2014, ഫെബ്രുവരി 16, ഞായറാഴ്‌ച

മലപ്പുറം മേളക്ക് കോട്ടക്കുന്നില്‍ തിരശ്ശീല ഉയര്‍ന്നു

മലപ്പുറം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മലപ്പുറം മേളക്ക് കോട്ടക്കുന്നില്‍ തിരശ്ശീല ഉയര്‍ന്നു. ഇന്നലെ വൈകീട്ട് വ്യവസായ-ഐ.ടി വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തതോടെ ജില്ലക്കിനി വിജ്ഞാനത്തിന്റെയും കലയുടെയും പത്ത് ദിനരാത്രങ്ങള്‍. വ്യവസായ-വാണിജ്യ വകുപ്പിന്റെയും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റേയും സഹകരണത്തോടെ നടക്കുന്ന മലപ്പുറം മേളയുടെ സന്ധ്യാസമയങ്ങളെ ആസ്വാദ്യകരമാക്കാന്‍ വിവിധ നൃത്ത-നൃത്യ-സംഗീത പരിപാടികളും ഒരുക്കിയിട്ടുണ്ട്.

വ്യവസായ പ്രോത്സാഹനം, വാണിജ്യ പൂരോഗതി, ഐ.ടി വികസനം, ഐ.ടി പ്രൊഫഷണലുകള്‍ക്ക് തൊഴിലവസരം സൃഷ്ടിക്കല്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് മേള സംഘടിപ്പിക്കുന്നത്. ഇതിനായി 32000 സ്‌ക്വയര്‍ഫീറ്റില്‍ നൂറിലധികം സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ആയിരത്തില്‍പരം ജീവനക്കാര്‍ വിവിധ സ്റ്റാളുകളില്‍ സേവനം ചെയ്യുന്നുണ്ട്.

മേള സന്ദര്‍ശിക്കാന്‍ വരുന്നവര്‍ക്ക് രുചിയൂറുന്ന വിവിധ ഭക്ഷണ വിഭവങ്ങള്‍ നുണയുവാനും വിനോദോപാധികളില്‍ ഏര്‍പ്പെടാനും അവസരമൊരുക്കിയിട്ടുണ്ട്. കപ്പബിരിയാണി, കപ്പപുട്ട്, മുളയരി പായസം, അടപ്രഥമന്‍ തുടങ്ങിയ വിഭവങ്ങള്‍ മേളയുടെ ആകര്‍ഷണമാണ്. ഇതോടൊപ്പം കോഴിക്കോടിന്റെ പാരമ്പര്യ ഭക്ഷണ വിഭവങ്ങളായ കോഴിക്കോടന്‍ ബിരിയാണി, കോഴിയിറച്ചി ഉപയോഗിച്ചുള്ള വിഭവങ്ങള്‍ ഇവയെല്ലാം മേളയുടെ ശ്രദ്ധാകേന്ദ്രമാണ്. ഭക്ഷണത്തിന് മാത്രമായി 10 സ്റ്റാളുകളാണ് ഒരുക്കിയിട്ടുള്ളത്.

10 ദിവസങ്ങളിലായി വിവിധ പരിപാടികളില്‍ 400ല്‍ പരം പ്രമുഖ വ്യക്തികള്‍ പങ്കെടുക്കും. ഇതോടൊപ്പം നാടന്‍പ്പാട്ട്, ഒപ്പന, മാപ്പിളപ്പാട്ട്, ഓട്ടംത്തുള്ളല്‍ തുടങ്ങിയ കലാ-സാംസ്‌കാരിക പരിപാടികളും വേദിയില്‍ അരങ്ങേറും. രാഘവന്‍ മാസ്റ്ററുടെ പഴയ ഗാനങ്ങളുടെ പുനരാവിഷ്‌കാരമാണ് ആസ്വാദകര്‍ ഏറെ കാത്തിരിക്കുന്ന കലാപരിപാടി. ഇതിനു പുറമെ മെഹന്തി ഫെസ്റ്റ് മൈലാഞ്ചിയിടല്‍ മത്സരവും ഒരുക്കിയിട്ടുണ്ട്.

ഐ.ടി മേഖലയില്‍ തൊഴിലവസരം തേടിയലയുന്ന യുവാക്കള്‍ക്കായി ആറ് സെമിനാറുകളാണ് മേളയില്‍ ഒരുക്കിയിട്ടുള്ളത്. സിവില്‍ സര്‍വീസ് മേഖലക്ക് ഐ.ടി എങ്ങനെ ഉപയോഗപ്പെടുത്താം എന്നതടക്കമുള്ള കാര്യങ്ങള്‍ സെമിനാറില്‍ വിശദീകരിക്കും. നിതാഖാത്ത് മൂലവും അല്ലാതെയും പ്രവാസി ജീവിതം അവസാനിപ്പിച്ച് മടങ്ങി വരുന്നവര്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് സഹായിക്കുന്ന 2 ശില്പശാലകളുമുണ്ട്. പ്രവാസികളുടെ ഭാവി ജീവിതത്തിലേക്ക് വെളിച്ചം വീശാനുപകരിക്കുന്ന രീതിയിലാണ് സെമിനാറുകള്‍ നടക്കുക.

മേള സന്ദര്‍ഷിക്കുന്നവര്‍ക്ക് ടിപ്‌സ് ആന്റ് ഗിഫ്റ്റ് എന്ന ടി.വി ഷോ എല്ലാ ദിവസവും ലക്കി ഡ്രോ, ഇന്ത്യയില്‍ ആദ്യമായി സോളാര്‍ എനര്‍ജി ഉപയോഗിച്ച് ഓടിക്കുന്ന കാറിന്റെ പ്രദര്‍ശനം, മൊബൈല്‍ ഫോണ്‍ വഴി നിയന്ത്രിച്ച് ഓടിക്കാവുന്ന കാറിന്റെ പ്രദര്‍ശനം തുടങ്ങിയവയും സജ്ജീകരിക്കുന്നുണ്ട്. മേള സന്ദര്‍ശിക്കുന്നവര്‍ക്കെല്ലാം സൗജന്യമായി നേത്ര പരിശോധനക്കും തിമിര ശാസ്ത്രക്രിയ ആവശ്യമായി വരുന്നവര്‍ക്ക് സൗജന്യ ചികില്‍സയും സൗകര്യമുണ്ട്.

മേളയില്‍ നിന്നുള്ള വരുമാനം ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന കിഡ്‌നി പേഷ്യന്‍സ് വെല്‍ഫെയര്‍ സൊസൈറ്റിക്ക് നല്‍കും. സെമിനാറുകളും ഐ.ടി എക്‌സ്‌പോയും എയര്‍ കണ്ടീഷന്‍ ചെയ്ത സ്റ്റാളുകളിലാണ് നടക്കുന്നത്.

സെമിനാറുകള്‍ക്ക് മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് പ്രവേശനം. രണ്ട് ദിവസങ്ങളില്‍ ഐ.ടിയുമായി ബന്ധപ്പെട്ട സെമിനാറുകളും 6 ദിവസങ്ങളില്‍ മറ്റ് വ്യവസായ വികസനവുമായി ബന്ധപ്പട്ട സെമിനാറുകളുമാണ്. പ്രദര്‍ശനം ഉച്ചക്ക് ശേഷം 3 മണി മുതല്‍ രാത്രി 9 മണി വരെയും ഐ.ടി എക്‌സ്‌പോ രാവിലെ 11 മണിക്കും തുടങ്ങും. കലാപരിപാടികള്‍ എല്ലാ ദിവസവും വൈകുന്നേരം 7 മണിക്കാണ് തുടങ്ങുക.

32000 സ്‌ക്വയര്‍ ഫീറ്റില്‍ പ്രദര്‍ശന സ്റ്റാള്‍ സജ്ജമായിട്ടുണ്ട്. കേരളത്തിനകത്തും പുറത്തുമുള്ള പ്രമുഖ കമ്പനികള്‍ പങ്കെടുക്കുന്ന ജോബ് ഫെയര്‍ മലപ്പുറം മേളയിലെ ഏറ്റവും ശ്രദ്ധേയമായ ഇനമാണ്. മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്കാണ് ജോബ് ഫെയറില്‍ പങ്കെടുക്കുവാന്‍ അവസരം ഉണ്ടാവുക. നാളെ രാവിലെ മുതല്‍ ജോബ് ഫെയര്‍ ആരംഭിക്കും. മേളയുടെ സമാപന സമ്മേളനത്തില്‍ തന്നെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്കുള്ള പ്ലൈസ്‌മെന്റ് നല്‍കും.