2014, ജൂലൈ 1, ചൊവ്വാഴ്ച

സി.പി.എം സംസ്ഥാന സെക്രട്ടറി എന്നത് അത്ര മോശം പദവിയല്ല(സി പി സൈതലവി )

പച്ചബോര്‍ഡ് ദൂരവ്യാപകമായ പ്രത്യാഘാതമുണ്ടാക്കുമെന്ന് പിണറായി വിജയന്റെ പ്രസ്താവനകൂടി വന്നതോടെ ഒന്നുറപ്പിച്ചു. ഇനിയങ്ങോട്ട് പച്ചതൊടാത്തൊരു കളിയില്ലെന്ന്. വരുന്നേടത്തുവെച്ച് കാണാം. മൊബൈല്‍ ഫോണിന്റെ മുഖചിത്രംതന്നെ ആദ്യം മാറ്റി. ഗൂഗിളില്‍ പോയടിച്ച് നല്ലൊരു കൊടി പറിച്ചു. മൊബൈലിന്റെ ഉമ്മറത്ത് തന്നെ കുത്തി. പിണറായിയുടെ പ്രത്യാഘാതം മറികടക്കുവോളം കിടക്കട്ടെ ഒരു പച്ചക്കൊടി. തലമുറകളെ പാടിയുണര്‍ത്തിയ ചന്ദ്രതാരാങ്കിത ഹരിതപതാക. കേരള രാഷ്ട്രീയത്തിലെ ഒരുമാതിരിപ്പെട്ട ബാധയെല്ലാം ഒഴിപ്പിക്കാന്‍ പറ്റിയ മന്ത്രവിദ്യകൂടിയാണിത്.

ആന മെലിഞ്ഞാല്‍ തൊഴുത്തില്‍ കെട്ടാറില്ലെന്നാണ് കേള്‍വി. സി.പി.എം സംസ്ഥാന സെക്രട്ടറി എന്നത് അത്ര മോശം പദവിയല്ല. ആറുതവണ കേരളം ഭരിച്ച പാര്‍ട്ടിയുടെ അധികാര സ്ഥാനത്തിന് ഒരു ആനച്ചന്തമുണ്ട്. നാലാംകിട വിവാദംകൊണ്ട് ഉപജീവിക്കേണ്ടി വരുന്നത്ര അത് മെലിഞ്ഞുപോയിട്ടുണ്ടെങ്കില്‍ പിന്നെ തൊഴുത്ത് വേണ്ട; കോഴിക്കൂടു മതി.

പാര്‍ട്ടി സെക്രട്ടറിക്കും തരംതാഴാം. പക്ഷേ ഒരു വാര്‍ത്താ അവതാരകനേക്കാള്‍ അധഃപതിക്കരുത്. സാദാ വോട്ടറാവാന്‍ വേണ്ട യോഗ്യതയായ പ്രായപൂര്‍ത്തിയും ബുദ്ധിസ്ഥിരതയുംപോലും അത്യാവശ്യമില്ലാത്ത തൊഴിലാണ് മാധ്യമ പ്രവര്‍ത്തനമെന്ന് സമീപകാലത്ത് ചിലര്‍ തെളിയിച്ചുകഴിഞ്ഞതാണ്. ശരാശരി മനുഷ്യയുക്തിക്ക് ഉള്‍ക്കൊള്ളാനാവുമോ തന്റെ കെട്ടുകഥകളെന്നുപോലും ചിന്തിക്കേണ്ട. വായില്‍ വന്നത് വാര്‍ത്ത. ഫ്‌ളാഷ് ന്യൂസ് മിന്നും. പതിവ് സായാഹ്ന സവാരിക്കാര്‍ ചാനലില്‍ ചര്‍ച്ചക്ക് പൗഡറിടും. ചാനല്‍ തന്നെ കെട്ടിച്ചമച്ച വരികളാണ് കീറിപ്പൊളിക്കുന്നത്. വാര്‍ത്ത വ്യാജനായതിന്റെ പേരില്‍ പിറ്റേന്ന് ഒരു ചാനലും ഖേദം പ്രകടിപ്പിച്ച ചരിത്രവുമില്ല. ചാനല്‍ കൊടുക്കുന്നു. ചാര്‍ച്ചക്കാര്‍ വാളെടുക്കുന്നു. സത്യമാരറിഞ്ഞു വിഭോ!

സ്‌കൂള്‍ ബോര്‍ഡുകള്‍ പച്ചയടിക്കാനുള്ള തീരുമാനം വന്‍ പ്രത്യാഘാതം സൃഷ്ടിക്കുമെന്ന് പറയുന്ന സഖാവ് പിണറായി വിവരവും വിദ്യാഭ്യാസവുമുള്ള പാര്‍ട്ടി സെക്രട്ടറിയെന്നാണ് വെപ്പ്. ഏത് ബോര്‍ഡ് പച്ചയടിച്ചു? എത്ര സ്‌കൂളുകളില്‍? ഏതെല്ലാം ജില്ലയില്‍? രക്ഷാ കര്‍തൃ സമിതിയിലെ ലോക പരിചയമുള്ള ചില വിദ്യാഭ്യാസ പ്രവര്‍ത്തകരുടെ ഉത്സാഹത്തില്‍, സ്‌കൂള്‍ ക്ലാസ് റൂം പുനഃക്രമീകരിച്ചപ്പോള്‍ പൗരാണികമായ ബ്ലാക്‌ബോര്‍ഡ് മാറ്റി അന്തര്‍ദ്ദേശീയമായി ഉപയോഗിച്ചുവരുന്ന ഒരു നിറം നല്‍കിയതിനാണോ മേല്‍പറഞ്ഞ പ്രത്യാഘാതം? പി.ടി.എ കൂടിയാലോചിച്ച് സ്‌കൂള്‍ യൂണിഫോം മാറ്റുന്നതുപോലെ ഒരു പ്രദേശിക പരിഷ്‌കരണം. ദുനിയാവിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടിയിലും പെട്ടവരുടെ മക്കള്‍ പഠിക്കുന്ന ആ വിദ്യാലയത്തില്‍നിന്ന് ഒരു രക്ഷിതാവുപോലും ഇതിനെതിരെ കലഹിച്ചില്ല. പലജാതി അധ്യാപക സംഘടനയില്‍നിന്നൊന്നുപോലും അത് വേണ്ടെന്ന് പറഞ്ഞില്ല. രാജ്യത്തിന്റെ ഭരണഘടനയേയും വ്യവസ്ഥയേയും എതിര്‍ക്കാത്ത നന്മയുള്ള ഈ പ്രവൃത്തിയില്‍, മക്കളെ പഠിപ്പിക്കുന്ന നാട്ടുകാര്‍ക്കില്ലാത്ത ദെണ്ണം, എവിടെയോ കിടക്കുന്ന പാര്‍ട്ടി നേതാവിനുണ്ടാവുന്നത് അക്ഷര സ്‌നേഹമല്ല, അജ്ഞതയും രാഷ്ട്രീയ തിമിരവും കൂടിക്കുഴഞ്ഞ അഹന്തയാണ്.

വിദ്യാഭ്യാസ വകുപ്പ് മന്ത്രിയോ ഏതെങ്കിലും ഓഫീസോ ഇത്തരമൊരു ഉത്തരവ് കൊടുത്തിട്ടുണ്ടോ എന്നുപോലും നോക്കാതെയാണ് പിണറായിയെപ്പോലെ കേമനെന്ന് കരുതപ്പെടുന്ന ഒരു നേതാവ് വെളിച്ചപ്പെടുന്നത്. സ്വന്തം പാര്‍ട്ടിക്കാരനായ കോഴിക്കോട് എം.എല്‍.എ പ്രദീപ്കുമാര്‍ പറയുന്നത്; താന്‍ കഴിഞ്ഞ വര്‍ഷംതന്നെ ഈ 'പച്ച' സ്വന്തം മ ണ്ഡലത്തില്‍ പരീക്ഷിച്ചുവെന്നാണ്. ബ്ലാക്ക് ബോര്‍ഡ് എന്ന് ടൈപ്പ് ചെയ്താല്‍പോലും മുക്കാലും പച്ച ബോര്‍ഡുകളാണ് ഇന്റര്‍നെറ്റില്‍ തെളിയുന്നത്. പി.കെ അബ്ദുറബ്ബും മുസ്‌ലിംലീഗും ഒപ്പിച്ച കൂടോത്രമല്ല അത്. ലോകം അവിടേക്ക് മാറിയതാണ്. തന്റെ മകന്‍ പഠിച്ച വിദേശ സര്‍വകലാശാല മുതല്‍ കേരളത്തിലെ എസ്.എഫ്.ഐ യൂണിയന്‍ ഭരിക്കുന്ന പ്രൊഫഷണല്‍ കോളജുകളില്‍വരെ 'പച്ച'യിലാണ് ബോര്‍ഡ് എന്ന് ലോക പരിജ്ഞാനമുള്ള തോമസ് ഐസക്കെങ്കിലും പിണറായിക്ക് പറഞ്ഞുകൊടുക്കണമായിരുന്നു.

മറ്റുള്ളവര്‍ക്കൊപ്പം കേരളം എത്തരുത് എന്ന സി.പി.എമ്മിന്റെ പരമ്പരാഗത പിടിവാശിയും ഈ സൂക്കേടിന്റെ ഭാഗമാണ്. ട്രാക്ടറും നെല്ലുകുത്ത് മില്ലും കമ്പ്യൂട്ടറും കൊയ്ത്തു യന്ത്രവുമെല്ലാം അടിച്ചുതകര്‍ത്തതിന്റെ തുടര്‍ച്ചയാണിത്. ലോക നിലവാരത്തിലേക്ക് നാട് ഉയരുന്നതിനെ സി.പി.എം എന്നും വല്ലാതെ ഭയപ്പെടുന്നു. കേരളത്തില്‍ സാക്ഷരതാ ശതമാനം കൂടുന്തോറും, ഉന്നത ബിരുദധാരികള്‍ പെരുകുന്തോറും വിജയ ശതമാനം നേര്‍ത്തുനേര്‍ത്തു വന്ന് പാര്‍ട്ടിയുടെ സ്‌കൂള്‍ പൂട്ടേണ്ടി വരുമോ എന്ന ഭീതി തളംകെട്ടുന്നുണ്ട് മാര്‍ക്‌സിസ്റ്റ് നേതാക്കളില്‍.

''കാവിവല്‍ക്കരണം പോലെയാണ് ഈ പച്ചവല്‍ക്കരണമെന്ന്'' സി.പി. എം സെക്രട്ടറി വ്യാഖ്യാനിക്കുന്നു. ഗുജറാത്തില്‍ രണ്ടായിരം മനുഷ്യരെ ജീവനോടെ ചുട്ടെരിച്ചതാണ് കാവിവല്‍ക്കരണം. സ്‌കൂള്‍ പാഠപുസ്തകങ്ങളില്‍ വര്‍ഗീയ സ്പര്‍ദ്ധയുടെ വെടിമരുന്ന് പുരട്ടിവെച്ച് തലമുറകളെ തമ്മിലടിപ്പിക്കുന്നതാണ് കാവിവത്കരണം. ആ മഹാ പാതകങ്ങള്‍, തിരൂരങ്ങാടി കക്കാട് സ്‌കൂളിലെ ഒരു ക്ലാസ് മുറിയില്‍ സിമന്റടര്‍ന്ന പഴഞ്ചന്‍ ബ്ലാക്ക് ബോര്‍ഡിന്റെ പെയിന്റ് മാറ്റുന്നതുപോലെ നിസ്സാരമെന്നാണ് ന്യായീകരിക്കുന്നതെങ്കില്‍ ഇത്രകാലവും കലര്‍പ്പറ്റ മതേതരനായി കരുതപ്പെട്ട സഖാവ് പിണറായിയുടെ ഉള്ളിലും കാവി തുള്ളാന്‍ തുടങ്ങിയെന്ന് കരുതണം.

രണ്ടു കാര്യങ്ങള്‍ക്ക് പ്രത്യേകം നന്ദി പറയും മുസ്‌ലിംലീഗിന്റെ സ്ഥാപക നേതാക്കളോട് പുതു തലമുറ. ഒന്ന്, ആ 'പച്ച'ക്കൊടിക്ക്. മറ്റൊന്ന് കോണിചിഹ്നത്തിനും. അന്തസ്സാര്‍ന്ന നിലനില്‍പ്പിനുവേണ്ടി രാജ്യത്തെ മുസ്‌ലിംകളാദി ന്യൂനപക്ഷ പിന്നാക്ക ജനവിഭാഗങ്ങള്‍ക്ക് മഹത്തായ ഒരു ആദര്‍ശത്തെയും ഭദ്രമായ പ്രസ്ഥാനത്തെയും സമ്മാനിച്ചതിനുള്ള മനസ്സുനിറഞ്ഞ കൃതജ്ഞതക്ക് പുറമെയാണിത്. ആരും ഇഷ്ടപ്പെടുന്ന വര്‍ണം; ആര്‍ക്കും വരക്കാവുന്ന ചിഹ്നം. ഇത്രയ്ക്ക് ലളിതവും വശ്യവുമായ കൊടിയും ചിഹ്നവും രാജ്യത്തെ രാഷ്ട്രീയ പാര്‍ട്ടികളില്‍ വിരളം. നേതാക്കന്‍മാരുടെ ദീര്‍ഘ വീക്ഷണം, മൂന്നാംകണ്ണ് എന്നൊക്കെ പറയുന്നതിന്റെ ഗുണം.

ഐക്യത്തിന്റെയും ഐശ്വര്യത്തിന്റെയും നിറമാണ് പച്ച എന്ന് ഗവേഷകര്‍. പച്ച കണ്ടാല്‍ മുന്നോട്ട് പോകാം. ചുകപ്പ് തെളിഞ്ഞാല്‍ മാര്‍ഗ്ഗതടസ്സം. ആ പച്ചവല്‍ക്കരണം കേരളത്തിന് സമ്മാനിച്ചത് മതമൈത്രിയാണ്. വര്‍ഗീയ കലാപങ്ങളിലുടക്കി നാടിന്റെ പുരോഗതി തടസ്സപ്പെടില്ല എന്ന ഉറപ്പ്. ലോകം ചിന്തിക്കുന്നത് കേരളം പിന്തുടരും എന്ന നിശ്ചദാര്‍ഢ്യമാണ് ഓരോ ഘട്ടത്തിലും മുസ്‌ലിംലീഗ് മന്ത്രിമാര്‍ പ്രകടിപ്പിച്ചത്. അമേരിക്ക സന്ദര്‍ശിക്കാന്‍ പോയപ്പോള്‍ കണ്ട മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എം.ഐ.ടി) യാണ് ലോകശ്രദ്ധ പിടിച്ച 'കുസാറ്റ്' (കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാല) സ്ഥാപിക്കാന്‍ സി.എച്ച് മുഹമ്മദ്‌കോയ എന്ന മുസ്‌ലിംലീഗ് വിദ്യാഭ്യാസ മന്ത്രിക്ക് പ്രേരണയായത്. രാജ്യത്തിനുള്ളിലെ ജോലികൊണ്ട് തൃപ്തിപ്പെടുമായിരുന്ന മലയാളിയെ പൗണ്ടും ഡോളറും നേടാന്‍ പ്രാപ്തമാക്കിയ വിദ്യാഭ്യാസം.

മലയാളി യുവത്വത്തെ ലോകപ്രശസ്ത ശാസ്ത്രജ്ഞരാക്കിയ പഠന തന്ത്രമായിരുന്നു അത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് അക്ഷയ ഐ.ടി പദ്ധതി പി.കെ കുഞ്ഞാലിക്കുട്ടി കൊണ്ടുവരുമ്പോള്‍ അതിനെതിരെ സെമിനാര്‍ നടത്തുകയായിരുന്നു സി.പി.എം. വിവര സാങ്കേതിക വിദ്യയുടെ ലോകോത്തര ശ്രേണിയിലേക്ക് കേരളം കയറിയപ്പോയത് ഈ മുസ്‌ലിംലീഗ് മന്ത്രിയിലൂടെയാണ്.

ചാക്കീരി അഹമ്മദ്കുട്ടിയും ഇ.ടി മുഹമ്മദ് ബഷീറും നാലകത്ത് സൂപ്പിയും നടപ്പാക്കിയ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളെ തല്ലിതോല്‍പിക്കാന്‍ നോക്കിയവരാണ് മാര്‍ക്‌സിസ്റ്റുകാര്‍. മുസ്‌ലിംലീഗ് മന്ത്രിമാര്‍ കൊണ്ടുവന്ന പദ്ധതികളുടെ പില്‍ക്കാല നടത്തിപ്പുകാരാവുകയല്ലാതെ സ്വന്തമെന്ന് പറയാന്‍ ഒരു വിപ്ലവ മുദ്രയും വിദ്യാഭ്യാസ മേഖലയില്‍ സി.പി.എമ്മിനവകാശപ്പെടാനില്ല. പ്രഗത്ഭരായ മുന്‍ഗാമികളുടെ പാതയിലൂടെ കൂടുതല്‍ പുരോഗമനപരമായ, നൂതന പദ്ധതികളാവിഷ്‌കരിച്ച് പി.കെ അബ്ദുറബ്ബ് എന്ന മന്ത്രി ദേശാന്തര ഗുണമേന്മയില്‍ കേരളത്തിന്റെ വിദ്യാഭ്യാസ സ്വപ്‌നങ്ങള്‍ക്ക് ചിറകുനല്‍കി ആകാശത്തോളമുയര്‍ത്തുന്നത് തന്നെയാണ് സി.പി.എമ്മിന്റെ അങ്കലാപ്പ്.

സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാഭ്യാസ പരിഷ്‌കാരമായ 'സമഗ്ര വിദ്യാഭ്യാസ പാക്കേജ്' നടപ്പാക്കിയ അബ്ദുറബ്ബ് ഏഴായിരത്തോളം അധ്യാപകര്‍ക്ക് നിയമനാംഗീകാരവും ശമ്പളവും സര്‍വീസിലുള്ള മുഴുവന്‍ പേര്‍ക്കും തൊഴില്‍ സുരക്ഷിതത്വവുമാണ് നല്‍കിയത്. 'തൊഴിലാളി വര്‍ഗ സ്‌നേഹികള്‍' ഭരിക്കുമ്പോള്‍ നടക്കാത്തത്.

അബ്ദുറബ്ബിന്റെ ആഗമനം കണ്ടപ്പോഴേ സി.പി.എം അപകടം മണത്തതാണ്. നാവിനും നാരായത്തിനും ഇരട്ടച്ചുരികയുടെ മൂര്‍ച്ചയുള്ള സാക്ഷാല്‍ സുകുമാര്‍ അഴീക്കോടിനെ ഇറക്കിയായിരുന്നു ആദ്യ വെട്ട്. കുറ്റം 'വര്‍ഗീയത' തന്നെ. 'മഴ പെയ്തപ്പോള്‍പോലും സ്‌കൂളിന്റെ ഇറയത്ത് കയറാത്തവന്‍' എന്ന തൊപ്പിക്കുടയാണ് ആദ്യം വെച്ചത്. വിശ്വപ്രസിദ്ധമായ അലീഗഢ് സര്‍വകലാശാലയില്‍നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദമാ മാഷേ എന്ന് മറുപടി പറഞ്ഞപ്പോള്‍ 'അതൊക്കെ ഏത് വഴിപോക്കനും കിട്ടില്ലേ' എന്ന് കിടന്നുരുണ്ടു.

രണ്ടാമാണ്ടിലും സി.പി.എം വീശിയത് അതേ ചുരിക. വീടിന്റെ പേര് 'ഗംഗ' എന്ന വിശുദ്ധ നാമം മാറ്റി 'ഗ്രെയ്‌സ്' ആക്കിയെന്ന്. മന്ത്രിമാരുടെ വീടിന്റെ ഉടമസ്ഥതയുള്ള പൊതുമരാമത്ത് വകുപ്പിലോ ടൂറിസം വകുപ്പിലോ 'ഗംഗ' എന്ന പേരില്‍ ഒരു വീടേ ഇല്ലെന്ന് മൂന്നുതരം. അങ്ങനെയുണ്ടായിരുന്നതായി ഒരാള്‍ക്കും തെളിയിക്കാനുമാവില്ല. ഒരു പേരുമില്ലാത്ത വീടിന് 'ഗ്രെയ്‌സ്' എന്ന് വെക്കാന്‍ മന്ത്രിയെ തോന്നിപ്പിച്ചത് ആ ഇംഗ്ലീഷ് സാഹിത്യത്തിന്റെ കുഴപ്പം.

മൂന്ന് പതിറ്റാണ്ട് തുടര്‍ച്ചയായി ഒരേ മ ണ്ഡലത്തിന്റെ പ്രതിനിധിയായും പതിനഞ്ച് വര്‍ഷത്തോളം മന്ത്രിയായും ഉപമുഖ്യമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടും അഴിമതിയാരോപണത്തിന്റെ ഒരു കറുത്ത പുള്ളിപോലും ജീവിതത്തിലേക്ക് തെറിക്കാതെ, പര വിദ്വേഷത്തിന്റെ ഒരു വാക്കുപോലും ഉരിയാടാതെ സൗമ്യസ്വരൂപനായി സൂക്ഷ്മതയോടെ ജീവിച്ച കെ. അവുക്കാദര്‍കുട്ടി നഹ എന്നൊരു ഭരണാധികാരിയുണ്ടായിരുന്നു കാല്‍ നൂറ്റാണ്ട് മുമ്പ് കേരളത്തില്‍. ആ മഹാമനുഷ്യന്റെ പുത്രനാണ് പി.കെ അബ്ദുറബ്ബ് എന്ന് മനസ്സിലാക്കാന്‍ കോമ്പല്ലില്‍ വര്‍ഗീയ വിഷവുമായി ഇരയെ തേടി നടക്കുന്നവര്‍ക്ക് നേരം കിട്ടണമെന്നില്ല.

അതുകൊണ്ടാണ് മാര്‍ക്‌സിസ്റ്റ് 'വര്‍ഗീയത'യുടെ മൂന്നാം വാര്‍ഷികത്തില്‍ പതിവ് 'പച്ച'യുടെ കൂടെ 'മതഭ്രാന്തും' 'ജാതി'യും കൂടി ചാലിച്ചു ചേര്‍ത്തത്. സര്‍ക്കാര്‍ സര്‍വീസില്‍ അവശ്യം വേണ്ട അച്ചടക്കം ഒരു വെല്ലുവിളിപോലെ പരസ്യമായി ലംഘിച്ചതിനാണ് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളിലെ ഹെഡ്മിസ്ട്രസ് കെ.കെ ഊര്‍മിള ദേവിക്കെതിരെ നടപടി വന്നത്. അന്വേഷണ ഉദ്യോഗസ്ഥര്‍ ശിപാര്‍ശ ചെയ്തത് പുറത്താക്കാന്‍. എന്നിട്ടും അത് വെറും സ്ഥലംമാറ്റമായി ഇളവു ചെയ്തത് മന്ത്രിയുടെ മാന്യത.

കേരളീയരെ വര്‍ഗീയമായി തരം തിരിക്കാന്‍ പതിറ്റാണ്ടുകളായി സി.പി.എം നടത്തുന്ന പദ്ധതികളിലൊന്നായി ഇതും. മറ്റൊരു സമുദായത്തില്‍ പെട്ട അധ്യാപികയെ സ്ഥലം മാറ്റിയത് മന്ത്രിയുടെ 'മതഭ്രാന്ത്' കൊണ്ടെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. അതിനര്‍ത്ഥം 'മുസ്‌ലിമായ മന്ത്രി ഇനിമേല്‍ മുസ്‌ലിംകളെ ഭരിച്ചാല്‍ മതി' എന്ന്. ഇന്ത്യാ വിഭജനം കഴിഞ്ഞ ആദ്യ നാളുകളിലൊന്നില്‍ ഒരു പ്രമുഖ മലയാള പത്രം മുഖപ്രസംഗമെഴുതി: 'ഈ മുസ്‌ലിംകള്‍ക്കു പാക്കിസ്താനിലേക്കു പോകരുതോ.' വര്‍ഗീയ വിഷം പുഴപോലെയൊഴുകിയ പ്രാകൃത ഗോത്ര ചിന്തയുടെ ആ 'ജാഹിലിയ്യാ' കാലഘട്ടം തിരിച്ചുകൊണ്ടുവരികയാണോ കേരളത്തിലേക്ക് സി.പി.എം? എങ്കില്‍ സാക്ഷാല്‍ തൊഗാഡിയ പോലും തൊഴുതുകുമ്പിടും സഖാക്കളുടെ മുന്നില്‍.

നരവംശ ശാസ്ത്രജ്ഞനായ ഡോ. അയ്യപ്പനെ കേരളത്തിലെ ആദ്യ ദളിത് വൈസ്ചാന്‍സലറായി കേരള സര്‍വകലാശാലയില്‍ നിയമിച്ച മഹാനായ സി.എച്ചിന്റെ പിന്‍മുറക്കാരനെയും പാര്‍ട്ടിയെയും ദളിത് സ്‌നേഹം പഠിപ്പിക്കാന്‍ മാത്രം മരുന്ന് സി.പി.എമ്മിന്റെ പെട്ടിയിലില്ല. പൊതുവിദ്യാഭ്യാസ ഡയരക്ടറായി റിട്ടയര്‍ ചെയ്ത കെ.വി മദനന്‍ എന്ന ദളിത് സമുദായക്കാരനെ സ്‌പെഷല്‍ റിക്രൂട്ട്‌മെന്റ് വഴി ഡി.ഇ.ഒ ആയി നിയമിച്ചതും സി.എച്ച് തന്നെ. ലക്ഷ്മണ എന്ന ആദ്യ ദളിത് പൊലീസ് മേധാവിയുടെ നിയമനത്തിനു പിന്നില്‍ മുസ്‌ലിംലീഗും തരം താഴ്ത്തലുകള്‍ക്കു പിന്നില്‍ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുമാണെന്ന് മലയാളിക്കറിയാം. ഡപ്യൂട്ടി ഡയരക്ടര്‍ മുതല്‍ ഡി.പി.ഐ വരെയുള്ള ഉന്നത വിദ്യാഭ്യാസ തസ്തികകളില്‍ ദളിത് സുമദായക്കാര്‍ നിരാക്ഷേപം നിയമിക്കപ്പെടാന്‍ തുടങ്ങിയത് മുസ്‌ലിംലീഗ് മന്ത്രിമാരുടെ കാലത്താണെന്ന് സെക്രട്ടറിയേറ്റിലെ രേഖകള്‍ പറയും.

ദളിതനായ യു.സി രാമനെ ജനറല്‍ സീറ്റിലാണ് നിയമസഭയിലേക്ക് മുസ്‌ലിംലീഗ് മത്സരിപ്പിച്ചത്. സംവരണ സീറ്റിലപ്പുറം ഒരു ദളിതനെ, എ.കെ ബാലനെപ്പോലും സ്ഥാനാര്‍ത്ഥിയാക്കിയ ചരിത്രമില്ലാത്ത സി.പി.എമ്മുകാരാണ് മുസ്‌ലിംലീഗിനെ 'ജാതി' പഠിപ്പിക്കാന്‍ വരുന്നത്. പ്രാദേശികമായി പതിവുള്ള പെരുന്നാളവധി കൊടുത്തതിനാണ് കഴിഞ്ഞ ഇടത് സര്‍ക്കാര്‍ മലപ്പുറം ഡി.ഡി.ഇയായിരുന്ന ദളിതനായ കെ.സി ഗോപിയെ രായ്ക്കുരാമാനം തിരുവനന്തപുരത്തേക്കു പറിച്ചെറിഞ്ഞത്.

പട്ടികവര്‍ഗക്കാരിയായ എം. ദേവകിയെ വയനാട്ടില്‍ മുസ്‌ലിംലീഗിനു ലഭിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടിന്റെ ജനറല്‍ പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്ത പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ പാര്‍ട്ടിയോടാണ് ജാതി പറയുന്നത്. ബാബ്‌രി മസ്ജിദ് തകര്‍ത്തതിനെ വിമര്‍ശിച്ച് പുസ്തകമെഴുതിയതിന്റെ പേരില്‍ ഷേര്‍സിങ് എന്ന ദളിതനായ ഐ.എ.എസുകാരനെ സര്‍വീസില്‍ നിന്നു പുറത്താക്കിയ പശ്ചിമബംഗാള്‍ സി.പി.എം ആണ് എക്കാലത്തേയും കേരള സഖാക്കള്‍ക്കു മാതൃക.

വെറുമൊരു പാര്‍ട്ടി സെക്രട്ടറി മാത്രമായ പിണറായി വിജയന്‍ കോണിയിറങ്ങുമ്പോള്‍ കൈരളിയിലെ ശമ്പളക്കാരനെതിരെ മുദ്രാവാക്യം വിളിച്ചതിന് ഡല്‍ഹി കേരള ഹൗസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത ഇടതു ഭരണം മറക്കാറായിട്ടില്ല.

രണ്ടു പി.എസ്.സി മെമ്പര്‍ സ്ഥാനം മുസ്‌ലിംലീഗിനു കിട്ടിയപ്പോള്‍ കൊളത്തൂര്‍ മുഹമ്മദ് മൗലവിക്കൊപ്പം പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിശ്ചയിച്ചത് കെ.പി രാമന്‍ മാസ്റ്റര്‍
എന്ന ദളിത് നേതാവിനെയാണ്. പകരം വെക്കാനുണ്ടോ സി.പി. എമ്മില്‍ ഇതുപോലെ ഒരെണ്ണമെങ്കിലും?

പാര്‍ട്ടി ഗ്രാമമായ കണ്ണൂര്‍ കുഞ്ഞിമംഗലം എടാട്ട് സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറായിരുന്ന ദളിത് യുവതി എരമംഗലത്ത് ചിത്രലേഖക്കെന്തുപറ്റി എന്നുകൂടി സി.പി.എമ്മിലെ ദളിത് സ്‌നേഹികള്‍ പറയണം. ചിത്രലേഖയിപ്പോള്‍ ഓട്ടോ ഓടിക്കുന്നില്ല. കുലത്തൊഴിലായ പായ നെയ്ത്തിനു പോകുന്നു. പാര്‍ട്ടി കുടുംബത്തില്‍ പിറന്നവളായിട്ടും പട്ടികജാതിക്കാരി ഡ്രൈവറായി വന്നതിന്റെ അസഹിഷ്ണുതയില്‍ ഓട്ടോറിക്ഷ പെട്രോളൊഴിച്ചു കത്തിച്ചു മാര്‍ക്‌സിസ്റ്റുകാര്‍. തൊഴില്‍മുടക്കി, പട്ടിണിയിലാക്കിയ ചിത്രലേഖക്ക് പാര്‍ട്ടി വിധിച്ചത് ഊരുവിലക്ക്.

സി.പി.എമ്മിന്റെ ക്രൂരമായ ജാതിഭ്രഷ്ടിനിരയായി ഉപജീവനമാര്‍ഗമുപേക്ഷിച്ച് ഇരുട്ടില്‍ കഴിയേണ്ടി വന്ന ചിത്രലേഖയുടെ സങ്കടക്കടലോളം വരില്ല, അരലക്ഷത്തിനു മുകളില്‍ ശമ്പളവും ഒപ്പം വിവിധ ബത്തകളും കല്യാണത്തിനും കളിയാട്ടത്തിനും പോവാന്‍ ആവോളം അവധിയും കിട്ടുന്ന, സറണ്ടര്‍ സ്‌കെയിലുകൊണ്ടളന്നാല്‍ വര്‍ഷത്തില്‍ 140 ദിവസത്തില്‍ കൂടുതല്‍ സേവനം നല്‍കേണ്ടതില്ലാത്ത ഊര്‍മിള ടീച്ചറുടെ യാത്രാപ്രശ്‌നം.

സംസ്ഥാന ആരോഗ്യവകുപ്പ് ഡയരക്ടറുടെ ചുവന്ന ബോര്‍ഡ് വെച്ച കാറും ബെല്ലടിച്ചാല്‍ ഓടിയെത്തുന്ന പരിചാരകരും, ലക്ഷം രൂപയിലധികം പ്രതിമാസ പ്രതിഫലവുമുള്ള ഡോക്ടര്‍ പി.കെ ജമീലയുടെ ഭര്‍ത്താവ് എ.കെ ബാലന്‍ എന്ന സി.പി.എമ്മുകാരന് പട്ടികജാതിക്കാരിയായ ഓട്ടോ ഡ്രൈവറേക്കാള്‍ വലുത് ഹെഡ്മിസ്ട്രസിന്റെ ജാതിയാകുന്നതിന്റെ ഗുട്ടന്‍സ് ഇതാണ്.