ഗസ്സയില്‍ ഇസ്രാഈല്‍ നടത്തുന്ന രക്തരൂഷിതമായ അക്രമത്തിനെതിരായ പ്രതികരണങ്ങള്‍ വ്യാപകമാണ്. അമേരിക്കയടക്കമുള്ള പാശ്ചാത്യ രാഷ്ട്രങ്ങളിലെ അധികാരി വര്‍ഗം, നിരപരാധികളെ കൂട്ടത്തോടെ കൊന്നൊടുക്കുന്ന ഇസ്രാഈലിനെ ന്യായീകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്നുണ്ടെങ്കിലും ലോകമെങ്ങുമുള്ള സാധാരണ ജനങ്ങള്‍ തങ്ങളുടെ രോഷം പ്രകടമായിത്തന്നെ രേഖപ്പെടുത്തുന്നുണ്ട്. ലണ്ടന്‍, പാരിസ്, ആംസ്റ്റര്‍ഡാം, മാഡ്രിഡ്, ബ്യൂണസ് അയേഴ്‌സ്, സാന്റിയാഗോ എന്നിവയടക്കം ചെറുതും വലുതുമായ വന്‍നഗരങ്ങളില്‍ നടന്ന ഗസ്സ ഐക്യദാര്‍ഢ്യ പ്രകടനങ്ങളില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്.
ഇസ്രാഈല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും മുമ്പെന്നത്തേക്കാളും ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. ലോക മാധ്യമങ്ങളില്‍ മിക്കതിനെയും ഇസ്രാഈല്‍ വിലക്കെടുത്തിട്ടുണ്ടെന്ന കാര്യം രഹസ്യമല്ലെങ്കിലും നവമാധ്യമങ്ങളുടെ വായ് മൂടിക്കെട്ടാന്‍ സയണിസ്റ്റ് രാജ്യത്തിന് കഴിഞ്ഞിട്ടില്ല. ഇസ്രാഈലിന്റെ അക്രമത്തെയും ലോകനേതാക്കളുടെ മൗനത്തെയും അപലപിക്കുന്ന, ഗസ്സയിലെ ദുരിതമനുഭവിക്കുന്ന ജനതക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുന്ന ലക്ഷക്കണക്കിന് ഓണ്‍ലൈന്‍ സന്ദേശങ്ങളാണ് ഓരോ നിമിഷവും പ്രവഹിക്കുന്നത്. ഗസ്സ അധിനിവേശം ഏകപക്ഷീയമായി റിപ്പോര്‍ട്ട് ചെയ്യുന്ന ബി.ബി.സി ചാനലിനെതിരായ പ്രതിഷേധ വാചകം ബ്രിട്ടനിലെ ട്വിറ്ററില്‍ ഏറ്റവുമധികം ഉപയോഗിക്കപ്പെട്ട 'കീവേഡ്' ആവുക വരെയുണ്ടായി.
ജാതി-മത-വര്‍ഗ ഭേദമന്യേ മനഃസാക്ഷിയുള്ള ഓരോ മനുഷ്യനെയും ആകുലപ്പെടുത്തുന്നതാണ് ഗസ്സയിലെ സംഭവവികാസങ്ങള്‍. അന്തര്‍ദേശീയ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കുന്ന മലയാളികളും ഗസ്സയുടെ കാര്യത്തില്‍ അനുഭാവപൂര്‍ണമായ പ്രതികരണങ്ങള്‍ നടത്തുന്നു എന്നത് സ്വാഭാവികമാണ്. മനുഷ്യത്വം അല്ലാത്ത മറ്റൊന്നിനും ഇടമില്ലാത്ത ഈ വിഷയത്തില്‍ പക്ഷേ, ചിലയാളുകള്‍ മറ്റു ചില പരിഗണനകള്‍ തിരുകിക്കയറ്റുന്നു എന്ന ദുഃഖകരമായ വസ്തുത കാണാതിരിക്കാനാവില്ല. ഫലസ്തീന്‍ എന്ന 'മുസ്‌ലിം' ദേശത്തിനു മേല്‍ ഇസ്രാഈല്‍ എന്ന 'ജൂത' രാഷ്ട്രം നടത്തുന്ന അക്രമമായാണ് നിലവിലെ പ്രതിസന്ധിയെ ഇത്തരക്കാര്‍ കാണുന്നത്. മതത്തെ മതമായും രാഷ്ട്രീയത്തെ രാഷ്ട്രീയമായും കാണാന്‍ കഴിയാത്തതിന്റെ പരിണിത ഫലമാണിത്.
രാഷ്ട്രീയ നേട്ടത്തിനു വേണ്ടി മതത്തെ ഉപയോഗിച്ചാണ് സയണിസം ജൂതരാഷ്ട്രമെന്ന പേരില്‍ ഇസ്രാഈല്‍ കെട്ടിപ്പടുത്തതെങ്കിലും ഫലസ്തീനികള്‍ക്കു മേലുള്ള അക്രമത്തെ ആഗോള ജൂതസമൂഹം പിന്തുണക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഗസ്സ നരമേധത്തെ അപലപിച്ചു കൊണ്ട് ഒരാഴ്ച മുമ്പ് അമേരിക്കയില്‍ ജൂത മതനേതാക്കള്‍ സംഘടിപ്പിച്ച പ്രക്ഷോഭ പരിപാടിയില്‍ ജൂതവിഭാഗത്തില്‍പ്പെട്ട ആയിരക്കണക്കിനാളുകളാണ് പങ്കെടുത്തത്. 'സയണിസം ജൂത മതമല്ല', 'ഇസ്രാഈല്‍ അക്രമത്തെ ജൂതമതം അംഗീകരിക്കുന്നില്ല', 'ഇസ്രാഈല്‍ ഉല്‍പ്പന്നങ്ങള്‍ ബഹിഷ്‌കരിക്കുക' തുടങ്ങിയ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രകടനം. ഇസ്രാഈലിനെതിരായ ആഗോള അക്കാദമിക ബഹിഷ്‌കരണത്തിന് നേതൃത്വം നല്‍കുന്നത് ജൂത മതവിശ്വാസിയായ നോം ചോംസ്‌കിയാണ്. ജീവിച്ചിരിക്കുന്ന ഏറ്റവും വലിയ ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിന്‍സിനെ അക്കാദമിക ബഹിഷ്‌കരണത്തില്‍ പങ്കെടുപ്പിക്കുന്നതില്‍ അശ്രാന്ത പരിശ്രമം നടത്തി വിജയിച്ച ചോംസ്‌കി, ഫലസ്തീനികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന 'ഫലസ്തീന്‍ ക്രോണിക്കിള്‍' വെബ്‌സൈറ്റിന്റെ രക്ഷാധികാരി കൂടിയാണ്. ഇസ്രാഈലിനകത്തു തന്നെയുള്ള സയണിസ്റ്റ് വിരുദ്ധ സ്വതന്ത്ര റബ്ബിനിക്കല്‍ കോര്‍ട്ട് ഓഫ് ജെറൂസലം, 16-കാരനായ ഫലസ്തീനി ചെറുപ്പക്കാരനെ ചുട്ടുകൊന്നതിനെതിരെ അതിരൂക്ഷ ഭാഷയിലാണ് പ്രതികരിച്ചത്. ഈ സംഘടനയില്‍പ്പെട്ട പുരോഹിതര്‍ കൊല്ലപ്പെട്ട ചെറുപ്പക്കാരന്റെ വീട് സന്ദര്‍ശിക്കുകയും ബന്ധുക്കളെ ആശ്വസിപ്പിക്കുകയും ചെയ്തിരുന്നു.
അക്രമത്തെ അപലപിക്കുകയും മറ്റു മതസ്ഥരുമായി സമാധാനപൂര്‍ണമായ സഹവര്‍ത്തിത്തം ആഗ്രഹിക്കുകയും ചെയ്യുന്ന ഭൂരിപക്ഷം ജൂതജനതയെ പ്രതിക്കൂട്ടില്‍ നിര്‍ത്തി പ്രചരണം കൊഴുപ്പിക്കുന്ന വികാരജീവികള്‍ അറിയാതെ പോവുകയോ അവഗണിക്കുകയോ ചെയ്യുന്ന മറ്റൊന്നുണ്ട്; ഫലസ്തീനില്‍ വസിക്കുന്നത് മുസ്‌ലിംകള്‍ മാത്രമല്ല എന്ന യാഥാര്‍ത്ഥ്യം. പൗരസ്ത്യ ഓര്‍ത്തഡോക്‌സ്, ആഞ്ചലിക്കന്‍, ഈസ്‌റ്റേണ്‍ ഓര്‍ത്തഡോക്‌സ്, കാത്തലിക്, പ്രൊട്ടസ്റ്റന്റ് തുടങ്ങി വ്യത്യസ്ത വിഭാഗങ്ങളിലായി രണ്ടു ലക്ഷത്തിലധികം ക്രിസ്തുമത വിശ്വാസികള്‍ ഫലസ്തീനിലുണ്ട്. ഇസ്രാഈലിനകത്ത് ദുരിതംപേറുന്ന അറബ് വംശജരില്‍ പത്ത് ശതമാനവും ക്രിസ്തുമതസ്ഥരാണെന്നത് മറ്റൊരു വസ്തുത. ഇപ്പോള്‍ രാപകലില്ലാതെ മിസൈലുകള്‍ വന്നുവീഴുന്ന ഗസ്സയിലും ചെറുതല്ലാത്ത ക്രിസ്തുമത സാന്നിധ്യമുണ്ട്. വിഖ്യാത സാഹിത്യ തത്വചിന്തകനും സാംസ്‌കാരിക വിമര്‍ശകനും ഫലസ്തീന്‍ വിമോചന പോരാട്ടത്തിലെ നിര്‍ണായക സാന്നിധ്യവുമായ എഡ്വേഡ് സെയ്ദ് ക്രിസ്തുമത വിശ്വാസിയായിരുന്നു.
വംശശുദ്ധിയിലും അക്രമരാഷ്ട്രീയത്തിലും മാത്രം വിശ്വസിക്കുന്ന സയണിസം ജൂതമതത്തിന്റെയോ തോറയുടെയോ സന്ദേശങ്ങളല്ല ഉള്‍ക്കൊള്ളുന്നത്. മതത്തിന്റെ പേരില്‍ മനുഷ്യര്‍ വിഘടിച്ചുനില്‍ക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. മതപരിഗണനകള്‍ക്കതീതമായി മനുഷ്യമനഃസാക്ഷി ഉണരുകയും പ്രതികരിക്കുകയും ചെയ്താല്‍ മാത്രമേ സയണിസത്തെയും അതിന്റെ രാഷ്ട്രീയ രൂപമായ ഇസ്രാഈലിനെയും നിലക്കുനിര്‍ത്താന്‍ കഴിയൂ. അതിനുപകരം മതവും തരവും നോക്കി പ്രതികരണം നടത്തുന്നവര്‍ മരണമുഖത്ത് വസിക്കുന്ന ഫലസ്തീനികളെ പരിഹസിക്കുകയാണ് ചെയ്യുന്നത്.