2014, ജൂലൈ 5, ശനിയാഴ്‌ച

സൗദിയെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നു

റിയാദ്: ഇറാഖില്‍ ശക്തമായി പിടിമുറുക്കിക്കൊണ്ടിരിക്കുന്ന 'ഇസ്‌ലാമിക് സ്റ്റേറ്റ്'(ഐഎസ്‌ഐഎല്‍) സൗദി ഗവണ്‍മെന്റിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിക്കുന്നു. സിറിയയില്‍ ബശ്ശാറുല്‍ അസദിനെതിരെ പോരാടിക്കൊണ്ടിരുന്ന വിമതസംഘത്തിന് സാമ്പത്തികസഹായം നല്‍കുന്നത് ഭാവിയില്‍ തങ്ങള്‍ക്ക് തിരിച്ചടിയായേക്കുമോയെന്ന ഭയം സൗദിയെ പിടികൂടിയത് 'മക്കയും മദീനയും' തങ്ങളുടെ ലക്ഷ്യമാണെന്ന് ഇസ്‌ലാമിക് സ്റ്റേറ്റ് പ്രഖ്യാപിച്ചതോടെയാണ്.
കരുതല്‍ നടപടികളുടെ ഭാഗമായി സൗദി രാജാവായ കിങ് അബ്ദുല്ലാ ബിന്‍ അബ്ദുല്‍ അസീസ് ഇന്റലിജന്‍സ് ചീഫായി ഖാലിദ് ബിന്‍ ബന്ദര്‍ രാജകുമാരനെ ഇന്റലിജന്‍സ് മേധാവിയായി നിയമിച്ചു.
സോഷ്യല്‍നെറ്റ് വര്‍ക്ക് സൈറ്റുകളിലെ ഐഎസ്‌ഐഎല്‍ അനുകൂലമെമ്പര്‍മാരെ നിരീക്ഷിച്ച് അവരില്‍പെട്ട 44 പേരെ സൗദി സുരക്ഷാവിഭാഗം ഈയടുത്ത് പിടികൂടിയിരുന്നു. ഏറ്റവും വലിയ പെട്രോളിയം ഉല്‍പാദകരായ സൗദി അറേബ്യയ്ക്കുനേരെ ആക്രമണമുണ്ടാകുന്ന പക്ഷം  ലോകസാമ്പത്തികനിലതന്നെ തകിടംമറിയുമെന്ന ആശങ്കയിലാണ് ആഗോളസാമ്പത്തികവിദഗ്ധര്‍.