2013, ഏപ്രിൽ 25, വ്യാഴാഴ്‌ച


മുസ്ലീം പെണ്‍കുട്ടിയുടെ മാറുന്ന ലോകം

ഈയിടെ, പലരും ഉന്നയിച്ച ഒരു ചോദ്യമുണ്ട്. മറ്റ് സമുദായക്കാരുമായി താരതമ്യപ്പെടുത്തി നോക്കുമ്പോള്‍ കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളാണോ കൂടുതല്‍ പ്രേമബന്ധങ്ങളിലും പ്രശ്‌നങ്ങളിലും ചെന്നുപെടുന്നത്?അതെ എന്നു പറയാന്‍ വസ്തുനിഷ്ഠാപരമായ അന്വേഷണം ആരും നടത്തിയിട്ടില്ല. എന്നാല്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ ജാതിമത വ്യത്യാസമന്യേ ആണ്‍പെണ്‍ സൗഹൃദങ്ങളും പ്രേമവും പ്രേമവിവാഹവും, കഴിഞ്ഞ കാലത്തേക്കാളുമേറെ മുതിര്‍ന്നവരെ ഭീതിപ്പെടുത്തുംവിധം പെരുത്തിരിക്കുന്നുവെന്നതില്‍ അഭിപ്രായവ്യത്യാസമുണ്ടാവില്ല.
മുസ്‌ലിം പെണ്‍കുട്ടികളാണ് ഇക്കാര്യത്തില്‍ മുന്‍പന്തിയിലെന്ന് പലരും സംശയിക്കുന്നു. മുസ്‌ലിം സമുദായ സംഘടനകളുടെ നേതാക്കളും അദ്ധ്യാപകരുമായ ചിലര്‍ വെളിപ്പെടുത്തിയ നിരീക്ഷണങ്ങള്‍ മുസ്‌ലിം കൗമാരലഹരിക്ക് അടിവരയിടുന്നു. ചിലരുടെ ആശങ്കകള്‍ ഈവിധം:

1. നഗരപ്രാന്തപ്രദേശങ്ങളില്‍പ്പോലുമുള്ള മുസ്‌ലിം പെണ്‍കുട്ടികള്‍ കൂടുതല്‍ വിവാഹപൂര്‍വബന്ധങ്ങളില്‍പ്പെട്ട് പഠനത്തില്‍നിന്നോ മറ്റു ഗൗരവപ്പെട്ട പ്രവൃത്തികളില്‍നിന്നോ വിട്ടുമാറി മാതാപിതാക്കള്‍ക്ക് ആന്തരിക സംഘര്‍ഷമുണ്ടാക്കുന്നു.

2. നമ്മുടെ നാട്ടില്‍ വിവാഹപൂര്‍വ്വബന്ധങ്ങള്‍ ഭാവിജീവിതത്തെ ഏതുവിധം പ്രതികൂലമായി ബാധിക്കുന്നുവെന്ന് മുസ്‌ലിം പെണ്‍കുട്ടികള്‍ തിരിച്ചറിയുന്നില്ല. പല പെണ്‍കുട്ടികളുടെയും വിവാഹജീവിതത്തെ പൂര്‍വ്വബന്ധങ്ങള്‍ പ്രതികൂലമായി ബാധിക്കുന്നു

3. മുസ്‌ലിം വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ്, മറ്റു സമുദായക്കാരോ സര്‍ക്കാരോ നടത്തുന്ന സ്ഥാപനങ്ങളിലുള്ളതിനേക്കാള്‍ കൂടുതല്‍ അതിരുവിട്ട ആണ്‍പെണ്‍ ബന്ധങ്ങളും അതിനോടനുബന്ധിച്ച പ്രശ്‌നങ്ങളും ഉള്ളത്.

4. മുസ്‌ലിം പെണ്‍കുട്ടികള്‍ മറ്റു സമുദായങ്ങളിലുള്ള കുട്ടികളേക്കാളേറെ, അവര്‍ക്ക് ലഭിക്കുന്ന സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തുന്നു. മൊബൈല്‍ ഫോണ്‍, ഇന്റര്‍നെറ്റ് തുടങ്ങിയ സാങ്കേതികസൗകര്യങ്ങള്‍ വഴി ഇവര്‍ വഴിതെറ്റുന്ന ബന്ധങ്ങളിലെത്തിച്ചേരുന്നു.

5. മുസ്‌ലിം പെണ്‍കുട്ടികളെ കേരളത്തിന് പുറത്തുള്ള കലാലയങ്ങളിലോ സര്‍വകലാശാലകളിലോ പഠിക്കാന്‍ വിട്ടുകൂടാ. ഇത്തരമവസരങ്ങള്‍ അവര്‍ക്ക് വഴി തെറ്റാനവസരം നല്കുന്നു.

6. മക്കളുടെ വിവാഹപൂര്‍വ്വബന്ധങ്ങള്‍ നേരത്തേ മനസ്സിലാക്കുന്നതിനോ ഫലപ്രദമായ രീതിയില്‍ ഇടപെടുന്നതിനോ മുസ്‌ലിം രക്ഷിതാക്കള്‍ക്ക് സാധിക്കുന്നില്ല.

കര്‍ശനമായ നിയന്ത്രണങ്ങളോടെയും കടുത്ത ശിക്ഷകളോടെയുമുള്ള രക്ഷാകര്‍ത്തൃത്വമാണ് മുസ്‌ലിം പെണ്‍കുട്ടികളുടെ അപചയമൊഴിവാക്കാന്‍ ആവശ്യം.മുസ്‌ലിങ്ങളല്ലാത്തവരില്‍നിന്നാണെങ്കില്‍ വര്‍ഗ്ഗീയ വിചാരമെന്നും പുരുഷന്മാരില്‍നിന്നാണെങ്കില്‍ വിവേചനപരമെന്നും ആരോപിക്കാവുന്ന പ്രതികരണങ്ങളാണിവ. പൊതുവത്കരിച്ച് വസ്തുതകളാണെന്ന് സ്ഥാപിക്കാവുന്ന നിരീക്ഷണങ്ങളല്ലതാനും. കേരളത്തിലെ മുസ്‌ലിം പെണ്‍കുട്ടികളെ മാത്രം ബാധിക്കുന്ന പ്രശ്‌നപരിസരത്തെയുമല്ല ഇവ വെളിപ്പെടുത്തുന്നത്. ഇപ്പറഞ്ഞതിന് വിരുദ്ധമായി ഉണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങളും അനുഭവങ്ങളും എമ്പാടും എടുത്ത് പറയാനുമുണ്ടാവും. എന്നാല്‍ മുസ്‌ലിംപെണ്‍കുട്ടി വഴിമാറി നടക്കുന്നുവെന്ന് ശങ്കിക്കുകയോ ഭയക്കുകയോ ആരോപിക്കുകയോ ചെയ്യുന്നവര്‍ മുസ്‌ലിം സമുദായത്തിന്റെ നന്മ കാംക്ഷിക്കുന്നവരാണ്. അദ്ധ്യാപനം, സാമൂഹ്യക്ഷേമപ്രവര്‍ത്തനം, സന്നദ്ധസേവാസംഘടനാപ്രവര്‍ത്തനം, സമുദായസംഘടനാബന്ധം എന്നിവയോട് ചേര്‍ന്നവരില്‍നിന്നുള്ള ഈ പ്രതികരണങ്ങളെ കേട്ടപാടേ പറഞ്ഞു തള്ളാനാവില്ല. ഇത്തരം സന്ദര്‍ഭങ്ങളെ സ്വജനപക്ഷ മുന്‍വിധികളും അതിവൈകാരികതയും മാറ്റിനിര്‍ത്തി, നിഷ്പക്ഷമായും വസ്തുനിഷ്ഠാപരമായും അന്വേഷണം നടത്തി, വിശകലനം ചെയ്യുകയാണ് വ്യേുത്. അതിനനുസൃതമായി പരിഹാര പരിപാടികളുമാണ് ക്യുെത്ത്യേുത്. നിര്‍ഭാഗ്യവശാല്‍ കൗമാരക്കാര്‍ക്കും യുവതീയുവാക്കള്‍ക്കുമിടയിലുള്ള പുതുപരിണതികളെ ആരും ഗൗരവമായെടുത്തിട്ടില്ല. അന്വേഷണം നടത്തിയിട്ടുമില്ല.

ഇന്ന് പെണ്‍കുട്ടിയുടെ ഇഷ്ടം പരിഗണിക്കാതെ ഒരു മുസ്‌ലിം കുടുംബത്തില്‍ വിവാഹം നടക്കാറില്ല. നിശ്ചയിച്ച വിവാഹം വേണ്ടെന്നു തോന്നുമ്പോള്‍, അത് ഒഴിവാക്കുന്നതില്‍ ഇന്ന് ശബ്ദമുയര്‍ത്തുന്നു മുസ്‌ലിംപെണ്‍കുട്ടികള്‍. രക്ഷിതാക്കള്‍ പറഞ്ഞത് ശിരസാവഹിച്ചിരുന്ന ദേശത്തുതന്നെ, അരനൂറ്റാണ്ടുകാലത്തിനിടയില്‍ അട്ടിമറി നടന്നിരിക്കുന്നു.രണ്ട് വര്‍ത്തമാനകാലവിശേഷങ്ങള്‍ വിശകലനം ചെയ്യേണ്ടതുണ്ട് എന്ന് വരുന്നു: മുസ്‌ലിംപെണ്‍കുട്ടികളുടെ വിവാഹപൂര്‍വ്വജീവിതവും, മുസ്‌ലിംസ്ത്രീകളുടെ വിവാഹാനന്തരജീവിതവും. പ്രാദേശിക വ്യത്യാസങ്ങളറിഞ്ഞ് ശാസ്ത്രീയമായ അന്വേഷണം നടത്തി വിശകലനം ചെയ്യേണ്ട കാര്യങ്ങളാണിവ. അതു നടക്കാത്തതുകൊണ്ടാണ് മുസ്‌ലിം പെണ്‍കുട്ടികളെ സംബന്ധിച്ചുള്ള നിഷ്പക്ഷമായ നിരീക്ഷണങ്ങള്‍ക്കും വിശകലനത്തിനും പ്രസക്തിയേറുന്നത്.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്കും പുറത്തിറങ്ങാനും ആണ്‍കുട്ടികളുമായി ഇടപഴകാനുമുള്ള അവസരം കേരളത്തിലെവിടെയുമുണ്ട്. രക്ഷിതാക്കളും അദ്ധ്യാപകരും സമുദായനേതാക്കളും ഇപ്പോള്‍ 'സദാചാരപോലീസും' നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെങ്കിലും സൗഹൃദമോ പ്രേമബന്ധമോ ശാരീരികവേഴ്ചയോ ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല. വ്യക്തിയുടെ സ്വാതന്ത്ര്യവും അവകാശങ്ങളും സംരക്ഷിക്കുന്ന രാഷ്ട്രീയാന്തരീക്ഷവും, വിദ്യാഭ്യാസവും തൊഴിലും നേടുന്നതിനുള്ള സാഹചര്യങ്ങളും, നിയമപരമായ പരിരക്ഷയും ഏതു സമുദായത്തിലുള്ളവരെപ്പോലെ മുസ്‌ലിം പെണ്‍കുട്ടികളും അനുഭവിക്കുന്നുണ്ട്. വിവാഹപൂര്‍വ്വബന്ധങ്ങള്‍ ആഗ്രഹിക്കുന്ന പെണ്‍കുട്ടിക്ക് അതപ്രാപ്യമൊന്നുമല്ല. എതിര്‍പ്പുകളും വിലക്കുകളുംകൊണ്ട് ചിട്ടപ്പെടുത്താന്‍ ശ്രമിക്കുന്ന മുസ്‌ലിം കുടുംബാന്തരീക്ഷത്തില്‍പ്പോലും ആണ്‍പെണ്‍ബന്ധങ്ങളും അതിരുകളലിഞ്ഞ് ശാരീരികബന്ധത്തിലെത്തിച്ചേരുന്ന സൗഹൃദങ്ങളുമൊക്കെ ഉണ്ടാവുന്നുണ്ട്. മതപരമായ വിലക്കുകള്‍ ദുര്‍ബലപ്പെട്ടു പോകുമാറാണ് സാമൂഹികമാറ്റം.

മുസ്‌ലിം പെണ്‍കുട്ടിയുടെ ലോകം അടിമുടി മാറിക്കഴിഞ്ഞിരിക്കുന്നു. അമ്പതുകളില്‍ കാച്ചിയും കുപ്പായവും തട്ടവുമിട്ട് പുറത്തിറങ്ങിത്തുടങ്ങിയ മുസ്‌ലിം പെണ്‍കുട്ടി, രൂപത്തിലും ഭാവത്തിലും ഇന്ന് മാറിക്കഴിഞ്ഞിരിക്കുന്നു. കൗണ്‍സലര്‍ എന്ന നിലയ്ക്ക് അഭിമുഖീകരിക്കേണ്ടിവന്ന കേസ്സുകള്‍ ഈ മാറ്റത്തിന്റെ അങ്ങേയറ്റമാണ്. പ്ലസ് വണ്‍ ക്ലാസ്സില്‍ പഠിക്കുന്ന ഒരു മുസ്‌ലിം പെണ്‍കുട്ടി സ്‌നേഹിക്കുന്ന ചെറുപ്പക്കാരനൊപ്പം ഒരു ടൂറിസ്റ്റ് കേന്ദ്രത്തിലേക്ക് ബൈക്കില്‍ യാത്ര നടത്തിയത് കണ്ടുപിടിക്കപ്പെട്ട് കൗണ്‍സിലിങ്ങിന് കൊണ്ടുവന്നപ്പോള്‍ അവളുടെ വിശദീകരണം 'എന്റെ ക്ലാസ്സില്‍ ഇത്തരം ബന്ധമില്ലാത്തവര്‍ വളരെ കുറച്ചേ ഉള്ളൂ. അവരങ്ങനെയായത് സൗന്ദര്യമോ തന്റേടമോ ഇല്ലാത്തതുകൊണ്ടുമാത്രമാണ്' എന്നായിരുന്നു. എട്ടും ഒമ്പതും ക്ലാസ്സില്‍വെച്ച് പ്രേമം ആഘോഷിക്കുന്ന പെണ്‍കുട്ടികള്‍ കരുതുന്നത്, കൗമാരകാലത്തല്ലാതെ വാര്‍ദ്ധക്യത്തിലാണോ പ്രേമിക്കേണ്ടത് എന്നാണ്. കൗമാരക്കാര്‍ക്കുവേണ്ടി നടത്തുന്ന ശില്പശാലയില്‍ ക്ലാസ്സെടുക്കാന്‍ പോയപ്പോള്‍ ഒരു ടീച്ചര്‍പറഞ്ഞത്: 'മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ കഴിഞ്ഞാഴ്ച ഒരുദിവസം സ്‌കൂളില്‍ വരാതെ ഇഷ്ടക്കാരോടൊപ്പം ഒരു കടല്‍തീര വിനോദസഞ്ചാരകേന്ദ്രത്തില്‍ പകല്‍ ചെലവഴിച്ചതറിയാനിടയായി.' ആണ്‍കുട്ടികള്‍ വാങ്ങിച്ചുകൊടുത്ത മൊബൈലുകള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്ന മകളില്‍നിന്ന് കണ്ടെത്താനായതിനെക്കുറിച്ചാണ് ഒരു ഉമ്മയ്ക്ക് പറയാനുള്ളത്. ഡിഗ്രി ക്ലാസ്സിലെത്തുംമുമ്പ്, നാലു തീവ്ര പ്രേമബന്ധങ്ങള്‍ പിന്നിട്ട വിദ്യാര്‍ത്ഥിനിയെയും ഒരേസമയം മൂന്ന് പേരെ പ്രേമിച്ച ഡിഗ്രി വിദ്യാര്‍ത്ഥിനിയെയും അഭിമുഖീകരിക്കാനിട വന്നിട്ടുണ്ട്. പ്രിയപ്പെട്ടയാളുമായി വിവാഹത്തിനുമുമ്പ് ശാരീരിക ബന്ധംവെച്ചു പുലര്‍ത്തിയതില്‍ കുറ്റബോധമില്ലാത്ത മുസ്‌ലിം പെണ്‍കുട്ടികളുടെ എണ്ണം കൂടിവരുന്നുണ്ട്. വിവാഹം കഴിഞ്ഞും പഴയ കാമുകന്മാരുമായി ബന്ധം തുടരുന്നവരുമുണ്ട്. രേഖപ്പെടുത്താനാവാത്തവിധം വൈവിധ്യ സ്വഭാവങ്ങളോടെയുള്ള മുസ്‌ലിം പെണ്‍കുട്ടികളുടെ വിവാഹപൂര്‍വവിവാഹേതര ബന്ധങ്ങള്‍ അഭിമുഖീകരിക്കേണ്ടിവരുന്നത് പലര്‍ക്കും അസ്വസ്ഥകരമായ ഒരനുഭവമാണ്.

വിവാഹേതര ബന്ധങ്ങളുടെ പ്രത്യാഘാതങ്ങളിലും ലൈംഗികവ്യവഹാരങ്ങളിലും മുസ്‌ലിംപെണ്‍കുട്ടികള്‍ക്ക് ഗൗരവപ്പെട്ട കാഴ്ചപ്പാടോ വസ്തുനിഷ്ഠാപരമായ അറിവോ ഉണ്ടെന്ന് പറഞ്ഞുകൂടാ. പ്ലസ് ടു പെണ്‍കുട്ടികളുടെ സെമിനാറില്‍ ഒരു പെണ്‍കുട്ടിയുടെ ചോദ്യമിങ്ങനെ: 'ഒരാളിന്റെ പ്രേമം പഠനത്തെയോ കുടുംബപദവിയെയോ ബാധിക്കുന്നില്ലെങ്കില്‍ അതു തുടരുന്നത് തടയുന്നതെന്തിന്?'. പത്താം ക്ലാസ്സുകാരുടെ ഒരൊത്തുചേരലില്‍ സ്‌കൂള്‍പ്രേമം വിവാഹത്തില്‍ച്ചെന്ന് കലാശിക്കാനിടയില്ലെന്നും അത് പഠനം തുടങ്ങിയ മുന്‍ഗണനകള്‍ മാറ്റിമറിക്കുമെന്നും പറഞ്ഞപ്പോള്‍ ഒരു പെണ്‍കുട്ടിയുടെ പ്രതികരണം 'പ്രേമം വിവാഹത്തിലവസാനിക്കണമെന്ന വാശിയില്ലെങ്കിലോ?' എന്നായിരുന്നു. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഒരു സൗഹൃദ ക്ലബ് ശില്പശാലയില്‍ ഉന്നയിച്ച സംശയങ്ങള്‍ ലൈംഗികബന്ധത്തെക്കുറിച്ചുള്ള അറിവില്ലായ്മയും തെറ്റിദ്ധാരണയും വെളിപ്പെടുത്തുന്നവയായിരുന്നു. ഒന്നിങ്ങനെ: 'തുടര്‍ച്ചയായി രണ്ടുതവണ ശാരീരിക ബന്ധത്തിലേര്‍പ്പെട്ടാല്‍ ഇരട്ടക്കുട്ടികളുണ്ടാവുമോ?'. മറ്റൊന്ന്: 'പെണ്‍കുട്ടികളുടെ വിവാഹപൂര്‍വ്വബന്ധങ്ങളെക്കുറിച്ചുമാത്രം രക്ഷിതാക്കളും അദ്ധ്യാപകരുമെന്തിനാണിത്രമാത്രം വ്യാകുലപ്പെടുന്നത്?'

മുസ്‌ലിം കുട്ടികളുടെ പ്രേമബന്ധങ്ങള്‍ രക്ഷിതാക്കളെ വല്ലാതെ അസ്വസ്ഥപ്പെടുത്തുന്നുണ്ട്. കലാലയങ്ങളില്‍ പഠിക്കുന്ന കാലത്തുതന്നെ പലരെയും കല്യാണം കഴിപ്പിച്ചു കൊടുക്കുന്നത് ഈ ആശങ്കകളാലാണ്. മുസ്‌ലിം പെണ്‍കുട്ടികള്‍ ധാരാളം ഇന്ന് ഉപരിപഠനത്തിലെത്തുന്നു. വിവാഹിതരായ ബിരുദ വിദ്യാര്‍ത്ഥിനികളുടെ എണ്ണവും കൂടുകയാണ്.ഗര്‍ഭിണികളായ വിദ്യാര്‍ത്ഥിനികളും കോളജുകളിലിന്നുണ്ട്. എന്നാല്‍ ബിരുദാനന്തരബിരുദം കഴിഞ്ഞ് വരുമ്പോഴേക്ക് പെണ്‍മക്കള്‍ക്ക് പ്രായംകൊ്യുിണങ്ങിയ ഭര്‍ത്താക്കന്മാരെ കിട്ടുമോ എന്ന ഭയം പല രക്ഷിതാക്കള്‍ക്കുമുണ്ട്. മിടുക്കികളായ പെണ്‍കുട്ടികളെപ്പോലും ബിരുദാനന്തരബിരുദത്തിനോ അന്യസംസ്ഥാനങ്ങളിലെ പഠനത്തിനോ പറഞ്ഞയയ്ക്കാതിരിക്കുന്നത് ഇത്തരം വേവലാതികള്‍ കൊ്യുാണ്. കേരളത്തിനുപുറത്ത് പറഞ്ഞയക്കാന്‍ വിമുഖത കാണിക്കുന്നതിന്റെ പ്രധാന കാരണം, ഉ്യുായേക്കാനിടയുള്ള പ്രേമബന്ധത്തെക്കുറിച്ചുള്ള ആശങ്കകളാണ്.

മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ശാരീരികബന്ധത്തെക്കുറിച്ചും ഗര്‍ഭധാരണത്തെക്കുറിച്ചും പൊതുവേ പല തെറ്റിദ്ധാരണകളുമുണ്ട്. അയഥാര്‍ത്ഥപൂര്‍ണ്ണമോ ഭാഗികമോ ആയ അറിവുകളുമായാണ് പലരും വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നത്. മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് ജീവിതത്തെ ഫലപ്രദമായി അഭിമുഖീകരിക്കാനുള്ള കഴിവുകള്‍ (life skills) വളര്‍ത്തിയെടുക്ക്യേുത് അനിവാര്യമായി വന്നിരിക്കുന്നു. ഇതിനുതകുന്ന വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങിനെക്കുറിച്ച് പറയുമ്പോള്‍ ചിലരുടെ ചോദ്യമിങ്ങനെയായിരുന്നു: 'നമ്മുടെ ഉമ്മമാരും വെല്ലിമ്മമാരുമൊക്കെ ഇങ്ങനെ പരിശീലനം കഴിഞ്ഞാണോ പുതുപ്പെണ്ണായ് പടിയിറങ്ങിയത്?.' ലൈംഗികവിദ്യാഭ്യാസം കൂടുതല്‍ വഴിപിഴപ്പിക്കുമെന്ന വിചാരക്കാരാണ് പലരും. ലൈംഗികമായവ്യവഹാരത്തില്‍ വരുന്ന മാറ്റങ്ങള്‍ അംഗീകരിക്കാനാവാത്ത ഇക്കൂട്ടര്‍ക്ക് ഫലപ്രദമായ മറ്റ് പ്രതിരോധ സംവിധാനങ്ങളെക്കുറിച്ച് പറയാനുമില്ല.

മുസ്‌ലിം പെണ്‍കുട്ടികളുടെ വ്യവഹാരവ്യതിയാനം സദാചാരപ്രശ്‌നമോ അച്ചടക്കരാഹിത്യമോ ആയാണ് പല രക്ഷിതാക്കളും അദ്ധ്യാപകരും സമുദായ നേതാക്കളും കണക്കാക്കുന്നത്. ഇസ്‌ലാമിക വിശ്വാസത്തിന്റെയും ചര്യകളുടെയും അന്തഃസത്ത ഉള്‍ക്കൊള്ളാത്തതുകൊണ്ടാണ് ചെറുപ്പക്കാരുടെ ഈ അപചയമെന്ന് അവരില്‍ പലരും കരുതുന്നു. എന്നാല്‍ മറ്റേത് കാലത്തേക്കാളും ഏറെ മതപഠനക്ലാസ്സുകളും ഖുര്‍ആന്‍ഹദീസ് പഠനകോഴ്‌സുകളും കേരളത്തിലിന്ന് വിവാദ സമുദായ സംഘടനകളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്നുണ്ട്. മാതൃഭാഷയില്‍ പരിശുദ്ധ ഗ്രന്ഥത്തിന്റെ സത്തയും ആഴവും അറിയാന്‍ അവസരമുണ്ട്. എന്നിട്ടും പലര്‍ക്കും വിശ്വാസത്തിന്റെ അകക്കാമ്പും ചര്യകളുടെ പ്രാധാന്യവും എന്തുകൊണ്ടാണ് സ്വാംശീകരിക്കാനും ജീവിതത്തില്‍ നടപ്പില്‍വരുത്താനുമാവാത്തതെന്ന് വിശകലനം ചെയ്യപ്പെടേണ്ടതുണ്ട്. പരിശുദ്ധ ഗ്രന്ഥവും പ്രവാചകചര്യയും പഠിപ്പിക്കുന്ന രീതികളിലെ അശാസ്ത്രീയത അന്വേഷണ വിധേയമാക്കിയിട്ടില്ലിതുവരെ. മതമൂല്യങ്ങള്‍ ആന്തരികവല്‍ക്കരിക്കാനുതകുംവിധം മതപഠനത്തിന്റെ രീതിശാസ്ത്രമാണ് അടിമുടി മാറ്റിയെടുക്കേണ്ടത്. പുതുതലമുറയിലെ മൂല്യച്യുതിയെ പഴിചാരും മുമ്പേ, കാലം മാറുന്നതറിഞ്ഞ് അതിനെ അഭിമുഖീകരിക്കാനുള്ള സ്വയം സജ്ജീകരണമാണ് നടത്തേണ്ടത്.

മുസ്‌ലിം സമുദായത്തിലടുത്ത കാലത്തു്യുായ സമ്പന്നത സാമൂഹികവ്യവഹാരത്തില്‍ ദോഷഫലമാണ് പല കുടുംബങ്ങളിലുമുണ്ടാക്കുന്നത്. സമ്പന്നത ആധുനിക ജീവിതത്തിന്റെ രീതികളുമായി പെട്ടെന്ന് ബന്ധിപ്പിക്കുന്നു.ബാഹ്യതലസ്പര്‍ശിയായ ജീവിതരീതികളോടും പ്രകടനപരതയോടും മുസ്‌ലിംപെണ്‍കുട്ടികളെ ബന്ധിപ്പിക്കാന്‍ ഉയര്‍ന്ന സാമ്പത്തികാവസ്ഥ വഴിയൊരുക്കുന്നു. നവീന സാങ്കേതികവിദ്യകള്‍ ജീവിതത്തിന്റെ ഭാഗമായ് മാറുന്നു. ആഡംബരത്വത്തിന്റെ അടയാളങ്ങള്‍ ദൈനംദിന ചര്യകളുടെ ഭാഗമാക്കപ്പെടുന്നു. കുട്ടികളുടെ ബൗദ്ധികമോ സര്‍ഗ്ഗാത്മകമോ ആയ തലങ്ങളില്‍ വികാസമുണ്ടാക്കാന്‍ മുസ്‌ലിം സമ്പന്നത പൊതുവേ കാരണമാക്കുന്നില്ല. ലോലവികാരങ്ങളുടെ സാധാരണതയിലാണ് പലരെയും സമ്പന്നത കൊണ്ടു ചെന്നെത്തിക്കുന്നത്. ചിന്തയുടെയോ മൂല്യങ്ങളുടെയോ ലോകങ്ങളിലല്ല, ആഘോഷങ്ങളുടെ ബാഹ്യാകാശങ്ങളിലാണ് പൊതുവേ മുസ്‌ലിം പെണ്‍കുട്ടികളും ഇന്നെത്തിച്ചേരുന്നത്.

മുസ്‌ലിം പെണ്‍കുട്ടിയുടെ വര്‍ത്തമാനകാല സാഹചര്യങ്ങളെക്കുറിച്ചുള്ള യാഥാര്‍ത്ഥ്യബോധം സമുദായത്തിന്റെ പല തട്ടുകളില്‍ കിടക്കുന്നവര്‍ക്കുമില്ല. അതുകൊണ്ടുതന്നെ പുതുകാലത്ത് കൗമാരക്കാരുടെ വ്യവഹാരത്തിലുണ്ടാക്കുന്ന മാറ്റങ്ങളെ ഫലപ്രദമായി അഭിമുഖീകരിക്കാനും അവര്‍ക്കാവുന്നില്ല. ഇതിനായുള്ള പ്രാഥമികമായ മനഃശാസ്ത്രപാഠങ്ങളും പ്രായോഗിക പരിജ്ഞാനവും രക്ഷിതാക്കള്‍ക്കും അദ്ധ്യാപകര്‍ക്കും സമുദായനേതൃത്വത്തിലിരിക്കുന്നവര്‍ക്കും ലഭിക്കേണ്ടിയിരിക്കുന്നു. കൗമാരക്കാര്‍ക്കുള്ള വിവാഹപൂര്‍വ്വ കൗണ്‍സലിങ് പ്രാദേശികതലങ്ങളില്‍പോലും സാര്‍വ്വത്രികമാക്കേണ്ട കാലം എന്നോ കഴിഞ്ഞിരിക്കുന്നു. അഭിമുഖീകരിക്കുന്ന വ്യവഹാരകുടുംബപ്രശ്‌നങ്ങള്‍ക്ക് ശാസ്ത്രീയമായ പരിഹാരം കാണാനുള്ള മാര്‍ഗ്ഗങ്ങളും ലഭ്യമാക്കേണ്ടതുണ്ട്. പോയ്മറഞ്ഞ കാലത്തുതന്നെ മനസ്സും നട്ടിരിക്കുന്നവര്‍ക്ക്, മുസ്‌ലിം പെണ്‍കുട്ടികള്‍ക്ക് വന്നുചേര്‍ന്നത് അപചയമാണെന്ന് കരുതുന്നുവെങ്കില്‍, ഉപകാരപ്രദമായ ഒരു പരിഹാരവും പ്രതിരോധവും ഉണ്ടാക്കാനാവില്ല.

എന്‍ പി ഹാഫിസ് മുഹമ്മദ്