2013, ഓഗസ്റ്റ് 28, ബുധനാഴ്‌ച

നമ്മുടെ മലപ്പുറം( പടിഞ്ഞാറേക്കര)

നീണ്ട് നിവര്‍ന്ന് പരന്നൊഴുകുന്ന നിളാനദിയും മരണത്തിന്റെ കയത്തിലേക്ക് ഒഴുകിഒടുങ്ങാന്‍ തിടുക്കം കൂട്ടുന്ന തിരൂര്‍ പുഴയും അറബിക്കടലിന്റെ വിരിമാറിനോട് ചേരുന്ന സംഗമസ്ഥാനമാണ് എന്റെ മണ്ഡലത്തിലെ കൂട്ടായി പടിഞ്ഞാറേക്കര . പുഴയുടെ ശാന്തതയും കടലിന്റെ ക്ഷോഭവും ഇവ രണ്ടും ഒന്നാകുമ്പോഴുള്ള ചൂടും ചൂരും ഇവിടെ നമുക്ക് അനുഭവിച്ചറിയാനാകും . സൂര്യന്റെ ഉദയാസ്തമയ കിരണങ്ങള്‍ക്ക് ശോഭ കൂടുന്ന ഈ അഴിമുഖത്ത് നാലു വര്‍ഷം മുമ്പ് പണി തീര്‍ത്ത ഒരുദ്യാനമുണ്ട് . തൊട്ടടുത്ത പ്രഭാതത്തിന് കൂടുതല്‍ തെളിച്ചമേകാന്‍ എല്ലാ വൈകുന്നേരങ്ങളിലുമുള്ള സൂര്യന്റെ പിന്മാറ്റം നേരില്‍ കണ്ടാസ്വദിക്കാന്‍ കളമൊരുക്കുന്ന 'ഒരസ്തമയ മുനമ്പ് ' (Cape Of Sunset) ഈ പാര്‍ക്കിനോടനുബന്ധിച്ച് സംവിധാനിക്കാനുള്ള ശ്രമങ്ങള്‍ അന്തിമ ഘട്ടത്തിലേക്ക് നീങ്ങുകയാണ് . എല്ലാം മറന്ന് ഒരുമിച്ചിരിക്കാനുള്ള ഇടങ്ങള്‍ കുറഞ്ഞുവരുന്ന വര്‍ത്തമാനക്കാലത്ത് നമുക്കിടയിലെ ഭിന്നതകള്‍ക്ക് അറുതി നല്‍കി കുശലങ്ങള്‍ പറയാനും സല്ലപിക്കാനുമുള്ള സുന്ദരമായ കാഴ്ചവട്ടമായി പടിഞ്ഞാറേക്കര മാറിക്കഴിഞ്ഞു .നമ്മുടെ മലപ്പുറം