2014, ജൂൺ 29, ഞായറാഴ്‌ച

പച്ച ഒരു മതമാകുന്നതിന്റെ രാസവിദ്യ

സവര്‍ണ-ഫാസിസ്റ്റ്-ഫ്യൂഡല്‍ തമ്പ്രാക്കളുടെ ആര്‍ഷഭാരത നിഘണ്ടുവില്‍ പണ്ടുകാലത്ത് എഴുതിച്ചേര്‍ക്കുകയും, പിന്നീട് ഈയം ഉരുക്കിയൊഴിക്കാന്‍ പറ്റാതായ ചെവികളിലൂടെ അറിവു നേടിയ അധ:സ്ഥിതന്‍ വെട്ടിമാറ്റുകയും ചെയ്ത മണ്ണാപ്പേടി, പുലപ്പേടി, പറപ്പേടി തുടങ്ങിയ വാക്കുകള്‍ക്കൊപ്പം ആധുനികതയുടെ കച്ചയണിഞ്ഞ മത ഭ്രാന്തന്മാര്‍ക്ക് പേടിക്കാനൊരു പുതിയ വാക്ക്. പച്ചപ്പേടി.

വാര്‍ത്തക്കു വേണ്ടി എന്തു തോന്ന്യാസവും പടച്ചുവിടാമെന്ന ചാനല്‍ ജീര്‍ണലിസത്തിന്റെ ഏറ്റവും പുതിയ ഉദാഹരണമായി പച്ചബോര്‍ഡ് വിവാദം കത്തിക്കാന്‍ ചിലര്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. രാജ്യാന്തര നിലവാരത്തിലേക്ക് ക്ലാസ്സ് മുറികളെ ഉയര്‍ത്തുന്നതിനും പരിസ്ഥിതി സൗഹൃദ പഠന സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലെ നിരവധി അണ്‍ എയിഡഡ് സ്‌കൂളുകളില്‍ നിലവില്‍ പച്ച ബോര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. ഗൂഗിളിലും വിക്കിപീഡിയയിലും വെറുതെയൊന്ന് ബ്ലാക് ബോര്‍ഡ് എന്ന് തിരഞ്ഞാല്‍ കിട്ടുന്ന ചിത്രങ്ങളിലും വിവരങ്ങളിലും വിവിധ രാജ്യങ്ങളിലെ ബ്ലാക് ബോര്‍ഡുകള്‍ പച്ചയായതിന്റെ കഥയറിയാം.

പച്ച എന്ന നിറത്തെ ഒരു സമുദായത്തിനും പാര്‍ട്ടിക്കും തീറെഴുതിക്കൊടുത്ത് വര്‍ഗീയതയുടെയും ഇസ്‌ലാമോഫോബിയയുടെയും പുത്തന്‍ തലങ്ങള്‍ സൃഷ്ടിക്കാനാണ് ചില ചാനലുകളും അവരെ പിന്താങ്ങുന്ന ബുദ്ധിയില്ലാത്ത ജീവികളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ബ്ലാക് ബോര്‍ഡുകള്‍ പച്ച നിറമായാല്‍ എല്ലാ കുട്ടികളും നാളെ മുസ്‌ലിംലീഗില്‍ മെമ്പര്‍ഷിപ്പെടുക്കാന്‍ ക്യൂ നില്‍ക്കുമെന്നാണോ ഇവര്‍ പറയുന്നത്..! അങ്ങനെയെങ്കില്‍ സ്‌കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ഗ്രീന്‍ ക്ലബ്ബുകളെയൊക്കെ പിരിച്ചു വിടേണ്ടി വരും. ഹരിത -പരിസ്ഥിതി രാഷ്ട്രീയക്കാരും പണി മതിയാക്കി വീട്ടിലിരിക്കേണ്ടി വരും.

എസ്.എസ്.എ നിര്‍മാണപ്രവര്‍ത്തനങ്ങളുടെ സംസ്ഥാന തല ഉദ്ഘാടനത്തിനു മുന്നോടിയായി നിശ്ചയിച്ച ചടങ്ങില്‍ പങ്കെടുക്കുന്ന അധ്യാപികമാര്‍ പച്ച ബ്ലൗസ് ധരിക്കണമെന്ന ഒരു ഇടതുപക്ഷ ഉദ്യോഗസ്ഥന്റെ ഉത്തരവും ഇതേ പച്ചപ്പേടിയോടെ എതിര്‍ക്കപ്പെട്ടിരുന്നു. വിശേഷ ദിവസങ്ങളില്‍ ഒരേ വസ്ത്രം ധരിച്ച് അധ്യാപികമാര്‍ എത്തുന്ന പതിവൊന്നും മലയാളനാട്ടില്‍ ഇതിനു മുമ്പ് ഉണ്ടായിട്ടേ ഇല്ല എന്ന മട്ടില്‍ പച്ച എന്ന നിറം മുസ്‌ലിംലീഗിന് സംവരണം ചെയ്തുകൊണ്ടുള്ള വിവാദങ്ങളാണ് അന്നു നടന്നത്. ഇനിയങ്ങോട്ട്, കാവി വസ്ത്രം ധരിച്ച സന്യാസിമാരെല്ലാം ആര്‍.എസ്.എസ്സുകാരാണെന്ന് ആരെങ്കിലും പറഞ്ഞാല്‍ അവരെ കുറ്റം പറയാനാവില്ല. അത്രമേല്‍ അപകടത്തിലേക്കാണ് കാര്യങ്ങളുടെ പോക്ക്.

നിറങ്ങളെ മതങ്ങളാക്കി മാറ്റുന്ന രാസവിദ്യക്ക് നിങ്ങള്‍ പഠിച്ച പേര് ജേര്‍ണലിസം എന്നാണെങ്കില്‍ അതിനെ ജീര്‍ണലിസം എന്നു വിളിക്കാനാണ് മതേതര കേരളം ഇഷ്ടപ്പെടുന്നത്. മതേതരന്മാര്‍ എന്ന് അഭിമാനത്തോടെ അവകാശപ്പെടുന്നവര്‍ പോലും ഈ പ്രചാരണങ്ങള്‍ക്ക് ചൂട്ടുപിടിക്കുന്നു എന്നത് അത്ഭുതം തന്നെ. ഒരു അധ്യാപികയെ സ്ഥലം മാറ്റിയതിനൊപ്പം ജാതിയും മതവും കൂട്ടിക്കെട്ടി ആഘോഷം നടത്തിയവര്‍ തന്നെയാണ് ഇതിനു പിന്നിലുമുള്ളത്. മുന്നേ കടന്നു പോയവര്‍ ജീവിച്ചുതീര്‍ത്ത ഈ മണ്ണിലെ സൗഹൃദത്തിന്റെ പച്ചപ്പിനെക്കുറിച്ച് തെല്ലെങ്കിലും ബോധ്യമുണ്ടായിരുന്നെങ്കില്‍ ഉള്ളിലിപ്പോഴും ഫ്യൂഡലിസത്തിന്റെയും സവര്‍ണതയുടെയും അംശങ്ങള്‍ പേറുന്ന വര്‍ത്തമാനങ്ങള്‍ അവരില്‍നിന്ന് ഉണ്ടാകുമായിരുന്നില്ല. ഒരു നിറത്തെ ഒരു പാര്‍ട്ടിക്ക് പതിച്ചു നല്‍കുന്ന അത്ഭുത പ്രതിഭാസം ഇടതുപക്ഷക്കാര്‍ പോലും സംഘ്‌വല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുന്ന കേരളത്തിലല്ലാതെ എവിടെ നടക്കാനാണ്!

എന്നാല്‍ ശരി സര്‍, ഇനി മുതല്‍ പരിസ്ഥിതി ദിനം ആഘോഷിക്കില്ല. ഗസറ്റഡ് ഓഫീസറായാലും പച്ചമഷി കൊണ്ട് ഒപ്പിടില്ല. പച്ച പടര്‍ന്ന പുഞ്ചപ്പാടങ്ങളെ നോക്കില്ല. പ്രകൃതിയുടെ നിറത്തേക്കാള്‍ ചോരയുടെ നിറം തന്നെയാണ് നല്ലത്. അങ്ങനെയാവട്ടെ.

ഒന്നേ പറയാനുള്ളൂ, പച്ചപ്പാര്‍ന്ന പ്രകൃതി സൗന്ദര്യം പോലെ മത സൗഹാര്‍ദ്ദവും കാത്തുസൂക്ഷിക്കുന്ന കേരളത്തിന്റെ മണ്ണിനെ പച്ചപ്പുകളൊക്കെ വെട്ടിത്തെളിച്ച് മതവിദ്വേഷത്തിന്റെ ഊഷരഭൂമിയാക്കരുത്. കേരളം എന്തായിരുന്നു എന്നറിയാന്‍ നിങ്ങള്‍ പഠിച്ചതും നിങ്ങളെ പഠിപ്പിച്ചതുമായ മതഭ്രാന്തിന്റെ പഠിപ്പു മതിയാകില്ല. കേരളം എന്താവരുത് എന്ന് ആഗ്രഹിക്കാനും കടന്നുപോയ തലമുറ കരുതിവെച്ച പച്ചപ്പുകളെക്കുറിച്ചുള്ള പഠിപ്പു വേണം. അങ്ങോട്ടുമിങ്ങോട്ടും അറിയാന്‍ വേണ്ടിയാവണം ഇനി പൊതുവിദ്യാലയങ്ങളില്‍ പഠിപ്പു നടക്കേണ്ടത്.

കിരണ്‍ തോമസ് ഫേസ്ബുക്കിലെഴുതിയ ഒരു കമന്റോടെ ഈ കുറിപ്പ് അവസാനിപ്പിക്കുന്നു: എസ്.എസ്.എല്‍.സിക്ക് 100% കുട്ടികളെയും വിജയിപ്പിക്കണമെന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. ഇപ്പോഴത്തെ ഉയര്‍ന്ന വിജയ ശതമാനത്തെ എതിര്‍ക്കുന്നവരോട് ഞാന്‍ പറയുക അവര്‍ പത്ത് ജയിച്ചത് കൊണ്ട് അവരെക്കൊണ്ട് സമൂഹത്തിന് ഒരു ശല്യവും ഇല്ലല്ലോ എന്നാണ്. പക്ഷെ, അവരെല്ലാം കൂടി പിന്നീട് ജേര്‍ണലിസം പഠിച്ച് ചാനലുകളില്‍ കയറും എന്നൊന്നും സ്വപ്‌നത്തില്‍ പോലും കരുതിയില്ല.
                                                               - ഷെരീഫ് സാഗര്‍