
മൂന്ന് ഫുട്‌ബോള്‍ കളങ്ങളുടെ വിസ്താരമുള്ള ഒരു ഭീമന്‍ ക്ഷുദ്രഗ്രഹം ഭൂമിക്കരികിലൂടെ കഴിഞ്ഞ രാത്രി കടന്നുപോയി. മണിക്കൂറില്‍ 43,000 കിലോമീറ്റര്‍ വേഗത്തില്‍ , ഭൂമിയ്ക്ക് 34 ലക്ഷം കിലോമീറ്റര്‍ അകലെ കൂടിയാണ് അത് സഞ്ചരിച്ചത്.
ഭൂമിയിലെ തോതുവെച്ച് ഇത് വലിയ അകലമാണെന്ന് തോന്നാമെങ്കിലും, പ്രാപഞ്ചികതലത്തില്‍ ഭൂമിയുടെ 'അരികിലൂടെ'യാണ് ക്ഷുദ്രഗ്രഹം ( asteroid ) കടന്നുപോയത്. 'ഭൂമി അതിന്റെ ഇടിയില്‍നിന്ന് രക്ഷപ്പെട്ടു' എന്ന് പറയാമെന്ന് ജ്യോതിശ്ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.
60 അടി വിസ്താരമുള്ള ഒരു ഭീമന്‍ ഉല്‍ക്ക, റഷ്യയിലെ ചെലിയാബെന്‍സ്‌കിന് മുകളില്‍ അന്തരീക്ഷത്തില്‍വെച്ച് പൊട്ടിത്തകര്‍ന്ന് ധൂളുകളും കഷണങ്ങളുമായി ഭൂമിയില്‍ പതിച്ചിട്ട് ഒരു വര്‍ഷമാകുന്നതേയുള്ളു.
ഏതാണ്ട് 30 ആറ്റംബോംബുകളുടെ ശക്തിയിലാണ് അത് പൊട്ടിത്തകര്‍ന്ന് വീണത്. ഉല്‍ക്കാശകലങ്ങളേറ്റ് കെട്ടിടങ്ങളുടെ ചില്ലുപാളികളും മറ്റും പൊട്ടിത്തെറിച്ച് 1500 പോര്‍ക്ക് റഷ്യയില്‍ പരിക്കേറ്റിരുന്നു.
ക്ഷുദ്രഗ്രഹങ്ങളും ഭീമന്‍ ഉത്ക്കകളും ഭൂമിക്ക് സൃഷ്ടിക്കുന്ന ഭീഷണിയുടെ തോത് വ്യക്തമാക്കുന്നതായിരുന്നു ഒരുവര്‍ഷം മുമ്പുണ്ടായ ആ ഉല്‍ക്കാപതനം. ഈ പശ്ചാത്തലത്തില്‍ മൂന്ന് ഫുട്‌ബോള്‍ കളങ്ങളുടെ വലിപ്പമുള്ള ക്ഷുദ്രഗ്രഹം ( 2000 EM26 ) ഭൂമിക്കരികിലൂടെ കടന്നുപോയി എന്ന വാര്‍ത്ത, ആശ്വാസത്തോടെയാണ് ലോകം കേട്ടത്.
'സ്ലൂഷ് സ്‌പേസ് ക്യാമറ' ( Slooh Space Camera ) യാണ് കഴിഞ്ഞ രാത്രി ആ ഭീമന്‍ ക്ഷുദ്രഗ്രഹത്തിന്റെ നിക്കം പിന്തുടര്‍ന്ന്, ഭൂമിക്കരികിലൂടെ അത് കടന്നുപോയ വിവരം സ്ഥിരീകരിച്ചത്. (കടപ്പാട് : വിവിധ വാര്‍ത്താഏജന്‍സികള്.
)