2014, ഫെബ്രുവരി 10, തിങ്കളാഴ്‌ച

ഇരകള്‍

(പ്രോമോദ് കുമാര്‍ എന്ന വ്യക്തിയുടെ ബ്ലോഗില്‍ നിന്നും )
http://promodkp.blogspot.in/2014/02/blog-post_10.html
_____________________________________________________________
മൂന്നു വർഷങ്ങൾക്കു മുൻപ് ഒരു ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടയിൽ വെച്ചാണ്  നവാസിനെ പരിചയപെട്ടത് .ആരും ആദ്യം അടുക്കുവാൻ കൊതികാത്ത രൂപമായിരുന്നു അവന്റെത്‌.മുഖം മുഴുവൻ താടിരോമങ്ങൾ കൊണ്ട് മറച്ചതുപോലെ ...മീശ ആണെങ്കിൽ ഒരു ഒതുക്കവുമില്ലാത്തത് പോലെ ..തലയില്‍ മുസ്ലിം പണ്ഡിതര്‍ ധരിക്കുന്നത്  പോലത്തെ  തൊപ്പിയും ..കണ്ടാൽ ഒരു ബിൻലാദൻ സ്റ്റൈൽ .പലതരം സിനിമകളിലും നമ്മുടെ സംവിധായകർ പരീക്ഷിച്ച ടെറരിസ്റ്റ്  രൂപം.ആ കാലത്ത് ഇങ്ങിനെ രൂപമുള്ളവരെ ഒക്കെ നമ്മുടെ സമൂഹം വേറെ വിധത്തിൽ നോക്കി കണ്ടിരുന്നു.അതിനു പ്രധാന കാരണം സിനിമാക്കാർ  തന്നെ.അവരുടെ  വില്ലന്മാർക്കു ഇതേ  രൂപമായിരുന്നു.പക്ഷെ പരിചയപെട്ടപ്പോൾ നവാസ് എന്ന മനുഷ്യസ്നേഹിയെ കുറിച്ച് പലതും  മനസ്സിലാക്കി.പിന്നെ അങ്ങോട്ട്‌ നമ്മൾ നല്ല സുഹൃത്തുക്കൾ ആയി.

മതത്തിൽ അപാര പാണ്ഡിത്യം ഉള്ളവൻ ..അത് അവന്റെ മതത്തിലെതു  മാത്രമല്ല എല്ലമതത്തെ കുറിച്ചും ...മുസ്ലിം മതത്തിന്റെ പേരിൽ ചിലർ നടത്തുന്ന കോപ്രായങ്ങൾ ആ മതത്തെ എന്തു മാത്രം ബാധിക്കുന്നു ,തെറ്റിധരിപ്പിക്കപെടുന്നു എന്നതിൽ നവാസിന് വിഷമമുണ്ടായിരുന്നു.പലരും മുസ്ലിമുകളെ തീവ്രവാദികളായി കരുതുന്നതും ആ കാലത്ത് പതിവായിരുന്നു.ബംഗ്ലൂരിലെ പ്രശസ്തമായ ഐ .ടി കമ്പനിയിലായിരുന്നു അവനു ജോലി.സോഫ്റ്റ്‌ വെയറിൽ മാത്രമല്ല ഹാർഡ് വെയറിലും നല്ല ജ്ഞാനമുണ്ടായിരുന്നു.അതുകൊണ്ട് തന്നെ കമ്പനിയിലെയും വീട്ടിലെയും  കംപ്യുട്ടറുകൾ എന്തെങ്കിലും കമ്പ്ലൈന്റ്റ്  വന്നാൽ അവൻ ശരിയാക്കി തരുമായിരുന്നു.കൂട്ടുകാർക്കുവേണ്ടിയും ഞാൻ അവനെ അയക്കുമായിരുന്നു.അങ്ങിനെയും നമ്മൾ കൂടുതൽ അടുത്തു.


"പ്രമൊദെട്ട ...ഈ കംപ്യുട്ടർ മാറ്റേണ്ട കാലം കഴിഞ്ഞു ....പുതിയതൊന്നു വാങ്ങൂ ..."എന്റെ കമ്പ്യൂട്ടർ ചൂണ്ടി അവൻ പറഞ്ഞു.

"ഞാൻ നിന്നെ പോലെ വാരി കോരി തരുന്ന ഐ റ്റി  കമ്പനിയിൽ അല്ല ജോലി ചെയ്യുന്നത്...ഇന്ത്യൻ  പൈസയുടെ വിനിമയനിരക്ക് മാറുമ്പോൾ പണിയില്ല എന്ന് പറഞ്ഞു ഫണ്ട് ക്ലിയർ ചെയ്യാത്തവർ ഉള്ള  ബിസിനെസ്സ് മേഖലയിലാണ് .....അത് കൊണ്ട് ഓടുന്നതുവരെ ഓടട്ടെ ....ചത്താൽ നമുക്ക് മാറ്റാം .ഇപ്പോള്‍ പുതിയതിനെ കുറിച്ച് ചിന്തിക്കുവാന്‍ കഴിയില്ല  '

"അങ്ങിനെ ചിന്തിക്കരുത്.ഈ കമ്പ്യൂട്ടരില്‍ പല ഫയലും ഉണ്ട് നിങ്ങള്ക്ക് അത്യാവശ്യം വേണ്ടത് ..പെട്ടെന്നൊരു ദിവസം അതൊക്കെ ഇല്ലാതായാല്‍ എന്താവുമെന്ന് ഒന്ന് ചിന്തിച്ചേ ?അത് വീണ്ടും ഉണ്ടാക്കിയെടുക്കേണ്ട  കഷ്ട്ടപാട്  ആലോചിച്ചേ ....ചിലപ്പോള്‍  ഒരിക്കലും തിരിച്ചു  ഉണ്ടാക്കാന്‍ പറ്റില്ല.അതുകൊണ്ട് നമ്മള്‍ എപ്പോഴും സേഫ്  ആയ കാര്യം ചെയ്യണം.വേണ്ടത് വേണ്ട സമയത്ത് തന്നെ ചെയ്യണം."


കൂടുതല്‍ അടുത്തപ്പോള്‍ അവൻ അവനെ കുറിച്ച്  കൂടുതൽ പറഞ്ഞു തന്നു.ബാല്യത്തിൽ മാത്രം കണ്ട ഉപ്പ .കഷ്ട്ടപെട്ടാണ് ഉമ്മ നാല് മക്കളെ വളർത്തിയത് .പക്ഷെ ഒരിക്കൽ ഉമ്മാക്ക് വയ്യാതായപ്പോൾ യത്തീംഖാനയില്‍ എത്തിപെട്ടു.നല്ല ജീനിയസ് ആയ അവൻ സ്വയപ്രയത്നത്തിൽ ഇന്ന് ഈ നിലയിൽ  എത്തി.അനാഥ മന്ദിരങ്ങളുടെ പ്രയാസങ്ങൾ നേരിട്ട് കണ്ടറിഞ്ഞ അവൻ ഇന്ന് അവരെ വളരെയധികം സഹായിക്കുന്നു..അങ്ങിനെ അവൻ സമ്പാദിക്കുന്ന കാശുമുഴുവൻ കൊടുക്കുന്നത് അനാഥമന്ദിരങ്ങൾക്ക് വേണ്ടിയായിരുന്നു.ഉമ്മ ഇന്നില്ലെങ്കിലും സഹോദരങ്ങൾ നാട്ടിൽ നല്ല നിലയിൽ  ജീവിക്കുന്നു.എല്ലാം ഇവന്‍ ഒരാള്‍ മൂലം.


ഒരിക്കൽ എത്ര വിളിച്ചിട്ടും അവനെ കിട്ടുന്നില്ല.പലരോടും അന്വേഷിച്ചുവെങ്കിലും കാര്യമായ വിവരവും ലഭിച്ചില്ല.ഒന്ന് രണ്ടു ദിവസം കഴിഞ്ഞു അവൻ കമ്പനിയിൽ വന്നു.

"നീ എവിടായിരുന്നെടാ ..."

"ഓരോരുത്തര് ചെയ്യുന്ന അനീതിക്ക് നമ്മളെയാ പോലീസു  പൊക്കുന്നതു .."

"എന്താടാ ...സംഭവിച്ചത് ?"

"മുസ്ലിംങ്ങള്‍ക്കിടയില്‍  തീവ്രവാദികള്‍ കൂടിയിരിക്കുന്നു പോലും ..ഐ ടി ഫീൽഡിൽ കുറെ തീവ്രവാദികൾ കടന്നുകൂടിയിട്ടുണ്ടെന്ന്  ...അവർ പുതിയ ആശയങ്ങള്‍ കണ്ടുപിടിച്ചു  രാജ്യത്തെ നശിപ്പിക്കുവാന്‍  ശ്രമിക്കുന്നു എന്ന വിവരം പോലീസിനു കിട്ടി.അങ്ങിനെ മുസ്ലിം പേരുള്ള കുറേ ഐ ടി കാരെ പൊക്കി.എന്നെയും ...പലരെയും ചോദ്യം ചെയ്തു വിട്ടു.എന്നെ മാത്രം അന്ന് വിട്ടില്ല."

"എന്താ കാര്യം ?"

"എന്റെ ഈ രൂപം തന്നെ ...അവൻ ചിരിച്ചു.പിന്നെ ഓഫീസിൽ നിന്നും ആളു വന്നു  ഇന്നിറക്കി .ഞാനും പലപ്പോഴും ശ്രദ്ധിച്ചതാണ് ..ഷോപ്പിംഗ്‌ മാളിലും ,ബസ്‌ സ്റ്റൊപ്പിലും  ഒക്കെ എനിക്ക് നേരെയുള്ള തുറിച്ചു നോട്ടം."

"എന്നാൽ പിന്നെ നിനക്ക് ഈ രൂപമൊന്നു മാറ്റികൂടെ നവാസേ ..?"


"എന്തിനാ പ്രമോദേട്ടാ ..ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല ..അതെനിക്കറിയാം.ഈ രൂപം ഞാൻ വർഷങ്ങളായി കൊണ്ട് നടക്കുന്നതാണ്.ഇങ്ങിനെ ഒരു പ്രശ്നത്തിന്റെ പേരിൽ ഇത് മാറ്റിയാൽ എനിക്ക് എന്ത് വ്യക്തിസ്വാതന്ത്രം ഉണ്ട് ഇവിടെ .അതിലും നല്ലത് ഞാൻ എന്ന വ്യക്തി ഇല്ലതാവുന്നതല്ലെ  ?ഇത് ഒരു മതത്തെ മാത്രം ടാര്‍ജെറ്റ്‌ ചെയ്തിട്ടുള്ളതാ .അത് കൊണ്ട് എനിക്ക് എന്തോ ഒരു വാശി ...തെളിയിക്കണം ഈ സമുദായത്തിലെ എല്ലാവരും തീവ്രവാദികൾ അല്ലെന്നു .അല്ലെങ്കിൽ ഈ രൂപം എങ്കിലും തീവ്രവാദികളുടെതല്ലെന്നു .. എന്റെ മനസമാധാനത്തിനു വേണ്ടിയെങ്കിലും....  എനിക്ക് ഈ രൂപം മതി..പടച്ചോൻ എന്റെ കൂടെയുണ്ട് ..അത് മതി  അത് തന്നെ ധാരാളം. "

പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.അവൻ പറഞ്ഞതല്ലേ ശരി .അവൻ ഒരു തെറ്റും ചെയ്തിട്ടില്ല .ഒരു മതത്തില്‍ പെട്ടത് കൊണ്ട് മാത്രം അവന്‍ വേട്ടയാടപ്പെടുന്നു.പിന്നെ എന്തിനു അവൻ അവന്റെ ആഗ്രഹം ഇല്ലാതാക്കണം.പിന്നെയും ബംഗ്ലൂരിൽ അവനു പല പ്രശ്നങ്ങളും അവന്റെ രൂപത്തിന്റെ പേരിൽ ഉണ്ടായി .പക്ഷെ അവൻ എപ്പോഴും അവന്റെ വിശ്വാസത്തിൽ ഉറച്ചു നിന്നു .

അവന്റെ കമ്പനി അവനെ വിദേശത്തേക്ക് അയക്കുമ്പോൾ യാത്ര പറയുവാനെത്തി.ഒരു വർഷത്തേക്ക് യു .എസ്സി ലേക്ക്...വേണമെങ്കിൽ നീട്ടാം.അവിടുത്തെ പെര്‍ഫോര്‍മന്‍സ് പോലെയിരിക്കും കാര്യങ്ങള്‍ .എന്നെ കാണാന്‍ വന്ന അവനെ അനുഗ്രഹിച്ചു പറഞ്ഞുവിട്ടു.അവിടുന്ന് വല്ലപോഴും ഫോണ്‍ ചെയ്യും .ഒരിക്കല്‍ അവനു ഈ രൂപത്തിന്റെ പേരിൽ അവിടെയും ഉണ്ടാകുന്ന വിഷമതകൾ പറഞ്ഞു."എന്നിട്ട് നീ  താടി വടിച്ചോ  "എന്ന് ചോദിച്ചപ്പോള്‍ അവന്‍ വീണ്ടും അവന്റെ നിലപാട് വ്യക്തമാക്കി.പക്ഷെ ഒരിക്കല്‍പോലും ഒരുമണികൂറിലധികം അവനെ അവിടുത്തെ പോലീസുകാർ പിടിച്ചുവെച്ചില്ല എന്നും പറഞ്ഞു.


ഒരുവർഷം കഴിഞ്ഞു അവൻ വന്നപ്പോഴും അതെ രൂപം തന്നെയായിരുന്നു.വീണ്ടും അവൻ ഇവിടെത്തന്നെ തുടർന്നു ...ഇനിയും അവിടെത്തന്നെ തുടരുവാൻ അവസരം ഉണ്ടായിട്ടും അവനു ജൊലിയെടുക്കുവാൻ താല്പര്യം നമ്മുടെ രാജ്യം തന്നെയായിരുന്നു.

ഒരിക്കൽ സുന്ദരനായ ഒരു അപരിചിതൻ  ഓഫീസിലേക്ക് കയറിവന്നു .ഞാൻ ഇരിക്കുവാൻ പറഞ്ഞു ...ആഗമനൊദേശ്യം ചോദിച്ചു . അയാൾ  പൊട്ടി ചിരിച്ചു ..എനിക്ക് കാര്യം മനസ്സിലായില്ല .

"പ്രമൊദെട്ട ..ഞാൻ നവാസാണ് ......"

ഞാൻ അമ്പരന്നു അവനെ സൂക്ഷിച്ചു നോക്കി...ഇവൻ ഇത്ര സുന്ദരനാണെന്നുള്ളത്  വർഷങ്ങളായി ആ താടി മറച്ചു പിടിക്കുകയായിരുന്നു.

"എന്താടാ നീ നിന്റെ വ്യക്തി സ്വാതന്ത്രം ഒക്കെ വേണ്ടെന്നു വെച്ചോ ?"

"എന്ത് ചെയ്യാനാ ...നമുക്ക് നമ്മുടെ സ്വാതന്ത്രം ഉപയോഗപെടുത്തണമെങ്കിൽ ഇവിടെ പല കടമ്പകളും കടക്കണം .അത് ഞാന്‍ മൂലം പലരെയും ബാധിക്കുന്നു.ഈ രൂപം വെച്ച് നമ്മുടെ നാട്ടിൽ  ജീവിക്കണമെങ്കിൽ വലിയ പാടാ ...അതെനിക്ക് ഇപ്പോൾ മനസ്സിലാകുന്നു...എന്റെ ആഗ്രഹം അല്ലെങ്കിൽ മനസ്സിന്റെ വാശി ..അത് ഇനി വേണ്ട  .അത് കൊണ്ട് ഞാൻ മാത്രമല്ല എനിക്ക് ചുറ്റുമുള്ളവരും അതിന്റെ ഭവിഷ്യത്തിൽ കുടുങ്ങുന്നു..ഞാൻ കാരണം മറ്റുള്ളവർക്ക് ദുരിതം ഉണ്ടാവാൻ പാടില്ല.അതുകൊണ്ട് ഞാൻ ഇനിമുതൽ  ഈ രൂപത്തിലാ ജീവിക്കുക.ദാ ..ഇപ്പോൾ  അവിടുന്ന്  ചെയ്യിച്ചതാണ് ഈ രൂപം ..ഇനി കൂട്ടുകാരെ കൂടി ഞെട്ടിക്കണം ." അവൻ ചിരിച്ചുകൊണ്ടാണ് പറഞ്ഞതെങ്കിലും എന്തോ ഒരു നഷ്ടബോധം അവനിലുണ്ടായിരുന്നു.



പിറ്റേന്ന്  ഒരു അശുഭ വാർത്ത  കേട്ടാണ്  ഉണർന്നത് .രാത്രിയിൽ  നടന്ന ഒരപകടത്തിൽ പെട്ട് നവാസ് പോയി.മണികൂറുകൾ ചോരവാർന്നു  റോഡിൽ കിടന്ന അവനെ മെട്രോ സംസ്കാരത്തിന്റെ അഹന്തയിൽ ആരും തിരിഞ്ഞു നോക്കിയില്ല.അവരുടെ തിരക്കുപിടിച്ച ജീവിതത്തിൽ പതിവായി കാണുന്ന ഒരു സംഭവം പോലെ .... ആരും മൈൻഡ് ചെയ്യാതെ അതിലൂടെ കടന്നുപോയി..അതിലും ദയനീയമായി തോന്നിയത് അവന്റെ സുഹൃത്തുക്കൾ ആ അപകടം നടന്നത് കണ്ടുവെങ്കിലും  ആളെ തിരിച്ചറിയാൻ പറ്റാത്തതുകൊണ്ട് കാണികളായി മാത്രം ഒതുങ്ങി എന്നറിഞ്ഞപ്പോഴാണ്...അവൻ അന്ന് കാലത്ത് അവന്റെ രൂപം തന്നെ മാറ്റിയിരുന്നല്ലൊ ..കൂട്ടുകാരുപൊലും അറിയാതെ ..

"ഈ രൂപം ഞാൻ വർഷങ്ങളായി കൊണ്ട് നടക്കുന്നതാണ്.ഇങ്ങിനെ ഒരു പ്രശ്നത്തിന്റെ പേരിൽ ഇത് മാറ്റിയാൽ എനിക്ക് എന്ത് വ്യക്തിസ്വാതന്ത്രം ഉണ്ട് ഇവിടെ .അതിലും നല്ലത് ഞാൻ എന്ന വ്യക്തി ഇല്ലതാവുന്നതല്ലെ  ?" അവൻ എന്നോട് പറഞ്ഞത്  അറം പറ്റുകയായിരുന്നോ ?

നവാസ് എന്ന ചെറുപ്പകാരൻ പോയതുകൊണ്ട് വിഷമിക്കുക അവനു ചുറ്റിലും ഉണ്ടായിരുന്നവർ മാത്രമാണ് ..അവന്റെ സഹായം കൊണ്ട് മാത്രം ജീവിച്ചിരുന്നവരും...നിങ്ങൾ ഒരു വർഷം മുൻപത്തെ പത്രത്തിൽ വായിച്ചിരിക്കും ...ആരും സഹായിക്കുവാൻ തയ്യറാകാത്തതുകൊണ്ട്  കൊണ്ട് മാത്രം ബംഗ്ലൂർ  നഗരത്തിൽ റോഡിൽ കിടന്നു ചോരവാർന്നു മരിച്ച മലയാളി സോഫ്റ്റ്‌വയർ എഞ്ചിനീയറെ കുറിച്ച് ...അതവനായിരുന്നു .


ഇന്നും ബംഗ്ലൂർ മാറിയിട്ടില്ല ..പലരും അപകടങ്ങൾ കണ്മുന്നിൽ കണ്ടാലും   അവഗണിക്കുന്നു.ചിലർകൊക്കെ സഹായിക്കുവാൻ ആഗ്രഹമുണ്ട് ...പക്ഷെ  നമ്മുടെ നിയമങ്ങൾ  അതവരെ അതിൽ നിന്നും അകറ്റുന്നു. കുറെയൊക്കെ നമ്മുടെ നിയമനൂലാമാലകളുടെ പ്രശ്നം തന്നെയാണ്.നിയമങ്ങൾ കുറെ ഉദാരമാക്കിയെങ്കിലും ഇന്നും ശരിയായ നിലയിൽ പ്രാബല്യത്തിൽ വരുത്തിയിട്ടില്ല ...അത് തുടരുന്ന കാലത്തോളം അനേകം പേർ ഇനിയും സഹായിക്കുവാനാളില്ലാതെ റോഡിൽ പിടഞ്ഞു മരിക്കും ....തീർച്ച ...നല്ല ഒരു ബോധവല്ക്കരണം ഈ കാര്യത്തിൽ ആവശ്യമുണ്ട് .അത് എത്രയും പെട്ടെന്നുതന്നെ ഉണ്ടാവണം .നമ്മളാണ്  അല്ലെങ്കില്‍ നമ്മളില്‍ ഒരാളാണ്  അപകടത്തില്‍പെട്ടത് എന്നൊരു  ചിന്ത  നമുക്കുണ്ടാകണം.ഒരാപത്തു വരുമ്പോൾ മാത്രം ഉണരുകയും അതിനെക്കാൾ വേഗത്തിൽ അസ്തമിക്കുകയും ചെയ്യുന്നതാണ് നമ്മുടെ അധികാരികളുടെ ഓരോ പ്രവർത്തനങ്ങളും ....അതാണ്‌ നമ്മുടെ നാടിന്റെ ശാപവും...


-പ്രമോദ് കുമാർ .കെ.പി