2013, മേയ് 9, വ്യാഴാഴ്‌ച

പഴങ്ങള്‍ കൊണ്ട് സൗന്ദര്യ സംരക്ഷണം

വേനല്‍ക്കാലം ശരീരത്തെ മാത്രമല്ല, ചര്‍മത്തെയും മുടിയേയും തളര്‍ത്തും. വേനല്‍ക്കാലത്ത് ക്ഷീണമകറ്റാന്‍ പറ്റിയ ഏറ്റവും നല്ല വഴിയാണ് പഴവര്‍ഗങ്ങള്‍ കഴിയ്ക്കുകയെന്നത്. എന്നാല്‍ ഇവ ശരീരത്തിനു മാത്രമല്ല, ചര്‍മത്തിനും മുടിയ്ക്കും കൂടി ആരോഗ്യകരമാണ്. ചര്‍മത്തിനും മുടിയ്ക്കും പഴവര്‍ഗങ്ങള്‍ ഏതെല്ലാം വിധത്തില്‍ ഉപകാരപ്പെടുമെന്നു നോക്കൂ. ഇവ ഉപയോഗിക്കേണ്ട രീതിയും താഴെപ്പറയുന്നു.ചര്‍മത്തില്‍ ചുളിവുകള്‍ വരാതിരിക്കാനും മൃതകോശങ്ങള്‍ അകറ്റാനും പറ്റിയ നല്ലൊന്നാന്തരം വഴിയാണ് ഓറഞ്ച്. ഇതിലെ വൈറ്റമിന്‍ സി, ആന്റിഓക്‌സിഡന്റുകള്‍ എ്ന്നിവയാണ് ഈ ഗുണം നല്‍കുന്നത്. ഒരു മുട്ട മഞ്ഞ, രണ്ടു ടേബിള്‍ സ്പൂണ്‍ ഓറഞ്ച് നീര്, ഒരു ടേബിള്‍ സ്പൂണ്‍ തേന്‍ എ്ന്നിവ ചേര്‍ത്ത് മുഖത്തു പുരട്ടാം. അര മണിക്കൂറിനു ശേഷം കഴുകിക്കളയാം. മാങ്ങ വേനല്‍ക്കാലത്തു ധാരാളം ലഭിയ്ക്കും. ഇത് ചര്‍മത്തിനും മുടിയ്ക്കും ഈര്‍പ്പം നല്‍കാന്‍ നല്ലതുമാണ്. പഴുത്ത മാങ്ങ ഉടച്ച് ഇതില്‍ തേന്‍ ചേര്‍ത്ത് മുടിയില്‍ പുരട്ടാം. അല്‍പം കഴിഞ്ഞ് ഷാംപൂ, കണ്ടീഷണര്‍ എന്നിവയുപയോഗിച്ചു കഴുകിക്കളയാം. തണ്ണിമത്തന്‍ ശരീരത്തിനു മാത്രമല്ല, മുഖത്തിനും നല്ലതാണ്. തണ്ണിമത്തന്‍ ഉടച്ചു മുഖത്തു പുരട്ടാം. തണ്ണിമത്തന്‍ തോടില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു മസാജ് ചെയ്യാനും നല്ലതാണ്. പൈനാപ്പിള്‍ കൊണ്ടും മുഖത്തിനു ചേര്‍ന്ന മാസ്‌കുണ്ടാക്കാം. പൈനാപ്പിള്‍ നല്ലപോലെ മിക്‌സിയിലിട്ട് അരയ്ക്കുക. ഇതില്‍ അല്‍പം തേന്‍ ചേര്‍ത്ത് മുഖത്തു പുരട്ടാം. അല്‍പം കഴിഞ്ഞ് കഴുകിക്കളയാം. ഇത് മുഖക്കുരു, മുഖത്തെ പാടുകള്‍ എന്നിവ മാറ്റാന്‍ നല്ലതാണ്. ഇത്തരം സൗന്ദര്യവഴികള്‍ പരീക്ഷിച്ചു നോക്കൂ. ഭംഗി കൂട്ടാം, ബ്യൂട്ടി പാര്‍ലറില്‍ കൊടുക്കുന്ന പണം ലാഭിക്കുകയും ചെയ്യാം.