2014, ജൂലൈ 1, ചൊവ്വാഴ്ച

ഉമ്മൂമ്മയുടെ പ്രിയ പച്ച?

കാലം എണ്‍പതുകളുടെ പകുതി. ഒഴിവ് സമയങ്ങളില്‍ അച്ഛന്റെ ഒപ്പം കടയില്‍ ഉണ്ടാകും. സാധനങ്ങള്‍ എടുത്ത് കൊടുക്കുക, ആളുകളോട് സംസാരിക്കുക ഒക്കെ ആയിരുന്നു പ്രധാന ജോലി. ഏതാണ്ട് മുസ്‌ലീം ഭൂരിപക്ഷപ്രദേശം എന്ന് പറയാം. വീട്ടിനു തൊട്ടടുത്ത ഒരു ഉമ്മൂമ്മ സാധനം വാങ്ങാന്‍ വന്നു. സാക്ഷരത ഒന്നും കടന്ന് വന്നിട്ടില്ലോ, ഉമ്മുമ്മയ്ക്ക് എഴുതാനും വായിക്കാനും അറിയില്ല. മക്കളോക്കെ നല്ല നിലയില്‍, ചെറുമക്കള്‍ എന്റെ സഹപാഠികളും കളിക്കൂട്ടുകാരും. ഉമ്മൂമ്മയുടെ സംസാരം എനിക്ക് വലിയ ഇഷ്ടവും മാത്രമല്ല ചെറിയ പെരുന്നാളിനും വലിയ പെരുന്നാളിനും ഒക്കെ പലഹാരപ്പൊതിയും ഒക്കെ വീട്ടില്‍ എത്തിച്ചിരുന്നു. ആ രുചി ഒക്കെ ഇപ്പോഴും നാവിന്‍ തുമ്പത്തുണ്ട് കഥയിലേക്ക് വരാം. ഉമ്മൂമ്മ കടയില്‍ വന്നു. എന്താ വേണ്ടത് എന്ന് ഞാന്‍? ‘സോപ്പ് വേണം’ ‘ഏത് സോപ്പ്?’ ഉടനെ വന്നു മറുപടി ‘പച്ച സോപ്പ്!!’ കേട്ടപാതി കേള്‍ക്കാത്ത പാതി ഇപ്പോഴത്തെ ചില വാര്‍ത്താ അവതാരകരെ പോലെ സോപ്പ് വച്ചിരിക്കുന്ന അലമാര ലാക്കാക്കി ഞാന്‍ കുതിച്ചു. അവിടെ ചെന്നപ്പോഴാണ് അപകടം മനസിലായത്. ഒന്നല്ല പത്തോളം പച്ച സോപ്പ്. ആശയക്കുഴപ്പമായി റെക്‌സോണ….മുതല്‍ ലിറില്‍ വരെ. ഇതില്‍ ഏത് പച്ചയാണപ്പാ ഉമ്മൂമ്മയുടെ പ്രിയ പച്ച? തിരികെ എത്തിചോദിച്ചു. ഉമ്മൂമ്മ ഏത് പച്ച! ‘ഞമ്മളു വാങ്ങുന്ന പച്ച സോപ്പ് തന്നെ’ എന്ന് മറുപടി. ഞാന്‍ ആകെ കുഴങ്ങുന്നതിനു മുന്നെ തന്നെ അടുത്ത് നിന്ന ആരോ സഹായിച്ചു. ഇല്ലെല്‍ സംഗതി ന്യൂസ് നൈറ്റ് ചര്‍ച്ച പോലെ ആയേനേ. ചന്ദ്രിക സോപ്പ് ആണെന്ന് മനസിലായി, എടുത്ത് കൊടുത്തു. ഉമ്മുമ്മ സ്ഥലം വിട്ടു. അങ്ങനെ പച്ച വിവാദമാകാതെ അവിടെ അവസാനിച്ചു. ചന്ദ്രിക സോപ്പിന്റെ എംബ്ലം അഥവാ മുദ്ര നോക്കിയാല്‍ പച്ച തന്നെ, പോരാത്തതിന് ചാന്ദ്രപിറയും സോപ്പ് കൂടില്‍ വ്യക്തം. എന്തിനധികം മുസ്ലീംലീഗ് ജിഹ്വയുടെ പേരു തന്നെ ആണല്ലോ സോപ്പിനും. പോരേ പൂരം ഉണ്ടാക്കനുള്ള വഹകള്‍ വിരാമതിലകം: അന്ന് ആരും കാവി സോപ്പ് ചോദിച്ച് വന്നില്ല, വന്നേലും കുഴപ്പമില്ലായിരുന്നു ‘കസ്തൂരി മഞ്ഞളിന്റെ കാന്തി ‘രാധാസ്’ അലമാരയില്‍ ഇരുപ്പുണ്ടല്ലോ ചന്ദ്രിക സോപ്പ് സി ആര്‍ കേശവന്‍ വൈദ്യര്‍ എന്ന സംരംഭകനും സാമൂഹികനേതാവുമായിരുന്ന വ്യക്തിയുടെ സംഭാവനയായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് വന്ന ഉത്പന്നം. പില്‍ക്കാലത്ത് ഇത് വിപ്രോയ്ക്ക് വിറ്റു. രാധാസ് ആകട്ടെ കൊല്ലത്ത് തന്നെ അന്നും ഇന്നും ഉത്പാദനം. കേരളശബ്ദം ഗ്രൂപ്പ് പ്രസിദ്ധീകരണങ്ങളുടെ അമരക്കാരനായ ഡോ.രാജാകൃഷ്ണനാണ് ഇപ്പോള്‍ കമ്പനി സാരഥി. ചന്ദ്രികയും രാധാസും സോപ്പ് രംഗത്തെ #കേരളബ്രാന്‍ഡുകള്‍, ആരും ഈ രണ്ട് സോപ്പിനെയും ജാതിബ്രാന്‍ഡുകളായി കണ്ടില്ല. ഏതായാലും ഇന്ന് കേരളം സ്വന്തം സോപ്പിന്റെ ബ്രാന്‍ഡാലയം ആയില്ല എന്നാല്‍ നിറം പിടിപ്പിച്ച് വാര്‍ത്ത അവതരിപ്പിക്കുന്നതിന്റെ ഭ്രാന്താലയം ആയിക്കഴിഞ്ഞു (ആ നിരക്ഷരയായ ഉമ്മുമ്മയുടെ അവസ്ഥയില്‍ നിന്നും എത്രയോ ഉയരെ എന്ന് പറയാവുന്ന അവസ്ഥയിലാണ് ബിരുദാനന്തരബിരുദങ്ങളും പലഭാഷാശേഷിയും ഉള്ള നമ്മുടെ ആസ്ഥാന പുംഗവര്‍) അധികപറ്റ്: ആര്‍ട്ടിസ്റ്റ് രാജന്‍ എഴുതിയത് : ‘ ഉഴവൂരുനിന്നും പോന്ന് ഇരിഞ്ഞാലക്കുടയില്‍ താമസമാക്കിയ കേശവന്‍ വൈദ്യര്‍ക്ക് ശ്രീനാരായണ ഗുരു ഉപദേശിച്ചു നല്കിയ ചില വൈദ്യവിദ്യകളിലെ ഭാഗങ്ങളും ചേര്‍ ത്താണു ചന്ദ്രികാ സോപ്പിന്റെ ഉത്ഭവം എന്ന് പറയപ്പെടുന്നു. അതല്ല ഗുരു അദ്ദേഹത്തിനു തന്റെ കൈവശമുണ്ടായിരുന്ന ഒരണയും, പെപ്പ്പട്ടിവിഷത്തിനുള്ള ഒറ്റമൂലിയായ കുറ്റിമുല്ല പ്രയോഗവും, അനുഗ്രഹവും മാത്രമാണ് കൊടുത്തതെന്നും പറയുന്നവര്‍ ഉണ്ടായിരുന്നു. ഏതായാലും ചന്ദ്രിക സോപ് ( ഇരിഞ്ഞാലക്കുട പ്രൊഡക്ഷന്‍ ) വളരെ ഔഷധ മൂല്യമുള്ളതായിരുന്നു എന്നത് അനുഭവമാണ് 
                                         വി കെ ആദര്‍ശ്