില്‍)
ആസ്തികള്‍(Assets)
- കൈവശമുള്ള പണം
- കേന്ദ്രബാങ്കിന്റെ കൈവശമുള്ള നീക്കിയിരിപ്പ്
- മറ്റു ബാങ്കുകളിലും സാമ്പത്തിക സ്ഥാപനങ്ങളിലുമുള്ളനീക്കിയിരിപ്പ്
- ഇസ്‌ലാമിക സെക്യൂരിറ്റികള്‍
- അല്‍പ്പസമയവായ്പകള്‍ (Mo-ney at calls short notice)
- മറ്റു ഇസ്‌ലാമിക സെക്യൂരിറ്റികളിലുള്ള നിക്ഷേപങ്ങള്‍
- ബാങ്ക് കെട്ടിടങ്ങള്‍, ഫര്‍ണിച്ചറുകള്‍, സാമഗ്രികള്‍
- കിട്ടാനുള്ള ബില്ലുകള്‍
- മറ്റു ആസ്തികള്‍ (മുന്‍കൂട്ടി അടച്ച തുക)
- വിപരീത അക്കൗണ്ടുകള്‍ (Con-tra Accounts)
- ലാഭനഷ്ട അക്കൗണ്ടുകള്‍ (നഷ്ടമാണെങ്കില്‍)
സാധാരണയായി ലാഭനഷ്ട അക്കൗണ്ടില്‍ കാണുന്ന ശീര്‍ഷകങ്ങള്‍ താഴെ പറയുന്നവയാണ്.
വരുമാനം (Income)
- പണമിടപാടുകളിലെ ലാഭം
- മറ്റു ബാങ്കുകളിലെ നിക്ഷേപവരുമാനം
- സ്വന്തം നിക്ഷേപങ്ങളിലെ ലാഭം
- കമ്മീഷന്‍, ഫീസ്, ഇടനിലക്കാരന് കിട്ടുന്ന വരുമാനം (Exchange)
- മറ്റു വരുമാനങ്ങള്‍ (വാടക മുതലായവ)
- നഷ്ടം (വരുമാനത്തേക്കാളധികം ചെലവ് വന്നാല്‍)
ചെലവ് (Expenditure)
- നിക്ഷേപകന്ന് നല്‍കിയ ലാഭം
- മറ്റു ബാങ്കുകളിലെ നിക്ഷേപത്തിന്മേലുള്ള ലാഭം
- വേതനം, ബത്ത, മറ്റാനുകൂല്യങ്ങള്‍
- വാടക, നികുതി, ഇന്‍ഷ്വറന്‍സ്, വെളിച്ചം മുതലായവ
- വാര്‍ത്താവിനിമയം
- സ്റ്റേഷനറി, അച്ചടിച്ചെലവുകള്‍
- പരസ്യപ്രചാരണ പ്രവര്‍ത്തനങ്ങള്‍
- ഓഡിറ്റ് ഫീസ്
- സ്ഥാവര ജംഗമവസ്തുക്കളുടെ (property) തേയ്മാനവും അറ്റകുറ്റ പണികളും
- മറ്റു ചെലവുകള്‍
- നികുതിക്ക് മുമ്പുള്ള ലാഭം (വരുമാനം ചെലവിനേക്കാള്‍ അധികമാണെങ്കില്‍)
മൂലധനവും മുന്‍കരുതലുകളും
ബേസ്ല്‍ കമ്മിറ്റിയുടെ മൂലധനപര്യാപ്തതാമാനദണ്ഡപ്രകാരം ബാങ്കുകള്‍ ആസ്തികളുമായി ബന്ധപ്പെട്ടിട്ടുള്ള മൂലധനത്തിന്റെ 8% എങ്കിലും മുന്‍കരുതലായി നീക്കിവെക്കേണ്ടതുണ്ട്. നഷ്ടസാധ്യത പരിഗണിച്ചുകൊണ്ട് ആസ്തികള്‍ നാലു വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ഒന്നാമത്തെ വിഭാഗം പൂജ്യം ശതമാനവും രണ്ടാം വിഭാഗം 20%വും, മൂന്നാം വിഭാഗം 50%വും നാലാം വിഭാഗം 100% വും മൂലധന നീക്കിയിരിപ്പ് ആവശ്യമുള്ളതാണ്. കേന്ദ്രബാങ്കിലെ പണവും ശേഷിപ്പും ഒന്നാം വിഭാഗത്തിലും ഏകീകരണം നടന്നിട്ടില്ലാത്ത ഉപസ്ഥാപനങ്ങളിലെ നിക്ഷേപങ്ങള്‍ നാലാംവിഭാഗത്തിലും പെടുന്നു.
ഇസ്‌ലാമിക് ബാങ്ക് സാധാരണ ഓഹരികള്‍ ഇഷ്യൂ ചെയ്യുന്നു. പക്ഷേ, സ്ഥിരനിരക്കില്‍ ആദായം നല്‍കേണ്ടതുകൊണ്ടും സാധാരണ ഓഹരികളേക്കാള്‍ മുന്‍ഗണന അനുഭവിക്കുന്നതുകൊണ്ടും മുന്‍ഗണനാഓഹരികള്‍ ഇഷ്യൂ ചെയ്യുന്നില്ല. ഇതൊഴിച്ചുനിര്‍ത്തിയാല്‍ മൂലധനത്തിന്റെ കാര്യത്തില്‍ വ്യത്യാസം കാണാറില്ല.
നിലവിലെ ബാങ്കില്‍ നിയമപരമായ മുന്‍കരുതലും മറ്റു മുന്‍കരുതലുകളും ഒരേ പ്രവര്‍ത്തനം തന്നെയാണ് നടത്തുന്നത്. അധിക കേന്ദ്രബാങ്കുകളും നികുതിയടച്ചതിനു ശേഷമുള്ള ഒരു ചുരുങ്ങിയ ശതമാനം ലാഭം നിയമാനുസൃത മുന്‍കരുതലായി നീക്കിവെക്കാന്‍ നിഷ്‌കര്‍ഷിക്കുന്നു (ഈ കരുതല്‍ മൂലധന തുകക്ക് തുല്യമാകുന്നതുവരെ). ഡയറക്ടര്‍മാരുടെ സമിതിയോ പുറത്തുനിന്നുള്ള ഓഡിറ്റര്‍മാരോ കണക്കാക്കുന്നതുപ്രകാരമാണ് മറ്റുമുന്‍കരുതലുകള്‍ സൃഷ്ടിക്കപ്പെടുന്നത്.
ഉപഭോക്തൃ നിധികള്‍ (Customer funds)
നിക്ഷേപം സ്വീകരിക്കാന്‍ ഇസ്‌ലാമിക ബാങ്കുകള്‍ ഉപയോഗിക്കുന്ന ഉപാധികള്‍
1) താല്‍ക്കാലികവും (Current) യാദൃച്ഛികവുമായ (Contingent) അക്കൗണ്ടുകള്‍
അക്കൗണ്ടില്‍ ശേഷിക്കുന്ന പണം ആവശ്യാനുസൃതം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ നിലവിലെ ബാങ്കും ഇസ്‌ലാമിക് ബാങ്കും സമാനമാണ്. കൂടാതെ പണനിക്ഷേപത്തിന്റെയും പിന്‍വലിക്കലിന്റെയും രീതികളില്‍ സാമ്യം കാണാം. നിക്ഷേപകനും ബാങ്കും തമ്മിലുള്ള ബന്ധം അധമര്‍ണ്ണ-ഉത്തമര്‍ണ്ണ (Debtor & Creditor) ബന്ധമാണ്. ബാങ്കിന്റെ മൂലധനം മുഴുവനായും താല്‍ക്കാലിക അക്കൗണ്ടുകാരുടെ/ ചെക്ക് ഇടപാട് നടത്തുന്നവരുടെ ക്ലെയിമുമായി ബന്ധപ്പെട്ടിരിക്കുന്നു. ഒരു ലാഭവും താല്‍ക്കാലിക അക്കൗണ്ടുകളിന്മേല്‍ നല്‍കാറില്ല. യാദൃച്ഛിക അക്കൗണ്ട് ഉചിതമായി തീരുമാനിക്കപ്പെടാത്ത ചില്ലറ നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്നു.
2) സമ്പാദ്യ അക്കൗണ്ടുകള്‍ (Saving Accounts)
സാധാരണ സമ്പാദ്യ അക്കൗണ്ടുകള്‍ ആവശ്യാനുസൃതമായാണ് നല്‍കാറുള്ളത്. നിക്ഷേപത്തിന്റെയും പിന്‍വലിക്കലിന്റെയും രീതികള്‍ ഏകദേശം രണ്ടിലും ഒരുപോലെയാണ്. ഒരു സമ്പാദ്യ അക്കൗണ്ട് കൈവശക്കാരന് സാധാരണയായി പാസ്സ്ബുക്കും ചെക്ക്ബുക്കും നല്‍കുന്നു.
ബാങ്കിന്റെ വിവേചനാധികാരത്തില്‍ സമ്പാദ്യനിക്ഷേപം ആകര്‍ഷിക്കാന്‍ സാധാരണ സമ്പാദ്യ അക്കൗണ്ടുകള്‍ക്കും ബോണസോ ബാങ്ക്ചാര്‍ജ്ജില്‍ കിഴിവോ ഒഴിവോ നല്‍കുന്നു.
ഇസ്‌ലാമിക് ബാങ്കില്‍ ഇടപാടുകാരന്‍ ആഗ്രഹിക്കുകയാണെങ്കില്‍ നിക്ഷേപതുകയുടെ മേലുള്ള നിക്ഷേപാധികാരം ബാങ്കിനെ ഏല്‍പ്പിക്കുകയും ലാഭം/നഷ്ടം പങ്കുവെക്കുകയുമാവാം. പലിശ നിരോധിച്ചതിനാല്‍ ഇവ സാധാരണയായി സുരക്ഷിത ഹ്രസകാലപണമിടപാട്, ബാങ്കുകളിലെ ശേഷിപ്പുകള്‍ തുടങ്ങി നഷ്ടസാധ്യത കുറഞ്ഞ സംരംഭങ്ങളില്‍ നിക്ഷേപിച്ച് ലാഭം നേടുന്നു.
3)നിക്ഷേപ അക്കൗണ്ടുകള്‍ (Inv-estment Accounts)
ബാങ്കിന് പ്രധാനമായും മുദാറബഃ (വിശദീകരണം വഴിയെ) അടിസ്ഥാനത്തിലാണ് പണം സമാഹരിക്കാനാവുന്നത്.
പ്രധാനമായും രണ്ടുതരത്തിലുള്ള നിക്ഷേപ അക്കൗണ്ടുകളാണുള്ളത്. പ്രത്യേക ഉദ്ദേശ്യത്തിന് വേണ്ടിയുള്ളവയും പൊതു ഉദ്ദേശ്യത്തിന് വേണ്ടിയുള്ളവയും.
ആദ്യത്തെ വിഭാഗത്തില്‍, എത്രത്തോളം നഷ്ടസാധ്യത ഏറ്റെടുക്കണമെന്ന് തീരുമാനിച്ചുകൊണ്ട് പ്രത്യേക പദ്ധതികളിലോ മേഖലകളിലോ ഒരു നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കാന്‍ ബാങ്കിനെ അധികാരപ്പെടുത്തുന്നു. രണ്ടാം വിഭാഗത്തില്‍, എല്ലാ ഇടപാടുകളും ഇസ്‌ലാമിക തത്വങ്ങളുമായി യോജിച്ചുപോകുന്നതും ബാങ്കിന്റെ നിക്ഷേപമാനദണ്ഡവുമായി ഒത്തുപോകുന്നതുമാകണം എന്നതൊഴിച്ചുനിറുത്തിയാല്‍ ഏതു മേഖലയില്‍ നിക്ഷേപിക്കണമെന്നോ ഏതു പദ്ധതിയില്‍ നിക്ഷേപിക്കണമെന്നോ എത്രകാലാവധിയാകാമെന്നോ തുടങ്ങിയ കാര്യങ്ങളിലൊന്നും തന്നെ ഒരു പരിധിയും നിഷ്‌കര്‍ഷിക്കാതെ എല്ലാ അധികാരങ്ങളും ഇസ്‌ലാമിക് ബാങ്കിന് നല്‍കുന്നു.
ഉദാഹരണമായി, മുദാറബഃവസ്തു വാങ്ങുക, വില്‍ക്കുക, പാട്ടത്തിന് കൊടുക്കുക തുടങ്ങിയവയ്ക്ക് ഒരു ഏജന്റിനെ നിയമിക്കുക, യാദൃച്ഛികച്ചെലവ് നേരിടാന്‍ മുന്‍കരുതല്‍ വെക്കുന്നത് പോലെയുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ. നിക്ഷേപ അക്കൗണ്ടുകള്‍ സാധാരണയായി ഹ്രസ്വകാലത്തേക്കാണ് (മൂന്ന് മാസം, ആറുമാസം, പന്ത്രണ്ടുമാസം). കുറച്ചുഭാഗം അഞ്ചുവര്‍ഷം വരെയുള്ള കാലത്തേക്കു മാറ്റിവെക്കുന്നു.
വ്യത്യസ്ത നിക്ഷേപകര്‍ക്കനുയോജ്യമാംവണ്ണം വ്യത്യസ്തസ്വഭാവങ്ങളോടുകൂടിയാണ് ഈ നിധിക്ക് രൂപം നല്‍കുന്നത് (അപായസാധ്യത, തുക, കാലം, ലാഭവിതരണ അനുപാതം തുടങ്ങിയവ). നിക്ഷേപ ലക്ഷ്യം സാധൂകരിക്കാന്‍ ചില നിധികളിലെ തുക പര്യാപ്തമല്ലെങ്കില്‍ ബാങ്കുകള്‍ വ്യത്യസ്ത നിധികളിലെ ബാലന്‍സുകള്‍ സ്വരുക്കൂട്ടുന്നു. ബാങ്കുകള്‍ ദീര്‍ഘകാലനിക്ഷേപത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ സാധാരണയായി ദീര്‍ഘകാല നിധികള്‍ക്ക് അമിതപ്രാധാന്യം നല്‍കുന്നു.
ബാങ്കിന്റെ മാനേജ്‌മെന്റ് ഫീസ് മുദാറബഃ ലാഭത്തിന്റെ സമ്മതിത ശതമാനമായിരിക്കും. നഷ്ടമാണെങ്കില്‍, ബാങ്കിന് മാനേജ്‌മെന്റ് ഫീ ഇനത്തില്‍ ഒന്നും ലഭിക്കുന്നില്ല. ലാഭ-നഷ്ട കണക്ക് കിട്ടാന്‍ മുദാറബഃ ആസ്തികള്‍ ഇടക്കിടെ മൂല്യനിര്‍ണ്ണയത്തിന് വിധേയമാക്കുന്നു.
പുതിയ സാമ്പത്തിക ഉപകരണങ്ങളുടെ (financial instruments) വികസനം, ഇസ്‌ലാമിക് ബാങ്കുകള്‍ക്ക് അവയുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിക്കാനും വര്‍ദ്ധിപ്പിക്കാനും മുന്‍ഗണന നല്‍കുന്നതാണ്. വളരെയധികം പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത് ഹ്രസ്വകാല മേഖലയിലാണ്. ബാങ്കിന്റെ വിഭവങ്ങള്‍ക്ക് സ്ഥിരതനല്‍കാന്‍ മധ്യകാല/ദീര്‍ഘകാല ഉപകരണങ്ങള്‍കൂടി നിലവില്‍ വരേണ്ടതുണ്ട്. ഇസ്‌ലാമിക് റിസര്‍ച്ച് ആന്റ് ട്രെയിനിങ്ങ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് പുതിയ ഉപാധികള്‍ വികസിപ്പിച്ചിട്ടുണ്ട്. ഇവ അംഗരാജ്യങ്ങളുടെ വളര്‍ന്നുവരുന്ന ആവശ്യങ്ങള്‍ക്ക് വിഭവങ്ങളൊരുക്കുന്നതിന് സഹായകമാവുന്നു. മറ്റു ചില ഇസ്ലാമിക് ബാങ്കുകള്‍ കൂടി ഈ മേഖലയിലേക്ക് കടന്നുവരുന്നുണ്ട്. മധ്യകാല-ദീര്‍ഘകാല സാമ്പത്തിക ഉപാധികള്‍ക്കുള്ള ഉദാഹരണമാണ് താഴെ:
a) ഇസ്‌ലാമിക നിക്ഷേപ പത്രങ്ങള്‍ (Islamic certificate of deposit)
b) പ്രത്യേക പദ്ധതികള്‍ക്ക് ധനസഹായം നല്‍കാനുള്ള ഇസ്‌ലാമിക നിക്ഷേപ പത്രങ്ങള്‍
ര) പ്രത്യേക പ്രവര്‍ത്തന മേഖലയില്‍ ധനസഹായം നല്‍കാനുള്ള ഇസ്‌ലാമിക നിക്ഷേപ പത്രങ്ങള്‍
c) മുദാറബഃ ബോണ്ടുകള്‍
d) പങ്കാളിത്ത സാക്ഷ്യപത്രങ്ങള്‍ (Participation term certificates)
ഇസ്‌ലാമിക നിക്ഷേപ പത്രങ്ങള്‍ ഒരു പ്രത്യേകമായ പദ്ധതിയുമായി മാത്രം ബന്ധപ്പെട്ടുകിടക്കുന്നതല്ല. ഇവ നിശ്ചിത കാലാവധി പറഞ്ഞാണ് ഇഷ്യൂ ചെയ്യാറുള്ളത്. ഇഷ്യൂ ചെയ്യുന്ന ബാങ്ക് മുദാരിബായി പ്രവര്‍ത്തിക്കുന്നു. ഈ നിധി മറ്റു നിക്ഷേപ പ്രവര്‍ത്തനങ്ങളില്‍നിന്ന് വേര്‍തിരിക്കുന്നു.
4) മുദാറബഃ ബോണ്ടുകള്‍
ഈ ബോണ്ടുകള്‍ കുറച്ചുകൂടി സ്ഥിരമായ ധനശേഖര(Fund)ത്തെ കുറിക്കുന്നു. അവ ദീര്‍ഘകാലത്തേക്കാണ്. ഉദാഹരണമായി, 10 മുതല്‍ 20 വരെ വര്‍ഷങ്ങള്‍ക്ക് . വേണമെങ്കില്‍ ഓഹരിവിപണി(േെീരസ ലഃരവമിഴല)കളില്‍ ഇവ ചേര്‍ക്കാം. അങ്ങനെ, അവ ദ്വിതീയ വിപണിയില്‍ (Secondary market) കച്ചവടം നടത്തുകയുമാവാം. ഒരുസ്ഥിരവരുമാനമില്ലാത്തതുകൊണ്ടുതന്നെ പലിശക്കടപ്പത്രങ്ങളില്‍ നിന്ന് ഇത് വ്യത്യസ്തമാകുന്നു. പക്ഷേ, ഇവ ആനുപാതികമായി ലഭിച്ച ലാഭം നല്‍കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, കടപ്പത്ര ഉടമകള്‍ ഓഹരി ഉടമകളെപ്പോലെ തന്നെയാണ്. അതുകൊണ്ട് തന്നെ, ഓരേ വിലക്കുള്ള ബോണ്ടിന്റെയും ഓഹരിയുടെയും വിപണിവില കാര്യമായ വ്യത്യാസം കാണിക്കുന്നില്ല.
5) സമയബന്ധിത പങ്കാളിത്തസാക്ഷ്യപത്രങ്ങള്‍ (Participation Term Cert-ificates-PTC)
നിലവിലെ ബാങ്കുകളിലെ കടപ്പത്രങ്ങള്‍ക്കു ബദലായി വ്യവസായ സംരംഭങ്ങള്‍ക്ക് മധ്യകാലത്തേക്ക്/ദീര്‍ഘകാലത്തേക്ക് പണം കണ്ടെത്താന്‍ ഇവ ഇഷ്യൂ ചെയ്യുന്നു. ഇവ ലാഭനഷ്ടതത്വത്തിലധിഷ്ഠിതമായി കൈമാറാവുന്ന കമ്പനി ഉപാധികളാണ്. ലാഭ വിതരണക്കാര്യത്തില്‍ ജഠഇ ഉടമകള്‍ ഓഹരി ഉടമകളുടെ മുമ്പേ സ്ഥാനംപിടിക്കുന്നു. നഷ്ടം സംഭവിച്ചാല്‍ അവയുടെ വരിപ്പണ(Contribu-tion)ത്തിനനുസരിച്ച് നഷ്ടം സഹിക്കുന്നു. PTC സാധാരണയായി വ്യവസായ സ്ഥാപനങ്ങളാണ് ഇഷ്യൂ ചെയ്യാറുള്ളത്. എന്നാല്‍ ഇസ്‌ലാമിക ബാങ്കിന് വിഭവങ്ങള്‍ ശേഖരിക്കുന്നതിന് പലിശാധിഷ്ഠിത കടപ്പത്രങ്ങള്‍ക്ക് ബദലായി ഇത്തരം കടപ്പത്രങ്ങള്‍ ഇഷ്യൂ ചെയ്യാവുന്നതാണ്.
ചില ഗവണ്‍മെന്റുകളും ഇസ്‌ലാമിക് സെക്യൂരിറ്റികള്‍ ഇഷ്യൂചെയ്യുന്നുണ്ട്. ഇസ്‌ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് അവയുടെ അധികമുള്ള ധനം ഈ സാക്ഷ്യപ്പത്രങ്ങളില്‍ നിക്ഷേപിക്കാവുന്നതാണ്. ലാഭം കിട്ടുന്ന വ്യവസായ സംരംഭങ്ങളില്‍ നിക്ഷേപാവസരമൊരുക്കിക്കൊണ്ട് ഇറാന്‍ ഇസ്‌ലാമിക തത്വങ്ങളിലധിഷ്ഠിതമായ പങ്കാളിത്ത ബോണ്ടുകള്‍ ഇഷ്യൂ ചെയ്യുന്നു.
പണശേഷിപ്പുകള്‍ (Cash balances)
എല്ലാ രാജ്യങ്ങളിലെയും കേന്ദ്രബാങ്കുകള്‍ ബാധ്യതകളുടെ ഒരു നിശ്ചിത ശതമാനം പണമായി സൂക്ഷിക്കാനും മറ്റൊരു ഭാഗം കേന്ദ്രബാങ്കില്‍ നിയമപരമായ നിക്ഷേപ (പലിശ രഹിതം)മായി സൂക്ഷിക്കാനും നിര്‍ബന്ധിക്കുന്നു. ബാങ്കിന്റെ ബാധ്യതയുടെ ഒരു കുറഞ്ഞ ശതമാനം ഗവണ്‍മെന്റിന്റെ സെക്യൂരിറ്റികള്‍, ട്രഷറിബില്ലുകള്‍, പ്രത്യേക ബോണ്ടുകള്‍, കടപ്പത്രങ്ങള്‍, തുടങ്ങി അംഗീകൃത സാമ്പത്തിക ഉപകരണങ്ങളില്‍ നിക്ഷേപിക്കാനാവശ്യപ്പെടുന്നു. ഈ ഉപകരണങ്ങള്‍ മിക്കതും പലിശാധിഷ്ഠിതമായതുകൊണ്ട് ഇസ്‌ലാമിക് ബാങ്കിന് പ്രശ്‌നം സൃഷ്ടിക്കുന്നു. സാധാരണയായി ബാങ്കിന്റെ ബാധ്യതയുടെ 20-35%വരെ നിക്ഷേപിക്കേണ്ടതുണ്ട്. ഇത് ഇസ്‌ലാമിക് ബാങ്കിന്റെ ലാഭമുണ്ടാക്കാനുള്ള കഴിവ് കുറക്കുകയും നിക്ഷേപകര്‍ക്കുള്ള ലാഭത്തില്‍ കുറവു വരുത്തുകയും ചെയ്യുന്നു. അക്കാരണത്താല്‍, ഇതിന് ഒരു ബദല്‍ കാണേണ്ടത് അത്യാവശ്യമാണ്. പങ്കാളിത്ത സാക്ഷ്യപത്രങ്ങളും മലേഷ്യന്‍ ഗവണ്‍മെന്റിന്റെ നിക്ഷേപ പത്രങ്ങളും ഈ മേഖലയിലെ കാല്‍വയ്പുകളാണ്.
ഇനി, മറ്റു ബാങ്കുകളിലും ധനകാര്യസ്ഥാപനങ്ങളിലുമുള്ള ശേഷിപ്പുകള്‍, അല്‍പസമയവായ്പകള്‍ എന്നിവയെക്കുറിച്ച് പറയാം. അല്‍പസമയവായ്പകള്‍ (money at call short notice) ഹ്രസ്വകാലനിക്ഷേപത്തെ പ്രതിനിധീകരിക്കുന്നു. (വിശദീകരണം പണവിപണി എന്ന തലക്കെട്ടില്‍ കാണാം). ഇസ്‌ലാമിക് ബാങ്കിന്റെ നിധികള്‍ ലാഭനഷ്ട അക്കൗണ്ടില്‍ കാണിക്കാനുള്ള സംവിധാനങ്ങള്‍ ആവശ്യമാണ്.
ഇസ്‌ലാമിക പണമിടപാടുകള്‍ (Islamic Financing)
പരമ്പരാഗത ബാങ്കുകള്‍ പൊതു ജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കുകയും ആവശ്യക്കാര്‍ക്ക് വായ്പകൊടുക്കുകയും ചെയ്യുന്നു. ബാങ്കിന്റെ ലാഭം നിക്ഷേപകന്ന് കൊടുക്കുന്ന പലിശയും ആവശ്യക്കാരില്‍നിന്നും (വായ്പ എടുത്ത ആളില്‍നിന്ന്) ലഭിക്കുന്ന പലിശയും തമ്മില്‍ വ്യത്യാസമുണ്ട്. പലിശ എല്ലായ്‌പ്പോഴും ആദ്യമേ നിര്‍ണ്ണയിച്ചിരിക്കും. തിരിച്ചടവില്‍ താമസം നേരിട്ടാല്‍ കൂട്ടുപലിശ ഈടാക്കും.
മൂലധനവും അധ്വാനവും ഒരുമിച്ചാലല്ലാതെ പണമുണ്ടാവുന്നില്ലെന്ന തത്ത്വത്തിലധിഷ്ഠിതമാണ് ഇസ്‌ലാമിക സാമ്പത്തിക വ്യവസ്ഥ. പണം ഒരിക്കലും പണം ഉണ്ടാക്കുന്നില്ല. നിക്ഷേപകനുള്ള ലാഭവും (മൂലധനം നല്‍കിയവന്‍) ബാങ്കിനുള്ള ലാഭവും (അധ്വാനിച്ചയാള്‍) ആശ്രയിച്ചിരിക്കുന്നത് ഇടപാടിലെ യഥാര്‍ഥ ലാഭത്തെയാണ്. ഇസ്‌ലാമിക് ബാങ്കിന്റെ സാമ്പത്തിക ഉപകരണങ്ങള്‍ താഴെ വിശദീകരിക്കുന്ന ഒന്നോ രണ്ടോ രൂപങ്ങള്‍ സ്വീകരിക്കുന്നു.
ഒന്ന് ) മുദാറബഃ
ഒരു കക്ഷി ധനവും മറുകക്ഷി മാനേജ്‌മെന്റ് വൈദഗ്ധ്യവും നല്‍കിക്കൊണ്ടുള്ള ലാഭ പങ്കാളിത്തത്തിലധിഷ്ഠിതമായ കരാറാണിത്. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍, മുദാറബഃ (അഥവാ ഖിറാദ് ) എന്നത്, ലാഭം ലക്ഷ്യം വെച്ചുകൊണ്ട് ഒരു പ്രത്യേക പദ്ധതിക്ക് പണം നല്‍കിയയാളും (റബ്ബുല്‍മാല്‍)ട്രസ്റ്റിയും (മുദാരിബ്) തമ്മിലുള്ള കരാറാണ്. ലാഭം, പണം നല്‍കിയ ആളിന്റെയും ട്രസ്റ്റിയുടെയും ഇടയില്‍ മുമ്പംഗീകരിക്കപ്പെട്ട അനുപാതത്തില്‍ വീതിക്കപ്പെടുന്നു. നഷ്ടം സംഭവിച്ചാല്‍ സാമ്പത്തിക ബാധ്യതകള്‍ ഏറ്റെടുക്കേണ്ടത് ഉടമയാണ്. മുദാരിബിന് തന്റെ അധ്വാനം നഷ്ടമാകുന്നു. എന്നാല്‍, ധനം കൈകാര്യ ചെയ്യുന്നേടത്ത് മനഃപൂര്‍വ്വമുള്ള അശ്രദ്ധ ആരോപിക്കപ്പെട്ടാല്‍ (ചതി, വിശ്വാസലംഘനം....) മുദാരിബ് നഷ്ടത്തിനുത്തരവാദിയായിരിക്കും. ഉടമയുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമായി ധനം ഇസ്‌ലാമനുവദിച്ച പ്രവര്‍ത്തനങ്ങളിലുപയോഗിക്കുന്നു.
മുദാറബഃ ഇടപാടില്‍ ഇടപാടുകാരന്റെ പണമോ ബാങ്കിന്റെ പണമോ കൂട്ടിക്കലര്‍ത്താതെ ഉപയോഗിക്കുന്നു. ബാങ്കിന്റെയോ ഇടപാടുകാരന്റെയോ പണം നിക്ഷേപിക്കുമ്പോള്‍ ബാങ്ക് റബ്ബുല്‍മാലും (മുതലുടമ) വ്യവസായ സംരംഭകന്‍ ട്രസ്റ്റിയും ആകുന്നു.
ബാങ്കിന്റെ പണം ഒട്ടുമില്ലാതെ ഇടപാടുകാര(client)ന്റെ പണം വിനിയോഗിക്കുകയാണെങ്കില്‍ ഇവിടെ ബാങ്ക്, ഇടപാടുകാരന് വേണ്ടി മുദാരിബായി പ്രവര്‍ത്തിക്കുന്നു. ലാഭത്തിന്റെ ഒരു ഭാഗം സേവനം നല്‍കിയതിന് ബാങ്ക് ഈടാക്കുന്നു.
റബ്ബുല്‍മാലിന് വേണമെങ്കില്‍ ചില നിബന്ധനകള്‍ വെക്കാവുന്നതാണ്. ഉദാഹരണത്തിന്, ലക്ഷ്യം, കാലാവധി, അപായ സാധ്യതയുടെ നിലവാരം മുതലായവയില്‍. അല്ലെങ്കില്‍, ഏജന്റിനെ നിയമിക്കുന്നതു മുതല്‍ മുദാറബയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഏല്‍പിക്കുക. മുദാരിബിന് റബ്ബുല്‍ മാലിന്റെ സമ്മതത്തോടെ വേണമെങ്കില്‍ ഉപ-മുദാറബയില്‍ ഏര്‍പ്പെടാവുന്നതാണ്. മുദാറബാആസ്തികള്‍ വില്‍ക്കാനോ വാങ്ങാനോ ഉള്ള അധികാരം മുദാരിബിനുണ്ടായിരിക്കുന്നതല്ല.
പ്രധാനമായും, രണ്ട് രീതിയിലുള്ള മുദാറബഃ ഇടപാടുകളുണ്ട്. വിവിധോദ്ദേശ്യമുദാറബയും പ്രത്യേക മുദാറബയും. മുദാറബഃയില്‍ മൂലധനം പ്രദാനം ചെയ്യുന്നത് ബാങ്കായതുകൊണ്ട് പദ്ധതിയുടെ സാധ്യതാപഠനത്തെ സൂക്ഷ്മാപഗ്രഥനത്തിന് വിധേയമാക്കേണ്ടതുണ്ട്. അന്തര്‍ദേശീയ ഇടപാടുകളില്‍ വിനിമയത്തിലുള്ള നഷ്ടസാധ്യത, രാഷ്ട്രീയ അസ്ഥിരത തുടങ്ങിയ കാര്യങ്ങള്‍ കരാറില്‍ ഒപ്പുവെക്കുന്നതിനുമുമ്പായി പരിഗണിക്കേണ്ടതുണ്ട്. കൂടാതെ, വായ്പ നല്‍കിയതിന് ശേഷം പദ്ധതികളുടെ പൂര്‍ത്തീകരണത്തില്‍ താമസമോ, അധികച്ചെലവോ, അസംസ്‌കൃത വസ്തുക്കളുടെ നാശമോ ഇല്ലാതിരിക്കാന്‍ സൂക്ഷ്മ മേല്‍നോട്ടം വഹിക്കേണ്ടതുണ്ട്. കരാര്‍ അനുവദിക്കുകയാണെങ്കില്‍ റബ്ബുല്‍മാലിന് (ആമിസ) ഒരു പ്രതിനിധിയെ (മുദാരിബ്) സ്ഥാപനത്തില്‍ നിയമിക്കാവുന്നതാണ്.
മുദാറബഃ സാധാരണയായി ഒരു പ്രത്യേക കാലയളവിലേക്കായിരിക്കും. ലാഭവിതരണത്തിന് കാലാനുസൃതമായി കണക്കെടുക്കുന്നു. മുദാരിബിന് ഒരു സ്ഥിരസംഖ്യക്ക് പകരം ലാഭത്തിന്റെ നിശ്ചിത ശതമാനം ലഭിക്കുന്നു. മുദാറബഃ ഇടപാടിന് ഒരുദാഹരണം താഴെ നല്‍കുന്നു:
ഇസ്‌ലാമിക് ബാങ്ക്, ഒരു സംരംഭം സ്ഥാപിച്ച് നടത്തിക്കൊണ്ടുപോകുന്നതിന് 10 മില്യണ്‍ ഡോളര്‍ നല്‍കുന്നു. ഇടപാടുകാരനും ബാങ്കും തമ്മിലെ ലാഭപങ്കാളിത്താനുപാതം 20:80 ആയി നിശ്ചയിക്കുന്നു. പദ്ധതികാലയളവില്‍ 1,50,000 ഡോളര്‍ ലാഭമുണ്ടാക്കിയതായി ഓഡിറ്റ് ചെയ്ത കണക്കുകള്‍ കാണിക്കുന്നു. ഇതില്‍, ബാങ്കിന് മൂലധനത്തോടൊപ്പം 1,20,000 ഡോളര്‍ ലാഭവും ഇടപാടുകാരന് 30,000 ഡോളര്‍ ലാഭവിഹിതവും തിരിച്ചുകിട്ടുന്നു. എന്നാല്‍, ഇവിടെ മുദാരിബ് എന്ന നിലയ്ക്കു സേവനമനുഷ്ടിച്ച ഇടപാടുകാരനു അതിനു പ്രതിഫലമായി ഒന്നും ലഭിക്കുന്നില്ല.
രണ്ട്) പങ്കാളിത്ത ഇടപാട്(മുശാറകഃ)
ഇസ്‌ലാമിക് ബാങ്കും വ്യക്തിയോ ബിസിനസ്സ് സ്ഥാപനമോ പ്രത്യേക സംരംഭങ്ങള്‍ നടത്താനുദ്ദേശിച്ചുകൊണ്ട് കൂട്ടുകൂടുന്നതിനെയാണ് മുശാറകഃ എന്നു പറയുന്നത്. നിശ്ചിത കാലാവധിയോ നിബന്ധനകളോ പൂര്‍ത്തീകരിച്ചാല്‍ മുശാറകഃ ഇടപാട് പര്യവസാനിക്കുന്നു. മുദാറബക്ക് വിരുദ്ധമായി, ഇതില്‍ രണ്ടു കക്ഷിയും സംരംഭമൂലധനത്തില്‍ പങ്കാളിയാവുന്നു. നിര്‍വഹണനൈപുണ്യത്തിനു പ്രതിഫലം നല്‍കിയതിനുശേഷമുള്ള ലാഭം രണ്ട് കക്ഷികളും ഇറക്കിയ മൂലധനത്തിനാനുപാതികമായി പങ്കുവെക്കുന്നു. നഷ്ടവും അതേ അനുപാതത്തില്‍ പങ്കുവെക്കുന്നു. ഈ അവസ്ഥയില്‍, നിര്‍വഹണനൈപുണ്യത്തിനു പ്രതിഫലമായി ഒന്നും ലഭിക്കുന്നില്ല.
ഇസ്‌ലാമിക് ബാങ്കിന് വ്യവസായ സംരംഭങ്ങള്‍, റിയല്‍ എസ്റ്റേറ്റ് കോണ്‍ട്രാക്റ്റിംഗ് തുടങ്ങി എല്ലാ നിയമവിധേയമായ സംരംഭങ്ങള്‍ക്കും മുശാറകഃ വഴി ധനസഹായം നല്‍കാം. നിക്ഷേപകന് കൈമാറ്റം ചെയ്യാവുന്ന മുശാറകഃ സാക്ഷ്യപത്രങ്ങള്‍ നല്‍കി മുശാറകഃ സുരക്ഷിതമാക്കാം. House Finance പോലുള്ള ഇടപാടുകളില്‍ മുശാറകഃയുടെ വ്യാപ്തി തവണകളടക്കുന്നതിനനുസൃതമായി കുറഞ്ഞുവരാം.
ഇസ്‌ലാമികമായി, ഏറ്റവും നല്ല ഇടപാടുകള്‍ മുദാറബഃയും മുശാറകഃയുമാണ്. പക്ഷേ ഇവയില്‍ അന്തര്‍ലീനമായിക്കിടക്കുന്ന അപായ സാധ്യതയും വ്യവസായ സംരംഭകനെ ശരിയായ സാമ്പത്തിക സ്ഥിതികാണിക്കുന്നതില്‍നിന്നു തടയുന്ന ഉയര്‍ന്ന നികുതി നിരക്കും പ്രായോഗിക ബുദ്ധിമുട്ടുകളായി കടന്നുവരുന്നു. കൂടാതെ, ഇത്തരം ഇടപാടുകള്‍ തുടര്‍നിരീക്ഷണം ആവശ്യപ്പെടുന്നവയായതിനാല്‍ ബാങ്കിന് വലിയ തോതില്‍ ഇത്തരം സംരംഭങ്ങളിലേര്‍പ്പെടാന്‍ സാധിക്കുകയില്ല. മുദാറബയുടെയും മുശാറകഃയുടെയും പ്രചാരണത്തിന് യുക്തിനിഷ്ഠമായ നികുതി സമ്പ്രദായം, എല്ലാ തട്ടുകളിലും സുതാര്യമായ ഓഡിറ്റ് (ആന്തരിക/ബാഹ്യ ഓഡിറ്റ്) സമ്പ്രദായം വ്യാപിപ്പിക്കുക തുടങ്ങിയവ അത്യാവശ്യമാണ്.
മുശാറകഃ ദീര്‍ഘകാലത്തേക്കുള്ളതാണെങ്കില്‍ (ഉദാ: ഒരു വര്‍ഷം) പ്രതീക്ഷിത വരുമാനത്തില്‍ നിന്ന് യാദൃച്ഛിക ചെലവ് മാറ്റിവെച്ചു കാലാകാലങ്ങളിലുള്ള നീക്കുപോക്കുകള്‍ക്കും കരാറിന്റെ അവസാനത്തിലുള്ള നീക്കുപോക്കുകള്‍ക്കും വിധേയമായി ഓരോ സമയത്തെയും ലാഭം അപ്പപ്പോള്‍ നല്‍കാവുന്നതാണ്.
മുശാറകഃ ഇടപാടിന്റെ മാതൃക താഴെ കൊടുത്തിരിക്കുന്നു. അആഇ ഇസ്‌ലാമിക് ബാങ്കും X എന്ന വ്യക്തിയും ഏകദേശം 10 മില്യണ്‍ ഡോളര്‍ മുതലിറക്കി 200 മെഴ്‌സിഡസ് കാര്‍ ഇറക്കുമതിചെയ്യാന്‍ തീരുമാനിച്ചു. ബാങ്ക് 8 മില്യണും ഇടപാടുകാരന്‍ 2 മില്യണും മൂലധനമിറക്കി. വാഹനങ്ങളുടെ ഇറക്കുമതി,തുറമുഖത്തുനിന്നുള്ള ക്ലിയറന്‍സ്, സ്റ്റോറിംഗ്, ഇന്‍ഷ്വറന്‍സ്, വില്‍പ്പന, കണക്കുസൂക്ഷിക്കല്‍ മുതലായ ഇറക്കുമതി സംബന്ധമായ എല്ലാ പ്രവര്‍ത്തനങ്ങളും ലാഭത്തിന്റെ പത്തുശതമാനം വേതനമായി നല്‍കാമെന്ന കരാറില്‍ ഇടപാടുകാരന്‍ ഏറ്റെടുക്കുന്നു. കാറുകള്‍12.4 മില്യണ്‍ ഡോളറിന് വിറ്റു. ബാങ്ക് ചാര്‍ജ്ജ് അടക്കം 2,00,000 ഡോളര്‍ ചെലവ് വന്നതായി കണക്ക് കൂട്ടി. ഇടപാടിന്റെ അവസാനത്തില്‍ ബാങ്കിനും ഇടപാടുകാരനും കിട്ടുന്ന തുക താഴെ പറയും പ്രകാരമായിരിക്കും:
വില്‍പനവരുമാനം 12,400,000- ചെലവ് 200,000
ലഭ്യമായ പണം 12,200,000-
നിക്ഷേപിച്ച പണം 10,000,000
ഇടപാടിലെ ലാഭം 2,200,000-
മാനേജ്‌മെന്റ് ഫീ(10%) 220,000
വിതരണം ചെയ്യാനുള്ള ലാഭം 1,980,000
ബാങ്കിന് ലാഭത്തിന്റെ 80%വും മൂലധനവുമടക്കം 95,84,000 (80,00,000+80%ത1,980,000) ഡോളറും ത ന് ലാഭത്തിന്റെ 20%വും മാനേജ്‌മെന്റ് ഫീയും മൂലധനവുമടക്കം 26,16,000 (20,00,000+2,20,000+20% ത1,980,000) ഡോളറും ലഭിക്കുന്നു.
എന്നാല്‍, വിപണി വില കുറയുകയാണെങ്കില്‍ വാങ്ങിയ വിലയേക്കാള്‍ കുറഞ്ഞ വിലക്ക് വില്‍ക്കേണ്ടിവന്നേക്കാം. ഉദാഹരണത്തിന് 9,200,000 രൂപക്ക് വില്‍ക്കേണ്ടിവന്നാല്‍
മൂലധനനഷ്ടം
(10,000,000-9,200,000)800,000- ചെലവുകള്‍ 200,000
ആകെ നഷ്ടം 1,000,000
ഇവിടെ ലാഭമില്ലാത്തതുകൊണ്ട് ഇടപാടുകാരന് മാനേജ്‌മെന്റ് ഫീസിനത്തില്‍ ഒന്നും ലഭിക്കുന്നില്ല. ആകെയുള്ള നഷ്ടം 80:20 എന്ന അനുപാതത്തില്‍ പങ്കിടുന്നു.
മൂന്ന്) മുറാബഹഃ (ചെലവ്+ലാഭം)
മൂലധന ചരക്കുകള്‍, അസംസ്‌കൃത വസ്തുക്കള്‍ എന്നിവയുടെ ഇറക്കുമതിക്കും പ്രാദേശിക ക്രയത്തിനും മുറാബഹഃ പണമിടപാട് ഉപയോഗിക്കുന്നു. മുറാബഹഃ കരാറില്‍ ഇടപാടുകാരന്‍ ചരക്കുകളുടെ ഇനംതിരിച്ചുള്ള കണക്കുകള്‍ ബാങ്കിന് നല്‍കുന്നു. ഇടപാടുവ്യവസ്ഥകള്‍ പൂര്‍ത്തിയാകുന്നതോടെ, ബാങ്ക് മൂന്നാം കക്ഷിയില്‍ നിന്നു ചരക്കുകള്‍ വാങ്ങി ഇടപാടുകാരന്ന് ചരക്കുകളോ അവയുടെ കൈവശാവകാശ രേഖകളോ കൈമാറുന്നു.
കരാര്‍ പ്രകാരമുള്ള ഒരു നിശ്ചിത തുക കാലാവധിയോ പണമിടപാടിന്റെ വ്യാപ്തിയോ പരിഗണിക്കാതെ ലാഭമായി നല്‍കുന്നു. എന്നാല്‍ ചിലപ്പോള്‍ കാലാവധി മാറുന്നതിനനുസരിച്ച് മാത്രം ലാഭവും മാറാവുന്നതാണ്. ഉദാ: മൂന്ന് മാസത്തിനകം തിരിച്ചടക്കുകയാണെങ്കില്‍ ലാഭമിത്ര, ആറുമാസമാണെങ്കില്‍ ഇത്ര എന്ന തോതില്‍. പക്ഷേ, ഈ ലാഭം ഒരിക്കലും മൂന്ന് മാസത്തിന്റെ നേരെ ഇരട്ടിയായിക്കൊള്ളണമെന്നില്ല. കക്ഷി ചരക്കേറ്റെടുക്കുന്നതുവരെ സംരക്ഷണം ബാങ്കിന്റെ ചുമതലയാണ്. അതുകൊണ്ടുതന്നെ ബാങ്കിന്റെ ചുമലില്‍ ചെറിയൊരു റിസ്‌ക് ഇതില്‍ വന്നുചേരുന്നതായിക്കാണാം.
മുറാബഹഃയുമായി ബന്ധപ്പെട്ട ചില അടിസ്ഥാനതത്വങ്ങള്‍ വ്യക്തമാക്കിയിരിക്കുകയാണു താഴെ.
മ) ബാങ്ക് നിര്‍ബന്ധമായും യഥാര്‍ത്ഥ വാങ്ങലും വില്‍ക്കലും നടത്തിയിരിക്കണം. കക്ഷിയുടെ കൈയില്‍ നിലവിലുള്ള ചരക്കിന്മേലോ നിര്‍ണ്ണിതമല്ലാത്ത ചരക്കിന്മേലോ മുറാബഹഃക്ക് രൂപം നല്‍കരുത്.
യ) ചരക്കുകള്‍ വ്യക്തമായി വേര്‍തിരിക്കപ്പെടണം, ചരക്കുകള്‍ നല്‍കുന്ന സ്ഥലം, തിരിച്ചടവുകാലാവധി എന്നിവ മുന്‍കൂറായി തീരുമാനിക്കണം.
ര) ചരക്കുകള്‍ കക്ഷിക്ക് വില്‍ക്കുന്നതിനു മുമ്പ് ബാങ്ക് അവ ഉടമപ്പെടുത്തിയിരിക്കണം. ഭൗതികാര്‍ത്ഥത്തില്‍ ഉടമപ്പെടുത്തിയിട്ടില്ലെങ്കില്‍ നിയമപരമായെങ്കിലും ആ പ്രക്രിയ നടത്തിയിരിക്കണം. ചരക്കിന് എന്തെങ്കിലും കേടുപാടുകള്‍ സംഭവിച്ചാല്‍ ഉത്തരവാദിത്വം ബാങ്കിനായിരിക്കും.
റ) യഥാര്‍ത്ഥ വില്‍പന നടത്തിയതിന് ശേഷമായിരിക്കണം ഇടപാടുകാരന്‍ ധനസഹായരേഖകളില്‍ ഒപ്പുവെക്കുന്നത്.
ല) ഒരു പ്രത്യേക ചരക്ക് ഒരു പ്രാവശ്യം മാത്രമേ വാങ്ങാനും വില്‍ക്കാനും പാടുള്ളൂ. വിലയുടെ കാര്യത്തില്‍ പുനരാലോചന അനുവദിക്കുന്നതല്ല. തവണകള്‍ പുനഃക്രമീകരണത്തിന് വിധേയമാക്കുകയാണെങ്കില്‍ അധികത്തുക ഈടാക്കരുത്.
ള) മുറാബഹഃ ഇന്‍സ്ട്രുമെന്റിനുമേല്‍ കിഴിവ് അനുവദിക്കരുത്.
ഴ) സമയത്ത് തിരിച്ചടവ് ഉറപ്പാക്കാനായി ബാങ്ക് ചില അനുബന്ധ സെക്യൂരിറ്റികള്‍ ആവശ്യപ്പെടേണ്ടതുണ്ട്.
മുന്‍കൂര്‍ കച്ചവടം (ബയ്അ് സലം)
വസ്തു വിതരണത്തിന് മുന്‍കൂട്ടി പണമടക്കുന്ന ഇടപാടായി മുന്‍കൂര്‍ കച്ചവടത്തെ നമുക്ക് നിര്‍വ്വചിക്കാം. ഇത്തരം ഇടപാടില്‍ ബാങ്ക് കരാറില്‍ പറഞ്ഞിരിക്കുന്ന ധനസഹായതുക മുന്‍കൂട്ടി നല്‍കുന്നു. നിശ്ചിത ദിവസം ബാങ്കിന്ന് പറഞ്ഞിരിക്കുന്ന സ്ഥലത്തുവെച്ച് ചരക്ക് നല്‍കുന്നു. കരാര്‍ പ്രകാരമുള്ള തുക മുഴുവനായും കരാറില്‍ ഏര്‍പ്പെടുന്ന സമയത്ത് തന്നെ ഈ ഇടപാടില്‍ നല്‍കപ്പെടുന്നു. കക്ഷി ചരക്ക് നല്‍കുന്നതില്‍ വീഴ്ച വരുത്തിയാല്‍ മുന്‍കൂറായി നല്‍കിയ തുക തിരിച്ചുപിടിക്കാന്‍ ബാങ്കിന് അധികാരമുണ്ട്. ചരക്കുകളുടെ വിതരണം ഉറപ്പുവരുത്താന്‍ ബാങ്കിന് ഈടുകള്‍ ആവശ്യപ്പെടാവുന്നതാണ്. ഈടുകളില്‍ നിന്ന് എന്തെങ്കിലും ആദായം ലഭിച്ചാല്‍ അത് പണയക്കാരന് നല്‍കണം. ചരക്കുകള്‍ സംഘടിപ്പിക്കാനുള്ള പണം മുന്‍കൂറായി ലഭിക്കുന്നതുകൊണ്ട് കക്ഷിക്കും വിലയിലെ വ്യത്യാസം മൂലം സാമ്പത്തികലാഭം കിട്ടുന്നതുകൊണ്ട് ബാങ്കിനും ഗുണകരമാണ് സലം കച്ചവടം. മുന്‍കൂര്‍ വ്യാപാരത്തില്‍ എപ്പോഴും റൊക്കം പണം നല്‍കി വാങ്ങുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ചരക്കുകള്‍ ലഭിക്കുന്നതിനാലാണ് അത് ലാഭകരമാവുന്നത്. സമയത്തിന് ചരക്ക് നല്‍കാന്‍ കഴിയുമെന്നുറപ്പില്ലെങ്കില്‍ മുന്‍കൂര്‍ ഇടപാടിലേര്‍പ്പെടാവുന്നതല്ല.
പണം പിന്നീടടക്കുന്ന കച്ചവടം (Deferred Payment sale)
ഇതില്‍ ബാങ്ക് ചരക്കുകള്‍ നേരിട്ടോ ഏജന്റ് മുഖേനയോ വാങ്ങി ചിലവിനോടൊപ്പം ലാഭവുംകൂട്ടി ഇടപാടുകാരന് വില്‍ക്കുന്നു. പിന്നീട്, മൊത്തമായോ തവണകളായോ തുക അടച്ചു തീര്‍ക്കാന്‍ സമ്മതിക്കുന്നു. ശരീഅത്തിന്റെ അധ്യാപനങ്ങള്‍ക്കനുസൃതമാകാന്‍ വില്‍പനയ്ക്ക് വെക്കുന്ന ചരക്ക് നിര്‍ബന്ധമായും ബാങ്കിന്റെ ഉടമസ്ഥതയില്‍ വരണം. ചരക്ക് ബാങ്കിന് സ്വയംതന്നെ കൈവശം വെക്കുകയോ ചുമതലപ്പെടുത്തിയ കക്ഷി മുഖേന കൈവശം വെക്കുകയോ ആവാം. ചിലപ്പോള്‍, ബാങ്കിന് വേണ്ടി ചരക്കു വാങ്ങാന്‍ കക്ഷിയെതന്നെ ഏല്‍പിക്കുന്നു. ഈ അവസരത്തില്‍ കക്ഷി ഒരു കൈകാര്യകര്‍ത്താവ് (Trustee) മാത്രമാണ്. ഉടമാവകാശവും നഷ്ടസാധ്യതയും ബാങ്കില്‍തന്നെ നിക്ഷിപ്തമാണ്. പക്ഷേ, കക്ഷി ചരക്ക് വാങ്ങിക്കഴിഞ്ഞാല്‍ ഇത് രണ്ടും കക്ഷിയുടെതാകും.
വാങ്ങാമെന്നുള്ള വാഗ്ദാനം ചരക്കുകള്‍ നല്‍കുന്നത് വരെ നിയമപരമായി നിര്‍ബന്ധമാകുന്നില്ല. എന്നാല്‍ ഈ വാഗ്ദാനം ബാങ്കിന് നഷ്ടം വരുത്തുകയാണെങ്കില്‍ ഇസ്‌ലാമികമായി ഇത് നിറവേറ്റാന്‍ അയാള്‍ ബാധ്യസ്ഥാണ്. വാഗ്ദാന ലംഘനത്തെ ഇസ്‌ലാം കര്‍ശനമായി നിരോധിച്ചിരിക്കുന്നു. തിരിച്ചടവ് ഉറപ്പുവരുത്താന്‍ ബാങ്കിന് ഈടുകള്‍ ആവശ്യപ്പെടാവുന്നതുമാണ്.
മുകളില്‍ പറഞ്ഞ മുറാബഹഃയുടെ അടിസ്ഥാനതത്ത്വങ്ങള്‍, പ്രത്യേകിച്ചും ചരക്കുകള്‍ വാങ്ങുന്നേടത്തും ഇടപാടുകാരന് കൈവശാവകാശരേഖകള്‍ കൈമാറുന്നേടത്തുമുള്ളവ, ആഭ്യന്തര-അന്താരാഷ്ട്ര കച്ചവടങ്ങളില്‍ ഒരുപോലെ പ്രയോഗിക്കുന്നു.
മുറാബഹഃ അടിസ്ഥാനത്തിലുള്ള ചില നൂതനമായ ധനസഹായങ്ങളും നടന്നുവരുന്നുണ്ട്. ഉദാ:യുനൈറ്റഡ് ബാങ്ക് ഓഫ് കുവൈറ്റ് ഇംഗ്ലണ്ടിലും യു.എസ്.എസിലും ആരംഭിച്ച മന്‍സില്‍ പദ്ധതി. മുറാബഹഃ, സമയത്തിനു മുമ്പ് തിരിച്ചടക്കുകയാണെങ്കില്‍ പാരിതോഷികമെന്ന നിലയില്‍ ബാങ്ക് ലാഭത്തുക തിരിച്ചുകൊടുക്കുന്നു. തിരിച്ചടവ് നിബന്ധനകള്‍ ലളിതവും അയവുള്ളവയുമാണ്. ഒരിക്കല്‍ ബാങ്കിന്റെ ലാഭം തീരുമാനിക്കപ്പെട്ടാല്‍ ബാങ്കിന്റെ ചെലവും ലാഭവും നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചടച്ചാല്‍ മതി. മുറാബഹഃ ഇടപാടിന് ഒരുദാഹരണം താഴെ കൊടുക്കുന്നു:
ഒരു ടെക്‌സ്റ്റൈല്‍ മില്ലിന് പ്രാദേശിക വിപണിയില്‍ ലഭ്യമല്ലാത്ത കുറച്ചു രാസപദാര്‍ത്ഥങ്ങള്‍ (കെമിക്കലുകള്‍) അവരുടെ ഉല്‍പന്നത്തിന്ന് നിറം ചേര്‍ക്കാന്‍ ആവശ്യമുണ്ടെന്നിരിക്കട്ടെ. അവര്‍ ഒരു ഇസ്‌ലാമിക ബാങ്കിനെ ചരക്കുകളുടെ പൂര്‍ണ്ണ പട്ടിക(വിതരണക്കാരെയും വിലയെയും സംബന്ധിച്ച വിവരമടക്കം)യുമായി സമീപിക്കുന്നു. അധികസാഹചര്യങ്ങളിലും വിതരണക്കാരനും മില്ലുടമയും വിലയുടെ കാര്യത്തില്‍ ഒരു തീരുമാനത്തില്‍ എത്തിയിരിക്കും. ബാങ്ക് ലാഭമടങ്ങിയ ഒരു തുക ക്വാട്ട് ചെയ്യുന്നു. ബാങ്ക് വിതരണക്കാരന്റെ പേരില്‍ ഒരു ജാമ്യച്ചീട്ട് (Letter of Credit) തുറക്കുകയും ചരക്കുകളുടെ പട്ടികയില്‍ ഒപ്പിടുകയും ചെയ്യുന്നു. കയറ്റുമതിച്ചെലവ് ധാരണപ്രകാരം ഇസ്‌ലാമിക ബാങ്ക് കൊടുക്കുന്നു. രേഖകള്‍ സ്വീകരിക്കുകയും ഒരാഴ്ചയ്ക്ക് ശേഷം ചരക്കുകള്‍ സ്വീകരിക്കുകയും ചെയ്യുന്നു. ഇടപാടുകാരന്‍ ബാങ്കുമായി ബന്ധപ്പെട്ട് ചരക്കുകള്‍ സ്വന്തമാക്കുന്നു.
ഏറ്റെടുത്ത ചരക്ക് 1,20,000 ഡോളറിനും ജാമ്യച്ചീട്ട് തുറന്ന സമയത്ത് സമ്മതിച്ച ലാഭം 5,000 ഡോളറുമാണെങ്കില്‍ ആറുമാസം കൊണ്ട് തിരിച്ചടക്കാമെന്ന വ്യവസ്ഥയില്‍ പ്രോനോട്ടും (Pr-omissory Note) വിതരണകത്തും (Delivery Letter) മറ്റു ബന്ധപ്പെട്ട രേഖകളും തയ്യാറാക്കുന്നു. ബാങ്ക് 1,25,000 ഡോളറിന്റെ ബില്‍ മില്ലുടമക്ക് നല്‍കുന്നു,
സാധാരണപോലെ പണമിടപാട് സമയത്തുതന്നെ തിരിച്ചടച്ചാല്‍ ഇടപാട് തീരുന്നു. തിരിച്ചടവില്‍ താമസം നേരിട്ടാല്‍, ഭൂരിപക്ഷം പണ്ഡിതന്മാരുടെയും അഭിപ്രായത്തില്‍, ബാങ്കിന് ഒന്നും തന്നെ അധികമായി വാങ്ങാന്‍ പറ്റില്ല. പക്ഷേ മനഃപൂര്‍വ്വമുള്ള വൈകിക്കല്‍ തടയുന്നതിന് മുറാബഹഃ അക്കൗണ്ടുകളിലെ ശരാശരി ആദായത്തിന് തുല്യമായ തുക ഈടാക്കുന്നു. ഇത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പലിശ രഹിതവായ്പയായിനല്‍കാനും ഉപയോഗിക്കുന്നു. എന്നാല്‍ താമസം നേരിടുന്നത് നിയന്ത്രണാതീതമായ കാരണം കൊണ്ടാണെങ്കില്‍ അധികപ്പണം ഈടാക്കുന്നതല്ല.
നാല്) നിര്‍മ്മാണം( ഇസ്തിസ്‌നാഅ്)
ഇടപാടുകാന്റെ അപേക്ഷയിന്മേല്‍ റോഡുനിര്‍മ്മാണം, വെള്ളക്കുഴല്‍ സ്ഥാപിക്കല്‍ തുടങ്ങിയ വലിയ നിര്‍മ്മാണപദ്ധതികളോ ചില സാമഗ്രികളുടെ ഉല്‍പ്പാദനമോ ബാങ്ക് മൂന്നാം കക്ഷിയെക്കൊണ്ട് ചെയ്യിക്കുന്നു. നിര്‍മ്മിക്കേണ്ട വസ്തുവിന്റെ ഇനംതിരിച്ച വിവരണം, വിതരണ സ്ഥലവും സമയവും തുടങ്ങിയവ തീരുമാനിക്കുന്നു. വസ്തു തയ്യാറായിക്കഴിഞ്ഞാല്‍ ബാങ്ക് അവ വാങ്ങുകയും ഇടപാടുകാരന് നല്‍കുകയും ചെയ്യുന്നു.
ഇസ്തിസ്‌നാഅ് പണമിടപാട് അടിസ്ഥാന സൗകര്യങ്ങളുടെ വികസന പദ്ധതികള്‍ക്കാണ് ഏറ്റവും അനുയോജ്യം. പലപ്പോഴും ഇത് ഇസ്‌ലാമിക് ബാങ്കും ഗവണ്‍മെന്റും ഒരു സാങ്കേതിക വിദഗ്ധനും യോജിച്ചായിരിക്കും നിര്‍വഹിക്കുക. ഇസ്‌ലാമിക് ബാങ്ക് ഒരു കരാര്‍ ഇടപാടുകാരനുമായും മറ്റൊന്ന് നിര്‍മ്മാതാവുമായും ഉണ്ടാക്കുന്നു. നിര്‍മ്മാതാവുമായുള്ള കരാറില്‍ നഷ്ടസാധ്യതയ്ക്കുള്ള മുന്‍കരുതല്‍, തര്‍ക്കപരിഹാരസംവിധാനം, നിര്‍മ്മാതാവിന്റെ ചുമതലകള്‍ തുടങ്ങിയ വിശദമായ പ്രതിപാദനമുണ്ടായിരിക്കും. നല്‍കിയ കണക്കുകള്‍ പ്രകാരം നിര്‍മ്മാതാവ് ചരക്കുകള്‍ നിര്‍മ്മിച്ചു കഴിഞ്ഞാല്‍ ബാങ്ക്, അംഗീകൃത തുകക്ക് ചരക്ക് വാങ്ങേണ്ടതുണ്ട്.
ഇടപാടുകാരനുമായി ഇസ്തിസ്‌നാഅ് കരാറില്‍ ഏര്‍പ്പെടുമ്പോള്‍ നിര്‍മ്മാണ കാലയളവിലെ മേല്‍നോട്ടവും തൃപ്തികരമായ സ്ഥിതിയില്‍ നിര്‍മ്മാതാവില്‍നിന്ന് നേരിട്ട് വസ്തു ഏറ്റെടുക്കുന്നതും സംബന്ധമായ ഉത്തരവാദിത്വം ഏല്‍പ്പിക്കുന്ന നിബന്ധന വെക്കുന്നത് നന്നായിരിക്കും. ഇത് നിര്‍മ്മിച്ച വസ്തുവില്‍ പോരായ്മകളുണ്ടെന്ന പരാതികളില്ലാതാക്കും.
അഞ്ച്) പാട്ടം (ഇജാറ:)
ഒരു ബിസിനസ് സ്ഥാപനമോ വ്യക്തിയോ ബാങ്കിനോട് യന്ത്രസാമഗ്രികള്‍ വാങ്ങാനും അത് വാടകക്ക് നല്‍കാനും ആവശ്യപ്പെടുന്നു. പാട്ടക്കാരന്‍ വസ്തു ഏറ്റെടുത്തതു മുതല്‍ വാടക ഈടാക്കുന്നു. നിലവിലെ ബാങ്കുകളെപ്പോലെതന്നെ ഇടപാടുകാരന്റെ സാമ്പത്തിക സ്ഥിതിയും പാട്ടത്തിനെടുത്ത വസ്തുവിന്റെ പ്രതീക്ഷിത വരുമാനവും പാട്ടക്കരാറിന് അടിസ്ഥാനമാക്കുന്നു. തവണകളില്‍ വീഴ്ച വരുത്തിയാല്‍ ബാങ്ക് വസ്തു തിരിച്ചെടുക്കുന്നു. പാട്ടവസ്തു നല്ല ഗുണമേന്മയുള്ളതും എപ്പോഴും വിറ്റ് കാശാക്കുന്നതുമായിരിക്കണം. പാട്ടത്തിന്റെ കാലാവധികഴിഞ്ഞാലും പാട്ടക്കാരന്‍ ബാക്കിയുള്ള വാടക നല്‍കുകയോ വസ്തു തിരിച്ചുകൊടുക്കുകയോ ചെയ്യുന്നില്ലെങ്കില്‍, വസ്തു അദ്ദേഹത്തിന്റെ കൈവശം വെക്കുന്ന കാലത്തേക്കുള്ള വാടക കൂടി നല്‍കാന്‍ ബാധ്യസ്ഥനാണ്.
മുറാബഹഃയില്‍ ചരക്കുകളുടെ വാങ്ങലും വില്‍ക്കലും അടങ്ങിയിരിക്കുമ്പോള്‍, ഇജാറഃയില്‍ ചരക്കുകളുടെ ഉപയോഗം മാത്രമേ അടങ്ങിയിട്ടുള്ളൂ.
പാട്ടം ആസ്തികൊണ്ട് പിന്തുണക്കുന്നതിനാല്‍ പാട്ടപ്രമാണങ്ങള്‍ ഇഷ്യൂ ചെയ്തുകൊണ്ട് സുരക്ഷിതമാക്കാം. അങ്ങനെ പ്രമാണത്തിന്റെ ഉടമ പാര്‍ശ്വവര്‍ത്തിയുടെ അവകാശങ്ങളും ബാധ്യതകളുമുള്ള ഭാഗിക ഉടമയാകുന്നു. നികുതിനേട്ടം കാരണമായി, ബാങ്കിംഗ് മേഖലയില്‍ ഈ സംവിധാനത്തിന് നല്ല ചലനശക്തി സിദ്ധിച്ചിട്ടുണ്ട്. മിക്ക രാജ്യങ്ങളിലും വാടകച്ചെലവ് മൊത്തനികുതിയില്‍നിന്ന് കുറവ് ചെയ്യാവുന്നതാണ്.
പാട്ടക്കരാര്‍ രണ്ടുതരത്തിലുണ്ട്:
ശ) പ്രവര്‍ത്തനപാട്ടം (Operating lease)
ഇസ്‌ലാമിക് ബാങ്ക് ഒരു പരിമിതകാലത്തേക്ക് സ്വന്തം ഉടമസ്ഥതയിലുള്ള ആസ്തി ആധാരവസ്തുവിന്റെ തരമനുസരിച്ച് ദിവസങ്ങളോ മാസങ്ങളോ വര്‍ഷങ്ങളോ ഉപയോഗിക്കാന്‍ കക്ഷിക്ക് സമ്മതം നല്‍കുന്നു. തിരിച്ച്, പാട്ടക്കാരന്‍ സാധാരണയായി തേയ്മാന ചെലവിനേക്കാള്‍ കൂടിയ തുക ഈടാക്കുന്നു. ഇത് പാട്ടക്കാലയളവിലുടനീളം ഒരു തുകയോ വ്യത്യസ്ത തുകകളോ ആകാവുന്നതാണ്.
പാട്ടക്കരാറില്‍ മെയിന്റനന്‍സിനെക്കുറിച്ചോ ഇന്‍ഷ്വറന്‍സിനെക്കുറിച്ചോ പ്രത്യേകം പറഞ്ഞില്ലെങ്കില്‍ പാട്ടക്കാരന്‍തന്നെ അവ ഏല്‍ക്കേണ്ടിവരും. സാമ്പത്തിക അപായസാധ്യതയും (Financial risk) ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട അപായ സാധ്യതയും ഉടമതന്നെ ഏറ്റെടുക്കേണ്ടതുണ്ട്. പാട്ടക്കാരന്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ തിരിച്ചടക്കാന്‍വേണ്ടി ചില സെക്യൂരിറ്റികള്‍ ആവശ്യപ്പെടാറുണ്ട്. ഇത് വീഴ്ച വരുത്തുമ്പോള്‍ ഉപയോഗിക്കുന്നു. പാട്ടത്തിനെടുത്ത വസ്തു വാടക അടച്ചു തീരുന്നതുവരെ നിയമപരമായി ബാങ്കിന്റെ ഉടമസ്ഥതയില്‍ തന്നെ തുടരുന്നു.
പാട്ടത്തിന് നല്‍കുന്നതിനുമുമ്പ് ബാങ്ക് വസ്തുവിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ പരിശോധിക്കേണ്ടതുണ്ട്. നികുതിനിരക്ക്, ആസ്തിയുടെമേല്‍ മറ്റു ബാധ്യതകള്‍ വല്ലതുമുണ്ടോ തുടങ്ങിയ പരിശോധനകളും നടക്കേണ്ടതുണ്ട്. രണ്ടുകക്ഷികളുടെയും സമ്മതത്തോടെയാണ് പാട്ടക്കരാര്‍ അവസാനിപ്പിക്കേണ്ടത്. അവസാനിപ്പിക്കുന്ന സമയത്ത്, വാടക തീര്‍ത്തുനല്‍കാന്‍ കരാറുകാരന്‍ ബാധ്യസ്ഥനാകുന്നു.
പ്രവര്‍ത്തന പാട്ടത്തിനൊരുദാഹരണം താഴെ കൊടുക്കുന്നു:
5 എയര്‍കണ്ടിഷനറുകള്‍ മൂന്ന് വര്‍ഷ കാലാവധിയില്‍ ഇടപാടുകാരന്‍ പാട്ടത്തിനെടുക്കുന്നു. ബാങ്കിന് 10,000 ഡോളര്‍ ചെലവായി എന്നു കരുതുക. അതിന്റെ ഉപയോഗയോഗ്യമായ കാലം 5 വര്‍ഷമെന്നു സങ്കല്‍പ്പിക്കുക. ഓരോ വര്‍ഷവും ഇന്‍ഷ്വറന്‍സ് പ്രീമിയം ഇനത്തില്‍ 600 ഡോളര്‍ ചെലവു വരുന്നു.
വാടക കണക്കാക്കുന്നേടത്ത് ഓരോ വര്‍ഷത്തെയും തേയ്മാനം 2,000 ഡോളര്‍ വീതമാണെന്നു കണക്കാക്കുന്നു. ഇന്‍ഷ്വറന്‍സ് പ്രീമിയവും നിക്ഷേപത്തിന്മേലുള്ള തീരുമാനിക്കപ്പെട്ട ആദ്യവര്‍ഷത്തെ ലാഭം 900 ഡോളറും രണ്ടാം വര്‍ഷം 700 ഡോളറും മൂന്നാം വര്‍ഷം 500 ഡോളറും തീരുമാനിക്കുന്നു. മൂന്നുവര്‍ഷം പൂര്‍ത്തിയായാല്‍ വസ്തു ബാങ്കിന് തിരിച്ചേല്‍പിക്കുന്നു. വാടക മാസത്തവണകളായോ, വര്‍ഷപാദങ്ങളിലോ വര്‍ഷാര്‍ധങ്ങളിലോ വാര്‍ഷികമായോ അടക്കുന്നു.
ശശ) സാമ്പത്തിക പാട്ടം (Financial lease ഇജാറ: വല്‍ ഇക്തിനാഅ്)
സാമ്പത്തിക പാട്ടത്തില്‍ ഇസ്‌ലാമിക് ബാങ്ക് മൂലധന ച്ചരക്കോ ഒരു സംരംഭം മൊത്തത്തില്‍ തന്നെയോ ഇടപാടുകാരനു വേണ്ടി വാങ്ങുകയും പാട്ടത്തിന് നല്‍കുകയും ചെയ്യുന്നു. ഇടപാടുകാരന്‍ നിശ്ചിത കാലാവധിക്കുള്ളില്‍ പാട്ടവസ്തുവാങ്ങുമെന്ന് വാഗ്ദാനം ചെയ്യുന്നു. മൊത്തവാടക എപ്പോഴാണോ വസ്തുവിന്റെ വാങ്ങിയ വിലക്ക് തുല്യമാകുന്നത് അപ്പോള്‍ അതിന്റെ ഉടമാവകാശം ഒന്നുകില്‍ ഒരു ചാര്‍ജ്ജും ഈടാക്കാതെ അല്ലെങ്കില്‍ നാമമാത്രമായ ചാര്‍ജ്ജ് ഈടാക്കിക്കൊണ്ട് ഇടപാടുകാരന് നല്‍കുന്നു. സാമ്പത്തിക പാട്ടത്തെ മുഴുവന്‍ അടച്ചുതീര്‍ത്ത പാട്ടം(full payout lease) എന്നും വിളിക്കാറുണ്ട്.
പാട്ടക്കാലാവധി സാധാരണയായി പ്രതീക്ഷിത ഉപയോഗയോഗ്യമായ കാലയളവിന് തുല്യമായിരിക്കും. ഇസ്‌ലാമിക സാമ്പത്തികപ്പാട്ടത്തില്‍ പാട്ട ഉടമക്കാണ് സംരക്ഷണത്തിന്റെയും ഇന്‍ഷ്വറന്‍സിന്റെയും ഉത്തരവാദിത്വം. സാമ്പത്തികപാട്ടം രണ്ടു കക്ഷികള്‍ക്കും ഇക്വിറ്റി ഫിനാന്‍സി(equity finan-ce) നേക്കാള്‍ മെച്ചമാണ്. ബാങ്കിന് പ്രത്യേകമായ അധികാരം വസ്തുവിനു മേല്‍ കിട്ടുന്നു. പാട്ടത്തിനെടുത്ത ആള്‍ക്കും പാട്ടവാടക ഒരു ചെലവായി കാണിച്ചുകൊണ്ട് നികുതിയിളവ് അനുഭവിക്കാന്‍ കഴിയുന്നതുമൂലം തിരിച്ചടവ് എളുപ്പമാകുന്നു.
മുകളില്‍ പറഞ്ഞ രീതിക്ക് പകരമായി ബാങ്കിന്റെ ഈടിന്മേല്‍ പാട്ടത്തിന് കൊടുത്ത ആള്‍ ഒരു നിക്ഷേപ അക്കൗണ്ട് തുടങ്ങുന്നു. ഓരോ അടവ് നടക്കുമ്പോഴും വരവ് വെക്കുന്നു. ഈ അക്കൗണ്ടിലുള്ള തുക മറ്റു പദ്ധതികളില്‍ ബാങ്കിന് നിക്ഷേപിക്കാവുന്നതും അതില്‍ നിന്നുള്ള വരുമാനം അക്കൗണ്ടില്‍ വരവ് വെക്കാവുന്നതുമാണ്. തിരിച്ചടവില്‍ വീഴ്ചവരുത്തിയാല്‍ നിക്ഷേപഅക്കൗണ്ടിലെ തുക ഉപയോഗിക്കുന്നു. മൂലധന ആസ്തിയുടെ മൂല്യം ആദ്യ വര്‍ഷങ്ങളില്‍ വേഗത്തില്‍ കുറയുന്നതുകൊണ്ട് തുടക്കത്തില്‍ ആനുപാതികമായി ഉയര്‍ന്ന വാടക ഈടാക്കുന്നു. വസ്തു നിലവിലുള്ള കാലത്തുമാത്രമേ വാടക ഈടാക്കാന്‍ പറ്റുകയുള്ളൂ. വസ്തു ഉപയോഗയോഗ്യമല്ലാതാകുകയോ ഇടപാടുകാരന്റെ വീഴ്ച കൊണ്ടല്ലാതെ നശിക്കുകയോ ചെയ്താല്‍ പാട്ടവാടക നിര്‍ത്തുന്നു.
സാമ്പത്തിക പാട്ടത്തിന് ഒരുദാഹരണം താഴെ കൊടുക്കുന്നു:
ഇടപാടുകാരന്‍ 5 എയര്‍കണ്ടീഷനറുകള്‍ മൂന്നു വര്‍ഷകാലയളവിനുള്ളില്‍ വാങ്ങാന്‍ തീരുമാനിക്കുന്നു. ചതുര്‍മാസവാടക നിശ്ചയിക്കുമ്പോള്‍ ബാങ്കിന്റെ ചെലവും ലാഭവും മൂന്നു വര്‍ഷത്തിനുള്ളില്‍ ഈടാക്കാവുന്ന തരത്തില്‍ വാടക നിശ്ചയിക്കുന്നു. എപ്പോഴാണോ മുഴുവന്‍ തുകയുമടക്കുന്നത് അപ്പോള്‍ ഉടമസ്ഥത ഇടപാടുകാരന്ന് കൈമാറുന്നു.
ആറ്) ഇക്വിറ്റി ഫിനാന്‍സിംഗ് (Equity Financing)
കമ്പനിയുടെ ആസ്തികളില്‍ നിന്ന് ബാധ്യതകള്‍ കുറച്ചുകഴിഞ്ഞാല്‍ ശേഷിക്കുന്ന മൂല്യമാണ് കമ്പനി ഓഹരികളുടെ മൂല്യം (equity) പ്രതിനിധീകരിക്കുന്നത്. ബാങ്കിന് മൂലധനം പ്രത്യക്ഷമായോ, മുദാറബഃ കമ്പനി വഴി പരോക്ഷമായോ നല്‍കാവുന്നതാണ്. ബാങ്കിന് നിശ്ചിത മൂല്യത്തിനുള്ള മുദാറബഃ പത്രങ്ങള്‍ കമ്പനി നല്‍കുന്നു. ഈ സാക്ഷ്യപത്രങ്ങള്‍ ബാങ്കുകള്‍ തമ്മില്‍ കൈമാറുന്നു. ഇക്വിറ്റി ഫിനാന്‍സിംഗ് ദീര്‍ഘകാല സ്വഭാവമുള്ളതാണ്. ഇക്വിറ്റി ഫിനാന്‍സില്‍ ഏര്‍പ്പെട്ടാല്‍ ഓരോ കാലത്തും പ്രഖ്യാപിക്കുന്ന ഡിവിഡന്റിനു പുറമെ മൂലധനത്തില്‍ വരുന്ന വര്‍ദ്ധനവ് കൂടി ലഭിക്കുന്നു.
ഏഴ്) ഇസ്‌ലാമിക കൂട്ടായ്മ (Islamic syndication)
വന്‍തോതിലുള്ള വാണിജ്യങ്ങള്‍ക്ക് തുക കണ്ടെത്താന്‍ പ്രത്യേകം രൂപവത്കരിക്കുന്ന സംവിധാനമാണ് ഇസ്‌ലാമിക കൂട്ടായ്മ. ബാങ്കുകളുടെയും ധനകാര്യസ്ഥാപനങ്ങളുടെയും കൂട്ടുകെട്ടിലൂടെയാണ് ഇത്തരം ഇടപാടുകള്‍ക്ക് രൂപം നല്‍കുന്നത്. അന്താരാഷ്ട്ര പ്രസക്തിയുള്ള ഒരു ബാങ്ക് മേല്‍നോട്ടം വഹിക്കുകയും അംഗബാങ്കുകളുടെ വിഭവങ്ങള്‍ സമാഹരിക്കുകയും ചെയ്യുന്നു. അങ്ങനെ, അപായസാധ്യത അംഗബാങ്കുള്‍ക്കിടയില്‍ വ്യാപിക്കുകയും വായ്പയുടെ ഗുണമേന്മ വര്‍ദ്ധിക്കുകയും ചെയ്യുന്നു.
മറ്റു ബാങ്കുകളെ സംരംഭത്തില്‍ പങ്കാളിയാക്കാന്‍ ക്ഷണിക്കുന്നതിനുമുമ്പ് കങ്കാണിബാങ്ക് ഇടപാടുകാരനുമായി കരാര്‍സംബന്ധമായ ചര്‍ച്ച നടത്തുന്നു. കങ്കാണിബാങ്ക് മറ്റു ബാങ്കുകളുടെ സഹകരണത്തോടെ ഉത്തരവാദിത്വങ്ങള്‍ പൂര്‍ത്തീകരിക്കുന്നു. കങ്കാണിബാങ്ക് എല്ലാ അംഗബാങ്കുകള്‍ക്കും വിവരണക്കുറിപ്പ് അയക്കുന്നു. കങ്കാണിബാങ്ക് പ്രത്യേക മുദാറബഃ അക്കൗണ്ട് തുറക്കുകയും അംഗബാങ്കുകളുടെ വിഹിതം രേഖപ്പെടുത്തുകയും ചെയ്യുന്നു. വിവരണക്കുറിപ്പില്‍ മൊത്തം തുക, ഉപാധികളും നിബന്ധനകളും, ലക്ഷ്യം, ആധാരം, ഇടപാടുകാരന്റെ പേര്, ജാമ്യക്കാരന്റെ പേര് തുടങ്ങിയവ രേഖപ്പെടുത്തിയിരിക്കും. കങ്കാണിബാങ്ക് ഇടപാടുകാരനുമായി പണമിടപാട് നടത്തിയതിനുള്ള രേഖകളും നിയമവിദഗ്ദ്ധരില്‍നിന്ന് നിയമപരമായ ഉപദേശങ്ങളും ജാമ്യക്കാരനില്‍നിന്ന് ജാമ്യപ്പത്രവും നേടുന്നു. തിരിച്ചടവു നടന്നുകഴിഞ്ഞാല്‍ ഓരോ അംഗബാങ്കിനും ഓഹരിക്കാനുപാതികമായി ലാഭവും മുതലും തിരിച്ച് നല്‍കുന്നു (കങ്കാണിബാങ്കിന്റെ എജന്റ്ഫീ ഈടാക്കിയതിന്നുശേഷം). പാകിസ്താനില്‍ മാത്രം 3 ബില്യണില്‍ അധികം ഇടപാട് നടത്തിയ ദാറുല്‍മാല്‍ അല്‍ഇസ്‌ലാമി ഗ്രൂപ്പ് ഈ മേഖലയില്‍ മുന്നിട്ടു നില്‍ക്കുന്നു.
എട്ട്) പലിശരഹിത വായ്പ (ഖര്‍ദ് ഹസന്‍)
മാനുഷിക ക്ഷേമത്തിനുവേണ്ടി പണം വായ്പ നല്‍കുന്ന സംവിധാനമാണിത്. ഇസ്‌ലാമിക് ബാങ്കിന് യാതൊരു ലാഭവുമില്ലാതെ നേരത്തേ നിശ്ചയിച്ച കാലാവധിക്ക് പണം തിരിച്ചുനല്‍കുന്നു. ഇവിടെ ബാങ്കും ഇടപാടുകാരനും തമ്മിലുള്ളത് ഉത്തമര്‍ണ്ണ-അധമര്‍ണ്ണബന്ധമാണ്. തിരിച്ചടവ് ഉറപ്പുവരുത്തുന്നതിന് ബാങ്കിനു ജാമ്യം ആവശ്യപ്പെടാവുന്നതാണ്. ബാങ്ക് സാധാരണയായി ഒരു ചെറിയ സേവന ഫീ ഈടാക്കുന്നു. ഇത് വായ്പാ തുകയുടെ വലിപ്പമോ ചെറുപ്പമോ പരിഗണിക്കാത്ത ഒരു സ്ഥിരം സംഖ്യയായിരിക്കും.
ചില സന്ദര്‍ഭങ്ങളില്‍ വ്യാപാരത്തിനും ഇത്തരം ലോണുകള്‍ നല്‍കാറുണ്ട്. ഇസ്‌ലാമിക ബാങ്കില്‍ നിന്നു മറ്റുതരത്തിലുള്ള പണമിടപാടില്‍ ഏര്‍പ്പെട്ട വ്യക്തി സാമ്പത്തികവിഷമം അനുഭവിക്കുകയാണെങ്കിലാണ് ഇത്തരം സഹായം നല്‍കുന്നത്. ഇടപാടുകാരന്‍ വിഷമവൃത്തത്തില്‍നിന്നും മോചിതനായാല്‍ പലിശ രഹിതവായ്പ ഇക്വിറ്റി ഫിനാന്‍സ് ആയി രൂപമാറ്റം വരുത്തുന്നു.
പണമിടപാട് നയം (Financing Policy)
വായ്പ നല്‍കുന്നേടത്ത് പരമ്പരാഗത ബാങ്കുകളും ഇസ്‌ലാമിക ബാങ്കുകളും തമ്മിലെ പ്രധാനവ്യത്യാസം ഇടപാടുകളിലെ രീതിയിലുള്ള വ്യത്യാസമാണ്. പലിശയുടെ കലര്‍പ്പില്ലാതെ ഇസ്‌ലാമിക് ബാങ്കും ഇടപാടുകാരനും ഇടപാടിലെ ലാഭം പങ്കുവെക്കുന്നു. നിക്ഷിപ്തഫണ്ടിന്റെ വിദഗ്ധനായ മേല്‍നോട്ടക്കാരന്‍ എന്ന നിലയ്ക്ക് പരമ്പരാഗത ബാങ്കുകളെപ്പോലെ വിവേകപൂര്‍ണ്ണമായ നിയമങ്ങള്‍ ഇസ്‌ലാമിക് ബാങ്കും പിന്തുടരുന്നു.
ചിലപൊതുനിര്‍ദ്ദേശങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇവ ഇസ്‌ലാമിക് ബാങ്ക് നിലനില്‍ക്കുന്ന രാജ്യത്തിലെ നിയമങ്ങള്‍ക്കനുസരിച്ച് പൊരുത്തപ്പെടുത്തണം. ഈ നിര്‍ദ്ദേശങ്ങള്‍ നല്ല മാനേജിംഗിനും സ്ഥാപനത്തിന്റെ അപായ സാധ്യത കുറക്കുന്നതിനും സഹായിക്കുന്നു. എങ്കിലും, അവ എല്ലാ തരത്തിലും പൂര്‍ണ്ണമെന്ന് പറയാവതല്ല.
1. സ്ഥാപനത്തിന്റെ ബോര്‍ഡ് ഓഫ് ഡയറക്‌ടേഴ്‌സ് മറ്റുപല കാര്യങ്ങളും നിര്‍ണയിക്കുന്ന കൂട്ടത്തില്‍ താഴെപ്പറയുന്നവ കൂടി തീരുമാനിക്കേണ്ടതുണ്ട്.
a) സ്ഥാപനത്തിന്റെ നിക്ഷേപ നയം. ഉദാഹരണത്തിന് വായ്പ നല്‍കുന്നതിന് എത്ര ശതമാനം മൂലധനവും മുദാറബഃ ഫണ്ടും ഉപയോഗിക്കണം. എത്ര വായ്പ കൊടുക്കാമെന്നത് മൊത്തം വിഭവങ്ങളില്‍ എത്ര ശതമാനം ആവശ്യാനുസൃത നിക്ഷേപങ്ങളും (Demand Deposits) സമയബന്ധിത നിക്ഷേപങ്ങളു(Term Deposits)മുണ്ടെന്നതിനെ ആശ്രയിച്ചിരിക്കുന്നു.
b) മൊത്തം വായ്പയുടെ എത്ര ശതമാനം ദീര്‍ഘകാല, മധ്യകാല, ഹ്രസ്വകാല വായ്പകള്‍ക്കായി വകയിരുത്തണം.
c) ഏതെല്ലാംതരം വ്യവസായങ്ങള്‍ക്കാണ് ധനസഹായം ചെയ്യേണ്ടതെന്നും എത്ര കൊടുക്കാമെന്നും
d) മൊത്ത ധനസഹായത്തിന്റെ എത്രശതമാനം വ്യത്യസ്ത ഇനങ്ങളില്‍ ചെലവഴിക്കണം
e) താല്‍പര്യം കാണിച്ചു മുന്നോട്ടു വരുന്ന കക്ഷികള്‍ക്കുള്ള ധനസഹായപരിധി.
f) ജാമ്യവസ്തുക്കളുടെ വില കണക്കാക്കുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശം തയ്യാറാക്കുക
g) ധനസഹായം നല്‍കാനുള്ള മാനേജ്‌മെന്റിന്റെ അധികാരം
h) കിട്ടാക്കടം എഴുതി തള്ളുന്നതും സംശയാസ്പദമായ കടങ്ങള്‍ക്ക് കരുതല്‍ നടപടി കൈകൊള്ളുന്നതും സംബന്ധമായ വ്യവസ്ഥകള്‍.
എല്ലാ മാനദണ്ഡങ്ങളും നിര്‍വ്വചിക്കുന്ന പണമിടപാടുനയരേഖ (Fina-ncing Policy Document) ബോര്‍ഡംഗീകരിക്കേണ്ടതുണ്ട്. ഒരു ധനകാര്യസ്ഥാപനത്തിന് ദ്രവത്വമാണ് ലാഭത്തെക്കാള്‍ പ്രധാനമെന്ന വസ്തുത ബോര്‍ഡ് മനസ്സിലാക്കേണ്ടതാണ്. അതുകൊണ്ട്, സ്ഥാപനം ബാധ്യതകള്‍ സമയത്ത് കൊടുത്തു തീര്‍ക്കാന്‍ കഴിയുന്ന വിധത്തില്‍ വേണം അതിന്റെ മൊത്ത വിഭവങ്ങള്‍ ഉപയോഗിക്കാന്‍.
2. സാമ്പത്തിക-സാമൂഹിക ഉന്നമനത്തിനുതകുന്ന ലാഭക്ഷമവും സ്വയം തന്നെ ദ്രവത്വമടങ്ങിയതുമായ പദ്ധതികള്‍ ഇസ്‌ലാമിക ബാങ്ക് പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്.
3. സമയബന്ധിത തിരിച്ചടവ് പണമിടപാടില്‍ പ്രാധാന്യമുള്ളസംഗതിയായതിനാല്‍ വായ്പ നല്‍കുന്നതിനുമുമ്പ് വിനിമയ നിയന്ത്രണം പോലുള്ള ഘടകങ്ങള്‍ പരിഗണിക്കണം.
4. ഇസ്‌ലാമിക് ബാങ്കിനെ സാമ്പ്രദായിക ബാങ്കില്‍നിന്ന് വേര്‍തിരിക്കുന്ന ശര്‍ഈ വശം എപ്പോഴും പരിഗണിക്കേണ്ടതുണ്ട്.
5. ഫിനാന്‍സിംഗ് ഡിപ്പാര്‍ട്ടുമെന്റിന്റെയും കാര്യനിര്‍വഹണവകുപ്പിന്റെയും അക്കൗണ്ടിംഗ് വകുപ്പിന്റെയും ചുമതലകള്‍ കൃത്യമായി വേര്‍തിരിക്കേണ്ടതുണ്ട്.
6. തിരിച്ചടവ് വൈകിച്ചാല്‍ നഷ്ടപരിഹാരമായി എന്ത് നടപിടയെടുക്കണമെന്ന് മതകാര്യബോര്‍ഡ് തീരുമാനമെടുക്കണം.
ചില പൊതു നിര്‍ദ്ദേശങ്ങള്‍
കണിശമായ മൂല്യനിര്‍ണ്ണയത്തിന്റെ ആവശ്യകതയും ഈടുകളുടെ പ്രസക്തിയും നിലനില്‍ക്കെ തന്നെ ഇടപാടുകാരന്റെ സത്യസന്ധത, പരിചയം, സാമ്പത്തിക ശേഷി (Credit worthness) തുടങ്ങിയവയ്ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്. പ്രാവര്‍ത്തികമാക്കുകയാണെങ്കില്‍ വായ്പ തിരിച്ചടവ് ഉറപ്പുവരുത്തുന്ന പൊതുസ്വഭാവത്തിലുള്ള ചില നിര്‍ദ്ദേശങ്ങള്‍ താഴെകൊടുക്കുന്നു.
1) പ്രോനോട്ടിനോടൊപ്പം വിശ്വസ്തനായ ഒരു മൂന്നാംകക്ഷിയുടെ ഉറപ്പും വസ്തുജാമ്യവും ലഭിക്കേണ്ടതുണ്ട്.
2) ബാധ്യത ക്ലിപ്തപ്പെടുത്തിയ കമ്പനി (Limited Company)കളില്‍, വ്യക്തിഗത ജാമ്യം പ്രധാന ഓഹരി ഉടമകളില്‍നിന്നും വാങ്ങാവുന്നതാണ്.
3) സാമ്പത്തിക സഹായം നല്‍കുന്ന സംരംഭത്തില്‍ ഇടപാടുകാരന് മതിയായ പരിചയം ഉണ്ടായിരിക്കണം. കമ്പനി യോഗ്യരായ വ്യക്തികളാല്‍ മാനേജ് ചെയ്യപ്പെടുന്നതും മെച്ചപ്പെട്ട മുന്‍പ്രകടനം കാഴ്ചവെച്ചതുമായിരിക്കും.
4) സ്വതന്ത്രാന്വേഷണങ്ങളും ബാങ്ക് റഫറന്‍സുകളും ഇടപാടുകാരന്‍ വിശ്വസ്തനും നല്ല സാമ്പത്തിക സ്ഥിതിയിലുള്ളവനുമാണെന്ന് സൂചിപ്പിക്കുന്നതായിരിക്കണം. മറ്റു ബാങ്കുകളില്‍ നിന്ന് ലഭിച്ച റഫറന്‍സുകള്‍ അതിസമര്‍ത്ഥമായി വായിച്ചെടുക്കേണ്ടതുണ്ട്. കമ്പനി നന്നായും മുഴുവനായും അതിന്റെ വിഭവങ്ങള്‍ ഉപയോഗപ്പെടുത്തിയിരിക്കുന്നു തുടങ്ങിയ പ്രസ്താവനകള്‍ കൂടുതല്‍ മൂലധനം ആവശ്യമുണ്ടെന്ന് സൂചിപ്പിക്കുന്നു.
5) വേണ്ടത്ര മൂലധനമില്ലാതെയാണ് കമ്പനി തുടങ്ങിയത് എന്ന് ബാലന്‍സ് ഷീറ്റ് കാണിക്കാന്‍പാടില്ല. കൂടാതെ, സാമ്പത്തികമായി മെച്ചപ്പെട്ട നിലയിലാണെന്നും തുടര്‍ച്ചയായി ലാഭം നല്‍കുന്നുണ്ടെന്നും അത് കാണിക്കണം. വ്യത്യസ്ത അംശബന്ധങ്ങള്‍, വില്‍പനക്കാനുപാതികമായി ചരക്കുകള്‍, വില്‍പനയും കിട്ടാനുള്ള പണവും, മൊത്തക്കടവും മൊത്തമൂല്യവും, മൊത്തം ആസ്തികളിന്മേലും ഇക്വിറ്റിയിന്മേലുമുള്ള ആദായം തുടങ്ങിയവയെല്ലാം നല്ല നിലയിലായിരിക്കണം.
7) സംരംഭം സാങ്കേതികമായി പ്രയോഗക്ഷമവും ഉല്‍പന്നങ്ങള്‍ എളുപ്പത്തില്‍ വിപണനം ചെയ്യാന്‍ സാധിക്കുന്നതുമായിരിക്കണം.
8) പണത്തിന്റെ വരവുപോക്കു(Cash flow)കളും തിരിച്ചടവു സാധ്യതകളും വ്യക്തമായിരിക്കേണ്ടതുണ്ട്.
9) ധനമിടപാടുനിര്‍ദ്ദേശങ്ങള്‍ അനുയോജ്യമായ രീതിയില്‍ വിലയിരുത്തുകയും ശരിയായ തീരുമാനമെടുക്കാന്‍ അതിലടങ്ങിയ അപായ സാധ്യതകള്‍ വിശദമായി പരിശോധിക്കുകയും ചെയ്യേണ്ടതുണ്ട്.
10) പണമിടപാട് കരാറുകളും മറ്റു രേഖകളും ഉചിതമാംവണ്ണം തയ്യാറാക്കുകയും ബാങ്കിന്റെ വക്കീലിന്റെയും മതകാര്യബോര്‍ഡിന്റെയും കര്‍ശനമായ പരിശോധനയ്ക്ക് അവ വിധേയമാക്കപ്പെടുകയുംവേണം.
11) തിരിച്ചടവുതിയ്യതികള്‍ കാണിക്കുന്ന ഒരു പട്ടിക നല്‍കുക. ഒരോ തിരിച്ചടവും വെവ്വേറെ പ്രോനോട്ടുകള്‍ കൊണ്ട് സംരക്ഷിക്കപ്പെടേണ്ടതുണ്ട്.
12) തിരിച്ചടവിന്റെ കറന്‍സി ഏതായിരിക്കുമെന്ന് ആദ്യമേ നിര്‍ണ്ണയിക്കണം.
13) കരാര്‍ മൂലമുണ്ടാകുന്ന നേട്ടങ്ങള്‍ സ്ഥാപനത്തിനായിരിക്കണം. ഇത് തിരിച്ചടവ് ശേഷി വര്‍ദ്ധിപ്പിക്കുന്നതാണ്.
14) മറ്റൊരു രാജ്യത്തിലെ കക്ഷിക്ക് പണം നല്‍കുന്നതിനുമുമ്പ് തിരിച്ചടവിന് അധികാരികളില്‍നിന്ന് യാതൊരു തടസ്സവും വരില്ലെന്നുറപ്പുവരുത്താന്‍ വിനിമയനിയന്ത്രണനിയമം (exchange control regulation) പരിശോധിക്കേണ്ടതുണ്ട്.
15) ഇടപാടുകാരന്റെ കച്ചവടച്ചരക്ക് ജാമ്യവസ്തുവായി നല്‍കിയാല്‍, അതിന്ന് ഉചിതമായ രീതിയില്‍ മൂല്യം കണക്കാക്കേണ്ടതും വേണ്ടത്ര തുകക്കുള്ള അഗ്നി-കളവ് (Fire-Theft) ഇന്‍ഷ്വറന്‍സ് എടുത്തിട്ടുണ്ടെന്നുറപ്പുവരുത്തണം. ജാമ്യവസ്തു ഇടക്കിടെ ഭൗതിക കണക്കെടുപ്പിന് (Physical verification) വിധേയമാക്കണം.
16) വ്യത്യസ്ത വ്യവസായങ്ങളിലും വ്യക്തികളിലുമായി പണമിടപാട് വ്യാപിപ്പിച്ചുകൊണ്ട് ഓന്നോ രണ്ടോ മേഖലകളില്‍ അധികം ശ്രദ്ധ ചെലുത്തുന്നത് ഒഴിവാക്കണം.
17) ആധികാരിക വ്യക്തികള്‍ മാത്രമേ പ്രോനോട്ട്, പണമിടപാട് കരാര്‍, മറ്റുരേഖകള്‍ തുടങ്ങിയവയില്‍ ഒപ്പുവെക്കാന്‍ പാടുള്ളൂ.
18) കമ്പനി ബാങ്കിന്റെ ഇടപാടുകാരനാണെങ്കില്‍ കമ്പനിയിലേക്കടക്കേണ്ട പണംഒരിക്കലും ഏതെങ്കിലും വ്യക്തിയുടെ അക്കൗണ്ടിലടക്കരുത്.
19) ഒരു വ്യക്തിതന്നെ വ്യത്യസ്ത പേരുകളില്‍ പണമിടപാട് നടത്തുകയാണെങ്കില്‍ അത് വളരെയധികം ശ്രദ്ധിക്കണം.
20) Bid bond/Performance bond തുടങ്ങിയവ വലിയ ബാധ്യതകള്‍ വരുത്തിവെക്കുന്നതിനാല്‍ ഇഷ്യൂ ചെയ്യുന്ന സമയത്ത് നന്നായി ശ്രദ്ധിക്കേണ്ടതാണ്. സാധാരണയായി Bid bond മുഴുവന്‍ പണജാമ്യമില്ലെങ്കില്‍ ഇഷ്യൂ ചെയ്യാറില്ല. പെര്‍ഫോമന്‍സ് ബോണ്ട് നല്‍കുന്നതിന് മുമ്പ്, തൃപ്തികരമായ രീതിയില്‍ സംരംഭം പൂര്‍ത്തീകരിക്കാനുള്ള സാധ്യതയെക്കുറിച്ച് ബാങ്ക് ആഴത്തിലുള്ള പഠനം നടത്തേണ്ടതുണ്ട്.
21) വായ്പകള്‍ അംഗീകരിക്കാനധികാരമുള്ള കമ്മിറ്റിക്ക് കൈമാറുംമുമ്പ്, വായ്പാകാര്യാലോചനസമിതി (Credit committee) അപേക്ഷകള്‍ ഉചിതമാംവണ്ണം ചര്‍ച്ച ചെയ്യേണ്ടതും പരിശോധിക്കേണ്ടതുമാണ്.
22) സാമ്പത്തിക സഹായം നല്‍കുന്ന ചരക്കുകള്‍ ഇസ്‌ലാമിക നിയമപ്രകാരം ഹലാലായിരിക്കണം.
ചില പ്രത്യേക നിര്‍ദ്ദേശങ്ങള്‍
മുകളില്‍ പ്രസ്താവിച്ചിരിക്കുന്ന പൊതു നിര്‍ദ്ദേശങ്ങള്‍ക്കനുബന്ധമായി വിവിധ പണമിടപാടുകളില്‍ പരിഗണിക്കേണ്ട നിര്‍ദേശങ്ങളാണു താഴെ:
മുറാബഹഃ ഇടപാടുകള്‍
a) പണമിടപാടിന്റെ കാലാവധി ഒരു വര്‍ഷത്തില്‍ കൂടുതലായിരിക്കരുത്.
b) ഇടപാടുകാരന്‍ തന്ന ജാമ്യവസ്തുക്കള്‍ വ്യക്തമായി രേഖപ്പെടുത്തണം.
c) പ്രാദേശിക ചരക്കുകളിലാണ് ഇടപാട് നടത്തുന്നതെങ്കില്‍ ചരക്ക് വാങ്ങുമ്പോള്‍തന്നെ കക്ഷിക്ക് കൈമാറാന്‍ ശ്രമിക്കണം.
d) ഘലേേലൃ ീള ഇൃലറശ േഇഷ്യൂ ചെയ്യുമ്പോള്‍ സ്ഥാപനം നിര്‍ബനധമായും താഴെ പറയുന്ന കാര്യങ്ങള്‍ പരിഗണിക്കേണ്ടതുണ്ട്:
e) വിതരണക്കാരന്‍ വിശ്വസ്തനാണെന്നുറപ്പുവരുത്തുക. വിതരണക്കാരന്‍ കക്ഷിയുമായി ബന്ധമുള്ളവനാണെങ്കില്‍ അക്കാര്യം പ്രത്യേകം ശ്രദ്ധിക്കുക.
f) വാങ്ങുന്ന ചരക്കിന്റെ വില സ്വതന്ത്രമായി പരിശോധിക്കുക.
g) ഇടപാടുകാരന്‍ ചരക്കെടുക്കാന്‍ വിസമ്മതിക്കാന്‍ സാധ്യതയുള്ളതുകൊണ്ട് വാങ്ങുന്ന ചരക്കിന്റെ വിപണനസാധ്യത പരിശോധിക്കുക.
h) ബാങ്കിന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായാണ് ചരക്കുകള്‍ കപ്പലില്‍ കയറ്റിയതെന്നു ഉറപ്പുവരുത്തുക. ഇന്‍ഷ്വറന്‍സ് എടുക്കുന്നത് ബാങ്കിന്റെ പേരിലായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കുക.
i) ചെറിയ രീതിയില്‍ ക്യാഷ്മാര്‍ജിനും ഈടും നേടാന്‍ ശ്രമിക്കുക.
മുദാറബഃ-മുശാറകഃ ഇടപാടുകള്‍
a) സാധാരണയായി പണമിടപാട് കാലാവധി അഞ്ചു വര്‍ഷത്തില്‍ കൂടാറില്ല.
b) ബാങ്കിന്റെ പ്രതിനിധി വരുമാനവും ചെലവും സമയാസമയങ്ങളില്‍ പരിശോധിക്കണം.
c) ബാങ്ക് നല്‍കിയ തുക മുഴുവന്‍ സംരംഭത്തിനു തന്നെ ഉപയോഗിച്ചുവെന്നു ഉറപ്പുവരുത്തുക. കൂടാതെ, കരാറില്‍ വ്യവസ്ഥ ചെയ്തതിനേക്കാള്‍ കൂടുതല്‍ അധികാരം ഇടപാടുകാരന്‍ എന്തെങ്കിലും വിഷയത്തില്‍ എടുക്കുന്നത് ശ്രദ്ധിക്കുക.
d) ബിസിനസ്സിന്റെ പുരോഗതി സൂക്ഷ്മനിരീക്ഷണത്തിന് വിധേയമാക്കുക. മാനേജ്‌മെന്റിന്റെ യോഗ്യത, വിശ്വസ്തത തുടങ്ങിയവയില്‍ തൃപ്തിയില്ലെങ്കില്‍ ദൈനംദിന കാര്യങ്ങളില്‍ ബാങ്ക് കൂടുതലായി ഇടപെടുമെന്ന് വ്യവസ്ഥ ചെയ്യുക.
പ്രവര്‍ത്തനപാട്ടവും സാമ്പത്തിക പാട്ടവും
a) ഇടപാടുകാരനെ ഒരു ചെറിയ തുക തുടക്കത്തില്‍ തന്നെ അടക്കാന്‍ (down payment) നിര്‍ബന്ധിക്കുക.
b) തവണകള്‍ പതിവായി വരുന്നതിന് പണത്തിന്റെ വരവുപോക്കുകളും വാടകയടവിന്റെ ഉറവിടങ്ങളും ശരിയായ രീതിയില്‍ നിരീക്ഷിക്കുക.
c) പദ്ധതി പ്രവര്‍ത്തനപഥത്തിലേക്കെത്താന്‍ സമയം പിടിക്കുമെങ്കില്‍ വാടക നിര്‍ണ്ണയിക്കുമ്പോള്‍ അക്കാര്യവും കൂടി പരിഗണിക്കുക .
d) പദ്ധതിക്കാലയളവിന്റെ തുടക്കത്തിലെ വാടക ഉയര്‍ന്നതായിരിക്കാന്‍ ശ്രദ്ധിക്കുക.
കമ്മീഷനും ഫീയും ലഭിക്കുന്ന സേവനങ്ങള്‍
ഇതുവരെ വിശദീകരിച്ചത് ഇസ്‌ലാമിക് ബാങ്കിന്റെ വിഭവങ്ങളെക്കുറിച്ചും നിയന്ത്രണത്തിലുള്ള തുകയുടെ വിനിയോഗത്തെക്കുറിച്ചുമാണ്. ഇനി, കമ്മീഷന്‍, ഫീസ്, എക്‌സ്‌ചേഞ്ച്, ഇടനിലക്കൂലി(ബ്രോക്കറേജ്) തുടങ്ങിയവ ലഭ്യമാകുന്ന, ഇസ്‌ലാമിക് ബാങ്കിന്റെ മറ്റു സേവനങ്ങളെക്കുറിച്ചാണ് വിശദീകരിക്കുന്നത്. ചൂതാട്ടം പോലെ നിരോധിതമായ ബിസിനസുമായി ബന്ധപ്പെടാത്തതും പലിശയുടെ സാന്നിദ്ധ്യമില്ലാത്തതുമായിരിക്കുന്ന കാലത്തോളം ശരീഅത്തിനുസൃതമായ സേവനങ്ങളാണ് ഇവ. നിലവിലെ ബാങ്കും ഇസ്‌ലാമിക് ബാങ്കും ഓരേ രീതിയില്‍ തന്നെയാണ് ഈ മേഖലകളില്‍ ഇടപെടുന്നത് എന്നതിനാല്‍ ഹ്രസ്വമായ വിശദീകരണം മാത്രമേ നല്‍കുന്നുള്ളൂ.
a) രേഖാമൂലമുള്ള വായ്പ (Docu-mentary Credit)
ഇസ്‌ലാമിക് ബാങ്ക് ചരക്ക് സ്വയംതന്നെ വാങ്ങുമ്പോള്‍ സാമ്പ്രദായികബാങ്ക് ഇടുപാടുകാരന്റെ പ്രതിനിധിയായി നില്‍ക്കുന്നു എന്ന വ്യത്യാസം ഒഴിച്ചു നിര്‍ത്തിയാല്‍ ലെറ്റര്‍ ഓഫ് ക്രഡിറ്റ് നല്‍കുന്ന കാര്യത്തില്‍ രണ്ടു രീതികളും ഒരു പോലെയാണ്. ബാങ്കിന്, ലെറ്റര്‍ ഓഫ് ക്രെഡിറ്റ് ഇഷ്യൂ ചെയ്തതിന് കമ്മീഷന്‍ ലഭിക്കുന്നു. ചരക്കുകള്‍ എത്തിയാല്‍ ഇസ്‌ലാമിക ബാങ്കുകള്‍ ഏറ്റെടുക്കുകയും കക്ഷിക്ക് വില്‍ക്കുകയും ചെയ്യുന്നു. എന്നാല്‍ സാമ്പ്രദായിക ബാങ്കില്‍ കക്ഷിയെ വിവരമറിയിക്കുകയും ചരക്ക് ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നു. പണമടച്ചാല്‍ ഇടപാടുകാരന് ബില്‍ ഓഫ് ലേഡിങ്ങ് (Bill of lading) നല്‍കുന്നു.
കയറ്റുമതിയില്‍ ധനസഹായം ആവശ്യമായിവരികയാണെങ്കില്‍ ഇസ്‌ലാമിക ബാങ്ക് സലം കച്ചവടത്തിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നു. ഒരേസമയം രണ്ടു പേര്‍ക്ക് ചരക്ക് വില്‍ക്കാന്‍ പറ്റില്ലായെന്നതുകൊണ്ട് (ഇറക്കുമതിക്കാരനും ബാങ്കിനും) ബാങ്ക് ഒന്നുകില്‍ ഇടപാടുകാരനുമായി മുശാറക ഇടപാടില്‍ ഏര്‍പ്പെടണം. അല്ലെങ്കില്‍ കപ്പലില്‍ കയറ്റുന്നതിനു മുമ്പ് ചരക്കു വാങ്ങണം. കയറ്റുമതി ബില്‍ അടക്കുന്നതുവരെ ബാങ്ക് ചരക്കിന്റെ ഉടമസ്ഥനായി തുടരും. ഇസ്‌ലാമിക് ബാങ്ക് ബില്ല് ഇടപാടുകാരനയക്കുന്നു. പണമടച്ചാല്‍ ഇസ്‌ലാമിക് ബാങ്കിന്റെ അക്കൗണ്ടില്‍ ബില്‍ തുക ഇടപാടുകാരന്റെ പേരില്‍ വരവുവെക്കുകയും ചെയ്യുന്നു. മുമ്പ് നല്‍കിയ വിലയും നിശ്ചിത ലാഭവും ബാങ്ക് തിരിച്ചെടുക്കുന്നു. ശേഷിച്ച തുക ഇടപാടുകാരന് നല്‍കുന്നു. ബാങ്ക് ധനസഹായം നല്‍കാത്ത സന്ദര്‍ഭങ്ങളില്‍ കൈകാര്യം ചെയ്തതിന് കമ്മീഷന്‍ മാത്രമേ ഈടാക്കാറുള്ളൂ.
b) ജാമ്യം (Guarantees)
മൂന്നാംകക്ഷി വീഴ്ചവരുത്തുന്നപക്ഷം അയാളുടെ വാഗ്ദാന നിര്‍വഹണമോ, ബാധ്യതാമോചനമോ നടത്തുന്നതിനുവേണ്ടിയുള്ള കരാറാണ് ഗ്യാരണ്ടി. മിക്ക ഇസ്‌ലാമിക് ബാങ്കുകളും അവരുടെ ഇടപാടുകാരന് വേണ്ടി ഗ്യാരണ്ടി നല്‍കാറുണ്ട്. ഇതിന്നൊരു കമ്മീഷനും ഈടാക്കുന്നു. നിശ്ചിത ശതമാനമായിരിക്കും കമ്മീഷന്‍. എന്നാല്‍ ഭൂരിഭാഗം പണ്ഡിതന്മാരും കമ്മീഷന്‍ ഈടാക്കുന്നതിനെ അംഗീകരിക്കുന്നില്ല. എഴുത്തുകുത്തുകള്‍ക്കു വേണ്ട ചെലവ് (Secretarial Expense) മാത്രമേ ഈടാക്കാവൂ എന്നാണ് അവരുടെ അഭിപ്രായം.
ഇടപാടുകാരന്‍ പണമടച്ചില്ലെങ്കില്‍ ബാങ്ക് പണം നല്‍കേണ്ടിവരുമെന്ന കാര്യം ഇളംപ്രായത്തിലുള്ള ബാങ്കുകള്‍ പ്രത്യേകം ശ്രദ്ധിക്കണം. അക്കാരണത്താല്‍, ബിഡ്‌ബോണ്ട്, പെര്‍ഫോമന്‍സ് ബോണ്ട് പോലുള്ള ഗ്യാരണ്ടി പേപ്പറുകളില്‍ ഒപ്പിടുമ്പോള്‍ നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. നിര്‍മ്മാണ പദ്ധതികളില്‍ സാധാരണയായി കോണ്‍ട്രാക്ടര്‍ ജോലി തുടങ്ങാന്‍ വേണ്ട പണം പ്രിന്‍സിപ്പലില്‍ നിന്ന് വാങ്ങാറുണ്ട്. ഇത് ബാങ്ക് ഗ്യാരണ്ടി ചെയ്യുന്നു. ബാങ്ക് ഈ പണം കസ്റ്റഡിയില്‍വെക്കുകയും പ്രവര്‍ത്തന പുരോഗതി അനുസരിച്ച് കക്ഷിക്ക് നല്‍കുകയും ചെയ്യുന്നു.
c) വിദേശവിനിമയം (Foreign Exchange)
സാമ്പ്രദായിക ബാങ്കുകളെപ്പോലെ ഇസ്‌ലാമിക് ബാങ്കും വിദേശ കറന്‍സികള്‍ റൊക്കമായി വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നു. പക്ഷേ ഫോര്‍വാഡിന്റെയും ഫ്യൂച്ചറിന്റെയും വില്‍പനയില്‍ വ്യത്യാസമുണ്ട്. തുടര്‍ന്നുവരുന്ന Currency Commodity Trading എന്ന തലക്കെട്ടില്‍ അതു സംബന്ധമായ വിശദമായ പ്രതിപാദനമുണ്ട്.
d) ശേഖരണവും അടവും (Collec-tion & remittance)
നിലവിലുള്ള ബാങ്കുകളെപ്പോലെ ഇസ്‌ലാമിക് ബാങ്കും ഇടപാടുകാരനുവേണ്ടി ചെക്കുകളും ബില്ലുകളും തയ്യാറാക്കുകയും രാജ്യത്തിന്റെ അകത്തും പുറത്തും പണം കൈമാറുകയും ചെയ്യുന്നു. ഇതിന് ഒരു കമ്മീഷന്‍ ഈടാക്കുന്നു. പലിശയുടെ സാന്നിദ്ധ്യം ഇത്തരം ഇടപാടുകളില്‍ കാണുന്നതല്ല.
e) പണത്തിന്റെ മാനേജ്‌മെന്റ് (Cash Management)
ഒരു ബിസിനസ് സ്ഥാപനത്തിനോ ഗവണ്‍മെന്റിനോ വേണ്ടി പണം ശേഖരിക്കുകയോ വിതരണം ചെയ്യുകയോ ചെയ്തുകൊണ്ട് കമ്മീഷന്‍ നേടുന്നു.
f) സൂക്ഷിപ്പുസേവനങ്ങള്‍ (Custod-ial Services)
ലോട്ടറി, പ്രൈസ് ബോണ്ടുകള്‍ പോലുള്ള പലിശാധിഷ്ഠിത സെക്യൂരിറ്റികളോ ഉപകരണങ്ങളോ സംരക്ഷണത്തിന് സ്വീകരിക്കില്ലെന്നതൊഴിച്ചാല്‍ ഇസ്‌ലാമിക് ബാങ്കും പരമ്പരാഗത ബാങ്കും ഇതില്‍ വ്യത്യാസമില്ല. ബാങ്കിന്റെ ബാധ്യത സുരക്ഷിതമായ സൂക്ഷിക്കല്‍ മാത്രമാണ്. വിലയില്‍ വരുന്ന മാറ്റങ്ങള്‍ക്കു ബാങ്ക് ഉത്തരവാദിയായിരിക്കുന്നതല്ല. മിക്ക ഇസ്‌ലാമിക് ബാങ്കുകളും ലോക്കര്‍ സംവിധാനവും നല്‍കുന്നു. ലോക്കറിലെ ചരക്കോ ഉപകരണങ്ങളോ മൂല്യവര്‍ദ്ധനവിന് വിധേയമാവുകയാണെങ്കില്‍ അത് ഉടമക്കവകാശപ്പെട്ടതായിരിക്കും.
g)സ്ഥാവരസ്വത്തുക്കള്‍ (Real Estate)
രാജ്യത്തിന്റെ നിയമം അനുവദിക്കുമെങ്കില്‍ ഇസ്‌ലാമിക് ബാങ്കുകള്‍ വാടകവരുമാനം ലഭിക്കുന്ന ഉപാധികളില്‍ പണം നിക്ഷേപിക്കുന്നു. വസ്തുവിന്റെ വാങ്ങലിലൂടെയും വില്‍പനയിലൂടെയും മൂലധനലാഭമുണ്ടാക്കുന്നു. ബാങ്കിന് വസ്തുവകകളുടെ മാനേജ്‌മെന്റില്‍ മുന്‍പരിചയമില്ലെങ്കില്‍ ഒരു ഏജന്റിനെ നിയമിക്കാവുന്നതാണ്. ഏജന്റ് ബാങ്കിനു വേണ്ടി വാടക ശേഖരിക്കുകയും വസ്തുവഹകള്‍ പരിപാലിക്കുകയും ചെയ്യുന്നു. ശേഖരിച്ച വാടകയില്‍ നിന്ന് ഒരു വിഹിതം മുന്‍കൂട്ടി നിശ്ചയിച്ചതു പ്രകാരം ഏജന്റ് എടുക്കുന്നു.
h) ഫീസുകള്‍ ലഭിക്കുന്ന മറ്റു സേവനങ്ങള്‍
ഇസ്‌ലാമിക് ബാങ്ക് അസംസ്‌കൃത വസ്തുക്കളും ഉല്‍പന്നങ്ങളും കക്ഷിക്ക് വേണ്ടി വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നു. കമ്പനികളുടെ പലിശരഹിത സെക്യൂരിറ്റികള്‍ മിക്ക ഇസ്‌ലാമിക ബാങ്കുകളും വാങ്ങുകയോ വില്‍ക്കുകയോ ചെയ്യുന്നു. കക്ഷിക്കും വിപണിക്കുമിടയിലെ മധ്യവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതിന് ഇടനിലക്കൂലി (brokerage) ലഭിക്കുന്നു. ചില ഇസ്ലാമിക് ബാങ്കുകള്‍ ഇടപാടുകാര്‍ക്കുവേണ്ടി നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടയാളായോ (Nominee) കൈകാര്യാധികാരി (Trustee) ആയോ പ്രവര്‍ത്തിക്കുന്നു. ഇത്തരം സേവനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നു.
ഇസ്‌ലാമിക് ബാങ്ക് വര്‍ദ്ധിതമായ തോതില്‍ നിക്ഷേപാധിഷ്ടിത ബാങ്കിംഗില്‍ ശ്രദ്ധ പതിപ്പിച്ചുകൊണ്ടിരിക്കുകയാണിന്ന്. പലിശയുടെ സാന്നിദ്ധ്യമില്ലാത്തതും കുറഞ്ഞ അപായ സാധ്യതയും ഇതിന്റെ മെച്ചങ്ങളാണ്. സ്വകാര്യ നിക്ഷേപാവസരങ്ങള്‍ (Private Interestment Portfolio) ഇടപാടുകാരന് വേണ്ടി മാനേജ് ചെയ്തു ഫീ ഈടാക്കുന്നു.
ഇതുകൂടാതെ, ഓഹരികളും സ്റ്റോക്കുകളും വിപണിയില്‍ വിറ്റുപോകുന്നില്ലെങ്കില്‍ അവ വാങ്ങുന്ന ഉത്തരവാദിത്ത(അണ്ടര്‍റൈറ്റിംഗ്)മേറ്റ് ഇസ്‌ലാമികബാങ്ക് ഫീ ഈടാക്കുന്നു. പക്ഷേ പണ്ഡിതന്മാര്‍ അണ്ടര്‍റൈറ്റിംങ്ങില്‍ യഥാര്‍ത്ഥ വാങ്ങല്‍ നടക്കാത്തതിനാല്‍ ഫീ ഈടാക്കാന്‍ അനുവദിക്കുന്നില്ല.