2014, ജൂൺ 29, ഞായറാഴ്‌ച

ചര്‍മസൗന്ദര്യത്തിന്‌ സ്വാദിഷ്‌ട വിഭവങ്ങള്‍

കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നെന്നും നിലനില്‍ക്കുന്നതാണ്‌.
നമ്മുടെ പാരമ്പര്യവും ജീവിതശൈലിയും ചര്‍മ സൗന്ദര്യത്തില്‍ പ്രധാന പങ്ക്‌ വഹിക്കുന്നു. എങ്കിലും ശരിയായ ഭക്ഷണരീതി ചര്‍മത്തെ ബാധിക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ക്കെതിരേ പ്രവര്‍ത്തിക്കാനും ചര്‍മത്തിന്റെ സ്വാഭാവിക സൗന്ദര്യം വര്‍ധിപ്പിക്കാനും സഹായിക്കുന്നു. കൃത്രിമ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതിനേക്കാള്‍ ഭക്ഷണക്രമീകരണങ്ങളിലൂടെ സൗന്ദര്യം സംരക്ഷിക്കുന്നതാണ്‌ നല്ലത്‌. ആ സൗന്ദര്യം എന്നും നിലനില്‍ക്കുന്നതാണ്‌. മുഖക്കുരു അകറ്റാന്‍ ഭക്ഷണത്തില്‍ പഴവര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തുക. നല്ല ചര്‍മ്മത്തിന്‌ ദിവസം ഒരു ഇലക്കറി വീതം കഴിച്ചിരിക്കണം.
വെള്ളരിക്ക, കുമ്പളങ്ങ തുടങ്ങിയ പച്ചക്കറികള്‍ ചര്‍മ്മത്തില്‍ ഈര്‍പ്പം നിലനിര്‍ത്താന്‍ സഹായിക്കുന്നു. കണ്ണുകളുടെ തിളക്കത്തിന്‌ ചീര, മുരങ്ങയില, അഗസ്‌തി ചീര, ബീന്‍സ്‌, കാരറ്റ്‌, നീളന്‍പയര്‍ ഇവ ഉള്‍പ്പെടുത്തുക. വെള്ളത്തില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നതും, കറുത്ത മുന്തിരിങ്ങാ, നെല്ലിക്ക എന്നിവ ചുണ്ടിലെ കറുപ്പുനിറം അകറ്റാനും സഹായിക്കുന്നു.
ദിവസവും കുറഞ്ഞത്‌ ആറ്‌ മുതല്‍ എട്ട്‌ ഗ്ലാസ്‌ വെള്ളം കുടിക്കുന്നതിന്‌ മടികാണിക്കരുത്‌. അതുപോലെ പെട്ടെന്ന്‌ വണ്ണം വയ്‌ക്കുന്നതും അത്‌ പൊടുന്നനെ കുറയ്‌ക്കുന്നതും ചര്‍മ്മം വലിയുന്നതിനും, തന്മൂലം ചുളിവുകളും, സ്‌ട്രെച്ച്‌ മാര്‍ക്കുകള്‍ വീഴുന്നതിനും കാരണമാകും. രാസപദാര്‍ഥങ്ങള്‍ ചേര്‍ത്ത സൗന്ദര്യവര്‍ധക വസ്‌തുക്ക കളെക്കാള്‍ ദോഷമില്ലാത്തതും ലാഭകരവുമാണ്‌ നമ്മുടെ ദൈനംദിന ജീവിതത്തില്‍ ഉപയോഗിക്കുന്ന പല ആഹാരങ്ങളും, അവയുടെ ഗുണഗണങ്ങള്‍ മനസിലാക്കി അതിനുവേണ്ടി സമയം കണ്ടെത്തി ജീവിതത്തിന്റെ ഭാഗമാക്കിയാല്‍ കാശും ലാഭിക്കാം. ചര്‍മ്മം സുന്ദരവുമാക്കാം. സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ വീട്ടില്‍ തയാറാക്കാവുന്ന പത്തുതരം വിഭവങ്ങള്‍.

കാരറ്റ്‌- മാംഗോ ഡ്രിങ്ക്‌

കാരറ്റ്‌ - ഗ്രേറ്റ്‌ ചെയ്‌തത്‌ ഒന്ന്‌
മാങ്ങ (പഴുത്തത്‌) - കഷണങ്ങളാക്കിയത്‌ ഒന്ന്‌
കറുത്ത മുന്തിരി - 4, 5 എണ്ണം
പഞ്ചസാര/ തേന്‍ - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തതും, മാങ്ങ കഷണങ്ങളാക്കിയതും, കറുത്ത മുന്തിരി നന്നായി കഴുകിയതും മിക്‌സിയില്‍ അടിക്കുക. പഞ്ചസാരയോ തേനോ ചേര്‍ക്കുക. ആവശ്യത്തിന്‌ വെള്ളം അല്ലെങ്കില്‍ പാല്‍ ഉപയോഗിക്കാവുന്നതാണ്‌. നന്നായി മിക്‌സായതിനു ശേഷം ഒരു ബൗളിലേക്ക്‌ മാറ്റി ആവശ്യത്തിന്‌ തണുപ്പോടുകൂടി കഴിക്കാവുന്നതാണ്‌.

ബനാനാ - യോഗര്‍ട്ട്‌ സ്‌മൂത്തി

ഏത്തപ്പഴം - ഇടത്തരം ഒന്ന്‌
തൈര്‌ (നെയ്‌ നീക്കം ചെയ്‌തത്‌) - അരക്കപ്പ്‌
തേന്‍- 1-2 ടീസ്‌പൂണ്‍
ഐസ്‌ ക്യുബ്‌ - ആവശ്യത്തിന്‌

തയാറാക്കുന്ന വിധം

ഏത്തപ്പഴത്തിനുള്ളിലെ കുരു നീക്കം ചെയ്‌തശേഷം ചെറിയ കഷണങ്ങളാക്കി മിക്‌സിയില്‍ മറ്റു ചേരുവകളായ തൈര്‌, തേന്‍ എന്നിവയ്‌ക്കൊപ്പം നന്നായി അടിച്ചെടുക്കുക. ഇത്‌ ഒരു ഗ്ലാസിലേക്ക്‌ പകര്‍ന്നശേഷം തണുപ്പിനാവശ്യമായ ഐസ്‌ക്യൂബ്‌ ചേര്‍ത്ത്‌ കഴിക്കാവുന്നതാണ്‌. ഏത്തപ്പഴത്തിനു പകരം പപ്പായയും ഉപയോഗിക്കാവുന്നതാണ്‌.

ഫ്യൂഷന്‍ സാലഡ്‌

കാരറ്റ്‌ ഗ്രേറ്റ്‌ ചെയ്‌തത്‌ - കാല്‍കപ്പ്‌
വെള്ളരിക്ക - അരക്കപ്പ്‌
കൊത്തിയരിഞ്ഞ കാബേജ്‌ - മുക്കാല്‍കപ്പ്‌
ചെറുതായരിഞ്ഞ തക്കാളി - അരക്കപ്പ്‌
സവാള അരിഞ്ഞത്‌ - ഒരു കപ്പ്‌
ചെറുനാരങ്ങാനീര്‌ - രണ്ട്‌ ടീസ്‌പൂണ്‍
ഉപ്പ്‌ - ആവശ്യത്തിന്‌
തൈര്‌ - വേണമെങ്കില്‍
പച്ചമുളക്‌ - ഒരെണ്ണം എരിവ്‌ ആവശ്യം ഉണ്ടെങ്കില്‍ ചേര്‍ക്കുക.

തയാറാക്കുന്ന വിധം

അരിഞ്ഞുവച്ചിരിക്കുന്ന എല്ലാം കൂടി യോജിപ്പിച്ച്‌ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിക്കുക. തണുത്തതിനുശേഷം ഉപ്പ്‌, ചെറുനാരങ്ങാനീര്‌ എന്നിവ ചേര്‍ത്ത്‌ വിളമ്പുക. സാലഡിനു പകരം റൈത്താ വേണമെങ്കില്‍ തൈര്‌ കൂടി ചേര്‍ക്കുക. ഫ്യൂഷന്‍ സാലഡ്‌ തയാര്‍.

ആംലാ - ജിഞ്ചര്‍ പഞ്ച്‌

നെല്ലിക്ക - അഞ്ചെണ്ണം
ഇഞ്ചി (ചെറുതായി അരിഞ്ഞത്‌) - ഒരു ടീസ്‌പൂണ്‍
പഞ്ചസാര - ഒരു സ്‌പൂണ്‍
പുതിനയില - ഒരു ചെറിയ സ്‌പൂണ്‍
തുളസിയില - കാല്‍ ടീസ്‌പൂണ്‍ അരിഞ്ഞത്‌

തയാറാക്കുന്ന വിധം

നെല്ലിക്ക അഞ്ചെണ്ണം കുരുകളഞ്ഞ്‌ ചെറുതായി അരിയുക. അതിനൊപ്പം ഇഞ്ചി അരിഞ്ഞതും ചേര്‍ത്ത്‌ അല്‌പം വെള്ളം കൂടി യോജിപ്പിച്ച്‌ മിക്‌സിയില്‍ നന്നായി അരച്ചെടുക്കുക. ആവശ്യത്തിന്‌ പഞ്ചസാര ചേര്‍ക്കുക. തുളസിയില, പുതിനയില ഇവ ചെറുതായി മുറിച്ചതും കുറച്ചു വെള്ളവും ചേര്‍ത്ത്‌ തണുപ്പിച്ച്‌ ഉപയോഗിക്കാവുന്നതാണ്‌. പഞ്ചസാരയ്‌ക്കു പകരം ആവശ്യത്തിന്‌ ഉപ്പ്‌, ഒരു ചെറിയ പച്ചമുളക്‌ എന്നിവ ചേര്‍ക്കാവുന്നതാണ്‌.

പപ്പായ പായസം

നന്നായി പഴുത്ത പപ്പായ
(തൊലികളഞ്ഞ്‌ കുരുനീക്കം ചെയ്‌ത കഷണങ്ങളാക്കിയത്‌) - ഒരെണ്ണം
ശര്‍ക്കര പാനി - അര ഗ്ലാസ്‌
തേങ്ങാപ്പാല്‍ - രണ്ടു തേങ്ങയുടെ
(ഒന്നാ പാലും, രണ്ടാം പാലും വേര്‍തിരിച്ചത്‌)
ഉണക്ക മുന്തിരി - 5 എണ്ണം
അണ്ടിപരിപ്പ്‌ (നെയ്യില്‍ വറുത്തത്‌) - 4 എണ്ണം
തേന്‍ - ഒരു ടീസ്‌പൂണ്‍
ഏലയ്‌ക്കാപൊടി - 4 എണ്ണത്തിന്റേത്‌
വെളുത്ത എള്ള്‌ (നെയ്യില്‍ വറുത്തത്‌) - ഒരു സ്‌പൂണ്‍
ജീരകം, ചുക്ക്‌ പൊടിച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

പപ്പായ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതിലേക്ക്‌ രണ്ടാം പാല്‍ ചേര്‍ത്ത്‌ നന്നായി യോജിപ്പിച്ച്‌ ചെറുതീയില്‍ വേവിക്കുക. ചെറിയ തിളവരുമ്പോള്‍ ശര്‍ക്കരപാനിയും തേനും ചേര്‍ക്കുക. 10 മിനിറ്റിനുശേഷം ഒന്നാംപാല്‍ ചേര്‍ക്കുക. ഇതിലേക്ക്‌ ജീരക്കം, ചുക്ക്‌, ഏലയ്‌ക്കാപൊടി ഇവ ചേര്‍ത്തിളക്കുക. തിളയ്‌ക്കുന്നതിനുമുമ്പ്‌ മുന്തിരി, അണ്ടിപ്പരിപ്പ്‌, എള്ള്‌ ഇവ ചേര്‍ത്തിളക്കി ഉപയോഗിക്കാം.

കാഷ്യൂ - ബദാം ഷേക്ക്‌

ബദാം (കുതിര്‍ത്ത്‌ തൊലികളഞ്ഞത്‌) - ഒരു വലിയ സ്‌പൂണ്‍
അണ്ടിപരിപ്പ്‌ - ഒരു വലിയ സ്‌പൂണ്‍
ഈന്തപ്പഴം (ചെറുതായി അരിഞ്ഞത്‌) - കാല്‍ കപ്പ്‌
പാല്‍ - മുക്കാല്‍ കപ്പ്‌
ശര്‍ക്കര/പഞ്ചസാര - ഒരു സ്‌പൂണ്‍

തയാറാക്കുന്ന വിധം

ബദാം, അണ്ടിപരിപ്പ്‌, ഈന്തപ്പഴം, ശര്‍ക്കര/പഞ്ചസാര ഇവ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. കാച്ചിയ പാല്‍ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഈ കൂട്ടില്‍ ചേര്‍ത്തിളക്കി ഒരു ബൗളില്‍ പകരുക. ഇതിനു മുകളില്‍ ബദാം നടുവെ ചെറുതായി നീളത്തില്‍ മുറിച്ചത്‌ വച്ചു അലങ്കരിക്കാം.

പംപ്‌ങ്കിന്‍ സര്‍പ്രൈസ്‌

റവ - 200 ഗ്രാം
വെള്ളശര്‍ക്കര (പാനിയാക്കിയത്‌) - 250 ഗ്രാം
തേങ്ങാപ്പാല്‍ (ഒന്നാംപ്പാല്‍) - അര കപ്പ്‌
എള്ള്‌ - 50 ഗ്രാം
മത്തങ്ങ (കഷണങ്ങളാക്കിയത്‌) - 250 ഗ്രാം
ഏലയ്‌ക്കാപൊടി - ഒരു ചെറിയ സ്‌പൂണ്‍
ബേക്കിംഗ്‌ പൗഡര്‍ - ഒരു നുള്ള്‌
മത്തങ്ങാക്കുരു - ഒരു വലിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

റവയും എള്ളൂം കൂടി വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ നന്നായി ചീകിയെടുക്കുക. ഇത്‌ ശര്‍ക്കരപാനിയില്‍ ചേര്‍ത്ത്‌ ചെറു തീയില്‍ വേവിക്കുക. മത്തങ്ങാക്കുരു ചെറിയ സ്‌പൂണ്‍ നെയ്യില്‍ വറുത്ത്‌ മാറ്റിവയ്‌ക്കുക. മത്തങ്ങ വേകുമ്പോള്‍ ഒന്നാംപാല്‍, ഏലയ്‌ക്കാപ്പൊടി, മത്തങ്ങാക്കുരു പൊടിച്ചത്‌, ബേക്കിംഗ്‌പൗഡര്‍ എന്നിവ ചേര്‍ത്ത്‌ നന്നായി യോജിപ്പിക്കുക. ഈ മിശ്രിതം കുറുകിവരുമ്പോള്‍ തീ കെടുത്തുക. ഒരു ട്രേയില്‍ അല്‍പം എണ്ണ പുരട്ടി ഈ മിശ്രിതം അതിലേക്ക്‌ പകരുക. ഒരു പരന്ന തവി ഉപയോഗിച്ച്‌ നിരത്തുക. തണുത്തശേഷം ചെറിക കഷണങ്ങളാക്കി ഉപയോഗിക്കാവുന്നതാണ്‌.

വെജ്‌ജി സൂപ്പ്‌

തക്കാളി തൊലിയോടെ
മിക്‌സിയില്‍ അടിച്ചെടുത്തത്‌ - 500 മില്ലി
നീളന്‍പയര്‍ ചെറുതായരിഞ്ഞത്‌ - 50 ഗ്രാം
കുമ്പളങ്ങ ചെറുതായരിഞ്ഞത്‌ - 25 ഗ്രാം
വെളുത്തുള്ളി ചതച്ചത്‌ - ഒരു ചെറിയ സ്‌പൂണ്‍
കുരുമുളകുപൊടി - ആവശ്യത്തിന്‌
എള്ള്‌ - ഒരു ചെറിയ സ്‌പൂണ്‍
മുരിങ്ങയില - ഒരു ചെറിയ സ്‌പൂണ്‍
മല്ലിയില - ഒരു ചെറിയ സ്‌പൂണ്‍

തയാറാക്കുന്ന വിധം

തക്കാളി മിശ്രിതം തിളച്ചുവരുമ്പോള്‍ ചെറുതായി അരിഞ്ഞ നീളന്‍പയര്‍, കുമ്പളങ്ങ, വെളുത്തുള്ളി എന്നിവ ചേര്‍ത്ത്‌ ചെറുതീയില്‍ വേവിക്കുക. വെന്തു കഴിഞ്ഞ്‌ കുറുകി വരുമ്പോള്‍ കുരുമുളകുപൊടി, ഉപ്പ്‌, മുരിങ്ങയില, മല്ലിയില, എള്ള്‌ എന്നിവ ചേര്‍ത്ത്‌ ചൂടോടെ ഉപയോഗിക്കുക.

പപ്പായ ജാം

(പഴുത്ത പപ്പായയുടെ കുരുനീക്കം ചെയ്‌ത് ഉള്ളിലെ മാര്‍ദവമായ ഭാഗങ്ങള്‍ ഒരു സ്‌പൂണ്‍കൊണ്ട്‌ വേര്‍തിരിച്ചെടുക്കുക. അത്‌ അരിപ്പയില്‍ ഇട്ട്‌ സ്‌പൂണ്‍ ഉപയോഗിച്ച്‌ പഴക്കാമ്പ്‌ വേര്‍തിരിച്ചെടുക്കുക)
പഴകാമ്പ്‌ - 6 കപ്പ്‌
പഞ്ചസാര - 6 കപ്പ്‌
സിട്രിക്‌ ആസിഡ്‌ - 1 ടീസ്‌പൂണ്‍

തയാറാക്കുന്ന വിധം

ഒരു സ്‌റ്റീല്‍ പാത്രത്തില്‍ പഴക്കാമ്പെടുത്ത്‌ അടുപ്പില്‍വച്ച്‌ തവികൊണ്ട്‌ തുടര്‍ച്ചയായി ഇളക്കി തിളപ്പിക്കുക. തിളച്ചു വരുമ്പോള്‍ പഞ്ചസാര അല്‍പാല്‍പം ചേര്‍ത്ത്‌ ഇളക്കികൊണ്ടിരിക്കുക. ജാം പരുവമാകുമ്പോള്‍ സിട്രിക്കാസിഡ്‌ ചേര്‍ക്കുക.

ആല്‍മണ്ട്‌ റെയ്‌ത്ത

ബദാം (വെള്ളത്തില്‍ കുതിര്‍ത്തത്‌) - അഞ്ച്‌ എണ്ണം
കാരറ്റ്‌ - ഒരു ചെറിയ കഷണം
തേങ്ങ - ഒരു ചെറിയ സ്‌പൂണ്‍
പച്ചമുളക്‌ - ഒന്ന്‌
തൈര്‌ - അര കപ്പ്‌

തയാറാക്കുന്ന വിധം

ബദാം തൊലി കളഞ്ഞെടുക്കുക. ഇതിലേക്ക്‌ ബാക്കി ചേരുവകള്‍ ചേര്‍ത്ത്‌ നന്നായി അരച്ചെടുക്കുക. ഇതിലേക്ക്‌ അധികം പുളിക്കാത്ത തൈര്‌ ചേര്‍ത്തിളക്കുക. ആവശ്യമെങ്കില്‍ കടുകും കറിവേപ്പിലയും വറുത്ത്‌ ഇതില്‍ ചേര്‍ക്കാവുന്നതാണ്‌.

                            അന്നാ ജിതിന്‍ വര്‍ഗീസ്‌