2013, മേയ് 13, തിങ്കളാഴ്‌ച


മുഹ് യുദ്ദീന്‍ശൈഖിന്റെ വീടിനടുത്ത് ദുഷ്ടനായ ഒരയല്‍വാസി ഉണ്ടായിരുന്നു. ഒരു ജൂതന്‍. അയാള്‍ എപ്പോഴും ശൈഖിനെ ശല്യംചെയ്തുകൊണ്ടിരുന്നു. പ്രത്യേകിച്ച്, അദ്ദേഹം നമസ്‌കരിക്കുമ്പോഴും ഖുര്‍ആന്‍ പാരായണം ചെയ്യുമ്പോഴും. ആ സമയത്ത് അയാള്‍ ഉച്ചത്തില്‍ പാട്ടുപാടുകയോ വീണവായിക്കുകയോ ചെയ്യും.
എന്നാല്‍ ശൈഖ് ഇതെല്ലാം ക്ഷമിക്കുകയാണ് ചെയത്.അദ്ദേഹം ജൂതനെ അധിക്ഷേപിക്കാനോ അയാളോട് പ്രതികാരം ചെയ്യാനോ പോയില്ല. അങ്ങനെയിരിക്കെ, ഒരു ദിവസം എന്തോ കാരണത്താല്‍ ജൂതനെ പോലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. എന്നാല്‍ ഈ വിവരം ശൈഖ് അറിഞ്ഞില്ല.
രണ്ടുമൂന്നുദിവസമായി,താന്‍ നമസ്‌കരിക്കുമ്പോഴും ഖുര്‍ആന്‍ ഓതുമ്പോഴും ജൂതന്റെ പാട്ടും കൊട്ടും കേള്‍ക്കുന്നില്ലല്ലോ.
അയാള്‍ക്ക് എന്തോ പറ്റിയിട്ടുണ്ട്. ശൈഖ് അന്വേഷിച്ചു. അപ്പോഴാണ് അറിഞ്ഞത്. അയാള്‍ ജയിലിലായിട്ട് താന്‍ അറിഞ്ഞില്ലല്ലോ.
ഉടനെ അദ്ദേഹം പോലീസ് സ്‌റ്റേഷനില്‍ ചെന്ന് തിരക്കി. അയല്‍വാസിയെ വിടണമെന്നും അയാളുടെ പേരില്‍ കേസെടുക്കരുതെന്നും അധികൃതരോട് അപേക്ഷിച്ചു. പിഴ അടക്കണമെങ്കില്‍ താന്‍ അടച്ചുകൊള്ളാമെന്ന് പറഞ്ഞ് ഏല്‍പിക്കുകയും ചെയ്തു.
അതനുസരിച്ച് അധികൃതര്‍ രേഖകള്‍ പരിശോധിച്ചു. ഭാഗ്യത്തിന് ജൂതന്‍ കുറ്റവിമുക്തനാണെന്ന് തെളിഞ്ഞു. ഉടനെ അയാളെ വിട്ടു.
ശൈഖിന്റെ ഈ പെരുമാറ്റം ജൂതന്റെ മനസില്‍ വലിയ മാറ്റമുണ്ടാക്കി. ഇത്രയും കാലം താന്‍ ഈ നല്ല മനുഷ്യനോട് മോശമായി പെരുമാറിയല്ലോ. അയാള്‍ക്ക് ഖേദം തോന്നി. അയാള്‍ ശൈഖിനോട് മാപ്പുചോദിച്ചു.'ഞാന്‍ അങ്ങയെ വളരെയേറെ ശല്യപ്പെടുത്തിയിട്ടുണ്ട്. അങ്ങയുടെ ഇബാദത്തിന് തടസ്സമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ അങ്ങൊരിക്കലും എന്നോട് പ്രതികാരം ചെയ്തിട്ടില്ല. എല്ലാം അങ്ങ് ക്ഷമിക്കുകയാണ് ചെയ്തത്. ഞാന്‍ ജയിലിലായപ്പോള്‍ വാസ്തവത്തില്‍ അങ്ങ് സന്തോഷിക്കേണ്ടതായിരുന്നു. എന്നാല്‍ അങ്ങനെ ചെയ്യാതെ അങ്ങെന്നെ രക്ഷിക്കാന്‍ ശ്രമിക്കുകയാണ് ചെയ്തത്. അങ്ങയുടെ ഉള്ളില്‍ ഇത്ര വലിയ മനസ്സുണ്ടെന്ന് ഞാനറിഞ്ഞിരുന്നില്ല.എന്റെ തെറ്റുകള്‍ പൊറുക്കണേ. മേലില്‍, അങ്ങയെ ഞാന്‍ ഒരു വിധത്തിലും ദ്രോഹിക്കില്ല.'
ഇതു കേട്ടപ്പോള്‍ ശൈഖ് പറഞ്ഞു. 'സഹോദരാ, അതിനുമാത്രം ഉപകാരമൊന്നും ഞാന്‍ ചെയ്തിട്ടില്ലല്ലോ. താങ്കള്‍ക്കുവേണ്ടി കൂടുതലൊന്നും ചെയ്യാന്‍ സാധിക്കാത്തതില്‍ എനിക്ക് വലിയ ദുഃഖമുണ്ട്. അയല്‍വാസിയോട് നല്ല നിലയില്‍ പെരുമാറണമെന്നും അയാള്‍ക്ക് ഉപകാരങ്ങള്‍ ചെയ്യണമെന്നും ഇസ് ലാം പഠിപ്പിച്ചതനുസരിച്ചാണ് ഞാനിതൊക്കെ ചെയ്തത്.'
ഇസ് ലാമില്‍ ഇങ്ങനെയൊക്കെ പഠിപ്പിക്കുന്നുണ്ടോ ? എങ്കിലതെത്ര നല്ല മതം. ഞാനിതാ ഈ നിമിഷം തന്നെ ഇസ് ലാമിലേക്ക് വരുന്നു.'എന്നുംപറഞ്ഞ് അയാള്‍ ഉടനെ സത്യവാചകം ചൊല്ലി മുസ് ലിമായി.