2013, മേയ് 9, വ്യാഴാഴ്‌ച


ഗോതമ്പ് ഉപ്പുമാവ് തയ്യാറാക്കൂ

ഉപ്പുമാവ് പെട്ടെന്നു തന്നെ തയ്യാക്കാവുന്ന ഒരു ഭക്ഷണമാണ്. ഇത് സാധാരണ റവ കൊണ്ടാണ് തയ്യാറാക്കാറെങ്കിലും സേമിയ, അവല്‍ തുടങ്ങിയവ ഉപയോഗിച്ചും ഇവ തയ്യാറാക്കാറുണ്ട്. ഇവയ്ക്കു പുറമെ ഗോതമ്പു നുറുക്ക് ഉപയോഗിച്ചും ഉപ്പുമാവ് തയ്യാറാക്കാം. ഇതെങ്ങനെയെന്നു നോക്കൂ. പ്രഭാത ഭക്ഷണമായി മാത്രമല്ല, വൈകീട്ട് സ്‌കൂളില്‍ നിന്നെത്തുന്ന കുട്ടികള്‍ക്കും ഇത് നല്‍കാം.

ഗോതമ്പു നുറുക്ക്-അര കപ്പ്

ഗ്രീന്‍പീസ്-അരക്കപ്പ

ക്യാരറ്റ്-1

സവാള-1

പച്ചമുളക്-2

ഇഞ്ചി-അര ടേബിള്‍ സ്പൂണ്‍

കടുക്-അര ടേബിള്‍സ്പൂണ്‍

എണ്ണ

ഉപ്പ്

മല്ലിയില

കറിവേപ്പില

വെള്ളം

ഗോതമ്പു നുറുക്ക് നല്ലപോലെ കഴുകുക. ഇത് 2 കപ്പ് വെള്ളം ചേര്‍ത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക. ബാക്കിയുള്ള വെള്ളം ഊറ്റിക്കളയണം. സവാളയും ക്യാരറ്റും ചെറുതായി അരിയണം. ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കുക. കടുക് ഇതിലേക്കിട്ടു പൊട്ടിയ്ക്കണം. ഇതിലേക്ക് സവാള, പച്ചമുളക് എന്നിവ ചേര്‍ക്കണം. ഇത് രണ്ടു മിനിറ്റ് ഇളക്കുക. ഇഞ്ചി അരിഞ്ഞതും കറിവേപ്പിലയും ചേര്‍ത്തിളക്കാം. ഇതിനു ശേഷം ഗ്രീന്‍പീസ്, ക്യാരറ്റ് എന്നിവ ചേര്‍ക്കുക. ഇവ ചേര്‍ത്ത് നല്ലപോലെ ഇളക്കിച്ചേര്‍ക്കുക. ഇതിലേക്ക് ഗോതമ്പു നുറുക്കു ചേര്‍ക്കണം. ഒരു കപ്പു വെള്ളവും പാകത്തിന് ഉപ്പും ചേര്‍ക്കുക. ഇത് അടച്ചു വച്ച് വേവിയ്ക്കണം. ഗോതമ്പ് ഉപ്പുമാവ് വെന്തുകഴിഞ്ഞാല്‍ മല്ലിയില ചേര്‍ത്ത് വാങ്ങാം. മേമ്പൊടി പ്രഷര്‍ കുക്കറില്‍ ഇത് പെട്ടെന്നു തയ്യാറാക്കാം. രണ്ടു വിസില്‍ വന്നാല്‍ മതിയാകും. വെള്ളം നല്ലപോലെ വറ്റിച്ചെടുക്കാന്‍ ശ്രദ്ധിയ്ക്കണം.