2014, ജൂലൈ 19, ശനിയാഴ്‌ച

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രചാരണം സൗദി അറേബ്യ കേന്ദ്രീകരിച്ച് സജീവമാകുന്നു

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രചാരണം സൗദി അറേബ്യ കേന്ദ്രീകരിച്ച് സജീവമാകുന്നു. മുസ്ലീം വിരുദ്ധ ചാനലാണിതെന്നും ആർ.എസ്.എസ്-ഹിന്ദു അജണ്ടയാണ് ചാനൽ നടപ്പാക്കുന്നതെന്നുമാണ് ഒരു വിഭാഗം നടത്തുന്ന പ്രധാന പ്രചാരണം. സമീപകാലത്ത് ചാനലിൽ വന്ന വാർത്തകൾ അടിസ്ഥാനമാക്കിയാണ് ഈ പ്രചാരണം ചൂടുപിടിക്കുന്നത്.
അനാഥമന്ദിരം, പച്ച ബോർഡ് വിഷയങ്ങളിൽ ചാനൽ സ്വീകരിച്ച നിലപാടും, അടുത്തിടെ ചാനലിന്റെ വെബ്‌സൈറ്റിൽ വന്ന ഒരു തെറ്റായ വാർത്തയുമാണ് കാമ്പയിൻ വിഷയം. വീടുകൾ കയറി ചാനൽ കാണുന്നത് നിരുത്സാഹപ്പെടുത്തുക, ചാനലിൽ പരസ്യം നൽകുന്ന സൗദിയിലെ സ്ഥാപനങ്ങളെ ബഹിഷ്‌ക്കരിക്കുക എന്നിവയാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.
സോഷ്യൽ മീഡിയ വഴി വലിയ തോതിലുള്ള പ്രചാരണമാണ് നടക്കുന്നത്. ഫേസ്ബുക്കിൽ ഷെയർ ചെയ്യപ്പെടുന്ന പോസ്റ്റുകൾ എല്ലാം ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുന്നവയാണ്. ഏഷ്യാനെറ്റ് ന്യൂസിന് പരസ്യം കൊടുക്കുന്ന സ്ഥാപനങ്ങളുടെ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കാൻ ആഹ്വാനം ചെയ്യുന്ന പോസ്റ്റുകളും ഇക്കൂട്ടത്തിലുണ്ട്. 'ഐ ഹേറ്റ് ഏഷ്യാനെറ്റ് ന്യൂസ്' എന്ന ഫേസ്ബുക്ക് പേജ് രൂപീകരിച്ചും കാമ്പയിൻ നടക്കുന്നുണ്ട്. 5600 ഓളം ലൈക്ക് ഇപ്പോൾ ഈ പേജിനുണ്ട്. ഫേസ്ബുക്ക്, വാട്‌സ് ആപ് എന്നിവ വഴിയും സജീവമായ പ്രവർത്തനം നടക്കുന്നു.
റംദാൻ സമയത്ത് പരസ്യമായി ഭക്ഷണം കഴിച്ചവരെ സൗദി പോലീസ് പിടികൂടി എന്ന വാർത്തക്ക് കൂടെ നൽകിയ ചിത്രം മാറിപ്പോയതാണ് പ്രധാന പ്രശ്‌നം. ഇതിനു നൽകിയ ചിത്രം പഴയതായിരുന്നു. ചാനലിന്റെ ചെയർമാൻ രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയവും പ്രചാരണ വിഷയമാണ്.
അതേ സമയം ഒരു പ്രമുഖ മുസ്ലിം സംഘടനയുടെ പിന്തുണയോടെയാണ് ഈ കാമ്പയിൻ നടക്കുന്നത് എന്ന വിശ്വാസത്തിലാണ് ചാനൽ വൃത്തങ്ങൾ. അടുത്തിടെ പുതുതായി ചാനൽ തുടങ്ങിയ ഈ സംഘടന ഉടനെ വാർത്താ ചാനലും തുടങ്ങുന്നുണ്ട്. ഗള്‍ഫില്‍ മുന്‍പന്തിയിലുള്ള ഇവരുടെ പത്രത്തിന്‍റെ പിന്‍തുണയും ഈ പ്രചാരണത്തിനു പിന്നിലൂണ്ടെന്നും ചാനല്‍ വൃത്തങ്ങള്‍ വിശ്വസിക്കുന്നു. ഈ ചാനലുകൾക്ക് ഗൾഫിൽ പ്രേക്ഷകരെ ഉണ്ടാക്കാൻ സംഘടിതമായി നടക്കുന്നതാണ് പ്രചാരമെന്നാണ് ഏഷ്യാനെറ്റുമായി ബന്ധപ്പെട്ടവർ കരുതുന്നത്. സൗദിയിൽ നിന്നുള്ള ചാനലിന്റെ പരസ്യ വരുമാനത്തെ ഇത് ബാധിച്ച് തുടങ്ങിയതായും സൂചനകളുണ്ട്.
അതിനാൽ ഇപ്പോൾ നടക്കുന്ന പ്രചാരണങ്ങളെ നേരിടാനുള്ള തന്ത്രങ്ങൾ ആവിഷ്‌ക്കരിക്കുകയാണ് ഇപ്പോൾ ഏഷ്യാനെറ്റ് ന്യൂസ്. ഉടൻ തന്നെ പ്രേക്ഷകർക്ക് മുന്നിൽ വിശദീകരണവുമായി ചാനൽ എത്തുമെന്നാണ് കരുതന്നത്. ആരോഗ്യ പ്രശ്‌നങ്ങൾ കാരണം എഡിറ്റർ ഇൻ ചീഫ് ടി.എൻ.ഗോപകുമാർ വിട്ടുനിൽക്കുന്നത് ചാനലിന്റെ വാർത്താ നിലവാരത്തെ ബാധിക്കുന്നുണ്ട്. സമീപകാലത്ത് വന്ന ചില തെറ്റുകൾ ഇത് സൂചിപ്പിക്കുന്നു. എന്നാൽ എം.ജി.രാധാകൃഷ്ണനെ പോലുള്ള മുതിർന്ന മാധ്യമപ്രവർത്തകരെ കൊണ്ടുവന്ന് ഈ പ്രശ്‌നം പരിഹരിക്കാനാണ് ചാനലിന്റെ ശ്രമം.