2014, ജൂലൈ 1, ചൊവ്വാഴ്ച

സംഗീതവും ഇസ്‌ലാമും തമ്മിലുള്ള ബന്ധമെന്താണ്? യുവാന്‍ രാജ

സംഗീതവും ഇസ്‌ലാമും തമ്മിലുള്ള ബന്ധമെന്താണ്? ഇസ്‌ലാമിന്റെ കര്‍മശാസ്ത്ര രീതികളെ പരിചയിക്കുകയും പുണരുകയും ചെയ്യുന്ന വിശ്വാസികളും പണ്ഡിതരും അതിനെ ''ഹറാം'' അഥവാ നിഷിദ്ധം എന്നു വിശേഷിപ്പിക്കാറുണ്ട്. ''സംഗീതത്തെ മാത്രമല്ല, ദൈവചിന്തയില്‍ നിന്ന് അകറ്റുന്ന'' എല്ലാ കാര്യങ്ങളെയും സാധാരണ മുസ്‌ലിംകള്‍ അങ്ങനെയാണ് കാണുന്നത്. സംഗീതജ്ഞന്‍ എന്ന് പേരെടുത്തതിനുശേഷം ഇസ്‌ലാം ആശ്ലേഷിച്ച ബ്രിട്ടീഷുകാരന്‍ കാറ്റ് സ്റ്റീവന്‍സ് (യൂസുഫുല്‍ ഇസ്‌ലാം) ഈ ''പ്രതിസന്ധി''യെ മറികടക്കുന്നത് എങ്ങനെയെന്നു നോക്കുക: ''സംഗീതത്തില്‍ ഹറാമും ഹലാലും ഉണ്ട്. മ്യൂസിക് എന്ന പദം ഖുര്‍ആനില്‍ ഇല്ല. എന്നാല്‍ സംഗീതം അവതരിപ്പിക്കപ്പെടുന്ന അവസ്ഥകള്‍ പ്രതിപാദിക്കുന്നുണ്ടുതാനും. മദ്യം, പരസ്ത്രീഗമനം തുടങ്ങിയവ. പക്ഷേ, ആത്യന്തികമായി സംഗീതം ഒരു ആവിഷ്‌കാര രീതിയാണ്. അതിനാല്‍ അതെ, സംഗീതത്തില്‍ ഹറാമും ഹലാലും ഉണ്ടെന്ന് ഞാന്‍ മനസ്സിലാക്കുന്നു.'' സംഗീതത്തിലെ ഹറാമും ഹലാലും വേര്‍തിരിക്കുന്ന കര്‍മശാസ്ത്രരീതികള്‍ പരിശോധിക്കുമ്പോഴും കൃത്യമായ ഒരു ചിത്രം ലഭിക്കുകയില്ല. കാരണം, ഉപകരണങ്ങളുടെ ഭൗതികരൂപത്തെ അടിസ്ഥാനപ്പെടുത്തിയാണ് അവയെ നിര്‍വചിക്കുന്നത്. ഉദാഹരണത്തിന് മധ്യവശം ഉള്ളിലേക്ക് വളഞ്ഞ ഉപകരണത്തില്‍ നിന്നുള്ള ശബ്ദം ഹറാം, നിരന്ന പ്രതലത്തില്‍ നിന്നുള്ളത് ഹലാല്‍ എന്നിങ്ങനെ. അതിനൊപ്പം സംഗീതം നിര്‍വഹിക്കുന്ന ദൗത്യത്തെ ആശ്രയിച്ചും അതിന്റെ നിഷിദ്ധാനുമതികള്‍ വിശദീകരിക്കപ്പെടാറുണ്ട്. മക്കയില്‍ നിന്ന് പലായനം ചെയ്ത് നബിയും സഹചാരി അബൂബക്കറും മദീനയിലെത്തുമ്പോള്‍ അവിടുത്തെ പെണ്‍കുട്ടികള്‍ പാട്ടുപാടിയും ദഫ്മുട്ടിയുമാണ് അവരെ സ്വീകരിച്ചത്. അന്ന് ആലപിക്കപ്പെട്ട ''ത്വലഅല്‍ ബദ്‌റു അലൈനാ'' എന്നു തുടങ്ങുന്ന കവിത ഇപ്പോഴും മുസ്‌ലിംകള്‍ക്കിടയില്‍ വ്യാപകമായി പാടുന്നു. അതേസമയം ലക്ഷ്യബോധമില്ലാതെ അലഞ്ഞുതിരിയുന്ന തരത്തിലുള്ള കവിതയും സംഗീതവും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതല്ലെന്ന് ഖുര്‍ആന്‍ തന്നെ പറയുന്നു.

ഒരു ഗായകന്‍ അല്ലെങ്കില്‍ സംഗീതജ്ഞന്‍ ഇസ്‌ലാമിലേക്ക് പരിവര്‍ത്തനം ചെയ്യുമ്പോള്‍ അയാള്‍ തന്റെ ഉപജീവനമായ സംഗീതത്തെ എന്തുചെയ്യും എന്നത് എപ്പോഴും ഉന്നയിക്കപ്പെടാറുള്ള ചോദ്യമാണ്. ഉദാരമനസ്‌കതയോടെ സംഗീതത്തെ സമീപിക്കുന്ന സൂഫി ദര്‍ശനങ്ങളില്‍ ആകൃഷ്ടരായി ഇസ്‌ലാം പുണരുന്ന സംഗീതജ്ഞര്‍, സംഗീതത്തെ നിര്‍ബാധം കൊണ്ടുനടക്കാറുണ്ട്. എന്നാല്‍ ആത്മീയതയേക്കാള്‍ കര്‍മശാസ്ത്രത്തില്‍ തല്‍പരരായ സാധാരണ മുസ്‌ലിംകള്‍ അതിനെ അംഗീകരിക്കാറില്ല. ഇസ്‌ലാം ആശ്ലേഷിച്ച ശേഷം ഉപേക്ഷിച്ച സംഗീതത്തിലേക്ക് വര്‍ഷങ്ങള്‍ക്ക് ശേഷം മടങ്ങിപ്പോയ യൂസുഫുല്‍ ഇസ്‌ലാമിന് സമുദായത്തില്‍ നിന്ന് പ്രോത്സാഹനത്തേക്കാള്‍ ലഭിച്ചത് വിമര്‍ശനമായിരുന്നു. സംഗീതം പോലെ തന്നെ ''അര്‍ത്ഥശൂന്യം'' എന്ന് മതം വിലയിരുത്തുന്ന സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ വിശ്വാസികള്‍ പക്ഷേ ഉത്കണ്ഠാകുലരല്ല.

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ഹാഷിം അംലക്ക് ലഭിക്കുന്ന പ്രശംസകള്‍ ഓര്‍ക്കുക. അപ്പോള്‍ മതമോ കര്‍മശാസ്ത്രമോ അല്ല, മനുഷ്യരുടെ മനോഭാവമാണ് പ്രശ്‌നം എന്ന് മനസ്സിലാക്കേണ്ടിവരുന്നു. ഇതിനെ ഗൗനിക്കാതെ തന്റെ ശരിതെറ്റുകളെപ്പറ്റി ബോധവാനായതുകൊണ്ടാണ് എ.ആര്‍ റഹ്മാന് ഒരേ തട്ടുതകര്‍പ്പന്‍ ഗാനങ്ങള്‍ ഹൃദയത്തെ തൊടുന്ന മെലഡികളും ഭക്തിയുണര്‍ത്തുന്ന നഅ്തുകളും ഗസലുകളും ചമയ്ക്കാന്‍ കഴിഞ്ഞത്.

കര്‍മശാസ്ത്ര ഇസ്‌ലാമിന് സംഗീതത്തോടുള്ള താല്‍പര്യം എന്തായിരുന്നാലും സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരെ ഇസ്‌ലാം വല്ലാതെ ആകര്‍ഷിക്കുന്നു എന്നത് സത്യമാണ്. മൈക്കല്‍ ജാക്‌സന്റെ സഹോദരന്‍ ജര്‍മെയ്ന്‍, പഞ്ചാബി ഗായകന്‍ ഹന്‍സ് രാജ് ഹന്‍സ്, എ.ആര്‍ റഹ്മാന്‍, കാറ്റ് സ്റ്റീവന്‍സ്, അമേരിക്കന്‍ ഗായകരായ ദാവൂദ് വാണ്‍സ്ബി, ജോ ടെക്‌സ്, ജോണ്‍ വൈറ്റ്‌ഹെസ്, ഒലൂദാര, ഗിഗി ഗ്രേയ്‌സ്, സാഹിബ് ശിഹാബ്, സേവ് ചാപ്പല്‍, ആര്‍ട്ട് ബ്ലേക്കി, ബോളിവുഡിന്റെ ഇതിഹാസ ഗായകന്‍ കിഷോര്‍കുമാര്‍.... ആ ലിസ്റ്റ് നീളും. സംഗീതത്തിനും ഇസ്‌ലാമിക ആത്മീയതക്കുമിടയില്‍ ഒരിടം കണ്ടെത്താന്‍ കഴിയുന്നതിനാലാണ് സംഗീത മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇസ്‌ലാമിലേക്ക് വരുന്നത് എന്നു മനസ്സിലാക്കാം.

ഠഠ ഠഠ ഠഠ

തമിഴ് സംഗീത സംവിധാകന്‍ യുവന്‍ ശങ്കര്‍രാജയുടെ ഇസ്‌ലാമാശ്ലേഷണം അദ്ദേഹത്തിന്റെ ആരാധകര്‍ക്കിടയിലും ഇന്‍ഡസ്ട്രിയിലും വലിയ അമ്പരപ്പാണുണ്ടാക്കിയത്. മതം ഒരാളുടെ സ്വകാര്യമാണ് എന്നൊക്കെ പറയുമ്പോഴും ''യുവന്‍ എന്തിനു മതം മാറി'' എന്ന് അന്വേഷിക്കുന്നതിലായിരുന്നു മാധ്യമങ്ങള്‍ക്ക് താല്‍പര്യം. യുവന്‍ ഇസ്‌ലാമായാലെന്താ, അദ്ദേഹത്തിന്റെ സംഗീതം നോക്കിയാല്‍ പോരെ എന്ന് മീഡിയ ആരാധകരെ ''ആശ്വസിപ്പിക്കുന്നതും'' കണ്ടു. ഹൈന്ദവ ഭക്തനായ ഇളയരാജയുടെ മകന്‍ ഇസ്‌ലാമിലേക്ക് മാറിയതില്‍ ചിലര്‍ക്കുണ്ടായിരുന്ന പ്രതിഷേധവും അനല്‍പമായിരുന്നു. തെറിവിളി കേട്ടുമടുത്ത യുവന് ട്വിറ്റര്‍ ഉപേക്ഷിക്കേണ്ടിവന്നു.

ക്ഷണികവും കേവലവുമായ ഉള്‍വിളിയല്ല, സമയമെടുത്തുകൊണ്ടുള്ള മനനമാണ് തന്നെ ഇസ്‌ലാമിലേക്ക് അടുപ്പിച്ചതെന്ന് യുവന്‍ പറയുന്നു. ഒരു ഘട്ടത്തില്‍ താന്‍ തുടര്‍ച്ചയായി കണ്ട സ്വപ്നങ്ങള്‍ക്ക് അര്‍ത്ഥം കണ്ടെത്താന്‍ കഴിഞ്ഞത് ഖുര്‍ആനില്‍ മാത്രമാണെന്നും മതം മാറാനുള്ള തീരുമാനം ആദ്യം അറിയിച്ചത് അച്ഛനെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

സ്വപ്നം ഇസ്‌ലാമിലേക്കുള്ള വഴികാട്ടിയാവുന്നത് യുവന്റെ കാര്യത്തില്‍ മാത്രമല്ല, പ്രവാചകന്റെ കാലത്തുതന്നെ പല സഹാബികള്‍ക്കും ഇതേ അനുഭവമുണ്ടായിട്ടുണ്ട്. കാറ്റ് സ്റ്റീവന്‍സ്, ഇസ്‌ലാമിലേക്കുള്ള തന്റെ യാത്രയുടെ തുടക്കം സ്വപ്നമായിരുന്നുവെന്നു വിശദീകരിക്കുന്നു. ഉറക്കത്തിലെ കേവല ഭ്രമകല്‍പ്പനയല്ല, ജീവിതത്തിന്റെ വഴികളെ വ്യക്തമാക്കുന്ന ശക്തിയാണ് സ്വപ്നം എന്ന് ഇതില്‍ നിന്നു വ്യക്തമാകുന്നു. പ്രവാചകരില്‍ ആദ്യം വിശ്വസിച്ചത് അവിടുത്തെ പ്രിയപത്‌നി ഖദീജ ആയിരുന്നു. പ്രവാചകനുമായുള്ള അവരുടെ വിവാഹത്തിനുള്ള തുടക്കവും ഖദീജയുടെ സ്വപ്നം തന്നെ. ഖദീജയുടെ സ്വപ്നത്തിന് വ്യാഖ്യാനം കല്‍പിച്ച അവരുടെ ബന്ധു വറഖത് ബിന്‍ നൗഫല്‍ ആണ്, അവര്‍ പ്രവാചകനെ വിവാഹം ചെയ്യാന്‍ പോകുന്നു എന്ന് പ്രവചിച്ചത്.

യുവന്റെ തീരുമാനത്തോട് ഇളയരാജയുടെ പ്രതികരണം സ്വാഭാവികമായിരുന്നു. അദ്ദേഹം എതിര്‍ത്തു. ഹൃദയാഘാതം വരെയുണ്ടായി എന്ന് അദ്ദേഹത്തിന്റെ കുടുംബം പറയുന്നു. പക്ഷേ, ഒരു വ്യക്തി എന്ന നിലയ്ക്ക് യുവന്റെ തീരുമാനത്തെ അംഗീകരിക്കുകയല്ലാതെ അദ്ദേഹത്തിന് നിവൃത്തിയുണ്ടായിരുന്നില്ല.

പണം, അംഗീകാരം, പ്രശസ്തി എന്നിവയ്‌ക്കൊന്നും മനുഷ്യന്റെ ആത്മീയമായ അന്വേഷണ ത്വരയെയും കെടുത്താന്‍ കഴിയില്ല എന്നതാണ് സത്യം. തമിഴില്‍ ഏറ്റവുമധികം പ്രതിഫലം പറ്റുന്ന സംഗീതജ്ഞരിലൊരാളായ യുവന്‍, പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോഴും ഏകാകിയും അശാന്തനുമായിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. അതിനൊപ്പം ജീവിതത്തിലുണ്ടായ ചില ദുരന്തങ്ങള്‍ അദ്ദേഹത്തില്‍ ജീവിതത്തിന്റെ നൈമിഷികതയെപ്പറ്റിയുള്ള ബോധം ജനിപ്പിച്ചു. ദീര്‍ഘകാല സുഹൃത്തായിരുന്ന സുജയചന്ദ്രനെയാണ് യുവന്‍ ആദ്യം വിവാഹം കഴിച്ചത്. പക്ഷേ, ദാമ്പത്യം രണ്ടു വര്‍ഷമേ നീണ്ടുനിന്നുള്ളൂ. പിന്നീട്, ശില്‍പമോഹനെ ജീവിതസഖിയാക്കിയെങ്കിലും ആ ബന്ധവും പെട്ടെന്ന് അവസാനിച്ചു. അതിനിടയില്‍ എല്ലാമെല്ലാമായിരുന്ന അമ്മ മരണപ്പെടുക കൂടി ചെയ്തതോടെ യുവന്‍ ഏകാന്തതയുടെ നടുക്കലില്‍ അകപ്പെട്ടു.
വ്യക്തിജീവിതത്തിലെ ഈ വിഷമതകള്‍ ആത്മീയ യാത്രയില്‍ യുവന് താല്‍പര്യം ജനിപ്പിച്ചിരിക്കണം. പക്ഷേ, പെട്ടെന്നുള്ള തീരുമാനമല്ല തന്റെ മതംമാറ്റമെന്ന് അദ്ദേഹം പറയുന്നു.

''രണ്ടു വര്‍ഷത്തോളം ഞാന്‍ ഇസ്‌ലാമിനെക്കുറിച്ച് പഠിച്ചു. അതിനുശേഷമാണ് ഖുര്‍ആന്‍ വായിക്കാന്‍ ആരംഭിച്ചത്. അത് ക്രമേണ എന്റെ സ്വപ്നങ്ങള്‍ക്കും സംശയങ്ങള്‍ക്കും ജീവിതത്തെപ്പറ്റിയുള്ള തെറ്റിദ്ധാരണകള്‍ക്കും മറുപടി നല്‍കി.''

''ആരെങ്കിലും നിര്‍ബന്ധിച്ചിട്ടല്ല ഞാന്‍ ഇസ്‌ലാം സ്വീകരിച്ചത്. യഥാര്‍ത്ഥത്തില്‍ ഞാന്‍ ഇസ്‌ലാമിനെയല്ല, ഇസ്‌ലാം എന്നെയാണ് തെരഞ്ഞെടുത്തത്''- ഒരു അഭിമുഖത്തില്‍ യുവന്‍ പറഞ്ഞു.

യുവന്റെ മതംമാറ്റം ഒരു വ്യക്തിയുടെ തീരുമാനമായി കാണുന്നതിനു പകരം എന്തോ കുഴപ്പം സംഭവിച്ച മട്ടിലാണ് മാധ്യമങ്ങള്‍ പൊലിപ്പിച്ചത്. സോഷ്യല്‍ മീഡിയയില്‍ അത് വലിയ തരംഗമുണ്ടാക്കുകയും ചെയ്തു. യുവന്റെ ഫേസ്ബുക്ക് പേജ് കേവലം മതവൈകാരികതയുടെ പോരാട്ടഭൂമിയായി മാറി. പലരും അദ്ദേഹത്തെ തെറിവിളിച്ചു. ചിലര്‍ അദ്ദേഹത്തിന്റെ സംരക്ഷകരായി സ്വയം ചമഞ്ഞ് വെല്ലുവിളികള്‍ മുഴക്കി. മനം മടുത്ത യുവന്‍ ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു.

യുവന്റെ മതംമാറ്റം അദ്ദേഹത്തിന്റെ സംഗീതത്തെ ബാധിച്ചിട്ടില്ലെന്നതു സുവ്യക്തം. ഈയിടെ അദ്ദേഹം കരിയറിലെ നൂറാം ചിത്രത്തിനും സംഗീതം പകര്‍ന്നു. സംഗീതത്തെ പിന്തുണക്കുന്ന സംഗീതവും സംഗീതത്തെ പിന്തുണക്കുന്ന വിശ്വാസവുമായി യുവന്‍ മുന്നോട്ടു പോകുന്നു. വിശ്വാസവും സംഗീതവും തമ്മില്‍ ബന്ധിക്കുന്ന ഇടത്തെ അദ്ദേഹം തിരിച്ചറിഞ്ഞിട്ടുണ്ടാവാം. ആത്മീയതയുടെ സംഗീതാത്മകമായ ആ വിതാനം അദ്ദേഹത്തിന് കൂടുതല്‍ ഉള്‍ക്കാഴ്ച പകരുന്നുണ്ടാവാം. കേവലം ബാഹ്യമായ പ്രകടനപരതയല്ല ആത്മീയതയും സംഗീതവുമെന്നാണ് യുവന്റെ ജീവിതം തെളിയിക്കുന്നത്.
                                       ഉമ്മുസല്‍മ (ചന്ദ്രിക ന്യൂസ്‌)