ചതിയുടേയും വഞ്ചനയുടേയും സാങ്കേതിക രൂപങ്ങള്‍ നടത്തുന്ന വേഷപ്പകര്‍ച്ചകളില്‍ ജീവനും ജീവിതവും നശിക്കുന്ന യുവതീ യുവാക്കളുടെ എണ്ണം വര്‍ധിച്ചു വരികയാണ്. വെളിച്ചത്തിന്റെ ഗുണാനുഭവത്തേക്കാള്‍ കൂരിരുട്ടിന്റെ അരക്ഷിതാവസ്ഥയിലേക്കാണ് സൈബര്‍ കേന്ദ്രീകൃത യുവത്വം ആനയിക്കപ്പെടുന്നതെന്ന് സമീപകാല സംഭവങ്ങള്‍ തെളിയിക്കുന്നു. ഈ വിപത്തിനെ പ്രതിരോധിക്കാന്‍ അധികാര കേന്ദ്രങ്ങള്‍ക്കും നിയമങ്ങള്‍ക്കും സമൂഹത്തിനും എന്ത് ചെയ്യാന്‍ സാധിക്കുമെന്ന ചോദ്യം പ്രസക്തമാവുകയാണ്.
ഐ.ടി യുഗത്തിന്റെ ഏറ്റവും വികസിത രൂപത്തിലാണ് ഇന്ന് ലോകം എത്തിനില്‍ക്കുന്നത്. സാക്ഷരതയിലും വിദ്യാഭ്യാസത്തിലും ഏറെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമായ കേരളത്തിലും പുതിയ തലമുറയുടെ ജീവിതം സാങ്കേതിക വിപ്ലവത്തിന്റെ ആഘോഷത്തിലാണ്.
അധികാര ശ്രേണികളിലും നിയമ വ്യവഹാരങ്ങളിലും കുറ്റാന്വേഷണ രീതികളിലും തൊഴില്‍ രംഗങ്ങളിലുമെല്ലാം സൈബര്‍ സാങ്കേതിക വിദ്യകള്‍ ഏറെ പ്രയോജനപ്പെടുമ്പോള്‍ ഇതിന്റെ നന്മകള്‍ വിലമതിക്കാനാവാത്തതെന്ന് വിലയിരുത്താന്‍ കഴിയും. അതേ സമയം ദുരുപയോഗം ചെയ്താല്‍ ഏറ്റവും കൊടിയ ദുരന്തമായി ഇത് പരിണമിക്കുകയും ചെയ്യും. മൊബൈല്‍ഫോണ്‍, ഇന്റര്‍നെറ്റ്, ഫേയ്‌സ്ബുക്ക്, ട്വിറ്റര്‍, ബ്ലോഗ്, യുട്യൂബ് തുടങ്ങിയവ ജീവിതത്തിന്റെ അനിവാര്യമായ ഭാഗമായിത്തീരുമ്പോള്‍തന്നെ ഇതിനെ സൂക്ഷിച്ച് കൈകാര്യം ചെയ്തില്ലെങ്കില്‍ പ്രതിലോമകരമായ പ്രത്യാഘാതമായി ആഞ്ഞടിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.
ഫേയ്‌സ്ബുക്കിലൂടെ ബന്ധുവായ യുവാവ് അപവാദം പ്രചരിപ്പിച്ചതില്‍ മനംനൊന്ത് അമ്പലപ്പുഴ തോട്ടപ്പള്ളിയിലെ വിജിതയെന്ന ഭര്‍തൃമതി ആത്മഹത്യചെയ്ത സംഭവത്തിന് വന്‍ വാര്‍ത്താ പ്രാധാന്യമാണ് ലഭിച്ചത്. ഇത് സംബന്ധിച്ച് പരാതി നല്‍കിയ വിജിതയെ അപമാനിക്കുന്ന സമീപനമാണ് പൊലീസും സ്വീകരിച്ചത്. ഇതോടെ വിജിത ആത്മഹത്യ ചെയ്യുകയായിരുന്നു. ഈ സംഭവത്തിന് തൊട്ട് പിറകെയാണ് കോട്ടയത്ത് മിസ്ഡ് കോളിലൂടെ പരിചയപ്പെട്ട പതിനഞ്ചുകാരിയുടെ ഫേയ്‌സ്ബുക്ക് പ്രൊഫൈല്‍ ഹാക്ക് ചെയ്ത് അപകീര്‍ത്തികരമായ ചിത്രം ഒരു യുവാവ് പ്രചരിപ്പിച്ചത് സംബന്ധിച്ച വാര്‍ത്തയും പുറത്തുവന്നത്.
അടുത്തിടെ കാസര്‍കോട്ടെ ഒരു ബിസിനസുകാരന്റെ പേരില്‍ വ്യാജ പ്രൊഫൈലുണ്ടാക്കി അശ്ലീല ചിത്രങ്ങള്‍ കയറ്റിയത് സംബന്ധിച്ച കേസും രജിസ്റ്റര്‍ ചെയ്തിരുന്നു. കാസര്‍കോടിനടുത്ത മംഗലാപുരത്ത് ഫേയ്‌സ്ബുക്ക് വഴി ഒരു യുവതിയെ പ്രണയിച്ച യുവാവിന് സംഭവിച്ച ദുരന്തം അങ്ങേയറ്റം ദയനീയമായിരുന്നു. കാമുകന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ട് ചോര്‍ത്തി യുവതി പണം തട്ടുകയാണുണ്ടായത്. ഇതില്‍ മനംനൊന്ത് യുവാവ് പിന്നീട് ആത്മഹത്യചെയ്യുകയായിരുന്നു.
സ്വന്തമായ വ്യക്തിത്വം അടയാളപ്പെടുത്തുന്നതിനും സ്വതന്ത്രമായ നിലപാടുകളും അഭിപ്രായങ്ങളും കാഴ്ചപ്പാടുകളും അവതരിപ്പിക്കുന്നതിനും ആരോഗ്യകരമായ വ്യക്തിബന്ധങ്ങള്‍ സ്ഥാപിക്കുകയും ചെയ്യുന്നതിനോടൊപ്പം പുതിയ അറിവുകളും തിരിച്ചറിവുകളും നേടിക്കൊണ്ട് ആശയ സംവാദത്തിന്റെ വൈജ്ഞാനിക തലങ്ങള്‍ കണ്ടെത്തുന്നതിനും ഫേയ്‌സ്ബുക്ക് എന്ന മാധ്യമം ഏറെ പ്രയോജനകരമാണ്.
എന്നാല്‍ അപവാദ പ്രചരണത്തിനും വ്യക്തിഹത്യക്കും പകപോക്കലിനുമൊക്കെയായി ഇത് ദുരുപയോഗം ചെയ്യുമ്പോള്‍ അത് വിപരീത ഫലങ്ങള്‍ക്ക് ഇടവരുത്തുന്നുവെന്നതാണ് യാഥാ ര്‍ത്ഥ്യം. ഫേയ്‌സ്ബുക്ക് ബന്ധങ്ങളിലൂടെയുണ്ടാകുന്ന സൗഹൃദങ്ങളും പ്രണയങ്ങളുമെല്ലാം സത്യസന്ധമാകണമെന്നില്ല. കാസര്‍കോട് ജില്ലയിലെ പുല്ലൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ ഫേയ്‌സ്ബുക്കിലൂടെ പ്രണയിച്ച യുവാവ് ഈ പെണ്‍കുട്ടിയെ കേരളത്തിലെ വിവിധ ഭാഗങ്ങളിലേക്ക് കൊണ്ടുപോയി ലൈംഗിക ചൂഷണത്തിന് വിധേയയാക്കുകയും പിന്നീട് ഉപേക്ഷിക്കുകയും ചെയ്തു. ഈ സംഭവത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി വരികയാണ്.
ഫേയ്‌സ്ബുക്കിന്റെ അമിതമായ ഉപയോഗം കൗമാര പ്രായക്കാരുടെ പഠന നിലവാരത്തെയും കര്‍മ്മശേഷിയെയും നിര്‍വീര്യമാക്കുന്നുണ്ട്. സ്‌കൂള്‍ വിട്ട് വന്നാല്‍ ഫേയ്‌സ്ബുക്കിന് മുന്നില്‍ ചെലവഴിക്കുന്ന വിദ്യാര്‍ത്ഥികളും ജോലി കഴിഞ്ഞ് എത്തിയാല്‍ 'ഇതേ രോഗ'മുള്ള യുവതീ യുവാക്കളും തങ്ങളുടേതായ ലോകത്ത് അഭിരമിക്കുമ്പോള്‍ ചുറ്റുപാടും സംഭവിക്കുന്ന കാര്യങ്ങളൊന്നും അറിയുന്നതേയില്ല. നല്ല ബന്ധങ്ങളെയും അവിഹിത ബന്ധങ്ങളേയുമെല്ലാം പരിപോഷിപ്പിക്കുന്ന ഫേയ്‌സ്ബുക്ക് ചാറ്റിംങ് രീതികള്‍ക്ക് അടിമകളാണ് നല്ലൊരു ശതമാനം യുവതീ യുവാക്കളുമെന്നത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്.
നമ്മുടെ രാജ്യത്തെ ജനാധിപത്യ വ്യവസ്ഥിതിയെ ഗ്രസിച്ചിരിക്കുന്ന അഴിമതിക്കും പെണ്‍വാണിഭം, വര്‍ഗീയത, തീവ്രവാദം, രാഷ്ട്രീയ കൊലപാതകങ്ങള്‍ തുടങ്ങിയ സാമൂഹിക തിന്മകള്‍ക്കുമെതിരെ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ട യുവത്വത്തിന്റെ ഊര്‍ജ്ജസ്വലത പ്രായോഗികതയിലെത്താതെ ഫേയ്‌സ്ബുക്കിലെ യാന്ത്രിക പ്രതികരണങ്ങളില്‍ മാത്രം ഒതുങ്ങിപ്പോവുകയാണ്.
പൈശാചിക രാഷ്ട്രീയ കൊലപാതകങ്ങളെ ന്യായീകരിച്ചും വര്‍ഗീയ വികാരം ഇളക്കിവിടുന്ന പരാമര്‍ശങ്ങള്‍ നടത്തിയും മത തീവ്രവാദത്തെ പ്രോത്സാഹിപ്പിച്ചുമുള്ള വിഷം ചുരത്തുന്ന ആശയങ്ങളും ഫേയ്‌സ്ബുക്കുകളിലൂടെയും മറ്റും സാമൂഹിക മനസ്സില്‍ കുത്തിനിറക്കപ്പെടുന്നു.
രാഷ്ട്രീയപരവും മതപരവുമായ വിഭാഗീയ ചിന്താഗതികള്‍ക്ക് ജനങ്ങളെ പ്രേരിപ്പിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ ഫേയ്‌സ്ബുക്കുകളില്‍ സംഘടനാപരവും വ്യക്തിപരവുമായ സ്വാതന്ത്ര്യത്തിന്റെ ഭാഗമായി അനുവദിക്കപ്പെടുന്നുണ്ടെങ്കിലും ജനാധിപത്യപരമായ മൂല്യങ്ങള്‍ കാത്ത് സൂക്ഷിക്കുന്ന മനസ്സുകളെ പ്രതികൂലമായി സ്വാധീനിക്കാന്‍ ഇത്തരം പ്രവണതകള്‍ക്ക് സാധിച്ചുവെന്ന് വരാം.
നെറികെട്ട അഭ്യൂഹങ്ങള്‍ പടര്‍ത്തുന്നതിനും സോഷ്യല്‍ മീഡിയകളെ കരുക്കളാക്കുന്നുണ്ട്. ഇക്കഴിഞ്ഞ നബി ദിനത്തില്‍ കാസര്‍കോട്ടെ ഒരു പ്രമുഖ രാഷ്ട്രീയ നേതാവ് മരണപ്പെട്ടുവെന്ന പ്രചാരണം സോഷ്യല്‍ നെറ്റ്‌വര്‍ക്കിലൂടെ കത്തിപ്പടരുകയായിരുന്നു. സത്യാവസ്ഥ അറിയാതിരുന്നവര്‍ക്കെല്ലാം ഈ വ്യാജ വിവരം വല്ലാത്തൊരു ഞെട്ടലാണുളവാക്കിയത്.
ഇങ്ങനെയൊരു മരണം സംഭവിച്ചിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ജനങ്ങള്‍ക്ക് പാടുപെടേണ്ടിവന്നു.
പത്ര മാധ്യമങ്ങളും വാര്‍ത്താ ചാനലുകളും സ്പര്‍ധയും വര്‍ഗീയ വികാരവുമൊക്കെ ഉളവാക്കുന്ന വാര്‍ത്തകള്‍ പ്രകോപനമുണ്ടാക്കാത്ത വിധത്തില്‍ ജാഗ്രതയോടെ ജനങ്ങള്‍ക്ക് മുന്നിലെത്തിക്കുമ്പോള്‍ സോഷ്യല്‍ മീഡിയകള്‍ക്ക് ഇത്തരം കാര്യങ്ങളില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത സ്ഥിതിയാണുള്ളത്. സോഷ്യല്‍ മീഡിയകള്‍ക്കും വേണം ചില നിയന്ത്രണങ്ങളും പെരുമാറ്റച്ചട്ടങ്ങളും. ദുരന്തങ്ങളിലേക്കുള്ള ലൈക്കും ചാറ്റിംങുമല്ല നാടിന്റെ നന്മക്കുവേണ്ടിയുള്ള ഇടപെടലായി ഫേയ്‌സ്ബുക്ക് അടക്കമുള്ള നവ മാധ്യമങ്ങളെ പ്രയോജനപ്പെടുത്തണം.
ടി.കെ പ്രഭാകരന്‍( ( (കടപ്പാട് ചന്ദ്രികാ ന്യൂസ്‌പേപ്പര്‍ )