2014, ജൂലൈ 19, ശനിയാഴ്‌ച

യമലിലെ വിജനമായ മേഖലയില്‍ ഗര്‍ത്തം പ്രത്യക്ഷപ്പെട്ട

ഏറെ സംശയങ്ങള്‍ക്ക് തിരികൊളുത്തി സൈബീരിയയില്‍ രൂപംകൊണ്ട 80 മീറ്റര്‍ വിസ്തീര്‍ണമുള്ള നിഗൂഢ ഗര്‍ത്തത്തെ കുറിച്ച് പഠിക്കാന്‍ ശാസ്ത്രജ്ഞരുടെ സംഘം സ്ഥലതെത്തി. ഇന്നലെയാണ് മോസ്കോയില്‍ നിന്നും 1,800 മൈല്‍ കിഴക്ക് യമലിലെ വിജനമായ മേഖലയില്‍ ഗര്‍ത്തം പ്രത്യക്ഷപ്പെട്ടത്. നാശമില്ലാത്ത തരത്തില്‍ മരവിച്ച അടിമണ്ണോടു കൂടിയ ഈ മേഖല പൊതുവെ 'ഭൂമിയുടെ അറ്റം' എന്നാണ് അറിയപ്പെടുന്നത്. അടിമണ്ണിലുണ്ടായ പൊട്ടിത്തെറിയാകാം ഇത്തരമൊരു ഗര്‍ത്തത്തിന് കാരണമായതെന്നാണ് പൊതുവെയുള്ള വിലയിരുത്തലെങ്കിലും ഇനിയം ആഴം നിര്‍ണയിക്കപ്പെട്ടിട്ടില്ലാത്ത ഈ ഗര്‍ത്തം രൂപം കൊണ്ടത് സംബന്ധിച്ച് വിവിധ സംശയങ്ങള്‍ ഇതോടകം തന്നെ ശാസ്ത്ര ലോകം ഉയര്‍ത്തി കഴിഞ്ഞു. ഉല്‍ക്കയാകാം എന്ന വാദങ്ങളെ എന്തായാലും ഇതോടകം തന്നെ ശാസ്ത്രജ്ഞര്‍ തള്ളി കളഞ്ഞിട്ടുണ്ട്.
റഷ്യയിലെ എണ്ണ, വാതക ഉത്പാദനത്തെ സംബന്ധിച്ചിടത്തോളം മര്‍മ്മ പ്രധാനമായ ഒരു മേഖലയിലാണ് ഗര്‍ത്തം രൂപം കൊണ്ടിട്ടുള്ളത്. അടിത്തട്ടിലുണ്ടായ സ്‍ഫോടനമാകാം ഗര്‍ത്ത രൂപീകരണത്തിന് കാരണമായതെന്ന വാദത്തിന് ഇത് കരുത്തേകുന്നു.  എന്നാല്‍ 28 ഇഞ്ച് കനത്തില്‍ വിറങ്ങലിച്ച നിലയിലുണ്ടായിരുന്ന അടിമണ്ണാണ് മറ്റു തരത്തിലുള്ള ചിന്തകള്‍ക്ക് വഴിതെളിയിക്കുന്നത്. ഇത്തരമൊരു ഭീകര ഗര്‍ത്തം രൂപം കൊള്ളുന്ന തരത്തിലുള്ള സ്ഫോടനമാണ് സംഭവിച്ചിട്ടുള്ളതെങ്കില്‍ ഇത് സൃഷ്ടിച്ചിരിക്കാവുന്ന ചൂട്  കനത്തതാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നു.
റഷ്യന്‍ അക്കാഡമി ഓഫ് സയന്‍സസിലെ പ്രതിനിധികള്‍  ഗര്‍ത്തത്തിന് സമീപത്തു നിന്നും മണ്ണ്, ജലം, വായു എന്നിവയുടെ സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ട്. ആഗോളതാപനമാകാം ഗര്‍ത്ത രൂപീകരണത്തിലേക്ക് നയിച്ച ഘടകമെന്നാണ് സബ് ആര്‍ട്ടിക് സയന്‍റിഫിക് റിസേര്‍ച്ച് സെന്‍ററിലെ അന്ന കുര്‍ച്ചട്ടോവ പറയുന്നത്. വെള്ളം, ഉപ്പ്, വാതകം എന്നിവയുടെ മിശ്രിതം മൂലം അടിത്തട്ടിലുണ്ടായ സ്ഫോടനമാണ് ഗര്‍ത്തത്തിന് വഴിവച്ചതെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. 10,000 വര്‍ഷങ്ങള്‍ക്ക് സമുദ്രമായിരുന്ന മേഖലയുടെ അടിത്തട്ടില്‍ ഐസോടു കൂടിയ മണ്ണിനൊപ്പം വാതകം അടിഞ്ഞു ചേര്‍ന്നതാകാമെന്നും ഐസ് പോലെ മരവിച്ച മണ്ണ് അലിഞ്ഞതോടെയാതാം പൊട്ടിത്തെറിയുണ്ടായതെന്നുമാണ് അന്ന ചൂണ്ടിക്കാട്ടുന്നത്. ഇവരുടെ നിഗമനം ശരിയാണെങ്കില്‍ ഭൂമിയുടെ അടിത്തട്ടില്‍ സ്ഥാപിച്ചിട്ടുള്ള വാതക പൈപ്പ് ലൈനുകളെ സംബന്ധിച്ചിടത്തോളം അത് ശുഭസൂചകമല്ല.