2014, ജൂലൈ 12, ശനിയാഴ്‌ച

ഇസ്രാഈല്‍ സൈന്യം നരമേധം തുടരുന്നു


ലസ്തീനിലെ ഗസ്സയില്‍ ഇസ്രാഈല്‍ സൈന്യം നരമേധം തുടരുന്നു. ഇതോടെ നാല് ദിവസമായി തുടരുന്ന വിവിധ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ട ഫലസ്തീനികളുടെ എണ്ണം 103 ആയി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും പിഞ്ചുകുട്ടികളുമാണ്. നാലു ദിവസമായി ഇസ്രാഈല്‍ തുടരുന്ന വ്യോമാക്രമണങ്ങളില്‍ 700ഓളം പേര്‍ക്ക് പരിക്കേറ്റതായി ഫലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു.
അതേ സമയം ഗസ്സയില്‍ ഇരുവിഭാഗവും വെടിനിര്‍ത്തലിന് തയാറാകണമെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ ആവശ്യപ്പെട്ടു. വെടിനിര്‍ത്തലിന് മാധ്യസ്ഥം വഹിക്കാന്‍ തയാറാണെന്ന് അമേരിക്കയും അറിയിച്ചു.

റഫയില്‍ ഇന്നലെ ഇസ്രാഈല്‍ സേന നടത്തിയ വ്യോമാക്രമണത്തില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. റഫയില്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്. അതേ സമയം ദക്ഷിണ ലബനാനില്‍ നിന്നും ഇസ്രാഈലിലേക്ക് റോക്കറ്റുകള്‍ വിക്ഷേപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്.

ഇസ്രാഈലിലെ അഷ്‌ദോദില്‍ എണ്ണ ടാങ്കറിനു നേരെ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തില്‍ എട്ടു പേര്‍ക്കു പരിക്കേറ്റതായി ടെല്‍അവീവീല്‍ സൈനിക വക്താവ് അറിയിച്ചു.തെക്കന്‍ നഗരമായ ഖാന്‍ യൂനുസില്‍ വ്യാഴാഴ്ച രാവിലെയുണ്ടായ ആക്രമണത്തില്‍ എട്ട് ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഒരു കുടുംബത്തിലെ എട്ടു പേരാണ് മരിച്ചത്. ഇതില്‍ അഞ്ചു പേര്‍ കുട്ടികളാണ്. 25 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരു വീടിന് നേരെയാണ് ആക്രമണം നടന്നത്. ആക്രമണം ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് കെട്ടിടത്തിലേക്ക് ഓടിക്കയറിയ നിരപരാധികളായ സിവിലിയന്മാരാണ് കൊല്ലപ്പെട്ടത്. സംഭവം ദുരന്തമാണെന്നും ഇവരെ ലക്ഷ്യമിട്ടിട്ടില്ലായിരുന്നെന്നും ഇസ്രാഈല്‍ സൈനിക വക്താവ് പറഞ്ഞു. ആക്രമണം പ്രതിരോധിക്കുന്നതിന് ഹമാസ് പോരാളികള്‍ പ്രാദേശിക നിര്‍മിത റോക്കറ്റുകള്‍ ഉപയോഗിച്ച് ശക്തമായ തിരിച്ചടി നടത്തുന്നുണ്ടെങ്കിലും ഇസ്രാഈലി പക്ഷത്ത് ഇതുവരെ ആള്‍ നാശമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

തിങ്കളാഴ്ച മുതല്‍ തങ്ങളുടെ പ്രദേശത്ത് ഗസ്സയില്‍നിന്നുള്ള 500 റോക്കറ്റുകള്‍ പതിച്ചിട്ടുണ്ടെന്ന് ഇസ്രാഈല്‍ വെളിപ്പെടുത്തി. രണ്ട് ഇസ്രാഈല്‍ പൗരന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ജൂണ്‍ 12ന് ഇസ്രാഈല്‍ പൗരന്മാരായ മൂന്ന് കൗമാരപ്രായക്കാരെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ടാണ് ഫലസ്തീന്‍ വീണ്ടും കുരുതിക്കളമായി മാറിയത്.

മൂന്ന് കൗമാരപ്രായക്കാരെയും പിന്നീട് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയും ഇതിന് പിന്നില്‍ ഹമാസാണെന്ന് ആരോപിച്ച് ഇസ്രാഈല്‍ സൈന്യം ഗസ്സയില്‍ പ്രകോപനമില്ലാതെ ആക്രമണം നടത്തുകയുമായിരുന്നു. നാലു ദിവസമായി തുടരുന്ന ആക്രമണത്തില്‍ 1100 ലക്ഷ്യങ്ങളിലേക്ക് ഇസ്രാഈല്‍ ആക്രമണം നടത്തിയതായി സൈനിക വക്താവ് അവിഷേ അദ്‌റായി അറിയിച്ചു. ഇസ്രാഈലി നഗരങ്ങളിലേക്ക് ഹമാസിന്റെ റോക്കറ്റാക്രമണം ഇന്നലെയും തുടര്‍ന്നു. ഹമാസിന്റെ റോക്കറ്റാക്രമണം ചെറുക്കുന്നതിനായി ടെല്‍ അവീവ് വിമാനത്താവളത്തിനു സമീപം നാല് മിസൈല്‍ പ്രതിരോധ കവചങ്ങള്‍ ഇസ്രാഈല്‍ വിന്യസിച്ചിട്ടുണ്ട്.